Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

Monday, August 25, 2014

കോളേജ് ഡെയ്സ് - 2 !!




അങ്ങനെ ഞങ്ങള്‍ എല്ലാവരും കൂടെ ടൌണില്‍ തന്നെയുള്ള വേറൊരു കോളേജില്‍ മൂന്നാം വര്‍ഷം ചേര്‍ന്നു. ജാസ്മിനെ അവളുടെ വീട്ടുകാര്‍ ടൌണിലെ ഒരു ഗേള്‍സ്‌ കോളേജില്‍ കൊണ്ട് പോയി ചേര്‍ത്തു. ഞങ്ങള്‍ തമ്മില്‍ കാണാതിരിക്കാന്‍ വേണ്ടിയാണു അങ്ങനെ ചെയ്തത്. പക്ഷെ ആദ്യ ദിവസം ഞാന്‍ ക്ലാസ്സില്‍ ചെന്നപ്പോള്‍ അവള്‍ എന്റെ കോളേജിന്‍റെ താഴെ നില്‍ക്കുന്നു. അന്ന് എന്‍റെ ജന്മ ദിനം ആയതു കൊണ്ട് കയ്യില്‍ കുറച്ചു റോസാപൂക്കള്‍ പിടിച്ചാണ് അവള്‍ നിന്നിരുന്നത്. ഇവളെന്താ ഇവിടെ എന്ന് ആലോചിച്ച് ചെന്ന് ചോദിച്ചപ്പോളാണ് കാര്യം അറിഞ്ഞത്. അവള്‍ ആദ്യ ദിവസം തന്നെ അവിടെ നിന്ന് അഡ്മിഷന്‍ ക്യാന്‍സല്‍ ചെയ്തു ഞാന്‍ പഠിക്കുന്ന കോളേജില്‍ തന്നെ വന്നു ചേര്‍ന്നതാണ് എന്ന്. ഇവിടെ അവള്‍ക്കു കൂട്ടായി ജ്യോതി എന്നൊരു കുട്ടിയും ഉണ്ടായി. എന്‍റെ കൂടെ നടക്കരുത് എന്ന് പറഞ്ഞു ഈ ജ്യോതി എന്നും അവളെ ഉപദേശിക്കുമായിരുന്നു. കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയപ്പോള്‍ ഞങ്ങള്‍ ജ്യോതിയുടെ പഴയ നമ്പര്‍ തപ്പി എടുത്തു അവളെ വിളിച്ചിരുന്നു. അവള്‍ ഇപ്പോള്‍ എറണാകുളത്താണ്. അടുത്ത അവധിക്കു എന്തായാലും അവളെ പോയി ഒന്ന് കാണണം. അപ്പോള്‍ പറഞ്ഞു വന്നത് അങ്ങനെ ഒരു വര്‍ഷം കൂടെ ഞങ്ങള്‍ക്ക് ഒരുമിച്ചു പഠിക്കാന്‍ കഴിഞ്ഞു. ഓണത്തിന് പൂക്കള മത്സരം നടന്ന ദിവസം ഞങ്ങള്‍ അവിടത്തെ മാഷുമാര്‍ക്ക് ഒരു ഓണസദ്യ കൊടുത്തിരുന്നു.

ആ വര്‍ഷം അവസാനം ആയപ്പോള്‍ ഞങ്ങള്‍ക്ക് ഒരു സോഷ്യല്‍ വര്‍ക്ക്‌ഡേ ഉണ്ടായിരുന്നു. പൂങ്കുന്നത്തുള്ള ഒരു കോളനി ക്ലീന്‍ ചെയ്യലായിരുന്നു പണി. 2000 നവംബര്‍ 17. അന്നൊരു ഞായറാഴ്ച്ച ആയിരുന്നു. അന്ന് വര്‍ക്ക്‌ എല്ലാം കഴിഞ്ഞപ്പോള്‍ അവിടെ ഉള്ള ഒരു വീട്ടുകാര്‍ ഞങ്ങള്‍ക്ക് കപ്പയും മുളക് ചമ്മന്തിയും തന്നു. ജാസ്മിനും ജ്യോതിയും കൂടെ ആയിരുന്നു അതിന്‍റെ വിതരണം. ഞാനും ഷാനിയും ഷാനുവും എല്ലാം ഇലയിട്ടു താഴെ ഇരിക്കുന്നു. അന്ന് ജാസ്മിന്‍ എന്‍റെ ഇലയില്‍ ഭക്ഷണം വിളമ്പിയപ്പോള്‍ ഞാന്‍ അവളോട് ചോദിച്ചു "എന്നും ഇത് പോലെ വിളമ്പി തരുമോ എന്ന്? അവള്‍ "അയ്യട, എന്തൊരു മോഹം" എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് പോയി. പിന്നീട് എന്‍റെ ആ ചോദ്യം സത്യമായി മാറി. കഴിഞ്ഞ കുറെ വര്‍ഷമായി അവളാണ് എനിക്ക് വിളമ്പി തരുന്നത്. ആ കോളനിയിലേക്ക് അവളുടെ കൂടെ ഒരിക്കല്‍ കൂടെ ഒന്ന് പോകാന്‍ കരുതിയിട്ട്‌ ഇത് വരെ കഴിഞ്ഞിട്ടില്ല. എന്നും അവിടെ എത്തുമ്പോള്‍ നേരം വൈകിയ കാരണം വീട്ടില്‍ പോകാറാണ് പതിവ്.

ഡിഗ്രി അവസാന വര്‍ഷം ആയതു കൊണ്ട് ഞങ്ങള്‍ എല്ലാവരും പരമാവധി ഉഴപ്പി. അങ്ങനെ ഞങ്ങളുടെ ഡിഗ്രി ക്ലാസ്സ്‌ തീരാന്‍ ഒരു മാസം കൂടെ ബാക്കി നില്‍ക്കെ പെട്ടെന്ന് ഒരു ദിവസം മഹേഷ്‌ സര്‍ ക്ലാസ്സില്‍ വന്നു പറഞ്ഞു " ഇന്നത്തോടെ നിങ്ങളുടെ ക്ലാസ്സ്‌ തീരുകയാണ്. നിങ്ങളുടെ സിലബസ് എല്ലാം പഠിപ്പിച്ചു കഴിഞ്ഞു. ഇനിയുള്ള ഒരു മാസം എല്ലാവരും വീട്ടില്‍ ഇരുന്നു പഠിച്ചാല്‍ മതി എന്ന്. പുള്ളി അതും പറഞ്ഞു പോയി. ഞങ്ങള്‍ എല്ലാവരും ഒന്ന് ഞെട്ടി. ഞാനും ജാസ്മിനും പരസ്പരം നോക്കി. പെട്ടെന്നൊരു പിരിഞ്ഞു പോക്ക് ഞങ്ങള്‍ ആരും കരുതിയിരുന്നില്ല. ഞാനും ഷാനിയും കൂടെ മഹേഷ്‌ സാറിനോട് ചോദിച്ച് പിറ്റേ ദിവസം മുതല്‍ ക്ലാസ്സില്‍ വന്നു ഒരു ഗ്രൂപ്പ് സ്റ്റഡി നടത്തിയെങ്കിലും അതും അധികം മുന്‍പോട്ടു പോയില്ല. അങ്ങനെ മൂന്നു വര്‍ഷത്തെ ഞങ്ങളുടെ ഡിഗ്രി ജീവിതത്തിനു നിനച്ചിരിക്കാതെ തിരശീല വീണു. ഇന്നിപ്പോള്‍ ഷാനിയുടെ ഭാര്യ ഫെമി ഞങ്ങളോട് പഴയ കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ ഞങ്ങള്‍ മൂന്നു പേരും ആ പഴയ കോളേജ് പിള്ളേരാകും, അന്നത്തെ കാര്യങ്ങള്‍ എല്ലാം പറഞ്ഞു പൊട്ടിച്ചിരിക്കും.

അതിനു ശേഷം പിന്നീട് രണ്ടു മാസത്തിനു ശേഷം ഫൈനല്‍ ഇയര്‍ എക്സാം നടന്നു. കൂര്‍ക്കഞ്ചേരിയില്‍ ആയിരുന്നു എക്സാം സെന്‍റര്‍. പിന്നെയും രണ്ടു മാസം അവധി. ജാസ്മിന്‍ ആ സമയത്ത് ടൈപ്പ് പഠിക്കാന്‍ ടൌണില്‍ വരുമായിരുന്നു. അപ്പോള്‍ ഇടയ്ക്കു ഞങ്ങള്‍ കാണാറുണ്ട്. എങ്കിലും പഴയ പോലെ അധികം സമയം കിട്ടിയിരുന്നില്ല. പിന്നെ അവള്‍ ടൈപ്പ് നിര്‍ത്തി, ടൌണില്‍ വരാതായി. മൊബൈല്‍ ഫോണ്‍ ഒന്നും പോപ്പുലര്‍ ആകാത്ത കാലം. അന്നൊക്കെ എല്ലാ ആഴ്ചയും ജാസ്മിന്‍ എനിക്ക് കത്തുകള്‍ അയക്കുമായിരുന്നു. ഞാന്‍ എന്നും പോസ്റ്റ്മാന്‍ സദേട്ടനെ കാത്തു നില്‍ക്കും, പുള്ളി വൈകുന്ന ദിവസം ആളെ അന്വേഷിച്ചു ഞാന്‍ സൈക്കിളില്‍ പോകുമായിരുന്നു. ഇടക്കൊരു ദിവസം ആളുടെ വീട്ടില്‍ പോയും കത്ത് വാങ്ങിച്ചിട്ടുണ്ട്. ആ കത്തുകളെല്ലാം ഇന്നും എന്‍റെ വീട്ടില്‍ ഇരിക്കുന്നുണ്ട്.

രണ്ടു മാസം കഴിഞ്ഞു റിസള്‍ട്ട് വന്നു. എന്‍റെയും രാജേഷിന്‍റെയും ഒഴികെ ബാക്കി എല്ലാവര്‍ക്കും ഒന്ന് രണ്ടു പേപ്പര്‍ പോയിരുന്നു. അവര്‍ക്കിനി സപ്പ്ളി എഴുതണം. രാജേഷ്‌ വേറെ എന്തോ കോഴ്സ് പഠിക്കാന്‍ പോയി.അങ്ങനെ മനസ്സില്ലാ മനസ്സോടെ ഞാന്‍ അതെ കോളേജില്‍ തന്നെ M.Com-ന് ചേര്‍ന്നു. BCom-ന് ഞങ്ങള്‍ ഇരുന്ന അതെ ക്ലാസ്സ്‌ റൂം ആണ് എനിക്ക് കിട്ടിയത്. ആദ്യത്തെ ദിവസം ആ ക്ലാസ്സില്‍ ഇരുന്നപ്പോള്‍ എനിക്ക് വട്ടു പിടിച്ചു. ജാസ്മിന്‍ ഇല്ലാത്ത, ഷാനുവും,ഷാനിയും, രാജേഷും ഇല്ലാത്ത അവരുടെ പൊട്ടിച്ചിരികള്‍ ഇല്ലാത്ത ആ ക്ലാസ്സ്‌ റൂം എന്നെ വല്ലാതെ വീര്‍പ്പു മുട്ടിച്ചു. ഞങ്ങള്‍ ഒരുമിച്ചിരുന്നു പഠിച്ചിരുന്ന ആ ക്ലാസ്സില്‍ ഇന്ന് ഞാന്‍ തനിച്ച്. അവര്‍ ഇരുന്നിരുന്ന ബഞ്ചുകള്‍ അങ്ങനെ കാലിയായി കിടക്കുന്നത് കാണുമ്പോള്‍ ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. ഒടുവില്‍ ഞാന്‍ മഹേഷ്‌ സാറിനോട് കാര്യം പറഞ്ഞു. അങ്ങനെ എനിക്ക് വേണ്ടി Mcom ക്ലാസ്സ്‌ വേറെ റൂമിലേക്ക്‌ മാറ്റി. അവിടെ വെച്ചാണ്‌ സീമയെ പരിചയപ്പെടുന്നത്.

എന്‍റെ സബ്ജക്റ്റ് മാര്‍ക്കറ്റിംഗ് ആയതു കൊണ്ട് രണ്ടാം വര്‍ഷം എനിക്ക് ക്ലാസ്സ്‌ ഉണ്ടായില്ല. ഞാന്‍ വീട്ടില്‍ ഇരുന്നാണ് പഠിച്ചത്. എങ്കിലും ഇടയ്ക്കു ടൌണില്‍ പോകാറുണ്ട്. ഒരിക്കല്‍ ഞങ്ങളെ മലയാളം പഠിപ്പിച്ച തമ്പി സാറിനെ ടൌണില്‍ വെച്ച് കണ്ടു. അന്ന് പുള്ളി ഒരു ഇന്‍ഷുറന്‍സ് എജന്‍റ്റ് ആയിരുന്നു. ഒരു പോളിസി എടുക്കാന്‍ എന്നെ കുറെ നിര്‍ബന്ധിച്ചു. ജോലി ഒന്നും ആയിട്ടില്ല മാഷെ, പിന്നെ ആകാം എന്നും പറഞ്ഞു ഞാന്‍ ഒഴിഞ്ഞു മാറി. എന്നാ ശരി, ഞാന്‍ പോട്ടെ എന്ന് പറഞ്ഞു പുള്ളി നടന്നു പോകുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി. പിന്നെ ഒരിക്കലും മാഷെ ഞാന്‍ കണ്ടിട്ടില്ല. പുള്ളിയൊക്കെ ഇപ്പോള്‍ എവിടെയാണോ എന്തോ? ദൈവത്തിനറിയാം.

