Showing posts with label trichur. Show all posts
Showing posts with label trichur. Show all posts

Sunday, March 6, 2016

കലാഭവന്‍ മണി - ഒരു ഓര്‍മ്മകുറിപ്പ്..



1996-ല്‍ ഞാന്‍ കേരള വര്‍മ്മയില്‍ പഠിക്കുന്ന കാലത്ത് അവിടെ കോളേജ് ഡേ ഉത്ഘാടനം ചെയ്യാന്‍ കലാഭവന്‍ മണി വന്നിരുന്നു. അന്ന് പക്ഷെ എനിക്ക് അദ്ധേഹത്തെ കാണാന്‍ കഴിഞ്ഞില്ല. പിന്നീട് I.M. വിജയന്‍റെ നേതൃത്വത്തില്‍ തൃശൂര്‍ സിനിമാക്കാരുടെ ഒരു ഫുട്ബോള്‍ മത്സരം നടന്നപ്പോളാണ്‌ മണിയെ ആദ്യമായി കാണുന്നത് എന്നാണ് എന്‍റെ ഓര്‍മ്മ. പിന്നെ വല്ല്യേട്ടന്‍ സിനിമയുടെ ഷൂട്ടിംഗ് ഞങ്ങളുടെ നാട്ടില്‍ നടന്നപ്പോള്‍ മണിയെ വീണ്ടും കണ്ടു. മണിയും സിദ്ധിക്കും മമ്മൂട്ടിയുമായുള്ള കോമ്പിനേഷന്‍ സീന്‍സ് എല്ലാം എടുക്കുന്നത് കണ്ടു. അന്നും പരിചയപ്പെടാന്‍ സാധിച്ചില്ല. പിന്നീട് കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ തൃശൂര്‍ സൈന്‍ മാജിക്കില്‍ ജോലി ചെയ്യുന്ന കാലത്താണ് മണിയുടെ ബെന്‍ ജോണ്‍സന്‍ ഇറങ്ങിയത്. സ്വാഭാവികമായും മണിക്ക് ഫാന്‍സ്‌ ഉണ്ടായി. അങ്ങനെ കുറെ പേര് അന്ന് ഫ്ലക്സ് അടിക്കാന്‍ അവിടെ വരുമായിരുന്നു. അവരില് ഒരാളായിരുന്നു ശശി ചേട്ടന്‍. ശശി മണിയുടെ വലിയൊരു ആരാധകനും, ഒപ്പം ഒരു നടന്‍ പാട്ടുകാരനും ആയിരുന്നു. അന്ന് പുള്ളി എന്നോട് മണിയുടെ വിശേഷങ്ങളൊക്കെ പറയും. ഒരിക്കല്‍ മണിയുടെ നാട്ടിലെ ഒരു ക്രിസ്ത്മസ് പരിപാടിക്ക് ശശി ചേട്ടന്‍ പോകുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ ഞാനും കൂടെ വരട്ടെ എന്ന് ചോദിച്ചു. പുള്ളി ഒകെ പറഞ്ഞു. അങ്ങനെ ആ ക്രിസ്ത്മസ് ദിവസം ശശിയുടെ കൂടെ ഞാന്‍ മണിയുടെ ചേന്നത്ത് നാട്ടില്‍ എത്തി.

അന്ന് ആ നാട്ടില്‍ മണിയുടെ വക ഒരു വമ്പിച്ച ക്രിസ്ത്മസ് കാഴ്ച്ച ഉണ്ടായിരുന്നു. കൂടാതെ ഒരു ചെറിയ പൂരവും. ഞങ്ങള്‍ ചെല്ലുമ്പോള്‍ മണിയും സുഹൃത്തുക്കളും കൂടെ അവിടെയുള്ള ഒരു പറമ്പില്‍ സംസാരിച്ചു നില്‍ക്കുന്നുണ്ട്.ചാലക്കുടി പുഴയോട് ചേര്‍ന്നാണ് ആ പറമ്പ്, അതില്‍ പുഴയോട് ചേര്‍ന്ന് കൊണ്ട് നിര്‍മ്മിച്ച ഒരു ചെറിയ ഹട്ട്. ഞാന്‍ അതില്‍ കയറി നോക്കി, അവിടെ തബലയും ഹാര്‍മോണിയവും ഒക്കെയുണ്ട്. അവിടെയാണ് ചില വൈകുന്നേരങ്ങളില്‍ മണി സുഹൃത്തുക്കളുടെ കൂടെ കൂടാറുള്ളത്. ശരിക്കും നമ്മള്‍ ഉണ്ടാകാന്‍ കൊതിച്ചു പോകുന്ന ഒരു സ്ഥലം. ശശി ചേട്ടന്‍ എന്നെ മണിക്ക് പരിചയപ്പെടുത്തി. മണി എനിക്ക് കൈ തന്നപ്പോള്‍ എന്‍റെ കൈ ചെറുതായി ഒന്ന് വേദനിച്ചു. ഉരുക്ക് മുഷ്ട്ടി എന്നൊക്കെ പറയില്ലേ? അത് പോലൊരു ഷേക്ക്‌ ഹാന്‍ഡ്‌ ആയിരുന്നു അത്. ജനുവരി ഒന്നാം തിയ്യതി മണിയുടെ ബര്‍ത്ത്ഡേ ആയത് കൊണ്ട് ഞാന്‍ ആള്‍ക്കൊരു ഗ്രീറ്റിംഗ് കാര്‍ഡ്‌ കൊടുത്തു. ആളത് സന്തോഷത്തോടെ വാങ്ങിച്ചു. വല്ല്യേട്ടന്റെ ഷൂട്ടിങ്ങിന് ഞങ്ങടെ നാട്ടില്‍ വന്ന കാര്യമൊക്കെ ഞാന്‍ പറഞ്ഞപ്പോള്‍ പുള്ളി അതൊക്കെ ഓര്‍ത്തു പറഞ്ഞു. ആളുടെ കൂടെ അന്ന് എടുത്ത ഫോട്ടോയാണ് ഇത്. എന്നോട് പറഞ്ഞു അപ്പുറത്ത്ചോറും പോത്ത് വരട്ടിയതുമുണ്ട്, കഴിച്ചിട്ട് പോയാല്‍ മതി എന്ന്. ഞാന്‍ നോക്കുമ്പോള്‍ മൂന്നു നാലു ചെമ്പ് നിറയെ ചോറും കറിയും. അന്ന് അവിടെ വരുന്ന എല്ലാവര്ക്കും മണിയുടെ വക ആയിരുന്നു ഫുഡ്‌. അത് കൂടാതെ എവിടെ നിന്നൊക്കെയോ ആരൊക്കെയോ സഹായത്തിന് വേണ്ടി മണിയുടെ വീട്ടില്‍ വരുന്നുണ്ട്. അവര്‍ക്കൊക്കെ കാശ് കൊടുക്കുന്നത് ഞാന്‍ നേരില്‍ കണ്ടു. അത് ചുമ്മാ കൊടുക്കുകയല്ല, കൃത്യമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു സത്യം ആണെന്ന് മനസ്സിലായാല്‍ മാത്രം. അന്ന് അവിടെ അസുഖം ആയി വന്ന ഒരാളോട് ഏത് ഹോസ്പിറ്റലില്‍ ആണ് കാണിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ ഹോസ്പിറ്റല്‍ പറഞ്ഞു, അപ്പോള്‍ അവിടെ ഏത് ഡോക്ടര്‍ ആണെന്ന് വരെ ചോദിക്കുന്നത് കേട്ടിരുന്നു. അവിടെ അടുത്തുള്ള വിധവയായ ഒരു ചേച്ചിക്ക് തയ്യല്‍ മെഷീന്‍ വാങ്ങി കൊടുത്തതും മണി ആണ്.

പൂരം തുടങ്ങിയപ്പോള്‍ മണി ഒരു കാവി മുണ്ടും ജുബ്ബയും ഉടുത്ത് വന്നു. ആ പൂരത്തിന്റെ മുന്‍പില്‍ നെഞ്ച് വിരിച്ചു നടന്ന മണിയുടെ കുറെ ഫോട്ടോസ് ഞാന്‍ എടുത്തിരുന്നു. കുറച്ചു ദൂരം ഞാനും പുള്ളിയുടെ കൂടെ നടന്നു. അപ്പോളൊക്കെ പുള്ളി ആ നാട്ടിലെ ഓരോ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിന്നു. ഇടക്ക് വരുന്നവരുടെ കൂടെയൊക്കെ നിന്ന് ഫോട്ടോ എടുത്തു കൊണ്ടിരുന്നു. അത്രയും സിമ്പിള്‍ ആയ ഒരു മനുഷ്യന്‍. ഒരു ദിവസമേ ഉണ്ടായുള്ളൂ എങ്കിലും പുള്ളിയെ പിന്നെ ഇത് വരെ മറക്കാന്‍ പറ്റിയിട്ടില്ല. കുറച്ചു വര്‍ഷം കഴിഞ്ഞു ആളിവിടെ ഒരു പ്രോഗ്രാമിന് വന്നപ്പോള്‍ ഞാന്‍ പോയി കണ്ടു സംസരിച്ചു. അന്ന് ചാലക്കുടി വന്നതും ഗ്രീറ്റിംഗ് കാര്‍ഡ്‌ കൊടുത്തതും ഒക്കെ പറഞ്ഞപ്പോള്‍ ആള്‍ക്ക് എന്നെ മനസ്സിലായി . അന്ന് എന്‍റെ തോളില്‍ കയ്യൊക്കെ ഇട്ടാണ് ഫോട്ടോ എടുത്തത്. എന്നും നമ്പര്‍ കയ്യിലുണ്ടായിരുന്നു എങ്കിലും ഞാന്‍ ആളെ അങ്ങനെ വിളിക്കാറില്ല.

ഒരു പ്രേക്ഷകന്‍ എന്ന നിലക്ക് കോളേജ് സമയം തൊട്ട് മണിയുടെ കേസ്സറ്റ് വാങ്ങിച്ചു പാട്ടുകള്‍ കേട്ടിട്ടുണ്ട്, കോമഡി വേഷങ്ങള്‍ കണ്ടു കുറെ ചിരിച്ചിട്ടുണ്ട്, വാസന്തിയും കരുമാടിക്കുട്ടനും കണ്ടു വിഷമിച്ചിട്ടുണ്ട്, ജെമിനിയിലെയും രാക്ഷസ രാജാവിലെയും വില്ലന്‍ വേഷങ്ങള്‍ കണ്ടു മനസ്സ് കൊണ്ട് അഭിനന്ദിച്ചിട്ടുണ്ട്. ഇപ്പോളും ഓഫീസില്‍ ഇരിക്കുമ്പോള്‍ ഇടയ്ക്കു മണിയുടെ പഴയ പാട്ടുകള്‍ കേള്‍ക്കാറുണ്ട്. ഇന്നലെ അപ്രതീക്ഷിതമായി മണി മരിച്ചു എന്ന് ആദ്യം കേട്ടപ്പോള്‍ സത്യമാകല്ലേ എന്ന് പ്രാര്‍ത്ഥിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ ന്യൂസ്‌ കണ്‍ഫേം ആയി. രാത്രി വാര്‍ത്തകള്‍ കണ്ടപ്പോള്‍ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നി. അറിയാതെ കണ്ണ് നിറഞ്ഞു പോയി. വേണ്ടപ്പെട്ട ഒരാള്‍ മരിച്ച പോലെ ഒരു നൊമ്പരം. ഈ അടുത്ത കാലത്ത് അവസരങ്ങള്‍ കുറഞ്ഞെങ്കിലും ഇനിയും ഒരു പാട് വേഷങ്ങള്‍ ആള്‍ക്ക് ചെയ്യാന്‍ ബാക്കി ഉണ്ടായിരുന്നു. മണി ചേട്ടന് എന്‍റെ ഹൃദയാഞ്ജലി.

Monday, August 25, 2014

കോളേജ് ഡെയ്സ് - 2 !!




അങ്ങനെ ഞങ്ങള്‍ എല്ലാവരും കൂടെ ടൌണില്‍ തന്നെയുള്ള വേറൊരു കോളേജില്‍ മൂന്നാം വര്‍ഷം ചേര്‍ന്നു. ജാസ്മിനെ അവളുടെ വീട്ടുകാര്‍ ടൌണിലെ ഒരു ഗേള്‍സ്‌ കോളേജില്‍ കൊണ്ട് പോയി ചേര്‍ത്തു. ഞങ്ങള്‍ തമ്മില്‍ കാണാതിരിക്കാന്‍ വേണ്ടിയാണു അങ്ങനെ ചെയ്തത്. പക്ഷെ ആദ്യ ദിവസം ഞാന്‍ ക്ലാസ്സില്‍ ചെന്നപ്പോള്‍ അവള്‍ എന്റെ കോളേജിന്‍റെ താഴെ നില്‍ക്കുന്നു. അന്ന് എന്‍റെ ജന്മ ദിനം ആയതു കൊണ്ട് കയ്യില്‍ കുറച്ചു റോസാപൂക്കള്‍ പിടിച്ചാണ് അവള്‍ നിന്നിരുന്നത്. ഇവളെന്താ ഇവിടെ എന്ന് ആലോചിച്ച് ചെന്ന് ചോദിച്ചപ്പോളാണ് കാര്യം അറിഞ്ഞത്. അവള്‍ ആദ്യ ദിവസം തന്നെ അവിടെ നിന്ന് അഡ്മിഷന്‍ ക്യാന്‍സല്‍ ചെയ്തു ഞാന്‍ പഠിക്കുന്ന കോളേജില്‍ തന്നെ വന്നു ചേര്‍ന്നതാണ് എന്ന്. ഇവിടെ അവള്‍ക്കു കൂട്ടായി ജ്യോതി എന്നൊരു കുട്ടിയും ഉണ്ടായി. എന്‍റെ കൂടെ നടക്കരുത് എന്ന് പറഞ്ഞു ഈ ജ്യോതി എന്നും അവളെ ഉപദേശിക്കുമായിരുന്നു. കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയപ്പോള്‍ ഞങ്ങള്‍ ജ്യോതിയുടെ പഴയ നമ്പര്‍ തപ്പി എടുത്തു അവളെ വിളിച്ചിരുന്നു. അവള്‍ ഇപ്പോള്‍ എറണാകുളത്താണ്. അടുത്ത അവധിക്കു എന്തായാലും അവളെ പോയി ഒന്ന് കാണണം. അപ്പോള്‍ പറഞ്ഞു വന്നത് അങ്ങനെ ഒരു വര്‍ഷം കൂടെ ഞങ്ങള്‍ക്ക് ഒരുമിച്ചു പഠിക്കാന്‍ കഴിഞ്ഞു. ഓണത്തിന് പൂക്കള മത്സരം നടന്ന ദിവസം ഞങ്ങള്‍ അവിടത്തെ മാഷുമാര്‍ക്ക് ഒരു ഓണസദ്യ കൊടുത്തിരുന്നു.

ആ വര്‍ഷം അവസാനം ആയപ്പോള്‍ ഞങ്ങള്‍ക്ക് ഒരു സോഷ്യല്‍ വര്‍ക്ക്‌ഡേ ഉണ്ടായിരുന്നു. പൂങ്കുന്നത്തുള്ള ഒരു കോളനി ക്ലീന്‍ ചെയ്യലായിരുന്നു പണി. 2000 നവംബര്‍ 17. അന്നൊരു ഞായറാഴ്ച്ച ആയിരുന്നു. അന്ന് വര്‍ക്ക്‌ എല്ലാം കഴിഞ്ഞപ്പോള്‍ അവിടെ ഉള്ള ഒരു വീട്ടുകാര്‍ ഞങ്ങള്‍ക്ക് കപ്പയും മുളക് ചമ്മന്തിയും തന്നു. ജാസ്മിനും ജ്യോതിയും കൂടെ ആയിരുന്നു അതിന്‍റെ വിതരണം. ഞാനും ഷാനിയും ഷാനുവും എല്ലാം ഇലയിട്ടു താഴെ ഇരിക്കുന്നു. അന്ന് ജാസ്മിന്‍ എന്‍റെ ഇലയില്‍ ഭക്ഷണം വിളമ്പിയപ്പോള്‍ ഞാന്‍ അവളോട് ചോദിച്ചു "എന്നും ഇത് പോലെ വിളമ്പി തരുമോ എന്ന്? അവള്‍ "അയ്യട, എന്തൊരു മോഹം" എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് പോയി. പിന്നീട് എന്‍റെ ആ ചോദ്യം സത്യമായി മാറി. കഴിഞ്ഞ കുറെ വര്‍ഷമായി അവളാണ് എനിക്ക് വിളമ്പി തരുന്നത്. ആ കോളനിയിലേക്ക് അവളുടെ കൂടെ ഒരിക്കല്‍ കൂടെ ഒന്ന് പോകാന്‍ കരുതിയിട്ട്‌ ഇത് വരെ കഴിഞ്ഞിട്ടില്ല. എന്നും അവിടെ എത്തുമ്പോള്‍ നേരം വൈകിയ കാരണം വീട്ടില്‍ പോകാറാണ് പതിവ്.

ഡിഗ്രി അവസാന വര്‍ഷം ആയതു കൊണ്ട് ഞങ്ങള്‍ എല്ലാവരും പരമാവധി ഉഴപ്പി. അങ്ങനെ ഞങ്ങളുടെ ഡിഗ്രി ക്ലാസ്സ്‌ തീരാന്‍ ഒരു മാസം കൂടെ ബാക്കി നില്‍ക്കെ പെട്ടെന്ന് ഒരു ദിവസം മഹേഷ്‌ സര്‍ ക്ലാസ്സില്‍ വന്നു പറഞ്ഞു " ഇന്നത്തോടെ നിങ്ങളുടെ ക്ലാസ്സ്‌ തീരുകയാണ്. നിങ്ങളുടെ സിലബസ് എല്ലാം പഠിപ്പിച്ചു കഴിഞ്ഞു. ഇനിയുള്ള ഒരു മാസം എല്ലാവരും വീട്ടില്‍ ഇരുന്നു പഠിച്ചാല്‍ മതി എന്ന്. പുള്ളി അതും പറഞ്ഞു പോയി. ഞങ്ങള്‍ എല്ലാവരും ഒന്ന് ഞെട്ടി. ഞാനും ജാസ്മിനും പരസ്പരം നോക്കി. പെട്ടെന്നൊരു പിരിഞ്ഞു പോക്ക് ഞങ്ങള്‍ ആരും കരുതിയിരുന്നില്ല. ഞാനും ഷാനിയും കൂടെ മഹേഷ്‌ സാറിനോട് ചോദിച്ച് പിറ്റേ ദിവസം മുതല്‍ ക്ലാസ്സില്‍ വന്നു ഒരു ഗ്രൂപ്പ് സ്റ്റഡി നടത്തിയെങ്കിലും അതും അധികം മുന്‍പോട്ടു പോയില്ല. അങ്ങനെ മൂന്നു വര്‍ഷത്തെ ഞങ്ങളുടെ ഡിഗ്രി ജീവിതത്തിനു നിനച്ചിരിക്കാതെ തിരശീല വീണു. ഇന്നിപ്പോള്‍ ഷാനിയുടെ ഭാര്യ ഫെമി ഞങ്ങളോട് പഴയ കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ ഞങ്ങള്‍ മൂന്നു പേരും ആ പഴയ കോളേജ് പിള്ളേരാകും, അന്നത്തെ കാര്യങ്ങള്‍ എല്ലാം പറഞ്ഞു പൊട്ടിച്ചിരിക്കും.

അതിനു ശേഷം പിന്നീട് രണ്ടു മാസത്തിനു ശേഷം ഫൈനല്‍ ഇയര്‍ എക്സാം നടന്നു. കൂര്‍ക്കഞ്ചേരിയില്‍ ആയിരുന്നു എക്സാം സെന്‍റര്‍. പിന്നെയും രണ്ടു മാസം അവധി. ജാസ്മിന്‍ ആ സമയത്ത് ടൈപ്പ് പഠിക്കാന്‍ ടൌണില്‍ വരുമായിരുന്നു. അപ്പോള്‍ ഇടയ്ക്കു ഞങ്ങള്‍ കാണാറുണ്ട്. എങ്കിലും പഴയ പോലെ അധികം സമയം കിട്ടിയിരുന്നില്ല. പിന്നെ അവള്‍ ടൈപ്പ് നിര്‍ത്തി, ടൌണില്‍ വരാതായി. മൊബൈല്‍ ഫോണ്‍ ഒന്നും പോപ്പുലര്‍ ആകാത്ത കാലം. അന്നൊക്കെ എല്ലാ ആഴ്ചയും ജാസ്മിന്‍ എനിക്ക് കത്തുകള്‍ അയക്കുമായിരുന്നു. ഞാന്‍ എന്നും പോസ്റ്റ്മാന്‍ സദേട്ടനെ കാത്തു നില്‍ക്കും, പുള്ളി വൈകുന്ന ദിവസം ആളെ അന്വേഷിച്ചു ഞാന്‍ സൈക്കിളില്‍ പോകുമായിരുന്നു. ഇടക്കൊരു ദിവസം ആളുടെ വീട്ടില്‍ പോയും കത്ത് വാങ്ങിച്ചിട്ടുണ്ട്. ആ കത്തുകളെല്ലാം ഇന്നും എന്‍റെ വീട്ടില്‍ ഇരിക്കുന്നുണ്ട്.

