Friday, May 2, 2014

Vasantha Kala Paravai (1991) - Review

പവിത്രന്‍ സംവിധാനം ചെയ്ത വസന്ത കല പറവൈ (1991) എന്ന തമിള്‍ സിനിമ കണ്ടു. അയാളുടെയും ശ്രീ K.T.കുഞ്ഞുമോന്റെയും ആദ്യ ചിത്രം ആയിരുന്നു ഇത്.
രമേശ്‌ അരവിന്ദും സുധാറാണിയും ആണ് നായകനും നായികയും. സുധാറാണിയെ മനസ്സിലായോ? ആദ്യത്തെ കണ്മണിയിലെ ജയറാമിന്റെ നായിക.ശരത് കുമാര്‍ വില്ലന്‍ വേഷത്തില്‍ വരുന്നു , കൂടാതെ മലയാളത്തില്‍ നിന്ന് രാജന്‍.പി.ദേവും ഉണ്ട്.



രവി (രമേശ്‌ അരവിന്ദ് ) ഒരു പാവപ്പെട്ട വീട്ടിലെ ചെക്കനാണ്. അവന്‍ കോളേജില്‍ ജൂനിയേര്‍സിനെ പറ്റിച്ചു കാശ് ഉണ്ടാക്കി, അടിച്ചു പൊളിച്ചു നടക്കുകയാണ്. ഒഴിവു ദിവസങ്ങളില്‍ അവന്‍ തന്റെ അമ്മാവന്റെ ബേക്കറിയില്‍ സഹായിക്കാന്‍ നില്‍ക്കും. അമ്മാവന് അവനെ കൊണ്ട് വലിയ ഉപകാരം ഒന്നുമില്ല. ആ ബേക്കറിയുടെ മുന്‍പിലെ വലിയ വീട്ടിലെ കൊച്ചാണ്‌ ഉമ ( സുധാറാണി). അച്ഛന്‍ ഇല്ലാത്ത അവളുടെ കാര്യങ്ങളെല്ലാം നോക്കുന്നത് അവളുടെ ഏട്ടന്‍ രാജേഷാണ്. (ശരത് കുമാര്‍). അവള്‍ക്കു രവിയെ വലിയ ഇഷ്ട്ടമാണ്, രവിക്ക് തിരിച്ചും. അവള്‍ അവളുടെ വീട്ടിലെ ബാല്‍ക്കണിയില്‍ നിന്ന്, രവിയുമായി ഓരോന്ന് ആംഗ്യം കാണിക്കും, ഇടയ്ക്കു കണ്ണാടിചില്ല് കൊണ്ട് രവിയുടെ മുഖത്ത്‌ വെയില്‍ അടിപ്പിക്കും. അവരുടെ ഈ പരിപാടി ഇടയ്ക്കു രാജേഷ്‌ കാണാറുണ്ട്. ഒരിക്കല്‍ സ്പെഷ്യല്‍ ക്ലാസ്സ്‌ എന്നും പറഞ്ഞ് ഉമ രവിയുടെ കൂടെ കറങ്ങാന്‍ പോകുന്നു. അതറിയുന്ന രാജേഷ്‌ രവിയെ ഗുണ്ടകളെ വിട്ടു തന്റെ വീട്ടിലേക്കു കൊണ്ട് വരുന്നു. ഉമയുടെ മുന്‍പില്‍ വെച്ച് അയാള്‍ രവിയെ തല്ലി ചതക്കുന്നു. തടയാന്‍ വന്ന ഉമയെ അമ്മയും മുത്തച്ചനും ചേര്‍ന്ന് പിടിച്ചു മാറ്റുന്നു. കുറച്ചു ദിവസം കഴിഞ്ഞു ഉമയെ കാണാന്‍ രവി രാത്രി അവരുടെ വീട്ടില്‍ വരുന്നു.

