Thursday, January 30, 2014

Sholay 3D - Movie Review - Film of a Lifetime !!

അങ്ങനെ ഇന്നലെ കുടുംബസമേതം ഷോലെ കണ്ടു. നിങ്ങളില്‍ എത്ര പേര്‍ ഷോലെ മുഴുവനായി കണ്ടിട്ടുണ്ട് എന്ന് എനിക്കറിയില്ല. കണ്ടവരില്‍ തന്നെ ഭൂരിഭാഗവും ഹോം വീഡിയോ ആയിരിക്കും കണ്ടിട്ടുള്ളത്. ഞാനും അങ്ങനെ തന്നെയാണ് കണ്ടത്‌. അന്നൊക്കെ ഈ സിനിമ തിയറ്ററില്‍ നിന്ന് കാണാന്‍ കഴിഞ്ഞില്ലല്ലോ എന്നൊരു വിഷമം തോന്നിയിരുന്നു. ആ വിഷമം ഇന്നലെ തീര്‍ത്തു. ഇന്നലെ വൈകീട്ട് ഞാന്‍ ഈ സിനിമ പോയി കണ്ടു. 3D ആയിരുന്നത് കൊണ്ട് തികച്ചും വേറിട്ടൊരു അനുഭവമായി ഷോലെ മാറി. അതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞെ തീരു എന്നത് കൊണ്ട് മാത്രമാണ് ഇതെഴുതുന്നത്.



അതിനു മുന്‍പ്‌ ഷോലെയെ കുറിച്ച് അറിയേണ്ട കുറച്ചു കാര്യങ്ങള്‍ ഉണ്ട്. രണ്ടര വര്‍ഷത്തോളം ഷൂട്ടിംഗ് നടന്ന സിനിമ ആണ് ഷോലെ. കര്‍ണ്ണാടകത്തിലെ രാമനഗര എന്ന ഗ്രാമത്തിലായിരുന്നു ചിത്രീകരണം. സംവിധായകന്‍ രമേശ്‌ സിപ്പിയോടുള്ള ആദര സൂചകമായി അവിടെ ഒരു സ്ഥലം ഇപ്പോളും സിപ്പി നഗര്‍ എന്നാണ് അറിയപ്പെടുന്നത്. 1975 ഓഗസ്റ്റ് 15-നാണ് ഷോലെ റിലീസ്‌ ചെയ്തത്. തുടക്കത്തില്‍ വളരെ മോശം എന്ന അഭിപ്രായം ആയിരുന്നു ഷോലേക്ക് കിട്ടിയത്. പിന്നീട് മികച്ച അഭിപ്രായം നേടി എടുത്ത സിനിമ ബോക്സ്‌ ഓഫീസിലെ കറുത്ത കുതിര ആയി മാറുക ആയിരുന്നു. മുംബൈ മിനര്‍വ എന്ന തിയറ്ററില്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷമാണ് ഷോലെ പ്രദര്‍ശിപ്പിച്ചത്. സിനിമയിലെ ഗാനങ്ങളും ഡയലോഗുകളും രാജ്യം മുഴുവന്‍ ഒരു തരംഗമായി മാറി. R.D.Burman ഒരുക്കിയ ഗാനങ്ങള്‍ ഇന്നും സംഗീത ആസ്വാദകരുടെ പ്രിയപ്പെട്ടതായി നില നില്‍ക്കുന്നു. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് നമ്മുടെ സല്‍മാന്‍ ഖാന്റെ പിതാവായ സലിം ഖാനും, പ്രശസ്ത ഗാനരചയിതാവ് ജാവേദ്‌ അക്തറും കൂടിയാണ്. സിനിമയുടെ ഗാനങ്ങളും ഡയലോഗുകളും വെവ്വേറെ കാസ്സറ്റുകള്‍ ആയി ഇറങ്ങുകയും വില്‍പ്പനയില്‍ ചരിത്രം സൃഷ്ട്ടിക്കുകയും ചെയ്തു. ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിച്ച അംജദ്‌ ഖാന്റെ ആദ്യ ചിത്രം ആയിരുന്നു ഷോലെ. ഗബ്ബര്‍ സിംഗ് എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ അദ്ദേഹം ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച വില്ലനായി മാറി. 1950-കളില്‍ ജീവിച്ചിരുന്ന ഗബ്ബര്‍ സിംഗ് എന്ന ഒരു യഥാര്‍ത്ഥ കൊള്ളക്കാരന്‍റെ ജീവിതം അടിസ്ഥാനമാക്കിയാണ് ആ കഥാപാത്രത്തെ രൂപകല്‍പ്പന ചെയ്തത്.

