Sunday, May 4, 2014

കലാഭവനും മലയാള സിനിമയും !!

കലാഭവന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ഒരു പാട് താരങ്ങള്‍ മനസ്സിലൂടെ മിന്നി മായുന്നു.അതില്‍ അരങ്ങൊഴിഞ്ഞവരും ഇപ്പോള്‍ അരങ്ങു വാഴുന്നവരുമായ ഒരു പാട് പേരുണ്ട്.കലാഭവന്‍ എന്ന പേര് മലയാള സിനിമയുമായി അത്ര മാത്രം ഇഴ ചേര്‍ന്ന് കിടക്കുന്നു.കേരളത്തിലെ ആദ്യത്തെ മിമിക്രി ട്രൂപ്പ് ആയ കലാഭവന്‍ 1969 സെപ്റ്റംബര്‍ മൂന്നാം തിയ്യതിയാണ് രൂപം കൊള്ളുന്നത്‌.മിമിക്രി എന്ന കലാരൂപത്തെ ഇത്ര മാത്രം ജനകീയമാക്കിയതു കലാഭവനിലെ താരങ്ങളാണ്.സംഗീതം,നൃത്തം,മിമിക്രി,അങ്ങനെയുള്ള എല്ലാ കലാരൂപങ്ങളുടെയും പരിശീലന കേന്ദ്രമായ കലാഭവന്‍ ഇന്നും വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് ഒരു തുടക്കവും,സിനിമയിലേക്കുള്ള ഒരു ചവിട്ടുപടിയും കൂടിയാണ്. പണ്ട് കലാഭവനില്‍ ഉണ്ടായിരുന്ന പല കലാകാരന്മാരും ഇന്ന് മലയാള സിനിമയിലെ പ്രധാനപ്പെട്ട നടന്മാരും,സംവിധായകരുമാണ്.കലാഭവന്റെ മിമിക്സ് പരേഡും,ഗാനമേളയും ഇന്നും കേരളത്തില്‍ അങ്ങോളമിങ്ങോളം അരങ്ങേറുന്നുണ്ട്. കലാഭവനിലെ പഴയ കലാകാരന്മാരുടെ ഒരു ഓര്‍മ്മ ചിത്രമാണ് താഴെ...

ക്രിസ്തീയ ഭക്തി ഗാനങ്ങളിലൂടെ ആയിരുന്നു കലാഭവന്റെ തുടക്കം, പിന്നീട് അവര്‍ ഒരു ഗാനമേള ട്രൂപ്പിന് രൂപം നല്‍കി, സിനിമാ ഗാനങ്ങള്‍ പാടി തുടങ്ങി, ആ കാലത്ത് ഗാനമേളയുടെ ഇടവേളകളില്‍ ചില മിമിക്രി കലാകാരന്മാര്‍ക്ക് അവസരം നല്‍കിയിരുന്നു, അതിന്റെ ജനസമ്മതി കണ്ടാണ് പിന്നീട് ഒരു മിമിക്രി ട്രൂപ്പിന് രൂപം കൊടുത്തത്. പ്രസിദ്ധ സംവിധായകന്‍ സിദ്ധിക്‌, നടനും സംവിധായകനുമായ ലാല്‍, കെ.എസ.പ്രസാദ്‌ എന്നിവരടങ്ങുന്ന അഞ്ചംഗ സംഗമാണ് മിമിക്സ് പരേഡ്‌ എന്ന പേരില്‍ പുതിയൊരു കലാരൂപത്തിന് തുടക്കം കുറിച്ചത്. പിന്നീടുള്ള കലാഭവന്റെ വളര്‍ച്ച ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. കലാഭവന്റെ മിമിക്സ് പരേഡ്‌ എന്ന് കേട്ടാല്‍ എവിടെയും ആളുകള്‍ ഇടിച്ചു കയറുമായിരുന്നു. കലാഭവനെ അനുകരിച്ചു പിന്നീട് പല സമിതികളും കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉണ്ടായെങ്കിലും അവയ്ക്കൊന്നും കലാഭവന്റെ ജനപ്രീതി കിട്ടിയില്ല, അതിനു പ്രധാന കാരണം കലാഭവനിലെ കഴിവുള്ള കലാകാരന്മാരുടെ പ്രകടനവും, അവരെ എല്ലാം ഒത്തൊരുമയോടെ നയിച്ച ഫാദര്‍ ആബേല്‍ എന്ന ആ വലിയ മനുഷ്യന്റെ സംഘടനാപാടവും ആയിരുന്നു. കലാകാരന്മാരെ ഏറെ സ്നേഹിച്ചിരുന്ന ആളായിരുന്നു ആബേലച്ചന്‍. അച്ഛനെ കുറിച്ച് കലാഭവനിലെ ഓരോ കലാകാരന്മാര്‍ക്കും നല്ലത് മാത്രമേ അന്നും ഇന്നും പറയാനുള്ളൂ. ഇന്നും പുതിയ പ്രതിഭകളെ കലാഭവന്‍ വാര്‍ത്തെടുക്കുന്നു. കൊച്ചിയിലാണ് കലാഭവന്റെ ഓഫീസ്.


