Tuesday, November 26, 2013

ഒരു സുഹൃത്തിനെ തേടി.. !!

ഞാനും ജാസ്മിനും ഡിഗ്രിക്ക് പഠിക്കുന്ന സമയം. ആ വര്‍ഷം ഡിസംബര്‍ ആയി. ഇനി വരാന്‍ പോകുന്ന വര്‍ഷം 2000 ആയത് കൊണ്ട് ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാരും കൂടെ ഒരു കാര്യം തീരുമാനിച്ചു. ആ മില്ലേനിയം എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ എല്ലാവരും എല്ലാവര്‍ക്കും ഓരോ ഗിഫ്റ്റ്‌ കൊടുക്കുക. ടീച്ചര്‍മാര്‍ അടക്കം എല്ലാരുടെയും പേരുകള്‍ എഴുതി ഒരു ബോക്സില്‍ ഇട്ട്, അതില്‍ നിന്ന് എല്ലാവരും ഓരോ പേപ്പര്‍ എടുക്കണം. അതില്‍ ആരുടെ പേരാണോ അവര്‍ക്കാണ് നമ്മള്‍ ഗിഫ്റ്റ്‌ കൊടുക്കേണ്ടത്. ഗിഫ്റ്റിന്റെ വില 20-25 രൂപയില്‍ കൂടാനും പാടില്ല. അങ്ങനെ ഞങ്ങള്‍ എല്ലാവരും ആ പെട്ടിയില്‍ നിന്ന് ഓരോ കടലാസ്സ്‌ എടുത്തു. എല്ലാവര്‍ക്കും ഓരോരുത്തരുടെ പേര് കിട്ടി. ക്രിസ്ത്മസ് അവധിക്ക് മുന്‍പുള്ള അവസാന ദിവസമാണ് ഗിഫ്റ്റ്‌ കൊടുക്കേണ്ടത്. എന്താണ് ഗിഫ്റ്റ്‌ എന്നതും ആര്‍ക്കാണ് കൊടുക്കാന്‍ പോകുന്നത് എന്നും ആ ദിവസമേ പറയാവു എന്നൊരു നിര്‍ബന്ധന കൂടി ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ആര്‍ക്കൊക്കെ ആരുടെ പേരാണ് കിട്ടിയത് എന്ന് ഞങ്ങള്‍ അറിഞ്ഞില്ല. കൂട്ടത്തില്‍ ഷാനു മാത്രം അവനു വേണ്ടപ്പെട്ട ഒരാളുടെ പേര് വേറെ ഒരുത്തന് കൈക്കൂലി കൊടുത്ത് സ്വന്തമാക്കി. ആ പ്രണയ കഥ ഞാന്‍ വേറെ ഒരു അവസരത്തില്‍ പറയാം.

