Friday, March 16, 2012

വേലായുധന്‍ മാഷെന്ന പേടി സ്വപ്നം !!


എന്‍റെ ഓര്‍മ്മകള്‍ തുടങ്ങുന്നത് ഈ സ്കൂള്‍ മുറ്റത്ത് നിന്നാണ്. ഉപ്പാടെ കയ്യും പിടിച്ചാണ് ആദ്യമായി ഇവിടേക്ക് വന്നത്. അവിടെ കൂടെ പഠിച്ച പല കൂട്ടുകാരെയും ഇപ്പോളും കാണാറുണ്ട്. നാല് വര്‍ഷം ഞാനവിടെ പഠിച്ചു. നാലാം ക്ലാസ്സിലെ ഞങ്ങളുടെ കണക്ക് സര്‍ ആയിരുന്നു വേലായുധന്‍ മാഷ്. ജീവിതത്തില്‍ ഒരാളെയും ഞാന്‍ ഇങ്ങനെ പേടിച്ചിട്ടില്ല. ഒരു പക്ഷെ എന്‍റെ ഉപ്പാനെക്കള്‍ കൂടുതല്‍ ഞാന്‍ ആ മനുഷ്യനെ പേടിച്ചിരുന്നു.പുള്ളിക്ക് അധികം ഉയരം ഇല്ലായിരുന്നു. ഒരു വലിയ ചൂരലുമായി ആളു വരുന്നത് കണ്ടാല്‍ തന്നെ എന്‍റെ ചങ്കിടിപ്പ് കൂടിയിരുന്നു. കണക്ക് എന്നാ കുണ്ടാമണ്ടി വിഷയം എനിക്ക് ഒരു തല വേദന ആയത് അന്ന് ക്ലാസ്സ്‌ മുതലാണ്. പിന്നീട് എത്രയോ വര്‍ഷം ആ വിഷയം എന്‍റെ ഉറക്കം കളഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ഒരു വിഷയം ആദ്യമായി എന്നെ പഠിപ്പിച്ചതു ഈ വേലായുധന്‍ മാഷാണ്. മൂന്നാം ക്ലാസ്സ്‌ മുതല്‍ ഞാന്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് വേലായുധന്‍ മാഷ് എന്ന പേര്. നാലാം ക്ലാസ്സിലെ കണക്ക് വിഷയം ആരാണ് എടുക്കാന്‍ വരിക എന്ന് ഞങ്ങള്‍ എല്ലാവരും പേടിയോടെ നോക്കി ഇരിക്കുമ്പോള്‍ ദാ കേറി വരുന്നു വേലായുധന്‍ മാഷ്. അതോടെ ഞങ്ങള്‍ ഉറപ്പിച്ചു, അടുത്ത ഒരു വര്‍ഷം ഞങ്ങളുടെ കാര്യം ഗോവിന്ദാ. മാഷ് ലീവ് ഉള്ള വളരെ അപൂര്‍വം കുറച്ചു ദിവസങ്ങളെ ഉണ്ടായിട്ടുള്ളൂ. ആ ദിവസം അനുഭവിച്ചിരുന്ന ഒരു ആശ്വാസം പറഞ്ഞറിയിക്കാന്‍ പറ്റില്ല. പല തവണ മാഷുടെ ചൂരല്‍ പ്രയോഗത്തിന് എനിക്ക് കൈ നീട്ടി കൊടുക്കേണ്ടി വന്നിട്ടുണ്ട്. നീട്ടിപിടിച്ച കൈവെള്ള ഉന്നം വെച്ച് ആ ചൂരല്‍ പൊന്തുമ്പോള്‍ എത്ര തവണ കൈ വലിക്കാന്‍ ഞാന്‍ കൊതിച്ചിട്ടുണ്ട്, പക്ഷെ കഴിയാറില്ല, കാരണം കൈ വലിച്ചാല്‍ ഒന്നിന് പകരം രണ്ടു അടി കൊള്ളണം. ഇടക്ക് പുറത്തു പോകുമ്പോള്‍ ആ ചൂരല്‍ മേശയുടെ മുകളില്‍ വെച്ചിട്ടാണ് ആളു പോകുക. അത് അവിടെ ഉണ്ടെങ്കില്‍ പിന്നെ ഞങ്ങള്‍ ആരും സംസാരിക്കാറില്ല. ഈ വേലായുധന്‍ മാഷിന്‍റെ ക്ലാസ്സില്‍ നിന്ന് ഒഴിവാകണം എന്ന് ഉപ്പാട് അന്നൊക്കെ ഞാന്‍ കരഞ്ഞു പറഞ്ഞിട്ടുണ്ട്. ഹോംവര്‍ക്ക്‌ തരുന്ന ദിവസങ്ങളില്‍ പിറ്റേ ദിവസം മാഷിന്‍റെ അടി കൊള്ളുന്നത് ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്. എന്തായാലും നാലാം ക്ലാസ്സ്‌ കഴിയുന്ന വരെ ആ പേടി അങ്ങനെ തുടര്‍ന്നു .

