Monday, June 24, 2013

ലാല്‍ജോസിനോടൊപ്പം പതിനഞ്ചു സിനിമാ വര്‍ഷങ്ങള്‍ ..!!



ലാല്‍ജോസ് എന്ന സംവിധായകന്‍ മലയാള സിനിമയുടെ കൂടെ യാത്ര തുടങ്ങിയിട്ട് ഈ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പതിനഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പ്രേക്ഷകന്റെ മനസ്സ് ഇത്ര തൊട്ടറിഞ്ഞ സംവിധായകര്‍ മലയാളത്തില്‍ ചുരുക്കമാണ്. ഈ അടുത്ത കാലത്തെ മൂന്നു സൂപ്പര്‍ ഹിറ്റുകളുടെ തിളക്കത്തില്‍ നില്‍കുന്ന അദ്ധേഹത്തിന്റെ ഇത് വരെയുള്ള സിനിമ ജീവിതത്തില്‍ കുറെ വിജയങ്ങളും പരാജയങ്ങളും ഉണ്ടായിട്ടുണ്ട്.

1998-ലെ ഒരു വിഷു കാലത്താണ് ഒരു മറവത്തൂര്‍ കനവ് എന്ന സിനിമയുമായി ലാല്‍ജോസ് ആദ്യമായി നമ്മുടെ മുന്‍പില്‍ എത്തുന്നത്‌. സിനിമാപ്രേമികള്‍ക്ക് ഓര്‍മ്മയുണ്ടാകും അന്ന് കൂടെ ഇറങ്ങിയ വിഷു ചിത്രങ്ങള്‍. മോഹന്‍ലാല്‍ ലോഹിതദാസ് ടീമിന്റെ കന്മദം, കമല്‍-രഞ്ജിത്-ജയറാം-ദിലീപ്‌ ടീമിന്റെ കൈക്കുടന്ന നിലാവ് തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍. എന്നിട്ടും മറവത്തൂര്‍ കനവ് ശ്രദ്ധിക്കപ്പെട്ടു. ശ്രീനിയുടെ മികച്ച തിരക്കഥയും, മമ്മൂട്ടിയുടെ ഗംഭീര പ്രകടനവും കൂടെ ആയപ്പോള്‍ മറവത്തൂര്‍ കനവ് മലയാളികള്‍ക്ക് ഒരു സൂപ്പര്‍ ഹിറ്റ്‌ സമ്മാനിച്ചു, ഒപ്പം മലയാളികള്‍ക്ക് ഒരു മികച്ച സംവിധായകനെയും.ആദ്യ ചിത്രത്തില്‍ തന്നെ തന്റെ കഴിവ് ലാല്‍ജോസ് തെളിയിച്ചു, കോര സാറിന്റെ മരണ വാര്‍ത്ത‍ അറിഞ്ഞു ചാണ്ടി പോകുന്ന ആ സീന്‍ തന്നെ അതിനു ഉദാഹരണം,സിനിമയുടെ കഥ തിരിയുന്നത് തന്നെ ആ ഒരു സീനിലാണ്, സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലായിരുന്നെകില്‍ പാളി പോകുമായിരുന്ന ഒരു സീന്‍ ആയിരുന്നു അത്, ഒരു സീനിയര്‍ സംവിധായകന്റെ കയ്യടക്കത്തോടെ ലാല്‍ജോസ് അത് ചിത്രീകരിച്ചു. വേറിട്ട രീതിയില്‍ ഗാന രംഗങ്ങള്‍ എടുക്കാനുള്ള ലാല്‍ജോസിന്റെ ആ ഒരു കഴിവ് അന്ന് തൊട്ടേ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞതാണ്.

