
എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലാണ് ഞങ്ങളുടെ നാട്ടിലെ പൂരം. ഏഴു ദിവസം നീണ്ടു നില്ക്കുന്ന ആഘോഷങ്ങളോടനുബന്ധിച്ച് അമ്പല പറമ്പില്‍ നാടകവും ഗാനമേളയും ഉണ്ടാകാറുണ്ട്. അന്നൊക്കെ ആ ഏഴ് ദിവസം രാത്രിയും അമ്പലപറമ്പാണ് ഞങ്ങളുടെ താവളം. അങ്ങനെ ഒരു നാടകം കാണാന്‍ ഞാനും എന്റെ കൂട്ടുകാരന് സജീഷും കൂടി രാത്രി അമ്പല പറമ്പിലേക്ക് വെച്ച് പിടിച്ചു. സജീഷ് ആളൊരു രസികനാണ്. ഞങ്ങള്‍ ചെല്ലുമ്പോള്‍ സ്റ്റേജ് എല്ലാം റെഡി. ഞങ്ങള്‍ അവിടെ ഒരു സ്ഥലത്ത് ഇരിപ്പുറപ്പിച്ചു. പരസ്യങ്ങള്‍ കേള്‍ക്കുന്നുണ്ട്. അത് വഴി വന്ന കപ്പലണ്ടി കച്ചവടക്കാരനില്‍ നിന്നും ഒരു പൊതി വാങ്ങി അതും കൊറിച്ചു ഞങ്ങള്‍ അവിടെ ഇരുന്നു. കുറച്ചു നേരത്തിനു ശേഷം കര്ട്ടന് പൊങ്ങി. നാടകം തുടങ്ങി.കൊച്ചിന് കലാസപര്യ നിങ്ങളുടെ മുന്പില് അഭിമാനപൂര്‍വ്വം കാഴ്ച വെക്കുന്നു "ഇവന് എന്റെ മകന് " അവിടെ അലുമിനിയം പാത്രം കൊണ്ട് നിലത്ത് അടിച്ച പോലെ ഒരു കനത്ത ശബ്ദം. തുടര്‍ന്ന് നാടകത്തെ കുറിച്ച് രണ്ടു വാക്ക്.. "കുടുംബബന്ധങ്ങളുടെ അടിയൊഴുക്കുകളിലൂടെ ഊളിയിട്ടു ചെന്ന്, മനുഷ്യമനസാക്ഷിയുടെ അന്തരാത്മാവിന്റെ കാണാപ്പുറങ്ങളില്‍ നിന്നും കണ്ടെടുത്ത പുസ്തകത്തില്‍ നിന്നും ജീവനോടെ പറിച്ചെടുത്ത ഒരേട്..അതാണ് ഈ നാടകം, നാടക രചന:ഗോപന്,സംവിധാനം: കൃഷ്ണകുമാര്‍ വലപ്പാട് .എന്നൊക്കെയുള്ള ഗംഭീര വോയിസ് ഓവറോടെ നാടകം തുടങ്ങി..