രണ്ടു മാസം കഴിഞ്ഞു റിസള്‍ട്ട് വന്നു. എന്‍റെയും രാജേഷിന്‍റെയും ഒഴികെ ബാക്കി എല്ലാവര്‍ക്കും ഒന്ന് രണ്ടു പേപ്പര്‍ പോയിരുന്നു. അവര്‍ക്കിനി സപ്പ്ളി എഴുതണം. രാജേഷ്‌ വേറെ എന്തോ കോഴ്സ് പഠിക്കാന്‍ പോയി.അങ്ങനെ മനസ്സില്ലാ മനസ്സോടെ ഞാന്‍ അതെ കോളേജില്‍ തന്നെ M.Com-ന് ചേര്‍ന്നു. BCom-ന് ഞങ്ങള്‍ ഇരുന്ന അതെ ക്ലാസ്സ്‌ റൂം ആണ് എനിക്ക് കിട്ടിയത്. ആദ്യത്തെ ദിവസം ആ ക്ലാസ്സില്‍ ഇരുന്നപ്പോള്‍ എനിക്ക് വട്ടു പിടിച്ചു. ജാസ്മിന്‍ ഇല്ലാത്ത, ഷാനുവും,ഷാനിയും, രാജേഷും ഇല്ലാത്ത അവരുടെ പൊട്ടിച്ചിരികള്‍ ഇല്ലാത്ത ആ ക്ലാസ്സ്‌ റൂം എന്നെ വല്ലാതെ വീര്‍പ്പു മുട്ടിച്ചു. ഞങ്ങള്‍ ഒരുമിച്ചിരുന്നു പഠിച്ചിരുന്ന ആ ക്ലാസ്സില്‍ ഇന്ന് ഞാന്‍ തനിച്ച്. അവര്‍ ഇരുന്നിരുന്ന ബഞ്ചുകള്‍ അങ്ങനെ കാലിയായി കിടക്കുന്നത് കാണുമ്പോള്‍ ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. ഒടുവില്‍ ഞാന്‍ മഹേഷ്‌ സാറിനോട് കാര്യം പറഞ്ഞു. അങ്ങനെ എനിക്ക് വേണ്ടി Mcom ക്ലാസ്സ്‌ വേറെ റൂമിലേക്ക്‌ മാറ്റി. അവിടെ വെച്ചാണ്‌ സീമയെ പരിചയപ്പെടുന്നത്.

എന്‍റെ സബ്ജക്റ്റ് മാര്‍ക്കറ്റിംഗ് ആയതു കൊണ്ട് രണ്ടാം വര്‍ഷം എനിക്ക് ക്ലാസ്സ്‌ ഉണ്ടായില്ല. ഞാന്‍ വീട്ടില്‍ ഇരുന്നാണ് പഠിച്ചത്. എങ്കിലും ഇടയ്ക്കു ടൌണില്‍ പോകാറുണ്ട്. ഒരിക്കല്‍ ഞങ്ങളെ മലയാളം പഠിപ്പിച്ച തമ്പി സാറിനെ ടൌണില്‍ വെച്ച് കണ്ടു. അന്ന് പുള്ളി ഒരു ഇന്‍ഷുറന്‍സ് എജന്‍റ്റ് ആയിരുന്നു. ഒരു പോളിസി എടുക്കാന്‍ എന്നെ കുറെ നിര്‍ബന്ധിച്ചു. ജോലി ഒന്നും ആയിട്ടില്ല മാഷെ, പിന്നെ ആകാം എന്നും പറഞ്ഞു ഞാന്‍ ഒഴിഞ്ഞു മാറി. എന്നാ ശരി, ഞാന്‍ പോട്ടെ എന്ന് പറഞ്ഞു പുള്ളി നടന്നു പോകുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി. പിന്നെ ഒരിക്കലും മാഷെ ഞാന്‍ കണ്ടിട്ടില്ല. പുള്ളിയൊക്കെ ഇപ്പോള്‍ എവിടെയാണോ എന്തോ? ദൈവത്തിനറിയാം.

ആ സമയത്താണ് ഡിഗ്രിക്ക് ഞങ്ങളുടെ കൂടെ പഠിച്ച മിലി ആത്മഹത്യ ചെയ്ത വാര്‍ത്ത‍ ഞങ്ങള്‍ അറിയുന്നത്. അവളുടെ വീടിനു അടുത്തുള്ള ഒരുത്തന്‍ ആണ് എന്നോട് ഈ കാര്യം പറഞ്ഞത്. ഒരു പ്രേമനൈരാശ്യം ആയിരുന്നു കാരണം എന്നും കേട്ടു. അന്ന് അത് ജാസ്മിനെ വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തിച്ചു. ഞങ്ങളുടെ കാര്യവും അങ്ങനെ ആകുമോ എന്നൊക്കെ അവള്‍ ഭയന്നിരുന്നു. അപ്പോളാണ് ഞാന്‍ തൃശ്ശൂര്‍ സോഫ്റ്റ്‌ടെകില്‍ ജോലിക്ക് കയറുന്നത്. ആ പിന്നീട് അങ്ങോട്ടേക്ക് ഞാന്‍ ജാസ്മിനെ കൊണ്ട് വരികയായിരുന്നു. കുറെ നാളുകള്‍ക്ക് ശേഷം അന്നാണ് അവള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നത്. അങ്ങനെ അവളും ഞാനും ഒരേ സ്ഥാപനത്തില്‍ വെവ്വേറെ സ്ഥലങ്ങളിലായി ജോലി ചെയ്തു. വീണ്ടും പ്രണയ ദിനങ്ങള്‍. വൈകീട്ട് ജോലി കഴിഞ്ഞു പോകുമ്പോള്‍ ടൌണില്‍ കണ്ടിരുന്ന ദിവസങ്ങള്‍. അന്നാണ് ഞാന്‍ അവള്‍ക്കൊരു മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുത്തത്. പിന്നീട് നാല് വര്‍ഷം കഴിഞ്ഞായിരുന്നു ഞങ്ങളുടെ കല്യാണം. അതിനിടയില്‍ എന്തൊക്കെ പ്രശ്നങ്ങള്‍..കോലാഹലങ്ങള്‍..ആ കഥകളെല്ലാം പിന്നെയൊവസരത്തില്‍ പറയാം.

Friday, August 8, 2014

പാവം പാവം സുനിലേട്ടന്‍ !!


കോളേജ് കഴിഞ്ഞിറങ്ങിയ സമയത്ത് വേറെ ജോലി ഒന്നും ശരിയാകാത്തത് കൊണ്ട് ഞാന്‍ തൃശ്ശൂരിലെ സോഫ്റ്റ്‌ടെക് എന്ന ഒരു ഡാറ്റ എന്‍ട്രി സ്ഥാപനത്തില്‍ ഒരു താത്കാലിക ജോലിക്ക് കയറി. സിനിമ കാണാനും ഫുഡ്‌ അടിക്കാനും കുറച്ചു പോക്കറ്റ് മണിയായിരുന്നു ഉദ്ദേശം. എന്‍റെ കൂടെ പത്തില്‍ പഠിച്ച രജീഷ് അവിടെയുണ്ട്. അവനാണ് എനിക്ക് അവിടെ ജോലി ശരിയാക്കി തന്നത്. അവിടെ വെച്ചാണ്‌ ഷിനില്‍ സര്‍, സുനിലേട്ടന്‍, സജിത്ത്, വനജേച്ചി,സ്മിത മാഡം അങ്ങനെ കുറെ പേരെ ഞാന്‍ പരിചയപ്പെടുന്നത്. അവരായിരുന്നു ഞങ്ങളുടെ ടീം ലീഡേഴ്സ്. വളരെ പെട്ടെന്ന് തന്നെ എല്ലാവരുമായും ഞാന്‍ നല്ല കമ്പനി ആയി. കൂട്ടത്തില്‍ ഈ സുനിലേട്ടന് മാത്രം കുറച്ചു ഗൌരവം ഉണ്ട്. ആവശ്യത്തിനു മാത്രമേ സംസാരിക്കൂ. പിന്നെ അധികം കമ്പനി കൂടാന്‍ വരാറില്ല. എന്നും സുനിലേട്ടനെ ഓഫീസില്‍ കാണുമ്പോള്‍ ഞാന്‍ വിചാരിക്കും ഇയാള്‍ക്കൊരു ചെറിയ പണി കൊടുക്കണമല്ലോ എന്ന്. സുനിലേട്ടന്‍റെ നാട് കണ്ണൂര്‍ ആണ്. അത് കൊണ്ട് രാത്രി കക്ഷി ഓഫീസിലെ ഒരു മുറിയിലാണ് താമസം.

ആ അടുത്താണ് എനിക്കൊരു പുതിയ സിം കാര്‍ഡ്‌ കിട്ടിയത്. അതില്‍ SMS ഫ്രീ ആയിരുന്നു. ഒരിക്കല്‍ രാത്രി ഞാന്‍ ആ നമ്പറില്‍ നിന്ന് സുനിലേട്ടന് ഉറക്കമായോ? എന്ന് ചോദിച്ചു കൊണ്ട് ഒരു മെസ്സേജ് അയച്ചു. സുനിലേട്ടന്‍ ഉടനെ തിരിച്ചു വിളിച്ചു. പക്ഷെ ഞാന്‍ എടുത്തില്ല, കട്ട്‌ ചെയ്തു. എന്നിട്ട് ഉടനെ " അയ്യോ, ഇങ്ങോട്ട് വിളിക്കല്ലേ..അച്ഛന്‍ ഉണരും..ഇത് അച്ഛന്‍റെ ഫോണ്‍ ആണ്" എന്ന് പറഞ്ഞ് വീണ്ടും ഒരു മെസ്സേജ് അയച്ചു. അതോടെ വിളി നിന്നു. പിന്നെ ഇതാരാണ് എന്ന് ചോദിച്ചു കൊണ്ട് ഒരു മെസ്സേജ് വന്നു. ഞാന്‍ സോഫ്റ്റ്‌ടെക്കില്‍ വര്‍ക്ക്‌ ചെയ്യുന്ന ഒരു പെണ്‍കുട്ടി ആണെന്ന് മറുപടി കൊടുത്തു. ഉടനെ എന്താ പേര്? എന്തിനാ മെസ്സേജ് അയച്ചത് എന്നൊക്കെ കുറെ ചോദ്യങ്ങള്‍. സുനിലേട്ടനെ എന്നും കാണാറുണ്ടെങ്കിലും ഒന്നും മിണ്ടാറില്ല എന്നും എന്തിനാണ് ഇത്ര ഗൌരവം എന്നൊക്കെ ചോദിച്ചു മറുപടി കൊടുത്തു. പിന്നെ കുറച്ചു നേരം അങ്ങനെ ഓരോന്നൊക്കെ അങ്ങോട്ടും ഇങ്ങോട്ടും അയച്ചു കൊണ്ടിരുന്നു. പിന്നീടുള്ള രാത്രികളില്‍ അതൊരു പതിവായി. എല്ലാ ദിവസവും കാലത്ത് സുനിലേട്ടനെ ഓഫീസില്‍ കാണുമ്പോള്‍ എനിക്ക് ചിരി വരും. എങ്കിലും ഞാന്‍ അത് പുറത്തു കാണിക്കാറില്ല. പക്ഷെ സുനിലേട്ടന്‍ പൊതുവേ സന്തോഷവാനായിരുന്നു. രാത്രി ആകുമ്പോള്‍ ഞങ്ങള്‍ പരസ്പരം മെസ്സേജ് അയക്കും. ഒരിക്കല്‍ ഞാന്‍ ആളോട് ചോദിച്ചു നാളെ വരുമ്പോള്‍ ഒരു ദിവസം മുണ്ട് ഉടുത്ത് വന്നൂടെ എന്ന് ചോദിച്ചു. പിറ്റേ ദിവസം ഞാന്‍ ഓഫീസില്‍ ചെന്നപ്പോള്‍ സുനിലേട്ടന്‍ മുണ്ടൊക്കെ ഉടുത്ത്‌ നല്ല സുന്ദരന്‍ ആയി നില്‍ക്കുന്നു. സുനില്‍ എന്താ ഇന്ന് പതിവില്ലാതെ മുണ്ടൊക്കെ ഉടുത്ത് എന്നൊക്കെ എല്ലാരും ചോദിക്കുന്നുണ്ട്. അതിന്‍റെ മറുപടി ആളൊരു പുഞ്ചിരിയില്‍ ഒതുക്കി. അത്രയും ആയപ്പോള്‍ എനിക്ക് പേടിയായി. എത്രയും പെട്ടെന്ന് ആളോട് ഇത് തുറന്ന് പറയണം എന്ന് ഞാന്‍ ഉറപ്പിച്ചു. അല്ലെങ്കില്‍ ആളൊരു പക്ഷെ പാവം പാവം രാജകുമാരനിലെ ശ്രീനിയെ പോലെ ആയാലോ എന്ന് ഞാന്‍ ഭയന്നു. അങ്ങനെ ഒരു ദിവസം കാലത്ത് ഞാന്‍ ഓഫീസില്‍ ചെന്നപ്പോള്‍ സുനിലേട്ടന്‍ മൊബൈല്‍ നോക്കി അവിടെ നില്‍ക്കുന്നുണ്ട്. ഞാന്‍ മെല്ലെ പിന്നിലൂടെ ചെന്ന് നോക്കി. ആളെന്നോട് "എന്താ" എന്ന് ചോദിച്ചു. ഏയ്‌ ഒന്നുല്ല എന്ന് പറഞ്ഞു ഞാന്‍ പോന്നു. എന്നിട്ട് അകലെ നിന്ന് ആളോട് ചോദിച്ചു "സുനിലേട്ടാ, ഇപ്പോള്‍ രാത്രി മെസ്സേജ് ഒക്കെ വരാറില്ലേ? എന്ന്. സുനിലേട്ടന്‍ ഒന്ന് ഞെട്ടി, പിന്നെ അവിടെ നിന്ന് തെണ്ടീ..എന്നും വിളിച്ചു കൊണ്ട് എന്‍റെ അടുത്തേക്ക് ഓടി വന്നു. ഞാന്‍ ബാഗ്‌ വലിച്ചെറിഞ്ഞു കൊണ്ട് ഓടി. സുനിലേട്ടന്‍ പിന്നാലെ. ഞങ്ങളുടെ ഓട്ടം കണ്ടു പിള്ളേരൊക്കെ നോക്കുന്നുണ്ട്. ഒടുവില്‍ സുനിലേട്ടന്‍ എന്നെ പിടി കൂടി, എന്‍റെ തല കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് മുതുകത്ത് തുരു തുരാ ഇടിച്ചു. തന്‍റെ സ്വപ്‌നങ്ങള്‍ തകര്‍ത്തവനോടുള്ള എല്ലാ പകയും ആ ഇടിയില്‍ ഉണ്ടായിരുന്നു. ആ ഇടിയുടെ അവശേഷിപ്പ് പോലെ ഇപ്പോളും എന്‍റെ നടുവിന് ഇടയ്ക്കു ചെറുതായി ഒരു വേദന വരുന്നുണ്ട്.

പിന്നീട് ഞാന്‍ എല്ലാം ആളോട് ഏറ്റു പറഞ്ഞു മാപ്പ് ചോദിച്ചു. പിന്നീട് ആളും അത് എന്‍റെ ഒരു തമാശ ആയി കണ്ടു ഒഴിവാക്കി. ഒരിക്കല്‍ പോലും അതിന്‍റെ പേരില്‍ എന്നെ കുറ്റപ്പെടുത്തിയിട്ടില്ല. പിന്നീട് കുറെ നാള്‍ കഴിഞ്ഞപ്പോള്‍ ജോലിയുടെ ഭാഗമായി എനിക്കും സുനിലേട്ടന്‍റെ കൂടെ യാത്ര ചെയ്യേണ്ടി വന്നു. അങ്ങനെയുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ചാണ് ഓഫീസില്‍ തങ്ങാറുള്ളത്. ആ ദിവസങ്ങളില്‍ ആണ് സുനിലേട്ടനെ ഞാന്‍ കൂടുതല്‍ മനസ്സിലാക്കിയത്‌. ഭാവിയെ കുറിച്ചും, വിവാഹത്തെ കുറിച്ചുമൊക്കെയുള്ള ആളുടെ പ്രതീക്ഷകള്‍ പുള്ളി എന്നോട് പങ്കു വെച്ചു. ഈ ജോലിയില്‍ നിന്നിട്ട് കാര്യമില്ലെന്നും , തനിക്കു രക്ഷപ്പെടണം എന്നൊക്കെ പുള്ളി പറയാറുണ്ട്. പിന്നീട് കുറെ നാള്‍ കഴിഞ്ഞപ്പോള്‍ വേറെ ജോലി ശരിയായി സുനിലേട്ടന്‍ മുംബൈയില്‍ പോയി. 2004-ല്‍ ആയിരുന്നു അത്. അതിനു ശേഷം ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. സുനിലേട്ടന്‍ ചെയ്തു കൊണ്ടിരുന്ന ജോലികള്‍ കമ്പനി എന്നെ ഏല്‍പ്പിച്ചു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ എനിക്കും അവിടെ നിന്ന് പോരേണ്ടി വന്നു. എങ്കിലും അവിടെ ഉണ്ടായിരുന്ന എല്ലാവരുമായും ഇപ്പോളും ബന്ധം ഉണ്ട്. അവരില്‍ ചിലരൊക്കെ എന്‍റെ കല്യാണത്തിനും വന്നിരുന്നു. അന്ന് സുനിലേട്ടനെ കോണ്ടാക്റ്റ് ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല. ഞങ്ങള്‍ കണ്ടിട്ട് ഇപ്പോള്‍ പത്ത് വര്‍ഷം കഴിഞ്ഞിരിക്കുന്നു

സുനിലേട്ടനെ പിന്നെ ഞാന്‍ കണ്ടത് ഫേസ്ബുക്കിലാണ്. കക്ഷി ഇപ്പോള്‍ സൌത്ത് ആഫ്രിക്കയില്‍ ജോലി ചെയ്യുകയാണ്.വിവാഹം കഴിഞ്ഞു, ഒരു മകനുണ്ട്. പഴയതൊന്നും കക്ഷി മറന്നിട്ടില്ല. ഇനി എന്നെങ്കിലും തമ്മില്‍ കാണും എന്ന പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്നു. ഈ കഥ എഴുതിയതിന് ആളുടെ ഇടി ഒരിക്കല്‍ കൂടെ മുതുകത്തു വാങ്ങുവാന്‍ വേണ്ടി..

Sunday, August 3, 2014

നിങ്ങളില്ലാതെ എനിക്കെന്താഘോഷം?


ഡിഗ്രി കഴിഞ്ഞ് ഞാന്‍ അതെ കോളേജില്‍ തന്നെ Mcom-ന് ചേര്‍ന്നു. ക്ലാസ്സില്‍ ഞാനും ഒരു ജോബിയും പിന്നെ മൂന്നു പെണ്‍കുട്ടികളും മാത്രം. ഈ ജോബി അങ്ങനെ സ്ഥിരമായി ക്ലാസ്സില്‍ വരാറില്ല. അത് കൊണ്ട് തന്നെ ഈ മൂന്നു പെണ്‍കുട്ടികളുമായി ഞാന്‍ പെട്ടെന്ന് കൂട്ടായി. അതില്‍ എന്‍റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു സീമ. എന്നും എന്തെങ്കിലും വിശേഷങ്ങള്‍ പറഞ്ഞ്, അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി ഞങ്ങളുടെ സൌഹൃദം വളര്‍ന്നു. ഇടക്ക് അവള്‍ സ്വന്തമായി ഉണ്ടാക്കിയ ചില ഗ്രീറ്റിംഗ് കാര്‍ഡുകള്‍ എനിക്ക് കൊണ്ട് തരും. അതൊക്കെ ഇപ്പോളും എന്‍റെ വീട്ടില്‍ ഉണ്ട്. അങ്ങനെ രണ്ട് വര്‍ഷം ഞങ്ങള്‍ ഒരുമിച്ചു പഠിച്ചു. കോഴ്സ് കഴിഞ്ഞ ഉടനെ അവളുടെ വിവാഹമായി. 2003 Nov 30 ആയിരുന്നു വിവാഹ തിയ്യതി. എന്നോട് എന്തായാലും വരണം എന്ന് അവള്‍ പറഞ്ഞിരുന്നു. ഉണ്ടാകും എന്ന് ഞാന്‍ വാക്കും കൊടുത്തു. ആ വര്‍ഷമാണ്‌ മോഹന്‍ലാല്‍ അഭിനയ ജീവിതം 25 വര്‍ഷം പിന്നിട്ടതിന്‍റെ ആഘോഷങ്ങള്‍ നടന്നത്. അതിന്‍റെ ഭാഗമായി കല്യാണ്‍ സില്‍ക്സ് അവരുടെ കസ്റ്റമേഴ്സിന് വേണ്ടി "പ്രിയപ്പെട്ട മോഹന്‍ലാല്‍ 25 വയസ്സ്" എന്ന ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. നിങ്ങളില്ലാതെ എനിക്കെന്താഘോഷം എന്ന സ്ലോഗന്‍ ഒക്കെ അതിന്‍റെ ഭാഗമായിരുന്നു.