സിനിമയുടെ കഥ വളരെ രസകരമാണ്. ഗബ്ബര്‍ സിംഗ് എന്ന ഒരു കൊള്ളക്കാരനെ പിടി കൂടാന്‍ വേണ്ടി ഒരു പഴയ പോലീസ്കാരനായ താക്കൂര്‍ രണ്ടു കള്ളന്മാരെ (ജയ്‌ & വീരു) തന്‍റെ നാട്ടിലേക്കു കൊണ്ട് വരുന്നു. തന്റെ കുടുംബം നശിപ്പിച്ച ഗബ്ബര്‍ സിങ്ങിനോട്‌ പ്രതികാരം ചെയ്യുക എന്നതാണ് അയാളുടെ ലക്‌ഷ്യം. ഇവര്‍ രണ്ടു പേരുടെയും സൌഹൃദം, പ്രണയം എന്നിവയിലൂടെ കഥ പോകുന്നു. ഇടയ്ക്കു താക്കൂറിന്‍റെ കുറച്ചു ഫ്ലാഷ്ബാക്ക് സീന്‍സ് കാണിക്കുന്നു. സിനിമ അവസാനിക്കാറാകുമ്പോള്‍ ഗബ്ബര്‍ സിംഗിന്‍റെ ആള്‍ക്കാരുമായുള്ള ഒരു ഏറ്റുമുട്ടലില്‍ ജയ് കൊല്ലപ്പെടുന്നു. ഒടുവില്‍ വീരു ഗബ്ബര്‍ സിംഗിനെ പിടി കൂടി താക്കൂറിനെ ഏല്‍പ്പിക്കുന്നു. ഇത്രയും ഉള്ള ഒരു കഥയാണ് മൂന്ന് മണിക്കൂറില്‍ കൂടുതല്‍ സമയം എടുത്ത്, അതും ഒരു നിമിഷം പോലും ബോര്‍ അടിക്കാതെ സംവിധായകന്‍ രമേശ്‌ സിപ്പി പറഞ്ഞിരിക്കുന്നത്. ഇതിനിടയില്‍ അഞ്ചു ഗാനങ്ങള്‍, കുറെ സംഘട്ടന രംഗങ്ങള്‍, നല്ല നര്‍മ്മ മുഹൂര്‍ത്തങ്ങള്‍, ശകതമായ ഡയലോഗുകള്‍, ഹെലെന്‍ എന്ന അക്കാലത്തെ മാദക നര്‍ത്തകിയുടെ ഐറ്റം ഡാന്‍സ്, മികച്ച ചേസിംഗ് രംഗങ്ങള്‍, തീ പാറുന്ന ആക്ഷന്‍ രംഗങ്ങള്‍ എന്ന് വേണ്ട ഒരു മികച്ച കൊമേഴ്സ്യല്‍ സിനിമയ്ക്കു വേണ്ട എല്ലാ ഘടകങ്ങളും സമം ചേര്‍ത്ത് ഒരുക്കിയ ഒരു സിനിമയാണ് ഷോലെ.



38 വര്‍ഷം മുന്‍പ്‌ ഒരുക്കിയ ഒരു ചിത്രം ഇന്നും മുഷിപ്പില്ലാതെ മൂന്നു മണിക്കൂര്‍ കണ്ടിരിക്കാന്‍ സാധിക്കുന്നു എന്നത് തന്നെയാണ് ഷോലെയെ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാക്കി മാറ്റുന്നത്. ഇന്ത്യയില്‍ ആദ്യമായി stereophonic soundtrack & 70 mm widescreen ഉപയോഗിച്ച സിനിമയും ഷോലെ ആണ്. ചിത്രത്തിന്റെ ക്ലൈമാക്സില്‍ താക്കൂര്‍ ഗബ്ബര്‍ സിംഗിനെ കൊല്ലുന്നതായാണ് ആദ്യം ചിത്രീകരിച്ചത്. പിന്നീട് സെന്‍സര്‍ ബോഡിന്‍റെ നിര്‍ദേശ പ്രകാരം ക്ലൈമാക്സ്‌ മാറ്റി എഴുതുകയും,താക്കൂര്‍ ഗബ്ബറിനെ പോലീസിനെ ഏല്‍പ്പിക്കുന്ന രംഗം വീണ്ടും ചിത്രീകരിക്കുകയുമാണ് ചെയ്തത്. ചിത്രത്തിലെ നായകന്മാര്‍ ആയ അമിതാബ് ബച്ചന്‍ അതിലെ നായിക ജയ ഭാധുരിയെയും,ധര്‍മേന്ദ്ര അതിലെ മറ്റൊരു നായികയായ ഹേമ മാലിനിയെയും കല്യാണം കഴിച്ചു. സിനിമയുടെ വിശേഷങ്ങള്‍ ഇനിയും ഒരു പാട് പറയാന്‍ ബാക്കി ഉണ്ട്. എല്ലാം പറയാന്‍ ഈ ലേഖനം മതിയാകില്ല. ഇനിയും ഈ സിനിമ കാണാത്തവര്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും തിയ്യറ്ററില്‍ പോയി കാണാന്‍ ശ്രമിക്കുക. 3D തന്നെ കാണണം എന്ന് ഞാന്‍ പറയില്ല, കാരണം ചിത്രത്തില്‍ അത്തരം സീനുകള്‍ താരതമ്യേന കുറവാണ്. എങ്കിലും ഉള്ളത് ഗംഭീരം ആയിരുന്നു. ഒരു സിനിമ പോലും അടങ്ങി ഒതുങ്ങി ഇരുന്നു കാണാത്ത എന്‍റെ മൂന്നു വയസ്സുള്ള മോന്‍ പോലും മുഴുവനായി ഇരുന്നു ഈ സിനിമ കണ്ടു. സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ അവന്‍ എന്നോട് പറഞ്ഞു "അടിപൊളി സിനിമ " എന്ന്. അതെ, ഷോലെ എല്ലാവര്‍ക്കും ഇഷ്ട്ടപെടുന്ന സിനിമയാണ്. കഴിഞ്ഞു പോയ തലമുറകള്‍ക്കും, ഇനി വരാനിരിക്കുന്ന തലമുറകളും ഒരു പോലെ ഈ ചിത്രത്തെ ഇഷ്ട്ടപെടും. അത് കൊണ്ടാണ് ഷോലെയെ Film of a Lifetime എന്ന് വിശേഷിപ്പിക്കുന്നത്.

No comments:

Post a Comment