Tuesday, July 22, 2014

മമ്മൂട്ടിയും ലാലും എണ്‍പതുകളില്‍ !!


തെന്നിന്ത്യന്‍ സിനിമയുടെ ബാല്യവും കൗമാരവും യൗവനവുമാണ് പി. ഡേവിഡിന്റെ ഫോട്ടോകള്‍. 28 വര്‍ഷം അദ്ദേഹത്തിന്റെ ക്യാമറ സിനിമയ്ക്കു പിറകെ സഞ്ചരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി 150-ലധികം സിനിമകളില്‍ അദ്ദേഹം സ്റ്റില്‍ ഫോട്ടോഗ്രാഫറായി. ശോഭനാ പരമേശ്വരന്‍നായരുടെ സഹായിയായി 1963-ല്‍ സിനിമയിലെത്തിയ ഡേവിഡിന്റെ ആദ്യ ചിത്രം 'അമ്മു' ആയിരുന്നു. ആദ്യം റിലീസായ സിനിമ'റോസി'യും. 'അമരം' ആണ് അവസാന സിനിമ.

ഒട്ടേറെ അസുലഭനിമിഷങ്ങള്‍ക്ക് സാക്ഷിയായിട്ടുള്ള ഡേവിഡിന്റെ ഫോട്ടോകളില്‍ പലതും മലയാള സിനിമയുടെ വസന്തകാലത്തെ ഓര്‍മപ്പെടുത്തുന്നു.

സ്‌ഫോടനം സിനിമയില്‍ മമ്മൂട്ടി മതില്‍ ചാടുന്ന രംഗം



എങ്ങനെയെങ്കിലും സിനിമയില്‍ പിടിച്ചുകയറണം എന്നാഗ്രഹിച്ചുവന്ന മമ്മൂട്ടിയെ സംബന്ധിച്ച് രണ്ടാമത്തെ സിനിമ 'സ്‌ഫോടനം' വെല്ലുവിളിതന്നെയായിരുന്നു. 1981-ല്‍ ആലപ്പുഴയിലായിരുന്നു സ്‌ഫോടനത്തിന്റെ ഷൂട്ടിങ്.സുകുമാരന്‍, സോമന്‍, ബാലന്‍ കെ. നായര്‍ തുടങ്ങി വന്‍താരനിരയുള്ള സിനിമയില്‍ മമ്മൂട്ടിയെന്ന പുതുമുഖത്തെ ആരുമത്ര ശ്രദ്ധിച്ചിരുന്നില്ല. ചെമ്പിലെ വീട്ടില്‍നിന്ന് സ്വന്തം ലാംബര്‍ട്ടാ സ്‌കൂട്ടറിലാണ് മമ്മൂട്ടി ദിവസവും ലൊക്കേഷനില്‍ വന്നിരുന്നത്. ലൊക്കേഷനില്‍ എത്തിയാല്‍ സീനിയറായ നടീനടന്മാരുടെയടുത്ത് പോകാനും അവരോട് സംസാരിക്കാനുമൊക്കെ പേടിയായിരുന്നു അദ്ദേഹത്തിന്.
ഷൂട്ടിങ്ങിന്റെ ആദ്യദിവസം മമ്മൂട്ടിക്ക് റോളുണ്ട്. മമ്മൂട്ടി, ഷീല, ബാലന്‍ കെ. നായര്‍ എന്നിവരുടെ കോമ്പിനേഷന്‍ രംഗമാണ് ഷൂട്ട് ചെയ്യുന്നത്. ബാലന്‍ കെ. നായര്‍ക്കു നേരെ മമ്മൂട്ടി വെട്ടുകത്തി വീശുന്ന രംഗമാണ്. വളരെ ഇമോഷണലായി വേണം അഭിനയിക്കാന്‍. ആക്ഷന്‍ പറഞ്ഞതും മമ്മൂട്ടിയുടെ കൈ വിറയ്ക്കാന്‍ തുടങ്ങി. താന്‍ ചെയ്യുന്നത് ശരിയാവുന്നില്ല എന്ന് മമ്മൂട്ടിക്കു തന്നെ ബോധ്യമുണ്ട്. ജോലി നന്നായി ചെയ്യണം എന്ന ആഗ്രഹമുണ്ട് അദ്ദേഹത്തിന്. അതാണ് കൂടുതല്‍ ടെന്‍ഷനടിപ്പിക്കുന്നതും.