എന്‍റെ സുഹൃത്ത്‌ സഖരിയ ആ പരിപാടിയുടെ ഒരു ടീം മെമ്പര്‍ ആയിരുന്നു. അവന്‍ എന്നെയും കൂട്ടുകാരെയും ആ പരിപാടിക്ക് വളണ്ടിയര്‍ ആകാന്‍ വിളിച്ചു. താരങ്ങളെ ഒക്കെ ഒന്ന് അടുത്ത് കാണാമല്ലോ എന്ന് കരുതി ഞാനും അവരുടെ കൂടെ കൂടി. Nov 29ന് രാത്രി ഏഴു മണിക്ക് എറണാകുളത്തായിരുന്നു ആ പരിപാടി. ഓരോ ബസ്സ്‌ നിറയെ കല്യാണിന്‍റെ കസ്റ്റമേഴ്സുണ്ടാകും. സ്റ്റേഡിയം എത്തിയാല്‍ ഉടനെ അവര്‍ക്ക് ചായ കൊടുക്കുക, ഇരിക്കാനുള്ള സീറ്റ്‌ കാണിച്ചു കൊടുക്കുക, പരിപാടി കഴിഞ്ഞാല്‍ തിരിച്ചു തൃശ്ശൂരില്‍ എത്തിക്കുക, അത്രയുമാണ് ഞങ്ങളുടെ ചുമതല. ഒരു ബസില്‍ ഞാന്‍, വേറെ ബസില്‍ സെഹീര്‍,പിന്നൊരു ബസില്‍ സുധീഷ്..അങ്ങനെ അങ്ങനെ. വൈകീട്ട് തൃശ്ശൂര്‍ നിന്നും പുറപ്പെട്ട ഞങ്ങള്‍ പറഞ്ഞ സമയത്ത് എറണാകുളം എത്തി. പക്ഷെ അവിടെ നിന്ന് അങ്ങോട്ട്‌ വണ്ടി നീങ്ങുന്നില്ല. അത്രക്കും ട്രാഫിക്‌ ബ്ലോക്ക്‌, പോരാത്തതിനു നല്ല മഴയും. പരിപാടി തുടങ്ങാനുള്ള സമയം ആയിട്ടും ഞങ്ങള്‍ സ്റ്റേഡിയം എത്തുന്നില്ല. ഞാന്‍ സംഘാടകരെ വിളിച്ചു. വേറെ വഴിയില്ലാത്തത് കൊണ്ട് എന്നോട് അവരെയും കൊണ്ട് നടന്നോളാന്‍ നിര്‍ദേശം കിട്ടി. അങ്ങനെ ആ മഴയത്ത് ഞാന്‍ അവരെയും കൊണ്ട് ഇറങ്ങി നടന്നു, എന്‍റെ പിന്നില്‍ ഒരു ജാഥ പോലെ കല്യാണിന്‍റെ ഒരു കൂട്ടം കസ്റ്റമേഴ്സും. ഒടുവില്‍ നടന്ന്‍ നടന്ന്‍ ഞങ്ങള്‍ കലൂര്‍ സ്റ്റേഡിയം എത്തി. ഞാന്‍ നോക്കുമ്പോള്‍ അകത്തേക്ക് കയറാനുള്ള എല്ലാ വാതിലും അടച്ചിരിക്കുന്നു. പുറത്ത് ഒരു പൂരത്തിനുള്ള ആളുണ്ട്. ഞാന്‍ ഇവരെയും കൊണ്ട് പല വാതിലിലേക്കും പോയി ഒരു രക്ഷയുമില്ല. അപ്പോഴും മഴ തകര്‍ത്തു പെയ്യുകയാണ്. ഞാന്‍ അവിടെ കണ്ട സെക്യൂരിറ്റികളോട് കാര്യം പറഞ്ഞു നോക്കി അവരും കൈ മലര്‍ത്തി. എല്ലാവരുടെ കയ്യിലും പാസ്‌ ഉണ്ടായിട്ടും, ഞങ്ങള്‍ക്ക് അകത്തേക്ക് കയറാന്‍ പറ്റിയില്ല.

അപ്പോളാണ് ഇതേ പ്രശ്നം പറഞ്ഞു സെഹീറും സുധീഷും എന്നെ വിളിക്കുന്നത്. ഞങ്ങള്‍ സഖരിയയെ വിളിച്ചു നോക്കി, അവന്‍റെ ഫോണ്‍ ഓഫായിരുന്നു. അകത്തു പരിപാടി തുടങ്ങിയതോടെ എന്‍റെ പിന്നാലെ വന്നിരുന്നവര്‍ അവര്‍ക്ക് എങ്ങനെ എങ്കിലും അകത്തേക്ക് കടക്കണം എന്ന് പറഞ്ഞു ബഹളം തുടങ്ങി. എന്‍റെ നിസ്സഹായത ഞാന്‍ പറഞ്ഞു നോക്കി. അതൊന്നും അവര്‍ കേള്‍ക്കുന്നില്ല. അവരെ കൊണ്ട് വന്നത് ഞാന്‍ ആയതു കൊണ്ട് അകത്തേക്ക് കൊണ്ട് പോകേണ്ട ഉത്തരവാദിത്തം എനിക്കാണ് എന്നാണ് പറയുന്നത്. സമയം പിന്നെയും കടന്നു പോയി. നെറ്റ്‌വര്‍ക്ക് ജാം ആയതു കൊണ്ട് ആരെയും അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ട് കിട്ടുന്നില്ല. ഞാന്‍ കല്ല്യാണിന്‍റെ ചില പയ്യന്മാരെ പോയി കണ്ടു കാര്യം പറഞ്ഞു. നോക്കിയപ്പോള്‍ അവരും ഞങ്ങളെ പോലെ അകത്തു കടക്കാന്‍ പറ്റാതെ നില്‍ക്കുകയാണ് എന്ന് അറിഞ്ഞു. അത്ര നേരവും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഈ സംഘം എന്‍റെ പിന്നാലെ നടക്കുകയാണ്. ഒടുവില്‍ അവരുടെ ക്ഷമ കെട്ടു തുടങ്ങി. അവര്‍ എന്നെ പഞ്ഞിക്കിടും എന്ന ഒരു ഘട്ടം വന്നപ്പോള്‍ ഞാന്‍ അവരെ സ്റ്റേഡിയത്തിന്‍റെ ഒരു ഭാഗത്ത്‌ നിര്‍ത്തി. എന്നിട്ട് പറഞ്ഞു " അതേ, നമ്മള്‍ ഇങ്ങനെ എല്ലാവരും കൂടെ ഈ സ്റ്റേഡിയം വലം വെച്ചിട്ട് ഒരു കാര്യവുമില്ല. നിങ്ങള്‍ കുറച്ചു പേര്‍ എന്‍റെ കൂടെ വാ, നമുക്ക് എങ്ങനെ എങ്കിലും അകത്തേക്ക് ഇടിച്ചു കയറാം. എന്നിട്ട് ഇതിന്‍റെ ആള്‍ക്കാരെ ആരെയെങ്കിലും കണ്ടു കാര്യം പറയാം. എന്നാലെ ബാക്കിയുള്ളവര്‍ക്കും കൂടെ അകത്തു കേറാന്‍ പറ്റൂ". എന്‍റെ ആ അഭിപ്രായം അവര്‍ അംഗീകരിച്ചു. അങ്ങനെ കൂട്ടത്തില്‍ തടി മിടുക്കുള്ള മൂന്നു പേര്‍ എന്‍റെ കൂടെ വന്നു. ഞങ്ങള്‍ ഒരുമിച്ചു അങ്ങോട്ട്‌ നടക്കുമ്പോള്‍ അവിടെ ഒരു ബഹളം. ഞാന്‍ നോക്കുമ്പോള്‍ അകത്തേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച ചിലരെ പോലീസുകാര്‍ ലാത്തി വെച്ച് അടിച്ചോടിക്കുന്നു. ആ ബഹളത്തില്‍ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ചിതറി ഓടി. അടി കൊള്ളാതിരിക്കാന്‍ വേണ്ടി ഞാനും ഓടി. പിന്നെ നോക്കുമ്പോള്‍ എന്‍റെ കൂടെ ഉണ്ടായിരുന്ന തടിയന്മാരെ കാണാനില്ല. ഞാന്‍ കുറച്ചു ദൂരെ ഒരിടത്ത് ചെന്ന് നിന്ന്‍ കിതക്കുകയാണ്. അപ്പോളാണ് സഖരിയ അകലെ നിന്ന് ഓടി വരുന്നത് കണ്ടത്. ഞാന്‍ അവനെ ഉറക്കെ വിളിച്ചു " ടാ സഖരിയാ. അവന്‍ എന്നെ കണ്ടു. "ടാ സിറാജെ, ജീവന്‍ വേണേല്‍ ഓടിക്കോ" എന്നും പറഞ്ഞാണ് അവന്‍ എന്‍റെ അടുത്തേക്ക് വരുന്നത്. ഞാന്‍ നോക്കുമ്പോള്‍ അവന്‍ എന്‍റെ അടുത്ത് നില്‍ക്കാതെ ഓട്ടം തുടരുകയാണ്. കാര്യം പറയടാ പുല്ലേ എന്നും പറഞ്ഞു ഞാനവന്‍റെ പിന്നാലെ ഓടി. ആ ഓട്ടം അവന്‍ ചെന്ന് നിന്നത് മെയിന്‍ റോഡിലാണ്. പിന്നെയാണ് അറിഞ്ഞത് ബസില്‍ ഉണ്ടായിരുന്നവര്‍ അവനെ അടിക്കാന്‍ നിന്നപ്പോള്‍ ഓടിയതാണെന്ന്. അവരുടെയൊക്കെ ധാരണ ഞങ്ങള്‍ എല്ലാവരും കല്യാണ്‍ സ്റ്റാഫ്‌ ആണെന്നാണ്. കുറെ കോള്‍സ് വന്നപ്പോള്‍ ഞങ്ങള്‍ മൊബൈല്‍ ഫോണുകള്‍ ഓഫ്‌ ചെയ്തു വെച്ചു.

കുറെ കഴിഞ്ഞു മഴ തോര്‍ന്നപ്പോള്‍ ഞങ്ങള്‍ വീണ്ടും അവിടെ പോയി. ആരെങ്കിലും കണ്ടാല്‍ പെട്ടെന്ന് ആളെ അറിയാതിരിക്കാന്‍ വേണ്ടി ഷര്‍ട്ടുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ഇട്ടാണ് പോയത്. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആള്‍ക്കാരെ ആരെയും അവിടെ കാണാനില്ല. അവര്‍ അകത്തേക്ക് കയറിയോ അതോ മടങ്ങി പോയോ എന്നൊന്നും അറിയില്ല. അപ്പോള്‍ ഗേറ്റ് തുറന്നിട്ടുണ്ട്. ഞങ്ങള്‍ രണ്ടു പേരും അകത്തേക്ക് കയറി. വെള്ളം വീണു സ്റ്റേഡിയം ആകെ നാശകോശമായി കിടക്കുന്നു. ആള്‍ക്കാരൊക്കെ അവിടെയും ഇവിടെയുമായി ചിതറി നിന്ന് പരിപാടി കാണുന്നുണ്ട്. കുറെ പേര്‍ മടങ്ങി പോകുന്നുണ്ട്. ഈ മഴയും നമുക്ക് ഒരു ആഘോഷമാക്കാം എന്നൊക്കെ മോഹന്‍ലാല്‍ പറയുന്നുണ്ട്. എങ്കിലും അതൊന്നും ആരും കേള്‍ക്കുന്നില്ല. അകത്തു വെച്ചാണ്‌ ഞങ്ങള്‍ കൂട്ടുകാരെ പലരെയും കണ്ടത്. എല്ലാവരുടെയും അവസ്ഥ ഏതാണ്ട് ഇതൊക്കെ തന്നെ. രാത്രി ഏറെ വൈകിയാണ് പരിപാടി കഴിഞ്ഞത്. എന്തായാലും ആര്‍ക്കും അടി കൊള്ളാതെ രക്ഷപ്പെട്ടത് ഭാഗ്യം എന്നും പറഞ്ഞു ഞങ്ങള്‍ മടങ്ങി പോന്നു. പാതിരാത്രി കുറെ നേരം ഞങ്ങള്‍ എല്ലാവരും കൂടെ റോഡിലിരുന്ന്‍ അവരവരുടെ അനുഭവങ്ങള്‍ പങ്കു വെച്ചു. ഞങ്ങള്‍ വന്ന വണ്ടിയൊക്കെ പോയത് കൊണ്ട് വേറെ ബസില്‍ കയറിയാണ് അന്ന് ടൌണിലേക്ക് വന്നത്. വീട്ടില്‍ എത്തിയപ്പോള്‍ പുലര്‍ച്ചെ നാലു മണി കഴിഞ്ഞു. വന്ന ഉടനെ ഞാന്‍ കിടന്നുറങ്ങി, അത്രയ്ക്ക് ക്ഷീണം ഉണ്ടായിരുന്നു. ഉച്ചക്ക് ഒരു മണി ആയപ്പോള്‍ ഉമ്മ എന്നെ വിളിച്ചു. ടാ ഇന്നല്ലേ നിന്‍റെ ഫ്രണ്ട് സീമയുടെ കല്യാണം? നീ പോകുന്നില്ലേ?" തലേ ദിവസത്തെ തിരക്കില്‍ ഞാന്‍ ആ കാര്യം മറന്നു പോയി. ഉറക്കത്തില്‍ പെട്ട കാരണം സമയം അറിഞ്ഞതുമില്ല. ഇനി ആ സമയത്ത് പോയിട്ടെന്തു കാര്യം? ഞാന്‍ യാത്ര ക്ഷീണം കാരണം ഉറങ്ങുന്നതല്ലേ എന്ന് കരുതിയാണത്രേ ഉമ്മ വിളിക്കാതിരുന്നത്. പിന്നീട് സീമ വിളിച്ചപ്പോള്‍ ഞാന്‍ ഈ കാര്യങ്ങളൊക്കെ പറഞ്ഞു. ആ മോഹന്‍ലാലും മഴയും കാരണമാണ് ഇതൊക്കെ സംഭവിച്ചത് എന്ന് ഞാന്‍ പറഞ്ഞു. അവള്‍ അത് കേട്ട് ചിരിച്ചു. എല്ലാം കഴിഞ്ഞിട്ട് വര്‍ഷം കുറെ കഴിഞ്ഞു. ഇന്നും എനിക്ക് ആ കല്യാണം കൂടാന്‍ കഴിയാത്തതില്‍ നല്ല വിഷമം ഉണ്ട്.

വാല്‍ക്കഷ്ണം: പിന്നീട് കുറെ നാള്‍ കഴിഞ്ഞു അന്ന് എന്‍റെ ബസിലുണ്ടായിരുന്ന കല്യാണിന്‍റെ ഒരു കസ്റ്റമറെ ഞാന്‍ ടൌണില്‍ വെച്ച് കണ്ടു. എന്നെ കണ്ടു പുള്ളി ഇങ്ങോട്ട് വന്നു ഹലോ പറയുവായിരുന്നു. എനിക്ക് പെട്ടെന്ന് ആളെ മനസ്സിലായില്ല, പക്ഷെ അയാള്‍ക്ക് എന്നെ നല്ല ഓര്‍മ്മയുണ്ട്. അവര്‍ക്ക് ആര്‍ക്കും അന്ന് പരിപാടിയൊന്നും കാണാന്‍ പറ്റിയില്ല, എല്ലാവരും പോയ ബസില്‍ തന്നെ ടൌണില്‍ തിരിച്ചു വന്നു. പിന്നീട് കല്യാണ്‍ അവര്‍ക്ക് എന്തോ ചില്ലറ നഷ്ട്ടപരിഹാരം കൊടുക്കുകയും ചെയ്തത്രേ. അന്നുണ്ടായ കാര്യങ്ങള്‍ എല്ലാം ഞാന്‍ അയാളോട് വിശദമായി പറഞ്ഞു. അങ്ങോരെല്ലാം കേട്ട് ചുമ്മാ ചിരിച്ചതെയുള്ളൂ, അല്ലാതെ നിങ്ങള്‍ കരുതുന്ന പോലെ എന്നെ തല്ലിയൊന്നുമില്ല.

Saturday, October 19, 2013

തൂവാനത്തുമ്പികളുടെ നാട്ടിലൂടെ !!

തൂവാനത്തുമ്പികള്‍ എന്ന മനോഹരമായ സിനിമ ഇറങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. എന്നിട്ടും ജയകൃഷ്ണന്‍, ക്ലാര, തങ്ങള്‍ എന്നീ മൂന്നു കഥാപാത്രങ്ങള്‍ നമ്മളെ ഇപ്പോളും പിന്തുടരുന്നു. പ്രണയവും മഴയും രതിയും എല്ലാം ഇത്ര മനോഹരമായി ചിത്രീകരിച്ച മറ്റൊരു സിനിമ ഇല്ലെന്നു തന്നെ പറയാം..ഇപ്പോളും പല തവണ ചാനലില്‍ ആ സിനിമ സംപ്രേക്ഷണം ചെയ്യുന്നു, ഇന്നും ആ സിനിമ ആളുകള്‍ കണ്ടു കൊണ്ടിരിക്കുന്നു, മുന്‍പ് കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും കാണുന്നു, പുതു തലമുറയിലെ ചെറുപ്പക്കാര്‍ ആ സിനിമയെ കുറിച്ച് അറിഞ്ഞു ആദ്യമായി കാണുന്നു. ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ സ്റ്റീഫന്‍ എന്ന ജയസുര്യയുടെ കഥാപാത്രം, അനൂപ്‌ മേനോനോട് പറയുന്നുണ്ട് " എന്തൊരു സിനിമയാടാ ഇത്, ഇത് എത്ര തവണ കണ്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല" എന്ന്. ഈ സ്ടീഫനെ പോലെ പലരെയും എനിക്ക് അറിയാം, ഈ സിനിമ വീണ്ടും വീണ്ടും കാണുന്ന ചിലര്‍. എന്താണ് ഈ സിനിമയുടെ പ്രത്യേകത? എത്ര കണ്ടാലും മടുക്കാത്ത എന്താണ് അതില്‍ ഉള്ളത്? ഇറങ്ങിയ സമയത്ത് അത്ര വലിയൊരു വിജയം ലഭിക്കാതെ പോയ ഒരു സിനിമയാണ് ഇതെന്നു ഓര്‍ക്കുമ്പോള്‍ ആണ് അത്ഭുതം. ഇങ്ങനെ കാലത്തിനെ അതിജീവിച്ചു നില നില്ക്കാന്‍ മാത്രം എന്ത് മാജിക്‌ ആണ് പദ്മരാജന്‍ എന്ന മഹാനായ സംവിധായകന്‍ ആ ചിത്രത്തില്‍ കാണിച്ചത്‌?



ഒരു മഴയോട് കൂടെ തുടങ്ങുന്ന സിനിമയാണ് തൂവാനത്തുമ്പികള്‍, പിന്നീട് പല സമയത്തായി ചിത്രത്തില്‍ മഴ വരുന്നുണ്ട്, മഴ ഇത്ര മനോഹരമായി ചിത്രീകരിച്ച മറ്റൊരു സിനിമയും മലയാളത്തില്‍ ഇറങ്ങിയിട്ടില്ല, കമലിന്റെ പെരുമഴക്കാലം മറക്കുന്നില്ല,തുടക്കം മുതല്‍ ഒടുക്കം വരെ അതില്‍ മഴയുണ്ട്, അത് പക്ഷെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ആ സിനിമ കൈകാര്യം ചെയ്ത വിഷയം കൊണ്ടാണ് ,എന്നാല്‍ തൂവാനത്തുമ്പികളില്‍ മഴ ഒരു കഥാപാത്രം പോലെയാണ് വന്നു പോകുന്നത്. മലയാളികളുടെ ഗൃഹാതുരത്തിന്റെ ഏറിയ പങ്കും ബന്ധപ്പെട്ടിരിക്കുന്നത് മഴയുമായി ആയിരിക്കും, അത് കൊണ്ട് തന്നെ സിനിമയിലെ ആ മഴയും നമ്മളുടെ മനസ്സിലാണ് പെയ്തത്. അത് കൊണ്ട് തന്നെ എത്ര തവണ കണ്ടാലും മതി വരാതെ പലരും ആ സിനിമ പിന്നെയും പിന്നെയും കാണുന്നു..



