Wednesday, July 2, 2014

ഷെറപ്പോവയ്ക്ക് ഒരു തുറന്ന കത്ത്


സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ലെന്നു പറഞ്ഞതിന് മലയാളി യുവത്വത്തിന്റെ തെറിയഭിഷേകം ഏറ്റുവാങ്ങുന്ന ടെന്നീസ് താരം മരിയ ഷെറപ്പോവയ്ക്ക് ഒരു തുറന്ന കത്ത്. കെ. പി റഷീദ് എഴുതുന്നു.



പ്രിയപ്പെട്ട മരിയ ഷറപ്പോവാ,

സത്യത്തില്‍ ഇങ്ങനെയൊന്നുമല്ല ഈ കത്ത് തുടങ്ങേണ്ടത്. പെണ്ണുങ്ങളെ വിളിക്കാവുന്ന മലയാളത്തിലെ ഏതെങ്കിലും പച്ചത്തെറിയില്‍ തുടങ്ങണം. അല്ലെങ്കില്‍ ഇംഗ്ലീഷിലോ അതല്ലെങ്കില്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ വെച്ച് റഷ്യനിലോ ആക്കി കത്ത് തുടങ്ങണം. എന്തായാലും തുടങ്ങേണ്ടത് തെറിയില്‍ തന്നെയാണ് എന്നതില്‍ കറ കളഞ്ഞ മലയാളിയായ ഈയുള്ളവന് സംശയമേയില്ല.

മരിയ ഷറപ്പോവ, നിങ്ങള്‍ ചെയ്ത കുറ്റം എത്ര ഗുരുതരമാണ് എന്ന് നിങ്ങള്‍ക്കറിയുമോ? സച്ചിന്‍ ടെണ്ടുല്‍ക്കറിനെ നിങ്ങള്‍ക്കറിയില്ല പോലും. നിങ്ങളെപ്പോലെ ഞങ്ങളുടെ പത്രങ്ങളും ചാനലുകളും ഇത്രയേറെ പടം കൊടുത്തു പ്രോല്‍സാഹിക്കുന്ന ഒരാള്‍ ഇക്കാണിച്ചത്, ചുരുങ്ങിയത് ഉടുതുണി അഴിച്ച് പെരുവഴിയില്‍ നിര്‍ത്തി കല്ലെറിഞ്ഞു കൊല്ലേണ്ട അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കുറ്റം തന്നെയാണ്. എന്നിട്ടും അതു ചെയ്യാതെ ഞങ്ങളുടെ ഡാറ്റ കാശ് ചെലവാക്കി, ഞങ്ങളുടെ കമ്പ്യൂട്ടറിലും മൊബൈലിലും കുത്തിപ്പിടിച്ചിരുന്ന് 'വെവരമറിയിച്ചു'തന്നത് ഞങ്ങളുടെ മര്യാദയാണ്. അത് ഞങ്ങളുടെ മഹത്തായ സംസ്കാരമാണ്. നിങ്ങള്‍ക്കറിയാമല്ലോ, നൂറ് ശതമാനം സാക്ഷരതയുള്ളവരാണ് ഞങ്ങള്‍.

ഇന്നലെയാണ്, ഫേസ്ബുക്കില്‍നിന്ന് ഞാനും ആ വിവരമറിഞ്ഞ് ഞെട്ടിയത്. നിങ്ങളാ കൊടും ക്രൂരത ചെയ്തിരിക്കുന്നു! tennisworldusa.org എന്ന അമേരിക്കന്‍ ടെന്നീസ് വാര്‍ത്താ പോര്‍ട്ടല്‍ ഗോസിപ്പ് മട്ടില്‍ പറഞ്ഞ വെറുമൊരു വാര്‍ത്ത ആയിരുന്നെങ്കിലും 123 കോടി ഇന്ത്യക്കാരെ ബാധിക്കുന്ന ഏറ്റവും സുപ്രധാനമായ വാര്‍ത്ത എന്ന നിലയില്‍ ഞങ്ങടെ മാധ്യമങ്ങളെല്ലാം അതു പറയുക തന്നെ ചെയ്തു. വിംബിള്‍ഡണ്‍ കളിക്കിടെ റോയല്‍ ബോക്സില്‍ ഇരുന്ന ഡേവിഡ് ബെക്കാമിനെക്കുറിച്ച് അങ്ങേര് വലിയ പുലിയാണെന്ന് പറഞ്ഞ നിങ്ങളോട് അപ്പുറത്തിരിക്കുന്നത് ഞങ്ങളുടെ കണ്‍കണ്ട പടച്ചവന്‍ സച്ചിന്‍ ടണ്ടുല്‍ക്കറാണെന്നും അതാരാണെന്ന് അറിയില്ലേ എന്നും പത്രക്കാരന്‍ ചോദിച്ചപ്പോള്‍, അറിയില്ലെന്ന് നിങ്ങള്‍ പറഞ്ഞു എന്നറിഞ്ഞപ്പോള്‍ സത്യത്തില്‍ ഇടനെഞ്ചു തകര്‍ന്നു പോയി. എങ്ങിനെ നിങ്ങള്‍ക്ക് അതിനു കഴിഞ്ഞു, എന്റെ മരിയാ ഷറപ്പോവേ!



