Tuesday, November 6, 2012

രാജമാണിക്യവും കൊതുകുകളും.. !!


ഈ ടൈറ്റില്‍ കാണുമ്പോള്‍ ഇതെന്താ സംഭവം എന്ന് നിങ്ങള്‍ വിചാരിക്കും, സംഭവം മറ്റൊന്നുമല്ല, രാജമാണിക്യം കാണാന്‍ വേണ്ടി ഞാന്‍ കുറച്ചു കൊതുക് കടി കൊണ്ടിരുന്നു. ആ സംഭവം പറയാം, അതിനു മുന്‍പേ വേറൊരു കാര്യം പറയാം. എന്‍റെ ഓണ്‍ലൈന്‍ സുഹൃത്ത്‌ അരുണ്‍ എന്നോട് പറഞ്ഞു കുറച്ചു സിനിമ സ്മരണകള്‍ എഴുതണമെന്ന്. അപ്പോള്‍ പെട്ടെന്ന് ഓര്‍മ്മയില്‍ വന്നത് ഈ കൊതുക് കടിയാണ്.


സംഭവം നടക്കുന്നത് 2005 നവംബര്‍ നാലാം തിയ്യതി. അതായത് രാജമാണിക്യം റിലീസ് ചെയ്യുന്നതിന്‍റെ തലേ ദിവസം. അന്ന് ഞാന്‍ തൃശൂര്‍ സൈന്‍ മാജിക്കില്‍ ജോലി ചെയ്യുന്ന കാലം. മമ്മൂട്ടി ഒരു ആവേശമായി നിന്നിരുന്ന സമയം. രാജമാണിക്യം റിലീസിന് കെട്ടാനുള്ള കുറെ ഫ്ലെക്സ്‌ പ്രിന്‍റ് ചെയ്യാന്‍ ഉണ്ടായിരുന്നു. തലേ ദിവസമാണ് എല്ലാവരും അത് ചെയ്യാന്‍ വന്നത്, അത് കൊണ്ട് അന്ന് ഞാന്‍ ഓഫീസില്‍ നിന്ന് ഇറങ്ങാന്‍ വൈകി. അന്ന് കേച്ചേരിയിലെ ഫാന്‍സിന്‍റെ വക ഒരു ഫ്ലെക്സ്‌ തിയ്യറ്ററില്‍ വെക്കാന്‍ അവര്‍ എന്നെ ഏല്‍പ്പിച്ചിരുന്നു. ഞാന്‍ അതുമായി രാഗത്തില്‍ പോയി. അത് അവര്‍ക്ക് കൊടുത്തു പെട്ടെന്ന് വലിയാം എന്ന് കരുതിയാണ് ചെന്നത്. അപ്പോളാണ് അറിഞ്ഞത് സെക്കന്‍റ്ഷോ കഴിഞ്ഞു ആളുകളെല്ലാം പോയി കഴിഞ്ഞ ശേഷമേ ഇതെല്ലം വെക്കാന്‍ സാധിക്കു എന്ന്. ഞാന്‍ ഭാരതില്‍ പോയി ഫുഡ്‌ കഴിച്ചു തിരിച്ചു വന്ന് അവിടെ വെയിറ്റ് ചെയ്തു. ഓഫീസിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ ഹാരിസ്‌ (എന്‍റെ സഹപ്രവര്‍ത്തകന്‍ ) പറഞ്ഞു ഇന്ന് രാത്രി പണിയുണ്ട് അപ്പൊള്‍ അവരവിടെ തന്നെ കാണും എന്ന്. അങ്ങനെ ഓഫീസില്‍ നില്‍ക്കാം എന്നുള്ള കണക്ക് കൂട്ടി ഞാന്‍ വീട്ടിലേക്കു വിളിച്ചു ഇന്ന് വരില്ല എന്ന് പറഞ്ഞു. ഇടക്കങ്ങിനെ നില്‍ക്കാറുണ്ട്. അങ്ങനെ സെക്കന്‍റ്ഷോ കഴിഞ്ഞു ആളുകള്‍ പോയി ഫ്ലക്സ് എല്ലാം വെച്ച് കഴിഞ്ഞപ്പോള്‍ സമയം 1 മണി കഴിഞ്ഞു.

ഞാന്‍ ഒരു ഓട്ടോ വിളിച്ചു ഓഫീസിലേക്ക് ചെന്നപ്പോള്‍ അവിടെ അടച്ചു കിടക്കുന്നു. ഞാന്‍ ഉടനെ ഹാരിസിനെ വിളിച്ചു, അവന്‍ പറഞ്ഞു പണി പെട്ടെന്ന് കഴിഞ്ഞ കാരണം അവര്‍ പോയി എന്ന്. ഞാന്‍ വരുന്ന കാര്യം അവരോടു പറഞ്ഞിരുന്നുമില്ല. എന്തായാലും ഞാന്‍ കുടുങ്ങി. കൂരാ കൂരിരുട്ടില്‍ എന്ത് ചെയ്യണം എന്നറിയാതെ ചുറ്റിനും നോക്കിയപ്പോ അടുത്തുള്ള വര്‍ക്ക് ഷോപ്പില്‍ ഒരു വെളിച്ചം. ഞാന്‍ ബാഗും തൂക്കി അങ്ങോട്ട്‌ നടന്നു. അവിടെ ചെന്നപ്പോള്‍ ഒരുത്തന്‍ ഒരു വണ്ടിയുടെ അടിയില്‍ കിടന്ന് എന്തോ നന്നാക്കുകയാണ്. ഞാനവനെ വിളിച്ചു. കയ്യിലും മുഖത്തും കരിയുമായി അവന്‍ പുറത്തേക്കു വന്നു.

ഞാന്‍ : ചേട്ടാ , ഞാന്‍ ദേ ആ കമ്പനിയിലാ വര്‍ക്ക് ചെയ്യുന്നത്. രാത്രി അവിടെ നില്‍ക്കാം എന്ന് കരുതി വന്നതാ, പക്ഷെ അവര്‍ അടച്ചു പോയി, ഇനിയിപ്പോള്‍ ഈ നേരത്ത് വീട്ടില്‍ പോകാന്‍ വയ്യ, ഇന്ന് രാത്രി ഇവിടെയൊന്നു കിടന്നോട്ടെ? നാളെ കാലത്ത് നേരത്തെ പോയ്ക്കോളാം.

അവനെന്നെ അടിമുടി ഒന്ന് നോക്കി.പിന്നെ ചിരിച്ചു എന്നിട്ട് പറഞ്ഞു : നില്‍ക്കുന്നതില്‍ കുഴപ്പമില്ല. പക്ഷെ നിങ്ങള്‍ എവിടെ കിടക്കും?

അപ്പോളാണ് ഞാന്‍ വര്‍ക്ക്ഷോപ്പ്‌ ഒന്ന് നോക്കിയത്, ആകെ പഴകിയ സാധനങ്ങളും തുണികളും മാത്രം. അപ്പോളാണ് അവിടെ ഒരു ബസിന്‍റെ രണ്ട് മൂന്നു സീറ്റുകള്‍ അടുത്തടുത്ത്‌ ഇട്ടിരിക്കുന്നത് കണ്ടത്‌. എനിക്കൊന്നു തല ചായ്ക്കാന്‍ ആ സ്ഥലം ധാരാളം.

ഞാന്‍ അവനോടു പറഞ്ഞു “ ഞാന്‍ അവിടെ കിടന്നോളാം

അവന്‍ വീണ്ടും ചിരിച്ചു. എന്നിട്ട് ചോദിച്ചു “ അപ്പൊള്‍ ഞാനെവിടെ കിടക്കും?

അത് അവന്‍ കിടക്കുന്ന സ്ഥലമായിരുന്നു എന്ന് മനസ്സിലായി. എന്നാല്‍ പിന്നെ പോകാം എന്ന് കരുതി തിരിച്ചു നടക്കാനൊരുങ്ങിയപ്പോള്‍ അവന്‍ എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു " അല്ലെങ്കില്‍ ഒരു കാര്യം ചെയ്യ്, നിങ്ങള്‍ അവിടെ കിടന്നോ, എന്‍റെ പണി കഴിയുമ്പോ എന്തായാലും നേരം വെളുക്കും. അപ്പൊള്‍ എന്തെങ്കിലും ചെയ്യാം"

അവനോടു നന്ദി പറഞ്ഞു ഞാന്‍ ആ സീറ്റില്‍ കയറി കിടന്നു, ഇനി സുഖമായി ഉറങ്ങാം എന്നു മനസ്സില്‍ കരുതി. അപ്പോളാണ് എന്‍റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് നാല് ഭാഗത്ത്‌ നിന്നും കൊതുകുകളുടെ ആക്രമണം ഉണ്ടായത്. കയ്യിലും കാലിലും മുഖത്തും പുറത്തും കൊതുക് കടിക്കുന്നു. നിസ്സഹായതയോടെ ഞാന്‍ അവനെ നോക്കി, അവന്‍ ഒരു കമ്പി കൊണ്ട് എന്തിലോ ശക്തിയായി അടിക്കുന്നുണ്ട്. കൊതുക് കടിയൊന്നും അവന്‍ അറിയുന്നില്ല എന്ന് തോന്നി. ഞാന്‍ എങ്ങനെ കിടന്നാലും കടി തുടരുന്നു. ഒരു പുതപ്പ് കിട്ടിയിരുന്നെങ്കില്‍ അത് കൊണ്ട് ദേഹം മൂടായിരുന്നു. തൃശ്ശൂരിലെ കൊതുകുകള്‍ക്ക് ഇത്തിരി മൊട കൂടുതല്‍ ഉള്ള പോലെ എനിക്ക് തോന്നി. രാഗത്തിലേക്ക് പോകാന്‍ തോന്നിയ ആ നിമിഷത്തെ ഓര്‍ത്ത്‌ ഞാന്‍ ശപിച്ചു. അങ്ങനെ കടി കൊണ്ട് കൊണ്ട് എപ്പോളോ ഞാന്‍ ഉറങ്ങി പോയി.

അലാറം വെച്ചിരുന്ന കാരണം ആറര മണിക്ക് ഞാന്‍ എഴുന്നേറ്റു. ആദ്യം ഞാന്‍ നോക്കിയത് അവനെയാണ്. അവന്‍ തറയില്‍ ഒരു തോര്‍ത്തുമുണ്ട് വിരിച്ചു ഉറങ്ങുന്നതാണ് കണ്ടത്. അവന്‍റെ ആ കിടപ്പ് കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി. അവനെ വിളിക്കണ്ട എന്ന് ആദ്യം കരുതി, പക്ഷെ പറയാതെ പോകുന്നത് ഒരു മര്യാദ അല്ലല്ലോ എന്നോര്‍ത്ത് വിളിച്ചു. അവന്‍ കണ്ണ് തിരുമ്മി കൊണ്ട് എന്നെ നോക്കി. ഞാന്‍ പോട്ടെ എന്ന് ചോദിച്ചു. അവന്‍ ഓക്കേ എന്ന് തല കുലുക്കി.

