Saturday, June 7, 2014

ഒരു തൃശ്ശൂര്‍ പ്രണയ കഥ..




15 വര്‍ഷം മുന്‍പ് ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയം. അന്ന് എനിക്കൊരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു. അവന് അന്നൊരു പെണ്‍കുട്ടിയുമായി ഇഷ്ട്ടത്തിലായി. രണ്ടു പേരും രണ്ടു മതത്തില്‍ പെട്ടവര്‍. ആ കുട്ടി വേറെ ഒരു കോളേജിലാണ് പഠിക്കുന്നത്. എങ്കിലും കത്തുകളിലൂടെ അവര്‍ പരസ്പരം അറിഞ്ഞു. വളരെ പെട്ടെന്നാണ് അവര്‍ തമ്മില്‍ അടുത്തത്‌. ഇടയ്ക്കു ചില ദിവസങ്ങളില്‍ അവര്‍ ടൌണില്‍ വെച്ച് കാണും. അവളെ കാണാന്‍ പോയി വന്നു ആ വിശേഷങ്ങള്‍ അവന്‍ എന്നോട് പറയും. അവളുടെ നാട്ടിലെ അമ്പലത്തിലെ ഉത്സവത്തിന്‌ അവളെ കാണാന്‍ വേണ്ടി ഞങ്ങള്‍ പോയിരുന്നു. പക്ഷെ ഒരു വര്‍ഷം കഴിയും മുന്‍പേ അവളുടെ കല്യാണം ഉറപ്പിച്ചു. കേട്ടപ്പോള്‍ വലിയ വിഷമം തോന്നി. അങ്ങനെ ആ ഓണം അവധിക്കു കോളേജ് അടക്കുന്ന ദിവസം, കൃത്യമായി പറഞ്ഞാല്‍ 1999, ഓഗസ്റ്റ്‌ 20-ന് അവളുടെ അവസാനത്തെ ഒരു കത്ത് അവനെ തേടി എത്തി. അവന്‍ അതിരുന്ന്‍ വായിക്കുന്നതും അവന്‍റെ മുഖഭാവം മാറുന്നതും ഞാന്‍ കണ്ടു. പെട്ടെന്ന് അവന്‍ സീറ്റില്‍ നിന്ന് എണീറ്റ്‌ പുറത്തേക്കു പോയി. ഞാന്‍ അവനെ പിറകെ പോയി വിളിച്ചു, പക്ഷെ അവന്‍ നിന്നില്ല. ഒടുവില്‍ ഞാന്‍ അവന്‍റെ മുന്‍പില്‍ചെന്ന് നിന്നു. "നീ എങ്ങോട്ടാ ഈ പോകുന്നത്" എന്ന് ഞാന്‍ ചോദിച്ചു. "നീ ഒക്കെ ഉണ്ടായിട്ട്‌ എന്താടാ കാര്യം" എന്നും പറഞ്ഞു അവന്‍ എന്നെ തട്ടി മാറ്റി മുന്‍പോട്ടു പോയി. പിന്നെ ഞാന്‍ അവനെ തടഞ്ഞില്ല. അവനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്ത എനിക്ക് അവനെ തടുക്കാന്‍ എന്തവകാശം? പിറ്റേ ദിവസം മുതല്‍ കോളേജ് അവധി ആയിരുന്നത് കൊണ്ട് ഞങ്ങള്‍ തമ്മില്‍ കാണാതെയായി. എന്നാലും ഞങ്ങള്‍ ദിവസവും ഫോണ്‍ ചെയ്യുമായിരുന്നു. അവന്‍ എന്നോട് ഒരു ദിവസം വീട്ടിലേക്കു വരാന്‍ പറഞ്ഞു. അങ്ങനെ ഓണത്തിന്‍റെ തലേ ദിവസം ഞാന്‍ അവന്‍റെ വീട്ടിലേക്കു പോയി. അന്ന് ഞാന്‍ അവിടെ തങ്ങി. ഈ കല്ല്യാണം എങ്ങനെ ഒഴിവാക്കാം എന്ന് മാത്രം ആയിരുന്നു രാത്രി മുഴുവന്‍ അവന്‍റെ ആലോചന. പിറ്റേ ദിവസം കാലത്ത് ഞാന്‍ വീട്ടിലേക്കു പോന്നു. ബസിന്‍റെ സൈഡ് സീറ്റില്‍ പുറംകാഴ്ചകള്‍ കണ്ടു ഞാനിരുന്നു. ഓണം ആയതു കൊണ്ട് എവിടെയും നല്ല ആഹ്ലാദം നിറഞ്ഞ കാഴ്ചകള്‍, പക്ഷെ എന്‍റെ മനസ്സ് അസ്വസ്ഥമായിരുന്നു.