ഒരു വര്‍ഷം കഴിഞ്ഞാണ് 1999 ഒക്ടോബറില്‍ തന്റെ രണ്ടാമത്തെ ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കില്‍ ആയി ലാല്‍ജോസ് വീണ്ടും എത്തുന്നത്‌,അത്ര മികച്ചൊരു വിജയം ആയില്ലെങ്കിലും അതും നല്ലൊരു ചിത്രമായിരുന്നു. അതിലും മികച്ച ഗാനങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് സുരേഷ് ഗോപിയെ നായകനാക്കി രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ എടുത്ത രണ്ടാം ഭാവം എന്ന ചിത്രത്തിന്റെ പരാജയം ലാല്‍ജോസിന്റെ പാതയില്‍ ഒരു വിള്ളല്‍ ഉണ്ടാക്കി, മികച്ച ചിത്രം എന്ന് പലരും പറഞ്ഞിട്ടും, ചിത്രം ബോക്സ്‌ ഓഫീസില്‍ തകര്‍ന്നു. അവിടെ നിന്ന് ഒരു വര്ഷം കഴിഞ്ഞാണ് (2002) രഞ്ജന്‍ പ്രമോദിന്റെ കൂടെ തന്നെ വീണ്ടും മീശ മാധവന്‍ എന്ന ബ്ലോക്ക്‌ബസ്റ്റര്‍ സിനിമയുമായി ലാല്‍ജോസ് എത്തിയത്, ഒരു തളര്‍ച്ചയില്‍ ആണ്ട് കിടന്നിരുന്ന മലയാള സിനിമയെ ഒന്ന് ഉണര്‍ത്തിയത്‌ ഈ ചിത്രം ആയിരുന്നു, മലയാളത്തിലെ എക്കാലത്തെയും പണം വാരി പടങ്ങളില്‍ ഒന്നായ മീശ മാധവന്‍ ദിലീപ്‌ എന്ന നടനെ ഒരു സൂപ്പര്‍സ്റ്റാര്‍ ആക്കി. ചിത്രത്തിലെ ഗാന രംഗങ്ങള്‍ മലയാളികള്‍ക്ക് പുതിയൊരു കാഴ്ചാനുഭവം സമ്മാനിച്ചു.മാധവനും രുക്മിനിയും ഭഗീരഥന്‍ പിള്ളയും കൊച്ചു കുട്ടികള്‍ക്ക് വരെ പ്രിയപ്പെട്ടവരായി. എന്നാല്‍ അതിനു ശേഷം വന്ന പട്ടാളം (2003) വീണ്ടും ഒരു പരാജയം സമ്മാനിച്ചു, പിന്നാലെ വന്ന രസികനും(2004)ചലനമൊന്നും ഉണ്ടാക്കാതെ കടന്നു പോയി. എന്നാല്‍ അടുത്ത വര്‍ഷം ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ഒരുക്കിയ ചാന്തുപൊട്ട് (2005) വീണ്ടും ഒരു മെഗാഹിറ്റ്‌ നല്‍കി, കഴിഞ്ഞ രണ്ടു വന്‍ പരാജയങ്ങള്‍ക്കുള്ള മറുപടി ആയിരുന്നു ചാന്തുപോട്ടിന്റെ മഹാ വിജയം, ദിലീപിന്റെ അത് വരെ കാണാത്ത ഒരു മുഖവും, പ്രകടനവും നല്‍കിയ ചാന്തുപൊട്ട് , ബെന്നിയുടെ തന്നെ അത്ഭുത വിളക്ക് എന്ന ഒരു സൂപ്പര്‍ ഹിറ്റ്‌ നാടകത്തിന്റെ സിനിമ ആവിഷ്കാരം ആയിരുന്നു. അടുത്ത വര്ഷം വന്ന അച്ഛനുറങ്ങാത്ത വീട് (2006) എന്ന ചിത്രം ലാല്‍ ജോസിന്റെ വേറിട്ടൊരു പരീക്ഷണം ആയിരുന്നു, ചിത്രം സാമ്പത്തിക വിജയം ആയില്ലെങ്കിലും നിരൂപക പ്രശംസയും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസഥാന അവാര്‍ഡും നേടി. സലിംകുമാര്‍ എന്ന ഒരു ഹാസ്യ താരത്തെ നായകന്‍ ആക്കി ആ സിനിമ എടുക്കാന്‍ കാണിച്ച ചങ്കൂറ്റം അന്ന് തന്നെ എല്ലാവരും അംഗീകരിച്ചതാണ്. ലാല്‍ ജോസിന്റെ ആ നിരീക്ഷണം എത്ര ശരിയായിരുന്നു എന്ന് പിന്നീട് "ആദമിന്റെ മകന്‍ അബു" എന്ന സിനിമയിലൂടെ സലിംകുമാറിന് ലഭിച്ച ദേശിയ അവാര്‍ഡിലൂടെ കാലം തെളിയിച്ചു.