അങ്ങനെ ഞാന്‍ 7 മണിക്ക് വീട്ടിലെത്തി. ഒന്‍പതു മണിയോടെ വീണ്ടും രാഗത്തില്‍ പോയി. അങ്ങനെ ഫാന്‍സുകാരുടെ കൂടെ ആദ്യ ഷോ കണ്ടു. കൊതുക് കടിയുടെയും ഉറക്കത്തിന്‍റെയും എല്ലാം ക്ഷീണം മമ്മുക്ക തീര്‍ത്തു. കയ്യടിച്ചു തകര്‍ത്ത നിമിഷങ്ങള്‍. ഇന്നും ഓര്‍മ്മയുണ്ട് എല്ലാവരുടെയും മുഖത്തെ ആ ആവേശം. ആ പയ്യനെ പിന്നെ കാണണം എന്ന് കരുതിയിരുന്നു എങ്കിലും നിര്‍ഭാഗ്യവശാല്‍ അതിനു സാധിച്ചില്ല. ഇനി എന്നെങ്കിലും കാണുമോ എന്നും ഉറപ്പില്ല. എങ്കിലും ഇന്നും രാജമാണിക്യം കാണുമ്പോള്‍ അന്നത്തെ ആ രാത്രിയും കൊതുക് കടിയുമൊക്കെ ഓര്‍മ്മ വരും. പിന്നെ ഒരു പരിചയവുമില്ലാത്ത എനിക്ക് വേണ്ടി സ്വന്തം ബെഡ് ഒഴിഞ്ഞു തന്ന അവനെയും. ചില ഓര്‍മ്മകള്‍ അങ്ങനെയാണ്..വര്‍ഷങ്ങള്‍ കഴിയും തോറും മധുരം കൂടും..വീഞ്ഞ് പോലെ..

Sunday, November 4, 2012

ഓര്‍മ്മകളുടെ തിരുമുറ്റം.. !!


കഴിഞ്ഞ ദിവസം ദുബായില്‍ വെച്ച് എന്‍റെ സഹപാഠിയായിരുന്ന രജീഷിനെ കണ്ടു. എന്‍റെ കല്യാണത്തിന് ശേഷം ഞങ്ങള്‍ ഇപ്പോളാണ് കാണുന്നത്. ഞങ്ങള്‍ സാധാരണ പോലെ വ്യാഴാഴ്ച ദിവസങ്ങളില്‍ വൈകുന്നേരം പുറത്ത് പോയതായിരുന്നു. അപ്പോളാണ് അവന്‍ വിളിച്ചത്.അത് കൊണ്ട് അവനോട് അവിടെ തന്നെ നില്‍ക്കാന്‍ പറഞ്ഞു. അങ്ങനെയാണ് അവനെ കണ്ടത്‌. അവന്‍ കുറച്ചു തടിച്ചു, അല്ലാതെ വേറെ മാറ്റം ഒന്നും തോന്നിയില്ല. ഇത് വരെ കല്യാണം കഴിഞ്ഞിട്ടില്ല. അടുത്ത വര്‍ഷം നാട്ടില്‍ പോകും. അവന്‍ എന്റെ മോനെ എടുത്തു കളിപ്പിച്ചു. ഞങ്ങള്‍ സംസാരിച്ചു നില്‍ക്കുമ്പോളാണ് ആകാശത്ത് വര്‍ണ്ണങ്ങള്‍ വാരി വിതറി DSF സ്പെഷ്യല്‍ വെടിക്കെട്ട്‌ നടന്നത്.


പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ നല്ല കൂട്ടായിരുന്നു. ഞാന്‍ എന്‍റെ വീട്ടിലെയും തറവാട്ടിലെയും ഒരു വിധം എല്ലാ കാര്യങ്ങളും അവനോടു പറയുമായിരുന്നു. പറയാന്‍ എനിക്കും കേള്‍ക്കാന്‍ അവനും ഇഷ്ടമായിരുന്നു. അവന്‍ അന്നേ ഒരു പാട് സിനിമകള്‍ കാണുമായിരുന്നു. "മഴയെത്തും മുന്‍പേ" എന്ന സിനിമയുടെ കഥയൊക്കെ അവന്‍ എനിക്ക് പറഞ്ഞു തന്നത് ഇന്നലെ കഴിഞ്ഞ പോലെ ഓര്‍മ്മയുണ്ട്. പ്രത്യേകിച്ചു അതിന്‍റെ ക്ലൈമാക്സ്‌ സീന്‍സ്. അവന്‍ പറയും “ അങ്ങനെ അവസാനം ശ്രീനിവാസനും മമ്മൂട്ടിയും കൂടെ ശോഭനയുടെ വീട്ടിലെത്തുമ്പോള്‍ നല്ല മഴ" എന്ന്. അന്ന് കണ്ടപ്പോളും ഞാന്‍ ആ കാര്യം അവനോട് പറഞ്ഞു. മയില്‍പ്പീലിക്കാവ് ഇറങ്ങിയ സമയത്ത് അതായിരുന്നു അവന്‍റെ പ്രിയപ്പെട്ട സിനിമ. അത് അവന്‍ നാല് തവണയോ മറ്റോ കണ്ടിട്ടുണ്ട് എന്നാണ് എന്‍റെ അറിവ്.

പത്താം ക്ലാസിലെ അവസാന ദിവസം ഞങ്ങള്‍ ഒരുമിച്ചാണ് സ്കൂളില്‍ നിന്നും പോന്നത്. അന്ന് ഫോട്ടോ എടുക്കലും, ഓട്ടോഗ്രാഫ് എഴുതലും, സെന്‍റ് ഓഫും എല്ലാം ആയി ആകെ ബഹളം. എല്ലാവരും പിരിയാന്‍ പോകുന്നു എന്ന് ഓര്‍ക്കുമ്പോള്‍ തന്നെ വിഷമം. ഒരേ ബഞ്ചില്‍ ഇരുന്നവര്‍, ഒരേ ബസില്‍ പോയിരുന്നവര്‍, ഒരേ നാട്ടുകാര്‍, ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചിരുന്നവര്‍, ഒരുമിച്ചു പള്ളിയില്‍ പോയിരുന്നവര്‍ അങ്ങനെ എല്ലാവരും തമ്മില്‍ ഏതെങ്കിലുമൊക്കെ തരത്തില്‍ നല്ല കൂട്ടായിരുന്നു. ക്ലാസ്സിലെ പെണ്‍കുട്ടികള്‍ എല്ലാവരും ഞങ്ങളുമായി നല്ല സൌഹൃദം ഉണ്ടായിരുന്നു. കൌമാരത്തിലേക്ക് കടന്ന ആ സമയം തോന്നിയ ചില പ്രണയങ്ങള്‍, പറയാതെ പോയ ചില ഇഷ്ട്ടങ്ങള്‍. എല്ലാം ആ വൈകിയ വേളയില്‍ ഞങ്ങള്‍ നെടുവീര്‍പ്പോടെ ഓര്‍ത്തു പോയി. ഇനി എന്ന് പരസ്പരം കാണും എന്നറിയില്ലെങ്കിലും കാണാം എന്ന് പറഞ്ഞു കൂട്ടുകാരെല്ലാവരും ഓരോരുത്തരായി യാത്ര പറഞ്ഞു പോയി. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും മാത്രം പോകാന്‍ സാധിച്ചില്ല. കുറെ നേരം ഞങ്ങള്‍ ക്ലാസ്സില്‍ തന്നെ ഇരുന്നു. ഒടുവില്‍ പ്യൂണ്‍ വന്നു ക്ലാസ്സ്‌ റൂമുകള്‍ ഓരോന്നായി അടച്ചപ്പോള്‍ ഞങ്ങള്‍ സ്കൂളിന്‍റെ പുറത്തിറങ്ങി. എന്തൊക്കെയോ പറഞ്ഞു ഞങ്ങള്‍ അവിടെ ഒരു കലുങ്കില്‍ ഇരുന്നു. മനസ്സ് അറിയാതെ ആര്‍ദ്രമാകുന്ന അത്തരം നിമിഷങ്ങളില്‍ വാക്കുകള്‍ പുറത്തേക്ക് വരില്ല. നമ്മള്‍ ഇനി എന്നാടാ കാണുക എന്നൊക്കെ അവന്‍ ചോദിച്ചു. ഒടുവില്‍ അവനു പോകാനുള്ള ബസ്‌ അകലെ നിന്ന് വരുന്നത് ഞങ്ങള്‍ കണ്ടു.

"എന്നാ ഞാന്‍ പോട്ടെടാ? എന്ന് അവന്‍ ചോദിച്ചു. ശരി എന്ന് ഞാന്‍ പറഞ്ഞു, ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അങ്ങനെ അവന്‍ ആ ബസില്‍ കയറി പോയി. അത് എന്‍റെ കണ്ണില്‍ നിന്നും മറയുന്നത് വരെ ഞാന്‍ നോക്കി ഇരുന്നു. ഒരു പാട് ബഹളം നിറഞ്ഞു നിന്നിരുന്ന ആ സ്കൂള്‍ പരിസരത്ത് ഇപ്പോള്‍ ഞാന്‍ മാത്രം. എനിക്ക് പോകാനുള്ള ബസ്‌ വന്നെങ്കിലും ഞാന്‍ അതില്‍ കയറിയില്ല, കയറാന്‍ തോന്നിയില്ല. ഞാന്‍ ഞങ്ങള്‍ ഇടവേളകളില്‍ പോകാറുള്ള ഗോപിയേട്ടന്‍റെ ചായ കടയിലേക്ക് ചെന്നു. ഞങ്ങള്‍ ഇരിക്കാറുള്ള ആ ബഞ്ചില്‍ തനിയെ ഇരുന്നു. എന്‍റെ ആ ഇരിപ്പ് കണ്ടു ഗോപിയേട്ടന്‍റെ ഭാര്യ എന്നോട് ചോദിച്ചു “ എന്താ കൂട്ടുകാരൊക്കെ പോയോ? “ പോയി എന്ന് ഞാന്‍ പറഞ്ഞു. പിന്നെയും കുറച്ചു നേരം കൂടെ ഞാന്‍ അവിടെ അങ്ങിനെ ഒറ്റക്കിരുന്നു. ഗോപിയേട്ടന്‍ വന്നപ്പോള്‍ ഞാനൊരു ചായ കുടിച്ചു. പിന്നെ കുറച്ചു ദൂരം നടന്നു. സ്ഥിരം പോകാറുള്ള ജോഷിയെട്ടന്‍റെ ബേക്കറി കടയില്‍ പോയി ആളോട് യാത്ര പറഞ്ഞു. എന്നിട്ടാണ് വീട്ടില്‍ പോയത്. ദാ ഇതാണ് ഗോപിയേട്ടന്‍റെ കട.


