Tuesday, February 18, 2014

കമ്പിളിപ്പുതപ്പ് ഇവിടെയുണ്ട് !!




റാംജിറാവ് സ്പീക്കിങ് എന്ന ചിത്രത്തിലെ എക്കാലത്തെയും മികച്ച കോമഡി സീന്‍ ഇന്ന് കമ്പിളിപ്പുതപ്പ് എന്ന ഡയലോഗിലൂടെ മായാതെയുണ്ട്. നടന്‍ മുകേഷിനൊപ്പം കമ്പിളിപ്പുതപ്പ് കോമഡി മികച്ചതാക്കിയ മേട്രന്‍ ചേച്ചി എവിടെയാണെന്ന് ആര്‍ക്കെങ്കിലുമറിയാമോ?

'ഹലോ... ഹലോ... ഗോപാലകൃഷ്ണനല്ലേ... കല്‍ക്കട്ടേന്ന് വരുമ്പഴേ ഒരു കമ്പിളിപ്പുതപ്പ് കൊണ്ടുവരണം.' മേട്രന്‍ ചേച്ചി ഉച്ചത്തില്‍ വിളിച്ചുകൂവി. കമ്പിളിപ്പുതപ്പ് വാങ്ങാന്‍ കാശില്ലാത്ത ഗോപാലകൃഷ്ണന്‍ 'കേക്കാമ്മേല, കേക്കാമ്മേല... എന്ന് ഫോണിന്റെ അങ്ങേത്തലയ്ക്കല്‍നിന്ന് നീട്ടിപ്പറഞ്ഞു. മേട്രന്‍ ചേച്ചി കമ്പിളിപ്പുതപ്പ്... കമ്പിളിപ്പുതപ്പ്... എന്ന് ഫോണിലൂടെ ശ്വാസം പോകുന്നതുവരെ വിളിച്ചുകൂവിക്കൊണ്ടേയിരുന്നു.

റാംജിറാവ് സ്പീക്കിങ് എന്ന ചിത്രത്തിലെ എക്കാലത്തെയും മികച്ച കോമഡി സീന്‍ ഇന്ന് കമ്പിളിപ്പുതപ്പ് എന്ന ഡയലോഗിലൂടെ മായാതെയുണ്ട്. നടന്‍ മുകേഷിനൊപ്പം കമ്പിളിപ്പുതപ്പ് കോമഡി മികച്ചതാക്കിയ മേട്രന്‍ ചേച്ചി എവിടെയാണെന്ന് ആര്‍ക്കെങ്കിലുമറിയാമോ?

ആകെയുണ്ടായിരുന്ന വീടും പുരയിടവും നഷ്ടമായ മേട്രന്‍ ചേച്ചി അമൃതം ഗോപിനാഥ് ഇപ്പോള്‍ മൂന്നു പെണ്‍മക്കളുടെ വീടുകളില്‍ മാറിമാറി താമസിക്കുകയാണ്.

സിനിമയുടെ വെള്ളിവെളിച്ചം മാഞ്ഞപ്പോള്‍ അമൃതം ഗോപിനാഥിന്റെ കൈയില്‍ കല മാത്രമായി. 68കാരിയായ അവരിപ്പോള്‍ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുട്ടികളെ നൃത്തം പഠിപ്പിച്ചാണ് ജീവിക്കുന്നത്.പത്താം വയസ്സില്‍ നാടകങ്ങളിലും മറ്റും അഭിനയിച്ച അമൃതം അന്‍പതോളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

1946ല്‍ കൃഷ്ണപിള്ളയുടെയും നാണിക്കുട്ടിയമ്മയുടെയും മകളായി പള്ളിപ്പാട് അരവികുളങ്ങര വീട്ടിലായിരുന്നു ജനനം. കുഞ്ഞുനാളിലെ നൃത്തം അഭ്യസിച്ച അമൃതം തിരുവിതാംകൂര്‍ രാജസഭയില്‍ നൃത്തം അവതരിപ്പിച്ചു. ശ്രീചിത്തിര തിരുനാള്‍ അമൃതത്തെ പ്രശംസിച്ചു.