നിങ്ങളെ ഞങ്ങള്‍ക്കറിയാമെന്ന് നിങ്ങള്‍ മറക്കരുത്. നിങ്ങളെന്നല്ല ടെന്നീസ് കളിക്കുന്ന എല്ലാ പെണ്ണുങ്ങളുടെയും എബിസിഡി മുഴുവന്‍ ഞങ്ങള്‍ക്ക് കാണാപ്പാഠമാണ്. തുണി ഉടുക്കുന്നതിലെ കുഴപ്പമാണ് ഇന്നാട്ടിലെ പെണ്ണുങ്ങളെ ബലാല്‍സംഗം ചെയ്യാനും തോണ്ടാനും കാരണമെന്ന് അടിയുറച്ച് വിശ്വസിക്കുന്ന ഞങ്ങളുടെ നാട്ടിലെ മാധ്യമങ്ങള്‍ നിങ്ങളുടെയൊന്നും ഒരൊറ്റ കളിയുടെ പടവും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നുണ്ട് എന്നത് മറക്കേണ്ട. ഞങ്ങളുടെ സ്പോര്‍ട്മാന്‍ സ്പിരിറ്റ് ആണത്, മരിയ, സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്!

ആയിരക്കണക്കിന് ഫോട്ടോകളില്‍നിന്ന് കാലിനു താഴെ ക്യാമറ വെച്ച് പകര്‍ത്തുന്നവ മാത്രം എടുത്ത് മുറിയില്‍ ഒട്ടിക്കുന്ന ഞങ്ങളോട് നിങ്ങള്‍ ഇത് ചെയ്യരുതായിരുന്നു. കളി അറിയില്ലെങ്കിലും നിങ്ങളെ ആരാധിക്കുന്ന ഞങ്ങളുടെ, ക്രിക്കറ്റ് പടച്ചവനെ എങ്കിലും നിങ്ങള്‍ അറിയേണ്ടതായിരുന്നു. ഇനി അറിയില്ലെങ്കില്‍ പോലും ഞങ്ങള്‍ സാധാരണ ചെയ്യുന്നത് പോലെ സച്ചിനേട്ടനെ അറിയുമെന്നും ഒന്നിച്ചു ചായ കുടിച്ചിട്ടുണ്ടെന്നുമൊക്കെ നിങ്ങള്‍ പറഞ്ഞിരുന്നെങ്കില്‍ ഇത്രം ദണ്ണം വരുമായിരുന്നോ? നിങ്ങളിന്നലെ പറഞ്ഞില്ലേ, ബാസ്കറ്റ് ബോള്‍ ഇതിഹാസം മൈക്കല്‍ ജോര്‍ഡനേം നിങ്ങള്‍ക്കറിയില്ലെന്ന്. പുള്ളിയെ ഞങ്ങള്‍ക്കുമറിയില്ലെങ്കിലും നിങ്ങളെ പോലെ അതിങ്ങനെ ഉളുപ്പില്ലാതെ വിളിച്ചു പറയുന്നില്ലല്ലോ. വെവരം വേണം മരിയാ, വെവരം!

