Thursday, June 20, 2013

Ranjhaana - Hindi Film Review From Dubai




പത്ത്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ് "തുള്ളുവതോ ഇളമൈ" എന്ന ഒരു തമിള്‍ ചിത്രത്തിലൂടെ ധനുഷ്‌ എന്ന ഒരു പയ്യന്‍ നമ്മുടെ മുന്‍പില്‍ വന്നു. അത് വരെയുള്ള നമ്മുടെ നായക സങ്കല്‍പ്പങ്ങള്‍ക്ക് ഒട്ടും യോജിക്കാത്ത ഒരു രൂപവും, ഭാവവും. പക്ഷെ ആ ചിത്രത്തിന്റെ വിജയത്തോടെ ധനുഷ്‌ ശ്രദ്ധിക്കപ്പെട്ടു, പിന്നീട് വന്ന കാതല്‍ കൊണ്ടെന്‍ ധനുഷിന്റെ അഭിനയ ശേഷി പ്രേക്ഷകര്‍ക്ക്‌ കാട്ടിത്തന്നു. അവിടെ നിന്ന് അങ്ങോട്ട്‌ ഒരു പാട് ഹിറ്റുകള്‍ ധനുഷ്‌ സമ്മാനിച്ചു. രൂപത്തില്‍ അല്ല, പ്രകടനത്തിലാണ് കാര്യം എന്ന് ധനുഷ്‌ തെളിയിച്ചു.ഒടുവില്‍ ആടുകളം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശിയ അവാര്‍ഡും വാങ്ങി. കുറച്ചു നാള്‍ മുന്‍പ്‌ കൊലവേരി എന്ന ഒരു ഗാനത്തിലൂടെ ധനുഷ്‌ ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ട്ടിച്ചു. ഇന്ന് ധനുഷിന്റെ ആദ്യ ഹിന്ദി സിനിമ ആയ രണ്ജനാ കാണാന്‍ പോകുമ്പോള്‍ ഇതെല്ലം എന്റെ മനസ്സിലൂടെ കടന്നു പോയി. ഇനി സിനിമയിലേക്ക്..

ചിത്രം ആരംഭിക്കുന്നത് ധനുഷിന്റെ ശബ്ദവിവരണത്തോടെയുള്ള ഒരു ഫ്ലാഷ്ബാക്കിലൂടെയാണ്. കുന്ദന്‍ [{ധനുഷ്‌]} ഒരു അയ്യന്കാര് വീട്ടു പയ്യനാണ്. അവരുടെ കുടുംബം പണ്ട് മദ്രാസ്സില്‍ നിന്നും ബനാറസില്‍ വന്നു താമസിക്കുന്നവരാണ്. അവന്റെ ചെറുപ്പത്തില്‍ കൂട്ടുകാരുമൊത്ത് അവന്റെ നാട്ടില്‍ ഇങ്ങനെ ഉല്ലസിച്ചു നടക്കുന്ന സമയത്താണ് അവന്‍ ആദ്യമായി അവളെ കാണുന്നത്. അവളെന്നു പറഞ്ഞാല്‍ നമ്മുടെ നായിക,സോയാ( സോനം കപൂര്‍ ). നമ്മുടെ തട്ടത്തിന്‍ മറയത്തിന്റെ ആദ്യ സീന്‍ പോലെ ഒരു തുടക്കം. ഒരു ഹിന്ദു പയ്യന്‍ ഒരു ഉമ്മച്ചി കുട്ടിയെ കാണുന്നു, അവളുടെ സൌന്ദര്യത്തില്‍ മയങ്ങുന്നു. അവരുടെ ഹൈസ്കൂള്‍ കാലത്ത് അവര്‍ തമ്മില്‍ അടുക്കുന്നു. ഇതറിയുന്ന സോയയുടെ വീട്ടുകാര്‍ അവളെ അവിടെ നിന്ന് സ്ഥലം മാറ്റി വേറെ ഒരു നാട്ടിലേക്ക് പഠിക്കാനായി പറഞ്ഞയക്കുന്നു. അവള്‍ തിരിച്ചു വരുന്നതും കാത്തു കുന്ദന്‍ ആ നാട്ടില്‍ അല്ലറ ചില്ലറ പണികള്‍ ചെയ്തു കഴിയുന്നു. മനസ്സില്‍ അവള്‍ മാത്രമായ കാരണം കളിക്കൂട്ടുകാരിയായ ബിന്ധിയയുടെ സ്നേഹം പോലും അവന്‍ ഒഴിവാക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വരുന്ന സോയക്ക് പഴയ പ്രേമം ഇന്ന് അവനോടില്ല. അവള്‍ കുന്ധനോട് തനിക്ക് വേറെ ഒരാളെ ഇഷ്ട്ടമാണെന്നും അയാളെ മാത്രമേ വിവാഹം കഴിക്കു എന്നും പറയുന്നു. അയാളാണ് അക്രം(അഭയ്‌ ഡിയോള്‍ ). ഇതറിയുന്ന കുന്ദന്‍ ആകെ തകര്‍ന്നു പോകുന്നു. അങ്ങനെ സോയയുമായുള്ള ആ കല്യാണത്തിനായി അക്രം ആ നാട്ടിലെത്തുന്നു. ആ വാശിയില്‍ അതെ ദിവസം തന്നെ കുന്ദന്‍ ബിന്ധിയയുമായുള്ള കല്യാണവും ഉറപ്പിക്കുന്നു. എന്നാല്‍ ചില അപ്രതീക്ഷിത സംഭവങ്ങള്‍ അവിടെ അരങ്ങേറുന്നു. കഥയുടെ ആ വഴിത്തിരിവില്‍ ഇടവേള..