ഓണം അവധി കഴിഞ്ഞ് വീണ്ടും ക്ലാസ്സ്‌ തുടങ്ങി. രണ്ടാഴ്ച്ച കഴിഞ്ഞാൽ അവളുടെ കല്യാണമാണ്. അതിനു മുന്‍പേ അവളെയൊന്ന് കാണാന്‍ അവന്‍ കുറെ ശ്രമിച്ചു, പക്ഷെ നടന്നില്ല. അന്ന് ഞങ്ങളുടെ കോളേജില്‍ ചായ വെക്കുന്ന ഒരു ചേച്ചി ഉണ്ട്. ഞങ്ങളുടെ മുഖത്തെ മ്ലാനത കണ്ട ലിസി ചേച്ചി കാര്യം ചോദിച്ചു. ഞങ്ങള്‍ ചേച്ചിയോട് വിവരങ്ങള്‍ പറഞ്ഞു. അപ്പൊള്‍ ആ ചേച്ചി പറഞ്ഞു " എന്‍റെ ഒരു ചെറിയ വീടാണ്. നീ വിളിച്ചാല്‍ ആ കുട്ടി വരുമെങ്കില്‍ കുറച്ചു ദിവസത്തേക്ക് നിങ്ങള്‍ക്ക് അവിടെ നില്‍ക്കാം" എന്ന്. അത് വേണ്ട ചേച്ചി, എന്തായാലും ചേച്ചി പറഞ്ഞല്ലോ, അത് തന്നെ ധാരാളം എന്ന് പറഞ്ഞു അവന്‍ മടങ്ങി. പിന്നെ അവന്‍ എന്നോട് പറഞ്ഞു "താമസിക്കാന്‍ ഒരു സ്ഥലം എളുപ്പം കിട്ടും,പക്ഷെ ജീവിക്കാന്‍ ഞാന്‍ മറ്റുള്ളവരോട് തെണ്ടണം. അത് വേണ്ട. പിന്നെ ഈ ഡിഗ്രി എന്‍റെ സ്വപ്നമാണ്. അത് കൊണ്ട് ഇത് നമുക്ക് ഇവിടെ അവസാനിപ്പിക്കാം" പിന്നെ ഞങ്ങള്‍ ആ വിഷയം സംസാരിക്കാറില്ല. ഒരു ഞായറാഴ്ച ആയിരുന്നു അവളുടെ കല്യാണം. അന്ന് എന്‍റെ വീട്ടില്‍ ഒരു കുടുംബസംഗമം ഉണ്ടായിരുന്നു. എങ്കിലും അവന്‍ വിളിച്ച കാരണം ശനിയാഴ്ച ഞാനവന്‍റെ വീട്ടില്‍ പോയി.രാത്രി വരെ ഞങ്ങള്‍ സംസാരിച്ചിരുന്നു. അപ്പോളാണ് അവന് അവളെ കാണണം എന്ന് പറയുന്നത്. ഞാന്‍ വേണ്ട എന്ന് പറഞ്ഞിട്ടും കേട്ടില്ല. അവന്‍റെ നിര്‍ബന്ധ പ്രകാരം അവന്‍റെ ബുള്ളറ്റില്‍ ഞങ്ങള്‍ അവളുടെ നാട്ടിലേക്കു പോയി. അവളുടെ വീട് ഞങ്ങള്‍ക്കറിയില്ലായിരുന്നു. എങ്കിലും കല്യാണ വീടായത് കൊണ്ട് കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. അങ്ങനെ ഒരു എട്ടു മണിയോടെ ഞങ്ങള്‍ ആ വീടിന്‍റെ അടുത്തുള്ള ഇടവഴി വരെ എത്തി. ആ വഴി തുടങ്ങുന്നിടത്ത് ഒരു സ്വാഗതം ബോര്‍ഡ് ഉണ്ട്. അതില്‍ മാലബള്‍ബുകള്‍ തൂക്കിയിട്ടിരുന്നു. ഞങ്ങള്‍ വണ്ടി അവിടെ ഒതുക്കി