സംഗതി ശരിയാണ്. അറിവില്ലായ്മ ഞങ്ങള്‍ക്കുമുണ്ട്. ഉദാഹരണത്തിന് ഞങ്ങളുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജി ആരെന്നു ചോദിച്ചാല്‍ അറിയാത്തവരൊക്കെ ഞങ്ങള്‍ക്കിടയില്‍ കാണും. അതിനിപ്പോള്‍, സ്വാതന്ത്യ്രസമരം വരെയൊന്നും പോവേണ്ട, ക്രിക്കറ്റ് കളിയിലേക്ക് തന്നെ വരാം. ഉദാഹരണത്തിന്, ശേഖര്‍ നായിക്ക് എന്ന ഞങ്ങളുടെ അന്ധ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍. 58 മാച്ചുകളില്‍ 32 സെഞ്ച്വറികള്‍ എടുക്കുകയും 2012ല്‍ നടന്ന അന്ധര്‍ക്കു വേണ്ടിയുള്ള ആദ്യ ട്വന്റി ട്വന്റി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ വിജയത്തില്‍ എത്തിക്കുകയും ചെയ്ത ആളാണ്. അറിയാമോ എന്ന് ചോദിച്ചാല്‍ ഞാന്‍ ചിരിക്കും, ബാക്കിയുള്ളവരും. ഞങ്ങള്‍ക്കാര്‍ക്കും അയാളെ അറിയില്ല പെങ്ങളേ. വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ജുലാന്‍ ഗോസ്വാമിയുടെ കാര്യവും തഥൈവ. ഐ.സി.സി വനിതാ ക്രിക്കറ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മിതാലി രാജ് ഞങ്ങളുടെ മുന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റനാണ്. പുള്ളിക്കാരിയെ അറിയാമോ എന്നൊന്നും ചോദിച്ചേക്കരുത്, കുടുങ്ങും. ഇതൊക്കെ പറയുന്നു എന്നേയുള്ളൂ. വേറെയുമുണ്ട് ഒരു പാടാള്‍ക്കാര്‍. ഞങ്ങളാരും കേട്ടിട്ടുപോലുമില്ലാത്ത വല്യ വല്യ ഇന്ത്യന്‍ പുലികള്‍. ഇപ്പോള്‍ നിങ്ങളെ ടൈപ്പില്‍ പെട്ട സാനിയ മിര്‍സയെക്കുറിച്ച് പറയാം. പുള്ളിക്കാരത്തിയെ അറിയാത്ത ഒരൊറ്റ കുഞ്ഞു കുട്ടിയേം ഇവിടെ കാണില്ല. എന്നാലോ , ടെന്നീസ് എന്തെന്നൊന്നും ഞങ്ങളോട് ചോദിച്ചേക്കരുത്.

ഇതൊക്കെ കേട്ട് ഞാന്‍ നിങ്ങടെ ആളാണെന്നൊന്നും കരുതേണ്ട. സച്ചിനെ അറിയില്ലാന്ന് പറഞ്ഞത് പോക്രിത്തരം തന്നെയാണ്. കൈയില്‍ കിട്ടിയാല്‍ കരണത്തിട്ട് പൊട്ടിക്കേണ്ട കുറ്റം. അറിയാന്‍ വേണ്ടി പറയുകയാണ്, ഇപ്പറഞ്ഞ സച്ചിന്‍ ഞങ്ങടെ സ്വന്തം കൊച്ചനാണ്. കാണപ്പെട്ട ദൈവം. ഞങ്ങളുടെ നാട്ടിലും വേറെ കുറേ രാജ്യങ്ങളിലും മാത്രം കളിക്കുന്ന ക്രിക്കറ്റ് എന്നൊരു കളിയുണ്ട്. അതാണ് പുള്ളിക്കാരന്റെ സെറ്റപ്പ്. ഞങ്ങടെ നാട്ടിലെ ഏറ്റവും ആരാധകരുള്ള കളിക്കാരനാണ്. വേണമെങ്കില്‍, പുള്ളിയെ ഞങ്ങള് പ്രധാനമന്ത്രിയുമാക്കും. നിങ്ങളും ഞങ്ങളെ പോലെ നിങ്ങളെ നാട്ടിലെ പി.എസ്.സി എഴുതുന്നുവെങ്കില്‍ അതിന്റെ ഗൈഡില്‍ ഉറപ്പായും കാണും പുള്ളിക്കാരന്റെ വിവരങ്ങള്‍. അതൊക്കെ വായിച്ച് പഠിച്ച് വിവരക്കേട് മാറ്റി മുംബൈയിലെ സച്ചിന്റെ വീട്ടില്‍ ചെന്ന് അഞ്ജലിച്ചേച്ചിയുടെ മുന്നില്‍ ചെന്ന് സെല്‍ഫി പോസ്റ്റ് ചെയ്യുന്നതാവും നല്ലത്. അല്ലെങ്കില്‍, വിവരമറിയും.