ആ സമയത്താണ് ഡിഗ്രിക്ക് ഞങ്ങളുടെ കൂടെ പഠിച്ച മിലി ആത്മഹത്യ ചെയ്ത വാര്‍ത്ത‍ ഞങ്ങള്‍ അറിയുന്നത്. അവളുടെ വീടിനു അടുത്തുള്ള ഒരുത്തന്‍ ആണ് എന്നോട് ഈ കാര്യം പറഞ്ഞത്. ഒരു പ്രേമനൈരാശ്യം ആയിരുന്നു കാരണം എന്നും കേട്ടു. അന്ന് അത് ജാസ്മിനെ വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തിച്ചു. ഞങ്ങളുടെ കാര്യവും അങ്ങനെ ആകുമോ എന്നൊക്കെ അവള്‍ ഭയന്നിരുന്നു. അപ്പോളാണ് ഞാന്‍ തൃശ്ശൂര്‍ സോഫ്റ്റ്‌ടെകില്‍ ജോലിക്ക് കയറുന്നത്. ആ പിന്നീട് അങ്ങോട്ടേക്ക് ഞാന്‍ ജാസ്മിനെ കൊണ്ട് വരികയായിരുന്നു. കുറെ നാളുകള്‍ക്ക് ശേഷം അന്നാണ് അവള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നത്. അങ്ങനെ അവളും ഞാനും ഒരേ സ്ഥാപനത്തില്‍ വെവ്വേറെ സ്ഥലങ്ങളിലായി ജോലി ചെയ്തു. വീണ്ടും പ്രണയ ദിനങ്ങള്‍. വൈകീട്ട് ജോലി കഴിഞ്ഞു പോകുമ്പോള്‍ ടൌണില്‍ കണ്ടിരുന്ന ദിവസങ്ങള്‍. അന്നാണ് ഞാന്‍ അവള്‍ക്കൊരു മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുത്തത്. പിന്നീട് നാല് വര്‍ഷം കഴിഞ്ഞായിരുന്നു ഞങ്ങളുടെ കല്യാണം. അതിനിടയില്‍ എന്തൊക്കെ പ്രശ്നങ്ങള്‍..കോലാഹലങ്ങള്‍..ആ കഥകളെല്ലാം പിന്നെയൊവസരത്തില്‍ പറയാം.

Friday, August 22, 2014

കോളേജ് ഡെയ്സ് - 1 !!




ഒരു ആഗസ്റ്റ്‌ മാസം കൂടെ കടന്നു പോകുന്നു. പതിനാറ് വര്‍ഷം മുന്‍പ് ഇത് പോലൊരു ആഗസ്റ്റ്‌ മാസത്തിലാണ് ആണ് ഞാന്‍ എന്‍റെ ഡിഗ്രി ക്ലാസ്സില്‍ ആദ്യമായി ചെല്ലുന്നത്. കൃത്യമായി പറഞ്ഞാല്‍ 1998 ആഗസ്റ്റ്‌ 12 ബുധനാഴ്ച്ച. അവിടെ വെച്ചാണ്‌ ഞാന്‍ ആദ്യമായി ജാസ്മിനെ കാണുന്നത്. ഞാന്‍ ഓഫീസില്‍ ചെല്ലുമ്പോള്‍ അവിടെ അവളും ലെജിനും ഉണ്ടായിരുന്നു. അവര്‍ ഇരുന്ന ബഞ്ചിന്‍റെ സൈഡില്‍ എനിക്കും കൂടെ ഒരു സീറ്റ് തന്നാണ് ഞങ്ങളുടെ സൌഹൃദം തുടങ്ങിയത്. അവള്‍ എന്നോട് പേര് ചോദിച്ചു. ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടു. അന്ന് എനിക്ക് അറിയാമായിരുന്നോ നാളെ ഇവളാണ് എന്‍റെ ഭാര്യയായി വരുന്നവള്‍ എന്ന്. പിന്നീടു ഞാനും ലജിനും കൂടെ ക്ലാസ്സില്‍ പോയി ഒരേ ബഞ്ചില്‍ ഇരുന്നു. ജാസ്മിന് കൂട്ടായി മിലി എന്നൊരു പെണ്‍കുട്ടി മാത്രമേ ഉണ്ടായുള്ളൂ. ക്ലാസ്സ്‌ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോളാണ് ഷാനു കയറി വന്നത്. അന്ന് ആ ക്ലാസ്സില്‍ ഉണ്ടായിരുന്നവരാണ് ഷാനിയും, രാജേഷും, വിബിനും, മുദസറും, നവീനും എല്ലാം. ആ വര്‍ഷം ഓണത്തിന് കോളേജില്‍ പൂക്കള മത്സരം ഉണ്ടായിരുന്നു. ആ അവധിക്കാണ് ജാസ്മിന്‍റെ ഒരു ഓണം വിഷസ് കാര്‍ഡ്‌ എനിക്ക് കിട്ടുന്നത്. അവധി കഴിഞ്ഞു കോളേജ് തുറന്നപ്പോള്‍ തൊട്ടു ഞങ്ങള്‍ തമ്മില്‍ നല്ല സൌഹൃദം ആയി. ക്ലാസ്സില്‍ പിന്നെ ഞങ്ങളും ഷാനുവും ലെജിനും നല്ല കമ്പനി ആയി. ക്ലാസ്സ്‌ കഴിഞ്ഞു എന്നും ഒരുമിച്ചാണ് ഞങ്ങള്‍ പോയിരുന്നത്. ഒരിക്കല്‍ അവിടെ പുതിയതായി തുറന്ന ഒരു ഹോട്ടലില്‍ ഞാനും ഷാനുവും കൂടെ ഊണ് കഴിക്കാന്‍ പോയി. അവിടെ വെച്ച് ഇരുന്നിരുന്ന അവിടത്തെ പുതിയ കസേര ഒടിഞ്ഞു ഷാനു താഴെ വീണു. രണ്ട് കാലും പൊക്കിയുള്ള അവന്‍റെ കിടപ്പ് കണ്ടു ഞാന്‍ പൊട്ടിച്ചിരിച്ചപ്പോള്‍ അവന്‍ എന്നെ ദയനീയമായി നോക്കിയതെല്ലാം ഇന്നലെ കഴിഞ്ഞ പോലെ. ഒരിക്കല്‍ ഞങ്ങള്‍ ക്ലാസ്സ്‌ കഴിഞ്ഞു മടങ്ങി പോകുമ്പോള്‍ ലെജിന്‍റെ ഷര്‍ട്ടില്‍ എന്തോ കറ ആയെന്നും പറഞ്ഞു ഞങ്ങള്‍ നടുറോഡില്‍ വെച്ച് അവന്‍റെ ഷര്‍ട്ട് അഴിപ്പിച്ച് അവിടെയുള്ള ഒരു പൈപ്പ് തുറന്ന് കഴുകിച്ചു. അന്നത്തെ അവന്‍റെ കോലം കണ്ടു ഞാനും ഷാനുവും കുറെ ചിരിച്ചു. അവരില്ലാതെ ആ വഴി പോകുമ്പോളൊക്കെ ആ പൈപ്പ് കണ്ടാല്‍ എനിക്ക് ആ സംഭവം ഓര്‍മ്മ വരും. ആദ്യ വര്‍ഷം മുഴുവന്‍ അങ്ങനെ കുറെ സംഭവങ്ങളും,സിനിമകളും, ചിരികളും ആയി കടന്നു പോയി. എക്സാം ആയപ്പോള്‍ ആ കളിയും ചിരിയും എല്ലാം മാറി. ആ വര്‍ഷം അവസാനമാണ് ഞാനും ജാസ്മിനും തമ്മില്‍ ഇഷ്ട്ടത്തില്‍ ആകുന്നത്. അന്ന് വിബിന്‍ ഞങ്ങളുടെ പേരുകള്‍ ബോര്‍ഡില്‍ എഴുതി വെക്കുമായിരുന്നു. ചെറിയ തമാശകള്‍ക്ക് പോലും പൊട്ടിച്ചിരിച്ചിരുന്ന ഒരു പെണ്‍കുട്ടിയോട് എനിക്ക് വെറുതെ തോന്നിയ ഒരിഷ്ട്ടം പിന്നീടെപ്പോളോ സീരിയസ് ആകുകയായിരുന്നു.

ഞങ്ങളെ മലയാളം പഠിപ്പിച്ച തമ്പി സര്‍, ഇംഗ്ലീഷ് അധ്യാപകന്‍ വിജയന്‍ മാഷ്, ബിസിനസ് മാനേജ്മെന്റ് പഠിപ്പിച്ച ബ്രാഡ് ലീ , കമ്പ്യൂട്ടര്‍ ടീച്ചര്‍ ഷാലി മിസ്സ്‌, പിന്നെ നിഷ, ഫരീദ, ഫിലോമിന അങ്ങനെ കുറെ അധ്യാപകര്‍ അവിടെ ഉണ്ടായിരുന്നു. ആ കൂട്ടത്തില്‍ ഞങ്ങള്‍ക്ക് ഏറെ ഇഷ്ട്ടമുള്ള ഒരു ടീച്ചര്‍ ആയിരുന്നു ശ്രീകല ടീച്ചര്‍. അവര്‍ ഞങ്ങളുടെ പ്രിന്‍സിപ്പള്‍ മധു സാറിന്‍റെ ഭാര്യ ആയിരുന്നു. എന്നെ ശിരാജ് എന്നാണ് വിളിച്ചിരുന്നത്‌. പുതിയ വര്‍ഷം അതായതു 2000 ജനുവരി ഒന്നിന് കാലത്ത് കോളേജില്‍ വന്നപ്പോള്‍ കുട്ടികള്‍ എല്ലാം കോളേജിന്‍റെ താഴെ കൂടി നില്‍ക്കുന്നു. അപ്പോളാണ് ശ്രീകല ടീച്ചര്‍ മരിച്ച കാര്യം ഞങ്ങള്‍ അറിഞ്ഞത്. അന്ന് കാലത്ത് ബാത്‌റൂമില്‍ വീണു പരിക്ക് പറ്റിയതാണ് എന്ന് കേട്ടു. പക്ഷെ ഞങ്ങള്‍ക്ക് ആര്‍ക്കും ടീച്ചറെ അവസാനമായി കാണാന്‍ പറ്റിയില്ല. ടീച്ചറും ജാസ്മിനും കൂടെ നില്‍ക്കുന്ന ഒരു ഫോട്ടോ ഞാന്‍ എടുത്തത്‌ ഇപ്പോളും എന്‍റെ കയ്യിലുണ്ട്. രണ്ടാം വര്‍ഷം ആയപ്പോള്‍ മിലി അടക്കം കുറേ കുട്ടികള്‍ വേറെ കോളേജില്‍ പോയി. ഞങ്ങള്‍ ഏഴു ആണ്‍കുട്ടികളും, പിന്നെ ജാസ്മിനും രണ്ടാം വര്‍ഷവും ഇവിടെ തന്നെ തുടര്‍ന്നു. അപ്പോളാണ് ഞങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുത്തത്. എന്തായാലും ഈ കാര്യം ഞങ്ങളുടെ വീട്ടിലും കോളേജിലും അറിഞ്ഞ് കുറച്ചു പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടായി. എങ്കിലും അതൊക്കെ തരണം ചെയ്തു ഞങ്ങള്‍ മുന്‍പോട്ടു പോയി. രണ്ടാം വര്‍ഷം ക്ലാസ്സ്‌ അവസാനിക്കാറായപ്പോളാണ് ഡിഗ്രി അടുത്ത വര്‍ഷം ഞങ്ങള്‍ക്ക് അവിടെ ക്ലാസ്സ്‌ ഇല്ല എന്ന് അറിഞ്ഞത്. മറ്റു കോഴ്സ് എല്ലാം പതിവ് പോലെ തുടര്‍ന്നു. രണ്ടു വര്‍ഷം പഠിച്ച കോളേജില്‍ നിന്ന് പെട്ടെന്ന് ഇറങ്ങണം എന്ന് പറഞ്ഞപ്പോള്‍ അന്ന് അതിന്‍റെ ശരിയായ കാരണം ഞങ്ങള്‍ക്ക് മനസ്സിലായില്ല. എന്നാല്‍ അത് ഞങ്ങളുടെ ഈ ഇഷ്ട്ടം കൊണ്ടായിരുന്നു എന്ന് അവിടത്തെ ഒരു സാറിനെ പിന്നെ കണ്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞു. അത് അത്ര മാത്രം ശരിയാണ് എന്നെനിക്കറിയില്ല. ഒരു പക്ഷെ ഞങ്ങള്‍ കാരണം കോളേജില്‍ ഒരു പ്രശ്നം ഉണ്ടാകണ്ട എന്ന് കരുതിയിട്ടാകാം. മൂന്നാം വര്‍ഷം ഏതു കോളേജില്‍ പോകും, അഡ്മിഷന്‍ എങ്ങനെ കിട്ടും എന്നൊന്നും അറിയാതെ ഞങ്ങള്‍ 8 പേരും കൂടെ അവിടെ നിന്ന് പടിയിറങ്ങി..