ഈ നാടകത്തിലെ ഒരു പ്രധാന കഥാപാത്രം ഒരു വൃദ്ധന് ആണ്. അയാള്‍ ഒരു സ്വാതന്ത്ര്യസമര സേനാനി ആണ്. ഭാര്യ മരിച്ചു പോയി. ആ നാട്ടുകാര്‍ക്ക് അയാളെ വലിയ കാര്യമാണ്. പക്ഷെ സ്വന്തം വീട്ടുകാര്‍ക്ക് അയാളെ അത്ര ഇഷ്ട്ടമല്ല. അയാളുടെ മകന് ഒരു അഴിമതിക്കാരനായ ഒരു രാഷ്ട്രീയക്കാരന് ആണ്. അതിനു കൂട്ട് നില്ക്കുന്ന ഒരു മരുമകളും. പക്ഷെ വൃദ്ധന് എന്നും സത്യത്തിന്റെയും നീതിയുടെയും കൂടെയേ നില്ക്കൂ. അത് കാരണം അയാളുടെ മകനും മരുമകളും എന്നും അയാളെ കുറ്റപ്പെടുത്തും. വീട്ടില്‍ വെച്ച് മകന് എന്തെങ്കിലും കൈക്കൂലി വാങ്ങുന്നത് കണ്ടാല്‍ നമ്മുടെ വൃദ്ധന് അപ്പൊ രണ്ടു ചുമ ചുമച്ചു പ്രഭാകരാ എന്നും വിളിച്ചു അതില്‍ കയറി ഇടപെടും. പക്ഷെ മകന് "അച്ഛന് അകത്തു പോ, പോകാനാ പറഞ്ഞത് "(ശബ്ദം പരമാവധി ബാസ് ഇട്ടു കൊണ്ട്) എന്ന് പറഞ്ഞു അയാളെ വഴക്ക് പറയും. പിന്നെ വൃദ്ധന് അവിടെ ഒരു ആശ്വാസം മകന്റെ മകള്‍ പ്രിയ ആണ്. അവള് കോളേജില്‍ പഠിക്കുന്നു. അവള് എന്നും അപ്പൂപ്പന്റെ കൂടെയാണ്. ദിവസവും കോളേജ് വിട്ടു വന്നാല്‍ അവള് അപ്പൂപ്പനോട് വിശേഷങ്ങള്‍ പറയും.
കഥ അങ്ങനെ പരമാവധി ബോര് അടിപ്പിച്ചു മുന്നേറുന്നു. അപ്പോളാണ് പ്രിയ ഒരു ദിവസം അവളുടെ കൂടെ പഠിക്കുന്ന ഹരി എന്ന ഒരുത്തനുമായി ഒരു ദിവസം വീട്ടില്‍ വരുന്നത്. അവന്റെ കയ്യില്‍ പുസ്തകങ്ങള്‍ ഉണ്ട്. അവള് അവനെയും കൊണ്ട് നേരെ അപ്പൂപ്പന്റെ അടുത്തേക്ക് ചെല്ലും.
എന്നിട്ട് പറയും. "അപ്പൂപ്പാ ഇത് ഹരി, എന്റെ കൂടെ കോളേജില്‍ പഠിക്കുന്നു" .
ലവന് നേരെ അങ്ങോരുടെ കാലില്‍ തൊട്ടു വന്ദിക്കുന്നു : മുത്തച്ചന് എന്നെ അനുഗ്രഹിക്കണം
(അപ്പൊ സജീഷ് എന്നോട് : ഇവന് ആളു ശരിയല്ലാട്ടാ )
വൃദ്ധന് അവനെ പിടിച്ചു എഴുന്നെല്പ്പിക്കും : നന്നായി വരും( വിത്ത് ചുമ)
അപ്പൊ ലവന് : മുത്തച്ചാ, പ്രിയ എപ്പോളും മുത്തച്ഛനെ കുറിച്ച് പറയാറുണ്ട്. എനിക്ക് മുത്തച്ഛന്റെ ഒരു സഹായം വേണം.
വൃദ്ധന് : ഈ വയസ്സന് നിങ്ങള്‍ക്ക് എന്ത് ചെയ്തു തരാനാണ് കുഞ്ഞേ? (പിന്നെയും ചുമ)
ലവന് : എനിക്ക് പുരാതന ഇന്ത്യയെ കുറിച്ചും നമ്മുടെ സ്വാതന്ത്ര്യസമരത്തെ കുറിച്ചും കൂടുതല്‍ അറിയണം എന്നുണ്ട്. മുത്തച്ഛന് എനിക്ക് എല്ലാം പറഞ്ഞു തരണം.
മുത്തച്ഛന് : ഇന്നത്തെ കാലത്തും ഇത്ര ദേശ സ്നേഹമുള്ള ചെറുപ്പക്കാരോ? (വീണ്ടും ചുമ)
(സജീഷ് : അവന് മറ്റവളെ ലൈന്‍ അടിക്കാന്‍ വന്നതാട്ടാ)
അങ്ങനെ നാടകം തുടര്‍ന്നു പൊയ്ക്കൊണ്ടിരുന്നു. അവന് ദിവസവും വൈകീട്ട് പുസ്തകം ആയി വരും. വൃദ്ധന്റെ റൂമില്‍ ചെല്ലും. വൃദ്ധന് പറയുന്നതൊക്കെ ശ്രദ്ധയോടെ എഴുതിയെടുക്കും. ഇവിടെയൊന്നും ഡയലോഗ് ഇല്ല, ബാക്ക് ഗ്രൌണ്ട് മ്യൂസിക് മാത്രം.ഇടയ്ക്കു ചായയുമായി പ്രിയ വരും. അവരുടെ ഒരു കളി ചിരി. (അപ്പോളൊക്കെ സജീഷ് എന്നോട് ചോദിക്കും കണ്ടാ, കണ്ടാ? അങ്ങനെ ഒരു ദിവസം മുത്തച്ഛന് വരുമ്പോള്‍ കാണുന്നത് പരസ്പരം പുണര്‍ന്നു നില്ക്കുന്ന ഹരിയെയും പ്രിയയും ആണ്. മുത്തച്ഛന് അലറി വിളിക്കുന്നു : പ്രിയേ...(ഒടുക്കത്തെ ചുമ). അതോടെ ഹരിയും പ്രിയയും ഞെട്ടലോടെ അകന്നു മാറുന്നു. മുത്തച്ഛന് അവരുടെ അടുത്തേക്ക് വന്നു. അപ്പോള്‍ ഈ ഹരി മുത്തച്ചനോട്: മുത്തച്ഛന് ഞങ്ങളോട് ക്ഷമിക്കണം,ഞാനും പ്രിയയും സ്നേഹത്തിലാണ്,എനിക്ക് പ്രിയയെ വിവാഹം കഴിച്ചാല്‍ കൊള്ളാം എന്നുണ്ട്".
അതോടെ സജീഷിന്റെ നിയന്ത്രണം വിട്ടു, അവന് എഴുന്നേറ്റു നിന്ന് എന്നോട് പറഞ്ഞു " ആ തെണ്ടിയെ ഞാന്‍ ഇന്ന് കൊല്ലും, അവന്റെ ഒരു സ്വാതന്ത്ര്യ സമരവും ദേശ സ്നേഹവും, നീ വന്നെടാ" എന്നും പറഞ്ഞു എന്നെ വിളിച്ചു. അതോടെ ആ നാടകം മതിയാക്കി ഞങ്ങള്‍ തിരിച്ചു നടന്നു. വീടെത്തുന്ന വരെ സജീഷ് അത് തന്നെ പറഞ്ഞു കൊണ്ടിരുന്നു. "എനിക്ക് ആദ്യമേ സംശയം തോന്നിയതാ, അവന്റെ ഉദ്ദേശം നല്ലതല്ലാന്നു, പാതിരാത്രി വെറുതെ ഉറക്കവും കളഞ്ഞു..എന്നൊക്കെ പറഞ്ഞാണ് അവന് നടക്കുന്നത്. ഹരിക്കും പ്രിയക്കും പിന്നെ എന്ത് സംഭവിച്ചു എന്നറിയില്ല. പിന്നെയും കുറെ നാടകങ്ങള്‍ ഞങ്ങള്‍ അങ്ങിനെ ഉറക്കം കളഞ്ഞു കണ്ടിട്ടുണ്ട്.കൂകല്‍ കാരണം ഇടയ്ക്കു വെച്ച് അഭിനേതാക്കള്‍ തന്നെ നാടകം നിര്‍ത്തിയ ചരിത്രവും ഉണ്ട്.
പിന്നീട് കുറെ നാള് ഞങ്ങള്‍ കാണുമ്പോളോക്കെ ഈ കാര്യം പറഞ്ഞു പൊട്ടിച്ചിരിക്കും. കുറച്ചു വര്‍ഷം മുന്‍പ് അവന് ദുബായില്‍ വന്നെങ്കിലും ഇവിടെ അധികം നിന്നില്ല. നാട്ടിലേക്ക് തന്നെ തിരിച്ചു പോയി അവിടെ ജോലിക്ക് കയറി. ഒരു അവധിക്കാലത്ത് നാട്ടില്‍ ഉള്ളപ്പോള്‍ വിഷുവിനു അവന് അവന്റെ വീട്ടില്‍ നിന്നും എനിക്ക് മാമ്പഴ പുളിശേരിയൊക്കെ കൊണ്ട് വന്നു തന്നിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കല്യാണം കഴിഞ്ഞത്. ഈ കഴിഞ്ഞ അവധിക്കു ഞാന്‍ വീട്ടില്‍ നില്ക്കുമ്പോ അവന് ഭാര്യയുമായി ബൈക്കില്‍ പോകുന്നു. ഞാന്‍ അവനെ വിളിച്ചു നിര്‍ത്തി. പരസ്പരം വിശേഷങ്ങളൊക്കെ പറഞ്ഞു. പോകാന്‍ നില്ക്കുന്ന നേരത്ത് ഞാന്‍ അവനോടു പറഞ്ഞു " മുത്തച്ചാ, എനിക്ക് പുരാതന ഇന്ത്യയെ കുറിച്ചും നമ്മുടെ സ്വാതന്ത്ര്യ സമരത്തെ കുറിച്ചും കൂടുതല്‍ അറിയണം എന്നുണ്ട്". അത് കേട്ടതും അവന് പൊട്ടിച്ചിരിച്ചു, കൂടെ ഞാനും കൂടി. അവന്റെ ഭാര്യ സംഭവം അറിയാതെ ഞങ്ങളെ മിഴിച്ചു നോക്കുന്നുണ്ടായിരുന്നു. അവന് എന്നോട് "ഒക്കെ ഡാ" എന്നും പറഞ്ഞു ബൈക്കുമായി പോയി. അപ്പോള്‍ എന്റെ മോന് എന്റെ അടുത്തേക്ക് ഓടി വന്നു,അവനെയും എടുത്തു ആ ഇടവഴിയില്‍ അവര്‍ പോകുന്നതും നോക്കി അങ്ങനെ നിന്നപ്പോള്‍ ഞാന്‍ ഓര്‍ത്തു. സംഭവം കഴിഞ്ഞിട്ട് പത്തുപതിനാലു വര്‍ഷം കഴിഞ്ഞു.എന്നിട്ടും അത് ഞങ്ങളുടെ രണ്ടാളുടെയും മനസ്സില്‍ നിന്നും പോയിട്ടില്ല. ചില ഓര്‍മ്മകള്‍ അങ്ങനെയാണ്. കാലപ്പഴക്കം കൂടും തോറും മധുരം കൂടും..വീഞ്ഞ് പോലെ. ഇടയ്ക്കു എനിക്ക് തോന്നും വളരേണ്ടിയിരുന്നില്ല എന്ന്.പക്ഷെ എന്ത് ചെയ്യാന്‍? ജീവിതം ഇങ്ങനെയൊക്കെയാണല്ലോ. ഇനി ഒരു ഉത്സവക്കാലത്ത് നാട്ടില്‍ ഉണ്ടെങ്കില്‍ ഒരിക്കല്‍ കൂടെ എനിക്ക് അവന്റെ കൂടെ ഒരു നാടകം കാണാന്‍ പോകണം എന്നുണ്ട്. നടക്കുമോ എന്തോ..