നിര്‍ത്തി. കല്യാണവീടില്‍ നിന്നും "മാന്തളിരിന്‍ പന്തലുണ്ടല്ലോ" എന്ന ഗാനം പതിയെ കേള്‍ക്കുന്നുണ്ട്. കുറച്ചു നേരം ഞങ്ങള്‍ അങ്ങനെ അവിടെ നിന്നു. പക്ഷെ അവന്‍ അകത്തേക്ക് പോയില്ല. അവിടത്തെ ആളുകള്‍ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി. രാത്രി സമയം, പരിചയമില്ലാത്ത നാട്. അവളുടെ വീട്ടിലേക്കു പോകുന്നില്ലെങ്കില്‍ പിന്നെ അവിടെയങ്ങനെ നില്‍ക്കണ്ടെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ ടൌണിലേക്ക് തന്നെ മടങ്ങി പോന്നു. അന്നവന്‍ ബിനിയില്‍ പോയി കുറച്ചു മദ്യപിച്ചു. പിന്നെ മടങ്ങി വന്നു ഭക്ഷണം കഴിച്ചു. നേരത്തെ ചെന്നാല്‍ വീട്ടില്‍ പിടിക്കും എന്നത് കൊണ്ട് രാഗത്തില്‍ ഒരു സിനിമയ്ക്കു കയറി. പട്ടാഭിഷേകം ആയിരുന്നു ആ സിനിമ. സിനിമ കണ്ടു എല്ലാവരും ചിരിക്കുന്നുണ്ടായിരുന്നു. പക്ഷെ എനിക്ക് ചിരിക്കാന്‍ കഴിഞ്ഞില്ല. അതിലെ ജഗതിയുടെ ഗാന രംഗം നടക്കുമ്പോള്‍ ഞാന്‍ അവനെ നോക്കി, അവന്‍ മുകളിലോട്ടു നോക്കി സീറ്റില്‍ ചാരി കിടക്കുവാണ്. അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഞാന്‍ കണ്ടു. സിനിമ കഴിഞ്ഞു ഞങ്ങള്‍ അവന്‍റെ വീട്ടിലേക്കു പോന്നു. പാതിരാത്രി, റോഡില്‍ അധികം വണ്ടികള്‍ ഇല്ല. ഞങ്ങളുടെ ബുള്ളറ്റിന്‍റെ പട പട എന്നുള്ള ശബ്ദം മാത്രം. അവന്‍ എന്നെ കെട്ടിപ്പിടിച്ചു പിന്നില്‍ ഇരുന്നു. അവന്‍റെ കണ്ണീര്‍ വീണു എന്‍റെ പുറം നനയുന്നത് ഞാനറിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തെ കാര്യങ്ങള്‍ ഓര്‍ത്തു കൊണ്ട് ഞാന്‍ വണ്ടി ഓടിച്ചു. അവന്‍റെ വീട്ടിലെത്തി. ഞങ്ങള്‍ ഓരോന്ന് സംസാരിച്ചു കിടന്നു. ഇടയ്ക്കു അവന്‍റെ സിഗരട്ട് കഴിഞ്ഞപ്പോള്‍ അവന്‍ മുന്‍പ് വലിച്ച കുറ്റികള്‍ ഓരോന്നായി നിലത്ത് നിന്ന് പെറുക്കിയെടുത്ത് കത്തിക്കാന്‍ തുടങ്ങി. പിന്നെ എപ്പോളോ ഞാനുറങ്ങി പോയി.

