Sunday, November 4, 2012

ഓര്‍മ്മകളുടെ തിരുമുറ്റം.. !!


കഴിഞ്ഞ ദിവസം ദുബായില്‍ വെച്ച് എന്‍റെ സഹപാഠിയായിരുന്ന രജീഷിനെ കണ്ടു. എന്‍റെ കല്യാണത്തിന് ശേഷം ഞങ്ങള്‍ ഇപ്പോളാണ് കാണുന്നത്. ഞങ്ങള്‍ സാധാരണ പോലെ വ്യാഴാഴ്ച ദിവസങ്ങളില്‍ വൈകുന്നേരം പുറത്ത് പോയതായിരുന്നു. അപ്പോളാണ് അവന്‍ വിളിച്ചത്.അത് കൊണ്ട് അവനോട് അവിടെ തന്നെ നില്‍ക്കാന്‍ പറഞ്ഞു. അങ്ങനെയാണ് അവനെ കണ്ടത്‌. അവന്‍ കുറച്ചു തടിച്ചു, അല്ലാതെ വേറെ മാറ്റം ഒന്നും തോന്നിയില്ല. ഇത് വരെ കല്യാണം കഴിഞ്ഞിട്ടില്ല. അടുത്ത വര്‍ഷം നാട്ടില്‍ പോകും. അവന്‍ എന്റെ മോനെ എടുത്തു കളിപ്പിച്ചു. ഞങ്ങള്‍ സംസാരിച്ചു നില്‍ക്കുമ്പോളാണ് ആകാശത്ത് വര്‍ണ്ണങ്ങള്‍ വാരി വിതറി DSF സ്പെഷ്യല്‍ വെടിക്കെട്ട്‌ നടന്നത്.


പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ നല്ല കൂട്ടായിരുന്നു. ഞാന്‍ എന്‍റെ വീട്ടിലെയും തറവാട്ടിലെയും ഒരു വിധം എല്ലാ കാര്യങ്ങളും അവനോടു പറയുമായിരുന്നു. പറയാന്‍ എനിക്കും കേള്‍ക്കാന്‍ അവനും ഇഷ്ടമായിരുന്നു. അവന്‍ അന്നേ ഒരു പാട് സിനിമകള്‍ കാണുമായിരുന്നു. "മഴയെത്തും മുന്‍പേ" എന്ന സിനിമയുടെ കഥയൊക്കെ അവന്‍ എനിക്ക് പറഞ്ഞു തന്നത് ഇന്നലെ കഴിഞ്ഞ പോലെ ഓര്‍മ്മയുണ്ട്. പ്രത്യേകിച്ചു അതിന്‍റെ ക്ലൈമാക്സ്‌ സീന്‍സ്. അവന്‍ പറയും “ അങ്ങനെ അവസാനം ശ്രീനിവാസനും മമ്മൂട്ടിയും കൂടെ ശോഭനയുടെ വീട്ടിലെത്തുമ്പോള്‍ നല്ല മഴ" എന്ന്. അന്ന് കണ്ടപ്പോളും ഞാന്‍ ആ കാര്യം അവനോട് പറഞ്ഞു. മയില്‍പ്പീലിക്കാവ് ഇറങ്ങിയ സമയത്ത് അതായിരുന്നു അവന്‍റെ പ്രിയപ്പെട്ട സിനിമ. അത് അവന്‍ നാല് തവണയോ മറ്റോ കണ്ടിട്ടുണ്ട് എന്നാണ് എന്‍റെ അറിവ്.