അങ്ങനെ നല്ല ഫാസ്റ്റ്‌ ആയി, നല്ല തമാശകളോടെ, നല്ല പാട്ടുകളോടെ ആദ്യ പകുതി കടന്നു പോയത് വളരെ പെട്ടെന്നായിരുന്നു. സത്യം പറഞ്ഞാല്‍ സമയം പോയതറിഞ്ഞില്ല. എന്നാല്‍ അതിനു ശേഷം കഥ പെട്ടെന്ന് സീരിയസ് ആകുന്നു. കഥ ഡല്‍ഹിയിലേക്ക് പോകുന്നു. പിന്നെ അവിടത്തെ രാഷ്ട്രീയം,പാര്‍ട്ടികള്‍, പ്രക്ഷോഭങ്ങള്‍, യുവജന മുന്നേറ്റം അങ്ങനെ പലതും കടന്നു വരുന്നു. സിനിമയുടെ രസച്ചരട് അവിടെ നഷ്ട്ടപെട്ടു.പിന്നീട് വല്ലാത്ത ഇഴച്ചില്‍ ആയിരുന്നു. ആദ്യം അക്രമിന്റെ രാഷ്ട്രീയ പാര്‍ട്ടിയും പ്രശ്നങ്ങളും, പിന്നെ സോയയുടെ പാര്‍ട്ടി പ്രവര്‍ത്തനം, എന്തിനേറെ പറയുന്നു ഒടുവില്‍ കുന്ധനും കൂടെ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു. ഒടുവില്‍ എവിടെ നിന്നോ തുടങ്ങിയ കഥ ഒരു രൂപവുമില്ലാതെ എങ്ങോട്ടോ പോകുന്നു, അതൊക്കെ സഹിക്കാം, എന്നിട്ട് സിനിമ അവസാനിക്കുന്നത്‌ ഒരു ട്രാജഡിയിലും. നല്ലൊരു പ്രണയകഥ പ്രതീക്ഷിച്ചു പോയ ഞാന്‍ നിരാശനായി. സിനിമയുടെ ആ ലവ് ട്രാക്ക്‌ പിടിച്ചു പോയിരുന്നെകില്‍ ഒരു പക്ഷെ ഒന്ന് കൂടെ നന്നായേനെ എന്ന് എനിക്ക് തോന്നി. പക്ഷെ എന്ത് ചെയ്യാം ,കഥാകൃത്ത് മനസ്സില്‍ കണ്ടത് ഇങ്ങനെ ആയിപ്പോയി.

എന്റെ കൂടെ സിനിമ കാണാന്‍ ഉണ്ടായിരുന്നവരില്‍ എത്ര പേര്‍ക്ക് ധനുഷ്‌ എന്ന നടനെ അറിയാം എന്നറിയില്ല, എങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയാം. ധനുഷിന്റെ അഭിനയം എല്ലാവര്ക്കും ഇഷ്ട്ടപെട്ടിട്ടുണ്ട്. ആദ്യ പകുതിയിലെ ഒരു പാട് സീനുകളില്‍ ധനുഷ്‌ സ്കോര്‍ ചെയ്തു. പല ഡയലോഗിനും നല്ല കയ്യടിയും കൂട്ട ചിരിയും ഉണ്ടായിരുന്നു. തന്‍റെ തമിഴ്‌ സിനിമകളിലെ പല രീതികളും ഭാവങ്ങളും ധനുഷ്‌ ഇതിലും ചെയ്യുന്നുണ്ട്, എങ്കിലും ഒന്നും ബോര്‍ അടിപ്പിക്കുന്നില്ല. പക്ഷെ ഈ ചിത്രം കൊണ്ട് ധനുഷിന് ഹിന്ദിയില്‍ കുറെ വേഷങ്ങള്‍ കിട്ടുമെന്ന് തോന്നുന്നില്ല. ഈ കഥയ്ക്ക് പക്ഷെ ധനുഷ്‌ ആവശ്യമായിരുന്നു, ആ വേഷം കൃത്യമായിരുന്നു.

