Thursday, July 10, 2014

കിരീടം സിനിമയിലെ അവസാനരംഗങ്ങള്‍ !!


മലയാളസിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച സിനിമ, കിരീടം പുറത്തിറങ്ങിയിട്ട് ജൂലായ് 4-ന് 25 വര്‍ഷം തികയുന്നു. തിരക്കഥയില്‍ നിന്ന് ചില ഭാഗങ്ങള്‍ . ലോഹിതദാസ് എന്ന അപൂര്‍വ്വപ്രതിഭയുടെ രചനാപാടവം വിളിച്ചറിയിക്കുന്ന കീരിടം മലയാളത്തിലെ ഏറ്റവും മികവുറ്റ തിരക്കഥകളിലൊന്നാണ്.



കേശുവിന്റെ വീട്
പകല്‍
കരയുന്ന കുഞ്ഞില്‍ നിന്നാരംഭം. കേശുവിന്റെ ഭാര്യ അവനെ മാറിലിട്ട് കരച്ചിലടക്കാന്‍ ശ്രമിക്കുന്നത് സേതുവിന്റെ കാഴ്ചപ്പാടില്‍. മുറ്റത്തു നില്ക്കുന്ന സേതു ആകാംക്ഷയോടെ പുറത്തേക്കു നോക്കുന്നു. കുട്ടി കരച്ചിലടക്കിയി
രിക്കുന്നു.
അവന്റെ കാഴ്ചപ്പാടില്‍ കേശു പുറത്തുനിന്നും ധൃതിയില്‍ വരുന്നു. അവന്‍ പറയാന്‍ മടിച്ച്
കേശു: സേതൂ...
സേതു: കാശ് കിട്ടീല്ലേ...?
കേശു: കാശ് കിട്ടി. കൃഷ്ണമ്മാവനെ കണ്ടപ്പൊ ഒരു കാര്യറിഞ്ഞു.
ജോസും പാര്‍ട്ടീം ഇന്നലെ വീട്ടീക്കേറി വല്ല്യ അക്രമം കാണിച്ചു. അച്ഛനുണ്ടായിരുന്നില്ല. രമേശനും അമ്മേം ആശുപത്രീലാ.
(അയാള്‍ തളര്‍ന്നുപോകുന്നു.)
വെഷമിച്ചിട്ടെന്താ കാര്യം. നീയിനി അങ്ങോട്ടു പോകണ്ട.
സേതു: ഇല്ല കേശൂ. എനിക്കു പോണം. എന്നെ അവര്‍ക്കു കിട്ടീല്ലെങ്കില്‍ അവരെന്റെ കുടുംബം തകര്‍ക്കും. എനിക്കു വേണ്ടി അവര്...
ഇല്ല... ഞാന്‍ പോണു.
കേശു: സേതു നമുക്കൊന്നാലോചിച്ചിട്ട്.
സേതു: ആലോചിക്കാനൊന്നൂല്ല. പോയേ തീരൂ.
കേശു: ഈ കാശ് കയ്യില് വച്ചോ.
(അവന്‍ കാശ് കൊടുക്കുന്നു.)
സേതു: ഇനി എനിക്കു പണം വേണ്ട.
(അവന്‍ പെട്ടെന്ന് നടക്കുന്നു. പിന്നെ നിന്നു. എന്തോ ഓര്‍ത്തിട്ടെന്നപോലെ തിരിച്ചുവന്ന്)
നമ്മള്‍ പിരിയ്വാണ്. ഞാന്‍ മരിച്ചുപോയാല്‍ എന്റെ അച്ഛനെ കണ്ട് നീ പറയണം. ലോകത്തൊരാളേയും ഞാനിത്രമാത്രം
സ്‌നേഹിച്ചിട്ടില്ലെന്ന്. എല്ലാ മോഹങ്ങളും ഞാന്‍ തകര്‍ത്തു. മാപ്പു പറഞ്ഞൂന്നു പറയണം.
(കേശുവിന്റെ കണ്ണുകള്‍ നിറഞ്ഞുപോയി. അയാള്‍ സേതുവിന്റെ കൈകളില്‍ ബലമായി പിടിച്ച്.)
കേശു: സേതൂ...
സേതു: തിരിച്ചടിക്കാന്‍ ശക്തിയില്ല. അവര്‍ക്കു വേണ്ടതെന്റെ ജീവനാണ്. ആ കടം വീട്ടാനാണ് പോകുന്നത്.
കേശു: ഞാനും വരാം സേതൂ. ഞാനുമുണ്ടെടാ നിന്റൊപ്പം. തിരിച്ചടിക്കാനാണെങ്കില്‍ തിരിച്ചടിക്കാന്‍.
(കണ്ണുനീരിന്റെ നനവോടെ സേതു മന്ദഹസിച്ചു- നിഷേധാര്‍ഥത്തില്‍ തലയാട്ടി. കുഞ്ഞ് വീണ്ടും കരയാനാരംഭിച്ചിരിക്കുന്നു. സേതു നോക്കുന്നു. അമ്മയുടെ കയ്യില്‍ കുഞ്ഞ് കരയുന്നു.)
സേതു: മതി... സന്തോഷായി. ദാ നിന്റെ മോന്‍ കരയുന്നു. അവനെ
കരയിക്കാതിരിക്ക്. ചെല്ല്.
(കേശുവിനെ വിട്ട് സേതു ഓടിയിറങ്ങിപ്പോകുന്നു.)