പത്താം ക്ലാസിലെ അവസാന ദിവസം ഞങ്ങള്‍ ഒരുമിച്ചാണ് സ്കൂളില്‍ നിന്നും പോന്നത്. അന്ന് ഫോട്ടോ എടുക്കലും, ഓട്ടോഗ്രാഫ് എഴുതലും, സെന്‍റ് ഓഫും എല്ലാം ആയി ആകെ ബഹളം. എല്ലാവരും പിരിയാന്‍ പോകുന്നു എന്ന് ഓര്‍ക്കുമ്പോള്‍ തന്നെ വിഷമം. ഒരേ ബഞ്ചില്‍ ഇരുന്നവര്‍, ഒരേ ബസില്‍ പോയിരുന്നവര്‍, ഒരേ നാട്ടുകാര്‍, ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചിരുന്നവര്‍, ഒരുമിച്ചു പള്ളിയില്‍ പോയിരുന്നവര്‍ അങ്ങനെ എല്ലാവരും തമ്മില്‍ ഏതെങ്കിലുമൊക്കെ തരത്തില്‍ നല്ല കൂട്ടായിരുന്നു. ക്ലാസ്സിലെ പെണ്‍കുട്ടികള്‍ എല്ലാവരും ഞങ്ങളുമായി നല്ല സൌഹൃദം ഉണ്ടായിരുന്നു. കൌമാരത്തിലേക്ക് കടന്ന ആ സമയം തോന്നിയ ചില പ്രണയങ്ങള്‍, പറയാതെ പോയ ചില ഇഷ്ട്ടങ്ങള്‍. എല്ലാം ആ വൈകിയ വേളയില്‍ ഞങ്ങള്‍ നെടുവീര്‍പ്പോടെ ഓര്‍ത്തു പോയി. ഇനി എന്ന് പരസ്പരം കാണും എന്നറിയില്ലെങ്കിലും കാണാം എന്ന് പറഞ്ഞു കൂട്ടുകാരെല്ലാവരും ഓരോരുത്തരായി യാത്ര പറഞ്ഞു പോയി. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും മാത്രം പോകാന്‍ സാധിച്ചില്ല. കുറെ നേരം ഞങ്ങള്‍ ക്ലാസ്സില്‍ തന്നെ ഇരുന്നു. ഒടുവില്‍ പ്യൂണ്‍ വന്നു ക്ലാസ്സ്‌ റൂമുകള്‍ ഓരോന്നായി അടച്ചപ്പോള്‍ ഞങ്ങള്‍ സ്കൂളിന്‍റെ പുറത്തിറങ്ങി. എന്തൊക്കെയോ പറഞ്ഞു ഞങ്ങള്‍ അവിടെ ഒരു കലുങ്കില്‍ ഇരുന്നു. മനസ്സ് അറിയാതെ ആര്‍ദ്രമാകുന്ന അത്തരം നിമിഷങ്ങളില്‍ വാക്കുകള്‍ പുറത്തേക്ക് വരില്ല. നമ്മള്‍ ഇനി എന്നാടാ കാണുക എന്നൊക്കെ അവന്‍ ചോദിച്ചു. ഒടുവില്‍ അവനു പോകാനുള്ള ബസ്‌ അകലെ നിന്ന് വരുന്നത് ഞങ്ങള്‍ കണ്ടു.