ഗോപിയേട്ടന്‍റെ കട ഞങ്ങളുടെ ഒരു താവളം ആയിരുന്നു. ചിറ്റാട്ടുകര സ്കൂളില്‍ പഠിച്ച എല്ലാവര്‍ക്കും ആ കട സുപരിചിതമാണ്. ഗോപിയേട്ടന്‍റെ രണ്ടു മക്കളും അന്ന് ചെറുതായിരുന്നു. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. മോന്‍റെ പേരാണ് കടക്കിട്ടിരിക്കുന്നത്, അനൂപ്‌ ടീ ഷോപ്പ്. ഞങ്ങള്‍ ചായ കുടിക്കാനോ ബോണ്ട കഴിക്കാനോ അവിടെ ഇരിക്കുമ്പോള്‍ അവര്‍ രണ്ടു പേരും സ്കൂള്‍ വിട്ടു അവിടെ വരാറുണ്ട്. സ്കൂള്‍ ജീവിതത്തിനു ശേഷവും പല തവണ ഞാന്‍ ആ കടയില്‍ പോയിട്ടുണ്ട്, ആ പഴയ ബഞ്ചില്‍ വീണ്ടും ചെന്നിരുന്ന് ചായ കഴിക്കാറുണ്ട്. എന്തോ അവിടെ ഇരിക്കുമ്പോള്‍ കൊഴിഞ്ഞു പോയ ആ നല്ല കാലം വീണ്ടും മനസ്സിലേക്ക് ഓടിയെത്തും. ഇപ്പോളും ഞാന്‍ എന്ന് നാട്ടില്‍ ചെന്നാലും ഗോപിയേട്ടനെ കാണാന്‍ പോകാറുണ്ട്. ആളുടെ ഭാര്യ ഇപ്പോളും അവിടെ തന്നെയുണ്ട്. മോളുടെ കല്യാണം കഴിഞ്ഞു എന്ന് ഒരു തവണ ഗോപിയേട്ടന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്‍റെ മനസ്സില്‍ അവള്‍ ഇപ്പോഴും ആ കുട്ടിപാവാടക്കാരിയായിരുന്നു. ഇടയില്‍ പത്തു പന്ത്രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞതൊന്നും അറിഞ്ഞതേയില്ല. എന്‍റെ കല്യാണം കഴിഞ്ഞ സമയത്ത് ഒരിക്കല്‍ ഞാന്‍ ജാസ്മിനെയും കൂട്ടി അവിടെ പോയിരുന്നു. എന്‍റെ പഴയ കഥകളൊക്കെ വള്ളിപുള്ളി വിടാതെ അറിയുന്ന അവള്‍ക്കു ഗോപിയെട്ടനും ഭാര്യയും വളരെ പരിചിതരായിരുന്നു. ഞങ്ങളുടെ പ്രണയ കഥ അറിയാവുന്നത് കൊണ്ട് അവര്‍ക്ക് തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു. അന്ന് ഗോപിയേട്ടന്‍റെ ഭാര്യ അവള്‍ക്കൊരു അരിയുണ്ട കൊടുത്തു. ഒരിക്കല്‍ മോന്‍റെ കൂടെയും ഞങ്ങള്‍ അവിടെ പോയിട്ടുണ്ട്. അന്നെടുത്ത ഫോട്ടോസ് ആണ് ഇതിന്‍റെ കൂടെ ഉള്ളത്. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ അവിടെ പോയപ്പോള്‍ ഗോപിയേട്ടനെ കണ്ടില്ല, പകരം ആളുടെ മകനെ കണ്ടു.അവന്‍ കട പൂട്ടി അമ്മയെയും പിന്നില്‍ ഇരുത്തി ബൈക്കില്‍ വീട്ടില്‍ പോകാന്‍ നില്‍ക്കുമ്പോളാണ് ഞങ്ങള്‍ ചെന്നത്. അവന്‍ ഇപ്പോള്‍ വലിയ ചെക്കനായി. ഗോപിയേട്ടന് വയ്യ, അതാണ് കടയില്‍ വരാത്തത് എന്ന് ഭാര്യ പറഞ്ഞു. നേരം ഇരുട്ടിയ കാരണം അന്ന് ഞങ്ങള്‍ക്ക് ആളെ കാണാന്‍ പോകാന്‍ പറ്റിയില്ല, പിന്നെ ഇത് വരെ അവരെ കാണാന്‍ പോയിട്ടില്ല..ഇനിയൊരിക്കല്‍ പോകണം. ദാ ഇതാണ് ഗോപിയേട്ടന്‍.


ഇന്നും എന്‍റെ മനസ്സ് ആ സ്കൂള്‍ പരിസരത്ത് എവിടെയോ കറങ്ങി നടക്കുന്നത് ഞാന്‍ അറിയുന്നു. ഇപ്പോളും ആ സ്കൂളിന്‍റെ മുന്‍പിലൂടെ പോകുമ്പോള്‍ ഞാന്‍ വണ്ടി നിര്‍ത്തും. കുറച്ചു സമയം എന്തൊക്കെയോ ഓര്‍ത്തു അങ്ങനെ നില്‍ക്കും. പഴയ പല കടകളും ഇന്നവിടെ ഇല്ല. ഞങ്ങള്‍ നടന്നിരുന്ന ആ ഇടവഴിയും, കളിച്ചിരുന്ന ആ ഗ്രൌണ്ടും മാത്രം അത് പോലെയുണ്ട്. ഓര്‍മ്മകള്‍ ഒരു ഭാരമാണ്. ഇറക്കി വെക്കാന്‍ കഴിയാത്ത ഒരു ഭാരം. ചിലപ്പോള്‍ അത് നമ്മളെ കുത്തി നോവിക്കും..സുഖമുള്ള ഒരു നോവ്‌ !!

Thursday, September 20, 2012

വീണ്ടുമൊരു അവധിക്കാലം.. !!


ഒന്നര വര്‍ഷത്തിനു ശേഷം നാളെ നാട്ടിലേക്കു പോവുകയാണ്. ഒരു മാസം നില്‍ക്കാം എന്ന് കരുതി സന്തോഷിച്ചതാണ് , പക്ഷെ കിട്ടിയത് വെറും 22 ദിവസങ്ങളാണ്. ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് കരുതി സമാധാനിക്കാം. നഷ്ട്ട്ടപ്പെട്ട കുറെ ഇഷ്ട്ടങ്ങള്‍ സ്വന്തമാക്കാന്‍ കുറച്ചു ദിവസങ്ങള്‍. ലീവിന്റെ കാര്യം പറഞ്ഞപ്പോ പലരും ചോദിച്ച ഒരു കാര്യം " നിന്റെ ഫാമിലി കൂടെയില്ലേ? പിന്നെ ഇപ്പൊ എന്തിനാ ഒരു ലീവ്? എന്നാണ്. ഈ ചോദ്യത്തിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലാകുന്നില്ല. ഫാമിലി എന്ന് പറഞ്ഞാല്‍ ഭാര്യയും കുഞ്ഞും മാത്രമാണോ? എനിക്ക് എന്റെ ഉപ്പയെയും ഉമ്മയെയും കാണണ്ടേ? മറ്റു ബന്ധുക്കളെയും കൂട്ടുകാരെയും കാണണ്ടേ? നാടിനെയും നാട്ടുകാരെയും കാണണ്ടേ?


എല്ലാ തവണയും നാട്ടിലേക്ക്‌ പോകാനുള്ള ദിവസം ആകുമ്പോള്‍ ആകെ ഒരു അസ്വസ്ഥതയാണ്. മനസ്സ് മുഴുവനും എന്തൊക്കെയോ ചിന്തകള്‍. നാട്ടില്‍ ചെന്നാല്‍ ചെയ്യാനുള്ള കാര്യങ്ങളുടെയും കാണാനുള്ള ആള്‍ക്കാരുടെയും ഒരു ലിസ്റ്റ് മനസ്സില്‍ ഉണ്ട്. വിചാരിച്ച എല്ലാം ചെയ്തു തീര്‍ക്കാനോ എല്ലാവരെയും കാണാനോ കഴിയുന്നതിനു മുന്‍പേ മടക്കയാത്ര ആകും. അതെന്നും അങ്ങിനെ തന്നെ ആയിരുന്നു. നാട്ടിലേക്ക് കൊണ്ട് പോകാനുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ ഇന്നലെ ലുലുവില്‍ പോയി. അവിടെ എന്നെ പോലെ പലരും എന്തൊക്കെയോ സാധനങ്ങള്‍ വാങ്ങി ട്രോളി നിറക്കുന്ന കാഴ്ച്ച കണ്ടു. ഒരു സാധാരണക്കാരന്‍ നാട്ടിലേക്ക്‌ പോകുമ്പോള്‍ എന്തൊക്കെ കൊണ്ട് പോകണം എന്നത് ഞാന്‍ വെറുതെ ചിന്തിച്ചു . സോപ്പും, പാല്‍പ്പൊടിയും, പെര്‍ഫ്യൂമും, വാച്ചും, പേനയും, ഉടുപ്പും, മിട്ടായികളും, ബാഗും, ടാങ്കും എന്ന് വേണ്ട ഷേവ് ചെയ്യാനുള്ള ക്രീമും ബ്ലേഡും അടക്കം. അങ്ങനെ എന്തൊക്കെ കൊണ്ട് പോകണം. വീട്ടിലെ ഉപയോഗത്തിനുള്ള അവശ്യ സാധനങ്ങള്‍ മാത്രമായി ഒരു യാത്ര ശരിയാകുമോ? അങ്ങനെ ചെയ്യുന്നവര്‍ ഉണ്ടാകാം, പക്ഷെ പലപ്പോഴും എനിക്ക് അതിനു കഴിയാറില്ല. ഇതില്‍ പലതും നമ്മുടെ വീട്ടിലേക്ക്‌ മാത്രമായല്ല കൊണ്ട് പോകുന്നത്. അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും എല്ലാമായി വീതിച്ചു കൊടുക്കും. ഗള്‍ഫില്‍ നിന്നുള്ള സാധനങ്ങള്‍ കിട്ടുമ്പോള്‍ എല്ലാര്‍ക്കും സന്തോഷം, അത് കാണുമ്പോ നമുക്കും ഒരു സന്തോഷം.

ഞാന്‍ ആലോചിക്കുന്നത് എന്നെകിലും നമ്മള്‍ ഇവിടത്തെ ജോലിയൊക്കെ അവസാനിപ്പിച്ചു നാട്ടില്‍ മടങ്ങിയെത്തിയാല്‍ ഒരു ചായ വാങ്ങി തരാന്‍ ഇവരില്‍ ആരെങ്കിലും ഉണ്ടാകുമോ? അറിയില്ല. ഉണ്ടാകില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. റിട്ടയര്‍ ചെയ്ത പോലീസ്കാരനും, മടങ്ങി ചെന്ന ഗള്‍ഫ്കാരനും ഒരു പോലെയാണെന്നു എവിടെയോ വായിച്ചതു ഓര്‍മ്മ വരുന്നു. അവരെ പിന്നെ ആര്‍ക്കും വേണ്ട. അവരെ ആരും വക വെക്കില്ല. പ്രവാസിയുടെ ജീവിതം മെഴുക് തിരി പോലെ ആണെന്ന് പലരും പറഞ്ഞു പഴകിയ ചൊല്ല് ഞാന്‍ ആവര്‍ത്തിക്കുന്നില്ല. എന്റെ ജീവിതം അങ്ങനെ ആയി എന്ന് എനിക്ക് ഇത് വരെ തോന്നിയിട്ടില്ല, അങ്ങനെ ആകാന്‍ എനിക്ക് ആഗ്രഹവുമില്ല. എങ്കിലും ജനിച്ച നാട്ടിലെ നമ്മുടെ കൊച്ചു കൊച്ചു ഇഷ്ട്ടങ്ങള്‍ നഷ്ട്ടപ്പെടുമ്പോള്‍ മറ്റെല്ലാ പ്രവാസികളെയും പോലെ ഒരു തിരിച്ചു പോക്കിനെ കുറിച്ച് ഞാനും ചിന്തിക്കാറുണ്ട്, പക്ഷെ സാമ്പത്തികം എന്ന ആ വലിയ വിഷയം വരുമ്പോള്‍ ആ ചിന്തകളെ തലയിണ കൊണ്ട് അമര്‍ത്തി ഞെരിച്ചു കൊണ്ട് കിടന്നുറങ്ങും.

