Tuesday, January 14, 2014

ഒന്ന് ചിരിക്കൂ...

ഇന്നലെ രാത്രി ഞങ്ങള്‍ പതിവ് പോലെ നടക്കാന്‍ ഇറങ്ങിയതാണ്. കുറച്ചു സാധനങ്ങള്‍ വാങ്ങാന്‍ ഉള്ള കാരണം അടുത്തുള്ള മദീന സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി. പുതിയ ഷോപ്പ് ആണ്, ഈ അടുത്താണ് തുറന്നത്. അത് കൊണ്ട് തന്നെ മിക്ക സ്റ്റാഫുകളും നാട്ടില്‍ നിന്നും ആദ്യമായി വന്നവരാണ്. ജാസ്മിന്‍ പച്ചക്കറി വാങ്ങാന്‍ പോയ സമയത്ത് ഞാനും മോനും കൂടെ അവിടെയുള്ള മൊബൈല്‍ കൌണ്ടറില്‍ ചുമ്മാ നില്‍ക്കുവായിരുന്നു. അപ്പോളാണ് കാഷ് കൌണ്ടറില്‍ ഒരു ബഹളം കേട്ടത്. എന്താ കാര്യം എന്നറിയാന്‍ ഞാന്‍ അവിടേക്ക് ചെന്നു. നോക്കുമ്പോള്‍ ഒരു കസ്റ്റമര്‍ (ഒരു മലയാളി യുവാവ്‌ ) ബില്‍ അടിക്കാന്‍ ഇരിക്കുന്ന പയ്യനോട് വലിയ ശബ്ദത്തില്‍ ചൂടാകുകയാണ്. അവന്റെ ഡെലിവറി ഇത് വരെ വീട്ടില്‍ കിട്ടിയില്ല എന്നാണ് കാരണം.

ലവന്‍ : നിന്നോട് ഞാന്‍ പറഞ്ഞതല്ലെടാ ഡെലിവറി കൊടുത്തയക്കാന്‍? ഇപ്പൊ ഞാന്‍ പോയിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞില്ലെ?

പയ്യന്‍ : ഇക്കാ, ഞാന്‍ ഇവിടെ പറഞ്ഞതാണ്‌.

ലവന്‍ : നീ ആരോട് പറഞ്ഞു? എപ്പോ പറഞ്ഞു?

പയ്യന്‍ : ഇക്ക, ഡെലിവറി മറന്നതല്ല, തിരക്കായത് കൊണ്ടാണ്..

ലവന്‍ : തിരക്കാണെങ്കില്‍ പറ്റില്ലാന്നു പറഞ്ഞൂടെ? എത്ര നേരം നിങ്ങളെ കാത്തിരിക്കണം.

പയ്യന്‍ ഒന്നും മിണ്ടുന്നില്ല. ലവന്‍ പിന്നെയും തിളച്ചു മറിയുകയാണ്. കാറിന്റെ കീ ആണെന്ന് തോന്നുന്നു അവന്‍ വിരല്‍ കൊണ്ട് ഇടയ്ക്കിടയ്ക്ക് കറക്കുന്നുണ്ട്. ആള്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന് കണ്ടപ്പോള്‍ അവനു ആവേശം കൂടി വന്നു. അവന്റെ മുഖ ഭാവം കണ്ടാല്‍ ദുബായ് ഭരിക്കുന്നത് അവന്‍ ആണെന്ന് തോന്നും. സൂക്ഷിച്ചു നോക്കിയപ്പോള്‍ അവന്റെ തലയ്ക്കു മുകളില്‍ രണ്ട് കൊമ്പ് ഞാന്‍ കണ്ടു. മറ്റേ പയ്യന്‍ ആണെങ്കില്‍ ഒന്നും മിണ്ടാനാകാതെ ഇരിക്കുകയാണ്. ബഹളം കേട്ട് ഷോപ്പ് മാനേജര്‍ അങ്ങോട്ട്‌ വന്നു. സമാധാനിപ്പിക്കാന്‍ നോക്കിയ അയാളോടും അവന്‍ തട്ടിക്കയറി.

ലവന്‍ : അതില്‍ മീനും ബീഫുമൊക്കെ ഉള്ളതാണ്, ഇപ്പൊ എല്ലാം നാശമായിട്ടുണ്ടാകും. ആ ബില്‍ ക്യാന്‍സല്‍ ചെയ്തു എനിക്ക് എന്റെ കാഷ് തിരിച്ചു തന്നോളു.

മാനേജര്‍: നിങ്ങള്‍ റൂമിലേക്ക്‌ പോക്കോളൂ, ഞങ്ങള്‍ ഇപ്പൊ എത്തിച്ചു തരാം.

ലവന്‍ ആ പയ്യനെ ചൂണ്ടി കാണിച്ചു കൊണ്ട് : ആരാ ഇവനെ പോലുള്ളവനെയൊക്കെ എടുത്തു ഇവിടെ ജോലിക്ക് വെച്ചത്? പിടിച്ചു പുറത്താക്കു ഇങ്ങനെ ഉത്തരവാദിത്തം ഇല്ലാത്തവന്മാരെയൊക്കെ...

