Friday, June 7, 2013

Yamla Pagla Deewana 2 - Review From Dubai




ഈ സിനിമ കാണാന്‍ മൂന്നു കാരണങ്ങള്‍ ഉണ്ട്. ആദ്യത്തെ കാരണം ഇന്ന് ഇവിടെ ഹോളിഡേ ആണ് എന്നുള്ളതാണ്. വല്ലപ്പോഴും അല്ലെ ഇങ്ങനെ ഒരു അവധി കിട്ടു, അപ്പൊ പിന്നെ ഒരു സിനിമ കാണാമെന്ന് വെച്ചു. രണ്ടാമത്തെ കാരണം ഇതിന്റെ ആദ്യ ഭാഗം രണ്ടു വര്ഷം മുന്‍പ്‌ ഞാന്‍ കണ്ടിട്ടുണ്ട് എന്നതാണ്. അത്ര മികച്ചൊരു സിനിമ ആയിരുന്നില്ല എങ്കിലും കണ്ടിരിക്കാവുന്ന ഒന്നായിരുന്നു അത്. അന്ന് അത്യാവശ്യം ചിരിക്കാന്‍ സാധിച്ച കുറെ സീനുകള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു, പിന്നെ ഈ അച്ഛനും രണ്ടു മക്കളും കൂടിയുള്ള ഒരു സിനിമ ആയത് കൊണ്ട് , അവരെ അങ്ങനെ ഒരുമിച്ചു സ്ക്രീനില്‍ കാണുന്നതിന്റെ ഒരു കൌതുകവും ഉണ്ടായിരുന്നു. അപ്പോള്‍ അവര്‍ വീണ്ടും വരുന്നു എന്ന് കേട്ടപ്പോള്‍ എന്നാ പിന്നെ ഒന്ന് കണ്ടേക്കാം എന്ന് തീരുമാനിച്ചു. മൂന്നാമത്തേതും വളരെ പ്രധാനപ്പെട്ടതുമായ കാരണം ഇതിന്റെ സംവിധായകന്‍ സംഗീത്‌ ശിവന്‍ ആണെന്നുള്ളതാണ്. മലയാളത്തില്‍ വ്യൂഹം, യോദ്ധ, ഡാഡി, ഗാന്ധര്‍വ്വം, നിര്‍ണ്ണയം എന്നീ ചിത്രങ്ങള്‍ എടുത്ത സംവിധായകന്‍. ഇപ്പൊ കുറച്ചു നാളായി ബോല്ലിവുഡിലാണ്. അവിടെ സോര്‍, ചുരാ ലിയാ ഹേ തുംനെ, ക്യാ സൂപ്പര്‍ കൂള്‍ ഹായ് ഹം, ഏക്‌, ക്ലിക്ക് അങ്ങനെ കുറെ ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. ഈ അടുത്ത് മലയാളത്തില്‍ ആസിഫ്‌ അലി നായകനായ Idiots എന്ന ചിത്രത്തിന്റെ തിരകഥ എഴുതിയിരുന്നു.