ആശുപത്രി
പകല്‍
ആശുപത്രി കട്ടിലില്‍ രമേശന്‍ കിടക്കുന്നു. അവന്റെ തലയ്‌ക്കൊരു കെട്ടുണ്ട്.
ലത കട്ടിലിനടുത്തുനില്ക്കുന്നു. സേതു നടന്നു വരുന്നു. ലത അയാളെ കണ്ടു കരഞ്ഞുകൊണ്ട് കെട്ടിപ്പിടിക്കുന്നു.
ലത: ഏട്ടന്‍ പോ. ഏട്ടനിവിടെ നില്ക്കണ്ട. അവരേട്ടനെ കൊല്ലും.
(അയാള്‍ അനിയത്തിയെ ആശ്വസിപ്പിച്ചുകൊണ്ട്.)
സേതു: അയ്യേ... കരയ്വാ...? ആളുകള് കാണില്ലെ. ഇത്ര വല്ല്യ പെണ്‍കുട്ടി.
(അവന്‍ രമേശനെ തലോടി.)
നിന്നെ കൊറെ ഉപദ്രവിച്ചോ.
രമേശന്‍ :ഇല്ല.
സേതു: സാരമില്ല. ഇനി നിങ്ങളെ ആരും ഒന്നും ചെയ്യില്ല.
രമേശന്‍ :അയാള്‍ടെ ദേഷ്യം തീര്‍ന്നോ.
സേതു: തീരും. നീ നന്നായി പഠിക്കണം. ഇവളെപ്പോലെ ഒഴപ്പരുത്. വക്കീലൊന്ന്വാവണ്ട. ഒരു സബ് ഇന്‍സ്‌പെക്ടറാവണം. അച്ഛന്റെ മോഹം നീ നടത്തിക്കൊടുക്കണം.
(ലതയുടെ നേരെ തിരിഞ്ഞ്)
നിന്നോടെന്താ ഏട്ടന്‍ പറയ്വാ... വെച്ചുവെളമ്പാന്‍ ധാരാളം ആളുകളുള്ള ഒരു വീട്ടിലേക്ക് വീട്ടമ്മയായിപ്പോകാന്‍ ഭാഗ്യോണ്ടാവും. മണ്ടൂസ്...
(അയാളവളെ നെഞ്ചിനോടു ചേര്‍ത്തു.)
അമ്മ എവിട്യാ കെടക്കുന്നത്.
ലത: എഫ് റ്റു ലാ.