"എന്നാ ഞാന്‍ പോട്ടെടാ? എന്ന് അവന്‍ ചോദിച്ചു. ശരി എന്ന് ഞാന്‍ പറഞ്ഞു, ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അങ്ങനെ അവന്‍ ആ ബസില്‍ കയറി പോയി. അത് എന്‍റെ കണ്ണില്‍ നിന്നും മറയുന്നത് വരെ ഞാന്‍ നോക്കി ഇരുന്നു. ഒരു പാട് ബഹളം നിറഞ്ഞു നിന്നിരുന്ന ആ സ്കൂള്‍ പരിസരത്ത് ഇപ്പോള്‍ ഞാന്‍ മാത്രം. എനിക്ക് പോകാനുള്ള ബസ്‌ വന്നെങ്കിലും ഞാന്‍ അതില്‍ കയറിയില്ല, കയറാന്‍ തോന്നിയില്ല. ഞാന്‍ ഞങ്ങള്‍ ഇടവേളകളില്‍ പോകാറുള്ള ഗോപിയേട്ടന്‍റെ ചായ കടയിലേക്ക് ചെന്നു. ഞങ്ങള്‍ ഇരിക്കാറുള്ള ആ ബഞ്ചില്‍ തനിയെ ഇരുന്നു. എന്‍റെ ആ ഇരിപ്പ് കണ്ടു ഗോപിയേട്ടന്‍റെ ഭാര്യ എന്നോട് ചോദിച്ചു “ എന്താ കൂട്ടുകാരൊക്കെ പോയോ? “ പോയി എന്ന് ഞാന്‍ പറഞ്ഞു. പിന്നെയും കുറച്ചു നേരം കൂടെ ഞാന്‍ അവിടെ അങ്ങിനെ ഒറ്റക്കിരുന്നു. ഗോപിയേട്ടന്‍ വന്നപ്പോള്‍ ഞാനൊരു ചായ കുടിച്ചു. പിന്നെ കുറച്ചു ദൂരം നടന്നു. സ്ഥിരം പോകാറുള്ള ജോഷിയെട്ടന്‍റെ ബേക്കറി കടയില്‍ പോയി ആളോട് യാത്ര പറഞ്ഞു. എന്നിട്ടാണ് വീട്ടില്‍ പോയത്. ദാ ഇതാണ് ഗോപിയേട്ടന്‍റെ കട.


ഗോപിയേട്ടന്‍റെ കട ഞങ്ങളുടെ ഒരു താവളം ആയിരുന്നു. ചിറ്റാട്ടുകര സ്കൂളില്‍ പഠിച്ച എല്ലാവര്‍ക്കും ആ കട സുപരിചിതമാണ്. ഗോപിയേട്ടന്‍റെ രണ്ടു മക്കളും അന്ന് ചെറുതായിരുന്നു. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. മോന്‍റെ പേരാണ് കടക്കിട്ടിരിക്കുന്നത്, അനൂപ്‌ ടീ ഷോപ്പ്. ഞങ്ങള്‍ ചായ കുടിക്കാനോ ബോണ്ട കഴിക്കാനോ അവിടെ ഇരിക്കുമ്പോള്‍ അവര്‍ രണ്ടു പേരും സ്കൂള്‍ വിട്ടു അവിടെ വരാറുണ്ട്. സ്കൂള്‍ ജീവിതത്തിനു ശേഷവും പല തവണ ഞാന്‍ ആ കടയില്‍ പോയിട്ടുണ്ട്, ആ പഴയ ബഞ്ചില്‍ വീണ്ടും ചെന്നിരുന്ന് ചായ കഴിക്കാറുണ്ട്. എന്തോ അവിടെ ഇരിക്കുമ്പോള്‍ കൊഴിഞ്ഞു പോയ ആ നല്ല കാലം വീണ്ടും മനസ്സിലേക്ക് ഓടിയെത്തും. ഇപ്പോളും ഞാന്‍ എന്ന് നാട്ടില്‍ ചെന്നാലും ഗോപിയേട്ടനെ കാണാന്‍ പോകാറുണ്ട്. ആളുടെ ഭാര്യ ഇപ്പോളും അവിടെ തന്നെയുണ്ട്. മോളുടെ കല്യാണം കഴിഞ്ഞു എന്ന് ഒരു തവണ ഗോപിയേട്ടന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്‍റെ മനസ്സില്‍ അവള്‍ ഇപ്പോഴും ആ കുട്ടിപാവാടക്കാരിയായിരുന്നു. ഇടയില്‍ പത്തു പന്ത്രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞതൊന്നും അറിഞ്ഞതേയില്ല. എന്‍റെ കല്യാണം കഴിഞ്ഞ സമയത്ത് ഒരിക്കല്‍ ഞാന്‍ ജാസ്മിനെയും കൂട്ടി അവിടെ പോയിരുന്നു. എന്‍റെ പഴയ കഥകളൊക്കെ വള്ളിപുള്ളി വിടാതെ അറിയുന്ന അവള്‍ക്കു ഗോപിയെട്ടനും ഭാര്യയും വളരെ പരിചിതരായിരുന്നു. ഞങ്ങളുടെ പ്രണയ കഥ അറിയാവുന്നത് കൊണ്ട് അവര്‍ക്ക് തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു. അന്ന് ഗോപിയേട്ടന്‍റെ ഭാര്യ അവള്‍ക്കൊരു അരിയുണ്ട കൊടുത്തു. ഒരിക്കല്‍ മോന്‍റെ കൂടെയും ഞങ്ങള്‍ അവിടെ പോയിട്ടുണ്ട്. അന്നെടുത്ത ഫോട്ടോസ് ആണ് ഇതിന്‍റെ കൂടെ ഉള്ളത്. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ അവിടെ പോയപ്പോള്‍ ഗോപിയേട്ടനെ കണ്ടില്ല, പകരം ആളുടെ മകനെ കണ്ടു.അവന്‍ കട പൂട്ടി അമ്മയെയും പിന്നില്‍ ഇരുത്തി ബൈക്കില്‍ വീട്ടില്‍ പോകാന്‍ നില്‍ക്കുമ്പോളാണ് ഞങ്ങള്‍ ചെന്നത്. അവന്‍ ഇപ്പോള്‍ വലിയ ചെക്കനായി. ഗോപിയേട്ടന് വയ്യ, അതാണ് കടയില്‍ വരാത്തത് എന്ന് ഭാര്യ പറഞ്ഞു. നേരം ഇരുട്ടിയ കാരണം അന്ന് ഞങ്ങള്‍ക്ക് ആളെ കാണാന്‍ പോകാന്‍ പറ്റിയില്ല, പിന്നെ ഇത് വരെ അവരെ കാണാന്‍ പോയിട്ടില്ല..ഇനിയൊരിക്കല്‍ പോകണം. ദാ ഇതാണ് ഗോപിയേട്ടന്‍.