അതിന്നലെ തന്നെ നിങ്ങളറിഞ്ഞു കാണും എന്നെനിക്കറിയാം. അത്രയ്ക്ക് കേട്ടില്ലേ തെറി :)

നിങ്ങളും ഞങ്ങളെ പോലെ ഫേസ്ബുക്കും നോക്കിയിരിക്കുന്നത് കൊണ്ട് തെറി കേട്ട് കണ്ണു പുളിച്ചു കാണണം. അതില്‍ ചിലതൊന്നും നിങ്ങള്‍ക്ക് മനസ്സിലായിക്കാണില്ല എന്നറിയാം. അത് മലയാളമാണ് മരിയാ. ഞങ്ങളുടെ ഭാഷ. അത് പഠിപ്പിക്കുന്ന സ്കൂളിലൊന്നും ഞങ്ങടെ കൊച്ചുങ്ങള് പഠിക്കില്ലെങ്കിലും സംഗതി ശ്രേഷ്ഠഭാഷയാണ്. അതാ തെറി കണ്ടാലറിയാമല്ലോ. നിങ്ങള്‍ക്ക് ഇനി അതറിയാമോ എന്നാരോ സംശയം പറഞ്ഞതു കൊണ്ടാണ് അറിയാവുന്നവര്‍ ഇംഗ്ലീഷിലും അല്ലാത്തവര്‍ റഷ്യനിലും അതിട്ടു തന്നത്. സച്ചിനാരെന്നറിയില്ലെങ്കില്‍ നിങ്ങടെ അപ്പനോടോ അമ്മയോടോ കെട്ട്യോനോടോ ഒക്കെ ചോദിക്കണം എന്ന് പറഞ്ഞതൊക്കെ കണ്ട് പ്രശ്നം നിസ്സാരം എന്നൊന്നും കരുതേണ്ട. ഫേസ്ബുക്കില്‍ കയറിയാല്‍ ഞങ്ങള്‍ക്ക് വിരലില്‍ തെറിയേ വരൂ. അത് പെണ്ണുങ്ങടെ പേജാണെങ്കില്‍ കൂടും. അതും കാണാന്‍ കൊള്ളാവുന്നതും പത്രത്തില്‍ മാത്രം കാണാന്‍ വിധിയുള്ളതുമായ മദാമ്മപ്പെണ്ണുങ്ങളെങ്കില്‍ ഞങ്ങടെ ഭാഷ ശരിക്കും ശ്രേഷ്ഠമാവും. ഇന്നലെ തന്നെ ഞങ്ങളെ ഒരു സഹോദരന്‍ നിങ്ങടെ പേജില്‍ എഴുതിയില്ലേ, നിങ്ങള്‍ക്ക് മലയാളികളെ അറിയില്ല, ഇത്തിരി ചങ്കുറപ്പ് കൂടുതലാ, റഷ്യക്കാര് താങ്ങില്ല എന്നൊക്കെ. അത്രയേ എനിക്കും പറയാനുള്ളൂ.

അതിനാല്‍, ഇനിയെങ്കിലും ഞാന്‍ പറഞ്ഞ പി.എസ്.സി ഗൈഡ് വാങ്ങി പഠിച്ചോളുക. പറ്റുമെങ്കില്‍, അതിലെ സച്ചിന്റെ വിവരങ്ങള്‍ കാണാപ്പാഠം പഠിച്ച് അടുത്ത വണ്ടിക്ക് മുംബൈക്ക് കയറുക. വരുന്ന വിവരം ഫേസ്ബുക്കിലിട്ടാല്‍, നിങ്ങളെ ഫേസ്ബുക്കില്‍നിന്ന് പുറത്താക്കണമെന്ന ഞങ്ങളുടെ പ്രക്ഷോഭം നിര്‍ത്താമെന്ന് ഇന്നാട്ടിലെ മീശയുള്ളതും ഇല്ലാത്തതുമായ മുഴുവന്‍ ആമ്പിള്ളേരുടെ പേരിലും ഞാനിതാ അറിയിക്കുന്നു.

ഞങ്ങടെ നാട്ടിലെ ഒരു പഴഞ്ചൊല്ല് കൂടി പറഞ്ഞ് ഞാനിത് നിര്‍ത്താം.
അറിയാത്ത കുഞ്ഞ് ചൊറിയുമ്പോള്‍ അറിയും

സ്വന്തം
കെ.പി റഷീദ്

- See more at: http://www.asianetnews.tv/sports/article/13763_pen-letter-to-Maria-Sharapova-#sthash.MOVQyfAe.dpuf

No comments:

Post a Comment