മമ്മൂട്ടിയെ അടുത്തുകിട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞു, 'താങ്കള്‍ ഒരു വക്കീലല്ലേ. സിനിമയില്‍ ശരിയായില്ലെങ്കില്‍ ആ ജോലി നന്നായി ചെയ്യാമല്ലോ. ഇങ്ങനെ ടെന്‍ഷനടിക്കുന്നത് എന്തിനാണ്?'
'എനിക്ക് സിനിമയില്‍ വിജയിക്കണം. ഇതില്‍നിന്ന് പുറത്താകുന്നത് എനിക്കാലോചിക്കാന്‍പോലും പറ്റില്ല,' സിനിമയോടുള്ള അടങ്ങാത്ത ആവേശം മമ്മൂട്ടിയുടെ വാക്കുകളില്‍ നിറഞ്ഞു.
സംവിധായകന്‍ പി.ജി. വിശ്വംഭരന്‍ ഒരു പ്രത്യേക സ്വഭാവക്കാരനാണ്. ചില കാര്യങ്ങള്‍ക്ക് നിര്‍ബന്ധം പിടിക്കും. ഷൂട്ടിങ്ങിന്റെ അവസാന നാളുകളില്‍ മമ്മൂട്ടി ജയില്‍ ചാടിവരുന്ന സീന്‍ ഷൂട്ടുചെയ്യുന്നു. 12 അടി ഉയരമുള്ള മതിലില്‍ നിന്ന് താഴോട്ട് ചാടണം. ഡ്യൂപ്പിനെ വെക്കാമെന്ന് പലരും പറഞ്ഞു. പക്ഷേ, വിശ്വംഭരന് ഒരേവാശി, 'ഡ്യൂപ്പൊന്നും വേണ്ട. മമ്മൂട്ടി തന്നെ ചാടട്ടെ.'

മമ്മൂട്ടി ടെന്‍ഷനടിക്കാന്‍ തുടങ്ങി, 'അയ്യോ... ഇത്രേം ഉയരത്തില്‍ നിന്നു ചാടിയാല്‍ എന്റെ കാല്... ഡ്യൂപ്പ് ചെയ്താല്‍ പോരെ...'

'വേണ്ട.... വേണ്ട.... താന്‍ തന്നെ ചാടണം.' വിശ്വംഭരന്‍ വാശിയിലാണ്.
സിനിമയില്‍ ഇങ്ങനെയുള്ള ചില സംഗതികളുണ്ട്. തുടക്കക്കാരാണെങ്കില്‍ വെറുതെ ദ്രോഹിക്കും. അതുകണ്ട് മറ്റുള്ളവര്‍ രസിക്കുകയും ചെയ്യും. പുതുമുഖങ്ങള്‍ക്കിരിക്കട്ടെ ചെറിയൊരു റാഗിങ് എന്നാവാം.

മമ്മൂട്ടിയെ ഏണിവെച്ച് മതിലിനു മുകളില്‍ കയറ്റിയിരുത്തി. അദ്ദേഹം അവിടെയിരുന്ന് ദയനീയഭാവത്തില്‍ എല്ലാവരേയും നോക്കുന്നുണ്ട്, 'ചാടണോ വേണ്ടയോ?' പക്ഷേ, സിനിമയില്‍ നില്ക്കണമെങ്കില്‍ ചാടിയേ പറ്റൂ. അതുകൊണ്ട് മമ്മൂട്ടി ചാടും എന്ന് ഉറപ്പാണ്.

'സ്റ്റാര്‍ട്ട് ക്യാമറ... ആക്ഷന്‍,' വിശ്വംഭരന്‍ അലറി.
'ചാടെടോ' എന്ന ആജ്ഞ കേട്ടതും മമ്മൂട്ടി ഒറ്റച്ചാട്ടം.
'ബ്‌ധോം!' ദാ കിടക്കുന്നു നിലത്ത്. കാലു രണ്ടും ഉളുക്കി നടക്കാന്‍ പറ്റാതായ മമ്മൂട്ടിയെ താങ്ങിയെടുത്താണ് കസേരയിലിരുത്തിയത്. ഉളുക്കിയ കാലുമായാണ് പിന്നീടുള്ള സീനുകളില്‍ മമ്മൂട്ടി അഭിനയിച്ചത്.
ഒരിക്കല്‍ മമ്മൂട്ടിയുടെ പച്ചയും വെള്ളയും പെയിന്റടിച്ച സ്‌കൂട്ടറില്‍ ഞാനും അദ്ദേഹവുംകൂടി ആലപ്പുഴയില്‍നിന്ന് എറണാകുളംവരെ യാത്രചെയ്തു. ഞാനാണ് സ്‌കൂട്ടര്‍ ഓടിച്ചത്. പിറകിലിരുന്ന് മമ്മൂട്ടി സംസാരിച്ചത് സിനിമയെക്കുറിച്ച് മാത്രമായിരുന്നു. സിനിമയില്‍ വിജയിച്ചേ അടങ്ങൂ എന്ന ദൃഢനിശ്ചയം മമ്മൂട്ടിയില്‍ അന്നേ കാണാമായിരുന്നു.