ഇപ്പോള്‍ എന്നെ അലട്ടുന്ന വിഷയം ഇതൊന്നുമല്ല, അത് വിമാന യാത്രയാണ്‌. പല തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോളും വിമാന യാത്ര എനിക്കൊരു പേടി സ്വപ്നമാണ്. മൂന്നര മണിക്കൂര്‍ നീളുന്ന ആകാശ യാത്ര എനിക്ക് മുപ്പതു മണിക്കൂറിന്റെ നീളം തോന്നാറുണ്ട്, പലരും ചോദിക്കും എന്തിനാ പേടിക്കുന്നത്? എന്നായാലും മരിക്കണം, പിന്നെന്താ? ആ ചോദ്യം തന്നെ എനിക്ക് പേടിയാണ്. ഓരോ തവണ യാത്ര ചെയ്യുമ്പോളും ഇത് ജീവിതത്തിലെ അവസാനത്തെ യാത്രയാണ്‌ എന്ന് കരുതിയാണ് വിമാനത്തില്‍ ഇരിക്കുന്നത്. കുഴപ്പമൊന്നുമില്ലാതെ അവിടെ ഇറങ്ങി. പുറത്തിറങ്ങുമ്പോള്‍ ഒരു യോദ്ധാവിനെ പോലെ നെഞ്ചും വിരിച്ചു നടക്കും. ഇത്തവണത്തെ യാത്രയില്‍ ഞാന്‍ തനിച്ചല്ല, എന്റെ കൂടെ ജാസ്മിനും മോനും ഉണ്ട്, ഞങ്ങള്‍ ഒരുമിച്ചൊരു വിമാന യാത്ര ആദ്യമായാണ്, അതിന്റെ ഒരു സന്തോഷം ഉണ്ട്. നാട്ടിലെ മണ്ണില്‍ കാലു കുത്തുമ്പോള്‍ ഉള്ള ആ സന്തോഷം. പിന്നെ മനസ്സ് മുഴുവനും ആഹ്ലാദം മാത്രം, ജന്മ നാട്ടിലെ മണ്ണില്‍ കാല് കുത്താനുള്ള ആവേശം. പിന്നെ പുറത്ത്‌ നമ്മളെ കാത്തു നില്ക്കുമന്ന പ്രിയപ്പെട്ടവരുടെ അടുത്തേക്ക്‌ എത്താനുള്ള ഒരു തിടുക്കമാണ്. എയര്‍പോര്‍ട്ടില്‍ നിന്നും നമ്മുടെ വീട്ടിലേക്കുള്ള യാത്രയാണ്‌ എനിക്ക് ഏറെ ഇഷ്ടം ഉള്ള ഒരു യാത്ര. ആ സമയത്ത് മനസ്സില്‍ വേറെ ചിന്തകള്‍ ഒന്നുമില്ല, വിദേശത്തെ പ്രശ്നങ്ങള്‍ എല്ലാം മറന്ന്, നാട്ടിലെ പ്രശ്നങ്ങളിലേക്ക് എത്തും മുന്‍പുള്ള ഒരു ഒന്നര മണിക്കൂര്‍ യാത്ര. ഇടക്കൊന്നു നിര്ത്തി് നാട്ടിലെ ഒരു ചായ കുടിക്കുമ്പോ കിട്ടുന്ന ആ ഒരു സുഖം. അതൊന്നു വേറെ തന്നെയാണ്. വീട്ടിലെത്തുമ്പോ വരവേല്‍പ്പ് സിനിമയില്‍ മോഹന്‍ലാല്‍ ‍ പറഞ്ഞ ഡയലോഗ് ഓര്‍മ്മ വരും. “ജന്മ നാടിന്റെ സുഗന്ധം,സ്വന്തം വീട്ടിലെ സുരക്ഷിതത്വം. ഒടുവില്‍ ഞാന്‍ എന്റെ സ്വന്തം വീട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. :)

Thursday, August 16, 2012

റംസാന്‍ ഓര്‍മ്മകള്‍ !!

എത്ര പെട്ടെന്നാണ് ഇരുപത്തിയേഴ് നോയമ്പ് കടന്നു പോയതെന്ന് ആലോചിക്കുവായിരുന്നു ഞാന്‍. നാട്ടിലെ നോയമ്പ് കാലം പോലെ അല്ല ദുബായിലെ നോയമ്പ് കാലം, ഈ നഗരത്തെ പോലെ ഇവിടത്തെ റമദാന്‍ മാസവും പെട്ടെന്ന് കടന്നു പോകുന്ന പോലെ എപ്പോളും എനിക്ക് തോന്നിയിട്ടുണ്ട്. ഇനി ഏറിയാല്‍ മൂന്നു ദിവസം കൂടെ കഴിഞ്ഞാല്‍ പെരുന്നാളായി. എല്ലാവരും ഇപ്പൊ പുതുവസ്ത്രം എടുക്കുന്ന തിരക്കിലായിരിക്കും, ഞങ്ങള്‍ ഇത് വരെ പോയില്ല, ഇന്നോ നാളെയോ പോകണം എന്ന് കരുതുന്നു.
ഈ റമദാന്‍ മാസം കുറച്ചു നല്ല കാര്യങ്ങള്‍ കൂടെ തന്നാണ് കടന്നു പോയത്‌,രണ്ടു ആഴ്ച മുന്‍പേ കൈമക്കാരുടെ ഇഫ്താര്‍ ഉണ്ടായിരുന്നു, അന്ന് നാട്ടുകാരെ എല്ലാവരെയും കാണാന്‍ കഴിഞ്ഞത് സന്തോഷമായി, സുനി, സക്കറിയ, നവാസ്‌ അങ്ങനെ കുറെ പേരെ കുറെ നാളുകള്‍ക്ക് ശേഷം കണ്ടു. കഴിഞ്ഞ ആഴ്ച കമ്പനി ഇഫ്താര്‍ ഉണ്ടായിരുന്നു, അതിനും കമ്പനിയിലെ എല്ലാ ജീവനക്കാരും ഉണ്ടായിരുന്നു, കൂടാതെ ഈ തവണ അവരുടെ കുടുംബങ്ങളും പങ്കെടുത്തിരുന്നു, മുന്പോന്നും അങ്ങനെ ഒരു പതിവില്ല, അത് കൊണ്ട് തന്നെ അതും മറക്കാനാവാത്ത ഒരു അനുഭവം ആയി മാറി. പിന്നെ വീട്ടിലും രണ്ടു മൂന്നു ഇഫ്താര്‍ നടത്തിയിരുന്നു,മോന്റെ ജന്മ ദിനവും ഈ റമദാന്‍ മാസത്തിലായിരുന്നു, നല്ല കുറച്ചു സുഹൃത്തുക്കളുടെ സാന്നിധ്യം കൊണ്ട് അതും ഗംഭീരമായി. നാട്ടില്‍ ഉള്ളപ്പോ നോയമ്പ് കാലം കുറച്ചു കൂടെ മനോഹരമായിരുന്നു, എങ്ങും അതിന്റെ ഒരു ഉത്സാഹം കാണുമായിരുന്നു, ഇവിടെ അതില്ല എന്നല്ല, എന്നാലും നാട്ടിലെ എല്ലാ കാര്യങ്ങളും അതിന്റെതായ ഒരു സൌന്ദര്യം ഉണ്ടാകുമല്ലോ? അത് പോലെ ഇതും. തൃശൂര് സൈന്‍ മാജികില്‍ വര്‍ക്ക്‌ ചെയ്യുന്ന കാലത്ത് അടുത്തുള്ള പള്ളിയിലേക്ക്‌ ഞാനും ഹാരിസും മജീട്ക്കയും എല്ലാവരും കൂടെ നോമ്പ് തുറക്കാന്‍ പോയിരുന്നു, നോമ്പ് തുറന്ന ശേഷം അവിടെ നിന്ന് അല്പം ജീരക കഞ്ഞിയും ഉപ്പേരിയും കൂട്ടി കഴിച്ചിരുന്നത് ഇന്നും എരിവുള്ള ഒരു ഓര്‍മ്മ ആയി മനസ്സില്‍ ഉണ്ട്( മധുരമുള്ള എന്നു എഴുതിയപ്പോള്‍ ഒരു കൂതറ എന്നോടു ചോദിച്ചു,ജീരക കഞ്ഞി മധുരം അല്ലല്ലോ എരിവ് അല്ലേ ഉണ്ടാകുക എന്നു ). നോമ്പ് തുടങ്ങിയ സമയത്ത് ഇവിടെ ജാസ്മിന്‍ കുറച്ചു ദിവസം ജീരക കഞ്ഞി ഉണ്ടാകിയിരുന്നു, അത് എന്തോ ശരിയായില്ല, എങ്കിലും കുറച്ചു ദിവസം അത് ഞാന്‍ കഴിച്ചിരുന്നു. വളരെ ചെറുപ്പത്തില്‍ ഒരിക്കല്‍ നോയമ്പ് എടുത്തു പഴങ്ങള്‍ വാങ്ങാനായി ഉപ്പാടെ കൂടെ ഒരു കടയില്‍ പോയതും, വാങ്ങിയ മുന്തിരി മധുരം ഉണ്ടോ എന്ന് നോക്കാന്‍ ഞാന്‍ അതെടുത്ത്‌ കഴിച്ചു നോക്കിയതും ഇപ്പോളും ഒരു ചിരിയോടെ അല്ലാതെ ഓര്‍ക്കാന്‍ കഴിയില്ല, അബദ്ധത്തില്‍ ചെയ്യുന്നത് നോമ്പിനെ ബാധിക്കില്ല എന്നിരുന്നാലും. അന്നും ഉമ്മ ഉണ്ടാക്കുന്ന നോമ്പ് തുറ വിഭവങ്ങള്‍ എനിക്ക് പ്രിയപ്പെട്ടതാണ്, പത്തിരി, തരികഞ്ഞി അങ്ങനെ, കഴിഞ്ഞ ആറു വര്‍ഷമായി റമദാന്‍ മാസത്തില്‍ ഞാന്‍ ദുബായിലാണ്, പെരുന്നാളിനും വീട്ടില്‍ ഉണ്ടാകാന്‍ സാധിച്ചിട്ടില്ല. എല്ലാ നോമ്പും ഒരു അവസരമാണ്, വിശപ്പ്‌ അറിയാന്‍, അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാന്‍ ,തിന്മകള്‍ ഉപേക്ഷിക്കാന്‍, നല്ല കാര്യങ്ങള്‍ ചെയ്യാന്‍, പാവപെട്ടവനെ സഹായിക്കാന്‍, മതത്തിന്റെ പാതയില്‍ സഞ്ചരിക്കാന്‍, അങ്ങനെ ഒരു പാടു ഗുണങ്ങള്‍ ഈ മാസത്തിനു ഉണ്ട്, അതൊന്നും ഈ ഒരു മാസത്തേക്ക്‌ മാത്രമായി ചുരുക്കാതെ വരാന്‍ പോകുന്ന പതിനൊന്നു മാസവും പിന്തുടരാന്‍ കഴിയണം എല്ലാവര്ക്കും, കാരണം ഇസ്ലാം വെറുമൊരു മതം മാത്രമല്ല, മഹത്തായ ഒരു ജീവിത രീതി കൂടിയാണ് !!

Sunday, August 5, 2012

അല്പം സിനിമാ വിശേഷം !!