കുറേ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ദിവസം ഞാനും ഉപ്പയും കൂടെ അവിടെ അടുത്തുള്ള ഒരു അമ്പലത്തിലെ ഉത്സവം കാണാന്‍ പോയി. പൂരം കഴിഞ്ഞു ആനകളൊക്കെ മടങ്ങുമ്പോള്‍ നാടന്‍ കലാരൂപങ്ങള്‍ വരും. അതിലെ ഒരു തെയ്യം കാണാന്‍ നിന്നപ്പോള്‍ പെട്ടെന്ന് ഉപ്പ എന്‍റെ ചുമലില്‍ തോണ്ടി ആ തെയ്യത്തില്‍ ഒരാളെ കാണിച്ചു കൊണ്ട് ചോദിച്ചു " നിനക്ക് അതാരാണെന്ന് മനസ്സിലായോ?" മുഖം മുഴുവന്‍ ചായവും ചമയങ്ങളും ഒക്കെ ഉള്ള കാരണം എനിക്ക് ആളെ മനസ്സിലായില്ല. ഉപ്പ പറഞ്ഞു "അതു നിന്‍റെ പഴയ വേലായുധന്‍ മാഷ്‌ ആണെടാ" ഞാനൊന്ന് ഞെട്ടി. ഞാന്‍ ചോദിച്ചു മാഷെന്താ ഇവരുടെ കൂടെ? അപ്പൊള്‍ ഉപ്പ പറഞ്ഞു, ഇത് മാഷിന്‍റെ കുടുംബപരമായുള്ള കലയാണ്, സ്കൂള്‍ മാഷാണെങ്കിലും പുള്ളി ഇതിനൊക്കെ പോകാറുണ്ട്, ഇവിടെ അടുത്ത് തന്നെയാണ് വീട് എന്ന്. തെയ്യം ഞങ്ങളുടെ അടുത്ത് കൂടെ പോയപ്പോള്‍ ഉപ്പ എന്നോടു മാഷെ വിളിക്കാന്‍ പറഞ്ഞു. ഞാന്‍ ഉറക്കെ മാഷെ എന്ന് വിളിച്ചു. പക്ഷെ ആ ബഹളത്തില്‍ എന്‍റെ ശബ്ദം പുള്ളി കേട്ടില്ല. ചെണ്ടമേളത്തിനൊപ്പം ചുവടു വെച്ച് നടന്നു പോകുന്ന മാഷിനെ നോക്കി ഉപ്പാടെ കൈ പിടിച്ചു ഞാന്‍ നിന്നു. ചൂരല്‍ പിടിച്ചിരുന്ന ആ കയ്യില്‍ അന്ന് പക്ഷെ വാള്‍ ആയിരുന്നു. അപ്പോള്‍ എന്‍റെ മനസ്സില്‍ പുള്ളി മുന്‍പ്‌ പഠിപ്പിച്ച കണക്കുകള്‍ ഓരോന്നായി വന്നു പോയി.

പിന്നെയും പല ഉത്സവങ്ങള്‍ക്കും മാഷിനെ ഞാന്‍ കണ്ടിട്ടുണ്ട്. പിന്നെ പിന്നെ എനിക്ക് അതൊരു പുതുമയല്ലാതായി. പക്ഷെ ഒരിക്കല്‍ ഈ വേഷങ്ങള്‍ ഒന്നുമില്ലാതെ എന്‍റെ നാട്ടില്‍ വെച്ച് മാഷിനെ ഞാന്‍ കണ്ടു. അന്ന് ഞാന്‍ കോളേജിലായിരുന്നു. ഞാന്‍ പോയി സംസാരിച്ചു. മാഷിന് എന്നെ ആദ്യം മനസിലായില്ല, പിന്നെ ഉപ്പാടെയും ഉമ്മാടെയും പേരും കാര്യങ്ങളുമൊക്കെ പറഞ്ഞപ്പോ പിടി കിട്ടി. പിന്നെ എന്‍റെ വിശേഷങ്ങളൊക്കെ ചോദിച്ചു. അന്ന് എനിക്ക് മാഷിനേക്കാള്‍ ഉയരം ഉണ്ടായിരുന്നു. മാഷ് കുറച്ച് അവശനായിരുന്നു, പ്രായത്തിന്‍റെ ക്ഷീണം. ക്ലാസ്സില്‍ വെച്ച് മാഷുടെ അടി കിട്ടിയതൊക്കെ ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. ആളും ചിരിച്ചു. എല്ലാം നിങ്ങടെ നല്ലതിന് വേണ്ടി അല്ലെ എന്നും പറഞ്ഞു. മാഷിനെ ഉത്സവത്തിന്‌ കണ്ടതൊക്കെ ഞാന്‍ ആവേശത്തോടെ പറഞ്ഞു. പുള്ളി പക്ഷെ അധികം സംസാരിച്ചില്ല, എന്തോ തിരക്ക് പറഞ്ഞു നടന്നു. ആള്‍ക്കൂട്ടത്തില്‍ ഒരാളായി മാഷ് നടന്നു മറയുന്ന വരെ ഞാന്‍ നോക്കി നിന്നു. അപ്പൊള്‍ ഞാന്‍ ആലോചിച്ചു ഈ മനുഷ്യനെയാണോ ഞാന്‍ അന്ന് ഇത്ര പേടിച്ചിരുന്നത്? നാലാം ക്ലാസ്സിലെ ഞങ്ങളുടെ ഗ്രൂപ്പ്‌ ഫോട്ടോ ആണ് താഴെ.