പക്ഷെ രാജേഷ്‌ അവനെ കാണുന്നു. അയാള്‍ വീണ്ടും അവനെ മര്‍ദ്ദിക്കുന്നു. അങ്ങനെ ഉമ വീട്ടു തടങ്കലില്‍ ആകുന്നു. കലി കൊണ്ട ഉമ റൂമില്‍ ഉണ്ടായിരുന്ന രാജേഷിന്റെ ലക്ഷ കണക്കിന് രൂപയില്‍ മുഴുവന്‍ ഉമ -രവി എന്ന് എഴുതി വെക്കുന്നു. രാജേഷ്‌ ഉമയുടെ കല്ല്യാണം ഒടുവില്‍ ഒരു ദിവസം എക്സാം എഴുതാന്‍ സ്കൂളില്‍ വരുന്ന ഉമ , രാജേഷിനെ കബളിപ്പിച്ച് കൊണ്ട് രവിയുമായി നാട് വിട്ട് മറ്റൊരു സ്ഥലത്ത് എത്തുന്നു. അവിടെ വെച്ച് അവര്‍ വിവാഹം കഴിക്കുന്നു. രവി ഐസ് കച്ചവടം ചെയ്തു കുടുംബം നടത്തുന്നു. പക്ഷെ ഒരിക്കല്‍ രാജേഷും അമ്മയും കൂടെ അവരെ കാണാന്‍ അവിടെ എത്തുന്നു. തങ്ങള്‍ എല്ലാം മറന്നു എന്നും ഇനി വീട്ടിലേക്കു മടങ്ങാം എന്ന് പറഞ്ഞു അവര്‍ രവിയെ വിശ്വസിപ്പിക്കുന്നു. അവരുടെ അമ്മാവന്റെ സഹായത്തോടെ അവര്‍ രവിയെ പോലീസിനെ കൊണ്ട് പിടിപ്പിക്കുന്നു. ഉമയെ വീട്ടിലേക്കു തിരിച്ചു കൊണ്ട് പോകുന്നു. ജയിലില്‍ രവിയെ കാത്തിരുന്നത് ക്രൂരനായ ഒരു ഇന്‍സ്പെക്ടര്‍ (രാജന്‍.പി.ദേവ്) ആണ്. ഉമയെ കടത്തി കൊണ്ട് വന്നു എന്ന കുറ്റം ചാര്‍ത്തി അയാള്‍ രവിയെ അറ്റസ്റ്റ് ചെയ്തു ലോക്കപ്പില്‍ അടക്കുന്നു. രവി ഒരിക്കലും പുറത്തു വരാതിരിക്കാന്‍ രാജേഷ്‌ അയാള്‍ക്ക് പണം കൊടുക്കുന്നു. രാജേഷ്‌ ഉമക്ക് വേറെ കല്യാണം ഉറപ്പിക്കുന്നു. അത് മുടക്കാന്‍ വേണ്ടി ഉമയുടെ മുത്തച്ഛന്‍ ആതമഹത്യ ചെയ്യുന്നു. ഉമ വീട്ടില്‍ നിന്നും പുറത്തിറങ്ങി രവിയെ കാണാന്‍ സ്റ്റേഷനില്‍ വരുന്നു. രവിയെ അറ്റസ്റ്റ് ചെയ്ത ഇന്‍സ്പെക്ടറോട് അവള്‍ കയര്‍ക്കുന്നു. അവരുടെ സ്നേഹം തിരിച്ചറിഞ്ഞ ഇന്‍സ്പെക്ടര്‍ അവരെ സഹായിക്കാം എന്ന് വാക്ക് കൊടുക്കുന്നു. രവിയുടെ അടുത്തേക്ക് പോകുന്ന അവരെ രാജേഷ്‌ തടയുന്നു. രാജേഷും ഇന്സ്പെക്ട്ടറും എറ്റു മുട്ടുന്നു. ഒടുവില്‍ സഹോദരനായ രാജേഷ്‌ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന ഉമയുടെ പരാതിയില്‍ പോലീസ് രാജേഷിനെ അറ്റസ്റ്റ് ചെയ്യുന്നു. അങ്ങനെ ആ കേസ് കോടതിയില്‍ എത്തുന്നു. സ്വന്തം സഹോദരി കൊടുത്ത കേസ് ആയതു കൊണ്ട് കോടതിയില്‍ രാജേഷിന് രക്ഷപെടാന്‍ വഴികള്‍ ഇല്ലാതാകുന്നു. രാജേഷ്‌ രക്ഷപ്പെടുമോ? ഉമയും രവിയും ഒന്നിക്കുമോ? ശേഷം ഭാഗം സ്ക്രീനില്‍...

യേശുദാസ് പാടിയ നല്ല ഒരു ശോകഗാനം ഉള്‍പ്പെടെ, ദേവ സംഗീതം കൊടുത്ത 6 ഗാനങ്ങള്‍ ചിത്രത്തില്‍ ഉണ്ട്.പിന്നെ ചെമ്പരുത്തി ചെമ്പരുത്തി പൂവേ പോലെ പെണ്ണൊരുത്തി എന്ന സൂപ്പര്‍ ഹിറ്റ്‌ ഗാനവും ഇതിലെയാണ്.ഒരു പാട് പണമൊന്നും ചിലവാക്കാതെ തന്നെ എന്ത് മനോഹരമായാണ് അന്നത്തെ ഗാനങ്ങള്‍ എടുത്തിരിക്കുന്നത് എന്ന് ഞാന്‍ ചിന്തിച്ചു പോയി. മൂന്ന് തവണ ഞാന്‍ ആ പാട്ട് മാത്രം കണ്ടു.പിന്നെ വേറെ കുറച്ചു തപ്പാംകുത്ത് പാട്ടുകളും, അതിനു ചേര്‍ന്ന ഡാന്‍സ് രംഗങ്ങളും ഉണ്ട്.ശരത്കുമാറും പോലീസും തമ്മിലുള്ള കിടിലന്‍ ഒരു ഫയിറ്റുമുണ്ട്. രാജന്‍.പി.ദേവിന് തമിഴില്‍ നല്ല ബ്രേക്ക്‌ കിട്ടിയ കഥാപാത്രമാണ് ഇതിലെ ഇന്‍സ്പെക്ടര്‍. ഇതിനു ശേഷമാണ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം അദ്ദേഹത്തിന് ലഭിച്ചത്.കൌണ്ടമണി, കിറ്റി, മേജര്‍ സുന്ദര്‍രാജന്‍, സത്യപ്രിയ, എന്നിവരും സിനിമയില്‍ ഉണ്ട്. ഇതിലെ വില്ലന്‍ ശരത് കുമാര്‍ ആയിരുന്നു പവിത്രന്റെ അടുത്ത ചിത്രത്തിലെ നായകന്‍.ശരത് കുമാര്‍ പോലീസ് വേഷത്തില്‍ എത്തിയ ആ ചിത്രമാണ്‌ സൂപ്പര്‍ഹിറ്റായ സൂര്യന്‍.

No comments:

Post a Comment