ഇനി സിനിമയിലേക്ക്, ആദ്യ ഭാഗം കാണാത്തവര്‍ക്ക് വേണ്ടി പറയാം. ധരംസിങ്ങും (ധര്‍മേന്ദ്ര)മകന്‍ ഗജോധര്‍സിങ്ങും (ബോബി ഡിയോള്‍. രണ്ടു പേരും തിരു മുടിഞ്ഞ കള്ളന്മാരാണ്. തന്റെ ഭാര്യയോടു പിണങ്ങിയാണ് ധരം തന്റെ ഇളയ മകന്റെ കൂടെ കഴിയുന്നത്. ആദ്യ ചിത്രത്തില്‍ ധരമിന്റെ മൂത്ത മകന്‍ പരംവീര്‍ സിംഗ് (സണ്ണി ഡിയോള്‍) അച്ഛനെയും അനിയനെയും കൂട്ടി കൊണ്ട് വരാന്‍ കാനഡയില്‍ നിന്ന് ബനാറസില്‍ എത്തുന്നതും, ഗജോധരിന്റെ പ്രണയ സാക്ഷാല്‍ക്കാരത്തിനായി അവര്‍ മൂന്നു പേരും കൂടെ പഞ്ചാബില്‍ പോകുന്നതും, അവിടെ നടക്കുന്ന തമാശകളുമായിരുന്നു കഥ. എന്നാല്‍ ഈ രണ്ടാം ഭാഗത്തില്‍ കഥ തുടങ്ങുമ്പോള്‍ ധരം ഒരു കള്ള സന്ന്യാസി ആണ്, കൂടെ മകന്‍ ഗജോധരും ഉണ്ട്. ഈ തവണ ഗജോധര്‍ വലിയ ഒരു സല്‍മാന്‍ ഖാന്‍ ഫാന്‍ ആണ്. സ്വാമിയെ കാണാന്‍ എത്തുന്ന യോഗ് രാജ്‌ എന്ന ഒരു ഒരു ബിസിനസ്‌കാരനെ (അനു കപൂര്‍) ധരംസിംഗ് ഒരു ധനികന്‍ ആണെന്ന് തെറ്റിദ്ധരിക്കുന്നു. സത്യത്തില്‍ അയാള്‍ വലിയ ഒരു കടക്കെണിയിലാണ്. അയാളുടെ മകള്‍ സുമനെ കൊണ്ട് ഗജോധരിനെ കല്യാണം കഴിപ്പിക്കാന്‍ വേണ്ടിയുള്ള ധരമിന്റെ ശ്രമങ്ങളാണ് സിനിമയുടെ പ്രധാന കഥ (ഗജോധരിന്റെ ആദ്യ കാമുകി എവിടെ പോയോ എന്തോ?) കൂടാതെ ആ നായികയും ഒരു സല്‍മാന്‍ ഖാന്‍ ഫാന്‍. അത് കൊണ്ട് തന്നെ ചിത്രം മുഴുവനും സല്‍മാന്റെ ഡയലോഗുകളും പാട്ടുകളും ഉപയോഗിച്ചിട്ടുണ്ട്.

മൂത്ത മകന്‍ പരംവീര്‍ ഇപ്പോള്‍ ലണ്ടനില്‍ ആണ്, അയാള്‍ അവിടെ ഒരു debt collector ആണ്. (അയാളുടെയും ഭാര്യയെയും കുട്ടികളെയും ഒന്നും കാണിക്കുന്നില്ല). അയാളുടെ ബോസ്സിന്റെ നിര്‍ദേശ പ്രകാരം അയാള്‍ യോഗ് രാജിന്റെ അടുക്കല്‍ എത്തുന്നു, അയാള്‍ എന്ത് കൊണ്ടാണ് ലോണ്‍ തിരിച്ചടക്കാത്തത് എന്ന് അന്വേഷിക്കാന്‍ വേണ്ടി പരം അയാളുടെ പ്രശ്നങ്ങള്‍ അന്വേഷിക്കുന്നു. തുടര്‍ന്ന് അയാള്‍ അയാളുടെ കൂടെ ജോലിക്ക് കയറുന്നു. അയാളുടെ പഴയ ക്ലബ്‌ പരം നന്നാക്കുകയും റീ ഓപ്പണ്‍ ചെയ്യുകയും ചെയ്യുന്നു. അതെ സമയം യോഗ് രാജിനെ കാണാനും ആ കല്യാണം ഉറപ്പിക്കാനും വേണ്ടി ധരം സിങ്ങും ഗജോധാരും വലിയ ധനികരുടെ വേഷത്തില്‍ നാട്ടില്‍ നിന്ന് ഇവിടെ എത്തുന്നു.പരംവീര്‍ അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു,പക്ഷെ അവര്‍ സമ്മതിക്കുന്നില്ല. അങ്ങനെ ആ കല്യാണ നിശ്ചയം നടക്കുന്നു, എന്നാല്‍ പിന്നീട് അറിയുന്നു സുമന്‍ യോഗ് രാജിന്റെ മകള്‍ അല്ല, അയാളുടെ യഥാര്‍ത്ഥ മകള്‍ രീത ആണ്. അവള്‍ക്ക്ക് ആണെന്കില്‍ ഇഷ്ടം പരംവീറിനോടും. ഇതറിയുന്ന ധരം അവളെ വശീകരിക്കാന്‍ വേണ്ടി ഗജോധരിനെ വേറെ ഒരു വേഷത്തില്‍ അവതരിപ്പിച്ച്‌,തന്റെ രണ്ടാമത്തെ മകന്‍ ആണെന്നും പറഞ്ഞു യോഗ് രാജിന് പരിചയപെടുത്തുന്നു. ഒരാളും രണ്ടു വേഷവും മാറി മാറി വരുന്നു. സ്വാഭാവികമായും പ്രശ്നങ്ങള്‍ ആരംഭിക്കുമല്ലോ? ഈ തവണ അവര്‍ക്ക് കൂട്ടായി ഒരു ആള്‍ക്കുരങ്ങും(Orangutan) ഉണ്ട്. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഇതിലെ കഥ.

