Wednesday, November 20, 2013

അവധിക്കാല വിശേഷങ്ങള്‍ ( ഭാഗം മൂന്ന് )

ഭാഗം ഒന്ന്
http://trichurdiary.blogspot.ae/2013/11/blog-post_18.html

ഭാഗം രണ്ട്
http://trichurdiary.blogspot.ae/2013/11/blog-post_19.html

ഉച്ചക്ക് 2.30നു ആണ് ഞങ്ങള് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. ഞങ്ങളുടെ കൂടെ പ്രായമായ ഒരു അമ്മച്ചിയും ഉണ്ടായിരുന്നു. അവരെ അവരുടെ മകന്‍ ആണെന്ന് തോന്നുന്നു സീറ്റില്‍ കൊണ്ടിരുത്തി പോയത്, പോകും മുന്‍പ്‌ അവര്‍ മകന്റെ മുഖത്ത് കരഞ്ഞു കൊണ്ട് ഉമ്മ വെക്കുന്നത് കണ്ടു. ഞങ്ങളുടെ മുന്‍പിലെ സീറ്റില്‍ ഒരു കണ്ണടക്കാരനും, പിന്നെ ഒരു തടിയനും അയാളുടെ ഭാര്യയും ഉണ്ടായിരുന്നു. ഇടയ്ക്കു പുസ്തകങ്ങളും, വിത്തുകളും, ചിപ്സുമായി കുറച്ചു കച്ചവടക്കാര് വന്നു. ചിപ്സ് കൊണ്ട് വന്നയാളുടെ കണ്ണിനു അത്ര സുഖമില്ല. മുകളിലെ ബര്‍ത്തില്‍ ഇരുന്ന ഒരാള്‍ ഒരു പാക്കറ്റ് ചിപ്സ് അയാളോട് വില പേശി വാങ്ങുന്നത് കണ്ടു. മുന്‍പില്‍ ഇരുന്ന കണ്ണടക്കാരന്‍ അയാളുടെ ബാഗ്‌ തുറന്നു ഒരു പൊതിചോറ് പുറത്തെടുത്തു. പൊതി തുറന്നപ്പോള്‍ അതിന്റെ മണം എന്റെ മൂക്കിലേക്ക് അടിച്ചു കയറി.വാഴയിലയിലെ ചോറിനു മുകളിലെ തേങ്ങാചമ്മന്തിയും, കൂടെ ഉപ്പേരിയും കൂട്ടി അയാള് ആസ്വദിച്ചു ഊണ് കഴിക്കുന്നത് കണ്ടപ്പോള് നാവില്‍ വെള്ളമൂറി. ജാസ്മിന്‍ ഒരു ചെറു ചിരിയോടെ എന്നെ നോക്കി. പാപ്പിയുടെ വീട്ടില്‍ നിന്നും ധൃതിയില്‍ ഊണ് കഴിക്കുന്നതിനു പകരം അത് പൊതിചോറായി എടുക്കാമായിരുന്നില്ലേ എന്ന് ഞാന്‍ അവളോട് ചോദിച്ചു. പാപ്പിയുടെ അമ്മ അത് പറഞ്ഞതാണെന്നും, അവള് വേണ്ടെന്നു പറഞ്ഞതാണെന്നും