ആ വര്‍ഷം തന്നെ ഇറങ്ങിയ ക്ലാസ്സ്‌മേറ്റ്സ് എന്ന ചിത്രത്തിലൂടെ വീണ്ടും ഒരു സൂപ്പര്‍ ഹിറ്റ്‌. ആ ഓണക്കാലത്ത് ഇറങ്ങിയ സൂപ്പര്‍ താരങ്ങളുടെ വമ്പന്‍ ചിത്രങ്ങളോട് മത്സരിച്ചാണ് ക്ലാസ്സ് മേറ്റ്സ് ഗംഭീര വിജയം നേടിയത്. ജെയിംസ്‌ ആല്‍ബര്‍ട്ട് ഒരുക്കിയ മികച്ച ഒരു തിരക്കഥ, ഒരു പക്ഷെ ലാല്‍ജോസ് അല്ലാതെ വേറെ ആര് ചെയ്താലും ഒരു പക്ഷെ ആ സിനിമ അത്ര മികച്ചതാകും എന്ന് തോന്നുന്നില്ല, അങ്ങനെ ആയിരുന്നു അതിന്റെ ഒരു അവതരണം. ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റ്‌ ആയി, മുരളിയും റസിയയും അവരുടെ പ്രണയവും പ്രേക്ഷകരുടെ മനസ്സിലെ മറക്കാനാകാത്ത ഒരു നൊമ്പരം ആയി മാറി. ആ വര്‍ഷത്തെ Best Popular Film അവാര്‍ഡ്‌ ഈ ചിത്രത്തിനായിരുന്നു. തുടര്‍ന്ന് വന്ന അറബികഥ (2007)മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് എടുത്തു വെക്കാവുന്ന ഒന്നായിരുന്നു, ഒപ്പം നല്ല വിജയവും നേടി.പക്ഷെ അടുത്ത വര്ഷം ഇറങ്ങിയ മുല്ല (2008)വീണ്ടും ഒരു പരാജയം സമ്മാനിച്ചു. പഴയ കാല ചിത്രമായ നീലത്താമരയുടെ റീമേക്ക് (2009) ആയാണ് ലാല്‍ ജോസ് പിന്നെ വന്നത്, ചിത്രം ഹിറ്റ്‌ ആയിരുന്നു, രഞ്ജിത്ത് ഒരുക്കിയ കേരള കഫെ എന്ന ചിത്രത്തില്‍ "പുറം കാഴ്ചകള്‍ " എന്ന ഒരു ചെറിയ ചിത്രവും ലാല്‍ജോസ് ആ വര്ഷം ചെയ്തു, മമ്മൂട്ടി ആയിരുന്നു അതിലെ നായകന്‍. മികച്ചൊരു സിനിമ ആയിരുന്നു അതും. തുടര്‍ന്ന് "മുല്ല"എഴുതിയ സിന്ധുരാജിന്റെ കൂടെ തന്നെ വീണ്ടും ഒരു ചിത്രം ചെയ്തു, അതായിരുന്നു എല്‍സമ്മ എന്ന ആണ്‍കുട്ടി (2010), കുഞ്ചാക്കോ ബോബന്‍ എന്ന നടന്റെ ഇമേജ് പൊളിച്ചെഴുതിയ ചിത്രം സാമ്പത്തിക വിജയം നേടി. പിന്നെയും രണ്ടു വര്ഷം കഴിഞ്ഞാണ് സ്പാനിഷ്‌ മസാലയുമായി (2012) വീണ്ടും എത്തിയത്, സ്പെയിനില്‍ ചിത്രീകരിച്ച ആദ്യ മലയാള ചിത്രം ആയിരുന്നു അത്, ദിലീപും കുഞ്ചാക്കോ ബോബനും അടക്കം മികച്ചൊരു താരനിരയും ഉണ്ടായിരുന്നു, പക്ഷെ ഹൈബജറ്റ് ചിത്രത്തിന് വിനയായി.

പിന്നീട് വന്ന ഡയമണ്ട് നെക്ലസ് (2012) ഗംഭീര വിജയം നേടി , അറബികഥയ്ക്ക് ശേഷം ദുബായില്‍ ചിത്രീകരിച്ച ആ ചിത്രം ഫഹദ്‌ ഫാസില്‍ എന്ന നടനെ മലയാളികള്‍ക്ക് പ്രിയങ്കരന്‍ ആക്കി. ആ വര്ഷം തന്നെ അവസാനം ഇറങ്ങിയ പൃഥ്വിരാജ് ചിത്രം "അയാളും ഞാനും തമ്മില്‍ " കേരളം രണ്ടു കയ്യും നീട്ടി സ്വീകരിച്ചു, പൃഥ്വിരാജ് എന്ന നടന്റെ മികച്ച അഭിനയം കാഴ്ച വെച്ച ആ ചിത്രവും സൂപ്പര്‍ ഹിറ്റ്‌ ആയി. ഒപ്പം പ്രിത്വിക്ക് മികച്ച നടനുള്ള രണ്ടാമത്തെ സ്റ്റേറ്റ് അവാര്‍ഡും, ലാല്‍ജോസിന് മികച്ച സംവിധായകനും, ബെസ്റ്റ്‌ പോപ്പുലര്‍ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും നേടി. ഈ വര്ഷം ഇറങ്ങിയ ഇമ്മാനുവേല്‍ (2013)ആകട്ടെ എല്ലാ തരാം പ്രേക്ഷകരുടെയും പ്രശംസ നേടി കൊണ്ട് അമ്പതു ദിവസങ്ങള്‍ കഴിഞ്ഞു മുന്നേറുകയാണ്. ഈ സമയം തന്നെ ലാല്‍ജോസ് തന്റെ അടുത്ത ചിത്രമായ "പുള്ളിപുലികളും ആട്ടിന്‍കുട്ടിയും "എന്ന തന്റെ പുതിയ സിനിമയുടെ പണിപ്പുരയിലേക്ക് കടന്നു കഴിഞ്ഞു. കുഞ്ചാക്കോ ബോബനാണ് അതിലെ നായകന്‍. ആലപ്പുഴയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.