കലാഭവനില്‍ നിന്നും മലയാള സിനിമയിലേക്ക് വന്ന മുഴുവന്‍ കലാകരന്മാരെയും ഓര്‍ത്തെടുക്കുക ശ്രമകരമായ ഒരു ജോലിയാണ്, എങ്കിലും പ്രധാനപെട്ട ചിലരെ പരാമര്‍ശിക്കാതെ വയ്യ. അതില്‍ മുന്‍പില്‍ നില്‍ക്കുന്നത് കലാഭവന്റെ മിമിക്സ് പരേഡിന് രൂപം കൊടുത്തവരില്‍ പ്രധാനികളായ സിദ്ധിക്കും ലാലുമാണ്. കലാഭവനില്‍ നിന്നാണ് അവര്‍ ഫാസിലിന്റെ കൂടെ സഹസംവിധായകരായി സിനിമാ രംഗത്തേക്ക് വരുന്നത്. മോഹന്‍ലാല്‍ നായകനായ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തിന്റെ തിരകഥ തയ്യാറാക്കി കൊണ്ടാണ് അവര്‍ എഴുത്തിലേക്ക് കടക്കുന്നത്. പിന്നീട് അന്നത്തെ സൂപ്പര്‍ഹിറ്റ്‌ ആയ നാടോടിക്കാറ്റിന്റെ കഥാരൂപം തയ്യാറാക്കിയത് സിദ്ധിക്കും ലാലും ചേര്‍ന്നാണ്, പിന്നീട് ശ്രീനിവാസന്‍ അതിന്റെ തിരക്കഥ എഴുതുകയാണുണ്ടായത്.അതിനു ശേഷം രണ്ടു വര്ഷം കഴിഞ്ഞു അവര്‍ സ്വതന്ത്ര സംവിധായകരാകുകയും " റാംജി റാവു സ്പീകിംഗ്‌" എന്ന ചിത്രം ഒരുക്കുകയും ചെയ്തു. മലയാള സിനിമയില്‍ ഒരു കോമഡി ട്രെണ്ടിനു തന്നെ രൂപം കൊടുത്ത സിനിമയായിരുന്നു അത്. പ്രേക്ഷകര്‍ ഒന്നടങ്കം തിയറ്ററില്‍ പൊട്ടിച്ചിരിക്കുന്ന കാഴ്ച അന്നത്തെ കാലത്ത്‌ അപൂര്‍വം ആയിരുന്നു. പിന്നീട് ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്‌ ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല എന്നിങ്ങനെ സൂപ്പര്‍ഹിറ്റുകളുടെ ഒരു പരമ്പര തന്നെ ഉണ്ടായി. പിന്നീട് അവര്‍ സ്വമനസ്സാലെ പിരിയുകയും സിദ്ധിക്ക് സംവിധാനത്തിലും ലാല്‍ നിര്‍മ്മാണത്തിലും വിതരണത്തിലും ശ്രദ്ധ കേന്ദ്രികരിക്കുകയും പിന്നീട് അഭിനേതാവ് ആകുകയും 2008-ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ നേടുകയും ചെയ്തു. സിദ്ധിക്ക് ആകട്ടെ മലയാളത്തില്‍ കൂടാതെ തമിഴ്‌ - ഹിന്ദി സിനിമകള്‍ എടുക്കുകയും ജനപ്രിയ സംവിധായകന്‍ ആകുകയും ചെയ്തു.

