Monday, October 17, 2016

Joker (2016) - Tamil Movie Review !!


എന്‍റെ സുഹൃത്ത് ലിയാസ് ആണ് എന്നോട് ഈ സിനിമയെ കുറിച്ച് പറഞ്ഞത്. അവന്‍ അങ്ങനെ പ്രത്യേകം പറയാറുള്ള സിനിമകള്‍ ഒക്കെ ഞാന്‍ കാണാറുണ്ട്. വലിയ താരങ്ങള്‍ ഒന്നുമില്ലാത്ത ഒരു കൊച്ചു ചിത്രം ആണ് ജോക്കര്‍. ഇതിലെ നായകനെ നിങ്ങളില്‍ പലരും അറിയും, അഞ്ച് സുന്ദരികളിലെ, സേതുലക്ഷ്മി എന്ന ചിത്രത്തിലെ ഫോട്ടോഗ്രാഫറെ അവതരിപ്പിച്ച ഗുരു സോമ സുന്ദരം.


കഥ നടക്കുന്നത് തമിഴ്നാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ആണ്. മന്നാര്‍ മന്നന്‍ എന്ന നായകന്‍ താന്‍ ഇന്ത്യയുടെ രാഷ്‌ട്രപതി ആണെന്ന് സ്വയം കരുതുകയും, അത് പോലെ മറ്റുള്ളവരോട് പെരുമാറുകയും ചെയ്യുന്ന ഒരാളാണ്. അയാളുടെ വേഷവും വാഹനവും എല്ലാം കൌതുകം ഉള്ളതാണ്. നാട്ടിലെ സാധാരണക്കാരുടെ എല്ലാ പ്രശ്നങ്ങളിലും അയാള്‍ ഇടപെടുന്നു, പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. അതിനു വേണ്ടി അയാള്‍ക്ക് അയാളുടെതായ സമരമുറകള്‍ ഉണ്ട്. അത് കൊണ്ട് തന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും, പോലീസിനും ഇയാള്‍ ഒരു സ്ഥിരം തലവേദനയായി മാറുന്നു. എന്നാല്‍ ഇയാള്‍ എങ്ങനെ ഇങ്ങനെ ആയതിന് പിന്നില്‍ വേദനിപ്പിക്കുന്ന ഒരു കഥയുണ്ട്. അതാണ് സിനിമയുടെ ബാക്കി ഭാഗം പറയുന്നത്.


ഇന്ത്യയിലെ 60% ജനങ്ങള്‍ക്കും ഇന്നും സ്വന്തമായി ശൌചാലയം ഇല്ല. ഈ ഒരു ഗൌരവമായ വിഷയമാണ്‌ സിനിമയിലൂടെ പറയുന്നത്. അത് തന്നെയാണ് ഈ സിനിമയുടെ പ്രസക്തിയും. നായകന്‍ ആയി അഭിനയിച്ച ഗുരുവിന്‍റെ പ്രകടനം എടുത്ത് പറയേണ്ടതാണ്‌. അയാള്‍ ആ കഥാപാത്രമായി ജീവിച്ചു എന്ന് തന്നെ പറയാം.സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഈ ചത്രം കണ്ട് ഇതിന്‍റെ അണിയറക്കാരെ അഭിനന്ദിച്ചിരുന്നു. ചിത്രം തമിഴ് നാട്ടില്‍ വിജയം ആയിരുന്നു എന്നാണ് അറിഞ്ഞത്.

No comments:

Post a Comment