Friday, August 8, 2014

പാവം പാവം സുനിലേട്ടന്‍ !!


കോളേജ് കഴിഞ്ഞിറങ്ങിയ സമയത്ത് വേറെ ജോലി ഒന്നും ശരിയാകാത്തത് കൊണ്ട് ഞാന്‍ തൃശ്ശൂരിലെ സോഫ്റ്റ്‌ടെക് എന്ന ഒരു ഡാറ്റ എന്‍ട്രി സ്ഥാപനത്തില്‍ ഒരു താത്കാലിക ജോലിക്ക് കയറി. സിനിമ കാണാനും ഫുഡ്‌ അടിക്കാനും കുറച്ചു പോക്കറ്റ് മണിയായിരുന്നു ഉദ്ദേശം. എന്‍റെ കൂടെ പത്തില്‍ പഠിച്ച രജീഷ് അവിടെയുണ്ട്. അവനാണ് എനിക്ക് അവിടെ ജോലി ശരിയാക്കി തന്നത്. അവിടെ വെച്ചാണ്‌ ഷിനില്‍ സര്‍, സുനിലേട്ടന്‍, സജിത്ത്, വനജേച്ചി,സ്മിത മാഡം അങ്ങനെ കുറെ പേരെ ഞാന്‍ പരിചയപ്പെടുന്നത്. അവരായിരുന്നു ഞങ്ങളുടെ ടീം ലീഡേഴ്സ്. വളരെ പെട്ടെന്ന് തന്നെ എല്ലാവരുമായും ഞാന്‍ നല്ല കമ്പനി ആയി. കൂട്ടത്തില്‍ ഈ സുനിലേട്ടന് മാത്രം കുറച്ചു ഗൌരവം ഉണ്ട്. ആവശ്യത്തിനു മാത്രമേ സംസാരിക്കൂ. പിന്നെ അധികം കമ്പനി കൂടാന്‍ വരാറില്ല. എന്നും സുനിലേട്ടനെ ഓഫീസില്‍ കാണുമ്പോള്‍ ഞാന്‍ വിചാരിക്കും ഇയാള്‍ക്കൊരു ചെറിയ പണി കൊടുക്കണമല്ലോ എന്ന്. സുനിലേട്ടന്‍റെ നാട് കണ്ണൂര്‍ ആണ്. അത് കൊണ്ട് രാത്രി കക്ഷി ഓഫീസിലെ ഒരു മുറിയിലാണ് താമസം.

ആ അടുത്താണ് എനിക്കൊരു പുതിയ സിം കാര്‍ഡ്‌ കിട്ടിയത്. അതില്‍ SMS ഫ്രീ ആയിരുന്നു. ഒരിക്കല്‍ രാത്രി ഞാന്‍ ആ നമ്പറില്‍ നിന്ന് സുനിലേട്ടന് ഉറക്കമായോ? എന്ന് ചോദിച്ചു കൊണ്ട് ഒരു മെസ്സേജ് അയച്ചു. സുനിലേട്ടന്‍ ഉടനെ തിരിച്ചു വിളിച്ചു. പക്ഷെ ഞാന്‍ എടുത്തില്ല, കട്ട്‌ ചെയ്തു. എന്നിട്ട് ഉടനെ " അയ്യോ, ഇങ്ങോട്ട് വിളിക്കല്ലേ..അച്ഛന്‍ ഉണരും..ഇത് അച്ഛന്‍റെ ഫോണ്‍ ആണ്" എന്ന് പറഞ്ഞ് വീണ്ടും ഒരു മെസ്സേജ് അയച്ചു. അതോടെ വിളി നിന്നു. പിന്നെ ഇതാരാണ് എന്ന് ചോദിച്ചു കൊണ്ട് ഒരു മെസ്സേജ് വന്നു. ഞാന്‍ സോഫ്റ്റ്‌ടെക്കില്‍ വര്‍ക്ക്‌ ചെയ്യുന്ന ഒരു പെണ്‍കുട്ടി ആണെന്ന് മറുപടി കൊടുത്തു. ഉടനെ എന്താ പേര്? എന്തിനാ മെസ്സേജ് അയച്ചത് എന്നൊക്കെ കുറെ ചോദ്യങ്ങള്‍. സുനിലേട്ടനെ എന്നും കാണാറുണ്ടെങ്കിലും ഒന്നും മിണ്ടാറില്ല എന്നും എന്തിനാണ് ഇത്ര ഗൌരവം എന്നൊക്കെ ചോദിച്ചു മറുപടി കൊടുത്തു. പിന്നെ കുറച്ചു നേരം അങ്ങനെ ഓരോന്നൊക്കെ അങ്ങോട്ടും ഇങ്ങോട്ടും അയച്ചു കൊണ്ടിരുന്നു. പിന്നീടുള്ള രാത്രികളില്‍ അതൊരു പതിവായി. എല്ലാ ദിവസവും കാലത്ത് സുനിലേട്ടനെ ഓഫീസില്‍ കാണുമ്പോള്‍ എനിക്ക് ചിരി വരും. എങ്കിലും ഞാന്‍ അത് പുറത്തു കാണിക്കാറില്ല. പക്ഷെ സുനിലേട്ടന്‍ പൊതുവേ സന്തോഷവാനായിരുന്നു. രാത്രി ആകുമ്പോള്‍ ഞങ്ങള്‍ പരസ്പരം മെസ്സേജ് അയക്കും. ഒരിക്കല്‍ ഞാന്‍ ആളോട് ചോദിച്ചു നാളെ വരുമ്പോള്‍ ഒരു ദിവസം മുണ്ട് ഉടുത്ത് വന്നൂടെ എന്ന് ചോദിച്ചു. പിറ്റേ ദിവസം ഞാന്‍ ഓഫീസില്‍ ചെന്നപ്പോള്‍ സുനിലേട്ടന്‍ മുണ്ടൊക്കെ ഉടുത്ത്‌ നല്ല സുന്ദരന്‍ ആയി നില്‍ക്കുന്നു. സുനില്‍ എന്താ ഇന്ന് പതിവില്ലാതെ മുണ്ടൊക്കെ ഉടുത്ത് എന്നൊക്കെ എല്ലാരും ചോദിക്കുന്നുണ്ട്. അതിന്‍റെ മറുപടി ആളൊരു പുഞ്ചിരിയില്‍ ഒതുക്കി. അത്രയും ആയപ്പോള്‍ എനിക്ക് പേടിയായി. എത്രയും പെട്ടെന്ന് ആളോട് ഇത് തുറന്ന് പറയണം എന്ന് ഞാന്‍ ഉറപ്പിച്ചു. അല്ലെങ്കില്‍ ആളൊരു പക്ഷെ പാവം പാവം രാജകുമാരനിലെ ശ്രീനിയെ പോലെ ആയാലോ എന്ന് ഞാന്‍ ഭയന്നു. അങ്ങനെ ഒരു ദിവസം കാലത്ത് ഞാന്‍ ഓഫീസില്‍ ചെന്നപ്പോള്‍ സുനിലേട്ടന്‍ മൊബൈല്‍ നോക്കി അവിടെ നില്‍ക്കുന്നുണ്ട്. ഞാന്‍ മെല്ലെ പിന്നിലൂടെ ചെന്ന് നോക്കി. ആളെന്നോട് "എന്താ" എന്ന് ചോദിച്ചു. ഏയ്‌ ഒന്നുല്ല എന്ന് പറഞ്ഞു ഞാന്‍ പോന്നു. എന്നിട്ട് അകലെ നിന്ന് ആളോട് ചോദിച്ചു "സുനിലേട്ടാ, ഇപ്പോള്‍ രാത്രി മെസ്സേജ് ഒക്കെ വരാറില്ലേ? എന്ന്. സുനിലേട്ടന്‍ ഒന്ന് ഞെട്ടി, പിന്നെ അവിടെ നിന്ന് തെണ്ടീ..എന്നും വിളിച്ചു കൊണ്ട് എന്‍റെ അടുത്തേക്ക് ഓടി വന്നു. ഞാന്‍ ബാഗ്‌ വലിച്ചെറിഞ്ഞു കൊണ്ട് ഓടി. സുനിലേട്ടന്‍ പിന്നാലെ. ഞങ്ങളുടെ ഓട്ടം കണ്ടു പിള്ളേരൊക്കെ നോക്കുന്നുണ്ട്. ഒടുവില്‍ സുനിലേട്ടന്‍ എന്നെ പിടി കൂടി, എന്‍റെ തല കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് മുതുകത്ത് തുരു തുരാ ഇടിച്ചു. തന്‍റെ സ്വപ്‌നങ്ങള്‍ തകര്‍ത്തവനോടുള്ള എല്ലാ പകയും ആ ഇടിയില്‍ ഉണ്ടായിരുന്നു. ആ ഇടിയുടെ അവശേഷിപ്പ് പോലെ ഇപ്പോളും എന്‍റെ നടുവിന് ഇടയ്ക്കു ചെറുതായി ഒരു വേദന വരുന്നുണ്ട്.

പിന്നീട് ഞാന്‍ എല്ലാം ആളോട് ഏറ്റു പറഞ്ഞു മാപ്പ് ചോദിച്ചു. പിന്നീട് ആളും അത് എന്‍റെ ഒരു തമാശ ആയി കണ്ടു ഒഴിവാക്കി. ഒരിക്കല്‍ പോലും അതിന്‍റെ പേരില്‍ എന്നെ കുറ്റപ്പെടുത്തിയിട്ടില്ല. പിന്നീട് കുറെ നാള്‍ കഴിഞ്ഞപ്പോള്‍ ജോലിയുടെ ഭാഗമായി എനിക്കും സുനിലേട്ടന്‍റെ കൂടെ യാത്ര ചെയ്യേണ്ടി വന്നു. അങ്ങനെയുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ചാണ് ഓഫീസില്‍ തങ്ങാറുള്ളത്. ആ ദിവസങ്ങളില്‍ ആണ് സുനിലേട്ടനെ ഞാന്‍ കൂടുതല്‍ മനസ്സിലാക്കിയത്‌. ഭാവിയെ കുറിച്ചും, വിവാഹത്തെ കുറിച്ചുമൊക്കെയുള്ള ആളുടെ പ്രതീക്ഷകള്‍ പുള്ളി എന്നോട് പങ്കു വെച്ചു. ഈ ജോലിയില്‍ നിന്നിട്ട് കാര്യമില്ലെന്നും , തനിക്കു രക്ഷപ്പെടണം എന്നൊക്കെ പുള്ളി പറയാറുണ്ട്. പിന്നീട് കുറെ നാള്‍ കഴിഞ്ഞപ്പോള്‍ വേറെ ജോലി ശരിയായി സുനിലേട്ടന്‍ മുംബൈയില്‍ പോയി. 2004-ല്‍ ആയിരുന്നു അത്. അതിനു ശേഷം ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. സുനിലേട്ടന്‍ ചെയ്തു കൊണ്ടിരുന്ന ജോലികള്‍ കമ്പനി എന്നെ ഏല്‍പ്പിച്ചു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ എനിക്കും അവിടെ നിന്ന് പോരേണ്ടി വന്നു. എങ്കിലും അവിടെ ഉണ്ടായിരുന്ന എല്ലാവരുമായും ഇപ്പോളും ബന്ധം ഉണ്ട്. അവരില്‍ ചിലരൊക്കെ എന്‍റെ കല്യാണത്തിനും വന്നിരുന്നു. അന്ന് സുനിലേട്ടനെ കോണ്ടാക്റ്റ് ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല. ഞങ്ങള്‍ കണ്ടിട്ട് ഇപ്പോള്‍ പത്ത് വര്‍ഷം കഴിഞ്ഞിരിക്കുന്നു

സുനിലേട്ടനെ പിന്നെ ഞാന്‍ കണ്ടത് ഫേസ്ബുക്കിലാണ്. കക്ഷി ഇപ്പോള്‍ സൌത്ത് ആഫ്രിക്കയില്‍ ജോലി ചെയ്യുകയാണ്.വിവാഹം കഴിഞ്ഞു, ഒരു മകനുണ്ട്. പഴയതൊന്നും കക്ഷി മറന്നിട്ടില്ല. ഇനി എന്നെങ്കിലും തമ്മില്‍ കാണും എന്ന പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്നു. ഈ കഥ എഴുതിയതിന് ആളുടെ ഇടി ഒരിക്കല്‍ കൂടെ മുതുകത്തു വാങ്ങുവാന്‍ വേണ്ടി..

