Thursday, October 20, 2016

സന്തോഷ്‌ ജോഗി - ഒരു ഓര്‍മ്മ !!


കീര്‍ത്തിചക്ര ഇറങ്ങിയ സമയത്താണ് ആദ്യമായി സന്തോഷ്‌ ജോഗിയെ ടൌണില്‍ വെച്ച് കാണുന്നത്. പുള്ളി ഒരു തോള്‍ സഞ്ചിയും തൂക്കി തൃശൂര്‍ റൌണ്ടിലൂടെ നടന്ന് പോകുന്നു. ഞാന്‍ ഓട്ടോയില്‍ ആയിരുന്നു. സന്തോഷേട്ടാ എന്ന് കയ്യുയര്‍ത്തി വിളിച്ചപ്പോള്‍ ആളും ചിരിച്ച് കൊണ്ട് കൈ വീശി കാണിച്ചു. പിന്നീട് കാണുന്നത് ചാക്കോ രണ്ടാമന്‍റെ സംവിധായകന്‍ സുനില്‍ കാര്യാട്ട്‌കരയുടെ കല്യാണ ദിവസം ആണ്. അന്ന് പാറമേക്കാവ് അമ്പലത്തിന് അടുത്തുള്ള ഹാളില്‍ വെച്ച് സദ്യ കഴിച്ച് കൈ കഴുകാനായി ചെന്നപ്പോള്‍ സന്തോഷ്‌ അവിടെ നില്‍ക്കുന്നു. അന്നും തോളത്ത് ആ സഞ്ചി ഉണ്ടായിരുന്നു. അന്ന് കുറച്ച് നേരം സംസാരിച്ചു. കീര്‍ത്തിചക്രയിലെ ആ റോളിനെ പറ്റിയും, അപ്പോള്‍ ചെയ്യുന്ന സിനിമകളെ കുറിച്ചുമൊക്കെ. പിന്നീട് ബിഗ്‌ ബി, ചോട്ടാ മുംബൈ, മായാവി. പോക്കിരി രാജ അങ്ങനെ കുറെ സിനിമകളില്‍ ജോഗിയെ കണ്ടു. സിനിമയില്‍ തിരക്കായി വരുന്ന സമയത്താണ് 2010ല്‍ ജോഗിയുടെ ആകസ്മികമായ മരണം. ഒരു ഞെട്ടലോടെയാണ് അന്ന് ആ വാര്‍ത്ത‍ കേട്ടത്. ഇപ്പോള്‍ 6 വര്‍ഷം കഴിഞ്ഞിരിക്കുന്നു.


വര്‍ഷങ്ങള്‍ക്കിപ്പുറം ഈ അടുത്ത് ജോഗിയുടെ ഭാര്യ ജിജിയുടെ ഒരു അഭിമുഖം വായിച്ചിരുന്നു. വളരെ ഹൃദയസ്പര്‍ശിയായ ഒന്നായിരുന്നു അത്. അപ്പോളാണ് അവരുടെ പ്രണയത്തെ കുറിച്ചും, വിവാഹത്തെ കുറിച്ചും ഒക്കെ കൂടുതല്‍ അറിഞ്ഞത്. ഒരു ഗാനമേളയില്‍ ഒരുമിച്ച് പാടിയതാണ് രണ്ടു പേരും, ആ പരിചയം ആണ് പിന്നെ പ്രണയം ആയി മാറിയതും വിവാഹത്തില്‍ എത്തിയതും. രണ്ടു പെണ്‍കുട്ടികളാണ് ജിജിക്ക്. ജോഗിയെ കുറിച്ചുള്ള ജിജിയുടെ ഫേസ്ബുക്ക് കുറിപ്പുകള്‍ ഞാന്‍ എപ്പോഴും വായിക്കാറുണ്ട്. ഇപ്പോള്‍ ജിജിയുടെ നിനക്കുള്ള കത്തുകള്‍ എന്ന പുസ്തകം ഒക്ടോബര്‍ 23ന് തൃശൂര്‍ വെച്ച് പ്രകാശനം ചെയ്യുകയാണ്.


ജിജിക്ക് എല്ലാ വിധ നന്മകളും നേരുന്നു...

No comments:

Post a Comment