Thursday, May 29, 2014

പ്രവാസിയുടെ ഫോണ്‍ വിളി

ഇപ്പോളൊക്കെ പലരും നാട്ടിലേക്ക് ഫോണ്‍ ചെയ്താല്‍ കൂടുതല്‍ തവണ കേള്‍ക്കുന്ന ഒരു ചോദ്യമാണ് "വേറെന്താ? " അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കാനും പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞാലും പിന്നെയും ചോദിക്കും "വേറെന്താ? എന്നാല്‍ കുറച്ചു നാളുകള്‍ മുന്‍പ് ഇതായിരുന്നില്ല സ്ഥിതി. എന്തെങ്കിലും പറഞ്ഞു കഴിയുന്നതിനു മുന്‍പേ കാര്‍ഡിലെ ബാലന്‍സ് തീരും. അന്ന് പറയാന്‍ കുറെ കാര്യങ്ങളും സമയം കുറവും...ഇന്ന് പറയാന്‍ കാര്യങ്ങള്‍ കുറവും സമയം കൂടുതലും..



വേറെ ഒരു രസമുള്ളത് പണ്ടൊക്കെ സ്വന്തം വീട്ടിലേക്കു മാത്രമേ വിളിചിരുന്നുള്ളൂ, ഇന്ന് ഒരു വിധം എല്ലാ ബന്ധു വീടുകളിലേക്കും കൂട്ടുകാര്‍ക്കും വിളിക്കുന്നു എന്നതാണ്. മുന്‍പ് വെള്ളിയാഴ്ച മാത്രം വിളിച്ചിരുന്ന പ്രവാസി ഇപ്പോള്‍ ദിവസവും വീട്ടിലേക്കു വിളിക്കുന്നുണ്ട്.വിളിച്ചാല്‍ വെക്കാത്തത് കൊണ്ട് പലര്‍ക്കും പ്രവാസിയുടെ ഫോണ്‍ എടുക്കാന്‍ തന്നെ പേടിയാണ്. ഒരു വര്‍ഷത്തില്‍ ഒരു പ്രവാസി നാട്ടിലേക്കു എത്ര തവണയാണ് ഫോണ്‍ ചെയ്യുന്നത്. എന്നാല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും നാട്ടില്‍ നിന്ന് അവനെ ആരെങ്കിലും വിളിക്കാറുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് പറയാന്‍ എത്ര പേര്‍ക്ക് സാധിക്കും? നാട്ടില്‍ നിന്ന് മിസ്സ്‌ കാള്‍ അടിക്കുന്നവരുടെ കാര്യമല്ല പറഞ്ഞത് കേട്ടോ. രണ്ടു ദിവസം വിളിച്ചില്ലെങ്കില്‍ സ്വന്തം ഭാര്യയോ രക്ഷിതാക്കളോ വിളിച്ചു അന്വേഷിച്ചു എന്നിരിക്കും, അവരല്ലാതെ വേറെ ആരാണ് നമ്മളെ അന്വേഷിക്കുന്നത്? സംശയം ഉണ്ടെങ്കില്‍ ഒന്ന് പരീക്ഷിച്ചു നോക്കിയാല്‍ അറിയാം.ശ്രീ നൌഷാദ് അകമ്പാടം വരച്ച ഈ കാര്‍ട്ടൂണ്‍ നമ്മളോട് പലതും വിളിച്ചു പറയുന്നുണ്ട്.



നാട്ടില്‍ പോയാല്‍ പലരും പറയുന്ന ഒരു പരാതിയാണ് പണ്ടത്തെ പോലെ അവരെ വിളിക്കാറില്ല എന്ന്. ഇത്ര നാളായിട്ട് നമ്മളുടെ വിവരം കാണാതിരുന്നിട്ടും എന്ത് കൊണ്ട് ഒന്ന് ഇങ്ങോട്ട് വിളിച്ചില്ല എന്ന് ചോദിച്ചാല്‍ സ്ഥിരം പറയുന്ന ഒരു മറുപടിയാണ്‌ "നിങ്ങള്‍ ഗള്‍ഫ്കാരല്ലേ? നിങ്ങള്‍ക്ക് ഇങ്ങോട്ട് വിളിച്ചൂടെ എന്ന്. ഞങ്ങള്‍ വല്ലപ്പോഴും വിളിക്കാറുണ്ടല്ലോ,ഇടക്കെങ്കിലും നിങ്ങള്‍ക്ക് ഇങ്ങോട്ടും വിളിക്കാലോ എന്ന് ചോദിച്ചാല്‍ ഉടനെ പറയും നമ്പര്‍ അറിയില്ല എന്ന്. അത് അവരുടെ ഒരു നമ്പര്‍ ആണെന്ന് നമുക്കറിഞ്ഞൂടെ? കാശ് ഇല്ലാത്തവരുടെ കാര്യം പോട്ടെന്നു വെക്കാം, അത്യാവശ്യം കാശുള്ളവര്‍ പോലും വിളിക്കില്ല. ബാക്കി എല്ലാത്തിനും അവരുടെ കയ്യില്‍ കാശ് ഉണ്ട്, ഏഴു രൂപ കൊടുത്തു ഒരു ഫോണ്‍ വിളിക്കാന്‍ കാശില്ല. വല്ലപ്പോഴും വിളിച്ചാല്‍ തന്നെ ഒരു മിസ്സ്‌കാള്‍..കഴിഞ്ഞു...അപ്പോള്‍ നമ്മള്‍ അങ്ങോട്ട്‌ തിരിച്ചു വിളിച്ചിരിക്കണം. അത് ഇവിടെ 800 ദിര്‍ഹം ശമ്പളം വാങ്ങിക്കുന്നവനായാലും, 8000 ദിര്‍ഹം ശമ്പളം വാങ്ങിക്കുന്നവനായാലും.

ആരെയും കുറ്റം പറഞ്ഞതല്ല, ഒരു വിഷമം പറഞ്ഞതാണ്‌. മുന്‍പൊക്കെ വല്ലപ്പോഴും ആരുടെയെങ്കിലും ഒരു കത്തെങ്കിലും വന്നിരുന്നു. ഇപ്പോള്‍ അതും ഇല്ലാതായി.

No comments:

Post a Comment