Saturday, September 28, 2013

ഒരു പാവം കള്ളന്‍ !!



നാട്ടില്‍ ഉണ്ടായിരുന്ന സമയത്ത് വൈകീട്ട് ഞാന്‍ അവിടെ ഒരു ബൂത്തില്‍ ഇരിക്കാറുണ്ടായിരുന്നു. രാത്രി ഒരു 10 മണി വരെ ഇരിക്കാറുണ്ട്. വല്ല ISD Calls ഉണ്ടെങ്കില്‍ മാത്രം ചില ദിവസം രാവിലെ പോകും. ഒരിക്കല്‍ രാത്രി സാധാരണ പോലെ രാത്രി ബൂത്ത്‌ പൂട്ടി ഞാന്‍ വീട്ടിലേക്കു വന്നു കിടന്നുറങ്ങി. പതിവില്ലാതെ കാലത്ത് 6 മണിക്ക് ബൂത്തിന്റെ മുതലാളി ബഷീര്‍ക്ക വീട്ടിലേക്കു വിളിച്ചു. ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. എന്റെ ഉമ്മ ഫോണ്‍ എടുത്തു എനിക്ക് തന്നു.

ബഷീര്‍ക്ക : എന്താ സിറാജെ, കാലത്ത്‌ ബൂത്ത്‌ തുറന്നിട്ട്അടക്കാന്‍ മറന്നോ?

ഞാന്‍ : ങ്ങേ? ഞാന്‍ അതിനു ഇന്ന് ബൂത്ത്‌ തുറന്നില്ലല്ലോ?

ബഷീര്‍ക്ക : ആണോ? പക്ഷെ ബൂത്ത്‌ തുറന്നു കിടക്കുന്നു എന്ന് പറഞ്ഞു അടുത്തുള്ള കടക്കാരന്‍ എന്നെ വിളിച്ചിരുന്നു. നീ ഒന്ന് ചെന്ന് നോക്കിക്കേ..

അങ്ങനെ ഞാന്‍ എന്റെ ചാടാക്ക് സൈക്കിള്‍ എടുത്തു വേഗം ബൂത്തിലേക്ക് പോയി. ചെന്നപ്പോള്‍ ബൂത്ത്‌ തുറന്നു കിടക്കുന്നു. അവിടെ ചിലരൊക്കെ കൂടി നില്‍ക്കുന്നുണ്ട്. ഇതെന്താപ്പോ കഥ എന്ന് വിചാരിച്ചു ഞാന്‍ അകത്തു കയറി. സംഭവം അകത്തു ആരോ കയറി ഇറങ്ങിയിട്ടുണ്ട്.

ഏതോ കള്ളന്‍ ആയിരിക്കണം, എങ്കില്‍ അകത്തു വെച്ച കാശ് പോയിട്ടുണ്ടാകും എന്ന് ഞാന്‍ കരുതി. വലിപ്പ് തുറന്നപ്പോള്‍ തലേ ദിവസം ഞാന്‍ എണ്ണി വെച്ച് പോയ 14 രൂപയുടെ ചില്ലറ പൈസകള്‍ കാണാനില്ല, അതിന്റെ കൂടെ വെച്ച 320 രൂപയുടെ നോട്ടുകള്‍ എടുത്തിട്ടില്ല. പിന്നെ മേശയിലൊരു മെഴുക് തിരി കത്തിച്ചു വെച്ചത് ഉരുകി തീര്‍ന്നിട്ടുമുണ്ട്.കോള്‍സ് ഒന്നും വിളിച്ചിട്ടില്ല.

പുറത്തു കൂടി നില്‍ക്കുന്നവര്‍ ആകാംഷയോടെ എന്നോട് ചോദിച്ചു " എന്താ വല്ലതും പോയോ?

ഞാന്‍ പറഞ്ഞു " ഒരു 14 രൂപയുടെ ചില്ലറ പോയി, വേറൊന്നും പോയിട്ടില്ല."

" ആ എങ്കില്‍ സാരമില്ല, വല്ല പാവങ്ങളും ബസ്‌ കാശ് എടുത്തതാകും എന്ന് പറഞ്ഞു അവര്‍ എല്ലാരും പിരിഞ്ഞു പോയി.

ഞാന്‍ ഒരു തെളിവിനായി സേതുരാമയ്യരെ പോലെ അവിടെ തിരഞ്ഞെങ്കിലും ഒന്നും കിട്ടിയില്ല. അര്‍ദ്ധ രാത്രി ഈ മെഴുകുതിരിയും കത്തിച്ചു വെച്ച് ആ ചില്ലറ പൈസയും എടുത്തു കൊണ്ട് പോയവന്‍ ആരടാ എന്നോര്‍ത്ത് കുറച്ചു നേരം ഞാന്‍ അവിടെ ഇരുന്നു. പിന്നെ ബൂത്ത്‌ പൂട്ടി അപ്പുറത്തെ ചായക്കടയില്‍ പോയി ഒരു ചായ കുടിച്ചു വീടിലേക്ക് പോന്നു.

പിന്നെ ഇതെല്ലം ഇപ്പൊ നിങ്ങളോട് പറയാന്‍ കാരണം...Just for Horror...വെറുതെ ഒരു തമാശക്ക്...

NB: ആ കാശ് സത്യമായും ഞാന്‍ എടുത്തിട്ടില്ല, ഞാന്‍ അത്തരക്കാരനല്ല :D

Monday, August 26, 2013

നാളെയാണ് ആ കല്യാണം !!



കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ കോളേജും ഊര് ചുറ്റലും ആയി നടന്നിരുന്ന കാലം. ഒരു ദിവസം വൈകീട്ട് ഞാന്‍ ഞങ്ങടെ കവല വരെ ചുമ്മാ നടക്കാനിറങ്ങിയതാണ്. എന്‍റെ സുഹൃത്ത്‌ രാഹുലിന്‍റെ അച്ഛന് അന്നവിടെ ഒരു കട ഉണ്ട്. രാഘവേട്ടന്‍റെ കട എന്ന് ഞങ്ങള്‍ പറയും. ഞാന്‍ കടയിലേക്ക് ചെന്നപ്പോള്‍ ഒരു പയ്യന്‍ അവിടെ തൂക്കിയിട്ടിരിക്കുന്ന ബാലരമ തലയൊക്കെ ചെരിച്ചു പിടിച്ചു കഷ്ട്ടപ്പെട്ട് വായിക്കുന്നു. അവനെ ചുമ്മാ ഒന്ന് വിരട്ടിയാലോ എന്ന് ഞാന്‍ കരുതി.

ഞാന്‍ : ടാ, നീ എന്താ ഈ കാണിക്കണേ?

അവന്‍ കണ്ണ് ചിമ്മി കൊണ്ട് : ഒന്നുല്ല...

ഞാന്‍ : പിന്നെ..?

അവന്‍ : ബുക്ക്‌ നോക്കിയതാ....

ഞാന്‍ : എന്തിന്?

അവന്‍ : വായിക്കാനാ...

ഞാന്‍ : വായിക്കണം എങ്കില്‍ കാശു കൊടുത്തു വാങ്ങിച്ചൂടെ?

അവന്‍ : പൈസ ഇല്ല..

ഞാന്‍ : പൈസ ഇല്ലെങ്കില്‍ വാങ്ങിക്കണ്ട, അങ്ങോരിവിടെ ഈ ബുക്ക്‌ തൂക്കി ഇട്ടിരിക്കുന്നത് വില്‍ക്കാനാ. അല്ലാതെ നിനക്കൊന്നും വായിക്കാനല്ല, മനസ്സിലായോ?

അവന്‍ : ആ..

ഞാന്‍ : എന്നാ പോക്കോ...ഹും..

ഇവനാരെടാ എന്ന ഭാവത്തോടെ എന്നെ തിരിഞ്ഞു നോക്കി കൊണ്ട് ആ പയ്യന്‍ പോയി. അവനെ ഞാന്‍ പലപ്പോഴും നാട്ടില്‍ കണ്ടിട്ടുണ്ട്. അവന്‍റെ വീട് അറിയാം എന്നല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ലായിരുന്നു. അങ്ങനെ ഒന്ന് രണ്ടു വര്‍ഷം കഴിഞ്ഞു പോയി. അങ്ങനെയിരിക്കെ ഞങ്ങളുടെ നാട്ടില്‍ ഒരു ബൂത്ത്‌ തുടങ്ങി. പകല്‍ ഒരു പെണ്‍കുട്ടി ഉണ്ടാകും.രാത്രി അവിടെ ഇരിക്കുന്നത് നമ്മുടെ ഈ പയ്യന്‍ ആണ്. അവന്‍ കുറച്ചു കൂടെ വലിയ ചെക്കന്‍ ആയി. ചുക്കുണ്ട എന്നാണ് എല്ലാരും അവനെ വിളിക്കുന്നത്‌. ആരെങ്കിലും അങ്ങനെ വിളിച്ചാല്‍ അവന്‍ ചൂടാകുമായിരുന്നു. അന്നും അവനോടു എനിക്ക് അത്ര കൂട്ടില്ല. ബൂത്ത്‌ ആയത് കൊണ്ടു അവന്‍ പെട്ടെന്ന് കേറി പോപ്പുലറായി. എന്‍റെ കൂട്ടുകാരില്‍ ചിലരൊക്കെ ഇടക്ക് ആ ബൂത്തില്‍ പോയി ഇരിക്കാറുണ്ട്. അങ്ങനെ ഒരു ദിവസം രാത്രി എന്‍റെയൊരു കൂട്ടുകാരനെ അന്വേഷിച്ചു ഞാന്‍ ആ ബൂത്തില്‍ ചെന്നപ്പോള്‍ ഇവന്‍ അവിടെ ഇരിക്കുന്നു. എന്‍റെ കൂട്ടുകാരന്‍ അവിടെയില്ല എന്നവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വണ്ടി തിരിക്കാനൊരുങ്ങി.

അവന്‍ : ഹലോ, ഒന്ന് കേറിയിട്ട് പോക്കൂടെ?

ഞാന്‍ : എന്തെ?

അവന്‍ : അല്ലാ, ഞാനും ഈ നാട്ടുകാരനാണ്.

ഞാന്‍ : അതെനിക്കറിയാം.

അവന്‍ : പിന്നെ എന്താ നമ്മളോടൊന്നും മിണ്ടാത്തെ?

ഞാന്‍ : അങ്ങനെയൊന്നുമില്ല.

അവന്‍ : എന്നാ അകത്തേക്ക് വാ

ഞാന്‍ അകത്തേക്ക് ചെന്നു. അവന്‍ എനിക്ക് ഇരിക്കാന്‍ കസേര തന്നു.പിന്നെ പതുക്കെ സംസാരിച്ചു തുടങ്ങി. അവന്‍ പഠിക്കാന്‍ പോകുന്നുണ്ട്. കുറച്ചു പോക്കറ്റ്‌ മണി കിട്ടുമല്ലോ എന്ന് വിചാരിച്ചാണ് വൈകുന്നേരം ഇവിടെ ഇരിക്കുന്നത് എന്നൊക്കെ പറഞ്ഞു. അങ്ങനെ അവന്‍ പല വിശേഷങ്ങളും പറഞ്ഞു തുടങ്ങി. അവന്‍റെ നിര്‍ത്താതെയുള്ള ആ സംസാരം എനിക്ക് ഇഷ്ട്ടമായി. അവന്‍ ആ പഴയ ബാലരമ സംഭവം എന്നോട് പറഞ്ഞു. അതിനു ശേഷം എപ്പോ ആ കടയില്‍ പോയാലും ആ കാലന്‍ വരുന്നുണ്ടോ എന്ന് നോക്കിയിട്ടാണ് ബാലരമ നോക്കാറുള്ളത് എന്നും പറഞ്ഞു ചിരിച്ചു. ഞാനും അറിയാതെ ചിരിച്ചു പോയി. പിന്നീട് മിക്ക ദിവസവും ഞാന്‍ ആ ബൂത്തില്‍ പോകാന്‍ തുടങ്ങി. ആ സൌഹൃദം വളര്‍ന്നു. എന്തിനേറെ പറയുന്നു, കുറച്ചു ദിവസങ്ങള്‍ക്കകം ഞങ്ങള്‍ ഒരുമിച്ചു യാത്ര ചെയ്യാന്‍ തുടങ്ങി. ചില പൂരങ്ങള്‍, ചില സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ചു കണ്ടു. വളരെ പെട്ടെന്ന് തന്നെ പരസ്പരം എന്തും തുറന്നു പറയാവുന്ന ഒരു ബന്ധം ആയി അത് മാറി.