നായിക സോനം കപൂറിന്റെ കൊള്ളാവുന്ന ഒരു വേഷം ആയിരുന്നു ഇതിലെ സോയ, പക്ഷെ എന്തോ മറ്റു നായികമാരെ പോലെ സ്ക്രീനില്‍ ഒരു മാജിക്‌ സൃഷ്ട്ടിക്കാന്‍ സോനത്തിന് കഴിയുന്നില്ല. പിന്നെ അഭയ്‌ ഡിയോള്‍ , കുറച്ചേ ഉള്ളുവെങ്കിലും നല്ലൊരു വേഷമായിരുന്നു, എന്താ അയാളുടെ ഒരു സ്ക്രീന്‍ പ്രസന്‍സ്, എന്റെ അഭിപ്രായത്തില്‍ സ്ക്രീനില്‍ വന്നു നിന്നാല്‍ തന്നെ നല്ലൊരു അന്തരീക്ഷം സൃഷ്ട്ടിക്കന്‍ കഴിയുന്ന ഒരു നടന്‍ ആണ് അയാള്‍ . പിന്നെ ധനുഷിനെ കളിക്കൂട്ടുകാരിയായ ബിന്ധിയയെ അവതരിപ്പിച്ച സ്വര ഭാസ്ക്കര്‍, ധനുഷിന്റെ കൂട്ടുകാരന്‍ ആയി അഭിനയിച്ച ആ നടന്‍ .. ഇവര്‍ രണ്ടു പേരും നല്ല കയ്യടി വാങ്ങി.

ഇനി പറയാനുള്ളത് ഈ സിനിമയുടെ ജീവനായ ഇതിലെ പാട്ടുകളെ കുറിച്ചാണ്. എ ആര്‍ റഹ്മാന്‍ കമ്പോസ് ചെയ്ത മികച്ച ഗാനങ്ങള്‍ ചിത്രത്തില്‍ ഉണ്ട്, കുറെ നാളായി കേട്ട് കൊണ്ടിരിക്കുന്നതു കൊണ്ട് , അതെല്ലാം സ്ക്രീനില്‍ കണ്ടപ്പോള്‍ നല്ല സന്തോഷം തോന്നി. അതെല്ലാം ഒന്ന് കൂടെ ആസ്വദിക്കാന്‍ മാത്രം രണ്ജനാ ഒന്ന് കൂടെ കാണാനും എനിക്ക് മടിയില്ല, അത്രയ്ക്ക് മനോഹരം ആയിട്ടുണ്ട്.
ബനാറസിയാ എന്ന ഗാനമെല്ലാം കുറെ നാള്‍ സംഗീത പ്രേമികള്‍ മൂളികൊണ്ടിരിക്കും.ചിത്രത്തിന്റെ സാങ്കേതിക വിഭാഗങ്ങളെ കുറിച്ചൊന്നും ഞാന്‍ ഇവിടെ പറയുന്നില്ല. സിനിമ നന്നായോ എന്നതാണല്ലോ നമുക്ക് പ്രധാനം. ആ നിലക്ക് ഞാന്‍ പൂര്‍ണ്ണമായും തൃപ്തന്‍ അല്ല.

സിനിമയുടെ വിജയ സാധ്യത സംശയമാണ്. നിങ്ങള്‍ ഒരു ധനുഷ്‌ ഫാന്‍ ആണെങ്കില്‍ തീര്‍ച്ചയായും രണ്ജനാ നിങ്ങള്ക്ക് പോയി കാണാം, അത്ര മനോഹരമായാണ് ധനുഷ്‌ അഭിനയിച്ചിരിക്കുന്നത്. ഇതിന്റെ തമിള്‍ വെര്‍ഷന്‍ ഉടനെ ഇറങ്ങും എന്നാണ് കേട്ടത്, അങ്ങനെയാണെങ്കില്‍ അത് കണ്ടാലും മതി. പിന്നെ നിങ്ങള്‍ ഒരു എ ആര്‍ റഹ്മാന്‍ ഫാന്‍ ആണെങ്കില്‍ ( ആരാ റഹ്മാന്‍ ഫാന്‍ അല്ലാത്തത് അല്ലെ?)നിങ്ങള്‍ക്കും വേണമെങ്കില്‍ ഒന്ന് പോയി കാണാം. റഹ്മാന്റെ ആ മാജിക്‌ സ്ക്രീനില്‍ കണ്ടു ആസ്വദിക്കാനാണ് സുഖം. സാധാരണ പ്രേക്ഷര്‍ക്ക് സിനിമ അത്ര ഇഷ്ട്ടപെടാന്‍ സാധ്യത ഇല്ല, പ്രത്യേകിച്ച് ഇതിന്റെ ക്ലൈമാക്സ്‌.. =]\ . ട്രാജഡി മൂവീസ് താല്പര്യം ഉള്ളവര്‍ക്ക്‌ ഇഷ്ട്ടപ്പെടുമായിരിക്കും, അല്ലാത്തവര്‍ ഒഴിവാക്കുന്നതാണ് നല്ലത്. ധനുഷിന്റെ മാരിയന്‍ അടുത്ത ആഴ്ച ഇറങ്ങും എന്നാണ് അറിയാന്‍ കഴിഞ്ഞത്. അപ്പോള്‍ അന്ന് വീണ്ടും കാണുന്നത് വരെ നന്ദി ..നമസ്കാരം.

1 comment:

  1. kandu marichu , second half political dragging , first half alppam romance pattukal parama boru abhinayam ok veruthe panam kalayanda

    ReplyDelete