Saturday, September 24, 2016

പൊന്ന് പോലൊരു കാക്കകുഞ്ഞ് !!


ഒരു അഞ്ചാറ് മാസം മുന്‍പ് ഉപ്പാക്ക് റോഡില്‍ നിന്നും ഒരു കാക്ക കുഞ്ഞിനെ കിട്ടി. ഉപ്പ അതിനെ വീട്ടിലേക്ക് എടുത്ത് കൊണ്ട് വന്നു. അതിന് ഭക്ഷണവും വെള്ളവും കൊടുത്തു. അത് പിന്നെ ഉപ്പാടെ അടുത്ത് നിന്നു പോയില്ല. വീട്ടിലും പറമ്പിലും ഒക്കെ ആയി കൂടി. പൊതുവേ മനുഷ്യനുമായി ഇണങ്ങാത്ത ഒരു പക്ഷി ആണല്ലോ കാക്ക, ഇത് പക്ഷെ അങ്ങനെ അല്ല. ഉപ്പയുമായി നല്ല ചങ്ങാത്തം ആയി. ഉപ്പ വീട്ടില്‍ നിന്നും പോകുമ്പോളും വരുമ്പോളും ഒക്കെബൈക്കില്‍ കൂടെ ഉണ്ടാകും. കാലത്ത് ഉപ്പാനെ വിളിക്കുന്നതും അവന്‍ തന്നെ. ഉപ്പ കേച്ചേരി പോയി വരുമ്പോള്‍ അവന് കഴിക്കാന്‍ എന്തെങ്കിലും വാങ്ങി കൊണ്ട് വരും. കാലത്ത് ഉപ്പ ഉണരാന്‍ വൈകിയാല്‍ ശബ്ദം ഉണ്ടാക്കി ഉണര്‍ത്തും. ഉപ്പാനെ ഫോണ്‍ വിളിക്കുമ്പോള്‍ എല്ലാം കാക്കയുടെ ശബ്ദം കൂടെ കേള്‍ക്കാറുണ്ട്. എന്തിനേറെ പറയുന്നു കുറച്ചു നാളുകള്‍ കൊണ്ട് അവന്‍ വീട്ടിലെ ഒരു അംഗത്തെ പോലെയായി. കുറച്ച് ദിവസം മുന്‍പ് CC TV-യില്‍ നിന്നും ആരോ ഒരു സ്റ്റോറിക്ക് വേണ്ടി വരട്ടെ എന്ന് ചോദിച്ചിരുന്നത്രേ, പക്ഷെ ഉപ്പ വേണ്ട എന്ന് പറഞ്ഞു.



വീട്ടില്‍ പോകുന്ന ചില സുഹൃത്തുക്കള്‍ ചില ഫോട്ടോസും വീഡിയോസും ഒക്കെ എനിക്ക് അയച്ചു തരാറുണ്ട്. മക്കള്‍ ഒക്കെ ഉപ്പാട് എന്നും അതിന്‍റെ വിശേഷം ഒക്കെ ചോദിക്കും. രണ്ടു മൂന്നു മാസം കഴിഞ്ഞ് നാട്ടില്‍ പോകുമ്പോള്‍ നേരില്‍ കാണാം എന്ന് കരുതി ഇരിക്കുവായിരുന്നു. പക്ഷെ ഇന്നലെ വൈകീട്ട് ആ കാക്ക കുഞ്ഞ് ചത്ത്‌ പോയി. അപ്പോള്‍ തൊട്ട് ഉപ്പ ആകെ ടെന്‍ഷന്‍ ആയി ഇരിക്കുകയാണ്. ഞാന്‍ വിളിക്കുമ്പോള്‍ ഭക്ഷണം പോലും കഴിച്ചിട്ടില്ല. അടുത്തൊന്നും ആളെ ഇങ്ങനെ വിഷമിച്ച് ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ വിളിച്ചപ്പോള്‍ പറഞ്ഞു ഇത്ര ബുദ്ധിയുള്ള ഒരു പക്ഷിയെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല എന്ന്. കാശ് കൊടുത്താല്‍ ഇനി അങ്ങനെയൊന്നിനെ വാങ്ങിക്കാന്‍ പറ്റിലല്ലോ എന്നും. എല്ലാരും പറഞ്ഞ് പറഞ്ഞ് അവരുടെ കാര്യങ്ങള്‍ അറിയാവുന്ന കാരണം എനിക്കും ഇന്നലെ തൊട്ടു ഒരു സുഖം തോന്നുന്നില്ല. ഇങ്ങനെയൊക്കെ സംഭവിച്ചാലോ എന്ന പേടി കാരണം ഞാന്‍ കുറെ നാളായി ഒരു പൂച്ചയെ പോലും വീട്ടില്‍ വളര്‍ത്താറില്ല. അവറ്റകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ വിഷമം മാറാന്‍ എളുപ്പമല്ല. എന്‍റെ മുന്‍കാല അനുഭവങ്ങള്‍ അങ്ങനെയാണ്.


No comments:

Post a Comment