തൃശൂര്‍ ജില്ലയിലെ വലപ്പാട് ആണ് ലാല്‍ ജോസ് ജനിച്ചത്‌. ഡിഗ്രി കഴിഞ്ഞ ഉടനെ ചെന്നൈലേക്ക് പോയ അദ്ദേഹം കമലിന്റെ കൂടെ പതിനാറു ചിത്രങ്ങളില്‍ അസിസ്റ്റന്റ്‌ ആയി ജോലി ചെയ്തു, 2011 സമയത്ത് സുര്യയില്‍ ഒരു ബിഗ്‌ ബ്രേക്ക്‌ എന്ന ഒരു റിയാലിറ്റി ഷോയുടെ ജഡ്ജ് ആയും ലാല്‍ജോസ് വന്നിരുന്നു. കമലിന്റെ സഹസംവിധായകന്‍ ആയിരുന്ന കാലത്ത് അഴകിയ രാവണന്‍ എന ചിത്രത്തിലും, ഈ അടുത്ത ബെസ്റ്റ്‌ ആക്ടര്‍ എന്ന സിനിമയിലും ലാല്‍ജോസ് അഭിനയിച്ചിട്ടുണ്ട്. അഴകിയ രാവണനില്‍ ഇന്നസെന്റിന് " തോന്നക്കല്‍ പഞ്ചായത്തിലെ ഓരോ വീടും ഞാന്‍ അരിച്ചു പെറുക്കി "എന്ന ആ ഡയലോഗ് പറഞ്ഞു കൊടുക്കുന്നത് ലാല്‍ജോസ് ആണ്. അദ്ധേഹത്തിന്റെ LJ Films ഇപ്പോള്‍ നിര്‍മ്മാണ രംഗത്ത് സജീവമാണ്,ഡയമണ്ട് നെക്ലസ് ആണ് ആ ബാനറില്‍ വന്ന ആദ്യ ചിത്രം. ഇപ്പോള്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന "തിര "എന്ന ചിത്രവും നിര്‍മ്മിക്കുന്നു. കേരളത്തിലെ നവ പ്രതിഭകളെ ഒരു കുടകീഴില്‍ കൊണ്ട് വരുന്ന celebrate keralam എന്ന പ്രോഗ്രാമിന്റെ പ്രൊജക്റ്റ്‌ ഡയറക്ടര്‍ ആണ് ഇപ്പോള്‍ ലാല്‍ജോസ്.