ഇന്നും എന്‍റെ മനസ്സ് ആ സ്കൂള്‍ പരിസരത്ത് എവിടെയോ കറങ്ങി നടക്കുന്നത് ഞാന്‍ അറിയുന്നു. ഇപ്പോളും ആ സ്കൂളിന്‍റെ മുന്‍പിലൂടെ പോകുമ്പോള്‍ ഞാന്‍ വണ്ടി നിര്‍ത്തും. കുറച്ചു സമയം എന്തൊക്കെയോ ഓര്‍ത്തു അങ്ങനെ നില്‍ക്കും. പഴയ പല കടകളും ഇന്നവിടെ ഇല്ല. ഞങ്ങള്‍ നടന്നിരുന്ന ആ ഇടവഴിയും, കളിച്ചിരുന്ന ആ ഗ്രൌണ്ടും മാത്രം അത് പോലെയുണ്ട്. ഓര്‍മ്മകള്‍ ഒരു ഭാരമാണ്. ഇറക്കി വെക്കാന്‍ കഴിയാത്ത ഒരു ഭാരം. ചിലപ്പോള്‍ അത് നമ്മളെ കുത്തി നോവിക്കും..സുഖമുള്ള ഒരു നോവ്‌ !!

5 comments:

  1. ശരിയാണ് ഓര്‍മ്മകള്‍ സുഖമുള്ള നോവാണ് . ഈ കുറിപ്പുകള്‍ എന്നെ സ്കൂള്‍ കാലഘടതിലെക് തിരികെ കൊണ്ട് പോകുന്നു.
    ഓടി നടന്നു കളിയ്ക്കാന്‍ നിറയെ സ്ഥലവും.ഒളിച്ചിരിക്കാന്‍ നിറയെ മരചോടുകളും ഉള്ള എന്റെ വിദ്യാലയന്കണം . മറക്കുവാന്‍' സാധികുന്നില .
    മാങ്കൊമ്പില്‍ കേറാന്‍ ഉള്ള ശ്രമവും അത് ദയനീയമായി പരാജയപെടുമ്പോള്‍ ഉള്ള വേദനയും.അന്ന് അതായിരുന്നു ഏറ്റവും വലിയ പരാജയം-ഇന്ന് ഞാന്‍ മനസിലാകുന്നു അത് എനിക്ക് നല്ല ഓര്‍മ്മകള്‍ നല്‍കിയ എന്റെ കുട്ടിക്കാലത്തിന്റെ വിജയങ്ങള്‍ ആയിരുന്നു എന്ന്.
    മഴകലങ്ങളില്‍ ചെളിയില്‍ നിനുല കളിയും ദേഹവും ഷര്‍ട്ടും എല്ലാം ചെളിയി വീട്ടില്‍ എത്തുമ്പോള്‍ ഉള്ള അമ്മയുടെ ശകാരവും എല്ലാം നിന്ന്നു ഊറി ചിരിപ്പിക്കുന്ന ഓര്‍മ്മകള്‍.
    സ്ചൂളിനടുത്തു ഒരു കുളമുണ്ടായിരുന്നു ,അതില്‍ നിറച്ചു ആമ്പല്‍ പൂക്കളും സ്കൂള്‍; വിട്ടാലും ഞങ്ങള്‍ കാത്തു നില്‍ക്കും അത് കഴിഞ്ഞു ആ കുളത്തില്‍ കുളിക്കാന്‍ വരുന്ന ചേട്ടന്‍ മാരോട് പറഞ്ഞു ആമ്പല്‍ പൂകള്‍ പരിപ്പികന്‍.
    എന്നിട്ട് കിട്ടിയ ആമ്പല്‍ പൂകള്‍ ആരുക്കും കൊടുകാതെ നിധി പോലെ വീട്ടില്‍ കൊണ്ട് പോകും.അടുത്ത ദിവസം സ്കൂളില്‍ ചെന്നു സുഹൃത്തുകളോട് തല്ലെന്നു കിട്ടിയ ആമ്പല്‍ പൂകളുടെ എണ്ണം പറഞ്ഞു ഊറ്റം കൊളളും.

    സ്കൂള്‍ ജീവിധത്തില്‍ മറക്കാന്‍ പറ്റാത്തത് ആദ്യം തോന്നിയ പ്രണയം താനെ ആണ്.അവളുടെ മുന്‍പില്‍ ഷൈന്‍ കൂടുകാരന്റെ സൈക്കിള്‍ ഉം മേടിച്ചു പോയത് സ്പീഡില്‍ ചവിട്ടി അവളുടെ മുന്‍പില്‍ ചെന്ന് നിറുത്താന്‍ നോക്കിയപ്പോള്‍ തെന്നി വീണു കാല് മുറിഞ്ഞതും എല്ലാം ഇന്നഉം മനസ്സില്‍ നില്കുന്നു.
    ഇന്ന് അന്നത്തെ പല സുഹൃത്തുകളും പല കൊണൂകളില്‍ ആയി.പണ്ട് നിലയ്കാതെ തമിള്‍ സംസാരിച്ചിരുന്നവര്‍ ഇന്ന് ഔപചാരികമായി ഫേസ് ബൂകിലൂടെ ഹായ് അയകുമ്പോള്‍ വേദന തോന്നാറുണ്ട്.അത് കാണുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങലാണ് ഇഷ്ടപെട്ടത് എന്തെക്കൊയോ എവിടെയോ നഷ്ടപെട്ടത് പോലുള വേദന.പലപ്പോഴും ഞാന്‍ അതിനു മറുപടി പറയരിലാ...

    ഓര്‍ക്കുവാന്‍ പോലും ഇപ്പോള്‍ സമയം കിട്ടാറില, എങ്കിലും ബാകി ആകുന്നതു മനസിലെ ഈ സുഖമുള്ള ഓര്‍മകളും അവ തരുന്ന നേര്‍ത്ത നോവുമാണ്.....

    ReplyDelete
  2. Replies
    1. ee aduth njanum rejeeshum kandirunnu, njan ramankutikkum pappikkum avane parijayapeduthi koduthu :)

      Delete