Sunday, December 9, 2018

തിരിച്ചു കിട്ടുമോ ആ പഴയ ജയറാമിനെ?


ദൂരദര്‍ശനില്‍ സിനിമകള്‍ കണ്ട് തുടങ്ങിയ കാലം തൊട്ടേ ജയറാമിന്‍റെ സിനിമകള്‍ എനിക്ക് ഇഷ്ട്ടമായിരുന്നു. പിന്നീട് കാസ്സറ്റുകള്‍ വാടകക്ക് എടുത്ത് കണ്ടിരുന്ന സമയത്തും ജയറാമിന്‍റെ പഴയ സിനിമകളും തിരഞ്ഞെടുത്ത് കണ്ടിരുന്നു. വിറ്റ്നസ്, കാവടിയാട്ടം, വചനം, വര്‍ണ്ണം, മൂന്നാം പക്കം, അയലത്തെ അദ്ദേഹം അങ്ങനെ കുറേ സിനിമകള്‍. പിന്നീട് ഹൈ സ്കൂള്‍ സമയം ആയപ്പോളേക്കും ജയറാമിന് കുറേ ഹിറ്റുകള്‍ ഉണ്ടായിരുന്നു. മേലേപറമ്പില്‍, CID ഉണ്ണികൃഷ്ണന്‍, അനിയന്‍ബാവ, ആദ്യത്തെ കണ്മണി, പുതുകോട്ട അങ്ങനെ കുറേ സിനിമകള്‍, ജയറാമിന്‍റെ ഏതൊരു സിനിമക്കും മിനിമം ഗാരണ്ടി ഉണ്ടായിരുന്ന സമയം. കോളജില്‍ ചേര്‍ന്ന സമയത്ത് ആദ്യമായി ഒരു സിനിമക്ക് ഒറ്റക്ക് പോയതും ജയറാമിന്‍റെ ഒരു സിനിമ ആയിരുന്നു. തൂവല്‍ കൊട്ടാരം. പിന്നെ ദില്ലിവാല, കളിവീട്, ഇരട്ടകുട്ടി, കഥാനായകന്‍, സൂപ്പര്‍മാന്‍, അരമനവീട്, കിലുകില്‍ പമ്പരം, കാരുണ്യം, സമ്മര്‍, അപ്പൂട്ടന്‍, വീട്ടുകാര്യങ്ങള്‍, ഫ്രണ്ട്സ്, പട്ടാഭിഷേകം, അങ്ങനെ കൈ നിറയെ ഹിറ്റുകള്‍ ആയി പുള്ളി നിറഞ്ഞു നില്‍ക്കുന്ന സമയം. ശരിക്കും ഒരു ജനപ്രിയ നായകന്‍ തന്നെ എന്ന് പറയാം.