പിന്നെ ജയകൃഷ്ണന്‍ എന്ന ആ തൃശ്ശൂര്‍ക്കാരന്‍, നാട്ടില്‍ അടങ്ങിയൊതുങ്ങി അമ്മയുടെ കുട്ടി ആയി കഴിയുന്ന അയാള്‍ ടൌണില്‍ എത്തിയാല്‍ വേറെ ഒരാളാണ്, ഒരു തരം പരകായ പ്രവേശം. മോഹന്‍ലാല്‍ എത്ര മനോഹരമായാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്? ചിത്രം കാണുന്ന ഏതൊരാള്‍ക്കും മോഹന്‍ലാല്‍ എന്ന നടനോട് ഒരു പാട് ഇഷ്ട്ടം തോന്നി പോകും. സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന അയാള്‍ക്ക് എന്തിനും പോന്ന ഒരു സുഹൃത്ത്‌ വലയം തന്നെ ഉണ്ട്, ജേക്കബ്‌, ഉണ്ണി മാഷ്‌, ബാബു അങ്ങനെ കുറച്ചു പേരെ ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ഈ ജയകൃഷ്ണന്റെ രസകരമായ കുറെ സീനുകളും ഡയലോഗുകളും ചിത്രത്തില്‍ ഉണ്ട്. ഈ സിനിമ ഇഷ്ട്ടപെടുന്ന എല്ലാവരുടെ ഉള്ളിലും ഒരു ജയകൃഷ്ണന്‍ ഉണ്ട്, അല്ലെങ്കില്‍ എല്ലാവരും ജയകൃഷ്ണനെ പോലെ ആകാന്‍ ആഗ്രഹിക്കുന്നു എന്നതാണ് സത്യം.



ക്ലാര..ആ പേര് പറയുമ്പോ തന്നെ ആ മഴയും, ആ പശ്ചാത്തല സംഗീതവും മനസ്സിലേക്ക് ഓടിയെത്തുന്നു, ജോണ്‍സന്‍ മാസ്റ്റര്‍ എന്ന അപൂര്‍വ പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ ഈണം, സുമലതയുടെ ഏറ്റവും നല്ല കഥാപാത്രം ആണ് ക്ലാര, ആ സൌന്ദര്യം ആരെയാണ് ആകര്ഷിക്കാത്തത്? ജയകൃഷ്ണനും ക്ലാരയും തമ്മിലുള്ള ബന്ധത്തെ എന്ത് പേരിട്ടു വിളിക്കണം എന്ന് അറിയില്ല, അത് പ്രണയം ആയിരുന്നോ? അറിയില്ല. "ഞാന്‍ ക്ലാരയെ മാരി ചെയ്യട്ടെ? " എന്ന് ജയകൃഷ്ണന്‍ ചോദിക്കുന്ന സമയത്ത്, ദേഹത്തു വന്നു അടിക്കുന്ന തിരമാലയില്‍ ക്ലാര ഉലയുന്ന ആ സീന്‍, പത്മരാജന്‍ എന്ന പ്രതിഭക്ക് മാത്രം കഴിയുന്ന ഒന്ന്. അവര്‍ ഒരുമിച്ചുള്ള മേഘം പൂത്തു തുടങ്ങി എന്ന മനോഹരമായ ഗാനം എത്ര കണ്ടാലും മതിയാവില്ല, "എരിവേനല്‍ ചൂടിന്റെ കഥയാകെ മറന്നു, ഒരു ധന്യ ബിന്ദുവില്‍ കാലമലിഞ്ഞു" എന്ന ആ വരികളൊക്കെ ആര്‍ക്കാണ് മറക്കുവാന്‍ കഴിയുക? ഇന്നും കേള്‍ക്കുമ്പോള്‍ പാതി വഴിയില്‍ നമുക്കൊക്കെ നഷ്ട്ടമായ എന്തിനെയോ ഓര്‍ത്തു മനസ്സ് വിങ്ങുന്നു.



രാധ..ഒരു പാവം പെണ്‍കുട്ടി,ആദ്യ കൂടി കാഴ്ച്ചയില്‍ തന്നെ ജയകൃഷ്ണനുമായി അവള്‍ ഉടക്കുന്നുണ്ട്. പക്ഷെ പിന്നീട് അയാളുമായി തന്നെ അവള്‍ അടുക്കുന്നു, രാധയുടെ ചേട്ടന്‍ മാധവന്‍ ജയകൃഷ്ണനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ കേട്ട് അവള്‍ക്കു അയാളോട് ആരാധന തോന്നുന്നു, അത് പിന്നെ പ്രണയം ആയി മാറുന്നു. പാര്‍വതിയുടെ ആ ഉണ്ടകണ്ണ് രാധക്ക് നല്ല ചേര്‍ച്ച ഉണ്ടായിരുന്നു. ആ കണ്ണ് ഒന്ന് കൂടെ വീര്‍പ്പിച്ചു അവള്‍ ജയകൃഷ്ണനെ തുറിച്ചു നോക്കുന്നത് രസമായ ഒരു സീനാണ് .ക്ലാരയുമായുള്ള ജയകൃഷ്ണന്‍റെ അടുപ്പം അവള്‍ പക്വതയോടെ കേള്‍ക്കുന്നു. അയാളെ അതില്‍ നിന്നും പിന്മാറാന്‍ ഉപദേശിക്കുന്നു, പക്ഷെ അവള്‍ അസ്വസതയായിരുന്നു. വരുന്ന ജയകൃഷ്ണനും രാധയും തമ്മിലുള്ള ആ പ്രണയം എത്ര കാവ്യാത്മകമായാണ് പദ്മരാജന്‍ ചിത്രീകരിച്ചിരിക്കുന്നത്? അത്തരം പ്രണയങ്ങള്‍ ഇന്നത്തെ സിനിമകളില്‍ നമുക്ക് കാണാന്‍ സാധിക്കുമോ? ഇനിയും ഒരു ആയിരം തവണ കണ്ടാലും മതി വരാത്ത "ഒന്നാം രാഗം പാടി " എന്ന സുന്ദരമായ ഗാനം. " ഈ പ്രദക്ഷിണ വീഥികള്‍,ഇടറി നീണ്ട പാതകള്‍ എന്നും ഹൃദയ സംഗമത്തിന്‍ ശീവേലികള്‍ തൊഴുതു" എന്ന വരികളൊക്കെ എപ്പോള്‍ കേട്ടാലും, മനസ്സ് ആര്‍ദ്രമാകുന്നു.



റിഷി..ജയകൃഷ്ണന്‍റെ അടുത്ത സുഹൃത്ത്‌, ജീവിതത്തിലെ എല്ലാ രസങ്ങളും അയാള്‍ അറിയുന്നത് ജയകൃഷ്ണനിലൂടെയാണ്. ടൌണില്‍ ദേവി ഇലക്ക്ട്രിക്കല്‍സ് നടത്തുന്ന റിഷി, തന്‍റെ ചടാക്ക് സ്കൂട്ടറുമായി ജയകൃഷ്ണന്‍റെ വീട്ടില്‍ രാത്രി വന്നു ടൌണിലെ പിള്ളാരുടെ വിക്രിയകള്‍ അയാളോട് പങ്കു വെക്കുന്നതും, ആദ്യമായി ടൌണിലെ ബാറില്‍ പോകുന്ന അയാളുടെ പരിഭ്രമവും, തനിക്ക് കിട്ടിയ ആദ്യത്തെ ഗ്ലാസ്‌ ബിയര്‍ കഷ്ട്ടപെട്ടു കുടിക്കുമ്പോള്‍,രണ്ടാമത്തെ ഗ്ലാസ്സിലെക്ക് കടക്കുന്ന ജയകൃഷ്ണനോട് "അല്ല ജയകൃഷ്ണാ, അപ്പൊ താന്‍ കഴിക്കോ? "എന്നു അത്ഭുതത്തോടെ ചോദിക്കുന്നതും, നാട്ടിലെ ക്ലിയോപാട്ര എന്ന് ജയകൃഷ്ണന്‍ വിശേഷിപ്പിക്കുന്ന ത്രേസ്യ ജോസിനെ ആ ഹോട്ടല്‍ മുറിയില്‍ കാണുമ്പോള്‍ ഉള്ള അയാളുടെ മുഖവും എല്ലാം ചിത്രത്തിലെ രസകാഴ്ചകളാണ്. ക്ലാരയെ കണ്ടതും, രാധയുമായുള്ള തന്‍റെ അടുപ്പവും എല്ലാം ജയകൃഷ്ണന്‍ പങ്കു വെക്കുന്നത് റിഷിയോടാണ്. അശോകന്‍ എന്ന നടന്‍റെ മികച്ച വേഷങ്ങളില്‍ ഒന്നാണ് ഇതിലെ റിഷി.



ബാബു നമ്പൂതിരി,ആ പേര് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം തെളിയുന്നത് തങ്ങളുടെ മുഖമാണ്. അത്ര മാത്രം ആ കഥാപാത്രം പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞു പോയിരിക്കുന്നു. ജയകൃഷ്ണന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ ആണ് തങ്ങള്‍, തന്റെ പ്രശ്നങ്ങള്‍ അയാള്‍ ആദ്യം പറയുന്നത് ജയകൃഷ്ണനോടാണ്. തന്നെ കാണാന്‍ വീട്ടില്‍ എത്തുന്ന തങ്ങളെ ജയകൃഷ്ണന്‍ അമ്മയുടെ മുന്‍പില്‍ ഗുരുക്കള്‍ മാഷാക്കി മാറ്റുന്ന സീന്‍ ചിരിയുണര്‍ത്തും.ക്ലാരയെ തന്റെ ബിസിനെസ്സിലെക്ക് കൊണ്ട് വരാന്‍ വേണ്ടിയാണു തങ്ങള്‍ ശ്രമിച്ചത്‌, പക്ഷെ ക്ലാര അയാളുടെ വല പൊട്ടിച്ചു പുറത്തു പോകുന്നു, പിന്നീടു തങ്ങള്‍ തന്നെയാണ് ക്ലാരക്കും ജയകൃഷ്ണനും താമസിക്കാന്‍ വേണ്ടി കുന്നിന്‍ മുകളിലെ അയാളുടെ വീട് ഒരുക്കി കൊടുക്കുന്നതും, കാരണം അയാള്‍ ജയകൃഷ്ണനോട് അത്ര മാത്രം കടപ്പെട്ടിരിക്കുന്നു. ക്ലാര പക്ഷെ അയാളെ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നില്ല.



പദ്മരാജന്‍റെ തന്നെ ഉധകപ്പോള എന്ന നോവലിന്റെ സിനിമ രൂപമാണ് തൂവാനത്തുമ്പികള്‍. നോവലിന്‍റെ പകുതി പോലും സിനിമയില്‍ എടുതിട്ടില്ല. ചിത്രത്തിന്റെ ഏറിയ ഭാഗവും ചിത്രീകരിച്ചിരിക്കുന്നത് തൃശൂര്‍ ആണ്, ജയകൃഷ്ണനും ഋഷിയും കൂടെ ആടിന്‍റെ തല വാങ്ങാന്‍ പോകുന്ന ഈസ്റ്റ്‌ ഫോര്‍ട്ടിലെ പഴയ മാര്‍ക്കറ്റ്, അവര്‍ നടന്നു വരുന്ന ചെമ്പുക്കാവ് റോഡ്‌, പിന്നീട് പോകുന്ന കാസിനോ ഹോട്ടലിലെ ശരാബി ബാര്‍, പിന്നെ പെനിസുല ഹോട്ടല്‍, രാധയെ കാണാന്‍ ജയകൃഷ്ണന്‍ പോകുന്ന കേരളവര്‍മ്മ കോളേജ്, അവര്‍ തമ്മില്‍ പിന്നെ കാണുന്ന വടക്കുംനാഥന്‍റെ ക്ഷേത്രം, ക്ലാരയും ജയകൃഷ്ണനും കൂടെ കാറില്‍ പോകുന്ന പുഴക്കല്‍ പാടത്തിന്റെ ഭാഗം, അവര്‍ രാത്രി പോകുന്ന വാടാനപ്പിള്ളി ബീച്ച്, ജഗതിയെ കൊല്ലാന്‍ കൊണ്ട് പോകുന്ന പീച്ചി ഡാം, അങ്ങനെ ഒരു പാട് സ്ഥലങ്ങള്‍ ആ ചിത്രവുമായി ബന്ധപ്പെട്ടു തൃശൂരില്‍ ഉണ്ട്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.



ആ സ്ഥലങ്ങള്‍ എല്ലാം ഇപ്പോള്‍ കാണുമ്പോള്‍ ഒരു നൊസ്റ്റാള്‍ജിയ ഉണ്ട്. ഒരു തൃശൂര്‍കാരന്‍ ആയ എനിക്ക് അത് കൊണ്ട് തന്നെ ഈ ചിത്രം ഒരു പാട് പ്രിയപ്പെട്ടതാണ്. അത് പോലെ പലര്‍ക്കും അവരുടെതായ കാരണങ്ങള്‍ ഉണ്ടാകാം. എന്തായാലും ജയകൃഷ്ണനും ക്ലാരയും രാധയും തങ്ങളും ഋഷിയും എല്ലാം നമ്മുടെ മനസ്സില്‍ അങ്ങനെ തന്നെ നില നില്ക്കട്ടെ.എന്നും..എന്നെന്നും.

Sunday, July 28, 2013

അമ്പലപ്പറമ്പിലെ നാടകങ്ങള്‍ !!



എല്ലാ വര്‍ഷവും മാര്‍ച്ച്‌ മാസത്തിലാണ് ഞങ്ങളുടെ നാട്ടിലെ പൂരം. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളോടനുബന്ധിച്ച് അമ്പല പറമ്പില്‍ നാടകവും ഗാനമേളയും ഉണ്ടാകാറുണ്ട്. അന്നൊക്കെ ആ ഏഴ് ദിവസം രാത്രിയും അമ്പലപറമ്പാണ് ഞങ്ങളുടെ താവളം. അങ്ങനെ ഒരു നാടകം കാണാന്‍ ഞാനും എന്റെ കൂട്ടുകാരന്‍ സജീഷും കൂടി രാത്രി അമ്പല പറമ്പിലേക്ക് വെച്ച് പിടിച്ചു. സജീഷ് ആളൊരു രസികനാണ്. ഞങ്ങള്‍ ചെല്ലുമ്പോള്‍ സ്റ്റേജ് എല്ലാം റെഡി. ഞങ്ങള്‍ അവിടെ ഒരു സ്ഥലത്ത് ഇരിപ്പുറപ്പിച്ചു. പരസ്യങ്ങള്‍ കേള്‍ക്കുന്നുണ്ട്. അത് വഴി വന്ന കപ്പലണ്ടി കച്ചവടക്കാരനില്‍ നിന്നും ഒരു പൊതി വാങ്ങി അതും കൊറിച്ചു ഞങ്ങള്‍ അവിടെ ഇരുന്നു. കുറച്ചു നേരത്തിനു ശേഷം കര്‍ട്ടന്‍ പൊങ്ങി. നാടകം തുടങ്ങി.കൊച്ചിന്‍ കലാസപര്യ നിങ്ങളുടെ മുന്‍പില്‍ അഭിമാനപൂര്‍വ്വം കാഴ്ച വെക്കുന്നു "ഇവന്‍ എന്റെ മകന്‍ " അവിടെ അലുമിനിയം പാത്രം കൊണ്ട് നിലത്ത് അടിച്ച പോലെ ഒരു കനത്ത ശബ്ദം. തുടര്‍ന്ന് നാടകത്തെ കുറിച്ച് രണ്ടു വാക്ക്.. "കുടുംബബന്ധങ്ങളുടെ അടിയൊഴുക്കുകളിലൂടെ ഊളിയിട്ടു ചെന്ന്, മനുഷ്യമനസാക്ഷിയുടെ അന്തരാത്മാവിന്റെ കാണാപ്പുറങ്ങളില്‍ നിന്നും കണ്ടെടുത്ത പുസ്തകത്തില്‍ നിന്നും ജീവനോടെ പറിച്ചെടുത്ത ഒരേട്..അതാണ് ഈ നാടകം, നാടക രചന:ഗോപന്‍,സംവിധാനം: കൃഷ്ണകുമാര്‍ വലപ്പാട്‌ .എന്നൊക്കെയുള്ള ഗംഭീര വോയിസ്‌ ഓവറോടെ നാടകം തുടങ്ങി..

ഈ നാടകത്തിലെ ഒരു പ്രധാന കഥാപാത്രം ഒരു വൃദ്ധന്‍ ആണ്. അയാള്‍ ഒരു സ്വാതന്ത്ര്യസമര സേനാനി ആണ്. ഭാര്യ മരിച്ചു പോയി. ആ നാട്ടുകാര്‍ക്ക്‌ അയാളെ വലിയ കാര്യമാണ്. പക്ഷെ സ്വന്തം വീട്ടുകാര്‍ക്ക് അയാളെ അത്ര ഇഷ്ട്ടമല്ല. അയാളുടെ മകന്‍ ഒരു അഴിമതിക്കാരനായ ഒരു രാഷ്ട്രീയക്കാരന്‍ ആണ്. അതിനു കൂട്ട് നില്‍ക്കുന്ന ഒരു മരുമകളും. പക്ഷെ വൃദ്ധന്‍ എന്നും സത്യത്തിന്റെയും നീതിയുടെയും കൂടെയേ നില്‍ക്കൂ. അത് കാരണം അയാളുടെ മകനും മരുമകളും എന്നും അയാളെ കുറ്റപ്പെടുത്തും. വീട്ടില്‍ വെച്ച് മകന്‍ എന്തെങ്കിലും കൈക്കൂലി വാങ്ങുന്നത് കണ്ടാല്‍ നമ്മുടെ വൃദ്ധന്‍ അപ്പൊ രണ്ടു ചുമ ചുമച്ചു പ്രഭാകരാ എന്നും വിളിച്ചു അതില്‍ കയറി ഇടപെടും. പക്ഷെ മകന്‍ "അച്ഛന്‍ അകത്തു പോ, പോകാനാ പറഞ്ഞത് "(ശബ്ദം പരമാവധി ബാസ് ഇട്ടു കൊണ്ട്) എന്ന് പറഞ്ഞു അയാളെ വഴക്ക് പറയും. പിന്നെ വൃദ്ധന് അവിടെ ഒരു ആശ്വാസം മകന്റെ മകള്‍ പ്രിയ ആണ്. അവള്‍ കോളേജില്‍ പഠിക്കുന്നു. അവള്‍ എന്നും അപ്പൂപ്പന്റെ കൂടെയാണ്. ദിവസവും കോളേജ് വിട്ടു വന്നാല്‍ അവള്‍ അപ്പൂപ്പനോട് വിശേഷങ്ങള്‍ പറയും.

കഥ അങ്ങനെ പരമാവധി ബോര്‍ അടിപ്പിച്ചു മുന്നേറുന്നു. അപ്പോളാണ് പ്രിയ ഒരു ദിവസം അവളുടെ കൂടെ പഠിക്കുന്ന ഹരി എന്ന ഒരുത്തനുമായി ഒരു ദിവസം വീട്ടില്‍ വരുന്നത്. അവന്റെ കയ്യില്‍ പുസ്തകങ്ങള്‍ ഉണ്ട്. അവള്‍ അവനെയും കൊണ്ട് നേരെ അപ്പൂപ്പന്റെ അടുത്തേക്ക്‌ ചെല്ലും.

എന്നിട്ട് പറയും. "അപ്പൂപ്പാ ഇത് ഹരി, എന്റെ കൂടെ കോളേജില്‍ പഠിക്കുന്നു" .

ലവന്‍ നേരെ അങ്ങോരുടെ കാലില്‍ തൊട്ടു വന്ദിക്കുന്നു : മുത്തച്ചന്‍ എന്നെ അനുഗ്രഹിക്കണം

(അപ്പൊ സജീഷ് എന്നോട് : ഇവന്‍ ആളു ശരിയല്ലാട്ടാ )

വൃദ്ധന്‍ അവനെ പിടിച്ചു എഴുന്നെല്പ്പിക്കും : നന്നായി വരും( വിത്ത്‌ ചുമ)

അപ്പൊ ലവന്‍ : മുത്തച്ചാ, പ്രിയ എപ്പോളും മുത്തച്ഛനെ കുറിച്ച് പറയാറുണ്ട്. എനിക്ക് മുത്തച്ഛന്റെ ഒരു സഹായം വേണം.

വൃദ്ധന്‍ : ഈ വയസ്സന്‍ നിങ്ങള്‍ക്ക് എന്ത് ചെയ്തു തരാനാണ് കുഞ്ഞേ? (പിന്നെയും ചുമ)

ലവന്‍ : എനിക്ക് പുരാതന ഇന്ത്യയെ കുറിച്ചും നമ്മുടെ സ്വാതന്ത്ര്യസമരത്തെ കുറിച്ചും കൂടുതല്‍ അറിയണം എന്നുണ്ട്. മുത്തച്ഛന്‍ എനിക്ക് എല്ലാം പറഞ്ഞു തരണം.

