Sunday, August 3, 2014

നിങ്ങളില്ലാതെ എനിക്കെന്താഘോഷം?


ഡിഗ്രി കഴിഞ്ഞ് ഞാന്‍ അതെ കോളേജില്‍ തന്നെ Mcom-ന് ചേര്‍ന്നു. ക്ലാസ്സില്‍ ഞാനും ഒരു ജോബിയും പിന്നെ മൂന്നു പെണ്‍കുട്ടികളും മാത്രം. ഈ ജോബി അങ്ങനെ സ്ഥിരമായി ക്ലാസ്സില്‍ വരാറില്ല. അത് കൊണ്ട് തന്നെ ഈ മൂന്നു പെണ്‍കുട്ടികളുമായി ഞാന്‍ പെട്ടെന്ന് കൂട്ടായി. അതില്‍ എന്‍റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു സീമ. എന്നും എന്തെങ്കിലും വിശേഷങ്ങള്‍ പറഞ്ഞ്, അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി ഞങ്ങളുടെ സൌഹൃദം വളര്‍ന്നു. ഇടക്ക് അവള്‍ സ്വന്തമായി ഉണ്ടാക്കിയ ചില ഗ്രീറ്റിംഗ് കാര്‍ഡുകള്‍ എനിക്ക് കൊണ്ട് തരും. അതൊക്കെ ഇപ്പോളും എന്‍റെ വീട്ടില്‍ ഉണ്ട്. അങ്ങനെ രണ്ട് വര്‍ഷം ഞങ്ങള്‍ ഒരുമിച്ചു പഠിച്ചു. കോഴ്സ് കഴിഞ്ഞ ഉടനെ അവളുടെ വിവാഹമായി. 2003 Nov 30 ആയിരുന്നു വിവാഹ തിയ്യതി. എന്നോട് എന്തായാലും വരണം എന്ന് അവള്‍ പറഞ്ഞിരുന്നു. ഉണ്ടാകും എന്ന് ഞാന്‍ വാക്കും കൊടുത്തു. ആ വര്‍ഷമാണ്‌ മോഹന്‍ലാല്‍ അഭിനയ ജീവിതം 25 വര്‍ഷം പിന്നിട്ടതിന്‍റെ ആഘോഷങ്ങള്‍ നടന്നത്. അതിന്‍റെ ഭാഗമായി കല്യാണ്‍ സില്‍ക്സ് അവരുടെ കസ്റ്റമേഴ്സിന് വേണ്ടി "പ്രിയപ്പെട്ട മോഹന്‍ലാല്‍ 25 വയസ്സ്" എന്ന ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. നിങ്ങളില്ലാതെ എനിക്കെന്താഘോഷം എന്ന സ്ലോഗന്‍ ഒക്കെ അതിന്‍റെ ഭാഗമായിരുന്നു.