ആശുപത്രി
പകല്‍
അമ്മയുടെ കട്ടില്‍. അച്ഛന്‍ സ്റ്റൂളില്‍ ഇരിക്കുന്നു. സേതു വരുന്നു. അമ്മയുടെ കട്ടിലിലേക്കിരുന്നു. അച്ഛന്‍ എഴുന്നേറ്റ് മാറിനില്ക്കുന്നു.
സേതു: അമ്മേ...
(അമ്മ കണ്ണു തുറന്നു. അവര്‍ വിതുമ്പാന്‍ തുടങ്ങുന്നു.)
കരയല്ലേ അമ്മേ...
അമ്മ: എന്തിനാ ഇപ്പൊ ഇങ്ങ്ട് വന്നത്. വേഗം പോയി രക്ഷപ്പെട്.
അച്ചുതന്‍: ഏതെങ്കിലൊര് നാട്ടില് ജീവിച്ചിരിക്കുന്നൂന്ന് അറിഞ്ഞാ മാത്രം
മതി ഞങ്ങള്‍ക്ക്.
സേതു: ഞാന്‍ പോവ്വാണ്. യാത്ര ചോദിക്കാനാണ് വന്നത്.
അമ്മ: വേഗം പോ.
(അയാള്‍ എഴുന്നേറ്റു. അച്ഛന്‍ വിഷാദം കനപ്പിച്ച മുഖവുമായി നില്ക്കുകയാണ്. അവര്‍ പരസ്​പരം നോക്കി. പിന്നെ, പെട്ടെന്നു കുനിഞ്ഞ് ആ പാദത്തില്‍ തൊട്ട് അവന്‍ ധൃതിയില്‍ നടന്നുപോകുന്നു. പൊള്ളലേറ്റപോലെ അച്ചുതന്‍ നായര്‍ നില്ക്കുന്നു.)

ആശുപത്രി
ഗേറ്റ്
സേതു ഗേറ്റിലേക്കെത്തുന്നു. മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ട്. പെട്ടെന്ന് അവന്‍ കാണുന്നു. കൃഷ്ണമ്മാവന്‍, ദേവി എന്നിവര്‍ വരുന്നു. ദേവി ധാരാളം വളകളും മറ്റും അണിഞ്ഞിരിക്കുന്നു.
കൃഷ്ണന്‍: എപ്പൊ വന്നു...?
(ദേവി മുഖം കുനിച്ചുനില്‍ക്കുകയാണ്. കൃഷ്ണമ്മാവന്‍ ഒന്നു നോക്കി നടന്നു നീങ്ങിനില്‍ക്കുന്നു.)
സേതു: ദേവീ...
(അവള്‍ മുഖമുയര്‍ത്തി നോക്കി. ആ കണ്ണുകള്‍ പൊട്ടിയൊഴുകാന്‍ കാത്തുനില്‍ക്കുന്നു.)
കാണണംന്ന് ഒരാശയുണ്ടായിരുന്നു. അതും നടന്നു... ധാരാളം കുട്ടികളോടൊപ്പം ദേവി ഇരിക്കുന്നൊരു സ്വപ്‌നം കണ്ടു, ഒരിക്കല്‍... കൗരവപ്പട...
(അയാള്‍ മന്ദഹസിച്ചു. ദേവി നിറകണ്ണുകളോടെ നോക്കി. അവരുടെ മുഖങ്ങളില്‍ വെള്ളത്തുള്ളികള്‍ വീഴാന്‍ തുടങ്ങുന്നു.)
നനയണ്ട...
(നെറുകയില്‍ കൈമറച്ച് അയാള്‍ നടന്നുപോകുന്നു. ചളിവെള്ളം കെട്ടിനില്‍ക്കുന്ന റോഡിലൂടെ അയാള്‍ നടന്നുപോകുന്നത് ദേവിയുടെ കാഴ്ചപ്പാടില്‍.)