1959ല്‍ യേശുദാസിന്റെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫിന്റെ നാടകത്തില്‍ അഭിനയിച്ചായിരുന്നു തുടക്കം. യേശുദാസിന്റെ സഹോദരിയായിട്ടായിരുന്നു വേഷം. പിന്നീട്, എസ്.എല്‍.പുരം സദാനന്ദന്റെ ആദ്യട്രൂപ്പായ കല്‍പ്പന തീയറ്റേഴ്‌സിലും പി.ജെ. ആന്റണിയുടെ പി.ജെ. തീയറ്റേഴ്‌സ് തുടങ്ങിയ ഒട്ടേറെ പ്രൊഫഷണല്‍ ട്രൂപ്പുകളില്‍ നിറസാന്നിധ്യമായി.

നാടകത്തില്‍ തിളങ്ങിയപ്പോള്‍ സിനിമയിലും വേഷം കിട്ടി. 'വേലക്കാരന്‍' ആയിരുന്നു ആദ്യസിനിമ. ഉദയയുടെപാലാട്ട് കോമന്‍, ഉമ്മ, മാമാങ്കം തുടങ്ങി ഒട്ടേറെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.

ബാലതാരമായി തുടങ്ങിയ അമൃതം മുതിര്‍ന്നപ്പോള്‍ അഭിനയത്തിനൊപ്പം നൃത്തസംവിധായികയുടെ റോള്‍കൂടി ഏറ്റെടുത്തു. തെലുങ്കിലെ ഓട്ടോഗ്രാഫ്, ഇംഗ്ലീഷ് ചിത്രമായ ബാക്ക് വാട്ടര്‍, മലയാള ചിത്രങ്ങളായ ഈണം മറന്ന കാറ്റ്, തച്ചോളി അമ്പു, മാമാങ്കം, ആലിലക്കുരുവികള്‍, പോലീസ് ഡയറി, പപ്പയുടെ സ്വന്തം അപ്പൂസ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ തുടങ്ങിയവയ്ക്കും നൃത്തമൊരുക്കി. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.

സിനിമാജീവിതത്തിനിടയില്‍ നര്‍ത്തകനായ ഷാഡോ ഗോപിനാഥ് ജീവിതപങ്കാളിയായി. നാലു കുട്ടികള്‍ പിറന്നു.
സംഗീത മേനോന്‍, സബിത മേനോന്‍, സന്ധ്യ മേനോന്‍, സന്തോഷ് മേനോന്‍. സിംഗപ്പുരില്‍ ജോലിയുണ്ടായിരുന്ന സന്തോഷ് മേനോന് അവിടെ സ്ഥലം വാങ്ങാനാണ് അമൃതം കുട്ടനാട്ടിലെ വീടും പറമ്പും വിറ്റത്. സിംഗപ്പുരില്‍ സ്ഥലം വാങ്ങിയെങ്കിലും അര്‍ബുദം പിടിപ്പെട്ട് മകന്‍ മരിച്ചു. ഇതോടെ അമൃതം നാട്ടിലേക്ക് മടങ്ങി. പെണ്‍മക്കളുടെ വീടുകളില്‍ മാറിമാറി താമസിക്കുകയാണിപ്പോള്‍.

നൂറിലധികം കുട്ടികളെ അമൃതം നൃത്തം പഠിപ്പിക്കുന്നുണ്ട്. കൂടാതെ, കോമഡി സ്‌കിറ്റുകള്‍ സംവിധാനം ചെയ്യുന്നുണ്ട്. അവസരം കിട്ടിയാല്‍ സിനിമയിലേക്ക് വരാന്‍ ഇനിയും റെഡിയാണെന്ന് അമൃതം പറയുന്നു.റാംജിറാവ് സ്പീക്കിങ്ങിലെ കോമഡി സീന്‍ ഇടയ്ക്കിടയ്ക്ക് കണ്ട് എല്ലാ ദുഃഖങ്ങളും മറന്ന് ചിരിച്ചുകൊണ്ടേയിരിക്കുകയാണ് അമൃതം

Credits : http://www.mathrubhumi.com/movies/malayalam/431033/

No comments:

Post a Comment