മുത്തച്ഛന്‍ : ഇന്നത്തെ കാലത്തും ഇത്ര ദേശ സ്നേഹമുള്ള ചെറുപ്പക്കാരോ? (വീണ്ടും ചുമ)

(സജീഷ് : അവന്‍ മറ്റവളെ ലൈന്‍ അടിക്കാന്‍ വന്നതാട്ടാ)

അങ്ങനെ നാടകം തുടര്‍ന്നു പൊയ്ക്കൊണ്ടിരുന്നു. അവന്‍ ദിവസവും വൈകീട്ട് പുസ്തകം ആയി വരും. വൃദ്ധന്റെ റൂമില്‍ ചെല്ലും. വൃദ്ധന്‍ പറയുന്നതൊക്കെ ശ്രദ്ധയോടെ എഴുതിയെടുക്കും. ഇവിടെയൊന്നും ഡയലോഗ് ഇല്ല, ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ മാത്രം.ഇടയ്ക്കു ചായയുമായി പ്രിയ വരും. അവരുടെ ഒരു കളി ചിരി. (അപ്പോളൊക്കെ സജീഷ് എന്നോട് ചോദിക്കും കണ്ടാ, കണ്ടാ? അങ്ങനെ ഒരു ദിവസം മുത്തച്ഛന്‍ വരുമ്പോള്‍ കാണുന്നത് പരസ്പരം പുണര്‍ന്നു നില്‍ക്കുന്ന ഹരിയെയും പ്രിയയും ആണ്. മുത്തച്ഛന്‍ അലറി വിളിക്കുന്നു : പ്രിയേ...(ഒടുക്കത്തെ ചുമ). അതോടെ ഹരിയും പ്രിയയും ഞെട്ടലോടെ അകന്നു മാറുന്നു. മുത്തച്ഛന്‍ അവരുടെ അടുത്തേക്ക് വന്നു. അപ്പോള്‍ ഈ ഹരി മുത്തച്ചനോട്: മുത്തച്ഛന്‍ ഞങ്ങളോട് ക്ഷമിക്കണം,ഞാനും പ്രിയയും സ്നേഹത്തിലാണ്,എനിക്ക് പ്രിയയെ വിവാഹം കഴിച്ചാല്‍ കൊള്ളാം എന്നുണ്ട്".

അതോടെ സജീഷിന്റെ നിയന്ത്രണം വിട്ടു, അവന്‍ എഴുന്നേറ്റു നിന്ന് എന്നോട് പറഞ്ഞു " ആ തെണ്ടിയെ ഞാന്‍ ഇന്ന് കൊല്ലും, അവന്റെ ഒരു സ്വാതന്ത്ര്യ സമരവും ദേശ സ്നേഹവും, നീ വന്നെടാ" എന്നും പറഞ്ഞു എന്നെ വിളിച്ചു. അതോടെ ആ നാടകം മതിയാക്കി ഞങ്ങള്‍ തിരിച്ചു നടന്നു. വീടെത്തുന്ന വരെ സജീഷ് അത് തന്നെ പറഞ്ഞു കൊണ്ടിരുന്നു. "എനിക്ക് ആദ്യമേ സംശയം തോന്നിയതാ, അവന്റെ ഉദ്ദേശം നല്ലതല്ലാന്നു, പാതിരാത്രി വെറുതെ ഉറക്കവും കളഞ്ഞു..എന്നൊക്കെ പറഞ്ഞാണ് അവന്‍ നടക്കുന്നത്. ഹരിക്കും പ്രിയക്കും പിന്നെ എന്ത് സംഭവിച്ചു എന്നറിയില്ല. പിന്നെയും കുറെ നാടകങ്ങള്‍ ഞങ്ങള്‍ അങ്ങിനെ ഉറക്കം കളഞ്ഞു കണ്ടിട്ടുണ്ട്.കൂകല്‍ കാരണം ഇടയ്ക്കു വെച്ച് അഭിനേതാക്കള്‍ തന്നെ നാടകം നിര്‍ത്തിയ ചരിത്രവും ഉണ്ട്.

പിന്നീട് കുറെ നാള്‍ ഞങ്ങള്‍ കാണുമ്പോളോക്കെ ഈ കാര്യം പറഞ്ഞു പൊട്ടിച്ചിരിക്കും. കുറച്ചു വര്‍ഷം മുന്‍പ്‌ അവന്‍ ദുബായില്‍ വന്നെങ്കിലും ഇവിടെ അധികം നിന്നില്ല. നാട്ടിലേക്ക് തന്നെ തിരിച്ചു പോയി അവിടെ ജോലിക്ക് കയറി. ഒരു അവധിക്കാലത്ത് നാട്ടില്‍ ഉള്ളപ്പോള്‍ വിഷുവിനു അവന്‍ അവന്റെ വീട്ടില്‍ നിന്നും എനിക്ക് മാമ്പഴ പുളിശേരിയൊക്കെ കൊണ്ട് വന്നു തന്നിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കല്യാണം കഴിഞ്ഞത്. ഈ കഴിഞ്ഞ അവധിക്കു ഞാന്‍ വീട്ടില്‍ നില്ക്കുമ്പോ അവന്‍ ഭാര്യയുമായി ബൈക്കില്‍ പോകുന്നു. ഞാന്‍ അവനെ വിളിച്ചു നിര്‍ത്തി. പരസ്പരം വിശേഷങ്ങളൊക്കെ പറഞ്ഞു. പോകാന്‍ നില്‍ക്കുന്ന നേരത്ത് ഞാന്‍ അവനോടു പറഞ്ഞു " മുത്തച്ചാ, എനിക്ക് പുരാതന ഇന്ത്യയെ കുറിച്ചും നമ്മുടെ സ്വാതന്ത്ര്യ സമരത്തെ കുറിച്ചും കൂടുതല്‍ അറിയണം എന്നുണ്ട്". അത് കേട്ടതും അവന്‍ പൊട്ടിച്ചിരിച്ചു, കൂടെ ഞാനും കൂടി. അവന്റെ ഭാര്യ സംഭവം അറിയാതെ ഞങ്ങളെ മിഴിച്ചു നോക്കുന്നുണ്ടായിരുന്നു. അവന്‍ എന്നോട് "ഒക്കെ ഡാ" എന്നും പറഞ്ഞു ബൈക്കുമായി പോയി. അപ്പോള്‍ എന്റെ മോന്‍ എന്റെ അടുത്തേക്ക്‌ ഓടി വന്നു,അവനെയും എടുത്തു ആ ഇടവഴിയില്‍ അവര്‍ പോകുന്നതും നോക്കി അങ്ങനെ നിന്നപ്പോള്‍ ഞാന്‍ ഓര്‍ത്തു. സംഭവം കഴിഞ്ഞിട്ട് പത്തുപതിനാലു വര്‍ഷം കഴിഞ്ഞു.എന്നിട്ടും അത് ഞങ്ങളുടെ രണ്ടാളുടെയും മനസ്സില്‍ നിന്നും പോയിട്ടില്ല. ചില ഓര്‍മ്മകള്‍ അങ്ങനെയാണ്. കാലപ്പഴക്കം കൂടും തോറും മധുരം കൂടും..വീഞ്ഞ് പോലെ. ഇടയ്ക്കു എനിക്ക് തോന്നും വളരേണ്ടിയിരുന്നില്ല എന്ന്.പക്ഷെ എന്ത് ചെയ്യാന്‍? ജീവിതം ഇങ്ങനെയൊക്കെയാണല്ലോ. ഇനി ഒരു ഉത്സവക്കാലത്ത് നാട്ടില്‍ ഉണ്ടെങ്കില്‍ ഒരിക്കല്‍ കൂടെ എനിക്ക് അവന്റെ കൂടെ ഒരു നാടകം കാണാന്‍ പോകണം എന്നുണ്ട്. നടക്കുമോ എന്തോ..

Tuesday, May 7, 2013

ഭാര്യയുടെ ഡെലിവറിയും എന്‍റെ ബീഫ്‌ റോസ്റ്റും !



എനിക്ക് ഒരു മകനെ ഉള്ളു. മൂന്നു വര്‍ഷം മുന്‍പാണ്‌ അവന്‍ ജനിച്ചത്‌.കൃത്യമായി പറഞ്ഞാല്‍ 2010 ജൂലൈ 31. പ്രസവ സമയത്ത് ഞാന്‍ നാട്ടില്‍ ഉണ്ടാകണം എന്ന് ഭാര്യ എന്നോട് ആദ്യമേ പറഞ്ഞിരുന്നു. അത് കൊണ്ട് പത്തു ദിവസം മുന്‍പേ ഞാന്‍ നാട്ടില്‍ എത്തിയിരുന്നു. ജൂലൈ 29നു ഞങ്ങള്‍ ഹോസ്പിറ്റലില്‍ എത്തി. പെയിന്‍ വരാത്തത് കൊണ്ട് അവളെ റൂമില്‍ തന്നെ കിടത്തി. എപ്പോളും ഞാന്‍ അവളുടെ കൂടെ ഉണ്ടാകുമായിരുന്നു. അവിടെ ഒരു ഇന്ത്യന്‍ കോഫീ ഹൌസ് ഉണ്ട്. അവിടെ ഞാന്‍ ചായ കുടിക്കാന്‍ പോകുമ്പോളും നിറവയറുമായി അവളും എന്‍റെ കൂടെ വരുമായിരുന്നു. അവിടത്തെ ഫുഡ്‌ ആണെങ്കില്‍ നല്ല രുചിയും.രണ്ടു മസാല ദോശയൊക്കെ ഞാന്‍ ഒരു സമയം കഴിച്ചിട്ടുണ്ട്. അങ്ങനെ രണ്ടു ദിവസം ഭേഷായി ഞങ്ങള്‍ അവിടെ നിന്ന് ഭക്ഷണം കഴിച്ചു.

അങ്ങനെ പ്രസവദിവസം വന്നെത്തി. അവള്‍ അന്നും എന്നോട് നന്നായി സംസാരിച്ചിരുന്നു.കാലത്ത്‌ തന്നെ അവളെ ലേബര്‍ റൂമില്‍ കൊണ്ട് പോയി. പെയിന്‍ ഇടയ്ക്കിടക്ക് വന്നു പോകുന്നുണ്ടെങ്കിലും അത്ര വലിയൊരു ബഹളം ഒന്നും ഇല്ലാതെ സാധാരണ പോലെയാണ് അവള്‍ പോയത്. കൂടെ എന്‍റെ മാമിയും ഉമ്മയും ആണ് പോയത്.കുറച്ചു കഴിഞ്ഞാല്‍ എന്തെങ്കിലും വിവരം അറിയും എന്ന് കരുതി ഞാന്‍ റൂമില്‍ തന്നെ കിടന്നു. പിന്നെ അകത്തു എന്താണ് നടക്കുന്നത് എന്ന് ഞാന്‍ അറിയുന്നില്ല. അങ്ങനെ ഉച്ച ആയി, സ്വാഭാവികമായും എനിക്ക് വിശന്നു. ഞാന്‍ പതിവ് പോലെ നേരെ കോഫി ഹൌസിലേക്ക് പോയി. ഒരു ഊണ് പറഞ്ഞു. അതും കൊണ്ട് വന്നപ്പോള്‍ ആ സപ്ലയറുടെ ഒരു ചോദ്യം " സര്‍..സ്പെഷ്യല്‍ എന്തെങ്കിലും വേണോന്ന്" ആ ചോദ്യം കേട്ടാല്‍ പിന്നെ എനിക്ക് എന്തെങ്കിലും ഓര്‍ഡര്‍ ചെയ്യണം. ഞാന്‍ ചോദിച്ചു" എന്താണ് സ്പെഷ്യല്‍?" അയാള്‍ പറഞ്ഞു "തേങ്ങ ഇട്ടു വെച്ച നല്ല നാടന്‍ ബീഫ്‌റോസ്റ്റ്‌ ഉണ്ട്,എടുക്കട്ടെ? എന്നാ പിന്നെ ആയിക്കോട്ടെ എന്ന് ഞാനും കരുതി, അതൊരെണ്ണം ഓര്‍ഡര്‍ ചെയ്തു. അങ്ങനെ സാധനം വന്നു. അതും കൂട്ടി ഊണ് കഴിച്ചു. പിന്നെ നേരെ റൂമില്‍ പോയി ചെന്ന് കിടന്നു. മുകളില്‍ ഫാന്‍ കിടന്നു കറങ്ങുന്നു, നല്ല കാറ്റ്. എനിക്ക് ഉറക്കം വന്നു. കണ്ണുകള്‍ മെല്ലെ അടഞ്ഞു പോയി. അപ്പോളാണ് മാമി റൂമിലേക്ക്‌ വന്നത്. "എന്തായി മാമി? ഞാന്‍ ചോദിച്ചു.

മാമി പറഞ്ഞു "ഒന്നും ആയിട്ടില്ല മോനെ, നോര്‍മല്‍ ഡെലിവറി നടക്കുമെന്ന് തോന്നുന്നില്ല"

മാമിയുടെ മുഖത്ത് നല്ല ടെന്‍ഷന്‍ ഉണ്ട്. ഞാന്‍ അവിടെ ചാരി ഇരുന്നു. മാമി മെല്ലെ എന്‍റെ അടുത്ത് വന്നു തോളില്‍ കൈ വെച്ച് കൊണ്ട് പറഞ്ഞു " മോനെ, നീ എന്തെങ്കിലും പോയി കഴിച്ചിട്ട്‌ വാടാ..

അത് കേട്ടതും ഞാനൊന്ന് ഞെട്ടി. മാമിയുടെ വിചാരം ഞാന്‍ രാവിലെ മുതല്‍ അവിടെ ഒന്നും കഴിക്കാതെ ഇരിക്കുകയാണ് എന്നാണ്. എനിക്ക് ഒന്നും വേണ്ട മാമി " ഞാന്‍ ഗൌരവം വിടാതെ പറഞ്ഞു. അപ്പോള്‍ മാമി വീണ്ടും "വെറുതെ ടെന്‍ഷന്‍ ആയി ഒന്നും കഴിക്കാതിരുന്ന്‍ വയ്യാതാകണ്ട, പോയി ഒരു ചായയെങ്കിലും കഴിച്ചിട്ട് വാ" സത്യത്തില്‍ അപ്പോളാണ് എനിക്ക് കാര്യം മനസ്സിലായത്. ഭാര്യയെ പ്രസവത്തിനു കൊണ്ട് പോയാല്‍ ഭര്‍ത്താക്കന്മാര്‍ ഭക്ഷണമൊന്നും കഴിക്കാതെ ടെന്‍ഷന്‍ അടിച്ചു ലേബര്‍ റൂമിന്‍റെ പുറത്ത്‌ അസ്വസ്ഥനായി നടക്കണം. നമ്മള്‍ ഈ സിനിമയിലൊക്കെ കണ്ടിട്ടില്ലേ? ഏതാണ്ട്‌ അത് പോലെ തന്നെ. ഞാന്‍ ആണെങ്കില്‍ ബീഫ്‌റോസ്റ്റും കൂട്ടി ഊണും കഴിച്ചാണ് ഇരിക്കുന്നത്. അത് പാവം മാമിക്ക് അറിയില്ലല്ലോ?

ഞങ്ങള്‍ അങ്ങനെ സംസാരിച്ചിരിക്കുമ്പോളാണ് ഒരു നേഴ്സ് വന്നു നിങ്ങളെ ഡോക്ടര്‍ വിളിക്കുന്നു എന്ന് പറഞ്ഞത്‌. ഞാനും മാമിയും കൂടെ ലേബര്‍ റൂമിന്‍റെ അടുത്തേക്ക്‌ പോയി. ഡോക്ടര്‍ ഒരു സ്ത്രീ ആയിരുന്നു. അവര്‍ എന്നോടു പറഞ്ഞു, നോര്‍മല്‍ ഡെലിവറി ആക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു, പക്ഷെ നടക്കുന്നില്ല. അത് കൊണ്ട് സിസേറിയന്‍ ചെയ്യണം, നിങ്ങള്‍ ആ സമ്മത പത്രത്തില്‍ വേഗം ഒപ്പിടൂ, ഇപ്പൊ തന്നെ ചെയ്യണം, ഇത് കേട്ടതും എന്‍റെ ഉമ്മ കരച്ചില്‍ തുടങ്ങി. മാമിയുടെയും മുഖം മാറി. അതോടെ എനിക്കും ടെന്‍ഷന്‍ ആയി. അവര്‍ തന്ന പേപ്പറില്‍ ഞാന്‍ വായിക്കുക പോലും ചെയ്യാതെ വേഗം ഒപ്പിട്ടു കൊടുത്തു. അപ്പോള്‍ അവളെ പുറത്തേക്ക് കൊണ്ട് വന്നു. അവളുടെ മുഖം കണ്ടപ്പോ എന്‍റെ നെഞ്ചിടിപ്പ് കൂടി, സത്യം പറഞ്ഞാല്‍ ആ നിമിഷം ആണ് ഇതിന്‍റെയൊരു ശരിക്കുള്ള അവസ്ഥ എനിക്ക് മനസ്സിലായത്. ഓപ്പറേഷന്‍ തിയറ്റര്‍ ലക്ഷ്യമാക്കി ആ സ്ട്രക്ചര്‍ അവര്‍ വേഗത്തില്‍ തള്ളി, അവള്‍ കിടന്നു കരയുന്നു. അവളുടെ കൈ പിടിച്ചു കൊണ്ട് ഞാനും അതിന്‍റെ കൂടെ നടന്നു. അവള്‍ ദയനീയമായി എന്നെ നോക്കി. ഞാന്‍ പേടിക്കണ്ട എന്നും പറഞ്ഞു ധൈര്യം കൊടുത്തു. പക്ഷെ എന്‍റെ ധൈര്യം പാടെ ചോര്‍ന്നു പോയിരുന്നു. എന്‍റെ മുന്‍പില്‍ ആ വാതിലടഞ്ഞു. അവിടെ ഒരു ചുകന്ന ബള്‍ബ്‌ കത്തുന്നു. എന്‍റെ കാലൊക്കെ ചെറുതായി വിറച്ചു തുടങ്ങി. നില്‍ക്കാനാകാതെ ഞാന്‍ അവിടെ നിലത്തിരുന്നു പോയി. നെഞ്ച് നിറഞ്ഞു നില്‍ക്കുന്നു. വല്ലാത്ത ഒരു മാനസിക അവസ്ഥ. ഒരു ഭാഗത്തു ഉമ്മയും മാമിയും അവളുടെ വീട്ടുകാരും. എല്ലാവരും പ്രാര്‍ഥനയോടെ കാത്തു നിന്നു.