ഈ തവണ നാട്ടില്‍ പോയപ്പോള്‍ ഞാനും മോനും ഉപ്പാടെ കൂടെ മാഷിന്‍റെ നാട്ടിലെ ഉത്സവം കാണാന്‍ പോയി. ഒരു കുന്നിന്‍റെ മുകളിലാണ് ആ നാട്. അവിടത്തെ അമ്പലത്തിനടുത്താണ് മാഷുടെ വീട്. അവിടെ കുറെ കച്ചവടക്കാരുണ്ട്. ചെറിയ കുട്ടികള്‍ ബലൂണും കൊണ്ട് നടക്കുന്നു. മാഷ് വീടിന്‍റെ മുന്‍പില്‍ തന്നെ നില്‍ക്കുന്നുണ്ട്. ഞങ്ങള്‍ മൂന്നു പേരും കൂടെ ആളെ പോയി കണ്ടു. ഇത് ഉപ്പാനെ പഠിപ്പിച്ച മാഷ് ആണെന്ന് മോനോട് പറഞ്ഞപ്പോള്‍ അവന്‍ മാഷെ ഒന്ന് സൂക്ഷിച്ച് നോക്കി. മാഷ് അവനോട്‌ പേര് ചോദിച്ചപ്പോള്‍ അവന്‍ എന്‍റെ ഉപ്പാടെ പിറകില്‍ ഒളിച്ചു നിന്നു. ഒടുവില്‍ അവര്‍ രണ്ടു പേരും ആനകളുടെ അടുത്തേക്ക് പോയപ്പോള്‍ ഞാനും മാഷും തനിച്ചായി. അടുത്ത് നിന്ന് നല്ല ഈണത്തിലുള്ള തായമ്പക മേളം കേള്‍ക്കുന്നുണ്ട്. ഞങ്ങള്‍ കുറെ നേരം സംസാരിച്ചു നിന്നു. മാഷ് ആളുടെ അസുഖത്തെ കുറിച്ചാണ് കൂടുതല്‍ പറഞ്ഞത്. ആളെ വീട്ടിലേക്ക് ഒരു ദിവസം ഭക്ഷണത്തിന് ക്ഷണിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷെ പുള്ളിക്ക് നടക്കാന്‍ വയ്യ. ശരീരത്തിന്‍റെ ഒരു ഭാഗം തളര്‍ന്നു പോയിരിക്കുന്നു. ഒടുവില്‍ മാഷോട് യാത്ര പറഞ്ഞു ഞങ്ങള്‍ ആ കുന്നിറങ്ങുമ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു..

ആ സ്കൂളും ഞാന്‍ പഠിച്ച ക്ലാസും ഇന്നും അവിടെയുണ്ട്. അതിലൂടെ പോകുമ്പോളൊക്കെ ഞാനറിയാതെ അവിടേക്ക് നോക്കും. അതൊരു ശീലമായി പോയി. മനസ്സ് കൊണ്ടെങ്കിലും കുട്ടിക്കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കാന്‍ ഇഷ്ട്ടപ്പെടാത്തവരായി ആരാ ഉള്ളതല്ലെ? ഇടക്കെനിക്ക് തോന്നും വളരേണ്ടിയിരുന്നില്ല എന്ന്. ഒരു ഉത്തരവാദിത്തവും ഇല്ലാതെ കളിച്ച് നടന്ന ആ ബാല്യമായിരുന്നു നല്ലതെന്ന്. പക്ഷെ എന്ത് ചെയ്യാന്‍? ജീവിതം ഇങ്ങനെയൊക്കെയാണല്ലോ..

2 comments:

  1. ആ തല്ലൊക്കെ വെറുതെയായല്ലോ എന്നോര്‍ക്കുമ്പോഴാ :)
    ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് വേലായുധന്‍ മാഷുക്ക് അറിയാമായിരുന്നോ ?? :P

    ReplyDelete
  2. ഒന്നും വെറുതെ ആയില്ല, ഒന്നുമില്ലെന്കില്‍ ഞാന്‍ ഇന്ന് ഈ നിലയില്‍ എത്തിയില്ലേ അമ്പിളി ?:P

    ReplyDelete