Monday, June 17, 2013

സോഷ്യല്‍ മീഡിയകളുടെ മുകളിലൂടെ പൃഥ്വിയുടെ തിരിച്ചു വരവ് !!




പൃഥ്വിരാജ്...മുംബൈ പോലീസിലെ ആന്റണി മോസ്സെസ്..ധീരമായ ഈ വേഷത്തിലൂടെ വിസ്മയിപ്പിക്കുകയാണ് ഈ നടന്‍ ഒരിക്കല്‍ കൂടി !!

അയാളും ഞാനും തമ്മിലിലെ ഡോക്ടര്‍ രവി തരകന്‍,സെല്ലുലോയിഡിലെ ജെ.സി.ഡാനിയല്‍ എന്നീ മികച്ച വേഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു മിന്നുന്ന പ്രകടനം പ്രേക്ഷകര്‍ക്ക്‌ കാണിച്ചു തന്ന സിനിമ.മറ്റേതൊരു യുവതാരവും ചെയ്യാന്‍ രണ്ടു വട്ടം ആലോചിക്കുന്ന ഒരു ഗായ്‌ പോലീസ് ഓഫീസരുടെ കഥാപാത്രം ഏറ്റെടുത്തു വിജയിപ്പിക്കാന്‍ പൃഥ്വിരാജ് കാണിച്ച ധൈര്യത്തെ പ്രശംസിക്കാതിരിക്കാന്‍ കഴിയില്ല, ആ വേഷം യാതൊരു മടിയും കൂടാതെ ഏറ്റെടുക്കാന്‍ തയ്യാറായത്‌ പൃഥ്വിരാജ് എന്ന നടന്റെ അര്‍പ്പണ ബോധത്തെയാണ് കാണിക്കുന്നത്. താന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗി ആണെന്ന് തിരിച്ചറിയുന്ന ആ രംഗത്തില്‍ പ്രേക്ഷകന്റെ കണ്ണ് നിറക്കാന്‍ രാജുവിന് കഴിഞ്ഞു. ഇത് വരെ പൃഥ്വിരാജ് എന്ന നടനെ അംഗീകരിക്കാന്‍ മടി കാണിച്ച പലരും ഈ അടുത്ത് വന്ന ചിത്രങ്ങള്‍ കണ്ടു ഒളിഞ്ഞും തെളിഞ്ഞും ആ അഭിനയ പാടവത്തെ അഭിനന്ദിക്കാന്‍ തുടങ്ങിയിരിക്കുന്നു.

എന്നാല്‍ കുറച്ചു നാള്‍ മുന്‍പ് വരെ ഇതായിരുന്നില്ല കഥ, പൃഥ്വിരാജ് എന്ന നടനെ വെറും ഒരു കോമാളി ആക്കി കൊണ്ട് പലതും ഇവിടെ അരങ്ങേറി. സോഷ്യല്‍ മീഡിയ വഴി ഇത്ര അധികം ആക്രമിക്കപ്പെട്ട മറ്റൊരു താരവും മലയാളത്തില്‍ എന്നല്ല, ഒരു പക്ഷെ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഉണ്ടായിട്ടുണ്ടാകില്ല. ഫേസ് ബുക്ക്‌ വഴി പ്രിത്വിയെ കളിയാക്കി കൊണ്ട് ഒരു പാട് ഫോട്ടോസും, യു ട്യൂബ് വഴി ഒരു പാട് വീഡിയോ ക്ലിപ്പിങ്ങ്സും ഇവിടെ ഇറങ്ങി. അതെല്ലാം കാട്ടുതീ പോലെ ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചു. ഒരു ചാനെല്‍ ഇന്റര്‍വ്യൂവില്‍ പ്രിത്വിയുടെ ഭാര്യ പറഞ്ഞ നിര്‍ദോഷമായ ഒരു കമന്റ്‌, അതിന്റെ അര്‍ഥം മനസ്സിലാക്കാതെ " സൗത്ത്‌ ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാവുന്ന ഏക നടന്‍" എന്നാക്കി മാറ്റി കുറച്ചൊന്നുമല്ല മലയാളി ആഘോഷിച്ചത്.ഇതിലൊന്നും തളരാതെ മുന്‍പോട്ടു പോയാണ് പ്രിത്വി ഇന്ന് ബോളിവുഡ് വരെ എത്തിയത്, ശരിക്കും പറഞ്ഞാല്‍ അതേ സോഷ്യല്‍ മീഡിയകളുടെ മുകളിലൂടെ ഒരു തിരിച്ചു വരവ് തന്നെയാണ് ഇപ്പോള്‍ പ്രിത്വി നടത്തിയത്.

പ്രേക്ഷകരെ പൂര്‍ണ്ണമായും കുറ്റപ്പെടുത്തുകയല്ല, ഒരു നടന്‍ എന്ന നിലയില്‍ തന്റെ തുടക്ക കാലത്ത് കുറച്ചു ചവറു സിനിമകളില്‍ പ്രിതിയും അഭിനയിച്ചിട്ടുണ്ട്, കെട്ടുറപ്പുള്ള ഒരു കഥയോ, നല്ലൊരു തിരക്കഥയോ ഇല്ലാത്ത അത്തരം ചിത്രങ്ങളുടെ പരാജയം,പക്ഷെ ചാനലുകളില്‍ പ്രിത്വി അത്തരം ചിത്രങ്ങളെ പോലും വാനോളം പുകഴ്ത്തി പ്രോമോട്ട് ചെയ്യാന്‍ ശ്രമിച്ചു, അതൊക്കെ പ്രിത്വിയുടെ ഇമേജിനെ തന്നെ ബാധിച്ചു. ഒപ്പം അഭിമുഖങ്ങളില്‍ പ്രിത്വി പൊതുവേ കാണിക്കാറുള്ള ഒരു തന്റേടം, വെട്ടി തുറന്നുള്ള സംസാരം, അതൊക്കെ മറ്റു നടന്മാരുടെ ആരാധകരുടെ വെറുപ്പും കൂടെ നേടാനെ ഉപകരിച്ചുള്ളൂ. പ്രിത്വി തന്റെ സ്വത സിദ്ധമായ ഒരു ശൈലിയില്‍ പ്രതികരിച്ചതാകാം,പക്ഷെ അതൊന്നും അത്ര ലാഘവത്തോടെ എടുക്കാനുള്ള ഒരു മനസ്സ് സാധാരണ പ്രേക്ഷകര്‍ക്ക്‌ ഇല്ല എന്നതാണ് സത്യം. അല്ലെങ്കില്‍ ഒരു നടന്‍ ഇങ്ങനെയൊക്കെയോ പറയാവൂ എന്ന് മലയാളി ഒരു അളവ് കോല്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്. എന്തായാലും ഈ അടുത്തായി വിവാദ പരമായ ഒരു സംസാരവും പ്രിത്വിയുടെതായി കേള്‍ക്കാറില്ല. രണ്ടാമത്തെ സ്റ്റേറ്റ് അവാര്‍ഡിനെ കുറിച്ച് ചോദിച്ചപ്പോഴും അതെല്ലാം സംവിധായകന്റെ മിടുക്കാണ്, താന്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് പ്രിത്വി മറുപടി പറഞ്ഞത്.ഒരു പക്ഷെ സ്വയം തിരിച്ചറിഞ്ഞു പ്രിത്വി തന്നെ അങ്ങനെ ഒരു തീരുമാനം എടുത്തതാകാം, അല്ലെങ്കില്‍ എല്ലാവര്ക്കും തന്റെ പ്രകടനം കൊണ്ട് മറുപടി കൊടുക്കാം എന്ന് തീരുമാനിച്ചതാകാം. എന്തായാലും ഇപ്പോള്‍ പ്രിത്വിയുടെ വിജയ കാലമാണ്, നല്ലതല്ലാതെ ഒന്നും തന്നെ പ്രിത്വിയെ കുറിച്ച് കേള്‍ക്കാറില്ല, ആര്‍ക്കും നല്ലതല്ലാതെ ഒന്നും പറയാനുമില്ല.