ബാര്‍
ബാര്‍ കൗണ്ടറില്‍ ജോസ് മദ്യം മോന്തുന്നു. അനുചരന്മാരില്‍ ഒരാള്‍ നനഞ്ഞുകുതിര്‍ന്ന് ഓടിവരുന്നു.
അയാള്‍: ജോസേട്ടാ.... സേതുമാധവന്‍ എത്തീട്ടുണ്ട്.
ജോസ്: എവിടെ ആ പന്നി...?

മാര്‍ക്കറ്റ്
വൈകുന്നേരം
മഴയില്‍ നനഞ്ഞ അന്തിച്ചന്ത. മാര്‍ക്കറ്റിനു നടുവില്‍ സേതു ഒരു ബലിമൃഗത്തെപ്പോലെ ഇരിക്കുന്നു. അയാള്‍ നനഞ്ഞുകുതിര്‍ന്നിരിക്കുന്നു.
ഓട്ടിന്‍പുറങ്ങളില്‍നിന്നും വെള്ളം തുള്ളിയിട്ടുവീഴുന്നു. വീണ്ടും തോര്‍ന്ന മഴ. പലരും വിചിത്രമായ ഒരു കാഴ്ച കാണുന്നതുപോലെ നോക്കിനില്‍ക്കുന്നു.
ജോസിന്റെ കാര്‍ വന്നുനില്‍ക്കുന്നു. ഡോര്‍ തുറന്ന് ജോസ് ഇറങ്ങുന്നു. കൈയില്‍ ഒരു കഠാരയും ഇരുമ്പുവടിയുമുണ്ട്.
അവര്‍ സേതുവിനുനേരെ ഓടിയടുക്കുന്നു.സേതു എഴുന്നേറ്റുനിന്നു. വേട്ടമൃഗത്തെ കണ്ടതുപോലെ ജോസ് അണച്ചുകൊണ്ട് ഒന്നു ചിരിച്ചു-
സേതു: ചിരിക്കണ്ട... ചാവാന്‍ കണക്കാക്ക്യാ വന്നത്... പൊരുതിച്ചാവാന്‍...
(ജോസ് ആക്രമിക്കുന്നു - ഘോരമായ ഒരു സംഘട്ടനം. വല്ലാത്ത ഒരാവേശത്തോടെയുള്ള കടന്നാക്രമണമാണ്. സേതുവിന്റെ കാഴ്ചക്കാരുടെ എണ്ണം കൂടുന്നു. അവരില്‍ ജോസിന്റെ അനുചരന്മാരുമുണ്ട്.
ഒടുവില്‍ ജോസിനെ കച്ചിവടിക്കടിച്ച് വീഴ്ത്തുന്നു. അയാളുടെ തല സേതു അടിച്ചുപൊളിക്കുന്നു. ജോസ് പിടഞ്ഞുകൊണ്ടലറിവിളിക്കുന്നു.
സേതു തിരിഞ്ഞു-
സേതു: ഇനി ആര്‍ക്കാടാ എന്റെ ജീവന്‍ വേണ്ടത്... ചങ്കൂറ്റണ്ടെങ്കില്‍
എറങ്ങിവാടാ... കൊതി തീരെ കൊല്ലണം എനിക്ക്.
(അയാള്‍ക്ക് വല്ലാത്ത മതിഭ്രമം ബാധിച്ചതുപോലെയാണ്.
പോലീസ് ജീപ്പ് ഇരമ്പി വന്നു നില്‍ക്കുന്നു. എസ്.ഐ., എ.എസ്.ഐ., ആന്റണി തുടങ്ങിയവര്‍ ചാടിയിറങ്ങുന്നു. താഴെ കിടന്ന കത്തിയെടുത്ത്)
സേതു: മുന്നോട്ടടുക്കരുത്... അടുത്തു വന്നാല്‍ ആരാണെന്നു ഞാന്‍ നോക്കില്ല...
(എസ്.ഐ.യും സംഘവും നിന്നു)
എസ്.ഐ: സേതൂ... കത്തി താഴെയിട്...
(എസ്.ഐ. മുന്നോട്ടടുക്കാന്‍ ശ്രമിക്കുന്നു. സേതു അയാള്‍ക്കെതിരെ കുതിച്ചു.)
സേതു: അടുക്കരുതെന്നല്ലേ പറഞ്ഞത്.
(എസ്.ഐ. പിന്നോട്ടോടിപ്പോകുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ അച്ചുതന്‍നായര്‍ വരുന്നു. അയാള്‍ ഈ രംഗം കണ്ട് ഞെട്ടി. ജോസ് അലറിക്കരയുന്നു. പെട്ടെന്ന് സേതു ഓടിച്ചെന്ന് അയാളുടെ നെഞ്ചിലേക്ക് തുടരെത്തുടരെ കുത്തി.)
അച്ചുതന്‍: സേതൂ....
(സേതു കത്തിയുമായി തിരിഞ്ഞ്)
കത്തി താഴെ ഇട്ടാ...
(അദ്ദേഹം അവനോടടുക്കുന്നു.)
സേതു: അടുക്കരുത്...
അച്ചുതന്‍: സേതൂ... അച്ഛനാടാ പറയുന്നെ...
(അദ്ദേഹത്തിന്റെ കണ്ഠമിടറി)
മോനേ... കത്തി താഴെ ഇടാനാ പറയണത്...
(സേതുവിന്റെ കാഴ്ചപ്പാടില്‍ അച്ഛന്‍. തകര്‍ന്ന ഒരു മനുഷ്യനെപ്പോലെ യാചിച്ചുകൊണ്ട് നില്‍ക്കുന്നു. അവന്റെ കൈ താഴ്ന്നു. മുഖത്തെ രൗദ്രഭാവം മറഞ്ഞു. വല്ലാത്ത ഒരു തളര്‍ച്ച അയാളെ ബാധിക്കുന്നു.)
കത്തിയെറിഞ്ഞുകളഞ്ഞ് വെറും മണ്ണില്‍ കുനിഞ്ഞിരുന്ന് ഒരു കുഞ്ഞിനെപ്പോലെ അയാള്‍ വിതുമ്പിക്കരയുന്നു. എസ്.ഐ.യും സംഘവും അവനടുത്തേക്ക്. അവരവനെ വളയുന്നു.)