പക്ഷെ 2000-ന് ശേഷം പിന്നീട് ജയറാമിന്‍റെ ഗ്രാഫ് താഴെ പോകുന്ന കാഴ്ചയാണ് കണ്ടത്. നാടന്‍ പെണ്ണ്‍, മില്ലേനിയം, വക്കാലത്ത്, ഷാര്‍ജ, നാറാണത്ത്, ഇവര്‍, സല്‍പേര്, ഫിങ്കര്‍പ്രിന്‍റ്, ആലീസ്, പൌരന്‍, സര്‍ക്കാര്‍ ദാദ, മധു ചന്ദ്ര ലേഖ, മൂന്നാമതൊരാള്‍, കനക സിംഹാസനം, അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍, സൂര്യന്‍, നോവല്‍, പാര്‍ഥന്‍, സമസ്ത കേരളം, വിന്‍റര്‍, രഹസ്യ പോലീസ്, കാണാ കണ്മണി, മൈ ബിഗ്‌ ഫാദര്‍, തുടങ്ങി സീത കല്യാണം, ഫോര്‍ ഫ്രണ്ട്സ്, കുടുംബ ശ്രീ, വാലിഭന്‍,സ്വപ്ന സഞ്ചാരി, നായിക, ഞാനും എന്‍റെ ഫാമിലിയും, തമ്പാന്‍, മാന്ത്രികന്‍, മദ്രാസി, ലക്കി സ്റ്റാര്‍, ഭാര്യ അത്ര പോര, ജിഞ്ചര്‍, സലാം കശ്മീര്‍, ഒന്നും മിണ്ടാതെ, ഉത്സാഹ കമ്മിറ്റി, ഞങ്ങളുടെ വീട്ടിലെ അതിഥികള്‍, മൈലാഞ്ചി മൊഞ്ചുള്ള, സാര്‍ സിപി, തിങ്കള്‍ മുതല്‍, അവസാനം ഇറങ്ങിയ സത്യ, ദൈവമേ കൈ തൊഴാം, ആകാശ മിട്ടായി വരെ ഫ്ലോപ്പുകളുടെ ഒരു നീണ്ട നിര. ഇടയില്‍ കൊച്ചു കൊച്ചു സന്തോഷങ്ങള്‍, യാത്രക്കാരുടെ, മലയാളി മാമന്‍, വെറുതെ ഒരു ഭാര്യ, മനസ്സിനക്കരെ, സീനിയേഴ്സ്, ഹാപ്പി ഹസ്ബണ്ട്സ്, ഭാഗ്യ ദേവത, കഥ തുടരുന്നു അങ്ങനെ കുറച്ച് ഹിറ്റുകള്‍ മാത്രം. ഇതില്‍ ചില ഫ്ലോപ്പുകളും ഹിറ്റുകളും മിസ്സ്‌ ആയിട്ടുണ്ടാകും , പക്ഷെ പറഞ്ഞു വന്നത് അതല്ല. ഇടക്ക് പുള്ളി തമിഴില്‍ സരോജയും, തുപ്പാക്കിയും തെലുഗില്‍ ബാഗമതിയും ഒക്കെ ചെയ്തു. പക്ഷെ മലയാളത്തില്‍ ശരിക്കും ജയറാമിന്‍റെ ഒരു ഗാപ്‌ ഫീല്‍ ചെയ്തു തുടങ്ങി. എങ്കിലും ജയറാമിന്‍റെ പുതിയൊരു സിനിമ അനോണ്‍സ് ചെയ്യുമ്പോള്‍ വീണ്ടും കാത്തിരിക്കും. ഇപ്പോളും പുള്ളിയുടെ ചില ഞെട്ടലുകളും, ചമ്മലുകളും കാണാന്‍ ഇഷ്ട്ടമാണ്. തുപ്പാക്കിയിലെ ആ ചെറിയ കോമഡി സീന്‍ പോലും പുള്ളി നന്നായി ചെയ്തിരുന്നു. അത് പോലെ തന്നെ 20:20യിലെ പാക്കരന്‍, ചൈന ടൌണിലെ സക്കറിയ, സീനിയേഴ്സിലെ പപ്പന്‍ അങ്ങനെ ചില മിന്നലാട്ടങ്ങള്‍ കണ്ടിരുന്നു. വ്യത്യസ്തതക്ക് വേണ്ടി ചെയ്ത പഞ്ചവര്‍ണ്ണകിളിയിലെ വേഷവും പ്രതീക്ഷിച്ച പോലെ വിജയം ആയില്ല. ഈ മാസും , ആക്ഷനും ഒന്നും ജയറാമിന് ചേരില്ല എന്ന് പണ്ട് തൊട്ടേ അറിയാവുന്നതാണ്, എന്നാലും പുള്ളി ഇടക്ക് വീണ്ടും ഓരോ മാസ്സ് കൂള്‍ ഒക്കെ ആയി വരും. മനസ്സില്‍ ഇപ്പോളും തൂവല്‍ കൊട്ടാരത്തില്‍ ബാത്‌റൂമില്‍ കേറി വാതിലടച്ച് കരയുന്ന മോഹന ചന്ദ്രന്‍ വക്കീലിന്‍റെ മുഖമാണ്. അന്നത് കണ്ട് കണ്ണ്‍ നിറഞ്ഞിട്ടുണ്ട്. ആ പഴയ ജയറാമിനെ ഇനി അത് പോലെ സ്ക്രീനില്‍ കാണാന്‍ പറ്റുമോ എന്നറിയില്ല. എങ്കിലും ഇപ്പോളും കാത്തിരിക്കുന്നു അദ്ദേഹത്തിന്‍റെ ഒരു സൂപ്പര്‍ ഹിറ്റിന്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന അദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നു.



No comments:

Post a Comment