എന്‍റെ സുഹൃത്ത്‌ സഖരിയ ആ പരിപാടിയുടെ ഒരു ടീം മെമ്പര്‍ ആയിരുന്നു. അവന്‍ എന്നെയും കൂട്ടുകാരെയും ആ പരിപാടിക്ക് വളണ്ടിയര്‍ ആകാന്‍ വിളിച്ചു. താരങ്ങളെ ഒക്കെ ഒന്ന് അടുത്ത് കാണാമല്ലോ എന്ന് കരുതി ഞാനും അവരുടെ കൂടെ കൂടി. Nov 29ന് രാത്രി ഏഴു മണിക്ക് എറണാകുളത്തായിരുന്നു ആ പരിപാടി. ഓരോ ബസ്സ്‌ നിറയെ കല്യാണിന്‍റെ കസ്റ്റമേഴ്സുണ്ടാകും. സ്റ്റേഡിയം എത്തിയാല്‍ ഉടനെ അവര്‍ക്ക് ചായ കൊടുക്കുക, ഇരിക്കാനുള്ള സീറ്റ്‌ കാണിച്ചു കൊടുക്കുക, പരിപാടി കഴിഞ്ഞാല്‍ തിരിച്ചു തൃശ്ശൂരില്‍ എത്തിക്കുക, അത്രയുമാണ് ഞങ്ങളുടെ ചുമതല. ഒരു ബസില്‍ ഞാന്‍, വേറെ ബസില്‍ സെഹീര്‍,പിന്നൊരു ബസില്‍ സുധീഷ്..അങ്ങനെ അങ്ങനെ. വൈകീട്ട് തൃശ്ശൂര്‍ നിന്നും പുറപ്പെട്ട ഞങ്ങള്‍ പറഞ്ഞ സമയത്ത് എറണാകുളം എത്തി. പക്ഷെ അവിടെ നിന്ന് അങ്ങോട്ട്‌ വണ്ടി നീങ്ങുന്നില്ല. അത്രക്കും ട്രാഫിക്‌ ബ്ലോക്ക്‌, പോരാത്തതിനു നല്ല മഴയും. പരിപാടി തുടങ്ങാനുള്ള സമയം ആയിട്ടും ഞങ്ങള്‍ സ്റ്റേഡിയം എത്തുന്നില്ല. ഞാന്‍ സംഘാടകരെ വിളിച്ചു. വേറെ വഴിയില്ലാത്തത് കൊണ്ട് എന്നോട് അവരെയും കൊണ്ട് നടന്നോളാന്‍ നിര്‍ദേശം കിട്ടി. അങ്ങനെ ആ മഴയത്ത് ഞാന്‍ അവരെയും കൊണ്ട് ഇറങ്ങി നടന്നു, എന്‍റെ പിന്നില്‍ ഒരു ജാഥ പോലെ കല്യാണിന്‍റെ ഒരു കൂട്ടം കസ്റ്റമേഴ്സും. ഒടുവില്‍ നടന്ന്‍ നടന്ന്‍ ഞങ്ങള്‍ കലൂര്‍ സ്റ്റേഡിയം എത്തി. ഞാന്‍ നോക്കുമ്പോള്‍ അകത്തേക്ക് കയറാനുള്ള എല്ലാ വാതിലും അടച്ചിരിക്കുന്നു. പുറത്ത് ഒരു പൂരത്തിനുള്ള ആളുണ്ട്. ഞാന്‍ ഇവരെയും കൊണ്ട് പല വാതിലിലേക്കും പോയി ഒരു രക്ഷയുമില്ല. അപ്പോഴും മഴ തകര്‍ത്തു പെയ്യുകയാണ്. ഞാന്‍ അവിടെ കണ്ട സെക്യൂരിറ്റികളോട് കാര്യം പറഞ്ഞു നോക്കി അവരും കൈ മലര്‍ത്തി. എല്ലാവരുടെ കയ്യിലും പാസ്‌ ഉണ്ടായിട്ടും, ഞങ്ങള്‍ക്ക് അകത്തേക്ക് കയറാന്‍ പറ്റിയില്ല.