പോലീസ് സ്റ്റേഷന്‍
എസ്.ഐ.യുടെ മുറി
അച്ചുതന്‍ നായര്‍ കടന്നുവന്ന് സല്യൂട്ട് ചെയ്യുന്നു. അദ്ദേഹം ഒരു പേപ്പര്‍
എസ്.ഐക്ക് നീട്ടി.
എസ്.ഐ: എന്താ ഇത്...
അച്ചുതന്‍: സേതുമാധവന്റെ പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്. അയാള്‍ യോഗ്യനല്ല. അയാളൊരു നൊട്ടോറിയസ് ക്രിമിനല്‍ ആണ്.
(എസ്.ഐ. സഹതാപത്തോടെ നോക്കുന്നു. അച്ചുതന്‍ നായര്‍ സല്യൂട്ട് ചെയ്യുന്നു. തിരിയുമ്പോള്‍ അയാളുടെ കാഴ്ചപ്പാടില്‍ സ്റ്റേഷന്‍ കേഡികളുടെ ലിസ്റ്റ്...)
ഒരു പുതിയ ചിത്രം പതിപ്പിക്കുകയാണ് ഒരു പോലീസുകാരന്‍;
സേതുമാധവന്റെ. ആ ചിത്രം സ്‌ക്രീനില്‍ നിറയുമ്പോള്‍...

Cr: Mathrubumi


No comments:

Post a Comment