Monday, May 5, 2014

Manassariyathe (1984) - Review

അച്ഛനും അമ്മയും രണ്ടു കുട്ടികളും സന്തോഷമായി താമസിക്കുന്ന ഒരു വീട്ടില്‍ ഒരു കൊലപാതകം നടക്കുന്നു. പുറം ലോകം അറിയാതെ, പോലീസ് അറിയാതെ അവര്‍ ആ സംഭവം കൈകാര്യം ചെയ്യുന്നു . ഈ കഥ കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ദൃശ്യം ഓര്‍മ്മ വരാം. എന്നാല്‍ ഇത് ദൃശ്യം അല്ല. മുപ്പതു വര്‍ഷം മുന്‍പ് 1984-ല്‍ മലയാളത്തില്‍ തന്നെ ഇറങ്ങിയ മനസ്സറിയാതെ എന്ന ചിത്രത്തിന്റെ കഥയാണ്. രണ്ടു ദിവസം മുന്‍പാണ് ഞാന്‍ ഈ സിനിമ കണ്ടത്. ശരിക്കും ഒരു സസ്പെന്‍സ് ത്രില്ലെര്‍. അന്ന് ഈ ചിത്രം വിജയിച്ചിട്ടുണ്ടോ എന്നറിയില്ല.



വേണുവും ( നെടുമുടി വേണു) സിന്ധുവും (സെറീന വഹാബ്) അവരുടെ രണ്ടു മക്കളും (അതില്‍ ഒരാള്‍ ദ്രിശ്യത്തിലെ നായിക മീനയാണ്) ഉള്ള സന്തുഷ്ട്ട കുടുംബം. രണ്ടു പേരും ഉദ്യോഗസ്ഥരാണ്. സിന്ധുവിനെ വഴിയില്‍ വെച്ച് ഇടയ്ക്കിടയ്ക്ക് ശല്ല്യം ചെയ്യാറുള്ള അവളുടെ പഴയ സഹപാഠി മോഹനുമായി (സത്താര്‍) ഒരിക്കല്‍ വേണുവിന് അടി ഉണ്ടാക്കേണ്ടി വരുന്നു. ഇനി തന്റെ ഭാര്യയെ ശല്ല്യം ചെയ്താല്‍ അവനെ കൊല്ലുമെന്ന് പരസ്യമായി വേണു ഭീഷണിപ്പെടുത്തുന്നു. അതിന്റെ പിറ്റേ ദിവസം മോഹന്റെ ശവം വേണുവിന്റെ വീട്ടിലെ സ്വീകരണ മുറിയില്‍ കാണപ്പെടുന്നു. പോലീസില്‍ അറിയിച്ചാല്‍ സ്വാഭാവികമായും ആ കുറ്റം വേണുവിന്റെ പേരില്‍ വരും എന്നത് കൊണ്ട് അവര്‍ അത് ചെയ്യുന്നില്ല. മോഹന്റെ പേഴ്സില്‍ നിന്നും നിന്നും കിട്ടിയ വിലാസം വെച്ച് വേണു അയാളുടെ വീട്ടില്‍ പോയി അന്വേഷിക്കുന്നു. മോഹന്റെ അച്ഛന്‍ പക്ഷെ അയാളെ കുറിച്ച് ഒന്നും സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. തെമ്മാടിയായ മോഹനെ അവര്‍ മുന്‍പേ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നു എന്ന് വേണുവിനു മനസ്സിലായി.

വേണു തിരിച്ചു വീട്ടില്‍ വരുന്നു. മോഹനെ ആര് കൊന്നു എന്നോ എന്തിനു കൊന്നു എന്നോ അവര്‍ക്ക് അറിയില്ല. അയല്‍ക്കാര്‍ അറിയാതെ ശവം മറവു ചെയ്യാനുള്ള ശ്രമവും പരാജയപ്പെടുന്നു. ഈ ശവം എന്ത് ചെയ്യും എന്നറിയാതെ വേണുവും സിന്ധുവും കുഴങ്ങുന്നു. ഒടുവില്‍ കുട്ടികള്‍ പോലും അറിയാതെ അവര്‍ ആ ശവം വീട്ടിലെ കുളിമുറിയില്‍ ഒളിപ്പിച്ചു വെക്കുന്നു. വേണു പിറ്റേ ദിവസം പതിവ് പോലെ ജോലിക്ക് പോകുന്നു. അപ്പോഴാണ് മോഹനെ അന്വേഷിച്ചു മമ്മൂട്ടി എന്നൊരാള്‍ ( മോഹന്‍ലാല്‍) അവരുടെ വീട്ടില്‍ വരുന്നത്. സിന്ധു വേണുവിനെ വിളിച്ചു വിവരം പറയുന്നു. വേണു മടങ്ങി വന്നു മമ്മൂട്ടിയെ അന്വേഷിച്ചു അയാളുടെ വീട്ടില്‍ പോകുന്നു. വഴിക്ക് വെച്ച് വേണു അയാളെ കാണുന്നു. മോഹനും ആയാലും തമ്മിലുള്ള ബന്ധം മമ്മൂട്ടി അയാളോട് പറയുന്നു. മോഹനെ കൊല്ലാനാണ് താന്‍ ആ വെട്ടില്‍ വന്നത് എന്ന് മമ്മൂട്ടി അയാളോട് പറയുന്നു. നിസ്സഹായനായ വേണു തന്റെ വീട്ടില്‍ നടന്ന കാര്യങ്ങള്‍ അയാളോട് പറയുന്നു. മമ്മൂട്ടിയെയും കൂട്ടി വേണു തന്റെ വീട്ടില്‍ തിരിച്ചു വരുന്നു. അവര്‍ ആ ശവം എങ്ങനെ പുറത്തു കടത്തുന്നു എന്നതാണ് ബാക്കി കഥ.

ഇതിനിടക്ക്‌ ഞെട്ടിക്കുന്ന പല രംഗങ്ങളും ചിത്രത്തില്‍ വരുന്നുണ്ട്. പശ്ചാത്തല സംഗീതം പോലും നമ്മളെ ഭയപ്പെടുത്തും. നെടുമുടി വേണുവും സെറീന വഹാബും മികച്ച അഭിനയം കാഴ്ച വെച്ച ഈ സിനിമയുടെ സംവിധായകന്‍ ശ്രീ സോമന്‍ അമ്പാട്ടാണ്. പൂവച്ചല്‍ കാദര്‍ , രഘുകുമാര്‍ ടീം ആണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഹൊറര്‍ - ത്രില്ലര്‍ സിനിമകള്‍ ഇഷ്ട്ടപെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു പഴയകാല സിനിമയാണ് മനസ്സറിയാതെ.-

No comments:

Post a Comment