കേട്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു. സമയം ഇല്ലാത്തതു കൊണ്ട് ഞാന്‍ ഊണ് ശരിക്ക് കഴിച്ചിരുന്നില്ല. എന്തായാലും അവിടെ നിന്ന് തന്ന അട പ്രഥമന്‍ കഴിച്ചു. ഊണ് കഴിഞ്ഞപ്പോള്‍ അയാള്‍ ഇടക്കിടക്ക് ആരെയോ വിളിച്ചു ക്രിക്കറ്റ് സ്കോര്‍ അന്വേഷിക്കുന്നത് കേട്ടു. ഇനി അയാള്‍ വല്ല ബുക്കിയുമാണോ എന്ന് ഞാന്‍ സംശയിച്ചു. ഉച്ച സമയം ആയത് കൊണ്ട് ഒരു മയക്കം വന്നെങ്കിലും ഞാന് ഉറങ്ങിയില്ല. ജനലിലൂടെ ചുമ്മാ പുറത്തേക്ക് നോക്കി ഇരുന്നു.മോന് ആ സീറ്റിലും ജനാലയിലുമൊക്കെ കിടന്നും തൂങ്ങിയും ഓരോന്നു കാണിച്ചു കൊണ്ടിരുന്നു. മോന്റെ കുസൃതികള് കണ്ടു അവിടെ ഇരുന്നവരൊക്കെ അവനെ ശ്രദ്ധിച്ചു തുടങ്ങി. കൂട്ടത്തില് ആ കണ്ണടക്കാരന്‍ അവനോട് പേരൊക്കെ ചോദിച്ചു. പിന്നെ അയാള് ഒരു പേപ്പറും പേനയുമെടുത്തു മോന്റെ പടം വരയ്ക്കാന്‍ തുടങ്ങി. അയാള് ഒരു ചിത്രകാരന്‍ ആകുമെന്ന് കരുതി ഞാന് ആകാംക്ഷയോടെ അത് നോക്കി ഇരുന്നു. വരച്ചു കഴിഞ്ഞു അയാള്‍ ആ പടം മോനെ കാണിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി, അതിനു മോന്റെ എന്നല്ല, ഒരു കുട്ടിയുടെയും രൂപം ഇല്ലായിരുന്നു. അയാള് അത് മടക്കി അയാളുടെ പോക്കറ്റില് തന്നെ വെച്ചു. ഇടയ്ക്കു ചായ ചായ എന്നും പറഞ്ഞു ഒരാള് വന്നു. മുന്‍പിലെ സീറ്റിലെ ഇരുന്ന ആ തടിയന്‍ ഒരു ചായ വാങ്ങി. കുടിക്കും മുന്പ് അത് തട്ടിപോയി അയാളുടെ പാന്റ്സില് വീണു. അയാളുടെ ഭാര്യ ടവല്‍ എടുത്തു അത് തുടക്കുന്നത് കണ്ടു. വണ്ടി തൃശൂര്‍ എത്താറായപ്പോള്‍ ഒരു കളിപ്പാട്ട കച്ചവടക്കാരന്‍ വന്നു. മോന് ഒരെണ്ണം വാങ്ങി കൊടുത്തു. രാത്രി ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തി.