ധര്‍മേന്ദ്ര..77 വയസ്സുള്ള ഒരു സീനിയര്‍ സൂപ്പര്‍സ്റ്റാര്‍, ഈ പ്രായത്തിലും അദ്ധേഹത്തിന്റെ ആ ഒരു എനര്‍ജി ലെവല്‍ ആദ്യ ഭാഗത്തില്‍ തന്നെ എന്നെ അതിശയിപ്പെടുത്തിയിരുന്നു. രണ്ടു വര്ഷം കഴിഞ്ഞു ഈ രണ്ടാം ഭാഗത്തിലും അതിനു മാറ്റമൊന്നുമില്ല. സ്വന്തം മക്കളുടെ കൂടെ ഡാന്‍സും, സംഘട്ടനവും, കോമഡിയും എല്ലാം ചെയ്തു അദ്ദേഹം ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. പ്രായത്തിന്റെ ഒരു അവശത മുഖത്തുണ്ടെങ്കിലും അദ്ധേഹത്തിന്റെ മനസ്സ് ഇപ്പോളും ചെറുപ്പമാണ്. അദ്ധേഹത്തിന്റെ ഒരു സ്ഥിരം ഡാന്‍സ് സ്റ്റൈലിനെ കളിയാക്കി കൊണ്ട് ഒരു ഗാനം ചിത്രത്തിന്റെ അവസാനം ചേര്‍ത്തിട്ടുണ്ട്.ഓം ശാന്തി ഓം എന്നാ ചിത്രത്തില്‍ അദ്ധേഹത്തിന്റെ ആ സ്റ്റെപ് കാണിക്കുന്നുണ്ട്.

സണ്ണി ഡിയോള്‍..ധര്‍മേന്ദ്രയുടെ മൂത്ത മകന്‍, ആദ്യ കാലത്ത് ഹിന്ദിയില്‍ Gatak,Gayal, Gadhar, Darr, Yamini,Border,Jeet, Ziddi അങ്ങനെ കുറേ സൂപ്പര്‍ ഹിറ്റുകള്‍ നല്‍കിയ നടന്‍. ഇപ്പോള്‍ അധികം ചിത്രങ്ങളൊന്നും ഇല്ല. സ്വന്തം നിര്‍മ്മാണ കമ്പനിയുടെ ചിത്രമാണ്‌ ഇത്. വില്ലന്മാരുടെ നേരെ വലിയ വായില്‍ ആക്രോശിക്കുന്ന സണ്ണിയുടെ സ്ഥിരം നമ്പര്‍ ആദ്യ ഭാഗത്തില്‍ ഒരു കോമഡി ആയി അവതരിപ്പിച്ചിരുന്നു. സഹിക്കാന്‍ കഴിയാത്ത ആ വലിയ ശബ്ദം കേട്ട് വില്ലന്മാരെല്ലാം ചെവി പൊത്തുന്നതായിരുന്നു ആ സീന്‍.ഒരു സ്പൂഫ് എന്ന നിലയില്‍ അത് രസിപ്പിക്കുകയും ചെയ്തു. ഇതിലും അങ്ങനെ ഒരു സീനുണ്ട്. സണ്ണിയുടെ ശബ്ദത്തിന്റെ ആഘാതം കൊണ്ട് വില്ലന്മാരെല്ലാം പറക്കുന്നതായാണ് എടുത്തിരിക്കുന്നത്. പക്ഷെ അത് കുറച്ചു കൂടി പോയി എന്ന് പറയാതെ വയ്യ.