അല്‍പ സമയത്തിന് ശേഷം ഒരു നേഴ്സ് കുഞ്ഞുമായി പുറത്ത്‌ വന്നു. എന്‍റെ പേര് വിളിച്ചു. പിന്നെ എന്‍റെ കയ്യിലേക്ക് മോനെ തന്നു. അവന്റെ കുഞ്ഞു കണ്ണുകള്‍ മെല്ലെ ചിമ്മുന്നു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു നിമിഷം എന്നെ അതിനെ പറയാന്‍ സാധിക്കൂ. അത് അനുഭവിച്ചവര്‍ക്കെ ആ ആനന്ദം പറഞ്ഞാല്‍ മനസിലാകൂ. എന്‍റെ ഉമ്മയും മറ്റുള്ളവരും വന്നു അവനെ എടുത്തു. പിന്നെ നേഴ്സ് അവനെ അകത്തേക്ക് തന്നെ കൊണ്ട് പോയി. തൊട്ടു പിന്നാലെ ഭാര്യയെ കൊണ്ട് വന്നു. അവള്‍ നല്ല മയക്കത്തിലായിരുന്നു. പിന്നെ കുറെ കഴിഞ്ഞു അവര്‍ മോനെ ഞങ്ങളെ തന്നെ ഏല്പിച്ചു, പക്ഷെ അവള്‍ ലേബര്‍ റൂമില്‍ തന്നെ ആയിരുന്നു. ഞാന്‍ അവിടെ കണ്ട ഒരു പേപ്പറില്‍ രണ്ടു വരി എഴുതി ഒരു നേഴ്സിനെ ഏല്‍പ്പിച്ച് അവളുടെ കയ്യില്‍ കൊടുക്കാന്‍ പറഞ്ഞു. എന്താ ഇത് എന്ന് അവര്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു, കാണാന്‍ പറ്റില്ല, ഫോണ്‍ വിളിക്കാന്‍ പറ്റില്ല, പിന്നെ ഇതല്ലേ വഴിയുള്ളൂ". ആ സിസ്റ്റര്‍ ചിരിച്ചു. ലേബര്‍ റൂമിലേക്ക്‌ കത്ത് കൊടുത്തയക്കുന്നത് ആദ്യമായി കാണുകയാണ് എന്നും പറഞ്ഞു അവര്‍ അതും വാങ്ങി കൊണ്ട് പോയി "നമ്മുടെ മോന് കുഴപ്പമൊന്നുമില്ല, സുഖമായി ഇരിക്കുന്നു" എന്നായിരുന്നു ആ വരികള്‍. നേഴ്സ് അത് അവളുടെ കയ്യില്‍ കൊണ്ട് കൊടുത്തു. അന്ന് അത് വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നിയെന്നു ഭാര്യ പിന്നെ പറഞ്ഞിട്ടുണ്ട്. അന്ന് രാത്രി മുഴുവന്‍ മോന്‍ നല്ല കരച്ചിലായിരുന്നു. നേരം വെളുക്കും വരെ ഞാനും മാമിയും ഉമ്മയും മാറി മാറിയാണ് അവനെ നോക്കിയത്. ഇടക്ക്‌ നേഴ്സ് വന്നു അവന് പാല് കൊടുക്കാന്‍ അവളുടെ അടുത്തേക്ക് കൊണ്ട് പോകുമായിരുന്നു. പിറ്റേ ദിവസം കാലത്ത്‌ അവളെ റൂമിലേക്ക്‌ കൊണ്ട് വന്നു. തലേ ദിവസത്തെ എല്ലാ വിശേഷങ്ങളും പറഞ്ഞെങ്കിലും ഈ ബീഫ്‌ റോസ്റ്റിന്‍റെ കാര്യം മാത്രം ഞാന്‍ അവളോട്‌ പറഞ്ഞില്ല. പിന്നെ ഞാന്‍ അത് പറയാന്‍ മറന്നു. പിന്നെയും കുറെ കാലം കഴിഞ്ഞു മോന്‍റെ രണ്ടാമത്തെ ബര്‍ത്ത്ഡെയുടെ അന്നാണ് ഞാന്‍ അവളോട്‌ ഈ കാര്യം പറഞ്ഞത്‌. അവള്‍ അത് കേട്ട് ഞെട്ടി. "ഞാന്‍ അവിടെ പച്ച വെള്ളം പോലും കുടിക്കാതെ , കിടന്നു പ്രാണവേദന അനുഭവിക്കുമ്പോള്‍ നിങ്ങള്‍ അവിടെ ചോറ് കഴിക്കുവായിരുന്നല്ലേ? അതും ബീഫ്‌ റോസ്റ്റും കൂട്ടി. നിങ്ങള്‍ക്ക്‌ കണ്ണില്‍ ചോരയുണ്ടോ? ഭാര്യയെ പ്രസവത്തിനു കയറ്റിയ സമയത്ത് ബീഫ്‌റോസ്റ്റ്‌ കഴിച്ച ലോകത്തിലെ ആദ്യത്തെ ഭര്‍ത്താവ് നിങ്ങള്‍ ആയിരിക്കും" എന്നൊക്കെ പറഞ്ഞു അവള്‍ ആക്രമണം തുടങ്ങി. ഞാന്‍ ഒന്നും പറയാനാകാതെ തല താഴ്ത്തി ഇരുന്നു. ഒരിക്കലും അവളോടുള്ള സ്നേഹ കുറവ് കൊണ്ടല്ല അന്ന് അങ്ങിനെ സംഭവിച്ചത്‌. ഇതിന്‍റെ ഒരു ഗൌരവം എനിക്ക് വ്യക്തമായി മനസ്സിലാകാത്തത് കൊണ്ടാണ്. ഒരു പക്ഷെ വേറെ ആരുടെയും ഡെലിവറി സമയത്ത് ഞാന്‍ ഇത് പോലെ കൂടെ ഇല്ലാതിരുന്നത് കൊണ്ടാകാം. ഇപ്പോള്‍ ആലോചിക്കുമ്പോ ചെയ്തത് കുറച്ചു കടന്നു പോയി എന്ന് എനിക്കും തോന്നാറുണ്ട്. എന്‍റെ മാമിക്ക് ഇപ്പോളും അറിയില്ല ഈ കഥ. ഇനി നിങ്ങള്‍ പറയൂ..ഞാന്‍ ചെയ്തത് അത്ര വലിയ തെറ്റാണോ? പറയൂ..

Tuesday, February 5, 2013

തിരിച്ചറിവുകളുടെ നിമിഷങ്ങള്‍ !!



നാട്ടില്‍ നല്ലൊരു ജോലി ശരിയാകാത്തത് കൊണ്ട് മാത്രം ദുബായിലേക്ക് വന്നതാണ്‌ ഞാന്‍. അന്നും ഇന്നും വലിയൊരു സമ്പാദ്യം എന്‍റെ മനസ്സില്‍ ഇല്ല, അതിനു വേണ്ടി ശ്രമിച്ചിട്ടില്ല എന്ന് പറയുന്നതാകും കൂടുതല്‍ ശരി. ദുബായില്‍ വന്ന ശേഷം മൂന്നാമത്തെ തവണ ഞാന്‍ നാട്ടില്‍ പോയി. അന്ന് എന്‍റെ കല്യാണം കഴിഞ്ഞിരുന്നു. അന്ന് പഴശ്ശിരാജ ഇറങ്ങി രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു. നാട്ടില്‍ ചെന്നത് രാത്രിയാണ്‌. അത് കൊണ്ട് പിറ്റേ ദിവസത്തെ എന്‍റെ ആദ്യ പരിപാടി പടം കാണുക എന്നത് മാത്രം ആയിരുന്നു. ഞാന്‍ കാലത്ത് നേരത്തെ തന്നെ കുളിച്ചൊരുങ്ങി ടൌണിലേക്ക് പോകാനൊരുങ്ങി. നാട്ടില്‍ ചെന്നാല്‍ ഞാന്‍ കൂടുതലും മുണ്ടാണ് ഉടുക്കുക. അത് കൊണ്ട് തന്നെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ മൊബൈല്‍ മാത്രമേ ഉള്ളു. ഇനി ATM പോകാന്‍ സമയമില്ല. ഞാന്‍ ഭാര്യയോട് കാശുണ്ടോ എന്ന് ചോദിച്ചു. അവള്‍ പറഞ്ഞു നൂറു രൂപ ഉണ്ട്, മതിയോ? ഞാന്‍ പറഞ്ഞു, പിന്നെ, ധാരാളം. സിനിമ കണ്ടു ഇങ്ങോട്ട് വരികയല്ലേ വേണ്ടു. അങ്ങനെ അവള്‍ തന്ന നൂറു രൂപയുമായി ഞാന്‍ സിനിമ കാണാന്‍ പോയി. ബസിന്‍റെ കാശും ടിക്കറ്റിന്‍റെ കാശും ഞാന്‍ കരുതിയതിനെക്കാള്‍ കൂടി. എങ്കിലും തികയാതെ വന്നില്ല. ഇടവേളയിലും എന്തോ കഴിച്ചു. എല്ലാറ്റിനും ഒടുക്കത്തെ വില. സിനിമ കഴിഞ്ഞിട്ടും ഞാന്‍ തിരിച്ചു പോന്നില്ല. അവിടത്തെ ആഘോഷങ്ങള്‍ കണ്ടു കുറെ നേരം നിന്നു.


അങ്ങനെ എല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ വിശന്ന കാരണം തട്ടുകടയില്‍ നിന്നും എന്തോ കഴിച്ചു. ബസ്‌ ചാര്‍ജ് കൊടുത്തു കഴിഞ്ഞപ്പോള്‍ എന്‍റെ പോക്കറ്റില്‍ പത്തു രൂപ മാത്രമായി. അതുമായി ഞാന്‍ കേച്ചേരിയില്‍ വന്നു ബസ്‌ ഇറങ്ങിയപ്പോള്‍ വൈകുന്നേരമായി. എന്‍റെ സുഹൃത്തുക്കള്‍ സ്ഥിരമായി ഇരിക്കാറുള്ള ഒരു വീഡിയോ ഷോപ്പിലേക്ക് ഞാന്‍ നടന്നു. അപ്പോളാണ് എന്‍റെ ഒരു പരിചയക്കാരന്‍റെ ജ്യൂസ്‌കട ഞാന്‍ കണ്ടത്‌. നാട്ടില്‍ ഉള്ളപ്പോള്‍ ഞാന്‍ അവിടെ നിന്ന് ഇടയ്ക്കു ജ്യൂസ്‌ കഴിക്കാറുണ്ട്. എന്നാല്‍ പിന്നെ ഒരു ജ്യൂസ്‌ കുടിച്ചു കളയാം എന്ന് കരുതി ഞാന്‍ അവിടെ കയറി.

അവന്‍ എന്നെ കണ്ട ഉടനെ കൈ തന്നു: ഹാ, ഇതെപ്പോ എത്തി?

ഞാന്‍ :ഇന്നലെ രാത്രി

അവന്‍ : എന്നിട്ട്‌....എങ്ങനെ ഉണ്ട് ജോലിയൊക്കെ?

ഞാന്‍ : ഓ , സുഖം

അവന്‍ : ഇപ്പൊള്‍ എവിടെന്നാ വരണേ?

ഞാന്‍ : പടം കാണാന്‍ പോയതാ. നീ ഒരു ഓറഞ്ച് ജ്യൂസ്‌ എടുത്തേ

അവന്‍ ജ്യൂസ്‌ ഉണ്ടാക്കി തന്നു. നല്ല ദാഹമുണ്ടായിരുന്നു. ഞാനത് ആവേശത്തോടെ കുടിച്ചു.

ഞാന്‍ : എത്രയായി?

അവന്‍ : പത്തു രൂപ

ഞാന്‍ കാശെടുക്കാന്‍ പോക്കറ്റില്‍ കയ്യിട്ടു. പക്ഷെ കാശില്ല. അത് എവിടെയോ നഷ്ട്ടപ്പെട്ടിരിക്കുന്നു, ചിലപ്പോള്‍ മൊബൈല്‍ എടുത്തപ്പോള്‍ പോയതാകാം.

ഞാന്‍ : ടാ, കാശു കാണാനില്ല, ഞാന്‍ നാളെ കൊണ്ട് തരാം

അവന്‍ : അയ്യോ, അത് പറ്റില്ല, കടം കൊടുക്കാറില്ല.

ഞാന്‍ : കടമായിട്ട്‌ കൂട്ടണ്ട, ഞാന്‍ വേണമെങ്കില്‍ വീട്ടില്‍ പോയി ഇപ്പൊള്‍ തന്നെ കൊണ്ട് വരാം
അവന്‍ : അല്ല, അത് പറ്റില്ല, ഞാന്‍ കട അടക്കാന്‍ പോവാ, ഇനി ഈ സന്ധ്യ സമയത്ത് കടം ശരിയാവില്ല.

കട അടക്കുന്ന സമയത്ത് കടം പാടില്ല എന്ന് ചില കടക്കാര്‍ക്ക്‌ ഒരു വിശ്വസം ഉള്ളതായി കേട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇനി അവനോടു സംസാരിച്ചിട്ട് കാര്യമില്ല എന്ന് എനിക്ക് മനസ്സിലായി. ഞാന്‍ ഇപ്പൊ വരാം എന്ന് പറഞ്ഞ് എന്‍റെ സുഹൃത്തിന്‍റെ വീഡിയോ ഷോപ്പിലേക്ക് ചെന്നു. അതിന്‍റെ മുന്‍പില്‍ നിന്നിരുന്ന എന്‍റെ ഒരു സുഹൃത്ത്‌ എന്നെ കണ്ടപ്പോള്‍ വിഷ് ചെയ്തു.

ഞാന്‍ അവനോടു ചോദിച്ചു : ടാ, ഒരു പത്തു രൂപ തന്നെ, ആ ജ്യൂസ്‌ കടയില്‍ കൊടുക്കാനാ.

അവന്‍ : അയ്യോ, എന്‍റെ കയ്യില്‍ ഇല്ലടാ.

ഞാന്‍ വീണ്ടും കുടുങ്ങി. നേരെ കടയുടെ അകത്തേക്ക് ചെന്നു. കട ഉടമ മന്‍സൂറും മറ്റു ചിലരും അകത്തുണ്ട്. എന്നെ കണ്ടതും മന്‍സൂര്‍ സന്തോഷത്തോടെ വരവേറ്റു.

മന്‍സൂര്‍ : അളിയാ, ഇതെപ്പോ ലാന്‍ഡ്‌ ചെയ്തു?

ഞാന്‍ : ഇന്നലെ രാത്രി

മന്‍സൂര്‍: എന്നിട്ട് വേറെ എന്താ വിശേഷം? പഴശ്ശിരാജ കണ്ടോ?

ഞാന്‍ : അതൊക്കെ പിന്നെ പറയാം. ആദ്യം നീ എനിക്കൊരു പത്തു രൂപ തന്നെ

മന്‍സൂര്‍: എന്താടാ?

ഞാന്‍ : ആ ജ്യൂസ്‌ കടയില്‍ കൊടുക്കാനാടാ, എന്‍റെ കയ്യില്‍ കാശില്ല.

അവിടെ ഇരിക്കുന്നവര്‍ എന്നെയൊന്നു നോക്കി, ഇവനെന്ത് ഗള്‍ഫ്‌കാരനാടാ എന്ന ഭാവത്തില്‍.
അങ്ങനെ അവന്‍ തന്ന ആ പത്തു രൂപയുമായി ഞാന്‍ വീണ്ടും ജ്യൂസ്‌ കടയില്‍ ചെന്നു കാശ് കൊടുത്തു.

അവന്‍ : "അളിയാ, ഒന്നും തോന്നരുത്..കട അടക്കാറായി..അതാ ഞാന്‍.

ഞാന്‍ : ഏയ്..അതൊന്നും സാരമില്ലടാ.

ഞാന്‍ ആ കടയില്‍ നിന്നിറങ്ങി വീട്ടിലേക്കു നടന്നു. എന്‍റെ മനസ്സ് അസ്വസ്ഥമായിരുന്നു. രണ്ടു വര്‍ഷം ഞാന്‍ ദുബായില്‍ നിന്നു. ബാങ്കില്‍ ചിലവിനുള്ള കാശുണ്ട്, ഭാര്യയുടെ കയ്യിലും കഴുത്തിലും ആവശ്യത്തിനുള്ള സ്വര്‍ണ്ണമുണ്ട്. ഇതൊക്കെ ഉണ്ടായിട്ടും ഇന്ന് ഞാന്‍ ഒരു പത്തു രൂപക്ക്‌ ഗതിയില്ലത്തവനായി. കുടിച്ച ജൂസിനു കാശ് കൊടുക്കാന്‍ വേണ്ടി ആരോടോ തെണ്ടി. ഇതിനാണോ പടച്ചോനെ ഞാന്‍ ഇത്ര നാള്‍ ദുബായില്‍ നിന്നത്? ഈ കാശുണ്ടാക്കിയത്? പാലം കടന്നുള്ള ആ പാതയിലൂടെ അതൊക്കെ ആലോചിച്ചു ഒറ്റയ്ക്ക് നടന്നു പോകുമ്പോള്‍ ഞാന്‍ പോലും അറിയാതെ എന്‍റെ കണ്ണ് നിറഞ്ഞു...

തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യ ചോദിച്ചു "ഇതെപ്പോ പോയതാ? എന്നിട്ടെന്തായി? പടമൊക്കെ കണ്ടോ?

ഞാന്‍ പറഞ്ഞു : കണ്ടു, ആദ്യം നീ എനിക്കൊരു പത്തു രൂപ തന്നെ.

അവള്‍ : എന്തെ?

ഞാന്‍ : അതൊക്കെ പറയാം, നീ കാശ് തരൂ

അങ്ങനെ ആ കാശുമായി ഞാന്‍ ബൈക്ക് എടുത്തു പോയി മന്‍സൂറിന്‍റെ കാശ് കൊടുത്തു. മടങ്ങി വന്നു ഭാര്യയോട് ഉണ്ടായ കാര്യങ്ങള്‍ പറഞ്ഞു. അവളും ഒന്നും പറയാനാകാതെ ഇരുന്നു പോയി. ഇന്നും നാട്ടില്‍ പോകുമ്പോ ആ ജ്യൂസ്‌ കട കാണുമ്പോള്‍ ഞാന്‍ ഓര്‍ക്കും അന്നത്തെ ആ സംഭവം. അന്ന് അനുഭവിച്ച ആ നാണക്കേട്..ആ വിഷമം..പക്ഷെ അന്ന് ഞാന്‍ ഒന്ന് മനസ്സിലാക്കി..ആവശ്യത്തിന് ഉപകരിച്ചില്ലെങ്കില്‍ പണം വെറും കടലാസ് കഷ്ണം മാത്രം..

സത്യത്തില്‍ ഇതൊക്കെ ഓരോ തിരിച്ചറിവുകളാണ്. നമ്മള്‍ ആരാണ് എന്നും നമ്മുടെ ധാരണകള്‍ എല്ലാം എത്ര മാത്രം തെറ്റാണെന്നും നമ്മളെ ഓര്‍മ്മപ്പെടുത്തുന്ന ചില തിരിച്ചറിവുകള്‍. ജീവിതം ഇനിയും എത്രയോ ബാക്കി കിടക്കുന്നു. വരും നാളുകളില്‍ എല്ലാം തിരിച്ചറിഞ്ഞു കൊണ്ട് നല്ല മനസ്സോടെ മുന്‍പോട്ടു പോകാന്‍ അത് നമ്മളെ സഹായിക്കും..തീര്‍ച്ച!!

Tuesday, January 22, 2013

അന്നൊരു ക്രിസ്ത്മസ്‌ രാവില്‍ ...!!





പണ്ട് 2005 സമയത്ത് ഞാന്‍ തൃശൂര്‍ സൈന്‍ മാജിക്കില്‍ ജോലി ചെയ്യുന്ന കാലം. ഒരിക്കല്‍ ഒരു ദിവസം കാലത്ത് ഞാന്‍ ഓഫീസില്‍ ഇരിക്കുമ്പോള്‍ ഒരു സുമുഖനായ ചെറുപ്പക്കാരന്‍ കയറി വന്നു..നല്ല വെളുക്കനെയുള്ള ചിരി.. എന്‍റെ അടുത്ത് വന്നു ചോദിച്ചു “ ഹുസൈന്‍ക്ക ഉണ്ടോ? ( ഹുസൈന്‍ക്ക എന്റെ ബോസ്സ് ആണ്)

ഞാന്‍ പറഞ്ഞു : ഇല്ലല്ലോ, പുറത്ത്‌ പോയി, എന്താ കാര്യം?

അയാള്‍ : എന്‍റെ പേര് ടോണി, ടൌണില്‍ തന്നെയാണ് വീട്, ഹുസൈന്‍ക്കാനെ ഒന്ന് കാണാന്‍ വന്നതാ.

ഞാന്‍ : എന്തായാലും വൈകുന്നേരം വരും, ഒന്ന് വിളിച്ചിട്ട് വന്നോളു, എന്തെങ്കിലും പറയണോ?

ടോണി : വേണ്ട, ഞാന്‍ വന്നു കണ്ടോളാം

അയാള്‍ തിരിച്ചു നടക്കാനൊരുങ്ങി ,പിന്നെ തിരിച്ചു വന്നു എന്നോട് ചോദിച്ചു : നിങ്ങളാണോ ഇവിടെ ഉണ്ടാകുക?

ഞാന്‍ പറഞ്ഞു : അതെ എന്താ?

ടോണി : അത്..ഞാന്‍ വന്നത് എന്റെ ഒരു വിസയുടെ കാര്യത്തിനാണ്, എനിക്ക് വിദേശത്ത് ഒരു കോഴ്സ് പഠിക്കാന്‍ പോകണം, പക്ഷെ അവര്‍ക്ക് നാട്ടില്‍ എവിടെയെങ്കിലും ജോലി ചെയ്തതിന്റെ ഒരു എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം, അതിനാണ് ഞാന്‍ ഹുസൈന്‍ക്കയെ കാണാന്‍ വന്നത്.

ഞാന്‍ : ഓക്കെ, പക്ഷെ ടോണി ഇവിടെ ജോലി ചെയ്തിട്ടുണ്ടോ?

ടോണി : ഇല്ല

ഞാന്‍ : പിന്നെ?

ടോണി : എന്‍റെ ഒരു ഫ്രണ്ട് കുറച്ചു കാലം ഇവിടെ ഉണ്ടായിരുന്നു. അവനാണ് എന്നോട് പറഞ്ഞത്‌ ഹുസൈന്‍ക്കയെ വന്നു കാണാന്‍.

ഞാന്‍ : എന്തിന്?

ടോണി: ഹുസൈന്‍ക്കാട് പറഞ്ഞാല്‍ പുള്ളി ഒരു എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് തരും എന്ന് അവന്‍ പറഞ്ഞു.