പിന്നെ കുറച്ചു ദിവസങ്ങള്‍ തിരക്ക് പിടിച്ചതായിരുന്നു. അത് കൊണ്ട് തന്നെ ദീപാവലി റിലീസായ ആരംഭവും, കൃഷും ഒന്നും കാണാന് പറ്റിയില്ല. ഇടുക്കി ഗോള്‍ഡും ക്ലീട്ടസും എല്ലാം ഞാന്‍ മുന്‍പേ കണ്ടിരുന്നു. ഇടയ്ക്കു ഞങ്ങളുടെ കുറച്ചു പഴയ സുഹൃത്തുക്കളെ കാണാന്‍ പോയി. എല്ലാ അവധിക്കും പഴയ സുഹൃത്തുക്കളെ പരമാവധി കാണാന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ട്. പിന്നെ ഒരു ദിവസം ഞങ്ങളെ ഡിഗ്രിക്ക് പഠിപ്പിച്ച സുജാത ടീച്ചറുടെ വീട്ടില്‍ പോയി. മുന്‍പ്‌ ഞാന്‍ അവിടെ ട്യൂഷന് പോയിട്ടുണ്ട്. ഞങ്ങള് ചെല്ലുമ്പോള്‍ ടീച്ചര്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുകയായിരുന്നു. കുറെ കുട്ടികള്‍ ഉണ്ട്. ഞങ്ങള്‍ സ്വയം പരിചയപ്പെടുത്തി, പക്ഷെ ടീച്ചര്‍ക്ക് ഞങ്ങളെ ഓര്‍മ്മയില്ല. പത്തു പതിനഞ്ചു വര്‍ഷം കഴിഞ്ഞില്ലേ?അതിനിടയില്‍ എത്ര കുട്ടികളെ പഠിപ്പിച്ചു കാണും? ഞങ്ങളുടെ ബാച്ചിലെ കുറച്ചു പേരുടെ പേരുകള്‍ പറഞ്ഞപ്പോള്‍ കുറച്ചു ഓര്‍മ്മ വന്ന പോലെ തോന്നി. ആ ദിവസങ്ങളില്‍ ഒന്നില്‍ തന്നെയാണ് ടൌണില്‍ വെച്ചു ഫോറം സുഹൃത്ത് ശിവരാമനെയും കണ്ടത്. ഇതിനിടയില്‍ രാമദാസിന്റെ അടുത്ത് കിട്ടുന്ന പാല്‍ സര്‍ബത്തും, പുഴക്കല്‍ പാടത്തു വില്‍ക്കുന്ന മോരും വെള്ളവും കഴിക്കാന്‍ മറന്നില്ല. അതെല്ലാം എല്ലാ അവധിക്കാലത്തിന്റെയും എന്റെ പ്രിയപ്പെട്ട രുചികളാണ്. അടുത്ത ദിവസം തന്നെ വീട്ടില് ഒരു കുടുംബ സംഗമം നടത്തി. എല്ലാവരും വന്നപ്പോള് വീട് നിറഞ്ഞു. ഭക്ഷണമൊക്കെ കഴിഞ്ഞു ഞങ്ങള് ഉമ്മറത്ത് ഇരിക്കുമ്പോളാണ് അയല്പക്കത്തെ കുറച്ചു കുട്ടികള് ക്രിക്കറ്റ് കളിയ്ക്കാന് പോകുന്നത് കണ്ടത്. അവരെ കണ്ടപ്പോള് മോന് അവരുടെ പിന്നാലെ പോയി. അവനെ ഒറ്റയ്ക്ക് വിടാന് പേടി ആയതു കൊണ്ട് ഞാനും കൂടെ ചെന്നു. ഒടുവില്‍ ഞാനും അവരുടെ കൂടെ കളിക്കേണ്ടി വന്നു. ഒരു വീടിന്റെ മുറ്റത്താണ് കളി. കളിയുടെ നിയമങ്ങള് അവര്‍ അവന്മാര്‍ എനിക്ക് പറഞ്ഞു തന്നു. അതായതു പന്ത് വീടിന്റെ ചില്ലില് കൊണ്ടാല് ഔട്ട്, ടെറസ്സിലേക്ക് അടിച്ചാല്‍ ഔട്ട്, മതിലില് കൊണ്ടാല് ഫോര്‍, മതില്‍ കടന്നാല്‍ സിക്സ്. അങ്ങനെ അവരുടെ കൂടെ കുറെ നേരം കളിച്ചു. ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ മോന്‍ ഇടയ്ക്കിടയ്ക്ക് വന്നു എന്നോട് "ഉപ്പ ഔട്ടായാ?" എന്ന് ആകാംഷയോടെ ചോദിക്കുമായിരുന്നു. അവരുടെ കൂടെ ഞാന്‍ കളിക്കുന്നത് കണ്ടു അപ്പുറത്തെ വീട്ടിലെ ഒരു വല്ല്യുമ്മ എന്നെ സംശയത്തോടെ നോക്കി നില്ക്കുന്നത് കണ്ടു.