ആദ്യകാലത്ത് കലാഭവനില്‍ ഉണ്ടായിരുന്ന മറ്റൊരു കലാകാരനാണ് ശ്രീ സൈനുദ്ധീന്‍. മിമിക്രി രംഗത്ത്‌ നടന്‍ മധുവിന്റെ ചെമ്മീനിലെ പരീക്കുട്ടിയെ അനുകരിച്ചാണ് സൈനുദ്ധീന്‍ ശ്രദ്ധ നേടിയത്. പി.എ.ബക്കര്‍ സംവിധാനം ചെയ്ത ചാപ്പ എന്നാ ചിത്രത്തിലൂടെ സിനിമ രംഗത്ത്‌ എട്തുകയും പിന്നീട് നൂറ്റി അന്‍പതോളം സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. സയാമീസ് ഇരട്ടകള്‍, മിമിക്സ് പരേഡ്‌, കാസര്‍കോട്‌ കാദര്‍ഭായ്, ഹിറ്റ്ലര്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവന്‍ ആകാന്‍ സൈനുദ്ധീന് കഴിഞ്ഞു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് 1999 നവംബര്‍ 4നു അദ്ദേഹം നമ്മോട് വിട പറഞ്ഞു. തുടക്ക കാലത്ത് അദ്ധേഹത്തിന്റെ കൂടെ കലാഭവനില്‍ ഉണ്ടായിരുന്ന കെ.എസ്.പ്രസാദ്‌ ഇപ്പോഴും മിമിക്സ് പരേഡ്‌ ഉള്‍പ്പെടെയുള്ള സ്റ്റേജ് പ്രോഗ്രാമുകളുടെ സംഘാടകനാണ്.

അത് പോലെ തന്നെ കലാഭവന്റെ ആദ്യകാലത്തെ കലാകാരന്‍ ആണ് നമ്മുടെയെല്ലാം പ്രിയപ്പെട്ട ജയറാം.പെരുമ്പാവൂരിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ജയറാം കോളേജ് പഠന കാലത്ത് തന്നെ ഒരു മിമിക്രി കലാകാരന്‍ ആയിരുന്നു, ഒരു പാട് സമ്മാനങ്ങളും വാങ്ങിയിട്ടുണ്ട്, പഠന ശേഷമാണ് കലാഭവനില്‍ വരുന്നത്. പിന്നീട് 1988-ല്‍ പദ്മരാജന്‍ സിനിമയായ അപരനിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് കുടുംബ പ്രേക്ഷരുടെ പ്രിയപ്പെട്ട നായകന്‍ ആകുകുയും,ഒരു പാട് വിജയ ചിത്രങ്ങളില്‍ നായകന്‍ ആകുകയും ചെയ്തു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മിനിമം ഗാരണ്ടി ഉള്ള നടന്‍ ആകാന്‍ ജയറാമിന് കഴിഞ്ഞു. മലയാളം കൂടാതെ തമിഴിലും ജയറാം നായക വേഷത്തില്‍ തിളങ്ങി. നടി പാര്‍വതിയെ ആണ് ജയറാം വിവാഹം കഴിച്ചത്. 2011-ല്‍ പദ്മശ്രീ നല്‍കി രാഷ്ട്രം അദ്ധേഹത്തെ ആദരിച്ചു. അദ്ധേഹത്തിന്റെ മകന്‍ കാളിദാസന്‍ 2003-ലെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു.

