Sunday, March 18, 2012

രുചികളുടെ ലോകത്തേക്ക് !!

നാട്ടില്‍ ഉള്ളപ്പോള്‍ തൃശൂര്‍ കുന്നംകുളം റൂട്ടില്‍ ഞാന്‍ ‍പോകാത്ത ഹോട്ടലുകള്‍ കുറവാണ്. ബൈക്കില്‍ വരുമ്പോള്‍ ഓരോ നാട്ടിലെയും മെയിന്‍ ഹോട്ടലില്‍ ഞാന്‍ കയറുമായിരുന്നു. അതൊരു രസമായിരുന്നു. ഹോട്ടല്‍ ഫുഡിനോടുള്ള എന്‍റെ പ്രിയം വീട്ടുകാര്‍ക്കും,കൂട്ടുകാര്‍ക്കും അറിയാം, കുറച്ചു പേരൊക്കെ എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. ഇത് എനിക്ക് ഇപ്പൊ ഉള്ള ശീലം അല്ല. ഉപ്പാടെ കൂടെ ഞാന്‍ ചെറുപ്പം മുതലേ കേച്ചേരിയിലെ ഒരു വിധം ഹോട്ടലുകളില്‍ എല്ലാം പോയിട്ടുണ്ട്, എനിക്ക് ഫുഡ്‌ വാങ്ങി തരാന്‍ ഉപ്പക്ക് എന്നും ഇഷ്ടാണ്. കഴിക്കാന്‍ എനിക്കും. ഒരു സമയത്ത് കേച്ചേരിയിലെ അനിക്കാടെ കടയില്‍ എനിക്കൊരു പറ്റു പുസ്തകം തന്നെ ഉണ്ടായിരുന്നു. സ്കൂള്‍ വിട്ടു വരുമ്പോള്‍ അവിടെ കേറി ഞാന്‍ കഴിക്കും. മാസം ആകുമ്പോള്‍ ഉപ്പ കാശു കൊടുക്കും. പാവം എന്‍റെ ഉപ്പാടെ കുറേ കാശ് ഞാന്‍ അങ്ങനെ കളഞ്ഞിട്ടുണ്ട്. ഈ അനിക്കാടെ കടയിലെ പൊറോട്ടയും ബീഫും ഒടുക്കത്തെ രുചി ആയിരുന്നു. പുള്ളി പക്ഷെ പിന്നെ ആ കട വിറ്റു ഗള്‍ഫില്‍ പോയി. അതൊരു തീരാ നഷ്ടം തന്നെ ആണെന്ന് എനിക്ക് അന്ന് തോന്നിയിരുന്നു. കുറച്ചു കാശ് ഉണ്ടായിരുന്നെങ്കില്‍ ഒരു ഹോട്ടല്‍ തുടങ്ങി അനിക്കാനെ തിരിച്ചു വിളിപ്പിച്ചു അത് മൂപ്പരുടെ പേരില്‍ അങ്ങ് എഴുതി കൊടുക്കാമായിരുന്നു എന്നൊക്കെ ആയിരുന്നു അന്നത്തെ ആലോചന. പിന്നെ കേച്ചേരിയിലെ ഷബീന ഹോട്ടലിലെ ബീഫ്‌ ബിരിയാണി, ഫ്രണ്ട്സ്‌ ഹോട്ടലിലെ ചിക്കന്‍ ബിരിയാണി, ജമാല്‍ ഹോട്ടലിലെ പൊറോട്ടയും ചിക്കനും, എമിറേറ്റ്സ് ഹോട്ടലിലെ പൊറോട്ടയും ബീഫും, പ്ലാസ ഹോട്ടലിലെ ഊണ്, നദീറ ഹോട്ടലിലെ നെയ്‌ റോസ്റ്റ്‌, കൃഷ്ണനുണ്ണി ഹോട്ടലിലെ മസാല ദോശ ഇതൊക്കെ ഉപ്പാടെ കൂടെ പോയി കഴിച്ചിട്ടുണ്ട്. പ്ലാസ ഹോട്ടലില്‍ ഉയരം കുറഞ്ഞ ഒരു വെയ്റ്റര്‍ ഉണ്ടായിരുന്നു, താഴെ നിന്ന് മേശയിലേക്ക് കൈല് എത്തിച്ചു സാമ്പാര്‍ വിളമ്പിയിരുന ഒരു ചേട്ടന്‍, അത് പോലെ ജമാല്‍ ഹോട്ടലിലെ ചിരിക്കാന്‍ അറിയാത്ത, നരച്ച മുടിയുള്ള ഒരു ഇക്ക, അവരൊക്കെ ഇപ്പൊ എവിടെയാണാവോ?