ഒന്ന് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ വിസ വന്നു അവന്‍ ദുബായിലേക്ക് പോയി. യാത്ര അയക്കാന്‍ ചെന്നപ്പോള്‍ അവന്‍ എന്നെ കെട്ടിപിടിച്ച് കരഞ്ഞു. അവന്‍ പോയ ശേഷം ആ ബൂത്തില്‍ കുറെ കാലം ഞാനായിരുന്നു ഇരുന്നിരുന്നത്. ദുബായില്‍ ഒന്ന് സെറ്റ്‌ ആയാല്‍ എന്നെ കൂടെ അങ്ങോട്ട്‌ കൊണ്ട് പോകും എന്ന് അന്ന് അവന്‍ പറഞ്ഞിരുന്നു. സാധാരണ കൂട്ടുകാരോട് എല്ലാവരും പറഞ്ഞു പോകുന്ന വെറും ഒരു വാക്കായിരുന്നില്ല അത്. ഒരു വര്‍ഷം അവന്‍റെ ജോലികാര്യം കുറച്ചു പ്രശ്നത്തിലായിരുന്നു. എന്നിട്ടും അവന്‍ എനിക്ക് ഒരു ജോലി ശരിയാക്കി. അവനും എന്‍റെ കുഞ്ഞുപ്പയും കൂടെ ഒരു വിസിറ്റ് വിസയില്‍ എന്നെ ദുബൈക്ക് കൊണ്ട് വന്നു. അവന്‍റെ റൂമില്‍ തന്നെ താമസവും ശരിയാക്കി.

അങ്ങനെ 2004-ല്‍ ഞാന്‍ ആദ്യമായി ദുബായില്‍ എത്തി ആ ജോലിക്ക് കയറി.അതൊരു ഇറാനിയുടെ കമ്പനി ആയിരുന്നു. എനിക്ക് ഒരു തരത്തിലും അവിടെ നില്‍ക്കാന്‍ പറ്റുന്നില്ല. അങ്ങനെ ആയിരുന്നു അയാളുടെ സ്വഭാവം. എന്‍റെ ഭാഗ്യം കൊണ്ടോ നിര്‍ഭാഗ്യം കൊണ്ടോ എനിക്ക് അവിടെ വിസ അടിക്കാന്‍ കഴിഞ്ഞില്ല. പിന്നെ വേറെ ജോലി അന്വേഷിച്ചു കുറെ നടന്നു. ഞങ്ങളുടെ രണ്ടാളുടെ കയ്യിലും അധികം കാശില്ലാത്ത സമയം. അന്ന് എന്‍റെ എല്ലാ കാര്യങ്ങള്‍ക്കും സഹായിച്ചിരുന്നത് അവനായിരുന്നു. ഏതു പാതിരാത്രിയും എനിക്ക് വിശക്കുന്നു എന്ന് പറഞ്ഞാല്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റു എന്റെ കൂടെ വരും,അവന്‍ കഴിച്ചില്ലെങ്കിലും എനിക്ക് ഭക്ഷണം വാങ്ങി തരും. എനിക്ക് ഇന്‍റര്‍വ്യൂവിന് പോകാനുള്ള ബസ് കൂലി എങ്ങനെയെങ്കിലും ഒപ്പിച്ചു തരും. അങ്ങനെ ഒരു വിസിറ്റ് കൂടെ എടുത്ത് ഞാന്‍ ജോലി അന്വേഷണം തുടര്‍ന്നു. പക്ഷെ ഒന്നും ശരിയായില്ല. വേറൊരു വിസിറ്റ് വിസ കൂടെ എടുത്ത് ജോലി അന്വേഷിക്കാന്‍ അവന്‍ നിര്‍ബന്ധിച്ചെങ്കിലും എനിക്ക് താല്‍പര്യം തോന്നിയില്ല. പോരുന്നതിന്‍റെ തലേ ദിവസം രാത്രി ഞങ്ങള്‍ ഒരു ബീച്ചില്‍ പോയി ഇരുന്നു. മുന്‍പില്‍ കടല്‍, ചെറിയ തിരമാലകള്‍ അടിക്കുന്നുണ്ട്.

അവന്‍ : ടാ, ഒന്ന് കൂടെ ആലോചിട്ടു പോയാല്‍ പോരെ?

ഞാന്‍ : വേണ്ടടാ, ഞാന്‍ പോട്ടെ, കയ്യില്‍ കാശില്ലാതെ ഇവിടെ ഇങ്ങനെ നിന്നാല്‍ ശരിയാകില്ല.

അവന്‍ : കാശിന്‍റെ കാര്യമൊന്നും നീ ആലോചിക്കണ്ട, അതൊക്കെ എന്തെങ്കിലും ചെയ്യാം..

ഞാന്‍ : ഏയ്, അതൊന്നും വേണ്ട, എനിക്ക് നാട്ടില്‍ പോണം.

അവന്‍ : ഉറപ്പാണോ?

ഞാന്‍ : അതെ. ഇനി എന്തായാലും ദുബായിലേക്ക് ഇല്ലടാ..

അവന്‍ : അതൊക്കെ വെറുതെ തോന്നാ, ഇന്നല്ലെങ്കില്‍ നാളെ നീ ഇങ്ങോട്ട് തന്നെ വരും..

ഞാന്‍ : അറിയില്ല, നമുക്ക്‌ നോക്കാം..

ഞാന്‍ എണീറ്റ്‌ നിന്ന് ഒരു കല്ലെടുത്ത് കടലിലേക്ക്‌ നീട്ടി എറിഞ്ഞു. അത് തിരമാലകളില്‍ തത്തിതത്തി ദൂരേക്ക്‌ പോയി. അങ്ങനെ ഞങ്ങള്‍ മടങ്ങി പോന്നു. പിറ്റേ ദിവസം ഞാന്‍ നാട്ടിലേക്ക് പോയി. അവനോട് ഞാന്‍ എനിക്ക് വേണ്ടി ഇനി ദുബായില്‍ ഒന്നും നോക്കണ്ട എന്ന് പറഞ്ഞിരുന്നു. ഞാന്‍ നാട്ടില്‍ ഒരു ചെറിയ ജോലിക്ക് കയറി. കുറച്ചു കഴിഞ്ഞപ്പോള്‍ വേറൊരു ജോലി. പക്ഷെ സാമ്പത്തികമായി പ്രശ്നങ്ങള്‍ വന്നു കൊണ്ടേ ഇരുന്നു. അവിടെ നിന്ന് കൃത്യം രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ 2006-ല്‍ എനിക്ക് വീണ്ടും ദുബായിലേക്ക് ഒരു വിസ കിട്ടി. അങ്ങനെ ഞാന്‍ പോലും ആഗ്രഹിക്കാത്ത സമയത്ത് ഞാന്‍ വീണ്ടും ഈ മഹാനഗരത്തിലേക്ക് എത്തിപ്പെട്ടു. അവന്‍ അത് വരെ നാട്ടില്‍ വന്നിട്ടില്ലായിരുന്നു. ഞാന്‍ വന്നതിനു ശേഷമുള്ള ആദ്യത്തെ അവധി ദിവസം ഞങ്ങള്‍ വീണ്ടും കണ്ടു മുട്ടി. അവന്‍റെ ആഗ്രഹ പ്രകാരം ഞങ്ങള്‍ ആ പഴയ ബീച്ചില്‍ വീണ്ടും പോയി. പഴയ അതേ സ്ഥലത്ത് വീണ്ടും ഇരുന്നു. മുന്‍പില്‍ അതേ കടല്‍, അതേ തിരമാലകള്‍. അവിടെ അവന്‍റെ കൂടെ അങ്ങനെ ഇരുന്നപ്പോള്‍ ഇന്നലെയാണ് ഞാന്‍ നാട്ടിലേക്ക്‌ പോയതെന്ന് തോന്നി. ഇടയില്‍ രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു പോയെന്നു തോന്നിയതേയില്ല.

അവന്‍ : എന്താടാ പോന്നേ?

ഞാന്‍ മിണ്ടുന്നില്ല..

അവന്‍ : ടാ, നിന്നോട്..

ഞാന്‍ : ഒന്നുല്ലാ..ചുമ്മാ..

അവന്‍ : നിന്നോട് ഞാന്‍ അന്നെ പറഞ്ഞതല്ലേ നീ ഇങ്ങോട്ട് തന്നെ വരുമെന്ന്..ഇപ്പൊ എന്തായി?

ഞാന്‍ : ഒന്നും പറഞ്ഞിട്ട് കാര്യമില്ല, ഇങ്ങനെ വീണ്ടും വരാനായിരിക്കും എന്‍റെ യോഗം.

അന്ന് തൊട്ടു ഇന്ന് വരെ ഏഴു വര്‍ഷമായി ഞങ്ങള്‍ രണ്ടു പേരും ദുബായില്‍ ഉണ്ട്. ഇടയ്ക്കു നാട്ടില്‍ ചില വെക്കേഷന്‍ ഞങ്ങള്‍ ഒരുമിച്ചാഘോഷിച്ചു. 2008-ല്‍ എന്‍റെ കല്യാണം കഴിഞ്ഞു. പക്ഷെ അവനു പങ്കെടുക്കാന്‍ പറ്റിയില്ല. നാട്ടില്‍ പോകുമ്പോളൊക്കെ പെണ്ണ് അന്വേഷിച്ചെങ്കിലും അവനു ഒന്നും ശരിയായില്ല. അങ്ങനെ കഴിഞ്ഞ റമദാന്‍ മാസത്തിലെ ഒരു ഇഫ്താറിന് അവന്‍ ഇവിടെ ഒരു പെണ്‍കുട്ടിയെ കണ്ടു മുട്ടി. അവന്‍ അവന്‍റെ വീട്ടുകാരോട് കാര്യം പറഞ്ഞു. അങ്ങനെ വീട്ടുകാര്‍ അവരുടെ വിവാഹം ഉറപ്പിച്ചു. ദുബായില്‍ വെച്ചായിരുന്നു അവരുടെ കല്യാണ നിശ്ചയം.ഇത്രയും പറഞ്ഞപ്പോള്‍ ആരാണീ സുഹൃത്ത് എന്ന് അറിയാന്‍ നിങ്ങള്‍ക്ക് ആഗ്രഹം കാണും. എന്‍റെ നാട്ടുകാര്‍ക്കും ചുരുക്കം ചില സുഹൃത്തുക്കള്‍ക്കും ആളെ മനസ്സിലായി കാണും. അല്ലാത്തവര്‍ക്ക് വേണ്ടി പറയാം. അവനാണ് സുഹൈര്‍ ഹസ്സന്‍. എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്.



നാളെയാണ് അവന്‍റെ കല്യാണം. ലീവ് ഇല്ലാത്തതു കൊണ്ട് എനിക്ക് അതില്‍ പങ്കെടുക്കുവാന്‍ കഴിയില്ല. ഞങ്ങള്‍ പ്രവാസികള്‍ക്ക് അതൊക്കെ സഹജമല്ലേ? അവന്‍റെ കല്യാണത്തിന്‍റെ ഉത്സാഹ കമ്മറ്റി ആയി, അവിടെ എല്ലാറ്റിനും ഓടി നടക്കേണ്ട ഞാന്‍ അന്ന് ഇവിടെ ആയിരിക്കും. ഞങ്ങളുടെ ആ പഴയ ടെലിഫോണ്‍ ബൂത്തും,രാഘവേട്ടന്‍റെ ആ കടയൊന്നും ഇന്നവിടെയില്ല. രാഘവേട്ടന്‍ കുറെ നാള്‍ മുന്‍പേ മരിച്ചു. ബൂത്തിന്‍റെ സ്ഥലത്ത് ഇന്നൊരു സലൂണ്‍ ആണ്. അവന്‍റെ വിവാഹ ദിവസം കല്യാണവണ്ടികള്‍ ഓരോന്നായി ഞങ്ങളുടെ ആ കവലയിലൂടെ കടന്നു പോകും. അത് കാണാന്‍ ഞാനവിടെയില്ല. എങ്കിലും മനസ്സ് കൊണ്ട് ഞങ്ങളുടെ ബൂത്തിന് മുന്‍പില്‍ ഞാനുണ്ടാകും. അവനും പെണ്ണും കൂടെ അലങ്കരിച്ച കാറില്‍ പോകുമ്പോ അവരെ ഒന്ന് കാണാന്‍.. അവനെ "ടാ ചുക്കുണ്ടേ" എന്ന് ഒന്ന് നീട്ടി വിളിക്കാന്‍... എന്‍റെ പ്രിയ സുഹൃത്തിന് എല്ലാ മംഗളങ്ങളും നേരുന്നു..

Tuesday, May 7, 2013

ഭാര്യയുടെ ഡെലിവറിയും എന്‍റെ ബീഫ്‌ റോസ്റ്റും !