ജയറാം പോയ ഒഴിവിലേക്കാണ് ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്‌ കലാഭവനിലെക്ക് എത്തുന്നത്‌. പിന്നീട് ഏഷ്യാനെറ്റിലെ കോമിക്കോള എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായി. പിന്നീട് കമലിന്റെ സഹ സംവിധായകന്‍ ആയി സിനിമാരംഗത്തേക്ക് എത്തുകയും ചെയ്തു. ആദ്യ കാലത്ത്‌ കുറച്ചു ചിത്രങ്ങളില്‍ മുഖം കാണിച്ചെങ്കിലും, ശ്രദ്ധിക്കപ്പെട്ടത് മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലാണ്. പിന്നീട് സല്ലാപത്തിലൂടെ തിരക്കുള്ള നായക നടന്‍ ആകുകയും ചെയ്തു. ജയറാമിനെ പോലെ സിനിമ രംഗത്ത്‌ നിന്ന് തന്നെയാണ് ദിലീപും വിവാഹം കഴിച്ചത്. നടി മഞ്ചു മഞ്ജുവാരിയര്‍ ആണ് ദിലീപിന്റെ ഭാര്യ. ദിലീപ്‌ പിന്നീട് സിനിമകള്‍ നിര്‍മ്മികുകയും വിതരണ രംഗത്ത്‌ സജീവമാകുകയും ചെയ്തു. മലയാളത്തിലെ ഏറെക്കുറെ എല്ലാ താരങ്ങളും ആനി നിരന്ന ട്വന്റി ട്വന്റി നിര്‍മ്മിച്ചതും ദിലീപ്‌ ആയിരുന്നു. കുഞ്ഞിക്കൂനന്‍, ചാന്തുപൊട്ട്, പച്ചകുതിര തുടങ്ങിയ ചിത്രങ്ങളിലെ വേഷപകര്‍ച്ചയിലൂടെ ദിലീപ്‌ ജനപ്രിയ നായകന്‍ ആയി വളര്‍ന്നു. മീശ മാധവന്‍ എന്ന ദിലീപ്‌ ചിത്രം മലയാളത്തിലെ മഹാ വിജയങ്ങളില്‍ ഒന്നാണ്. 2011ല്‍ വെള്ളരിപ്രാവിന്റെ ചങ്ങാതിയിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും നേടി.

കലാഭവന്റെ തന്നെ മികച്ച കലാകാരന്മാരായിരുന്നു ശ്രീ കൊച്ചിന്‍ ഹനീഫയും, ശ്രീ N.F.വര്‍ഗീസും. രണ്ടു പേരും ഇന്ന് നമ്മോടൊപ്പം ഇല്ല. രണ്ടു പേരും മലയാള സിനിമയില്‍ തങ്ങളുടെതായ സ്ഥാനം നേടിയെടുത്ത മികച്ച നടന്മാരായിരുന്നു. കൊച്ചിന്‍ ഹനീഫ സംവിധാന രംഗത്തും തിളങ്ങിയിരുന്നു. .തമിഴ്‌ സിനിമയിലും കുറെ നല്ല വേഷങ്ങള്‍ ഹനീഫ ചെയ്തു. ആദ്യ കാലത്ത് വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ഈ നടന്‍ കിരീടം എന്ന ചിത്രത്തിലൂടെ ഹാസ്യതാരമായി മുന്നേറുകയും ആയിരുന്നു. അതെ സമയം N.F.വര്‍ഗീസ്‌ മലയാളത്തിലെ തിരക്കുള്ള ഒരു സ്വഭാവ നടന്‍ ആയി, വില്ലന്‍ വേഷങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച അദ്ധേഹത്തിന്റെ പത്രം, നരസിംഹം തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. അദ്ധേഹത്തിന്റെ ആ ഗംഭീര്യമാര്‍ന്ന ശബ്ദം ഇന്നും മലയാളികളുടെ മനസ്സില്‍ മുഴങ്ങുന്നുണ്ട്. രണ്ട് പേരും നിനച്ചിരിക്കാത്ത നേരത്താണ് മരണപ്പെട്ടത്. അവര്‍ക്ക് പകരം വെക്കാന്‍ ഇന്നും മലയാള സിനിമയില്‍ ആരുമില്ല എന്നതാണ് സത്യം. അത് പോലെ നമ്മെ വിട്ടു പോയ മറ്റൊരു താരമാണ് കലാഭവന്‍ സന്തോഷ്‌.