അപ്പോളാണ് ഇതേ പ്രശ്നം പറഞ്ഞു സെഹീറും സുധീഷും എന്നെ വിളിക്കുന്നത്. ഞങ്ങള്‍ സഖരിയയെ വിളിച്ചു നോക്കി, അവന്‍റെ ഫോണ്‍ ഓഫായിരുന്നു. അകത്തു പരിപാടി തുടങ്ങിയതോടെ എന്‍റെ പിന്നാലെ വന്നിരുന്നവര്‍ അവര്‍ക്ക് എങ്ങനെ എങ്കിലും അകത്തേക്ക് കടക്കണം എന്ന് പറഞ്ഞു ബഹളം തുടങ്ങി. എന്‍റെ നിസ്സഹായത ഞാന്‍ പറഞ്ഞു നോക്കി. അതൊന്നും അവര്‍ കേള്‍ക്കുന്നില്ല. അവരെ കൊണ്ട് വന്നത് ഞാന്‍ ആയതു കൊണ്ട് അകത്തേക്ക് കൊണ്ട് പോകേണ്ട ഉത്തരവാദിത്തം എനിക്കാണ് എന്നാണ് പറയുന്നത്. സമയം പിന്നെയും കടന്നു പോയി. നെറ്റ്‌വര്‍ക്ക് ജാം ആയതു കൊണ്ട് ആരെയും അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ട് കിട്ടുന്നില്ല. ഞാന്‍ കല്ല്യാണിന്‍റെ ചില പയ്യന്മാരെ പോയി കണ്ടു കാര്യം പറഞ്ഞു. നോക്കിയപ്പോള്‍ അവരും ഞങ്ങളെ പോലെ അകത്തു കടക്കാന്‍ പറ്റാതെ നില്‍ക്കുകയാണ് എന്ന് അറിഞ്ഞു. അത്ര നേരവും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഈ സംഘം എന്‍റെ പിന്നാലെ നടക്കുകയാണ്. ഒടുവില്‍ അവരുടെ ക്ഷമ കെട്ടു തുടങ്ങി. അവര്‍ എന്നെ പഞ്ഞിക്കിടും എന്ന ഒരു ഘട്ടം വന്നപ്പോള്‍ ഞാന്‍ അവരെ സ്റ്റേഡിയത്തിന്‍റെ ഒരു ഭാഗത്ത്‌ നിര്‍ത്തി. എന്നിട്ട് പറഞ്ഞു " അതേ, നമ്മള്‍ ഇങ്ങനെ എല്ലാവരും കൂടെ ഈ സ്റ്റേഡിയം വലം വെച്ചിട്ട് ഒരു കാര്യവുമില്ല. നിങ്ങള്‍ കുറച്ചു പേര്‍ എന്‍റെ കൂടെ വാ, നമുക്ക് എങ്ങനെ എങ്കിലും അകത്തേക്ക് ഇടിച്ചു കയറാം. എന്നിട്ട് ഇതിന്‍റെ ആള്‍ക്കാരെ ആരെയെങ്കിലും കണ്ടു കാര്യം പറയാം. എന്നാലെ ബാക്കിയുള്ളവര്‍ക്കും കൂടെ അകത്തു കേറാന്‍ പറ്റൂ". എന്‍റെ ആ അഭിപ്രായം അവര്‍ അംഗീകരിച്ചു. അങ്ങനെ കൂട്ടത്തില്‍ തടി മിടുക്കുള്ള മൂന്നു പേര്‍ എന്‍റെ കൂടെ വന്നു. ഞങ്ങള്‍ ഒരുമിച്ചു അങ്ങോട്ട്‌ നടക്കുമ്പോള്‍ അവിടെ ഒരു ബഹളം. ഞാന്‍ നോക്കുമ്പോള്‍ അകത്തേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച ചിലരെ പോലീസുകാര്‍ ലാത്തി വെച്ച് അടിച്ചോടിക്കുന്നു. ആ ബഹളത്തില്‍ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ചിതറി ഓടി. അടി കൊള്ളാതിരിക്കാന്‍ വേണ്ടി ഞാനും ഓടി. പിന്നെ നോക്കുമ്പോള്‍ എന്‍റെ കൂടെ ഉണ്ടായിരുന്ന തടിയന്മാരെ കാണാനില്ല. ഞാന്‍ കുറച്ചു ദൂരെ ഒരിടത്ത് ചെന്ന് നിന്ന്‍ കിതക്കുകയാണ്. അപ്പോളാണ് സഖരിയ അകലെ നിന്ന് ഓടി വരുന്നത് കണ്ടത്. ഞാന്‍ അവനെ ഉറക്കെ വിളിച്ചു " ടാ സഖരിയാ. അവന്‍ എന്നെ കണ്ടു. "ടാ സിറാജെ, ജീവന്‍ വേണേല്‍ ഓടിക്കോ" എന്നും പറഞ്ഞാണ് അവന്‍ എന്‍റെ അടുത്തേക്ക് വരുന്നത്. ഞാന്‍ നോക്കുമ്പോള്‍ അവന്‍ എന്‍റെ അടുത്ത് നില്‍ക്കാതെ ഓട്ടം തുടരുകയാണ്. കാര്യം പറയടാ പുല്ലേ എന്നും പറഞ്ഞു ഞാനവന്‍റെ പിന്നാലെ ഓടി. ആ ഓട്ടം അവന്‍ ചെന്ന് നിന്നത് മെയിന്‍ റോഡിലാണ്. പിന്നെയാണ് അറിഞ്ഞത് ബസില്‍ ഉണ്ടായിരുന്നവര്‍ അവനെ അടിക്കാന്‍ നിന്നപ്പോള്‍ ഓടിയതാണെന്ന്. അവരുടെയൊക്കെ ധാരണ ഞങ്ങള്‍ എല്ലാവരും കല്യാണ്‍ സ്റ്റാഫ്‌ ആണെന്നാണ്. കുറെ കോള്‍സ് വന്നപ്പോള്‍ ഞങ്ങള്‍ മൊബൈല്‍ ഫോണുകള്‍ ഓഫ്‌ ചെയ്തു വെച്ചു.