എനിക്ക് ഒരു മകനെ ഉള്ളു. മൂന്നു വര്‍ഷം മുന്‍പാണ്‌ അവന്‍ ജനിച്ചത്‌.കൃത്യമായി പറഞ്ഞാല്‍ 2010 ജൂലൈ 31. പ്രസവ സമയത്ത് ഞാന്‍ നാട്ടില്‍ ഉണ്ടാകണം എന്ന് ഭാര്യ എന്നോട് ആദ്യമേ പറഞ്ഞിരുന്നു. അത് കൊണ്ട് പത്തു ദിവസം മുന്‍പേ ഞാന്‍ നാട്ടില്‍ എത്തിയിരുന്നു. ജൂലൈ 29നു ഞങ്ങള്‍ ഹോസ്പിറ്റലില്‍ എത്തി. പെയിന്‍ വരാത്തത് കൊണ്ട് അവളെ റൂമില്‍ തന്നെ കിടത്തി. എപ്പോളും ഞാന്‍ അവളുടെ കൂടെ ഉണ്ടാകുമായിരുന്നു. അവിടെ ഒരു ഇന്ത്യന്‍ കോഫീ ഹൌസ് ഉണ്ട്. അവിടെ ഞാന്‍ ചായ കുടിക്കാന്‍ പോകുമ്പോളും നിറവയറുമായി അവളും എന്‍റെ കൂടെ വരുമായിരുന്നു. അവിടത്തെ ഫുഡ്‌ ആണെങ്കില്‍ നല്ല രുചിയും.രണ്ടു മസാല ദോശയൊക്കെ ഞാന്‍ ഒരു സമയം കഴിച്ചിട്ടുണ്ട്. അങ്ങനെ രണ്ടു ദിവസം ഭേഷായി ഞങ്ങള്‍ അവിടെ നിന്ന് ഭക്ഷണം കഴിച്ചു.

അങ്ങനെ പ്രസവദിവസം വന്നെത്തി. അവള്‍ അന്നും എന്നോട് നന്നായി സംസാരിച്ചിരുന്നു.കാലത്ത്‌ തന്നെ അവളെ ലേബര്‍ റൂമില്‍ കൊണ്ട് പോയി. പെയിന്‍ ഇടയ്ക്കിടക്ക് വന്നു പോകുന്നുണ്ടെങ്കിലും അത്ര വലിയൊരു ബഹളം ഒന്നും ഇല്ലാതെ സാധാരണ പോലെയാണ് അവള്‍ പോയത്. കൂടെ എന്‍റെ മാമിയും ഉമ്മയും ആണ് പോയത്.കുറച്ചു കഴിഞ്ഞാല്‍ എന്തെങ്കിലും വിവരം അറിയും എന്ന് കരുതി ഞാന്‍ റൂമില്‍ തന്നെ കിടന്നു. പിന്നെ അകത്തു എന്താണ് നടക്കുന്നത് എന്ന് ഞാന്‍ അറിയുന്നില്ല. അങ്ങനെ ഉച്ച ആയി, സ്വാഭാവികമായും എനിക്ക് വിശന്നു. ഞാന്‍ പതിവ് പോലെ നേരെ കോഫി ഹൌസിലേക്ക് പോയി. ഒരു ഊണ് പറഞ്ഞു. അതും കൊണ്ട് വന്നപ്പോള്‍ ആ സപ്ലയറുടെ ഒരു ചോദ്യം " സര്‍..സ്പെഷ്യല്‍ എന്തെങ്കിലും വേണോന്ന്" ആ ചോദ്യം കേട്ടാല്‍ പിന്നെ എനിക്ക് എന്തെങ്കിലും ഓര്‍ഡര്‍ ചെയ്യണം. ഞാന്‍ ചോദിച്ചു" എന്താണ് സ്പെഷ്യല്‍?" അയാള്‍ പറഞ്ഞു "തേങ്ങ ഇട്ടു വെച്ച നല്ല നാടന്‍ ബീഫ്‌റോസ്റ്റ്‌ ഉണ്ട്,എടുക്കട്ടെ? എന്നാ പിന്നെ ആയിക്കോട്ടെ എന്ന് ഞാനും കരുതി, അതൊരെണ്ണം ഓര്‍ഡര്‍ ചെയ്തു. അങ്ങനെ സാധനം വന്നു. അതും കൂട്ടി ഊണ് കഴിച്ചു. പിന്നെ നേരെ റൂമില്‍ പോയി ചെന്ന് കിടന്നു. മുകളില്‍ ഫാന്‍ കിടന്നു കറങ്ങുന്നു, നല്ല കാറ്റ്. എനിക്ക് ഉറക്കം വന്നു. കണ്ണുകള്‍ മെല്ലെ അടഞ്ഞു പോയി. അപ്പോളാണ് മാമി റൂമിലേക്ക്‌ വന്നത്. "എന്തായി മാമി? ഞാന്‍ ചോദിച്ചു.

മാമി പറഞ്ഞു "ഒന്നും ആയിട്ടില്ല മോനെ, നോര്‍മല്‍ ഡെലിവറി നടക്കുമെന്ന് തോന്നുന്നില്ല"

മാമിയുടെ മുഖത്ത് നല്ല ടെന്‍ഷന്‍ ഉണ്ട്. ഞാന്‍ അവിടെ ചാരി ഇരുന്നു. മാമി മെല്ലെ എന്‍റെ അടുത്ത് വന്നു തോളില്‍ കൈ വെച്ച് കൊണ്ട് പറഞ്ഞു " മോനെ, നീ എന്തെങ്കിലും പോയി കഴിച്ചിട്ട്‌ വാടാ..

അത് കേട്ടതും ഞാനൊന്ന് ഞെട്ടി. മാമിയുടെ വിചാരം ഞാന്‍ രാവിലെ മുതല്‍ അവിടെ ഒന്നും കഴിക്കാതെ ഇരിക്കുകയാണ് എന്നാണ്. എനിക്ക് ഒന്നും വേണ്ട മാമി " ഞാന്‍ ഗൌരവം വിടാതെ പറഞ്ഞു. അപ്പോള്‍ മാമി വീണ്ടും "വെറുതെ ടെന്‍ഷന്‍ ആയി ഒന്നും കഴിക്കാതിരുന്ന്‍ വയ്യാതാകണ്ട, പോയി ഒരു ചായയെങ്കിലും കഴിച്ചിട്ട് വാ" സത്യത്തില്‍ അപ്പോളാണ് എനിക്ക് കാര്യം മനസ്സിലായത്. ഭാര്യയെ പ്രസവത്തിനു കൊണ്ട് പോയാല്‍ ഭര്‍ത്താക്കന്മാര്‍ ഭക്ഷണമൊന്നും കഴിക്കാതെ ടെന്‍ഷന്‍ അടിച്ചു ലേബര്‍ റൂമിന്‍റെ പുറത്ത്‌ അസ്വസ്ഥനായി നടക്കണം. നമ്മള്‍ ഈ സിനിമയിലൊക്കെ കണ്ടിട്ടില്ലേ? ഏതാണ്ട്‌ അത് പോലെ തന്നെ. ഞാന്‍ ആണെങ്കില്‍ ബീഫ്‌റോസ്റ്റും കൂട്ടി ഊണും കഴിച്ചാണ് ഇരിക്കുന്നത്. അത് പാവം മാമിക്ക് അറിയില്ലല്ലോ?

ഞങ്ങള്‍ അങ്ങനെ സംസാരിച്ചിരിക്കുമ്പോളാണ് ഒരു നേഴ്സ് വന്നു നിങ്ങളെ ഡോക്ടര്‍ വിളിക്കുന്നു എന്ന് പറഞ്ഞത്‌. ഞാനും മാമിയും കൂടെ ലേബര്‍ റൂമിന്‍റെ അടുത്തേക്ക്‌ പോയി. ഡോക്ടര്‍ ഒരു സ്ത്രീ ആയിരുന്നു. അവര്‍ എന്നോടു പറഞ്ഞു, നോര്‍മല്‍ ഡെലിവറി ആക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു, പക്ഷെ നടക്കുന്നില്ല. അത് കൊണ്ട് സിസേറിയന്‍ ചെയ്യണം, നിങ്ങള്‍ ആ സമ്മത പത്രത്തില്‍ വേഗം ഒപ്പിടൂ, ഇപ്പൊ തന്നെ ചെയ്യണം, ഇത് കേട്ടതും എന്‍റെ ഉമ്മ കരച്ചില്‍ തുടങ്ങി. മാമിയുടെയും മുഖം മാറി. അതോടെ എനിക്കും ടെന്‍ഷന്‍ ആയി. അവര്‍ തന്ന പേപ്പറില്‍ ഞാന്‍ വായിക്കുക പോലും ചെയ്യാതെ വേഗം ഒപ്പിട്ടു കൊടുത്തു. അപ്പോള്‍ അവളെ പുറത്തേക്ക് കൊണ്ട് വന്നു. അവളുടെ മുഖം കണ്ടപ്പോ എന്‍റെ നെഞ്ചിടിപ്പ് കൂടി, സത്യം പറഞ്ഞാല്‍ ആ നിമിഷം ആണ് ഇതിന്‍റെയൊരു ശരിക്കുള്ള അവസ്ഥ എനിക്ക് മനസ്സിലായത്. ഓപ്പറേഷന്‍ തിയറ്റര്‍ ലക്ഷ്യമാക്കി ആ സ്ട്രക്ചര്‍ അവര്‍ വേഗത്തില്‍ തള്ളി, അവള്‍ കിടന്നു കരയുന്നു. അവളുടെ കൈ പിടിച്ചു കൊണ്ട് ഞാനും അതിന്‍റെ കൂടെ നടന്നു. അവള്‍ ദയനീയമായി എന്നെ നോക്കി. ഞാന്‍ പേടിക്കണ്ട എന്നും പറഞ്ഞു ധൈര്യം കൊടുത്തു. പക്ഷെ എന്‍റെ ധൈര്യം പാടെ ചോര്‍ന്നു പോയിരുന്നു. എന്‍റെ മുന്‍പില്‍ ആ വാതിലടഞ്ഞു. അവിടെ ഒരു ചുകന്ന ബള്‍ബ്‌ കത്തുന്നു. എന്‍റെ കാലൊക്കെ ചെറുതായി വിറച്ചു തുടങ്ങി. നില്‍ക്കാനാകാതെ ഞാന്‍ അവിടെ നിലത്തിരുന്നു പോയി. നെഞ്ച് നിറഞ്ഞു നില്‍ക്കുന്നു. വല്ലാത്ത ഒരു മാനസിക അവസ്ഥ. ഒരു ഭാഗത്തു ഉമ്മയും മാമിയും അവളുടെ വീട്ടുകാരും. എല്ലാവരും പ്രാര്‍ഥനയോടെ കാത്തു നിന്നു.