പിറ്റേ ദിവസം കാലത്ത് ഞാന്‍ ഉണര്‍ന്നപ്പോള്‍ അവന്‍ ബെഡിലിരിക്കുന്നുണ്ട്. ഉറങ്ങാത്ത കാരണം അവന്‍റെ കണ്ണൊക്കെ ചുകന്നിട്ടുണ്ട്. അടുത്തുള്ള അമ്പലത്തില്‍ നിന്ന് പാട്ട് കേള്‍ക്കാനുണ്ട്. ഞാന്‍ വീട്ടില്‍ പോകാന്‍ ഒരുങ്ങിയപ്പോളാണ് അവനവളെ അവസാനമായി ഒന്ന് കാണണം എന്ന് പറയുന്നത്. അതും കെട്ടു നടക്കുന്ന അമ്പലത്തില്‍ പോയി വധുവിന്‍റെ വേഷത്തില്‍ തന്നെ കാണണം എന്ന്. അങ്ങനെ ഞങ്ങള്‍ ആ അമ്പലത്തില്‍ പോയി. ഒന്‍പതിന് ആയിരുന്നു മുഹൂര്‍ത്തം. ഞങ്ങള്‍ അവിടെ ഒരു ആലിന്‍റെ ചുവട്ടില്‍ പോയി നിന്നു. അകത്തു നിന്ന് കെട്ടിമേളം കേള്‍ക്കാം. അത് മെല്ലെ മുറുകി മുറുകി വന്നു. കെട്ട്‌ കഴിഞ്ഞു അവളും ചെറുക്കനും കൂടെ പൂമാലയും പൂച്ചെണ്ടുമായി പുറത്തേക്ക് വന്നു. ഇവനെ കണ്ടാല്‍ അവള്‍ അതെല്ലാം വലിച്ചെറിഞ്ഞു അവന്‍റെയടുത്തേക്ക് ഓടി വരുമോയെന്ന് ഞാന്‍ പേടിച്ചു. അങ്ങനെ ഉണ്ടായാല്‍ എന്ത് ചെയ്യും എന്ന് വരെ ഞാന്‍ ആലോചിച്ചു. പക്ഷെ ഒന്നുമുണ്ടായില്ല. അവനെ കണ്ട നിമിഷം അവളുടെ മുഖമൊന്നു മാറി. പിന്നെ താഴെ നോക്കി മെല്ലെ നടന്നു കാറില്‍ കയറി. ഞാന്‍ ആകെ മരവിച്ച ഒരു അവസ്ഥയില്‍ അവിടെ നില്‍ക്കുകയാണ്. "മതിയെടാ, ഇത്രയും മതി ഇനി നമുക്ക് പോകാം" എന്ന് അവന്‍ പറഞ്ഞു. പിന്നെ ഞങ്ങള്‍ എന്‍റെ വീട്ടിലേക്കു പോന്നു. ഞാന്‍ ചെല്ലുമ്പോള്‍ വീട്ടില്‍ നല്ല ബഹളമാണ്. അവിടെ എല്ലാവരും എത്തിയിട്ടുണ്ട്. കുറച്ചു നേരം അവന്‍ എന്‍റെ വീടിന്‍റെ മുറ്റത്ത് ഒരു കസേരയില്‍ ഒന്നും മിണ്ടാതെ ഇരുന്നു. പിന്നെ എന്നോട് യാത്ര പറഞ്ഞു ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു പോയി. ഭക്ഷണം കഴിക്കാനൊന്നും നിന്നില്ല. അവന്‍ തനിയെ പോകുന്നത് കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്ക് പേടി തോന്നി. വീട്ടില്‍ എത്തി വിളിച്ചപ്പോളാണ്‌ സമാധാനമായത്.