ഞാന്‍ : ഓക്കെ, എങ്കില്‍ വൈകുന്നേരം വരൂ, നമുക്ക്‌ ആളോട് സംസാരിക്കാം

അങ്ങനെ ടോണി എന്‍റെ പേരും മൊബൈല്‍ നമ്പറും വാങ്ങി പോയി. വൈകുന്നേരം എന്നെ വിളിച്ചിട്ട് വന്നു. അപ്പൊള്‍ ഹുസൈന്‍ക്ക ഉണ്ടായിരുന്നു. ടോണി ആളോട് കാര്യം പറഞ്ഞു. ഹുസൈന്‍ക്ക ഒരു നല്ല മനുഷ്യന്‍ ആണ്. കാര്യം മനസ്സിലായപ്പോള്‍ എന്നോടു ഒരു എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് റെഡി ആക്കാന്‍ പറഞ്ഞു, അങ്ങനെ ഞാന്‍ അത് ചെയ്തു കൊടുത്തു. ടോണി എന്നോട് നന്ദിയും പറഞ്ഞു സന്തോഷത്തോടെ മടങ്ങി പോയി.

ടോണി ഇനി വരില്ല എന്നാണ് ഞാന്‍ കരുതിയത്‌, പക്ഷെ അവന്‍ കുറച്ചു ദിവസം കഴിഞ്ഞു വീണ്ടും എന്നെ കാണാന്‍ വന്നു. ഒരു ചെറുചിരിയോടെ എന്‍റെ അടുത്തേക്ക് വന്നു.

ടോണി : ഭായ് , ഞാന്‍ ഒന്ന് കൂടി ബുദ്ധിമുട്ടിക്കാനാ വന്നത്

ഞാന്‍ : എന്താ പറഞ്ഞോളു

ടോണി: ഞാന്‍ ആ സര്‍ട്ടിഫിക്കറ്റ് വെച്ച് ചെന്നൈയില്‍ അവരുടെ ഓഫീസില്‍ വിസക്ക് കൊടുത്തിട്ടുണ്ട്. പക്ഷെ ഒരു ചെറിയ പ്രശ്നം ഉണ്ട്.

ഞാന്‍ : എന്ത് പ്രശ്നം?

ടോണി : അവര്‍ അവിടെ നിന്ന് ഇങ്ങോട്ട് വിളിക്കും

ഞാന്‍ : ഇങ്ങോട്ടോ? എന്തിന്?

ടോണി : അല്ല, ജസ്റ്റ്‌ ഒരു വെരിഫിക്കേഷന്‍

ഞാന്‍ : ഓക്കെ, വിളിച്ചോട്ടെ

ടോണി : നിങ്ങള്‍ അല്ലെ ഫോണ്‍ എടുക്കുക?

ഞാന്‍ : അതെ,

ടോണി : അല്ല, ഭായുടെ ഇംഗ്ലീഷ് ഒക്കെ എങ്ങനെ?

ഞാന്‍ : ആ ഒരു വിധം ഒപ്പിക്കും

ടോണി : അയ്യോ, പ്രശ്നമാകോ?

ഞാന്‍ : എന്ത് പ്രശ്നം?

ടോണി : അല്ല, അവര്‍ക്ക്‌ ഡൌട്ട് തോന്നിയാല്‍ തീര്‍ന്നു.

ഞാന്‍ : നിങ്ങള്‍ പേടിക്കണ്ട, ഞാന്‍ മാനേജ് ചെയ്തോളാം

ടോണി എന്നെ വിശ്വാസമില്ലാത്ത പോലെ നോക്കി. പിന്നെ എന്നോട് പറഞ്ഞു "ഒരു രണ്ടു മൂന്നു ദിവസം ഞാന്‍ ഇവിടെ ഇരുന്നോളാം, അവര്‍ എപ്പോളാണ് വിളിക്കുക എന്നറിയില്ല, കുഴപ്പം ഉണ്ടോ?

ഞാന്‍ : എന്ത് കുഴപ്പം? ടോണി ഇരിക്ക്..

അങ്ങനെ പിറ്റേ ദിവസം മുതല്‍ ടോണി കാലത്ത്‌ വരും. അവിടെ ഇരുന്നു ടിവി കാണും,പേപ്പര്‍ വായിക്കും. എന്നോട് നന്നായി സംസാരിക്കും, വീട്ടിലെ വിശേഷങ്ങള്‍ പറയും. എനിക്ക് പുള്ളിയെ ഇഷ്ട്ടമായി വന്നു. ഓരോ ഫോണ്‍ വരുമ്പോളും പുള്ളി ആകാംഷയോടെ എന്നെ നോക്കും. പക്ഷെ ആളുടെ ഈ ഫോണ്‍ മാത്രം വന്നില്ല. മൂന്നാമത്തെ ദിവസം ഉച്ചക്ക് ടോണി ഫുഡ്‌ കഴിച്ചിട്ട് വരാം എന്ന് പറഞ്ഞു പുറത്തേക്ക് പോയി.

ടോണി ഇറങ്ങി ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോ ഒരു ഫോണ്‍ വന്നു. ടോണി പറഞ്ഞ ആ ചെന്നൈ ഫോണ്‍. അവര്‍ ടോണിയെ കുറിച്ച് ചോദിച്ച കാര്യങ്ങള്‍ക്കു എല്ലാം ഞാന്‍ കൃത്യമായി മറുപടി പറഞ്ഞു. അവര്‍ ഓക്കേ പറഞ്ഞു. എല്ലാം നന്നായി കഴിഞ്ഞു എന്ന സമാധാനത്തില്‍ ഞാന്‍ ഇരിക്കുമ്പോള്‍ ടോണി കയറി വന്നു.

ഞാന്‍ : ആ..നല്ല ആളാണ്, അവര്‍ ദേ ഇപ്പൊ വിളിച്ചു വെച്ചേ ഉള്ളു

ടോണി ഒന്നും മിണ്ടാതെ എന്നെ നോക്കി

ഞാന്‍ : കുഴപ്പമൊന്നുമില്ല, ഞാന്‍ നന്നായി പറഞ്ഞിട്ടുണ്ട്

അപ്പോളും ടോണി മിണ്ടുന്നില്ല

ഞാന്‍ : എന്താടോ ഒരു സന്തോഷം ഇല്ലാത്തത്?

ടോണി : ഭായ് എന്നോട് ക്ഷമിക്കണം, ആ ഫോണ്‍ ഞാന്‍ വിളിച്ചതാണ്

ഞാന്‍ (ഞെട്ടലോടെ): എന്ത്?

ടോണി : അല്ല, എന്റെ ഒരു സമാധാനത്തിന് വിളിച്ചതാണ്, ഭായിടെ ഇംഗ്ലീഷ് എങ്ങനെ ഉണ്ട് എന്നറിയാന്‍.

ഞാന്‍ : ഓഹോ

ടോണി : പിന്നെ ഭായ്ക്ക് ഒരു എക്സ്പീരിയന്‍സ് ആകുമല്ലോ എന്ന് വിചാരിച്ചു.

ഞാന്‍ : ആഹ, അത് നന്നായി

ടോണി ചിരിച്ചു കൊണ്ട് : ഭായുടെ ഇംഗ്ലീഷ് കുഴപ്പമില്ല, ഇങ്ങനെ തന്നെ പറഞ്ഞാല്‍ മതി

ഞാന്‍ ഒന്ന് ഇരുത്തി മൂളി. ഉള്ളില്‍ ദേഷ്യം വന്നെങ്കിലും അവനുമായുള്ള ചെറിയൊരു സൌഹൃദം കാരണം ഞാന്‍ ഒന്നും പറഞ്ഞില്ല. അന്ന് വൈകുന്നേരം ടോണി പറഞ്ഞ ആ ഒറിജിനല്‍ ഫോണ്‍ വന്നു. ഏതാണ്ട് ടോണി മുന്‍പേ ചോദിച്ച അതെ കാര്യങ്ങള്‍ തന്നെയാണ് അവര്‍ ചോദിച്ചത്. ഞാന്‍ ഉത്തരങ്ങളും കൊടുത്തു. എല്ലാം നന്നായി കഴിഞ്ഞു എന്ന് ഞാന്‍ കരുതി. പക്ഷെ എന്‍റെയും ടോണിയുടെയും പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് അവര്‍ ഓഫീസിലെ വേറെ ആരോടെങ്കിലും സംസാരിക്കണം എന്ന് പറഞ്ഞു. ഞാന്‍ എന്റെ കൂടെ ജോലി ചെയ്തിരുന്ന തോമസിനെ വിളിച്ചു. ടോണിയുടെ ഈ ആവശ്യം അവനറിയാം, പക്ഷെ ഈ ചോദ്യങ്ങള്‍ക്ക് പറയേണ്ട ഉത്തരങ്ങള്‍ അവന് അറിയില്ല. ടോണി എത്ര കാലം ഇവിടെ ഉണ്ടായിരുന്നു, എന്തായിരുന്നു ജോലി, എത്ര ആയിരുന്നു സാലറി, അങ്ങനെയുള്ള കാര്യങ്ങളുടെ ഒരു ഏകദേശ രൂപം ഫോണ്‍ കൈ മാറുന്നതിനു തൊട്ടു മുന്‍പായി ഞാന്‍ തോമസിന് പറഞ്ഞു കൊടുത്തു. അവന്‍ ഫോണ്‍ എടുത്തു വലിയ ജാടയില്‍ "യേസ് , തോമസ്‌ ഹിയര്‍ " എന്നൊക്കെ പറഞ്ഞു തുടങ്ങി. അവന്‍ നശിപ്പിക്കുമോ എന്ന് ഞാനും ടോണിയും ഭയന്നു. പക്ഷെ ഒന്നും ഉണ്ടായില്ല. ഞാന്‍ പറഞ്ഞു കൊടുത്ത കാര്യങ്ങള്‍ വെച്ച് അവന്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു. അവന്‍ ഉത്തരം കിട്ടാതെ തപ്പുന്ന ചോദ്യങ്ങള്‍ക്ക് ഞാന്‍ ഒപ്പം നിന്ന് കൈ കൊണ്ടൊക്കെ ഉത്തരങ്ങള്‍ പറഞ്ഞു കൊടുത്തു, ഒടുവില്‍ അവന്‍ ഫോണ്‍ എനിക്ക് കൈ മാറി. അവര്‍ ഓക്കേ,താങ്ക്യു എല്ലാം പറഞ്ഞു ഫോണ്‍ വെച്ചു. ഞാന്‍ സംസാരിച്ചു കഴിയുന്ന വരെ ടോണി ടെന്‍ഷന്‍ നിറഞ്ഞ ഭാവത്തോടെ എന്‍റെ മുഖത്തേക്ക് തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞപ്പോള്‍ അവന്‍ എനിക്കും തോമസിനും കൈ തന്നു "കലക്കി ഭായ്, അത് മതി" എന്ന് പറഞ്ഞു. അങ്ങനെ അവന്‍ സന്തോഷത്തോടെ മടങ്ങി പോയി.

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ടോണി വീണ്ടും എന്നെ വിളിച്ചു. "ഭായ്, വിസ വന്നു കേട്ടോ, ഞാന്‍ മിക്കവാറും ഈ ആഴ്ച പോകും, ഹുസൈന്‍ക്കയെ ഞാന്‍ വിളിച്ചിരുന്നു. ഓഫീസിലെ എല്ലാവരോടും എന്‍റെ അന്വേഷണം പറയണം" എന്നൊക്കെ പറഞ്ഞു. അങ്ങനെ ടോണി വിദേശത്ത് പോയതിന്‍റെ പിറ്റേ ദിവസം ടോണിയുടെ ചേട്ടന്‍ കുറച്ചു ലഡ്ഡു ആയി ഓഫീസില്‍ വന്നു. ആ പാക്കറ്റ് എന്നെ ഏല്‍പ്പിച്ചു. എന്നോട് പറഞ്ഞു ഇത് ടോണി തന്നതാണ്, ഓഫീസിലെ എല്ലവര്‍ക്കും കൊടുക്കണം, നിങ്ങളോടു പ്രത്യേകം നന്ദി പറയാന്‍ അവന്‍ പറഞ്ഞിട്ടുണ്ട്.

അവിടെ നിന്ന് ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞു 2006-ല്‍ ഞാന്‍ ദുബായിലെത്തി. എനിക്ക് ശേഷം തോമസും വന്നു. പിന്നെയും രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2008-ല്‍ ഞാന്‍ അവധിക്ക് നാട്ടില്‍ പോയി. വെറുതെ പഴയ ടെലിഫോണ്‍ ബുക്ക്‌ ഒക്കെ എടുത്തു നോക്കി കൊണ്ട് ഇരിക്കുമ്പോള്‍ ടോണിയുടെ വീട്ടിലെ നമ്പര്‍ ഞാന്‍ കണ്ടു. ടോണി ഇപ്പോള്‍ എവിടെ ആയിരിക്കും എന്ന് ഞാന്‍ ആലോചിച്ചു. ചുമ്മാ ആ നമ്പറിലേക്കൊന്ന് വിളിച്ചു. ടോണിയുടെ അമ്മ ആണ് ഫോണ്‍ എടുത്തത്, ഞാന്‍ ടോണിയെ ചോദിച്ചു. അപ്പോളാണ് ടോണി ക്രിസ്ത്മസ് ലീവിന് നാട്ടില്‍ വന്ന വിവരം അറിഞ്ഞത്. അങ്ങനെ ഞാന്‍ മൊബൈല്‍ നമ്പര്‍ വാങ്ങി ടോണിയെ വിളിച്ചു. എന്നെ പെട്ടെന്ന് അവന് മനസ്സിലായില്ല. പിന്നെ ഞാന്‍ പണ്ടത്തെ ആ വിസയുടെ കാര്യം പറഞ്ഞു. അതോടെ അവന്‍ ആവേശത്തിലായി. വളരെ സന്തോഷത്തോടെ എന്നോട് സംസാരിച്ചു. അവന്‍ ഇപ്പൊള്‍ ടൌണില്‍ ഉണ്ടെന്നും എന്നെ കാണണം എന്നും പറഞ്ഞു.

അന്ന് ഒരു ഡിസംബര്‍ മാസം ആയിരുന്നു. ക്രിസ്ത്മസിന്‍റെ വരവ് അറിയിച്ചു കൊണ്ട് നഗരം മുഴുവനും നക്ഷത്രങ്ങള്‍ നിറഞ്ഞു നിന്നിരുന്ന നല്ല തണുപ്പുള്ള ഒരു രാത്രി. എനിക്ക് അന്ന് ടൌണില്‍ ഒരു കല്യാണം ഉണ്ടായിരുന്നു. വൈകീട്ട് അതിന്റെ പാര്‍ട്ടി കഴിഞ്ഞു വരുന്ന വഴി ഞാന്‍ ടോണിയെ വിളിച്ചു. എന്റെ കൂടെ സുഹൃത്ത്‌ സഖരിയയും ഉണ്ടായിരുന്നു. ടോണി പറഞ്ഞ സ്ഥലത്തേക്ക് ഞങ്ങള്‍ പോയി. അവിടെ എത്തും മുന്‍പേ ടോണിയുടെ കഥ ഞാന്‍ സഖരിയാക്ക്‌ പറഞ്ഞു കൊടുത്തു. ഞങ്ങള്‍ ചെല്ലുമ്പോള്‍ അവന്‍ അവിടെ ഒരു കാറില്‍ ചാരി നില്‍ക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ തമ്മില്‍ വീണ്ടും കണ്ടു. വളരെ സന്തോഷം തോന്നി. ഞങ്ങള്‍ സംസാരിച്ചു. ഇടയ്ക്കു അവന്‍ എന്നോട് അത്ഭുതത്തോടെ ചോദിച്ചു : ഭായ് എന്തെ ഇപ്പോള്‍ എന്നെ ഓര്‍ക്കാന്‍ കാരണം?

ഞാന്‍ : അതിപ്പോ എന്താ ഒരു കാരണം പറയാ? അന്ന് പോയതല്ലേ, ഇപ്പൊള്‍ എന്തായി, എവിടെ എത്തി എന്നൊക്കെ അറിയാന്‍ ഒരു ആഗ്രഹം തോന്നി. അത് കൊണ്ട് വിളിച്ചതാണ്

ടോണി : വളരെ സന്തോഷം ഭായ്. അധികമാരും അത് ചെയ്യാറില്ല, ഭായ് എന്നെ വിളിച്ച സമയം നല്ലതാണ്. അത് കൊണ്ട് ഇപ്പൊള്‍ നമുക്ക് കാണാന്‍ സാധിച്ചു, ഞാന്‍ കുറച്ചു ദിവസം കഴിഞ്ഞാല്‍ തിരിച്ചു പോകും. ഞാന്‍ ഇപ്പൊള്‍ ഡെന്‍മാര്‍ക്കില്‍ ആണ്.

അങ്ങനെ ഞങ്ങള്‍ അടുത്തുള്ള ഒരു ബേക്കറിയില്‍ പോയി ഓരോ കാപ്പി കഴിച്ചു. മൂന്നു വര്‍ഷത്തെ വിശേഷങ്ങള്‍ പരസ്പരം പറഞ്ഞു. ഇമെയില്‍ അഡ്രസ്‌ ഒക്കെ കൈമാറി. ക്രിസ്ത്മസായത് കൊണ്ട് കുറെ പേര്‍ അവിടെ വന്നു കേക്ക് വാങ്ങിക്കുന്നുണ്ട്. എനിക്ക് വീട്ടില്‍ കൊണ്ട് പോകാന്‍ വേണ്ടി അവന്‍ ഒരു കേക്ക് വാങ്ങി തരാന്‍ ഒരുങ്ങി. ഞാന്‍ സ്നേഹപൂര്‍വ്വം ഒഴിഞ്ഞു മാറി. അപ്പോള്‍ തന്നെ വീട്ടിലേക്കു വരാന്‍ ക്ഷണിച്ചെങ്കിലും എനിക്ക് തിരക്കുണ്ടായിരുന്ന കാരണം പോയില്ല, അന്ന് ബൈ പറഞ്ഞു പിരിഞ്ഞതാണ്, ഇപ്പൊള്‍ നാല് വര്‍ഷം കഴിഞ്ഞു, ഇപ്പൊള്‍ വല്ലപ്പോഴും ചാറ്റില്‍ വരും, വിശേഷങ്ങള്‍ പറയും. അവന്‍ ഇത് വരെ കല്യാണം കഴിച്ചിട്ടില്ല.

ഒരു അപരിചിതന്‍ വളരെ നല്ല ഒരു സുഹൃത്ത്‌ ആയി മാറിയ അപൂര്‍വം സംഭവങ്ങളില്‍ ഒന്നാണ് എന്നെ സംബന്ധിച്ച് ടോണിയുമായുള്ള അനുഭവം. ഇനി എന്നെകിലും നാട്ടില്‍ ഒരുമിച്ചുണ്ടായാല്‍ ഫാമിലിയുടെ കൂടെ അവന്റെ വീട്ടില്‍ പോകണം, ഇത് പോലെ പലരും എന്‍റെ ജീവിതത്തില്‍ വന്നു പോയിട്ടുണ്ട്. നാട്ടില്‍ എത്തുമ്പോള്‍ ഇടക്കൊക്കെ അവരെ ഒന്ന് വിളിച്ചു അന്വേഷിക്കുന്നത് എന്‍റെ ഒരു ശീലമാണ്. ടോണിയെ പോലെ അങ്ങനെ പലരും ഉണ്ട്. അവര്‍ക്കെല്ലാം ഓരോ കഥകളും ഉണ്ട്. എല്ലാം വഴിയെ പറയാം. സത്യത്തില്‍ ഇതൊക്കെയല്ലേ ഓരോ നിമിത്തങ്ങള്‍..അല്ലെങ്കില്‍ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ !!

Tuesday, November 6, 2012

രാജമാണിക്യവും കൊതുകുകളും.. !!


ഈ ടൈറ്റില്‍ കാണുമ്പോള്‍ ഇതെന്താ സംഭവം എന്ന് നിങ്ങള്‍ വിചാരിക്കും, സംഭവം മറ്റൊന്നുമല്ല, രാജമാണിക്യം കാണാന്‍ വേണ്ടി ഞാന്‍ കുറച്ചു കൊതുക് കടി കൊണ്ടിരുന്നു. ആ സംഭവം പറയാം, അതിനു മുന്‍പേ വേറൊരു കാര്യം പറയാം. എന്‍റെ ഓണ്‍ലൈന്‍ സുഹൃത്ത്‌ അരുണ്‍ എന്നോട് പറഞ്ഞു കുറച്ചു സിനിമ സ്മരണകള്‍ എഴുതണമെന്ന്. അപ്പോള്‍ പെട്ടെന്ന് ഓര്‍മ്മയില്‍ വന്നത് ഈ കൊതുക് കടിയാണ്.