'അഹിംസ'യില്‍ മോഹന്‍ലാല്‍



ഊട്ടിയില്‍ 'പൂച്ചസന്ന്യാസി'യുടെ സെറ്റില്‍ ഒരു യുവാവ് വന്നു. എവിടെയോ കണ്ടിട്ടുണ്ട്. പക്ഷേ, എത്ര ആലോചിച്ചിട്ടും എനിക്ക് ആളെ പിടികിട്ടുന്നില്ല. സെറ്റില്‍ സുകുമാരിച്ചേച്ചിയോട് വളരെ എളിമയോടെ സംസാരിക്കുന്നുണ്ട് ആ യുവാവ്. അയാള്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ ഞാന്‍ സുകുമാരിച്ചേച്ചിയോട് ചോദിച്ചു, ''ആരാണ് ആ ചെറുപ്പക്കാരന്‍?''.
''മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിച്ച പയ്യനാണ്,'' അവര്‍ പറഞ്ഞു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനെ എനിക്ക് ഓര്‍മവന്നു. മോഹന്‍ലാല്‍ എന്ന പുതുമുഖനടനാണത്. അതുകഴിഞ്ഞ് ലാല്‍ മദ്രാസിലെത്തി. പിന്നെ 'ഹലോ മദ്രാസ് ഗേളി'ല്‍ ഞങ്ങള്‍ ഒരുമിച്ച് ജോലിചെയ്തു.

ഞാനുമായി സൗഹൃദത്തിലായതോടെ വീട്ടിലെ നിത്യസന്ദര്‍ശകനായി ലാല്‍.സമയംകിട്ടുമ്പോഴൊക്കെ പുഷ്പാനഗറിലെ എന്റെ വീട്ടില്‍ വരും. വീട്ടില്‍ വരുമ്പോള്‍ തിരുവനന്തപുരത്ത് അമ്മയെ വിളിച്ച് സംസാരിക്കാറുണ്ട്. എന്റെ വീട്ടിലെ ഫോണിന് ബില്ല് കൂടാതിരിക്കാന്‍, വീട്ടിലെ ഫോണിലേക്ക് വിളിച്ച് അമ്മയോടു പറയും തിരിച്ചുവിളിക്കാന്‍. അമ്മയോട് ലാല്‍ സംസാരിക്കുന്നത് കാണാന്‍, നല്ല രസമാണ്. അമ്മയോടുള്ള ബഹുമാനവും സ്‌നേഹവും അദ്ദേഹത്തിന്റെ സംസാരത്തിലും ഭാവത്തിലുമൊക്കെ ഉണ്ടാകും. കസേരയില്‍ ഇരിക്കില്ല. എണീറ്റുനിന്നാണ് സംസാരം. സിനിമയില്‍ രക്ഷപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അതിനായി കഠിനാധ്വാനം ചെയ്യുമെന്നുമൊക്കെ ലാല്‍ അമ്മയോട് പറയുന്നതുകേള്‍ക്കാം. പക്ഷേ, തന്റെ പ്രയാസങ്ങളൊന്നും അമ്മയെ അറിയിക്കില്ല. അമ്മ വിഷമിക്കരുത് എന്നുകരുതിയിട്ട്.

അല്പം മദ്യം കഴിക്കുന്നത് ലാലിന് ഏറെ ഇഷ്ടമുള്ള കാര്യമായിരുന്നു. ഞങ്ങള്‍ ഒരുമിച്ചിരുന്ന് പലതവണ മദ്യം കഴിച്ചിട്ടുണ്ട്. മദ്യപിച്ച ലാല്‍ കൂടുതല്‍ നിഷ്‌കളങ്കനും സ്‌നേഹസമ്പന്നനും രസികനുമായിരുന്നു. നമ്മളെ കെട്ടിപ്പിടിക്കും, ഉമ്മവെക്കും ഗോഷ്ടികള്‍ കാണിക്കും. എത്ര മദ്യപിച്ചാലുംശരി അമ്മയ്ക്ക് ഫോണ്‍ചെയ്യുമ്പോള്‍ കുടിച്ചിട്ടുണ്ട് എന്നു തോന്നില്ല. ലാലിന് അമ്മയോടുള്ള സ്‌നേഹത്തിനു മുന്നില്‍ മദ്യത്തിന്റെ ലഹരിപോലും പെട്ടെന്ന് അലിഞ്ഞില്ലാതാകുന്നതുപോലെ തോന്നും. രാത്രി വൈകിയാല്‍ ലാലിനെ ഞാനെന്റെ സ്‌കൂട്ടറില്‍ താമസസ്ഥലത്ത് കൊണ്ടുവിടും. യാത്രയിലുടനീളം എന്നെ നുള്ളിയും തോണ്ടിയും തമാശപറഞ്ഞുമൊക്കെ ചിരിപ്പിച്ചുകൊണ്ടേയിരിക്കും.
നടന്റെ ചലനങ്ങള്‍ കൃത്യമായി മനസ്സിലാക്കാറുണ്ട് പലപ്പോഴും ഫോട്ടോഗ്രാഫര്‍മാര്‍. ആ നിലയില്‍ ഞാന്‍ ഏറെ കൗതുകത്തോടെയും അദ്ഭുതത്തോടെയും നിരീക്ഷിച്ചിട്ടുള്ള നടനാണ് ലാല്‍. അദ്ദേഹം ശബ്ദം കൊണ്ടല്ല, ശരീരംകൊണ്ടാണ് അഭിനയിക്കുക.