ഞാന്‍ ചെറുപ്പം തൊട്ടേ ധാരാളം സിനിമകള്‍ കാണാറുണ്ട്. കേച്ചേരിയിലെ ഒരേ ഒരു തിയറ്റര്‍ ആയ സവിതയില്‍ നിന്നാണ് അന്നൊക്കെ കൂടുതലും കാണാറ്. പിന്നെ കൈപ്പറമ്പു വിജയ ടാക്കീസ്,അത് ഇപ്പോ ഇല്ല. എന്റെ ഉപ്പാടെ കൂടെയും അടുത്ത വീട്ടിലെ സുനിയുടെയും സുധിയുടെയും കൂടെയും ഒക്കെയാണ് അന്ന് സിനിമകള്‍ കണ്ടിരുന്നത്. അന്ന് തൊട്ടേ സിനിമ എന്റെ ഇഷ്ട്ട വിനോദമാണ്. ഇന്ന് ഈ നിമിഷം വരെ അതിനു ഒരു മാറ്റവും ഇല്ല. പറഞ്ഞു വന്നത് എന്റെ ചില സിനിമ അനുഭവങ്ങള്‍ ഉണ്ട്. അതില്‍ ചിലത് എന്റെ ഉപ്പയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതില്‍ ചിലത് ഞാന്‍ പറയാം



വര്‍ഷം 1998. അന്ന് ഞാന്‍ ഡിഗ്രി ആദ്യ വര്‍ഷത്തിനു പഠിക്കുന്നു. അപ്പോള്‍ ഓണം അവധിയാണ്. സാധാരണ സിനിമ റിലീസ് ഉള്ള ദിവസം ഞാന്‍ പതിവിലും നേരത്തെ ഉണരും. പത്രം നോക്കി സിനിമ എവിടെയൊക്കെ കളിക്കുന്നു എന്നു നോക്കാന്‍ വേണ്ടിയാണ് ആ ഉദ്യമം. അങ്ങനെയിരിക്കെ സെപ്തംബര്‍ മൂന്നിന് ഹരികൃഷ്ണന്‍സ് എന്ന സിനിമ റിലീസ് ആകാന്‍ പോകുന്നു. കുറെ നാളുകളായി കാത്തിരിക്കുന്ന സിനിമ, അതും ഓണത്തിന്റെ അവധി സമയം. അത് കൊണ്ട്‌ തന്നെ അത് കാണാനുള്ള ടിക്കറ്റ്‌ ഞാന്‍ ഒരു മാസം മുന്‍പേ തന്നെ എന്റെ സുഹൃത്തുക്കളായ ഇരട്ട സഹോദരന്മാര്‍ അജയനോടും വിജയനോടും പറഞ്ഞു വെച്ചിട്ടുണ്ട്. അവര്‍ എന്റെ നാട്ടുകാരല്ല, പക്ഷെ എന്റെ നാട്ടിലുള്ള അവരുടെ ഒരു ബന്ധുവീട്ടിലേക്ക് വരാറുണ്ട്. ഞങ്ങള്‍ അങ്ങനെ പരിചയപ്പെട്ടതാണ്.രണ്ടു പേരും നല്ല കട്ട ലാല്‍ ഫാന്‍സ്‌ ആണ്. അവന്മാര്‍ എല്ലാ പടവും ആദ്യ ഷോ കാണുന്നവരാണ്. ചന്ദ്രലേഖക്കും ആറാം തമ്പുരാനുമൊക്കെ തൃശൂര്‍ രംദാസില്‍ ആദ്യ ഷോക്ക് തന്നെ അവര്‍ രണ്ടു പേരും കൂടെ വളരെ സാഹസികമായി ടിക്കറ്റ്‌ എടുത്തു കയറിയ കഥയൊക്കെ അവര്‍ പറഞ്ഞു തന്നെ ഞാന്‍ കേട്ടിട്ടുണ്ട്. അത് കൊണ്ട് ആ കാര്യത്തില്‍ എനിക്ക് പേടിയില്ല. എന്നോടു റിലീസ്‌ ദിവസം 12 മണിക്ക് കുന്നംകുളം ഭാവനയില്‍ എത്തിയാല്‍ മാത്രം മതി, ബാക്കി കാര്യം ഞങ്ങള്‍ ഏറ്റു എന്നാണ് അവര്‍ പറഞ്ഞത്. നോണ്‍ ഷോ തന്നെ വേണം എന്ന് ഞാന്‍ പറഞ്ഞിട്ടുമുണ്ട്. എങ്കിലും അവര്‍ പറഞ്ഞ പോലെ ആ ടിക്കറ്റ്‌ കിട്ടുമോ എന്ന ഒരു ആശങ്ക എന്റെ മനസ്സില്‍ ഉണ്ട്.

പടം റിലീസ്‌ ആയ ദിവസം കാലത്ത്‌ തന്നെ ഞാന്‍ പതിവ് പോലെ പേപ്പര്‍ നോക്കി സിനിമ പരസ്യം നോക്കി. ഓണം സീസണ്‍ ആയതു കൊണ്ട് വേറെയും കുറേ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്, സമ്മര്‍, ചിത്രശലഭം, മയില്‍പ്പീലിക്കാവ്, ഇലവങ്കോട് ദേശം അങ്ങനെ അങ്ങനെ. ഞാന്‍ അതെല്ലാം ആസ്വദിച്ചു കൊണ്ടിരിക്കുമ്പോള്‍ ഉമ്മ വന്നു പറഞ്ഞു "എടാ, പോയി ചായപ്പൊടി വാങ്ങി വായോ , ചായ വെക്കാന്‍ തീരെ ചായപ്പൊടി ഇല്ല “ എന്ന്. എന്നിട്ട് ഒരു 50 രൂപയും കയ്യില്‍ തന്നു. ഞാന്‍ ഉറക്ക ചടവോടെ ഒരു താല്പര്യവുമില്ലാതെ രാഘവേട്ടന്റെ കടയിലേക്ക്‌ നടന്നു. അപ്പോള്‍ സമയം ഏതാണ്ട് 8 മണി കഴിഞ്ഞിരുന്നു. സെന്ററില്‍ എതിയപ്പോളാണ് അവിടെ ഒരു കുന്നംകുളം ബസ് വന്നു നിന്നത്. വെറുതെ ഭാവന വരെ പോയി ആ തിരക്കും പോസ്റ്ററുകളും എല്ലാം ഒന്ന് കണ്ടിട്ട് വന്നാലോ എന്ന് ഞാന്‍ ആലോചിച്ചു. പെട്ടെന്നുള്ള ഒരു ആവേശത്തില്‍ ഒന്നും ചിന്തിക്കാതെ ഞാന്‍ ആ ബസില്‍ കയറി ഇരുന്നു.

അങ്ങനെ ഞാന്‍ കുന്നംകുളം ഭാവനയില്‍ എത്തി. ഒന്‍പതു മണി ആകുന്നെ ഉള്ളു, പക്ഷെ ആളുകള്‍ കൂടി കൂടി വരുന്നുണ്ട്. ഷോ 11.30 ആണെന്ന് സെക്യൂരിറ്റി പറഞ്ഞു. ഇപ്പൊ വരിയില്‍ അധികം ആളായിട്ടില്ല.ഞാന്‍ വേറെ ഒന്നും നോക്കിയില്ല,നേരെ കേറി ആ വരിയില്‍ നിന്നു. അജയനോ വിജയനോ വന്നാല്‍ അവന്മാരെ ആ വരിയില്‍ കയറ്റി നിര്‍ത്തി എനിക്കു വീട്ടില്‍ പോയി വരാം എന്നു കരുതിയാണ് കയറി നിന്നത്. പക്ഷേ അവന്മാര്‍ വന്നില്ല. അവരെ കാത്തു നിന്നു എന്റെ ക്ഷമ നശിച്ചു. ചായ പൊടി പ്രതീക്ഷിച്ചു കൊണ്ട് വീട്ടില്‍ എന്നെയും കാത്തിരിക്കുന്ന ഉമ്മയുടെ മുഖം മനസ്സില്‍ തെളിഞ്ഞു. വീട്ടില്‍ പോകണം എന്ന് അറിയാം, പക്ഷേ ഷോ ആലോചിക്കുമ്പോ മടങ്ങി പോകാനും വയ്യ. അങ്ങനെ നിന്ന് നിന്ന് 11 മണി ആയപ്പോള്‍ അജയനും വിജയനും അകലെ നിന്ന് സിഗരറ്റും വലിച്ചു പതുക്കെ നടന്നു വരുന്നത് ഞാന്‍ കണ്ടു. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു സിനിമയില്‍ മോഹന്‍ലാല്‍ ആദ്യ സീനില്‍ കാര്‍ എടുക്കാന്‍ ജഗതിയുടെ വീട്ടിലേക്കു വരുന്നത് പോലെ ആടിപ്പാടിയാണ് അവന്മാരുടെ വരവ്. അത് കണ്ടതോടെ എന്റെ ദേഷ്യം ഇരട്ടിച്ചു. ഞാന്‍ അവന്മാരെ എന്റെ അടുത്തേക്ക് വിളിച്ചു "ഡേയ്, ഒരു മാതിരി പരിപാടി കാണിക്കരുത്. ഞാന്‍ 8 മണിക്ക് വന്നു നില്ക്കുന്നതാ. നിങ്ങള്‍ ഇപ്പോളാണോ എഴുന്നള്ളുന്നത്?

അജയന്‍ : എടാ, ഞങ്ങള്‍ ഇറങ്ങാന്‍ വൈകി, എന്തായാലും നീ വരിയില്‍ കയറിയല്ലോ?അത് നന്നായി.

ഞാന്‍ : എടാ, ഞാന്‍ വീട്ടില്‍ നിന്ന് ചായപ്പൊടി വാങ്ങിക്കാന്‍ ഇറങ്ങിയതാണ്, എനിക്ക് പോകണം.

വിജയന്‍ : ചായപ്പൊടി ഒക്കെ നമുക്ക് പിന്നെ വാങ്ങിക്കാം, നീ ഒരു കാര്യം ചെയ്യൂ, ഒരു 4 ടിക്കറ്റ്‌ കൂടെ എടുക്കാന്‍ പറ്റുമോ എന്ന് എന്നു നോക്കൂ, ഞങ്ങള്‍ ദാ വരുന്നു “

അതും പറഞ്ഞു അവന്മാര്‍ ആ ആള്‍ കൂട്ടത്തിലേക്ക് പോയി. ഞാന്‍ ഇടി വെട്ടിയവനെ പാമ്പു കടിച്ചു എന്നു പറയുന്ന ഒരു അവസ്ഥയിലായി. പിന്നെ എന്തായാലും നനഞ്ഞു, ഇനി കുളിച്ചു കയറാം എന്നു ഞാനും കരുതി, അങ്ങനെ അവന്മാര്‍ക്കും അവരുടെ കൂടെ വന്ന രണ്ടു പേര്‍ക്കും കൂടെ ടിക്കറ്റ്‌ ഞാന്‍ എടുത്തു കൊടുത്തു. ഞങ്ങള്‍ എല്ലാവരും കൂടെ ആഘോഷമായി സിനിമ കണ്ടു.അത് പോലൊരു ഷോ ഞാന്‍ പിന്നെ കണ്ടത് 20:20 ആണ്. അത്ര മാത്രം ബഹളമായിരുന്നു അകത്ത്. അങ്ങനെ ഷോ കഴിഞ്ഞപ്പോള്‍ സമയം 2 മണി കഴിഞ്ഞു. സിനിമയുടെ ആവേശത്തില്‍ വിശപ്പ് അറിഞ്ഞിരുന്നില്ല. പക്ഷെ ഇപ്പോ നല്ല വിശപ്പുണ്ട്. ഭാവനയുടെ അടുത്തുള്ള ഒരു ഹോട്ടലില്‍ കയറി ഊണ് കഴിച്ചു. അജയനും വിജയനും വേറെ വഴിക്ക് പോയി. ഞാന്‍ പിന്നെ നേരെ വീട്ടിലേക്ക് വന്നു. വീട്ടില്‍ എന്ത് പറയും എന്നാലോചിച്ച് ഒരു പിടിയുമില്ല.