അല്‍പ സമയത്തിന് ശേഷം ഒരു നേഴ്സ് കുഞ്ഞുമായി പുറത്ത്‌ വന്നു. എന്‍റെ പേര് വിളിച്ചു. പിന്നെ എന്‍റെ കയ്യിലേക്ക് മോനെ തന്നു. അവന്റെ കുഞ്ഞു കണ്ണുകള്‍ മെല്ലെ ചിമ്മുന്നു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു നിമിഷം എന്നെ അതിനെ പറയാന്‍ സാധിക്കൂ. അത് അനുഭവിച്ചവര്‍ക്കെ ആ ആനന്ദം പറഞ്ഞാല്‍ മനസിലാകൂ. എന്‍റെ ഉമ്മയും മറ്റുള്ളവരും വന്നു അവനെ എടുത്തു. പിന്നെ നേഴ്സ് അവനെ അകത്തേക്ക് തന്നെ കൊണ്ട് പോയി. തൊട്ടു പിന്നാലെ ഭാര്യയെ കൊണ്ട് വന്നു. അവള്‍ നല്ല മയക്കത്തിലായിരുന്നു. പിന്നെ കുറെ കഴിഞ്ഞു അവര്‍ മോനെ ഞങ്ങളെ തന്നെ ഏല്പിച്ചു, പക്ഷെ അവള്‍ ലേബര്‍ റൂമില്‍ തന്നെ ആയിരുന്നു. ഞാന്‍ അവിടെ കണ്ട ഒരു പേപ്പറില്‍ രണ്ടു വരി എഴുതി ഒരു നേഴ്സിനെ ഏല്‍പ്പിച്ച് അവളുടെ കയ്യില്‍ കൊടുക്കാന്‍ പറഞ്ഞു. എന്താ ഇത് എന്ന് അവര്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു, കാണാന്‍ പറ്റില്ല, ഫോണ്‍ വിളിക്കാന്‍ പറ്റില്ല, പിന്നെ ഇതല്ലേ വഴിയുള്ളൂ". ആ സിസ്റ്റര്‍ ചിരിച്ചു. ലേബര്‍ റൂമിലേക്ക്‌ കത്ത് കൊടുത്തയക്കുന്നത് ആദ്യമായി കാണുകയാണ് എന്നും പറഞ്ഞു അവര്‍ അതും വാങ്ങി കൊണ്ട് പോയി "നമ്മുടെ മോന് കുഴപ്പമൊന്നുമില്ല, സുഖമായി ഇരിക്കുന്നു" എന്നായിരുന്നു ആ വരികള്‍. നേഴ്സ് അത് അവളുടെ കയ്യില്‍ കൊണ്ട് കൊടുത്തു. അന്ന് അത് വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നിയെന്നു ഭാര്യ പിന്നെ പറഞ്ഞിട്ടുണ്ട്. അന്ന് രാത്രി മുഴുവന്‍ മോന്‍ നല്ല കരച്ചിലായിരുന്നു. നേരം വെളുക്കും വരെ ഞാനും മാമിയും ഉമ്മയും മാറി മാറിയാണ് അവനെ നോക്കിയത്. ഇടക്ക്‌ നേഴ്സ് വന്നു അവന് പാല് കൊടുക്കാന്‍ അവളുടെ അടുത്തേക്ക് കൊണ്ട് പോകുമായിരുന്നു. പിറ്റേ ദിവസം കാലത്ത്‌ അവളെ റൂമിലേക്ക്‌ കൊണ്ട് വന്നു. തലേ ദിവസത്തെ എല്ലാ വിശേഷങ്ങളും പറഞ്ഞെങ്കിലും ഈ ബീഫ്‌ റോസ്റ്റിന്‍റെ കാര്യം മാത്രം ഞാന്‍ അവളോട്‌ പറഞ്ഞില്ല. പിന്നെ ഞാന്‍ അത് പറയാന്‍ മറന്നു. പിന്നെയും കുറെ കാലം കഴിഞ്ഞു മോന്‍റെ രണ്ടാമത്തെ ബര്‍ത്ത്ഡെയുടെ അന്നാണ് ഞാന്‍ അവളോട്‌ ഈ കാര്യം പറഞ്ഞത്‌. അവള്‍ അത് കേട്ട് ഞെട്ടി. "ഞാന്‍ അവിടെ പച്ച വെള്ളം പോലും കുടിക്കാതെ , കിടന്നു പ്രാണവേദന അനുഭവിക്കുമ്പോള്‍ നിങ്ങള്‍ അവിടെ ചോറ് കഴിക്കുവായിരുന്നല്ലേ? അതും ബീഫ്‌ റോസ്റ്റും കൂട്ടി. നിങ്ങള്‍ക്ക്‌ കണ്ണില്‍ ചോരയുണ്ടോ? ഭാര്യയെ പ്രസവത്തിനു കയറ്റിയ സമയത്ത് ബീഫ്‌റോസ്റ്റ്‌ കഴിച്ച ലോകത്തിലെ ആദ്യത്തെ ഭര്‍ത്താവ് നിങ്ങള്‍ ആയിരിക്കും" എന്നൊക്കെ പറഞ്ഞു അവള്‍ ആക്രമണം തുടങ്ങി. ഞാന്‍ ഒന്നും പറയാനാകാതെ തല താഴ്ത്തി ഇരുന്നു. ഒരിക്കലും അവളോടുള്ള സ്നേഹ കുറവ് കൊണ്ടല്ല അന്ന് അങ്ങിനെ സംഭവിച്ചത്‌. ഇതിന്‍റെ ഒരു ഗൌരവം എനിക്ക് വ്യക്തമായി മനസ്സിലാകാത്തത് കൊണ്ടാണ്. ഒരു പക്ഷെ വേറെ ആരുടെയും ഡെലിവറി സമയത്ത് ഞാന്‍ ഇത് പോലെ കൂടെ ഇല്ലാതിരുന്നത് കൊണ്ടാകാം. ഇപ്പോള്‍ ആലോചിക്കുമ്പോ ചെയ്തത് കുറച്ചു കടന്നു പോയി എന്ന് എനിക്കും തോന്നാറുണ്ട്. എന്‍റെ മാമിക്ക് ഇപ്പോളും അറിയില്ല ഈ കഥ. ഇനി നിങ്ങള്‍ പറയൂ..ഞാന്‍ ചെയ്തത് അത്ര വലിയ തെറ്റാണോ? പറയൂ..

Thursday, March 21, 2013

ഇനിയുമൊരു പൂരക്കാലം !!

നാളെയാണ് എന്‍റെ നാട്ടിലെ ഒരു പ്രധാന ഉത്സവമായ പറപ്പൂക്കാവ് പൂരം. ചെറുപ്പം തൊട്ടേ ഉപ്പാടെ കൈ പിടിച്ചു ആ പൂരപറമ്പില്‍ നടന്നതും പോയിരുന്നത് ഇന്നും മധുരിക്കുന്ന ഓര്‍മ്മകളാണ്. പിന്നീട് മുതിര്‍ന്നപ്പോള്‍ കൂട്ടുകാരുടെ കൂടെ പൂരത്തിന് മുന്‍പുള്ള ഏഴു ദിവസം രാത്രി അമ്പലപറമ്പില്‍ ഇരുന്നു നാടകവും, ഗാനമേളയും, മിമിക്സ് പരേഡും എല്ലാം കണ്ട് നടക്കും. കണ്ണില്‍ കണ്ടതെല്ലാം വാങ്ങി കഴിച്ചും, കാവടിയും,പുലര്‍ച്ച പൂരവും കണ്ട് ആഹ്ലാദിച്ച് നടന്ന ആ നാളുകള്‍. ഒരു പക്ഷെ ജീവിതത്തിലെ തന്നെ മനോഹരമായ ആ നല്ല നാളുകള്‍. അത് കൊണ്ട് തന്നെ എന്‍റെ വലിയൊരു നൊസ്റ്റാള്‍ജിയ ആണ് ഈ ഉത്സവം. ദുബായില്‍ വന്ന ശേഷം വലിയൊരു നഷ്ട്ടമാണ് എനിക്കത്. എനിക്ക് മാത്രമല്ല ഗള്‍ഫില്‍ ഉള്ള എന്‍റെ പല കൂട്ടുകാര്‍ക്കും അങ്ങനെ തന്നെയാണ്. ഇപ്പൊള്‍ ഇതാ നാട്ടില്‍ വീണ്ടുമൊരു പൂരക്കാലം വന്നെത്തിയിരിക്കുന്നു.



6 വര്‍ഷം മുന്‍പ്‌ എനിക്ക് മാര്‍ച്ചില്‍ ഒരു ലീവ് ഒത്തു വന്നു. വളരെ ആവേശത്തോടെ ഞാന്‍ അന്ന് നാട്ടില്‍ പോയി. ആ മാസത്തില്‍ പൂരം ഉണ്ടല്ലോ എന്നോര്‍ത്തായിരുന്നു ആ ആവേശം. പക്ഷെ പൂരം അടുക്കും തോറും എനിക്ക് ടെന്‍ഷന്‍ ആയി. കമ്പനിയില്‍ നിന്ന് ഒരു വിളി എപ്പോളും പ്രതീക്ഷിച്ചാണ് ഞാന്‍ ഇരിക്കുന്നത്. പക്ഷെ അങ്ങനെയൊന്നും സംഭവിച്ചില്ല. അങ്ങനെ പൂര ദിവസം വന്നെത്തി. ആ ദിവസം നാട്ടില്‍ എവിടെ നോക്കിയാലും ഒരു ആവേശമാണ്. ഈ പൂര തിമിര്‍പ്പ് എന്നൊക്കെ കേട്ടിട്ടില്ലേ? അതാണ് സംഭവം. ഉച്ച കഴിഞ്ഞു മൂന്നു മണിയോട് കൂടെയാണ് പകല്‍ പൂരങ്ങളുടെ എഴുന്നള്ളത്ത്. അങ്ങനെ ഞാന്‍ പൂരങ്ങള്‍ പോകുന്നത് കണ്ടു കവലയില്‍ നില്‍ക്കുന്നു. ശരിക്കും മനസ്സ് പഴയ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയം. അന്നേരം വെറുതെ ഞാന്‍ ആലോചിച്ചു "ഇനി എന്തായാലും ഈ പൂരം ഞാന്‍ മുഴുവന്‍ കാണും. ഇത് മുടക്കാന്‍ ഇനി ഒന്നും വരാന്‍ പോകുന്നില്ല". മനസ്സില്‍ മുഴുവന്‍ ആഹ്ലാദം, ചുറ്റിനും കൂട്ടുകാര്‍, ആനകള്‍, മേളങ്ങള്‍, കച്ചവടക്കാര്‍.. ആഹാ..ജീവിതം എത്ര മനോഹരം. കുറച്ച് അഹങ്കാരത്തോടെ മുണ്ട് ഒന്ന് കൂടെ മടക്കി കുത്തി ഞാന്‍ മേളം ആസ്വദിച്ചു അങ്ങനെ നിന്നു.

അങ്ങനെ ഞങ്ങളുടെ നാട്ടിലെ പൂരത്തിന്‍റെ കൂടെ ഞങ്ങള്‍ എല്ലാരും കൂടെ ആഘോഷമായി പൂരപറമ്പിലേക്ക് പോയി. മെയിന്‍ റോഡില്‍ നിന്നും കുറച്ചു മാറിയാണ് അമ്പലം. തിളച്ചു മറിയുന്ന മീന ചൂടില്‍, തിങ്ങി നിറഞ്ഞ ജനസാഗരത്തിന്‍റെ ഇടയിലൂടെ ഞാനും ഊളിയിട്ടിറങ്ങി. എങ്ങും വാദ്യഘോഷങ്ങള്‍, നൃത്തങ്ങള്‍, സംഘമായി പോകുന്ന ചെറുപ്പക്കാര്‍, തലക്കെട്ട് കെട്ടിയ പൂര പ്രേമികള്‍, ആഘോഷ കമ്മിറ്റിക്കാര്‍, ലാത്തിയുമായി കറങ്ങി നടക്കുന്ന പോലീസ്. അങ്ങനെ ഞാനും കൂട്ടുകാരന്‍ രാഹുലും മറ്റുമായി ഒരു സ്ഥലത്തു നിലയുറപ്പിച്ചു. അതിനിടയില്‍ ഞാന്‍ ഉപ്പയെ കണ്ടു. എന്നോടു നോക്കി നില്‍ക്കണം എന്നും പറഞ്ഞു ആളു വേറെ വഴിക്ക് നടന്നു. ഞങ്ങള്‍ ഒരു സംഭാരം കഴിക്കാന്‍ പോയി. പെട്ടെന്ന് ഒരു ആരവം..ജനക്കൂട്ടം ഒന്നിളകി, കുടിക്കാനെടുത്ത സംഭാരം എന്‍റെ ദേഹത്തേക്ക് തട്ടിപ്പോയി. രണ്ടു ആനകള്‍ ഇടഞ്ഞിരിക്കുന്നു. ആളുകള്‍ തലങ്ങും വിലങ്ങും ഓടുന്നു. ഞങ്ങളും ഓടി..ആകെ ബഹളം. സ്ത്രീകളൊക്കെ വേലി ചാടി ഓടുന്ന കാഴ്ച വരെ അന്ന് ഞാന്‍ കണ്ടു. ഞങ്ങള്‍ കൂട്ടുകാര്‍ എല്ലാവരും നാല് വഴിക്കായി.ഞാന്‍ ഒരു വാട്ടര്‍ ടാങ്കിന്‍റെ മുകളിലേക്ക്‌ കൊത്തിപ്പിടിച്ചു കയറി അതിന്‍റെ മുകളില്‍ നിന്നു. ഇപ്പോള്‍ അമ്പലപറമ്പ് മൊത്തം എനിക്ക് കാണാം.അപ്പോളേക്കും ഇടഞ്ഞ ആനകളെ പാപ്പാന്മാര്‍ ചേര്‍ന്ന് തളച്ചു.കുറച്ചു സമയത്തിന് ശേഷം എല്ലാം ഒന്ന് ശാന്തമായി. ആളുകള്‍ ഒന്നൊന്നായി പൂരം കാണാന്‍ മടങ്ങി വന്നു തുടങ്ങി. ഞാന്‍ നോക്കുമ്പോള്‍ രാഹുലും കൂട്ടരും ദൂരെ നിന്ന് നടന്നു വരുന്നു. മുകളില്‍ നില്‍ക്കുന്ന എന്നെ കണ്ടു അവര്‍ കളിയാക്കി ചിരിച്ചു. ഞാന്‍ അവരോടു ചോദിച്ചു " നിങ്ങള്‍ എല്ലാരും വല്ലാതെ പേടിച്ചു പോയല്ലേ? "അവന്മാര്‍ എന്നെ ഒരു തെറിയും വിളിച്ചു പോയി. രാഹുല്‍ എന്നോട് താഴെ ഇറങ്ങാന്‍ പറഞ്ഞെങ്കിലും ഞാന്‍ ഇറങ്ങിയില്ല. ഇനി റിസ്ക് എടുക്കാന്‍ വയ്യ എന്നായിരുന്നു അപ്പൊഴെന്‍റെ മനസ്സില്‍.