കുറെ കഴിഞ്ഞു മഴ തോര്‍ന്നപ്പോള്‍ ഞങ്ങള്‍ വീണ്ടും അവിടെ പോയി. ആരെങ്കിലും കണ്ടാല്‍ പെട്ടെന്ന് ആളെ അറിയാതിരിക്കാന്‍ വേണ്ടി ഷര്‍ട്ടുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ഇട്ടാണ് പോയത്. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആള്‍ക്കാരെ ആരെയും അവിടെ കാണാനില്ല. അവര്‍ അകത്തേക്ക് കയറിയോ അതോ മടങ്ങി പോയോ എന്നൊന്നും അറിയില്ല. അപ്പോള്‍ ഗേറ്റ് തുറന്നിട്ടുണ്ട്. ഞങ്ങള്‍ രണ്ടു പേരും അകത്തേക്ക് കയറി. വെള്ളം വീണു സ്റ്റേഡിയം ആകെ നാശകോശമായി കിടക്കുന്നു. ആള്‍ക്കാരൊക്കെ അവിടെയും ഇവിടെയുമായി ചിതറി നിന്ന് പരിപാടി കാണുന്നുണ്ട്. കുറെ പേര്‍ മടങ്ങി പോകുന്നുണ്ട്. ഈ മഴയും നമുക്ക് ഒരു ആഘോഷമാക്കാം എന്നൊക്കെ മോഹന്‍ലാല്‍ പറയുന്നുണ്ട്. എങ്കിലും അതൊന്നും ആരും കേള്‍ക്കുന്നില്ല. അകത്തു വെച്ചാണ്‌ ഞങ്ങള്‍ കൂട്ടുകാരെ പലരെയും കണ്ടത്. എല്ലാവരുടെയും അവസ്ഥ ഏതാണ്ട് ഇതൊക്കെ തന്നെ. രാത്രി ഏറെ വൈകിയാണ് പരിപാടി കഴിഞ്ഞത്. എന്തായാലും ആര്‍ക്കും അടി കൊള്ളാതെ രക്ഷപ്പെട്ടത് ഭാഗ്യം എന്നും പറഞ്ഞു ഞങ്ങള്‍ മടങ്ങി പോന്നു. പാതിരാത്രി കുറെ നേരം ഞങ്ങള്‍ എല്ലാവരും കൂടെ റോഡിലിരുന്ന്‍ അവരവരുടെ അനുഭവങ്ങള്‍ പങ്കു വെച്ചു. ഞങ്ങള്‍ വന്ന വണ്ടിയൊക്കെ പോയത് കൊണ്ട് വേറെ ബസില്‍ കയറിയാണ് അന്ന് ടൌണിലേക്ക് വന്നത്. വീട്ടില്‍ എത്തിയപ്പോള്‍ പുലര്‍ച്ചെ നാലു മണി കഴിഞ്ഞു. വന്ന ഉടനെ ഞാന്‍ കിടന്നുറങ്ങി, അത്രയ്ക്ക് ക്ഷീണം ഉണ്ടായിരുന്നു. ഉച്ചക്ക് ഒരു മണി ആയപ്പോള്‍ ഉമ്മ എന്നെ വിളിച്ചു. ടാ ഇന്നല്ലേ നിന്‍റെ ഫ്രണ്ട് സീമയുടെ കല്യാണം? നീ പോകുന്നില്ലേ?" തലേ ദിവസത്തെ തിരക്കില്‍ ഞാന്‍ ആ കാര്യം മറന്നു പോയി. ഉറക്കത്തില്‍ പെട്ട കാരണം സമയം അറിഞ്ഞതുമില്ല. ഇനി ആ സമയത്ത് പോയിട്ടെന്തു കാര്യം? ഞാന്‍ യാത്ര ക്ഷീണം കാരണം ഉറങ്ങുന്നതല്ലേ എന്ന് കരുതിയാണത്രേ ഉമ്മ വിളിക്കാതിരുന്നത്. പിന്നീട് സീമ വിളിച്ചപ്പോള്‍ ഞാന്‍ ഈ കാര്യങ്ങളൊക്കെ പറഞ്ഞു. ആ മോഹന്‍ലാലും മഴയും കാരണമാണ് ഇതൊക്കെ സംഭവിച്ചത് എന്ന് ഞാന്‍ പറഞ്ഞു. അവള്‍ അത് കേട്ട് ചിരിച്ചു. എല്ലാം കഴിഞ്ഞിട്ട് വര്‍ഷം കുറെ കഴിഞ്ഞു. ഇന്നും എനിക്ക് ആ കല്യാണം കൂടാന്‍ കഴിയാത്തതില്‍ നല്ല വിഷമം ഉണ്ട്.