ആദ്യം രാഘവേട്ടന്റെ കടയില്‍ കയറി ചായപ്പൊടി വാങ്ങി. കാശ് ഇല്ലാത്ത കാരണം കടം പറഞ്ഞു. അപ്പോള്‍ സമയം 3 മണി. വീടിന്റെ മുന്‍ ഭാഗത്ത്‌ കൂടെ കേറാന്‍ ഒരു പേടി. നേരെ പിന്നിലേക്ക്‌ പോയി. അവിടത്തെ വാതിലിലൂടെ അകത്തേക്ക് നോക്കി. ഭാഗ്യം..ആരെയും കാണാനില്ല. ഉമ്മയും ഉപ്പയും ഉറങ്ങുന്ന സമയം. അവര്‍ അറിയാതെ ആ വാതിലിന്റെ പിടി ഞാന്‍ വടി കൊണ്ട് മെല്ലെ മെല്ലെ ഇളക്കി ഒരു വിധം അകത്തു കടന്നു. പക്ഷെ നേരെ ചെന്നു കേറിയത് ഉപ്പാടെ മുന്‍പിലും. പുള്ളി ഒന്നും പറഞ്ഞില്ല. നേരെ ഉമ്മാനെ വിളിച്ചു " ദേടി കാലത്ത് ചായപ്പൊടി വാങ്ങാന്‍ പോയ നിന്റെ മോന്‍"

അത് കേട്ടതും ഉമ്മ രംഗത്ത് വന്നു. എന്നെ തുറിച്ചു നോക്കി, ആ കണ്ണുകളില്‍ നിന്നു തീ പാറുന്നു.

ഉമ്മ : എന്തിനാടാ ഇപ്പോ തന്നെ പോന്നത്? അവിടെ തന്നെ കിടക്കായിരുന്നില്ലേ?

ഞാന്‍ തല താഴ്ത്തികൊണ്ട് ആ ചായപ്പൊടിയുടെ കവര്‍ മെല്ലെ നീട്ടി.

ഉമ്മ : ഇനി എന്തിനാ ചായപ്പൊടി? അതൊക്കെ ഉപ്പ വാങ്ങി കൊണ്ട് വന്നു.

ഞാന്‍ ഒന്നും മിണ്ടാതെ നേരെ എന്റെ റൂമില് പോയി കമിഴ്ന്നു കിടന്നു.
അത്തരം സന്ദര്‍ഭങ്ങളില്‍ മിണ്ടാതെ കിടക്കുന്നതാണ് നല്ലത്.

അപ്പോള്‍ ഉപ്പ ആ വഴി വീണ്ടും വന്നു, എന്നിട്ട ഉമ്മാട് വീണ്ടും " എടീ, പാവം വെയിലൊക്കെ കൊണ്ട് നന്നായി ക്ഷീണിച്ചാ വന്നേക്കുന്നത്, കിടക്കുന്നത് കണ്ടില്ലേ? അവന് ചോറ് കൊടുക്ക്.

ഞാന്‍ ഒന്നും പറയാന്‍ പറ്റാതെ ആ കിടപ്പ് തുടര്‍ന്നു.പിന്നെ ഉമ്മ വന്നു വിളിച്ചപ്പോള്‍ ഞാന്‍ പോയി ഊണ് കഴിച്ചു. ഹോട്ടലില്‍ നിന്ന് കഴിച്ച കാര്യം അവിടെ പറഞ്ഞില്ല. അപ്പോളാണ് ഉമ്മ പറഞ്ഞത് ഞാന്‍ പോയി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ പൂങ്കുന്നത്തു നിന്നു എന്റെ സുഹൃത്ത് സുമേഷ് വന്നിരുന്നു എന്ന്. അവന്‍ എന്റെ കൂടെ പ്രീ ഡിഗ്രിക്ക് പഠിച്ചതാണ്. അവന് ചായ കൊടുക്കാന്‍ വേണ്ടിയാണ് ഉപ്പ പോയി ചായപ്പൊടി വാങ്ങി വന്നത്. അവന്‍ ഞാന്‍ ഇപ്പൊ വരും ഇപ്പൊ വരും എന്ന് വിചാരിച്ച് ഉച്ച വരെ എന്നെ കാത്തു നിന്നു. ഒടുവില്‍ ഊണ് കഴിച്ചാണ് അവന്‍ മടങ്ങി പോയതത്രേ. ഞാന്‍ സിനിമയ്ക്കു പോയതാണ് എന്ന് അവനു മനസ്സിലായി. എന്റെ സ്വഭാവം അവനറിയാം, കാരണം അവനായിരുന്നു പ്രീ ഡിഗ്രീ കാലഘട്ടത്തില്‍ എന്റെ സിനിമ കമ്പനി. എന്തായാലും ആ ഒരു സംഭവത്തോടെ എന്റെ ഒരു സിനിമ ഭ്രമം വ്യക്തമായി ഉപ്പക്കും ഉമ്മക്കും മനസ്സിലായി. പിന്നീട് പലപ്പോഴും ഇത് പോലുള്ള സംഭവങ്ങള്‍ എന്റെ വീട്ടില്‍ അരങ്ങേറി

അടുത്ത സിനിമ :ദുബായ്


വേറൊരു സിനിമ ഓര്‍മ്മ പറയാം. വര്‍ഷം 2000. അന്ന് ഞാന്‍ ഡിഗ്രീ അവസാന വര്‍ഷം പഠിക്കുന്ന കാലം. അന്നും സിനിമ കാണലിന് കുറവൊന്നുമില്ല. ആയിടക്കാണ് " ദുബൈ “ എന്ന സിനിമ ഏറെ കാലത്തിനു ശേഷം റിലീസ് ആയത്. അന്നൊരു ഞായറാഴ്ച ആണ്. കാലത്ത്‌ പേപ്പര്‍ നോക്കിയപ്പോളാണ് പടം ഇറങ്ങിയ കാര്യം അറിഞ്ഞത്. സിനിമ കാണണം എങ്കില് തൃശൂര്‍ പോകണം. എനിക്കു ആണെങ്കില്‍ അന്ന് ക്ലാസ്സുമില്ല. തൃശൂര്‍ പോകാന്‍ ഒരു വഴിയുമില്ല. എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങി നില്‍ക്കുമ്പോളാണ്നി ഉപ്പ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടത്. ഞാന്‍ മുറ്റത്തേക്ക് ഓടി ചെന്നു. പുള്ളി എങ്ങോട്ടോ പോകാനുള്ള പരിപാടി ആണെന്ന് എനിക്ക് മനസ്സിലായി. ആളുടെ കൂടെ പോയാല്‍ എനിക്ക് എങ്ങനെയെങ്കിലും പുറത്തു കടക്കാം. ഞാന്‍ മെല്ലെ ഉപ്പാടെ അടുത്തേക്ക് ചെന്നു.

ഞാന്‍ : ഉപ്പ എങ്ങോട്ടാ പോകുന്നത്?

ഉപ്പ: ഞാനാ ഡ്രൈവര്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലെക്കാ, അവന്‍ കുറച്ചു ദിവസമായി വണ്ടി എടുക്കാന്‍ വരുന്നില്ല ( അന്ന് ഞങ്ങള്‍ക്ക് ഒരു ഓട്ടോ ഉണ്ട്, അതിന്റെ ഡ്രൈവര്‍ ആണ് ഈ ഉണ്ണികൃഷ്ണന്‍).

ഞാന്‍ : ആഹാ, എന്നാ പിന്നെ ഞാനും വരാം.

ഉപ്പ : അതിനു നീ എന്തിനാ വരുന്നത്?

ഞാന്‍ : അല്ല, എന്താണ് അവന്റെ ഉദ്ദേശം എന്നൊന്ന് അറിയണമല്ലോ. അവനു തോന്നുമ്പോ വരാനാണോ നമ്മള്‍ വണ്ടി ഓടിക്കാന്‍ ഏല്പിച്ചത്?

ഉപ്പ എന്നെ സംശയത്തോടെ ഒന്നു നോക്കി, പിന്നെ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു. ഞാന്‍ ഉടനെ തന്നെ പിന്നില്‍ കയറി ഇരുന്നു, വണ്ടി മുന്‍പോട്ടു നീങ്ങി. ഉണ്ണികൃഷ്ണന്റെ വീട് മഴുവഞ്ചേരിയിലാണ്. അങ്ങോട്ട് പോയാല്‍ എന്റെ എന്റെ കാര്യം നടക്കില്ല. കേച്ചേരി കഴിഞ്ഞാല്‍ പിന്നെ കുടുങ്ങും. അതിനു മുന്‍പ്‌ എന്തെങ്കിലും നുണ പറഞ്ഞു ഇറങ്ങിയെ പറ്റു എന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ കേച്ചേരി എത്തിയ ഉടനെ ഞാന്‍ പെട്ടെന്ന് തലയില്‍ കൈ വെച്ച് പറഞ്ഞു "അയ്യോ"

ഉപ്പ ചോദിച്ചു : എന്താടാ?

ഞാന്‍ : വണ്ടി നിര്‍ത്ത്, വണ്ടി നിര്‍ത്ത്.

ഉപ്പ വണ്ടി നിര്‍ത്തി. ഞാന്‍ മെല്ലെ ഇറങ്ങി. എന്നിട്ട് പറഞ്ഞു " അതേ, ഞാന്‍ ഇപ്പോള്‍ വന്നാല്‍ ശരിയാവില്ല. നമ്മടെ ഉസ്മാന്‍ എന്നോടു കാലത്ത് അവന്റെ കടയിലേക്കൊന്നു ചെല്ലാന്‍ പറഞ്ഞതാ. ഞാന്‍ അത് ഇപ്പോളാ ഓര്‍ത്തത്‌..ഒരു കാര്യം ചെയ്യ്, ഉപ്പ പൊക്കോ,ഞാന്‍ പിന്നെ വരാം"

അങ്ങനെ ഉപ്പ ബൈക്ക് എടുത്തു പോയി. ബസ് സ്റ്റോപ്പ് എന്റെ മുന്‍പില്‍ ആണെങ്കിലും ആളെ കാണിക്കാന്‍ വേണ്ടി ഞാന്‍ വെറുതെ ഉസ്മാന്റെ കട ലക്ഷ്യമാക്കി പിന്നോട്ട് നടന്നു. ഇടയ്ക്കു ഞാന്‍ ആളെ തിരിഞ്ഞു നോക്കുന്നുണ്ട്. ആളുടെ വണ്ടി മെല്ലെ പോകുന്നേ ഉള്ളൂ. ആളു പോയിട്ട് വേണം എനിക്ക് ബസില്‍ കേറാന്‍. പെട്ടെന്നു ഒരു ഹോണ്‍ കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി. നോക്കുമ്പോ ഉപ്പ എന്നെ കൈ കൊണ്ട് അടുത്തേക്ക് വിളിക്കുന്നു.

ഞാന്‍ ഒന്നുമറിയാത്ത പോലെ അടുത്തേക്ക് ചെന്നു “ എന്താ ? "

ഉപ്പ പോക്കറ്റില്‍ നിന്നും ഒരു 50 രൂപ എടുത്ത് എനിക്ക് തന്നു.

ഞാന്‍ ചോദിച്ചു : ഇതെന്തിനാത്?

ഉപ്പ : വെച്ചോ, ചിലപ്പോ ടിക്കറ്റ് ബ്ലാക്കില്‍ എടുക്കേണ്ടി വരും.