സിനിമയില്‍ വന്നു നാലു വര്‍ഷത്തിനകം മികച്ച നടനുള്ള സംസഥാന അവാര്‍ഡ്‌ (വാസ്തവം) വാങ്ങിയ നടന്‍ ആണ് പ്രിത്വി, തന്റെ ആദ്യ കാല ചിത്രങ്ങളായ നന്ദനം, സ്റ്റോപ്പ്‌ വയലന്‍സ് രണ്ടു വ്യത്യസ്തത ഉള്ള കഥാപാത്രങ്ങള്‍ ചെയ്തു പ്രിത്വി തന്റെ അഭിനയ മികവ് വ്യക്തമാക്കിയിരുന്നു, വളരെ പെട്ടെന്ന് തന്നെ തമിഴ്‌ സിനിമയിലും തന്റെതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ പ്രിത്വിക്ക് കഴിഞ്ഞു, തെലുഗില്‍ ഒരു ചിത്രം ചെയ്തു (പോലീസ് പോലീസ് ), ഇപ്പോള്‍ ഹിന്ദിയിലും രണ്ടു ചിത്രങ്ങള്‍ ചെയ്തു, ( Aiyya, Aurangzeb). ഒരിക്കല്‍ ഒരു ചാനെല്‍ ഇന്റര്‍വ്യൂവില്‍ എന്താണ് സ്വപ്നം എന്നു ചോദിച്ചപ്പോള്‍ പ്രിത്വി പറഞ്ഞു " എനിക്ക് മലയാള സിനിമയുടെ ബ്രാന്‍ഡ്‌ അമ്പാസിഡര്‍ ആകണം" അതായതു അമിതാബ് ബച്ചന്‍ ഹിന്ദി സിനിമയെ പ്രതിനിധീകരിക്കുന്ന പോലെ, പൃഥ്വിരാജ് മലയാള സിനിമയെ പ്രതിനിധീകരിക്കണം, തന്റെ സിനിമകള്‍ക്ക് ഹിന്ദിയിലും മാര്‍ക്കറ്റ്‌ ഉണ്ടാകണം എന്ന് . പ്രിത്വി പറഞ്ഞത്‌ അയാളുടെ സ്വപ്നം ആണ്. നടക്കും അല്ലെങ്കില്‍ നടത്തും എന്ന് അയാള്‍ വിശ്വസിക്കുന്ന സ്വപ്നം. ആ സ്വപ്നം യാഥാര്‍ത്ഥ്യം ആകട്ടെ എന്ന് നമുക്ക്‌ പ്രാര്‍ത്ഥിക്കാം. കുറച്ചു കൂടെ കച്ചവട ഫോര്‍മുലകള്‍ ഉള്ള ഒരു സിനിമയിലൂടെ ബോളിവുഡില്‍ പ്രിത്വി ഒരു പടി കൂടെ കയറും എന്ന് കരുതാം.


തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് പ്രിത്വി ഇപ്പോള്‍ പോകുന്നത്, ഇന്ത്യന്‍ റുപീ, കഴിഞ്ഞ വര്ഷം അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലെ മികച്ച വേഷം, ഈ വര്ഷം സെല്ലുലോയിഡ് എന്ന സിനിമയിലൂടെ രണ്ടാമത്തെ സംസ്ഥാന അവാര്‍ഡ്‌ , തൊട്ടു പിന്നാലെ വന്ന മുംബൈ പോലീസ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രശംസ ലഭിച്ചു, മൂന്നും ഹിറ്റ്‌ ആകുകയും ചെയ്തു, ഇപ്പൊ ഹിന്ദിയില്‍ ഒരു ചിത്രം,Aurangzeb. പ്രിത്വിയുടെ നിര്‍മ്മാണ കമ്പനിയായ ഓഗസ്റ്റ്‌ സിനിമയും സജീവമാണ്, ഉറുമി പോലൊരു വലിയ ചിത്രത്തോട് കൂടിയാണ് പ്രിത്വി നിര്‍മ്മാണ രംഗത്തേക്ക് കാലെടുത്തു വെച്ചത്. പിന്നെ ഇന്ത്യന്‍ റുപീ പോലൊരു നല്ല സിനിമ. ഇനിയും പ്രിത്വിയെ കുറ്റപ്പെടുത്തുന്നവര്‍ക്ക് അത് തുടര്‍ന്ന് കൊണ്ടേ ഇരിക്കാം,പക്ഷെ പ്രിത്വിയുടെ ഈ മുന്നേറ്റത്തെ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. ഇനി മലയാളത്തില്‍ മെമ്മറീസ്, ലണ്ടന്‍ ബ്രിഡ്ജ്, തുടങ്ങിയ നല്ല കുറെ പ്രോജെക്ട്സ് പ്രിത്വിയുടെതായി വരാനുണ്ട്, ഒപ്പം ഹിന്ദിയില്‍ ഷാരൂഖ്‌ -അഭിഷേക് ബച്ചന്‍ ടീമിന്റെ കൂടെ ഫറാഖാന്റെ ന്യൂ ഇയര്‍...യെസ്‌ , പ്രിത്വി തുടങ്ങിയിട്ടേയുള്ളു .അതാണ് വാസ്തവം !!

No comments:

Post a Comment