അങ്ങനെ ക്രിസ്ത്മസ് അവധിക്കു മുന്‍പുള്ള അവസാന ദിവസം വന്നെത്തി. അന്ന് പതിവിലും നേരത്തെ ഞാന്‍ കോളേജില്‍ എത്തി. പതുക്കെ ഓരോരുത്തരായി എല്ലാവരും വന്നു തുടങ്ങി. എല്ലാവരുടെ കയ്യിലും ഓരോ ചെറിയ ഗിഫ്റ്റ്‌ പൊതികള്‍ ഉണ്ടായിരുന്നു. അപ്പോളാണ് രതീഷ്‌ വലിയൊരു കവര്‍ ആയി ക്ലാസ്സിലേക്ക് വന്നത്. അവന്റെ ഗിഫ്റ്റ്‌ മാത്രം വളരെ വലിയതായിരുന്നു. എന്താണ് അതില്‍ എന്ന് ചോദിച്ചിട്ട് അവന്‍ പറയുന്നുമില്ല. 20 രൂപയ്ക്കു അവന്‍ ഇത്ര വലിയ എന്ത് ഗിഫ്റ്റ്‌ ആയിരിക്കും വാങ്ങിയത് എന്ന് ആലോചിച്ചു ഞങ്ങളുടെ തല പുകഞ്ഞു തുടങ്ങി. ഒടുവില്‍ ഞങ്ങള്‍ ആ പൊതി പിടിച്ചു നോക്കി, നല്ല ഭാരം, അകത്തു ഭാരമുള്ള എന്തോ സാധനം അങ്ങോട്ടും ഇങ്ങോട്ടും ഇളകുന്നുമുണ്ട്. എന്ത് പണ്ടാരമാണ് ഇവന്‍ ഈ കൊണ്ട് വന്നിരിക്കുന്നത്? പലരും പല അഭിപ്രായം പറഞ്ഞു. എന്തായാലും കുറച്ചു നേരം കാത്തിരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ ടീച്ചര്‍മാര്‍ എല്ലാരും വന്നു. പേര് വിളിക്കുന്നവര്‍ അവര്‍ കൊണ്ട് വന്നിട്ടുള്ള ഗിഫ്റ്റ്‌ കൈ മാറണം. അങ്ങനെ എന്റെ പേര് വിളിച്ചു, ഞാന്‍ രാജേഷിനു ഒരു ഗിഫ്റ്റ്‌ കൊടുത്തു. ഉമേഷിന്റെ പേര് വിളിച്ചു, അവന്‍ എനിക്കൊരു ഗിഫ്റ്റ്‌ തന്നു. അതൊരു ഭംഗിയുള്ള കീ ചെയിന്‍ ആയിരുന്നു. ജാസ്മിന്റെ പേര് വിളിച്ചു അവള്‍ ഷാനുവിന് ഒരു ഗിഫ്റ്റ്‌ കൊടുത്തു.എല്ലാവരും അപ്പോള്‍ തന്നെ ഗിഫ്റ്റ്‌ പൊതി തുറക്കും. അങ്ങനെ ഒടുവില്‍ രതീഷിന്റെ പേര് വിളിച്ചു. അവന്‍ ആ കവര്‍ ജാസ്മിക്ക് കൊടുത്തു.ജാസ്മിന്‍ ആ പൊതി അഴിച്ചു തുടങ്ങി. ഞങ്ങള്‍ എല്ലാവരും ആകാംഷയോടെ അതും നോക്കി ഇരുന്നു. ഒടുവില്‍ അവള്‍ അതിന്റെ അകത്തുള്ള സാധനം പുറത്തെടുത്തതും എല്ലാവരും കൂടെ പൊട്ടിച്ചിരിച്ചു. അതൊരു വലിയ തണ്ണിമത്തന്‍ ആയിരുന്നു. 20 രൂപയ്ക്കു അത്രയും വലിയൊരു ഗിഫ്റ്റ്‌ വാങ്ങിയ അവന് എല്ലാവരും കൈ കൊടുത്തു. അന്ന് ക്ലാസ്സ്‌ കഴിഞ്ഞു പോകുമ്പോള്‍ ആ കവറിന്റെ ഭാരം കാരണം അതുമായി നടക്കാന്‍ പറ്റാതെ ഞങ്ങള്‍ അത് കോളേജില്‍ ചായ ഉണ്ടാക്കുന്ന ലിസ ചേച്ചിക്ക് കൊടുത്തു. അന്ന് ക്ലാസ്സില്‍ വെച്ച് തന്നെ അത് മുറിച്ചു എല്ലാവര്‍ക്കും കൂടി കഴിക്കാമായിരുന്നു എന്ന് എനിക്ക് പിന്നീട് തോന്നി.



ഇപ്പോള്‍ ഇത് പറയാന്‍ കാരണം അന്ന് ആ ക്ലാസ്സില്‍ ഉണ്ടായിരുന്ന 8 പേരില്‍ എല്ലാവരുമായും ഇപ്പോളും എനിക്ക് സൌഹൃദം ഉണ്ട്.പലരും ഇപ്പോള്‍ വിദേശത്താണ്.നാട്ടില്‍ പോകുമ്പോള്‍ പലരെയും വിളിക്കാറുണ്ട്. പക്ഷെ ഈ തണ്ണിമത്തന്‍ കൊടുത്ത രതീഷ്‌ മാത്രം എവിടെയാണ് എന്ന് ഞങ്ങള്‍ക്ക് ആര്‍ക്കും അറിയില്ല. കോളേജില്‍ ഉള്ള സമയത്തും അവന്‍ അധികം ആരോടും അങ്ങനെ സംസാരിക്കാറില്ല, അവന്റെ വീട് ആരും കണ്ടിട്ടുമില്ല. അവന്റെ ഫോണ്‍ നമ്പര്‍ അവന്‍ ആര്‍ക്കും കൊടുത്തിട്ടുമില്ല. അവനെ ഒന്ന് കണ്ടെത്താന്‍ എന്നോട് കൂടുകാര്‍ പല തവണ പറഞ്ഞിരുന്നു. ഈ തവണ നാട്ടില്‍ പോയപ്പോഴും ഞാന്‍ അവനെ ഒന്ന് കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ആ കോളേജ് കുറെ നാള്‍ മുന്‍പേ അടച്ച കാരണം ആ വഴിക്കും രക്ഷയില്ല. അവന്റെ നാട് തൃശൂര്‍ ആമ്പല്ലൂര്‍ ആണെന്ന് മാത്രമേ അറിയൂ. ഫേസ് ബുക്കില്‍ ഞാന്‍ തപ്പിയെങ്കിലും കിട്ടിയില്ല. കോളേജില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ എന്റെ കസിന്റെ കല്യാണത്തിന് വന്നപ്പോള്‍ എടുത്ത ഈ ഫോട്ടോ മാത്രമേ എന്റെ കയ്യില്‍ ഉള്ളു.നിങ്ങളില്‍ ആര്‍ക്കെങ്കിലും ഇവനെ അറിയുമോ എന്ന് അറിയില്ല, എങ്കിലും ചുമ്മാ ഒന്ന് ശ്രമിച്ചു നോക്കുന്നു എന്ന് മാത്രം. പഴയ ഒരു സുഹൃത്തിനെ വീണ്ടും കാണാന്‍ കഴിഞ്ഞാല്‍ നല്ലതല്ലേ?

No comments:

Post a Comment