ഞാന്‍ മറച്ചു വെച്ച ഒരു ഞെട്ടലോടെ : ടിക്കറ്റോ? എന്ത് ടിക്കറ്റ്?

ഉപ്പ : ഇന്ന് ദുബായ് റിലീസ് അല്ലെ? അത് കാണാന്‍ അല്ലെ നീ ഈ കാലത്ത് തന്നെ ഓടണത്‌?

അതോടെ ഞാന്‍ പത്തി മടക്കി : അതെ, പടം കാണാനാണ്. എങ്ങിനെ മനസ്സിലായി? "

ഉപ്പ : ഇന്നേ വരെ ആ വണ്ടിയുടെ ഒരു കാര്യവും അന്വേഷിക്കാത്ത നിന്റെ ഇന്നത്തെ ആവേശം കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി നല്ല ഉദ്ദേശത്തിനല്ല എന്ന്...ഹും..നീ പോക്കോ.

അതും പറഞ്ഞു പുള്ളി കൂളായി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു പോയി. കിട്ടിയ കാശും പോക്കറ്റില്‍ വെച്ചു ഞാന്‍ പിന്നില്‍ വന്ന ബസില്‍ കയറി തൃശൂര്‍ പോയി സിനിമ കണ്ടു. വരിയില്‍ നിന്ന് തന്നെ ടിക്കറ്റ്‌ എടുത്തു. നൂണ്‍ ഷോ കണ്ടു ഉച്ച കഴിഞ്ഞാണ് അന്ന് വീട്ടില്‍ തിരിച്ചെത്തിയത്. ഇപ്പോളും ഏഷ്യാനെറ്റില്‍ ഇടയ്ക്കു ദുബായ് സിനിമ വരുമ്പോളൊക്കെ ഞാന്‍ ഇതെല്ലം ഓര്‍ത്തു പോകും..

അടുത്ത സിനിമ “ പട്ടാളം”



ഒരെണ്ണം കൂടെ ഉണ്ട്. ഇത് നടന്നത് 2003-ലാണ്. ഞാന്‍ എന്ന് എടപ്പാള്‍ ഒരു ബാങ്കില്‍ ഡാറ്റ എന്‍ട്രി ചെയ്യുന്നു. അത് ചെയ്തു തീര്‍ക്കാന്‍ കുറച്ചു ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഒട്ടും സമയം പാഴാക്കാനില്ല. അങ്ങനെയിരിക്കെയാണ് ഓണത്തിന് “പട്ടാളം” എന്ന സിനിമ റിലീസ് ആകുന്നതു. അന്ന് ബാങ്ക് ഉള്ള കാരണം എനിക്ക് അവിടെ പോകാതെ സിനിമക്ക് പോകാന്‍ പറ്റില്ല. അത് കൊണ്ട് ഞാന്‍ നേരത്തെ തന്നെ അവിടത്തെ മാനേജരോട് ആ ദിവസം ഉച്ച വരെ ലീവ് ചോദിച്ചു. ആദ്യം ആളു സമ്മതിച്ചില്ല. പക്ഷെ അതിനു പകരം വൈകുന്നേരം ഞാന്‍ കുറച്ചു നേരം കൂടുതല്‍ ഇരിക്കാം എന്ന് പറഞ്ഞപ്പോള്‍ ആള്‍ ഓക്കേ പറഞ്ഞു. അങ്ങനെ പട്ടാളം റിലീസ് ദിവസം ഞാന്‍ പതിവ് പോലെ നേരത്തെ ഉണര്‍ന്നു പേപ്പര്‍ എടുത്തു റിലീസ്‌ പരസ്യമൊക്കെ നോക്കി വെച്ച്. പിന്നെ പെട്ടെന്ന് കുളിച്ചു റെഡി ആയി തൃശൂര്‍ പോകാന്‍ ഒരുങ്ങി. ചോറ് പോലും എടുത്തിട്ടില്ല. ആ ബാഗും തൂക്കി എങ്ങനെ തിയറ്ററില്‍ പോകും? ആ സമയത്ത് ഉപ്പ അവിടെ ചാരുകസേരയില്‍ പേപ്പര്‍ വായിച്ചു കൊണ്ട് കിടക്കുന്നുണ്ട്. ഞാന്‍ ആളെ അധികം നോക്കുന്നില്ല.

എന്റെ പതിവില്ലാത്ത ധൃതി കണ്ടു ഉമ്മ : "നീ എങ്ങോട്ടാ ഇത്ര ധൃതിയില്‍ പോണത്?

ഞാന്‍ : "ഇന്ന് ബാങ്കില്‍ കുറച്ചു നേരത്തെ എത്താന്‍ മാനേജര്‍ പറഞ്ഞിട്ടുണ്ട്.

ഉമ്മ : നിനക്ക് ചോറ് കൊണ്ട് പോയ്ക്കൂടെ?

ഞാന്‍ : വേണ്ടുമ്മ, ഇന്ന് ബാങ്കില്‍ സ്റ്റാഫ്‌ പാര്‍ട്ടി ഉണ്ട്,ആരോടും ഫുഡ്‌ കൊണ്ട് വരണ്ട എന്നാ പറഞ്ഞത്

ഉമ്മ : നീ ബാഗും എടുക്കുന്നില്ലേ?

ഞാന്‍ : വേണ്ട, ചോറില്ലല്ലോ , പിന്നെ എന്തിനാ ബാഗ്?

ആ സമയത്ത് പേപ്പെറിന്റെ ഒരു താള്‍ മറിച്ചു കൊണ്ട് ഉപ്പ : അത് ശരിയാ, ബാഗ് കൊണ്ട് പോയാല്‍ ടിക്കറ്റ്‌ എടുക്കനോക്കെ ബുദ്ധിമുട്ടാകും, അതിന്റെ വള്ളിയൊക്കെ ആള്‍ക്കാര്‍ പിടിച്ചു വലിക്കും"

ഉമ്മ : ടിക്കറ്റ്‌ എടുക്കാനാ? അപ്പോ ഇവന്‍ സിനിമ കാണാന്‍ പോവാ?

ഉപ്പ : പിന്നെ വെറുതെയാണോ അവന്‍ ഇന്ന് വെളുപ്പിന് ഉണര്‍ന്നു പേപ്പര്‍ നോക്കിയിരുന്നത്?

ഞാന്‍ : സിനിമയോ? ഏത് സിനിമ?

ഉപ്പ :ഇന്ന് പട്ടാളം റിലീസ് അല്ലേ?

ഞാന്‍ ഞെട്ടലോടെ : പട്ടാളം റിലീസ് ആയോ? എപ്പോ?

ഉപ്പ : പോടാ പോടാ, നിന്നു സമയം കളയണ്ട, അല്ലെങ്കില്‍ ടിക്കറ്റ്‌ കിട്ടില്ല..

ഉമ്മ : കഷ്ടം തന്നെ മോനേ, ഇങ്ങനെ നുണ പറയല്ലേട്ടടാ..

ഞാന്‍ തല താഴ്ത്തി മെല്ലെ വീട്ടില്‍ നിന്നു ഇറങ്ങി.

ഉമ്മ മൂക്കത്ത് വിരല്‍ വെച്ചു കൊണ്ട് : അവന്‍ പോകുന്നത് നോക്ക്, ഇങ്ങനെയും ഉണ്ടോ ഒരു സിനിമ ഭ്രമം?

ഞാന്‍ അതൊന്നും കേള്‍ക്കാത്ത പോലെ മുന്‍പോട്ടു നടന്നു. അങ്ങനെ തൃശൂര്‍ പോയി. പെട്ടി എത്താന്‍ വൈകിയത് കൊണ്ട് നൂണ്‍ ഷോ തുടങ്ങാന്‍ വൈകി. പടം കണ്ടു കഴിഞ്ഞു വിജയശ്രീ ലളിതനായി ഞാന്‍ അന്ന് നാല് മണിയോടെ എടപ്പാള്‍ ബാങ്കില്‍ എത്തി. അന്ന് എട്ടു മണി വരെ ഞാന്‍ അവിടെ വര്‍ക്ക്‌ ചെയ്തു. പാവം മാനേജര്‍ എനിക്ക് വേണ്ടി അന്ന് എന്റെ കൂടെ രാത്രി വരെ ഇരുന്നു. അന്ന് വീട്ടില്‍ എത്തിയപ്പോള്‍ ഒന്‍പതര കഴിഞ്ഞു. അന്നും ഇന്നും ഈ കാര്യത്തില്‍ ഉപ്പ എന്നോട് ക്ഷമിച്ചിട്ടെയുള്ളൂ. ഈ വ്യാഴാഴ്ച രാത്രി ഞാനും പാപ്പിയും കൂടെ ഞാന്‍ ജില്ല കാണാന്‍ പാതിരാത്രി പോയപ്പോള്‍ ഉപ്പ ജാസ്മിനോട് പറഞ്ഞത്രേ " അവന്റെ ഈ സ്വഭാവത്തിനു ഒരു മാറ്റവുമില്ലല്ലേ എന്ന്.

എല്ലാം സിനിമ പ്രേമികള്‍ക്കും കാണും ഇങ്ങനെ ഓരോ സിനിമാ സ്മരണകള്‍. എനിക്ക് തന്നെ ഉണ്ട് ഇത് പോലെ കുറേ എണ്ണം. വായിക്കാന്‍ ആള്‍ക്കാരുണ്ടെന്കില്‍ സമയം പോലെ ഓരോന്നായി ഓര്‍ത്തെടുത്തു എഴുതാന്‍ ശ്രമിക്കാം :)

Monday, July 9, 2012

കുറച്ചു കാസ്സെറ്റ് വിശേഷങ്ങള്‍ !!

എന്റെ ഫോറം സുഹൃത്തായ പുലി ജോസ് കുറച്ചു ദിവസം മുന്പ് എന്നോടു ചോദിച്ചു എന്താണ് ഇപ്പോള്‍ ബ്ലോഗില്‍ എഴുതാത്തത് എന്നു .സത്യം പറഞ്ഞാല്‍ മടി ആയിരുന്നു, കുറച്ചു ദിവസം മുന്‍പ് സരോജുമായി സംസാരിച്ച കൂട്ടത്തില്‍ എഴുതാന്‍ ഒരു വിഷയം കിട്ടിയിരുന്നു,അത് നമ്മുടെ പഴയ ഓഡിയോ കാസ്സെടുകളും വീഡിയോ കാസ്സെട്ടുകളും ആയിരുന്നു.