അതോടെ ആ പയ്യന്റെ മുഖം സങ്കടം കൊണ്ട് വല്ലാതായി. കണ്ടപ്പോള്‍ വിഷമം തോന്നി. അവനെ ഞാന്‍ കുറച്ചു ദിവസം മുന്‍പ്‌ പരിചയപ്പെട്ടതാണ്. അവന്‍ നാട്ടില്‍ നിന്ന് വന്നിട്ട് അധികം ആയില്ല, എല്ലാം ഒന്ന് പരിചയപ്പെട്ടു വരുന്നേ ഉള്ളു. പിന്നെയും എന്തൊക്കെയോ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ ശേഷം ലവന്‍ അവിടെ നിന്ന് ഇറങ്ങി പോയി. അവന്‍ പോയ കാറിന്റെ ബാക്കില്‍ വെച്ചു കൊണ്ട് പോകാവുന്ന സാധനങ്ങളെ ആകെ ഉള്ളു. ആ സാധനങ്ങളുമായി വേറെ ഒരു സ്റ്റാഫ്‌ സൈക്കിള്‍ ചവിട്ടി അവന്റെ റൂമിലേക്ക്‌ ഡെലിവറി കൊടുക്കാനും പോയി.
ഞാന്‍ ആ പയ്യന്റെ അടുത്ത് ചെന്നു തോളില്‍ തട്ടി പറഞ്ഞു " നീ ഇതൊന്നും കേട്ട് വിഷമിക്കണ്ടാട്ടാ, ഇതൊക്കെ ചിലരുടെ സ്വഭാവമാണ്, അവര്‍ ഇങ്ങനെ ചൂടാകും, അതൊന്നും കാര്യമാക്കണ്ട. "

പയ്യന്‍ : ഏയ്, ഇല്ലക്ക, സാരല്ല. ( അത് പറയുമ്പോഴും അവന്റെ കണ്ണ് നിറഞ്ഞിരുന്നു). അവന്‍ വീണ്ടും അവന്റെ ബില്‍ അടി തുടര്‍ന്നു. മനസ്സ് വിഷമിച്ചാലും ജോലി മുടക്കാന്‍ പാടിലല്ലോ?

ഞാന്‍ വീണ്ടും മൊബൈല്‍ കൌണ്ടാറിലേക്ക് ചെന്നു. ഞാന്‍ അവന്മാരോട് ചോദിച്ചു " നിങ്ങടെ കൂട്ടത്തില്‍ പെട്ട ഒരാളെ ഒരുത്തന്‍ വന്നു ഇത്രയും പറഞ്ഞിട്ടും നിങ്ങളൊക്കെ അത് നോക്കി നിന്നല്ലേ?

അവര്‍: അല്ലാതെ ഞങ്ങള്‍ എന്താ ചെയ്യാനാ ഇക്ക? ഞങ്ങളും അവന്റെ പോലെ പണിക്കാരല്ലേ? ഒരു കസ്റ്റമറോട് ഞങ്ങള്‍ക്ക്‌ ചൂടാകാന്‍ പറ്റുമോ?

അവര്‍ പറഞ്ഞതും ശരിയാണ്. നമ്മുടെ നാട്ടില്‍ ആയിരുന്നെകില്‍ ഒരുത്തന്‍ വന്നു ഇങ്ങനെ സംസാരിച്ചു ഷൈന്‍ ചെയ്തു പോകുമോ? ഇനി പറഞ്ഞാല്‍ തന്നെ ബാക്കിയുള്ളവര്‍ ഇങ്ങനെ നോക്കി നില്‍ക്കുമോ? ഇല്ല. ഇപ്പോള്‍ ഈ ചൂടായി പോയവനും കുറച്ചു നാള്‍ മുന്‍പ്‌ ഒരു ജോലി തേടി വന്നവനല്ലേ? ഇപ്പൊ അവനു കാശായി, കാറായി, ഫ്ലാറ്റായി. ഇപ്പൊ അവന്‍ അവനെക്കാള്‍ താഴെ ഉള്ള ഒരുത്തനോട്‌ അവന്‍ തട്ടിക്കയറും, ചൂടാകും. ഇവിടെ ആ കടക്കാരുടെ ഭാഗത്ത്‌ തെറ്റുണ്ട്, പക്ഷെ പരാതി പറയാന്‍ അവിടെ മാനേജര്‍ ഉണ്ട്. അതിനു ബില്‍ അടിക്കണ ഈ പയ്യനെ ചീത്ത വിളിച്ചിട്ട് എന്ത് കാര്യം? അവന്‍ ആണോ ഡെലിവറി കൊണ്ട് വരേണ്ടത്?

കോപം നിയന്ത്രിക്കാന്‍ പറ്റിയില്ലെങ്കില്‍ വളരെ കഷ്ട്ടമാണ്. ആ സമയത്ത് നിങ്ങളുടെ മുഖം നിങ്ങള്‍ കാണുന്നില്ല. അത് വളരെ ഭയാനകമാണ്. ആകെ ഒരു ജീവിതം അല്ലെ ഉള്ളു, അതിങ്ങനെ ദേഷ്യപ്പെട്ടും ഒച്ച വെച്ചും വിക്രുതമാക്കണോ? സഹജീവികളോട് കുറച്ചു ക്ഷമ കാണിക്കു, അവരും മനുഷ്യരല്ലേ? അവരോട് ഒന്ന് ചിരിക്കൂ..

No comments:

Post a Comment