ഒരാളെ ചിരിപ്പിക്കാനോ കരയിക്കാനോ ലാലിന് ഡയലോഗുകളുടെ ആവശ്യം വരാറില്ല. ആര്‍ട്ട് ഡയറക്ടറായിരുന്ന രാധാകൃഷ്ണന്‍ ചെയ്ത ആദ്യ സിനിമ 'നിമിഷങ്ങള്‍' , കോട്ടയത്ത് ഷൂട്ടിങ് നടക്കുന്നു. ഞാനും രാധാകൃഷ്ണനും ആ സിനിമയുടെ ക്യാമറാമാനും ലാലും ഒരുമിച്ചൊരു കാറിലാണ് കോട്ടയത്തേക്ക് പുറപ്പെട്ടത്. കാറ് പുറപ്പെടാന്‍തുടങ്ങിയതും ലാല്‍ തമാശ പറയാന്‍തുടങ്ങി. ഞങ്ങള്‍ ചിരിച്ചുചിരിച്ച് വശംകെട്ടു. ഒടുവില്‍ സഹിക്കാതായപ്പോള്‍ ക്യാമറാമാന്‍ ലാലിനോട് പറഞ്ഞു, ''കോട്ടയമെത്തുംവരെ താങ്കള്‍ക്ക് മിണ്ടാതിരിക്കാന്‍പറ്റുമോ?'' ഓകെ പറഞ്ഞ ലാല്‍ കോട്ടയമെത്തുംവരെ ഒരക്ഷരം മിണ്ടിയില്ല. പക്ഷേ, അങ്ങ് എത്തുംവരെ ലാല്‍ ഞങ്ങളെ ചിരിപ്പിച്ചു കൊന്നു, മുഖംകൊണ്ടും ശരീരം കൊണ്ടും തമാശകള്‍ കാണിച്ച്.

'അഹിംസ'യുടെ ഷൂട്ടിങ്ങിനായി കോഴിക്കോട്ട് മഹാറാണിയില്‍ താമസിക്കുന്നു. എല്ലാവരും ഒത്തുകൂടി മദ്യപിക്കുകയാണ്. മേക്കപ്പ് മാന്‍ എം.ഒ. ദേവസ്യയ്ക്കാണ് മദ്യം ഒഴിച്ചുകൊടുക്കുന്ന ഡ്യൂട്ടി. എനിക്കും ലാലിനും പുറമെ രതീഷ്, ജയാനന്‍ വിന്‍സന്റ്, ഐ.വി. ശശി, ബാലന്‍ കെ. നായര്‍ എന്നിവരെല്ലാമുണ്ട്. രാത്രി രണ്ടുമണിവരെ നീണ്ടു മദ്യപാനം. മദ്യം അല്പം അകത്തായപ്പോള്‍ ലാല്‍ തമാശകള്‍ തുടങ്ങി. ഹോട്ടലിന്റെ നിലത്ത് നീണ്ടുനിവര്‍ന്നു കിടന്നു. എന്നിട്ട് ഉറക്കെ വിളിച്ചുചോദിച്ചു, ''ചാരിത്ര്യം വില്‍ക്കാനുണ്ടോ, ചാരിത്ര്യം വില്ക്കാനുണ്ടോ....'' സ്ത്രീക്കമ്പക്കാരന്‍ എന്ന മട്ടില്‍ തന്നെ പരിഹസിക്കുന്നവരെ കളിയാക്കുകയായിരുന്നു ലാല്‍.

Credits : Mathrubhmi

1 comment: