
ഞാനൊക്കെ ക്രിക്കറ്റ് കണ്ടു തുടങ്ങിയ സമയത്ത് സച്ചിന് മാത്രമേ ഉള്ളു മനസ്സില്‍, ഇന്ത്യയുടെ കളി ഉള്ള ദിവസം സ്കൂളില്‍ നിന്നും കോളേജില്‍ നിന്നുമൊക്കെ നേരത്തെ വന്നു ടിവിയുടെ മുന്പില് ഇരുന്നിരുന്ന ആ കാലം , അന്നൊക്കെ കളിയുടെ ഇടക്ക് വെച്ച് ആര് കയറി വന്നാലും ആദ്യം ചോദിക്കുക “സച്ചിന് ഔട്ടായോ? “എന്നായിരുന്നു, ഒരു തലമുറ കേട്ട് വളര്‍ന്ന ചോദ്യം, കാരണം അന്ന് ഇന്ത്യന്‍ ടീം എന്ന് വെച്ചാല്‍ സച്ചിന് ആയിരുന്നു, സച്ചിന് പുറത്തായാല്‍ ഇന്ത്യ തോറ്റിരുന്ന കാലം, തന്റെ പത്താം നമ്പര്‍ ജേര്സി് അണിഞ്ഞു സച്ചിന് ഇറങ്ങുമ്പോള്‍ ഒരേ സമയം എത്ര ഇന്ത്യക്കാരായിരുന്നു ആ കളി കാണാന്‍ ടിവിയുടെ മുന്പില് ഇരുന്നിരുന്നത്, കൊച്ചു കുട്ടികള്‍ മുതല്‍ വയസ്സായ ആളുകള്‍ വരെ, ക്രിക്കറ്റ് എന്ന കളി പൂര്‍ണ്ണ മായും അറിയാത്തവര്‍ക്ക് പോലും സച്ചിന് പ്രിയപ്പെട്ടവനായിരുന്നു.
സച്ചിന് ഫോം ആയാല്‍ പിന്നെ കളി ജയിച്ചു എന്ന് വിശ്വസിച്ചിരുന്നു ഞാന്‍ അടക്കം എല്ലാവരും. സച്ചിന് ഔട്ടായാല്‍ കളി നിര്‍ത്തി പോയിരുന്ന ഒരാളായിരുന്നു ഞാന്‍ . സച്ചിന്റെ കൂടെ കളിയ്ക്കാന്‍ എത്രയോ കളിക്കാര്‍ മാറി മാറി വന്നു, പക്ഷെ ഒരു മാറ്റവും കൂടാതെ വര്‍ഷങ്ങളോളം സച്ചിന് മറ്റേ അറ്റത്തു നിലയുറപ്പിച്ചു തന്നെ നിന്നു.എത്രയോ ഫോര്‍, എത്രയോ സിക്സ്..അതില്‍ നിന്നും പിറന്ന എത്രയോ സെഞ്ച്വറികള്‍ , എത്രയോ ഹാഫ് സെഞ്ച്വറികള്‍ ..4+6= 10dulkar എന്ന ഒരു പ്രയോഗം തന്നെ നിലവില്‍ വന്നില്ലേ?
ഈ കോഴ വിവാദം വന്നു ക്രിക്കറ്റ് എന്ന മഹത്തായ കളിയുടെ അന്തസിനും അഭിമാനത്തിനും കോട്ടം തട്ടിയ നാളുകളിലും ഒരു വിവാദത്തിലും പെടാതെ സച്ചിന് മാറി നിന്നു.സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിച്ചു കൊണ്ടാണ് അദ്ദേഹം ഇത് വരെ മുന്പോട്ട് പോയത് , അന്ന് സച്ചിന്റെ കൂടെ കളിച്ചിരുന്ന പലരും വിവാദത്തില്‍ പെട്ട് ടീമിന് പുറത്ത് പോയി,പലരും വിരമിച്ചു,അതിനു ശേഷം എത്രയോ പുതുമുഖങ്ങള്‍ ഇന്ത്യന്‍ ടീമില്‍ വന്നു, യുവരാജ് മുതല്‍ അജിന്ഗ്ഗെ രഹാനെ വരെ എത്രയോ പേരുടെ കൂടെ സച്ചിന് കളിച്ചു. നേടാന്‍ കഴിയാതെ പോയ ലോക കപ്പിലും മുത്തമിടാനുള്ള ഭാഗ്യം സച്ചിനുണ്ടായി. പല മത്സരങ്ങളിലും സച്ചിന്റെ പ്രകടനം കൊണ്ട് മാത്രം ടീം ഇന്ത്യ വിജയിച്ചു.
സച്ചിന്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞവരോട് ബാറ്റ് കൊണ്ട അദ്ദേഹം മറുപടി കൊടുത്തു. കൂടെ കളിച്ചിരുന്നവരോടും എതിര് ടീമില്‍ ഉള്ളവരോടും ഇത്രയധികം വിനയത്തോടെ പെരുമാറുന്ന മറ്റൊരു കളിക്കാരന് ഉണ്ടോ എന്ന് സംശയമാണ്.ഒളിമ്പിക്സില്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയ സൈനയ്ക്ക് ആന്ധ്രപ്രദേശ് സ്പോര്‍ട്സ് അസോസിയേഷന്റെ സമ്മാനമായ BMW കാര്‍ സമ്മാനിച്ചപ്പോള്‍ അത് നല്കാന് സച്ചിനെ ക്ഷണിച്ചത് ഈ അവസരത്തില്‍ ഓര്‍മ്മിക്കട്ടെ. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഗവണ്മെന്റ് ബംഗ്ലാവ് വേണ്ട എന്ന് പറഞ്ഞത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.ഇന്ത്യന്‍ നേവി territorial army മെമ്പര്‍ഷിപ് കൊടുത്ത് ആദരിച്ച ഒരു കളിക്കാരന് കൂടിയാണ് നമ്മുടെ പ്രിയപ്പെട്ട സച്ചിന് രമേശ് ടെണ്ടുല്‍ക്കര്‍ !!
കളിക്കളത്തിലും പുറത്തും ഒരു പോലെ മാന്യത പുലര്‍ത്തുന്ന ആളാണ് സച്ചിന്, ഒരു ലിക്കര്‍ കമ്പനിയുടെ ഇരുപതു കോടിയുടെ ഓഫര്‍ നിരസിച്ച ആളാണ് അദ്ദേഹം.സച്ചിന് അത് അന്ന് ചെയ്തിരുന്നെകില്‍ ഇന്ത്യയില്‍ ഒരു കളിക്കാരന് പരസ്യ ഇനത്തില്‍ കിട്ടുമായിരുന്ന കൂടിയ തുക ആയേനെ അത്.എന്നാല്‍ നാടിനെ നശിപ്പിക്കുന്ന മദ്യം വില്‍ക്കാനുള്ള അങ്ങിനെയൊരു പരസ്യം ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ല.പണത്തിനു വേണ്ടി എന്തു പരസ്യവും ചെയ്യാന്‍ തയ്യാറായി നില്ക്കുവന്ന ഇന്നത്തെ കളിക്കാര്‍ സച്ചിന്റെ ഈ നിലപാട് കണ്ടു മനസ്സിലാക്കണം
അതിനു പകരം അദ്ദേഹം ചെയ്ത പരസ്യങ്ങള്‍ എല്ലാം കുട്ടികളുടെയും സാധാരണക്കാരുടെയും പ്രിയപ്പെട്ടതായി മാറി,പരസ്യത്തിലെ ഗാനങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ഇരുന്നു കയ്യടിച്ചത് എനിക്കോര്‍മ്മയുണ്ട്, ആ കയ്യടി സച്ചിനോടുള്ള ആരാധന ആയിരുന്നു, പതിനേഴോളം ഉല്പന്നങ്ങളുടെ പരസ്യത്തില്‍ നമ്മള് സച്ചിനെ കണ്ടിട്ടുണ്ട് എന്ന് നിങ്ങള്‍ക്കറിയാമോ? പെപ്സി പോലുള്ള പാനീയങ്ങള്‍ ഇന്ത്യയില്‍ ജനകീയമായത് സച്ചിനിലൂടെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആലാരെ സച്ചിന് ആലാരെ എന്ന പരസ്യമൊക്കെ മധുരമുള്ള ഒരു ഓര്‍മ്മയായി ഇന്നും മനസ്സിലുണ്ട്. അദ്ദേഹം ചെയ്ത അത്തരം ചില പരസ്യങ്ങളില്‍ മികച്ച അഞ്ചെണ്ണം താഴെ ചേര്‍ക്കുന്നു.
ഒഴിവ് ദിവസങ്ങളില്‍ കൂട്ടുകാരുടെ കൂടെ കുടിച്ചു ഉല്ലസിച്ചു നടക്കാതെ തന്റെ കുടുംബത്തോടൊപ്പം കഴിയാന്‍ ഇഷ്ട്ടപെടുന്ന ആളാണ് സച്ചിന്. തന്റെ ഭാര്യാ അഞ്ജലിയോടും, മക്കള്‍ സാറയോടും അര്‍ജുനോടും ഒത്തു ചേര്‍ന്ന് തികഞ്ഞ ഒരു കുടുംബനാഥനായി അദ്ദേഹംഅവരുടെ കൂടെ സമയം ചിലവഴിക്കുന്നു.
ഈ അടുത്ത കാലത്ത് ഫേസ്ബുക്കിലും അദ്ദേഹം സജീവമായി,കൂടാതെ ട്വിറ്ററിലും നിങ്ങള്‍ക്ക് അദ്ദേഹത്തെ ഫോളോ ചെയ്യാവുന്നതാണ്. (@sachin_rt.)അദ്ധേഹത്തിന്റ ഫേസ് ബുക്ക് പ്രൊഫൈല്‍ താഴെ ചേര്‍ക്കുന്നു.
https://www.facebook.com/SachinTendulkar/info
എന്നും റെക്കോര്‍ഡുകളുടെ കൂട്ടുകാരനായിരുന്നു സച്ചിന്, ബാറ്റിങ്ങില്‍ എന്ന പോലെ ബോളിങ്ങിലും ഫീല്ടിങ്ങിലും അദ്ദേഹം കാണിച്ചിരുന്ന മികവ് എല്ലാവര്ക്കും അറിയാവുന്നതാണ്, അതിനെ കുറിച്ച് വിശദീകരിക്കാന്‍ ഈ ബ്ലോഗ് പോസ്റ്റ് മതിയാകില്ല, അത് കൊണ്ട് അദ്ധേഹത്തിന്റെ ഇത് വരെയുള്ള ഒരു കരിയറിന്റെ ഒരു ചുരുക്കം താഴെ ചേര്‍ക്കുന്നു. ( from wikipedia).
സച്ചിന്റെ ഈ റെക്കോര്‍ഡുകളുടെ ഏഴയലത്ത് എത്താന്‍ ഇന്നത്തെ കളിക്കാര്‍ക്ക് കഴിയുമോ എന്നത് സംശയമാണ്, അല്ലെങ്കില്‍ തന്നെ സച്ചിന് കളിച്ച അത്രയും കാലം കളിയ്ക്കാന്‍ ആര്‍ക്കു സാധിക്കും എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു. അത് കൊണ്ടാണല്ലോ ക്രിക്കറ്റിനെ ഒരു മതമായി കാണുന്ന ഇന്ത്യയില്‍ സച്ചിനെ അതിന്റെ ദൈവമായി കാണുന്നത്.
സച്ചിന് പോകുമ്പോള്‍ ടീമിന് നഷ്ട്ടപെടുന്നത് മികച്ച ഒരു കളിക്കാരനെ മാത്രമല്ല, ഗ്രൌണ്ട് മുഴുവന്‍ നിറയുന്ന പ്രസരിപ്പും, ടീമിന് മുഴുവന്‍ പോസിറ്റീവ് എനര്‍ജി നല്കുന്ന ഒരു ശക്തികേന്ദ്രം കൂടിയാണ്,ഒപ്പം മറ്റ് ടീമുകള്‍ക്ക് എതിരെയുള്ള ഇന്ത്യയുടെ തുരുപ്പ് ചീട്ടും. പുതിയ കളിക്കാര്‍ക്ക് സച്ചിന് നല്കുന്ന പ്രോത്സാഹനം നമ്മുടെ ശ്രീശാന്ത് ഉള്‍പ്പെടെ പല കളിക്കാരും പറഞ്ഞു നമ്മള് കേട്ടിട്ടുണ്ട്. സച്ചിനെ കുറിച്ച് പ്രശസ്തരായ കുറച്ചു പേര് പറഞ്ഞത് കൂടെ ചേര്‍ക്കാതെ ഇത് പൂര്‍ണ്ണമാകില്ല.അത് താഴെ ചേര്‍ക്കുന്നു
പണ്ട് സച്ചിന് ജയ് വിളിച്ചവര്‍ ഉള്‍പ്പെടെ പലരും ഇന്ന് സച്ചിന് കളി നിര്‍ത്തണം എന്ന് പറഞ്ഞു മുറവിളി കൂട്ടി, എന്തായാലും അവര്‍ക്കൊക്കെ ഇനി സമാധാനമായി വീട്ടില്‍ ഇരിക്കാം,കളി കാണാം,പക്ഷെ സച്ചിന് കളി നിര്‍ത്തിയാല്‍ ക്രിക്കറ്റ് എന്ന കളി കാണുന്നത് തന്നെ നിര്‍ത്തും എന്ന് തീരുമാനിച്ച കുറെ പേരുടെ, സാധാരണക്കാരായ ഒരു പാട് ഇന്ത്യക്കാരുടെ മനസ്സില്‍ സച്ചിന് എന്നും നില നില്ക്കും.
നന്ദി..സച്ചിന്..നന്ദി.. ഞങ്ങളെ ത്രസിപ്പിച്ച ഓരോ നിമിഷങ്ങള്‍ക്കും.. ഞങ്ങള്‍ അഭിമാനത്തോടെ ഓര്‍ക്കുന്ന ഓരോ വിജയങ്ങള്‍ക്കും .. താങ്കളുടെ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇത് പോലൊരാള്‍ ഇനി ഉണ്ടാകില്ല..തീര്‍ച്ച..കാരണം ഇതിഹാസങ്ങള്‍ പുനര്‍ജനിക്കാറില്ല !!