ഈ കൃഷ്ണനുണ്ണി ഹോട്ടലിന്‍റെ ഉടമ ഒരു ശേഖരേട്ടനുണ്ട്. എന്‍റെ ഉപ്പാടെ നല്ല സുഹൃത്ത്‌ ആണ്. അങ്ങോരുടെ ഭാര്യ രാധ ടീച്ചര്‍ ആയിരുന്നു എന്‍റെ രണ്ടാം ക്ലാസ്സിലെ ടീച്ചര്‍. നല്ല ടീച്ചര്‍ ആയിരുന്നു. ഞങ്ങളെ തീരെ അടിച്ചിരുന്നില്ല, ഒരിക്കല്‍ ഞാനും ഉപ്പയും കൂടെ അവിടെ ഇരുന്നു ഭക്ഷണം കഴിക്കുമ്പോ ടീച്ചര്‍ കയറി വന്നതും ഉപ്പക്കും മോനുംഇതാണല്ലേ പണി എന്ന് ചോദിച്ചതും എനിക്ക് ഓര്‍മ്മയുണ്ട്. ഉപ്പാടെ കൂടെ പല തവണ ഞാന്‍ അവിടെ പോയിട്ടുണ്ട്. ഈ ശേഖരേട്ടന്‍ ഒരു സിനിമ പ്രേമിയായിരുന്നു എന്നും മദ്രാസിലോക്കെ പോയി താമസിച്ചിട്ടുണ്ട് എന്നൊക്കെ ഉപ്പ പറഞ്ഞു കേട്ടിട്ടുണ്ട്.ഏതൊക്കെയോ സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്. പ്രേംനസീറും പുള്ളിയും തോളില്‍ കയ്യിട്ടു നില്‍ക്കുന്ന ഒരു ഫോട്ടോ ഫ്രെയിം ചെയ്തു ഹോട്ടലിന്‍റെ കാശ് കൌണ്ടറില്‍ തൂക്കിയിരുന്നു, സുന്ദരന്‍ ആയിരുന്നു. ഇപ്പൊള്‍ പക്ഷെ മുടിയൊക്കെ പോയി താടിയൊക്കെ വെച്ച് വേറൊരു രൂപം ആയി. പിന്നീട് ഒരിക്കല്‍ ഏതോ സിനിമയില്‍ ഉപ്പ എനിക്ക് ആളെ കാണിച്ചു തന്നിട്ടുമുണ്ട്, ഏതാ സിനിമ എന്ന് ഓര്‍മ്മയില്ല.പാവം രാധ ടീച്ചര്‍ കുറച്ചു കാലം മുന്‍പ്‌ മരിച്ചു. കാന്‍സര്‍ ആയിരുന്നു.പിന്നീട് ശേഘരേട്ടന്‍ ആ ഹോട്ടല്‍ വേറെ ആര്‍ക്കോ നടത്താന്‍ കൊടുത്തു. അതിനു ശേഷം ഞാന്‍ അവിടെ അധികം പോകാറില്ല, ആള്‍ക്ക് സുഖമില്ലാതെ ഇരിക്കുകയാണെന്ന് ഒരിക്കല്‍ ഉപ്പ പറഞ്ഞറിഞ്ഞു. ഒരിക്കല്‍ ഉപ്പാടെ കൂടെ ആളെ കാണാന്‍ പോയപ്പോള്‍ ആളു മൂടി പുതച്ച് ഉമ്മറത്തു ഇരിക്കുന്നുണ്ടായിരുന്നു. പിന്നെ കുറച്ചു കാലം കഴിഞ്ഞു വീണ്ടും ആളു തന്നെ ആ ഹോട്ടല്‍ ഏറ്റെടുത്തു, അന്ന് ഞാന്‍ കുറച്ചു കൂടെ മുതിര്‍ന്നിരുന്നു,പഴയ ആ ഓര്‍മ്മ അയവിറക്കാന്‍ ഒരിക്കല്‍ ഞാന്‍ അവിടെ ഒറ്റയ്ക്ക് പോയപ്പോള്‍ ആളോട് പണ്ടത്തെ സിനിമ വിശേഷങ്ങള്‍ എല്ലാം ചോദിച്ചു. സിനിമ ഒരു യോഗമാണെന്നും ഭാഗ്യം ഉള്ളവര്‍ക്കേ അതില്‍ കേറാന്‍ കഴിയു എന്നൊക്കെ ആളു പറഞ്ഞു. എന്നോട് ഇതൊക്കെ പറയുമ്പോളും ആരോക്കെയോ വന്നു കാശു കൊടുക്കുന്നുണ്ട്. ഭാഗ്യം ഉണ്ടായിരുന്നെകില്‍ എവിടെ എത്തണ്ട മനുഷ്യനാ എന്ന് ഞാന്‍ ആലോചിച്ചു. നിന്‍റെ ഉപ്പാനെ ഈ വഴിക്കൊന്നും കാണാനില്ലല്ലോ എന്ന് ശേഖരേട്ടന്‍ എന്നോട് ചോദിച്ചു. ഞാന്‍ പറയാം എന്നു പറഞ്ഞു മെല്ലെ അവിടെ നിന്നിറങ്ങി നടന്നു. അപ്പോള്‍ പിന്നില്‍ ശേഖരേട്ടന്‍ ഒരു ഓര്‍ഡര്‍ കിച്ചണിലോട്ടു വിളിച്ചു പറയുന്നത് കേട്ടു.. "അവിടെ ഒരു മസാലദോശ...