സംഭവം നടക്കുന്നത് 2005 നവംബര്‍ നാലാം തിയ്യതി. അതായത് രാജമാണിക്യം റിലീസ് ചെയ്യുന്നതിന്‍റെ തലേ ദിവസം. അന്ന് ഞാന്‍ തൃശൂര്‍ സൈന്‍ മാജിക്കില്‍ ജോലി ചെയ്യുന്ന കാലം. മമ്മൂട്ടി ഒരു ആവേശമായി നിന്നിരുന്ന സമയം. രാജമാണിക്യം റിലീസിന് കെട്ടാനുള്ള കുറെ ഫ്ലെക്സ്‌ പ്രിന്‍റ് ചെയ്യാന്‍ ഉണ്ടായിരുന്നു. തലേ ദിവസമാണ് എല്ലാവരും അത് ചെയ്യാന്‍ വന്നത്, അത് കൊണ്ട് അന്ന് ഞാന്‍ ഓഫീസില്‍ നിന്ന് ഇറങ്ങാന്‍ വൈകി. അന്ന് കേച്ചേരിയിലെ ഫാന്‍സിന്‍റെ വക ഒരു ഫ്ലെക്സ്‌ തിയ്യറ്ററില്‍ വെക്കാന്‍ അവര്‍ എന്നെ ഏല്‍പ്പിച്ചിരുന്നു. ഞാന്‍ അതുമായി രാഗത്തില്‍ പോയി. അത് അവര്‍ക്ക് കൊടുത്തു പെട്ടെന്ന് വലിയാം എന്ന് കരുതിയാണ് ചെന്നത്. അപ്പോളാണ് അറിഞ്ഞത് സെക്കന്‍റ്ഷോ കഴിഞ്ഞു ആളുകളെല്ലാം പോയി കഴിഞ്ഞ ശേഷമേ ഇതെല്ലം വെക്കാന്‍ സാധിക്കു എന്ന്. ഞാന്‍ ഭാരതില്‍ പോയി ഫുഡ്‌ കഴിച്ചു തിരിച്ചു വന്ന് അവിടെ വെയിറ്റ് ചെയ്തു. ഓഫീസിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ ഹാരിസ്‌ (എന്‍റെ സഹപ്രവര്‍ത്തകന്‍ ) പറഞ്ഞു ഇന്ന് രാത്രി പണിയുണ്ട് അപ്പൊള്‍ അവരവിടെ തന്നെ കാണും എന്ന്. അങ്ങനെ ഓഫീസില്‍ നില്‍ക്കാം എന്നുള്ള കണക്ക് കൂട്ടി ഞാന്‍ വീട്ടിലേക്കു വിളിച്ചു ഇന്ന് വരില്ല എന്ന് പറഞ്ഞു. ഇടക്കങ്ങിനെ നില്‍ക്കാറുണ്ട്. അങ്ങനെ സെക്കന്‍റ്ഷോ കഴിഞ്ഞു ആളുകള്‍ പോയി ഫ്ലക്സ് എല്ലാം വെച്ച് കഴിഞ്ഞപ്പോള്‍ സമയം 1 മണി കഴിഞ്ഞു.

ഞാന്‍ ഒരു ഓട്ടോ വിളിച്ചു ഓഫീസിലേക്ക് ചെന്നപ്പോള്‍ അവിടെ അടച്ചു കിടക്കുന്നു. ഞാന്‍ ഉടനെ ഹാരിസിനെ വിളിച്ചു, അവന്‍ പറഞ്ഞു പണി പെട്ടെന്ന് കഴിഞ്ഞ കാരണം അവര്‍ പോയി എന്ന്. ഞാന്‍ വരുന്ന കാര്യം അവരോടു പറഞ്ഞിരുന്നുമില്ല. എന്തായാലും ഞാന്‍ കുടുങ്ങി. കൂരാ കൂരിരുട്ടില്‍ എന്ത് ചെയ്യണം എന്നറിയാതെ ചുറ്റിനും നോക്കിയപ്പോ അടുത്തുള്ള വര്‍ക്ക് ഷോപ്പില്‍ ഒരു വെളിച്ചം. ഞാന്‍ ബാഗും തൂക്കി അങ്ങോട്ട്‌ നടന്നു. അവിടെ ചെന്നപ്പോള്‍ ഒരുത്തന്‍ ഒരു വണ്ടിയുടെ അടിയില്‍ കിടന്ന് എന്തോ നന്നാക്കുകയാണ്. ഞാനവനെ വിളിച്ചു. കയ്യിലും മുഖത്തും കരിയുമായി അവന്‍ പുറത്തേക്കു വന്നു.

ഞാന്‍ : ചേട്ടാ , ഞാന്‍ ദേ ആ കമ്പനിയിലാ വര്‍ക്ക് ചെയ്യുന്നത്. രാത്രി അവിടെ നില്‍ക്കാം എന്ന് കരുതി വന്നതാ, പക്ഷെ അവര്‍ അടച്ചു പോയി, ഇനിയിപ്പോള്‍ ഈ നേരത്ത് വീട്ടില്‍ പോകാന്‍ വയ്യ, ഇന്ന് രാത്രി ഇവിടെയൊന്നു കിടന്നോട്ടെ? നാളെ കാലത്ത് നേരത്തെ പോയ്ക്കോളാം.

അവനെന്നെ അടിമുടി ഒന്ന് നോക്കി.പിന്നെ ചിരിച്ചു എന്നിട്ട് പറഞ്ഞു : നില്‍ക്കുന്നതില്‍ കുഴപ്പമില്ല. പക്ഷെ നിങ്ങള്‍ എവിടെ കിടക്കും?

അപ്പോളാണ് ഞാന്‍ വര്‍ക്ക്ഷോപ്പ്‌ ഒന്ന് നോക്കിയത്, ആകെ പഴകിയ സാധനങ്ങളും തുണികളും മാത്രം. അപ്പോളാണ് അവിടെ ഒരു ബസിന്‍റെ രണ്ട് മൂന്നു സീറ്റുകള്‍ അടുത്തടുത്ത്‌ ഇട്ടിരിക്കുന്നത് കണ്ടത്‌. എനിക്കൊന്നു തല ചായ്ക്കാന്‍ ആ സ്ഥലം ധാരാളം.

ഞാന്‍ അവനോടു പറഞ്ഞു “ ഞാന്‍ അവിടെ കിടന്നോളാം

അവന്‍ വീണ്ടും ചിരിച്ചു. എന്നിട്ട് ചോദിച്ചു “ അപ്പൊള്‍ ഞാനെവിടെ കിടക്കും?

അത് അവന്‍ കിടക്കുന്ന സ്ഥലമായിരുന്നു എന്ന് മനസ്സിലായി. എന്നാല്‍ പിന്നെ പോകാം എന്ന് കരുതി തിരിച്ചു നടക്കാനൊരുങ്ങിയപ്പോള്‍ അവന്‍ എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു " അല്ലെങ്കില്‍ ഒരു കാര്യം ചെയ്യ്, നിങ്ങള്‍ അവിടെ കിടന്നോ, എന്‍റെ പണി കഴിയുമ്പോ എന്തായാലും നേരം വെളുക്കും. അപ്പൊള്‍ എന്തെങ്കിലും ചെയ്യാം"

അവനോടു നന്ദി പറഞ്ഞു ഞാന്‍ ആ സീറ്റില്‍ കയറി കിടന്നു, ഇനി സുഖമായി ഉറങ്ങാം എന്നു മനസ്സില്‍ കരുതി. അപ്പോളാണ് എന്‍റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് നാല് ഭാഗത്ത്‌ നിന്നും കൊതുകുകളുടെ ആക്രമണം ഉണ്ടായത്. കയ്യിലും കാലിലും മുഖത്തും പുറത്തും കൊതുക് കടിക്കുന്നു. നിസ്സഹായതയോടെ ഞാന്‍ അവനെ നോക്കി, അവന്‍ ഒരു കമ്പി കൊണ്ട് എന്തിലോ ശക്തിയായി അടിക്കുന്നുണ്ട്. കൊതുക് കടിയൊന്നും അവന്‍ അറിയുന്നില്ല എന്ന് തോന്നി. ഞാന്‍ എങ്ങനെ കിടന്നാലും കടി തുടരുന്നു. ഒരു പുതപ്പ് കിട്ടിയിരുന്നെങ്കില്‍ അത് കൊണ്ട് ദേഹം മൂടായിരുന്നു. തൃശ്ശൂരിലെ കൊതുകുകള്‍ക്ക് ഇത്തിരി മൊട കൂടുതല്‍ ഉള്ള പോലെ എനിക്ക് തോന്നി. രാഗത്തിലേക്ക് പോകാന്‍ തോന്നിയ ആ നിമിഷത്തെ ഓര്‍ത്ത്‌ ഞാന്‍ ശപിച്ചു. അങ്ങനെ കടി കൊണ്ട് കൊണ്ട് എപ്പോളോ ഞാന്‍ ഉറങ്ങി പോയി.

അലാറം വെച്ചിരുന്ന കാരണം ആറര മണിക്ക് ഞാന്‍ എഴുന്നേറ്റു. ആദ്യം ഞാന്‍ നോക്കിയത് അവനെയാണ്. അവന്‍ തറയില്‍ ഒരു തോര്‍ത്തുമുണ്ട് വിരിച്ചു ഉറങ്ങുന്നതാണ് കണ്ടത്. അവന്‍റെ ആ കിടപ്പ് കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി. അവനെ വിളിക്കണ്ട എന്ന് ആദ്യം കരുതി, പക്ഷെ പറയാതെ പോകുന്നത് ഒരു മര്യാദ അല്ലല്ലോ എന്നോര്‍ത്ത് വിളിച്ചു. അവന്‍ കണ്ണ് തിരുമ്മി കൊണ്ട് എന്നെ നോക്കി. ഞാന്‍ പോട്ടെ എന്ന് ചോദിച്ചു. അവന്‍ ഓക്കേ എന്ന് തല കുലുക്കി.

അങ്ങനെ ഞാന്‍ 7 മണിക്ക് വീട്ടിലെത്തി. ഒന്‍പതു മണിയോടെ വീണ്ടും രാഗത്തില്‍ പോയി. അങ്ങനെ ഫാന്‍സുകാരുടെ കൂടെ ആദ്യ ഷോ കണ്ടു. കൊതുക് കടിയുടെയും ഉറക്കത്തിന്‍റെയും എല്ലാം ക്ഷീണം മമ്മുക്ക തീര്‍ത്തു. കയ്യടിച്ചു തകര്‍ത്ത നിമിഷങ്ങള്‍. ഇന്നും ഓര്‍മ്മയുണ്ട് എല്ലാവരുടെയും മുഖത്തെ ആ ആവേശം. ആ പയ്യനെ പിന്നെ കാണണം എന്ന് കരുതിയിരുന്നു എങ്കിലും നിര്‍ഭാഗ്യവശാല്‍ അതിനു സാധിച്ചില്ല. ഇനി എന്നെങ്കിലും കാണുമോ എന്നും ഉറപ്പില്ല. എങ്കിലും ഇന്നും രാജമാണിക്യം കാണുമ്പോള്‍ അന്നത്തെ ആ രാത്രിയും കൊതുക് കടിയുമൊക്കെ ഓര്‍മ്മ വരും. പിന്നെ ഒരു പരിചയവുമില്ലാത്ത എനിക്ക് വേണ്ടി സ്വന്തം ബെഡ് ഒഴിഞ്ഞു തന്ന അവനെയും. ചില ഓര്‍മ്മകള്‍ അങ്ങനെയാണ്..വര്‍ഷങ്ങള്‍ കഴിയും തോറും മധുരം കൂടും..വീഞ്ഞ് പോലെ..

Sunday, March 18, 2012

രുചികളുടെ ലോകത്തേക്ക് !!

നാട്ടില്‍ ഉള്ളപ്പോള്‍ തൃശൂര്‍ കുന്നംകുളം റൂട്ടില്‍ ഞാന്‍ ‍പോകാത്ത ഹോട്ടലുകള്‍ കുറവാണ്. ബൈക്കില്‍ വരുമ്പോള്‍ ഓരോ നാട്ടിലെയും മെയിന്‍ ഹോട്ടലില്‍ ഞാന്‍ കയറുമായിരുന്നു. അതൊരു രസമായിരുന്നു. ഹോട്ടല്‍ ഫുഡിനോടുള്ള എന്‍റെ പ്രിയം വീട്ടുകാര്‍ക്കും,കൂട്ടുകാര്‍ക്കും അറിയാം, കുറച്ചു പേരൊക്കെ എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. ഇത് എനിക്ക് ഇപ്പൊ ഉള്ള ശീലം അല്ല. ഉപ്പാടെ കൂടെ ഞാന്‍ ചെറുപ്പം മുതലേ കേച്ചേരിയിലെ ഒരു വിധം ഹോട്ടലുകളില്‍ എല്ലാം പോയിട്ടുണ്ട്, എനിക്ക് ഫുഡ്‌ വാങ്ങി തരാന്‍ ഉപ്പക്ക് എന്നും ഇഷ്ടാണ്. കഴിക്കാന്‍ എനിക്കും. ഒരു സമയത്ത് കേച്ചേരിയിലെ അനിക്കാടെ കടയില്‍ എനിക്കൊരു പറ്റു പുസ്തകം തന്നെ ഉണ്ടായിരുന്നു. സ്കൂള്‍ വിട്ടു വരുമ്പോള്‍ അവിടെ കേറി ഞാന്‍ കഴിക്കും. മാസം ആകുമ്പോള്‍ ഉപ്പ കാശു കൊടുക്കും. പാവം എന്‍റെ ഉപ്പാടെ കുറേ കാശ് ഞാന്‍ അങ്ങനെ കളഞ്ഞിട്ടുണ്ട്. ഈ അനിക്കാടെ കടയിലെ പൊറോട്ടയും ബീഫും ഒടുക്കത്തെ രുചി ആയിരുന്നു. പുള്ളി പക്ഷെ പിന്നെ ആ കട വിറ്റു ഗള്‍ഫില്‍ പോയി. അതൊരു തീരാ നഷ്ടം തന്നെ ആണെന്ന് എനിക്ക് അന്ന് തോന്നിയിരുന്നു. കുറച്ചു കാശ് ഉണ്ടായിരുന്നെങ്കില്‍ ഒരു ഹോട്ടല്‍ തുടങ്ങി അനിക്കാനെ തിരിച്ചു വിളിപ്പിച്ചു അത് മൂപ്പരുടെ പേരില്‍ അങ്ങ് എഴുതി കൊടുക്കാമായിരുന്നു എന്നൊക്കെ ആയിരുന്നു അന്നത്തെ ആലോചന. പിന്നെ കേച്ചേരിയിലെ ഷബീന ഹോട്ടലിലെ ബീഫ്‌ ബിരിയാണി, ഫ്രണ്ട്സ്‌ ഹോട്ടലിലെ ചിക്കന്‍ ബിരിയാണി, ജമാല്‍ ഹോട്ടലിലെ പൊറോട്ടയും ചിക്കനും, എമിറേറ്റ്സ് ഹോട്ടലിലെ പൊറോട്ടയും ബീഫും, പ്ലാസ ഹോട്ടലിലെ ഊണ്, നദീറ ഹോട്ടലിലെ നെയ്‌ റോസ്റ്റ്‌, കൃഷ്ണനുണ്ണി ഹോട്ടലിലെ മസാല ദോശ ഇതൊക്കെ ഉപ്പാടെ കൂടെ പോയി കഴിച്ചിട്ടുണ്ട്. പ്ലാസ ഹോട്ടലില്‍ ഉയരം കുറഞ്ഞ ഒരു വെയ്റ്റര്‍ ഉണ്ടായിരുന്നു, താഴെ നിന്ന് മേശയിലേക്ക് കൈല് എത്തിച്ചു സാമ്പാര്‍ വിളമ്പിയിരുന ഒരു ചേട്ടന്‍, അത് പോലെ ജമാല്‍ ഹോട്ടലിലെ ചിരിക്കാന്‍ അറിയാത്ത, നരച്ച മുടിയുള്ള ഒരു ഇക്ക, അവരൊക്കെ ഇപ്പൊ എവിടെയാണാവോ?

ഈ കൃഷ്ണനുണ്ണി ഹോട്ടലിന്‍റെ ഉടമ ഒരു ശേഖരേട്ടനുണ്ട്. എന്‍റെ ഉപ്പാടെ നല്ല സുഹൃത്ത്‌ ആണ്. അങ്ങോരുടെ ഭാര്യ രാധ ടീച്ചര്‍ ആയിരുന്നു എന്‍റെ രണ്ടാം ക്ലാസ്സിലെ ടീച്ചര്‍. നല്ല ടീച്ചര്‍ ആയിരുന്നു. ഞങ്ങളെ തീരെ അടിച്ചിരുന്നില്ല, ഒരിക്കല്‍ ഞാനും ഉപ്പയും കൂടെ അവിടെ ഇരുന്നു ഭക്ഷണം കഴിക്കുമ്പോ ടീച്ചര്‍ കയറി വന്നതും ഉപ്പക്കും മോനുംഇതാണല്ലേ പണി എന്ന് ചോദിച്ചതും എനിക്ക് ഓര്‍മ്മയുണ്ട്. ഉപ്പാടെ കൂടെ പല തവണ ഞാന്‍ അവിടെ പോയിട്ടുണ്ട്. ഈ ശേഖരേട്ടന്‍ ഒരു സിനിമ പ്രേമിയായിരുന്നു എന്നും മദ്രാസിലോക്കെ പോയി താമസിച്ചിട്ടുണ്ട് എന്നൊക്കെ ഉപ്പ പറഞ്ഞു കേട്ടിട്ടുണ്ട്.ഏതൊക്കെയോ സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്. പ്രേംനസീറും പുള്ളിയും തോളില്‍ കയ്യിട്ടു നില്‍ക്കുന്ന ഒരു ഫോട്ടോ ഫ്രെയിം ചെയ്തു ഹോട്ടലിന്‍റെ കാശ് കൌണ്ടറില്‍ തൂക്കിയിരുന്നു, സുന്ദരന്‍ ആയിരുന്നു. ഇപ്പൊള്‍ പക്ഷെ മുടിയൊക്കെ പോയി താടിയൊക്കെ വെച്ച് വേറൊരു രൂപം ആയി. പിന്നീട് ഒരിക്കല്‍ ഏതോ സിനിമയില്‍ ഉപ്പ എനിക്ക് ആളെ കാണിച്ചു തന്നിട്ടുമുണ്ട്, ഏതാ സിനിമ എന്ന് ഓര്‍മ്മയില്ല.പാവം രാധ ടീച്ചര്‍ കുറച്ചു കാലം മുന്‍പ്‌ മരിച്ചു. കാന്‍സര്‍ ആയിരുന്നു.പിന്നീട് ശേഘരേട്ടന്‍ ആ ഹോട്ടല്‍ വേറെ ആര്‍ക്കോ നടത്താന്‍ കൊടുത്തു. അതിനു ശേഷം ഞാന്‍ അവിടെ അധികം പോകാറില്ല, ആള്‍ക്ക് സുഖമില്ലാതെ ഇരിക്കുകയാണെന്ന് ഒരിക്കല്‍ ഉപ്പ പറഞ്ഞറിഞ്ഞു. ഒരിക്കല്‍ ഉപ്പാടെ കൂടെ ആളെ കാണാന്‍ പോയപ്പോള്‍ ആളു മൂടി പുതച്ച് ഉമ്മറത്തു ഇരിക്കുന്നുണ്ടായിരുന്നു. പിന്നെ കുറച്ചു കാലം കഴിഞ്ഞു വീണ്ടും ആളു തന്നെ ആ ഹോട്ടല്‍ ഏറ്റെടുത്തു, അന്ന് ഞാന്‍ കുറച്ചു കൂടെ മുതിര്‍ന്നിരുന്നു,പഴയ ആ ഓര്‍മ്മ അയവിറക്കാന്‍ ഒരിക്കല്‍ ഞാന്‍ അവിടെ ഒറ്റയ്ക്ക് പോയപ്പോള്‍ ആളോട് പണ്ടത്തെ സിനിമ വിശേഷങ്ങള്‍ എല്ലാം ചോദിച്ചു. സിനിമ ഒരു യോഗമാണെന്നും ഭാഗ്യം ഉള്ളവര്‍ക്കേ അതില്‍ കേറാന്‍ കഴിയു എന്നൊക്കെ ആളു പറഞ്ഞു. എന്നോട് ഇതൊക്കെ പറയുമ്പോളും ആരോക്കെയോ വന്നു കാശു കൊടുക്കുന്നുണ്ട്. ഭാഗ്യം ഉണ്ടായിരുന്നെകില്‍ എവിടെ എത്തണ്ട മനുഷ്യനാ എന്ന് ഞാന്‍ ആലോചിച്ചു. നിന്‍റെ ഉപ്പാനെ ഈ വഴിക്കൊന്നും കാണാനില്ലല്ലോ എന്ന് ശേഖരേട്ടന്‍ എന്നോട് ചോദിച്ചു. ഞാന്‍ പറയാം എന്നു പറഞ്ഞു മെല്ലെ അവിടെ നിന്നിറങ്ങി നടന്നു. അപ്പോള്‍ പിന്നില്‍ ശേഖരേട്ടന്‍ ഒരു ഓര്‍ഡര്‍ കിച്ചണിലോട്ടു വിളിച്ചു പറയുന്നത് കേട്ടു.. "അവിടെ ഒരു മസാലദോശ...