ഞാന്‍ അങ്ങനെ വീണ്ടും മേളം ആസ്വദിച്ച് മുകളില്‍ നില്‍ക്കുമ്പോള്‍ ഉപ്പ അകലെ നിന്ന് മെല്ലെ നടന്നു വരുന്നത് കണ്ടു. ഞാന്‍ ആളെ വിളിച്ചു, പുള്ളി എന്നെ കണ്ടു. എന്നോട് താഴേക്ക്‌ വരാന്‍ കൈ കൊണ്ട് ആംഗ്യം കാണിച്ചു. ഞാന്‍ വരില്ല എന്ന് തലയാട്ടി. ഇറങ്ങിയാല്‍ പിന്നെ വീണ്ടും ഇതിന്‍റെ മുകളില്‍ കേറാന്‍ വയ്യ എന്നോര്‍ത്താണ് ഞാന്‍ ഇല്ല എന്ന് പറഞ്ഞത്‌. പക്ഷെ പിന്നെയും ആളു വിളിച്ചപ്പോള്‍ ഞാന്‍ താഴേക്ക്‌ ചാടി. ആളുടെ അടുത്ത് ചെന്നു. ആളുടെ നില്‍പ്പ് അത്ര പന്തിയല്ലെന്നു തോന്നി. ആള്‍ക്ക് നടക്കാന്‍ വയ്യ. ഉപ്പ എന്നോട് ആളെ ഒന്ന് പിടിക്കാന്‍ പറഞ്ഞു. ഞാന്‍ ആളുടെ അരക്കെട്ടില്‍ കൈ ചേര്‍ത്ത് പിടിച്ചു. എന്‍റെ കൈയുടെ അവിടെ നനവ്‌ തോന്നി, നോക്കിയപ്പോള്‍ നിറയെ ചോര. ഞാന്‍ ആകെ വല്ലാതായി "എന്താ ഉപ്പ പറ്റിയത്? അപ്പൊള്‍ ആളു പറഞ്ഞു " നേരത്തെ ഉണ്ടായ ബഹളത്തില്‍ ഞാനൊന്നു വീണു, എന്‍റെ വാരിയെല്ല് ഒരു കല്ലില്‍ ഇടിച്ചു, എന്നെ ചവിട്ടി കുറെ ആള്‍ക്കാര്‍ ഓടിപോയി. എനിക്ക് എഴുന്നേല്‍ക്കാന്‍ പറ്റിയില്ല, ഇത്ര നേരം ഞാന്‍ അവിടെ കിടക്കുവായിരുന്നു" വീണു കിടന്നിട്ട് ആരും ഉപ്പാനെ എഴുന്നെല്‍ക്കാന്‍ സഹായിച്ചില്ലേ എന്ന് ഞാന്‍ ചോദിച്ചു. ഉപ്പ പറഞ്ഞു "പൂരപറമ്പ് അല്ലെ, ആരോ കുടിച്ചു ഫിറ്റ്‌ ആയി കിടക്കുന്നു എന്നല്ലേ തോന്നു, നെറ്റ്‌വര്‍ക്ക് ജാം ആയതു കൊണ്ട് ആരെയും വിളിച്ചിട്ട് കിട്ടുന്നുമില്ല. പിന്നെ എന്ത് ചെയ്യും? ഒരു വിധം ഞാന്‍ ഒറ്റയ്ക്ക് എഴുന്നേറ്റു ഇങ്ങട്ട് പോന്നു.ഇത് പറയുമ്പോള്‍ ആളുടെ കണ്ണ് നിറഞ്ഞിരുന്നു. ഇന്നും എനിക്ക് മറക്കാന്‍ പറ്റില്ല ആ മുഖം. അന്നും ഇന്നും ഉപ്പാടെ കണ്ണ് നിറയുന്നത് എനിക്ക് സഹിക്കാന്‍ പറ്റില്ല.

അങ്ങനെ ഉപ്പാനെയും കൊണ്ട് ഞാന്‍ ഈ തിരക്കിനിടയിലൂടെ പുറത്തേക്ക് മെല്ലെ നടന്നു. അപ്പോളത്തെ ടെന്‍ഷന്‍ കാരണം കൂട്ടുകാരെ ആരെയും ഞാന്‍ വിളിച്ചില്ല. ഇത്രയും ജനങ്ങള്‍ പൂരം കാണാന്‍ ഇങ്ങോട്ട് വരുമ്പോളാണ്, ആ തിരക്കിലൂടെ ഞങ്ങള്‍ രണ്ടു പേര്‍ പുറത്തേക്കു നടക്കുന്നത്. അങ്ങനെ ഒരു വിധം പുറത്തെത്തി. കുറെ നേരം കാത്തു നിന്നാണ് ഒരു ഓട്ടോ കിട്ടിയത്. അങ്ങനെ അതില്‍ കയറി ഉപ്പാനെയും കൊണ്ട് ഞാന്‍ അടുത്തുള്ള ഹോസ്പിറ്റലില്‍ പോയി. അവിടെ പൂരത്തിന്‍റെ ആ തിരക്കില്‍ പെട്ട് പരിക്ക് പറ്റിയ കുറച്ചു പേരെ കൊണ്ട് വന്നിട്ടുണ്ട്. ഡോക്ടര്‍ വന്നു എല്ലാരേയും പരിശോധിച്ചു. ഉപ്പാടെ എല്ല് പൊട്ടിയിട്ടുണ്ടോ എന്ന് ഒരു സംശയം. അവിടെ സ്കാന്‍ ഇല്ലാത്തത് കൊണ്ട് പെട്ടെന്ന് അമലയിലേക്ക് കൊണ്ട് പോകാന്‍ പറഞ്ഞു. അപ്പോളേക്കും ഞാന്‍ വീട്ടില്‍ വിളിച്ചു വിവരം പറഞ്ഞു. അവിടത്തെ തന്നെ ആംബുലന്‍സില്‍ ഞങ്ങള്‍ അമലയിലേക്ക് പോയി. അതിനകത്ത് പരിക്ക് പറ്റിയവരും അവരുടെ കൂടെ വന്നവരും ഉണ്ട്. എല്ലാരുടെ മുഖത്തും നല്ല ടെന്‍ഷന്‍. റോഡില്‍ നല്ല ട്രാഫിക് ഉണ്ട്. നിസ്സഹായതയോടെ എല്ലാവരും പരസ്പരം നോക്കുന്നു. എന്‍റെ ആദ്യത്തെ ആംബുലന്‍സ് യാത്രയായിരുന്നു അത്. പിന്നിടുന്ന റോഡ്‌ നോക്കി പുറകിലെ സീറ്റില്‍ ഞാന്‍ ഇരുന്നു. ആംബുലന്‍സിന്‍റെ സൈറണ്‍ എന്‍റെ ചെവിയില്‍ മുഴങ്ങി.

അമലയില്‍ എത്തി എക്സ്റേ എടുത്തു, ആളുടെ എല്ലിനു ചെറിയ ക്ഷതം ഉണ്ട്. വാര്‍ഡില്‍ നിന്നും റൂമിലേക്ക്‌ മാറ്റി. അപ്പോളേക്കും ഉമ്മയും എന്‍റെ കൂട്ടുകാരും അവിടെയെത്തി. വിളിക്കാതെ പോയതിനു അവരെന്നെ ചീത്ത പറഞ്ഞു. കുറെ നേരം എല്ലാവരും അവിടെ ഉണ്ടായിരുന്നു. പിന്നെ രാത്രി ആയപ്പോള്‍ എല്ലാവരും പോയി. ഉമ്മാനെയും ഞാന്‍ വീട്ടിലേക്കു പറഞ്ഞയച്ചു. ഞാനും ഉപ്പയും മാത്രം ബാക്കി ആയി. രാത്രി ഫുഡ്‌ കഴിച്ചു ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. ലൈറ്റ് ഓഫ്‌ ചെയ്തപ്പോള്‍ റൂമില്‍ ജനാലയിലൂടെ പുറത്ത് നിന്നുള്ള അരണ്ട വെളിച്ചം മാത്രം. തൊട്ടടുത്ത റൂമില്‍ നിന്നും ഒരു കുഞ്ഞിന്‍റെ കരച്ചില്‍ കേള്‍ക്കാം. ക്ഷീണം കാരണം ഉപ്പ പെട്ടെന്ന് ഉറക്കമായി, എനിക്ക് പക്ഷെ ഉറങ്ങാന്‍ കഴിഞ്ഞില്ല. അന്ന് കാലത്ത് വീട്ടില്‍ നിന്നിറങ്ങിയത് മുതല്‍ ഈ നിമിഷം വരെയുള്ള കാര്യങ്ങള്‍ എന്‍റെ മനസ്സിലൂടെ മിന്നി മാഞ്ഞു. തിളച്ചു മറിഞ്ഞ ആ പൂര പറമ്പില്‍ ആവേശം കൊണ്ട് നിന്നിരുന്ന ഞാന്‍ ഇപ്പോള്‍ ദേ അമലയിലെ ഒരു റൂമില്‍ ഇരുട്ടത്ത്‌ നിലത്തു കിടക്കുന്നു. കാലത്ത്‌ ഞാന്‍ അഹങ്കരിച്ചതോര്‍ത്ത് ഞാന്‍ ചുമ്മാ ചിരിച്ചു. പിന്നെ മെല്ലെ മെല്ലെ ഞാനും ഉറക്കത്തിലേക്ക് വഴുതി വീണു.

കാലത്ത്‌ അഞ്ചു മണിക്ക് അവിടെ പുലര്‍ച്ചെ പൂരം തുടങ്ങിയപ്പോള്‍ കൂട്ടുകാരന്‍ രാഹുല്‍ എന്നെ ഫോണ്‍ വിളിച്ചു. അവനോട് സംസാരിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ കേട്ട തായമ്പകക്ക് ഞാന്‍ മെല്ലെ കാതോര്‍ത്തു. പിന്നെ ഫോണ്‍ കട്ട്‌ ചെയ്തു കട്ടിലില്‍ കിടക്കുന്ന ഉപ്പയെ നോക്കി. ഉപ്പ നല്ല ഉറക്കമായിരുന്നു. രാവിലെ ചായ വാങ്ങാന്‍ പുറത്ത് പോയപ്പോള്‍ അന്നത്തെ പേപ്പര്‍ ഞാന്‍ വാങ്ങി. അതില്‍ ആന ഇടഞ്ഞ വാര്‍ത്തയും ചിത്രങ്ങളും പിന്നെ പരിക്കേറ്റവരുടെ കൂട്ടത്തില്‍ ഉപ്പാടെ പേരും ഉണ്ടായിരുന്നു. നാലു ദിവസം കഴിഞ്ഞു ഉപ്പാനെ ഹോസ്പിറ്റലില്‍ നിന്ന് കൊണ്ട് വന്ന ശേഷം ഞാന്‍ ആ പൂരപറമ്പിലേക്ക്‌ വീണ്ടുമൊന്നു പോയി. ഉപ്പ നിന്നിരുന്ന ആ സ്ഥലവും, ഉപ്പ ഇടിച്ചു വീണ ആ കല്ലും അവിടെ കണ്ടു. ജനങ്ങള്‍ തിങ്ങി നിറഞ്ഞു നിന്നിരുന്ന ആ പൂരപറമ്പില്‍ അന്ന് പക്ഷെ ഞാന്‍ ഒറ്റക്കായിരുന്നു. അവിടെ നിന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ദുബായിലേക്ക്‌ പോന്നു. അന്ന് നഷ്ട്ടമായ ആ പൂരം ഞാന്‍ പിന്നെ കാണുന്നത് മൂന്നു വര്‍ഷം കഴിഞ്ഞാണ്. അതും എന്‍റെ ഉപ്പാടെയും മോന്‍റെയും കൂടെ. ആ പൂരത്തിന് ഞാന്‍ ഉപ്പാടെ കൂടെ തന്നെ ഉണ്ടായിരുന്നു. പഞ്ചാരി മേളത്തിന്‍റെ ഒപ്പം ആളുടെ തോളില്‍ താളമിട്ട്‌ അവിടെ നിന്നപ്പോള്‍ ആന മുടക്കിയ ആ പഴയ പൂരം എന്‍റെ മനസ്സിലേക്ക് ഓടിയെത്തി. കണ്ണൊന്നു അടച്ചപ്പോള്‍ അന്ന് പാഞ്ഞു വന്ന ആ ആള്‍ക്കൂട്ടം ഞാന്‍ മനസ്സില്‍ കണ്ടു, അന്നത്തെ ബഹളം ഞാന്‍ കേട്ടു. അന്ന് ഞാന്‍ കയറി നിന്ന വാട്ടര്‍ ടാങ്ക് വെറുതെ ഒന്ന് നോക്കി.

ഈ പൂരത്തിനും ഞാന്‍ നാട്ടില്‍ ഇല്ല. പകരം എന്‍റെ മോനുണ്ട്. ഈ തവണ ഉപ്പയും അവനും കൂടെ പൂരം കാണുമായിരിക്കും. ഇനിയൊരു പൂരം എന്ന് കാണാന്‍ പറ്റും എന്ന് എനിക്ക് അറിയില്ല. എന്നായാലും അതെന്‍റെ ഉപ്പാടെ കൂടെ ഇത് പോലെ കാണണം എന്ന് മാത്രമേ ആഗ്രഹം ഉള്ളു. ആളു വാങ്ങി തരുന്ന ചായയും കുടിച്ച്, കപ്പലണ്ടിയും കൊറിച്ച് ആളുടെ വിരല്‍തുമ്പ് പിടിച്ച് ആ പഴയ കുട്ടിയായി അതിലൂടെ നടക്കാന്‍ ആണ് എനിക്കിഷ്ടം..അന്നും..ഇന്നും..എന്നും.