6 comments:

  1. ചെറുപ്പത്തില്‍ എനിക്ക് ഒരു ബെയ്ക്കറി ഓണറെ കല്യാണം കഴിക്കണം എന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു :P
    Btw ആ അനിക്കാനെ മഹിടെ ഉപ്പ തന്നെയാണോ സ്പോന്‍സര്‍ ചെയ്തു ഗള്‍ഫില്‍ വിട്ടതെന്ന് ഒന്ന് അന്വേഷിച്ചു നോക്കണേ :D
    പറ്റു കാശ് compare ചെയ്യുമ്പോള്‍ വിസയുടെയും ടിക്കറ്റിന്റെയും കാശ് എത്ര തുച്ഛം എന്ന് ഉപ്പാക്ക് ഒരുപക്ഷെ തോന്നിയിരിക്കണം :)

    ReplyDelete
  2. ഹാ ഹാ ഹാ ( ചിരിക്കുന്നു )
    ഇഷ്ട്ടപെട്ടു അമ്പിളി അതെനിക്കിഷ്ട്ടപെട്ടു :D

    ReplyDelete
  3. ഡാ..... ഇവിടെ എന്റെ റൂമിന്റെ താഴെ ഉണ്ട് ഒരു ഹോട്ടല്‍ അവിടെ നാട്ടിലെ പോലെ അടിപൊളി ബീഫ്‌ ഫ്രൈ കിട്ടും............

    ReplyDelete
  4. wow nalla bhavana,,,, officile irunnuu ithannuu allee pannii .but kollam ketto mahi chettaa......

    ReplyDelete
  5. കൊള്ളാം എനിയ്ക്കുമുണ്ട് ഇത് പോലെ കുറെ ഓര്‍മ്മകള്‍ പക്ഷെ ഇങ്ങനെ കുതികുരിക്കുന്ന ശീലം ഇല്ലാത്തതു കൊണ്ട് ഭയങ്കര മടി തോന്നുന്നു. എന്തായാലും സിറാജിന്റെ ബ്ലോഗ്‌ കൊള്ളാം. എല്ലാ വിധ ഭാവുകങ്ങളും...

    ReplyDelete