വാല്‍ക്കഷ്ണം: പിന്നീട് കുറെ നാള്‍ കഴിഞ്ഞു അന്ന് എന്‍റെ ബസിലുണ്ടായിരുന്ന കല്യാണിന്‍റെ ഒരു കസ്റ്റമറെ ഞാന്‍ ടൌണില്‍ വെച്ച് കണ്ടു. എന്നെ കണ്ടു പുള്ളി ഇങ്ങോട്ട് വന്നു ഹലോ പറയുവായിരുന്നു. എനിക്ക് പെട്ടെന്ന് ആളെ മനസ്സിലായില്ല, പക്ഷെ അയാള്‍ക്ക് എന്നെ നല്ല ഓര്‍മ്മയുണ്ട്. അവര്‍ക്ക് ആര്‍ക്കും അന്ന് പരിപാടിയൊന്നും കാണാന്‍ പറ്റിയില്ല, എല്ലാവരും പോയ ബസില്‍ തന്നെ ടൌണില്‍ തിരിച്ചു വന്നു. പിന്നീട് കല്യാണ്‍ അവര്‍ക്ക് എന്തോ ചില്ലറ നഷ്ട്ടപരിഹാരം കൊടുക്കുകയും ചെയ്തത്രേ. അന്നുണ്ടായ കാര്യങ്ങള്‍ എല്ലാം ഞാന്‍ അയാളോട് വിശദമായി പറഞ്ഞു. അങ്ങോരെല്ലാം കേട്ട് ചുമ്മാ ചിരിച്ചതെയുള്ളൂ, അല്ലാതെ നിങ്ങള്‍ കരുതുന്ന പോലെ എന്നെ തല്ലിയൊന്നുമില്ല.

2 comments:

  1. പത്താം വിവാഹവാർഷികം 2013ൽ ആയിരുന്നില്ലേ? പോയോ?

    ReplyDelete