ഈ കഴിഞ്ഞ പതിനഞ്ചു വര്‍ഷവും മലയാളികള്‍ കൂടുതല്‍ പാടി നടന്നത് ലാല്‍ജോസിന്റെ ചിത്രത്തിലെ ഗാനങ്ങള്‍ ആയിരിക്കുമെന്ന് ഉറപ്പാണ്‌. കരുണാമയനെ കാവല്‍ വിളക്കേ, അമ്പാടി പയ്യുകള്‍ മേയും, ബംബട്ടു ഹുടുഗി, മറന്നിട്ടുമെന്തിനോ, കരിമിഴി കുരുവിയെ,എന്റെ എല്ലാമെല്ലാമല്ലേ ,ആരോരാള്‍ പുലര്‍മഴയില്‍, ആലിലക്കാവിലെ തെന്നലേ , തൊട്ടുരുമ്മി ഇരിക്കാന്‍, ആഴ കടലിന്റെ ,ചാന്തു കുടഞ്ഞൊരു , ഒഴുകുകയായ്‌ പുഴ പോലെ, എന്റെ ഖല്‍ബിലെ വെണ്ണിലാവ് നീ, കാത്തിരുന്ന പെണ്ണല്ലേ, താരക നിരകള്‍, താനെ പാടും, കണ്ണിന്‍ വാതില്‍ ചാരാതെ,അനുരാഗ വിലോചാനനായി, അക്കരെ നിന്നൊരു പൂംകാറ്റ്, നിലാ മലരേ, തൊട്ടു തൊട്ടു നോക്കാമോ, അഴലിന്റെ ആഴങ്ങളില്‍, മാനത്തുദിച്ചത്, അങ്ങനെ എത്രയെത്ര സൂപ്പര്‍ ഹിറ്റ്‌ ഗാനങ്ങള്‍. കൂടുതലും വിദ്യാ സാഗറിന്റെ സംഗീതത്തില്‍ ആയിരുന്നു. മനോഹരമായ ഈ ഗാനങ്ങള്‍ എല്ലാം അതിനേക്കാള്‍ മികച്ച രീതിയില്‍ ലാല്‍ജോസ് പ്രേക്ഷകരിലേക്ക് എത്തിച്ചു.

ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ കാവ്യാ മാധവന്‍,പട്ടാളത്തിലൂടെ ടെസ്സ, രസികനിലൂടെ സംവൃത, മുല്ലയിലൂടെ മീര നന്ദന്‍,നീലതാമരയിലൂടെ അര്‍ച്ചന കവി, എല്‍സമ്മയിലൂടെ ആന്‍ അഗസ്റ്റിന്‍, ഡയമണ്ട് നെക്ലസിലൂടെ അനുശ്രീ, അങ്ങനെ ഒട്ടേറെ നായികമാരെ മലയാളത്തിനു സമ്മാനിച്ചത്‌ ലാല്‍ജോസ് ആണ്. നമ്മുടെ പല നടന്മാര്‍ക്കും വ്യത്യസ്ത വേഷങ്ങള്‍ നല്‍കാനും ലാല്‍ ജൊസിനു സാധിച്ചു, മറവത്തൂര്‍ കനവിലെ നെടുമുടി വേണുവിന്റെ വില്ലന്‍ വേഷം, ചന്ദ്രനുദിക്കുന്ന ദിക്കിലെ ലാല്‍, രണ്ടാം ഭാവത്തിലെ തിലകന്‍, മീശ മാധവനിലെയും ക്ലാസ്സ്‌മേറ്റ്സിലെയും ഇന്ദ്രജിത്ത്, ചാന്തുപോട്ടിലെ ദിലീപ്‌, അച്ഛനുറങ്ങാത്ത വീടിലെ സലിം കുമാര്‍, ക്ലാസ്സ്‌ മേറ്റ്സിലെ രാധിക, എല്‍സമ്മയിലെ കുഞ്ചാക്കോ ബോബന്‍, അങ്ങനെ ഒരു പാട് വേഷങ്ങള്‍. ഒപ്പം കോമഡി സ്ടാര്സ്സിലെ നെല്‍സണെ പോലുള്ള കലാകാരന്മാര്‍ക്ക് സ്പാനിഷ്‌ മസാലയിലൂടെ അവസരവും നല്‍കി. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി അരങ്ങേറ്റം കുറിച്ചതും ലാല്‍ജോസിന്റെ രസികനിലൂടെയാണ്. അദ്ധേഹത്തിന്റെ ഇമ്മാനുവേല്‍ എന്ന ചിത്രത്തിന് സംഗീതം നല്‍കിയത്‌ അഫ്സല്‍ യൂസുഫ്‌ എന്ന അന്ധനായ ഒരു സംഗീത സംവിധായകനാണ്. ഇപ്പോള്‍ തന്റെ പുതിയ ചിത്രത്തില്‍ ഷിജു, ജോജു, ഇര്‍ഷാദ്‌ എന്നീ സഹ നടന്മാര്‍ക്ക് പ്രധാന വേഷം നല്‍കിയതും കൂട്ടുകാര്‍ ലാലു എന്ന് വിളിക്കുന്ന ലാല്‍ജോസിന്റെ മനസ്സിന്റെ നന്മയാണ് കാണിക്കുന്നത്. അദ്ധേഹത്തിന്റെ പുള്ളിപുലികളും ആട്ടിന്‍ കുട്ടിയും എന്ന ചിത്രത്തിന് എല്ലാ ആശംസകളും നേരുന്നു, നമുക്ക്‌ കാത്തിരിക്കാം ലാലുവിന്റെ മറ്റൊരു സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിനായി..

No comments:

Post a Comment