പിന്നീട് കലാഭവനില്‍ നിന്നും വന്നവരാണ് കലാഭവന്‍ മണിയും, സലിംകുമാറും. രണ്ടു പേരും ഹാസ്യ നടന്മാരയാണ് വന്നതെങ്കിലും പിന്നീട് മികച്ച അഭിനയത്തിലൂടെ മലയാള സിനിമയില്‍ മുന്നേറുകയും ചെയ്തവരാണ്. കലാഭവന്‍ മണി നാടന്‍ പാട്ടുകളിലൂടെ മലയാളിയുടെ മനം കവരുകയും പിന്നീട് "വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും" എന്ന ചിത്രത്തിലൂടെ നമ്മളെ അതിശയിപ്പികുകയും ചെയ്തു. സലിംകുമാര്‍ അച്ഛനുറങ്ങാത്ത വീടിലൂടെ മികച്ച അഭിനയം കാഴ്ച വെക്കുകയും, പിന്നീട് ആദമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുകയും ചെയ്തു. ഇവരെ കൂടാതെ ഈ അടുത്ത് ദ്രിശ്യത്തിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ മറ്റൊരു താരമാണ് കലാഭവന്‍ ഷാജോണ്‍. ഇപ്പോള്‍ ദ്രിശ്യതിന്റെ തെലുഗ് റീമേക്കിലും ഷാജോണ്‍ വേഷം ഇടുന്നുണ്ട്.

ഇവരെ കൂടാതെ ,ഹരിശ്രീ അശോകന്‍, മച്ചാന്‍ വര്‍ഗീസ്, നാദിര്‍ഷ, ടിനിടോം,പ്രജോദ്, കലാഭവന്‍ റഹ്മാന്‍,കലാഭവന്‍ അന്‍സാര്‍,നാരായണന്‍ കുട്ടി, ജോര്‍ജ്, രമേശ്‌ കുറുമശ്ശേരി, കലാഭവന്‍ നവാസ്‌, കലാഭവന്‍ നിയാസ്‌, തെസ്നി ഖാന്‍,അബി,സാജന്‍ പള്ളുരുത്തി,ഹരിശ്രീ മാര്‍ട്ടിന്‍, അങ്ങനെ കുറെ കലാകാരന്മാര്‍ക്ക് ജന്മം നല്‍കിയത് കലാഭാവനാണ്. ഇവരെ കൂടാതെ പേരെടുത്തറിയാത്ത, ഓര്‍മ്മയില്‍ വരാത്ത ഒട്ടനവധി കലാകാരന്മാര്‍ മലയാള സിനിമയിലേക്ക് വന്നിട്ടുണ്ട്. പിന്നെ യേശുദാസ്‌, സുജാത, മാര്‍കോസ്,അഫ്സല്‍, പ്രദീപ്‌ പള്ളുരുത്തി തുടങ്ങിയ അനുഗ്രഹീത ഗായകരും വന്നത് പിന്നണി ഗാന രംഗത്തേക്ക് വന്നത് കലഭാവനിലൂടെയാണ്. എല്ലാവരെ കുറിച്ചും പറയാന്‍ ഈ ലേഖനം മതിയാകില്ല. കലാഭവനിലെ ഈ കലാകാരന്മാരുടെ സൌഹൃദത്തിന്റെ കഥ പറഞ്ഞ മിമിക്സ് പരേഡ്‌,കാസര്‍കോട്‌ കാദര്‍ഭായ്, എന്നീ സിനിമകളും സൂപ്പര്‍ഹിറ്റ്‌ ആയിരുന്നു. അന്‍സാര്‍ കലാഭവന്‍ ആണ് ആ രണ്ടു ചിത്രങ്ങളുടെയും രചന നിര്‍വഹിച്ചത്. ചിത്രത്തില്‍ ആബേലച്ചന്റെ വേഷത്തില്‍ വന്നത് ഇന്നസെന്റ് ആയിരുന്നു. പല സീനുകളും അന്ന് അവരുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നടന്നത് തന്നെയാണ് എന്നാണ് കേട്ടിട്ടുള്ളത്. ഇന്ന് അവരെ നയിക്കാന്‍ ആബേലച്ചന്‍ കൂടെയില്ല. എങ്കിലും കേരളത്തിന്റെ കലാരംഗത്ത്‌ ഇന്നും കലാഭവന്‍ സജീവമായി തന്നെ നില നില്‍ക്കുന്നു. ഇനിയും ഒരു പാട് കഴിവുള്ള കലാകാരന്മാരെ വാര്‍ത്തെടുക്കാന്‍ കലാഭവന് കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം !!

No comments:

Post a Comment