അന്ന് ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നു. ഷാജി കൈലാസ് - രഞ്ജി പണിക്കെര്‍ ടീം കമ്മിഷണര്‍ എന്ന ഒരു സിനിമയോടെ എന്റെ ആവേശം ആയിരിക്കുന്ന സമയം, അവരാണ് മമ്മുക്കയെ വെച്ച് ദി കിംഗ് എന്ന സിനിമ ചെയ്യുന്നത്, റിലീസിന് മുന്‍പേ എന്റെ ആവേശമായി മാറിയ സിനിമ, വാരികകളില്‍ വരുന്ന റിപ്പോര്‍ട്ടുകളെല്ലാം ആവേശത്തോടെ വായിച്ചിരുന്ന കാലം, അങ്ങനെയിരിക്കെ ദി കിംഗ് റിലീസ് ആയി. കൃത്യമായി പറഞ്ഞാല്‍ 1995 Nov 11 ശനിയാഴ്ച.
അന്നു എനിക്ക് കിട്ടിയ ഒരു നോട്ടീസ് ആണിത്

വെള്ളിയാഴ്ച ഞങ്ങള്‍ സ്കൂളില്‍ നിന്ന് വരുമ്പോള്‍ തന്നെ ബസിലിരുന്ന് കണ്ടു മതിലുകള്‍ മുഴുവനും പോസ്റ്ററുകള്‍, പക്ഷെ ശരിക്ക് കാണാന്‍ പറ്റിയില്ല, വീട്ടില്‍ വന്ന ഉടനെ ഞാന്‍ എന്റെ കസിന് ഷെരീഫിനെയും കൂട്ടി സൈക്കിള്‍ എടുത്ത് കൂനമുച്ചിക്ക് വെച്ച് പിടിച്ചു. അവിടെയാണ് ഞങ്ങള്‍ ആ പോസ്റ്റര്‍ കണ്ടത്. അവിടെ ചെന്ന് എല്ലാ പോസ്റ്റുകളും ഞങ്ങള്‍ മതി വരുവോളം നോക്കി ആസ്വദിച്ചു മടങ്ങി പോന്നു. അന്ന് തൊട്ടേ സിനിമ കാണാനുള്ള ആഗ്രഹം വീട്ടില്‍ അറിയിച്ചു തുടങ്ങി, പിറ്റേ ദിവസം ഞാന്‍ തറവാട്ടില്‍ ചെന്നപ്പോള്‍ എന്റെ ഒരു അങ്കിള്‍ ആ സിനിമ കണ്ടു എന്നറിഞ്ഞു, ഞാന്‍ ആളോട് ചെന്ന് അഭിപ്രായം ചോദിച്ചു, ആളു പറഞ്ഞു നന്നായിട്ടുണ്ട്, ഉടനെ വന്നു എന്റെ അടുത്ത ചോദ്യം : സുരേഷ് ഗോപി എങ്ങനെ ഉണ്ടായിരുന്നു? അങ്കിള്‍: ആളു വളരെ കുറച്ചു നേരമേ ഉള്ളു, എന്റെ അടുത്ത ചോദ്യം : ആള്‍ക്ക് ഡയലോഗ് ഉണ്ടോ? അങ്കിള്‍:അവന് പൊട്ടന് ഒന്നുമല്ല.
അതോടെ ഞാന്‍ ചോദ്യം നിര്‍ത്തി വീട്ടിലേക്ക് മടങ്ങി പോന്നു.
പിന്നെയും 3 ആഴ്ച കഴിഞ്ഞാണ് വീട്ടില്‍ നിന്ന് സിനിമ കാണാന്‍ പോയത്, അതും sslc പരീക്ഷ അടുത്തിരിക്കുന്ന സമയത്ത്. എന്റെ നിര്‍ബന്ധം ഒന്ന് കൊണ്ട് മാത്രമാണ് അന്നത് കാണാന്‍ ഉപ്പ തയ്യാറായത്. ഒരു പാടു സന്തോഷം തോന്നിയ ഒരു യാത്ര ആയിരുന്നു അത്, അന്ന് ബസില്‍ ഇരുന്നു ഉമ്മ എന്നോട് പറഞ്ഞു നീ നന്നായി പഠിച്ചു പരീക്ഷ എഴുതും എന്നൊക്കെ പറഞ്ഞിട്ടാണ് ഉപ്പ സമ്മതിച്ചത്, ഇനി സിനിമയൊക്കെ നിര്‍ത്തി നന്നായി പഠിക്കണം, ഞാന്‍ തല കുലുക്കി, നമ്മുടെ കാര്യം നമുക്കല്ലേ അറിയൂ?
അങ്ങനെ തൃശൂര്‍ രാഗത്തില്‍ പോയി ഞങ്ങള്‍ സിനിമ കണ്ടു, പടം തുടങ്ങുന്നതിനു മുന്‍പ് എന്റെ ആവേശം കണ്ടു ഉമ്മ ഉപ്പാട് പറഞ്ഞു "ചെക്കന്റെ ഒരു സന്തോഷം നോക്ക്.." . പടം കഴിഞ്ഞു വീട്ടില്‍ എത്തുന്ന വരെ അതിലെ ഡയലോഗുകള്‍ ഓര്‍ത്തു ഞാന്‍ കോരിത്തരിച്ചു, പിന്നെ അതിന്റെ ഒരു ശബ്ദ രേഖയും ഞാന്‍ ഒപ്പിച്ചെടുത്തു. പിന്നീട് എത്രയോ തവണ കിംഗ് കണ്ടിരിക്കുന്നു.
അപ്പൊ അങ്ങിനെയുള്ള ആ കിങ്ങിന്റെ രണ്ടാം ഭാഗം, അല്ലെങ്കില്‍ നായകന് ജോസഫിന്റെ തിരിച്ചു വരവാണ് നാളെ. അതും ഭരത് ചന്ദ്രന്റെ കൂടെ..ഈ 17 വര്‍ഷം കൊണ്ട് എന്റെ ജീവിതത്തില്‍ എന്തെല്ലാം സംഭവിച്ചു, അന്നത്തെ പത്താം ക്ലാസ്സുകാരനായ എനിക്ക് ഇന്നൊരു മകന് ഉണ്ട്..സിനിമകളുടെ രണ്ടാം ഭാഗങ്ങള്‍ എനിക്ക് എപ്പോളും ഒരു നൊസ്റ്റാള്‍ജിയ ആണ്.
ആദ്യ ഭാഗത്തിന്റെ പേര് ചീത്തയാക്കാതെ നല്ലൊരു സിനിമ ഒരുക്കാന്‍ ഷാജിക്കും ടീമിനും കഴിയട്ടെ. മമ്മുക്കക്കും സുരേഷ് ഗോപി ചേട്ടനും ഷാജിക്കും എല്ലാ വിധ ആശംസകളും നേരുന്നു !!