ബോബി ഡിയോള്‍..ആ പേര് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം ഓര്‍മ്മ വരുന്നത് അയാളുടെ ആദ്യ ചിത്രമായ "ബര്‍സാത്" ആണ്. മുടിയൊക്കെ നീട്ടി വളര്‍ത്തി നീല കൂളിംഗ്‌ ഗ്ലാസും വെച്ചു കൊണ്ടുള്ള ആ വരവ് ഇന്നും മനസ്സില്‍ ഉണ്ട്. അതിനു ശേഷം Gupt, Soldire,Ajnabee, Humraz എന്നീ സൂപ്പര്‍ ഹിറ്റുകള്‍ ഉണ്ടായിരുന്നു എങ്കിലും മുന്‍ നിരയിലേക്ക് ഉയരാന്‍ ബോബിക്ക് കഴിഞ്ഞില്ല. ചേട്ടനെ പോലെ തന്നെ ഇപ്പോള്‍ ബോബിക്കും സിനിമകള്‍ കുറവാണ്‌.അവസാനം വിജയിച്ച ചിത്രം ഇതിന്റെ ആദ്യ ഭാഗമാണ്. അത് കൊണ്ടായിരിക്കാം വീണ്ടും അവരുടെ കൂടെ തന്നെ ഒരു ചിത്രം ചെയ്തത്, പോരാതെ സല്‍മാന്‍ ഖാനെയും കൂട്ട് പിടിച്ചിട്ടുണ്ട്, പക്ഷെ ഇത് കൊണ്ടും ബോബിയുടെ കരിയറിന് ഗുണമൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല.

ഇവരെ കൂടാതെ അനുപം ഖേര്‍,ജോണി ലിവര്‍, തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ട്. ആര്ര്‍ക്കും കാര്യമായി ഒന്നും ചെയ്യാനില്ല. നായികമാരെയൊന്നും മുന്‍പ് കണ്ടതായി ഓര്‍മ്മയില്‍ ഇല്ല. ഗാനങ്ങളില്‍ ഒന്നും തന്നെ അത്ര മികച്ചതല്ല. കോമഡിക്ക് വേണ്ടി ചെയ്തത് ഒന്നും എല്ക്കുന്നില്ല എന്നതാണ് സിനിമയുടെ പ്രശ്നം. ക്ലൈമാക്സില്‍ കുറെ സുമോ ഗുസ്ഥിക്കാരെ കൊണ്ട് വന്നു എന്തൊക്കെയോ കാണിച്ചു കൂട്ടി, പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന രംഗങ്ങള്‍ ആണ് അതെല്ലാം. ഒന്നാം ഭാഗത്തിന്റെ ഏഴയലത്ത് പോലും എത്താന്‍ ഈ രണ്ടാം ഭാഗത്തിന് സാധിച്ചിട്ടില്ല. എങ്കിലും slapstick & non sence കോമഡി ഇഷ്ട്ടപെടുന്നവര്‍ക്ക് വേണമെകില്‍ ഒരു തവണ കാണാം, അല്ലാത്തവര്‍ ആ ഭാഗത്തേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. വീണ്ടും കാണുന്നത് വരെ എല്ലാവര്ക്കും നന്ദി..നമ്സക്കാരം !!

No comments:

Post a Comment