അടുത്ത ദിവസം മങ്കി പെന്‍ പെന് കാണാന് പോയി, വളരെ നല്ല ഒരു സിനിമ ആയിരുന്നു.ടൌണില് നിന്ന് കുറച്ചു സിഡി വാങ്ങി. ഇതിനിടയില് കുറെ സിനിമകള്‍ ഞാന്‍ രാത്രി വീട്ടില്‍ ഇരുന്നു കണ്ടു തീര്‍ത്തിരുന്നു.ഇതിന്റെ ഇടയില്‍ എന്റെ പല്ല് എടുത്ത കാരണം പിന്നെ യാത്രകള്‍ കുറഞ്ഞു. അവധിയുടെ അവസാന ദിവസമാണ് ഞങ്ങള്‍ ആനക്കോട്ട കാണാന്‍ ഗുരുവായൂര്‍ പോയത്. എല്ലാ അവധിക്കും അത് പ്ലാന്‍ ചെയ്യും, പക്ഷെ നടക്കാറില്ല. ഈ തവണ അത് കണ്ടു. കുറെ ആനകളെ ഒരുമിച്ചു കണ്ടപ്പോള്‍ മോന് അത് വലിയ സന്തോഷമായി. ഇത് കൂടാതെ കായിക്കാടെ ബിരിയാണി കഴിക്കാൻ എറണാകുളം പോകാനുള്ള ഒരു പ്ലാനും ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം എന്റെ ഫോറം സുഹൃത്തായ എമ്മെസിന്റെ കൂടെ ഞങ്ങൾ അത് കഴിക്കാൻ മട്ടാഞ്ചേരി പോയിരുന്നെകിലും കഴിക്കാൻ പറ്റിയില്ല. ഈ തവണയും അത് മിസ്സ് ആയെന്ന് ഞാൻ എമ്മെസിനോട് ചുമ്മാ പറഞ്ഞിരുന്നു. എങ്കില്‍ എനിക്ക് വേണ്ടി ആ ബിരിയാണി വാങ്ങി എയർപോർട്ടിൽ വരാം എന്ന് എമ്മെസ് പറഞ്ഞു. ഞങ്ങൾ തിരിച്ചു പോരുന്ന ദിവസമാണ് ഗീതാഞ്ജലിയും തിരയും റിലീസ് ചെയ്തത്. എമ്മെസ് കാലത്ത് ഗീതാഞ്ജലി കണ്ട ശേഷം വീട്ടിലേക്കു പോലും പോകാതെയാണ് കായിക്കാടെ കടയിൽ പോയി ആ ബിരിയാണി വാങ്ങിയത്. ഞങ്ങൾ ഉച്ചക്ക് വീട്ടിൽ നിന്ന് ഇറങ്ങി. അഞ്ചു മണിക്ക് ഞങ്ങൾ എയർപോർട്ടിൽ എത്തുമ്പോൾ എമ്മെസ്സും ഭാര്യയും അവിടെ കാത്തു നില്ക്കുന്നുണ്ടായിരുന്നു. ട്രാഫിക്‌ കാരണം കാര്‍ എടുക്കാതെ ബൈക്കിലാണ് അവര്‍ വന്നത്. അവര്‍ അടുത്ത മാസം ദുബായില്‍ വരുമ്പോള്‍ കാണാം എന്ന് പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു.അങ്ങനെ മട്ടാഞ്ചേരിയില്‍ ഇരുന്നു കഴിക്കേണ്ട ആ ബിരിയാണി ആകാശത്ത് വെച്ചാണ് ഞങ്ങള്‍ കഴിച്ചത്. എമ്മെസ് ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ആ ആഗ്രഹം സാധിച്ചത്. 32 ദിവസങ്ങള്‍ ഉണ്ടായിട്ടും പൂര്‍ത്തിയാകാത്ത കുറെ ആഗ്രഹങ്ങളുമായി ഞങ്ങള്‍ ദുബായിലേക്ക് മടങ്ങി..അടുത്ത ഒരു അവധിക്കാലത്തിന്റെ സ്വപ്നങ്ങളും കണ്ടു കൊണ്ട്...

ശുഭം !!

No comments:

Post a Comment