പിന്നെ പിറ്റേ ദിവസം ഞങ്ങള്‍ കോളേജില്‍ വെച്ച് കണ്ടു. കുറച്ചു ദിവസങ്ങള്‍ ആ ഒരു വിഷമത്തില്‍ അങ്ങനെ തള്ളി നീക്കി. പിന്നെ എല്ലാം പഴയ പോലെ ആയി തുടങ്ങി. പിന്നെ ഒരു വര്‍ഷം കൂടി ക്ലാസ്സ്‌ ഉണ്ടായിരുന്നു. ഡിഗ്രി കഴിഞ്ഞു 2001-ല്‍ ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞതാണ്. പിന്നീട് പല തവണ കണ്ടിരുന്നു. ഒരു തവണ ദുബായില്‍ വെച്ചും കണ്ടു. അവസാനമായി കണ്ടത് അഞ്ചു വര്‍ഷം മുന്‍പ്‌ അവന്‍റെ കല്യാണത്തിനാണ്. അന്ന് സ്റ്റേജില്‍ അവനെയും ഭാര്യയെയും ബൊക്കയും മാലയുമായി കണ്ടപ്പോള്‍ ആ പഴയ കല്യാണം ഞാന്‍ ഓര്‍ത്തു പോയി. ഇപ്പോള്‍ എല്ലാം കഴിഞ്ഞു പതിനഞ്ചു വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇന്ന് ഞങ്ങള്‍ മൂന്നു പേരും മൂന്നു സ്ഥലത്താണ്. അവരെ രണ്ടു പേരെയും ഞാന്‍ വിളിക്കാറുണ്ട്. അവനും കുടുംബവും ഇപ്പോള്‍ ഗള്‍ഫിലാണ്. പിന്നെ ആ പെണ്‍കുട്ടി..അവളും ഭര്‍ത്താവും തമ്മില്‍ തുടക്കം മുതലേ കുറച്ചു പ്രശ്നങ്ങളുണ്ടായിരുന്നു. അത് പിന്നെ വലുതായി. ഇപ്പോള്‍ അവര്‍ ഒരുമിച്ചല്ല കഴിയുന്നത്‌. അവളും മകളും ഇപ്പോള്‍ അവളുടെ വീട്ടിലാണ് ‌താമസം. കഴിഞ്ഞ അവധിക്കു അവരെ ഞാന്‍ കണ്ടിരുന്നു. അവളിന്ന് ടൌണിലൊരു സ്ഥാപനത്തില്‍ ജോലിക്ക് പോകുന്നുണ്ട്. ഇന്ന് ഞങ്ങളാരും ഈ പഴയ കാര്യങ്ങളൊന്നും തന്നെ സംസാരിക്കാറില്ല. ഇനിയെന്നെങ്കിലും ഞങ്ങളെല്ലാവരും ഒരുമിച്ചു കാണുമോ എന്നുമറിയില്ല. ഇതെല്ലാം കഴിഞ്ഞ അധ്യായങ്ങളാണ്. ജീവിതം കടന്നു പോയ ഓരോ സന്ദര്‍ഭങ്ങള്‍ ഇങ്ങനെ ഓര്‍ത്തപ്പോള്‍ ഞാനിതെല്ലാം ഒന്നെഴുതിയെന്നെയുള്ളു..വെറുതെ..

No comments:

Post a Comment