നിങ്ങളില്‍ പലരും പണ്ട് ഓഡിയോ കാസറ്റ് ഉപയോഗിച്ചിരിക്കും. സി‌ഡി എല്ലാം വരുന്നതിന് മുന്പെ അതായിരുന്നല്ലോ നമ്മുടെ ആശ്രയം. എന്റെ വീട്ടിലും ഉണ്ടായിരുന്നു ഒരു ചെറിയ ടേപ് റിക്കോര്‍ഡര്‍, നാഷനല്‍ പാനസോണിക്. അന്ന് ഇറങ്ങുന്ന മലയാളം സിനിമകളുടെ ഓഡിയോ കാസ്സറ്റിന് 40 രൂപയാണ് വില, പിന്നീട് 1997-ല്‍ ചന്ദ്രലേഖ മുതലാണെന്ന് തോന്നുന്നു 50 രൂപ ആയത്. 40 ആയാലും 50 ആയാലും അത് വാങ്ങിക്കാന്‍ അന്ന് കാശില്ല.പിന്നെയുള്ള വഴി റെക്കോര്‍ഡിങ് ആണ്.അതിനു വേണ്ടി പല തവണ പല റെക്കോര്‍ഡിങ് കടകളുടെയും പടി ഞാന്‍ കയറിയിട്ടുണ്ട്. അന്ന് ഏറ്റവും കൂടുതല്‍ തിരക്കുള്ള കൂട്ടരാണ് ഈ റെക്കോര്‍ഡിങ് കടയിലെ ചേട്ടന്‍മാര്‍.കാസറ്റ് കൊണ്ട് കൊടുത്താല്‍ അവര്‍ പറയും "ഒരു ആഴ്ച കഴിഞ്ഞു വായോട്ടാ" എന്ന്. ഞാന്‍ "അയ്യോ,അത്ര സമയം എടുക്കുമോ? എന്നു ചോദിക്കണ്ട താമസം അവര്‍ താഴെ നിന്നു പാട്ടുകളുടെ ലിസ്റ്റ് എഴുതിയ ഒരു കടലാസ് റബര്‍ ബാന്‍ഡ് കൊണ്ട് ചുറ്റിയ കുറെ കാസറ്റുകള്‍ എടുത്ത് പൊക്കി കാണിക്കും. എന്നിട്ട് പറയും "ദാ, ഇതൊക്കെ ചെയ്യാനുള്ളതാ" അതോടെ നമ്മള്‍ പത്തി മടക്കും,തിരികെ പോകും. പിന്നീട് ഇടക്ക് അവിടെ ഒന്നു കയറി നോക്കും. അപ്പോളൊക്കെ അവര്‍ സ്ഥിരം പറയുന്ന ഒരു ഡയലോഗ് ഉണ്ട് “ ആയിട്ടില്ല”.പിന്നീട് ഈ കാസറ്റ്‌ കയ്യില്‍ കിട്ടുന്ന ദിവസം നിലത്തൊന്നുമല്ല, ഒരു ഓട്ടം ആണ് വീട്ടിലേക്ക്,അത് എന്റെ വീട്ടിലെ ടേപില്‍ വെച്ച് കേള്‍ക്കാനുള്ള ആര്‍ത്തി പിടിച്ച ഓട്ടം. നിങ്ങളില്‍ പലര്‍ക്കും അത്തരം അനുഭവങ്ങള്‍ ഉണ്ടായിരിക്കാം.

അന്നൊക്കെ TDK എന്ന ബ്ലാങ്ക് കാസ്സെറ്റ്സ് ആണ് കൂടുതലും.അവരുടെ 60 & 90 എന്നിങ്ങനെയുള്ള കാസ്സെറ്റ് ആണ് ഉള്ളത്, നമ്മള്‍ കടക്കാരോട് ചോദിച്ചാല്‍ അവര്‍ പറയും 60 ആകുമ്പോള്‍ 12 പാട്ടു കിട്ടും നല്ല ക്ലാരിറ്റിയും ഉണ്ടാകും , 90 ആകുമ്പോള്‍ 18 പാട്ട് കേറും, പക്ഷേ ക്ലാരിറ്റി കുറയും, വേറെ എന്തു കുറഞ്ഞാലും ക്ലാരിറ്റി കുറയാന്‍ നമ്മള്‍ സമ്മതിക്കില്ല, എന്നാല്‍ 60 മതി എന്നു നമ്മളും പറയും, പിന്നെ ഈ ചേട്ടന്‍മാര്‍ക്ക് കൊടുക്കുന്ന ചില നിര്ദേശങ്ങള്‍ നിങ്ങള്ക്ക് ഓര്‍മ്മയുണ്ടോ? "ചേട്ടാ, ബാസ്സ് പരമാവധി കൂട്ടിയിട്ടോ,ട്രബിള്‍ കുറച്ചു കിടന്നോട്ടേ" അന്നത്തെ പ്രധാന താരങ്ങളാണ് ഈ ബാസ്സും ട്രബിളും. ആ സമയത്തൊക്കെ നാട്ടില്‍ ചില ഓട്ടോകള്‍ അകലെ നിന്നു വരുമ്പോ തന്നെ അറിയാം. അത് പോലെ ആയിരുന്നു അതിനകത്തെ പാട്ട്. പിന്നില്‍ 2 കുടം ഫിറ്റ് ചെയ്തു"ബും ബും" എന്ന ശബ്ദത്തോടെ വരുന്ന ഓട്ടോകള്‍ ഒരു സ്ഥിരം കാഴ്ച ആയിരുന്നു.ഇന്നും നാട്ടിന്‍ പുറങ്ങളില്‍ അത്തരം ഓട്ടോകള്‍ കാണാം.

ഒരിക്കല്‍ ഞാനും എന്റെ കസിനും കൂടെ പാടൂര്‍ ഒരു കല്ല്യാണത്തിന് പോയി. വര്‍ഷം 1994. അപ്പോളാണ് കല്ല്യാണ വീടിന്റെ തൊട്ടടുത്തുള്ള വീട്ടില്‍ നിന്നും ഒരു പാട്ട് കേള്‍ക്കുന്നത്, ഞങ്ങള്‍ ആ വീടിന്റെ മുന്പില്‍ നിന്നു അതിങ്ങനെ കേട്ടു, പെട്ടെന്നു അത് നിന്നു, ഞാന്‍ ആ വീട്ടില്‍ പോയി അവരെ വിളിച്ചു, അവരോടു ചോദിച്ചു " ആ പാട്ട് ഒന്നു കൂടെ വെക്കാമോ" എന്നു. അവര്‍ അത് വീണ്ടും വെച്ചു തന്നു.ആ പാട്ട് ഏതാ എന്നറിയാമോ? “കറുത്ത പെണ്ണേ നിന്നെ“ എന്ന ഗാനം, ചിത്രം തേന്‍മാവിന്‍ കൊമ്പത്ത്. അന്ന് ആ കാസറ്റ്‌ ഇറങ്ങിയിട്ടേ ഉള്ളൂ, പിന്നീട് ആ കാസറ്റിലെ മറ്റ് ചില ഗാനങ്ങള്‍ കൂടെ കേട്ടു.വീട്ടുകാര്‍ അന്വേഷിച്ചു വന്നപ്പോളാണ് ഞങ്ങള്‍ അവിടെ നിന്നു പോന്നത്. ഈ സി‌ഡി വന്നതില്‍ പിന്നെ പാട്ട് വെക്കല്‍ ഒരു ചടങ്ങായി. പ്രത്യേകിച്ച് ഈ MP3. ഒരു സിഡിയില്‍ തന്നെ 150 പാട്ടുകള്‍. അതില്‍ ഒന്നും മുഴുവനായി കേള്‍ക്കാന്‍ സാധിക്കില്ല. അതിനു മുന്പെ അത് മാറ്റും,അടുത്തത് വെക്കും. പിന്നെ FM, കേബിള്‍ ടി‌വി, മൊബൈല്‍ ഫോണ്‍,ഇന്റര്‍നെറ്റ്‌ അങ്ങനെ എല്ലായിടത്തും പാട്ടുകളുണ്ട്. അന്ന് ജെന്‍റില്‍മാന്‍ എന്ന സിനിമയുടെ ഓഡിയോ കാസറ്റ്‌ ഇറങ്ങി ഹിറ്റ്‌ ആയി നില്‍ക്കുന്ന സമയം. എവിടെ പോയാലും ചിക്ക് ബുക്ക്‌ കേള്‍ക്കുന്ന സമയം. അപ്പോള്‍ എനിക്കും ആഗ്രഹം അത് വാങ്ങാന്‍, കടയില്‍ ചെന്നു വില ചോദിച്ചപ്പോള്‍ 29 രൂപ. വീട്ടില്‍ വന്നു ഉപ്പാട് കാശു ചോദിച്ചു,തന്നില്ല. പിന്നെ ഞാന്‍ കിട്ടുന്ന ചില്ലറ പൈസകള്‍ ഒക്കെ എടുത്തു വെച്ചു തുടങ്ങി. അവസാനം ഒരു മാസം ഒക്കെ കഴിഞ്ഞപ്പോളാണ് 29 രൂപ ആയത്, ഉടനെ കേച്ചേരിയില്‍ പോയി ആ കാസറ്റ്‌ വാങ്ങി. ലോകം കീഴടക്കിയ സന്തോഷത്തോടെ വീട്ടില്‍ തിരിച്ചു വന്നു അത് കേട്ടതൊക്കെ ഇന്നലെ കഴിഞ്ഞ പോലെ എന്റെ മനസ്സില്‍ ഉണ്ട്. പിന്നീട് കാതലന്‍, ഇന്ത്യന്‍, കാതല്‍ദേശം റഹ്മാന്റെ എത്ര കാസറ്റുകള്‍ അങ്ങനെ വാങ്ങിയിരിക്കുന്നു. അത് പോലെ നമ്മുടെ ആ പഴയ വീഡിയോ കാസ്സെട്ട്, ഇന്ന് നമ്മള്‍ ആരും ആലോചിക്കുക പോലും ചെയ്യാത്ത ആ ചിത്രപേടകം.


അന്നൊക്കെ എന്റെ കസിന്റെ വീട്ടിലെ tv & vcr ആണ് എന്റെ പ്രധാന വിനോദോപാധി. അന്നൊക്കെ കേച്ചെരിയിലെ ഒരു വീഡിയോ കടയില്‍ നിന്ന് ഒരു ചേട്ടന്‍ ബാഗ്‌ നിറയെ കാസ്സെട്ടുകളായി വന്നിരുന്നു. അതില്‍ നിന്നും നമുക്ക്‌ ഇഷ്ട്ടപെട്ട സിനിമകള്‍ നോക്കി തിരഞ്ഞു പിടിച്ചു കാണുമായിരുന്നു,5 രൂപയോ മറ്റോ ആയിരുന്നു അതിന്റെ വാടക. ആ സിനിമ കണ്ടു കഴിഞ്ഞാല്‍ പിന്നെ ആ ചേട്ടന്റെ അടുത്ത വരവും നോക്കി ഇരിക്കുമായിരുന്നു പിന്നീട് മറ്റു വീഡിയോ കടകള്‍ വന്നപ്പോള്‍ ഞങ്ങള്‍ കടകളില്‍ നേരിട്ട് പോയി എടുത്തു തുടങ്ങി. പിന്നീട് കുറെ കഴിഞ്ഞാണ് എന്റെ വീട്ടില്‍ tv & vcr വന്നത്, vcr കൊണ്ട് വന്ന ദിവസം ഞാന്‍ കാണാന്‍ കൊണ്ട് വന്ന വാത്സല്യം ,അത് ഇട്ട ഉടനെ കറന്റ്‌ പോയി, പിന്നെ രണ്ടു ദിവസം കഴിഞ്ഞാണ് കറന്റ്‌ വന്നത്. ആ കാത്തിരിപ്പ്...ഹോ ആലോചിക്കാന്‍ വയ്യ. പിന്നീട് കറന്റ്‌ വന്ന നേരത്തെ ആ സന്തോഷം..പറഞ്ഞറിയിക്കാന്‍ വയ്യ.. ‍പിന്നീട് അവിടെ നിന്ന് അങ്ങോട്ട്‌ എത്ര സിനിമകള്‍ കണ്ടു കൂട്ടി. ഒരു ഉത്തരവാദിത്തവും ഇല്ലാതെ ആഹ്ലാദത്തോടെ ആഘോഷിച്ചു നടന്ന ബാല്യം...ആ അതൊക്കെ ഒരു കാലം !!

Thursday, April 12, 2012

ദുബായിലെ പൂച്ചകളും കിളികളും !!



പൂച്ചകളെ എനിക്ക് വളരെ ഇഷ്ടമാണ്. ചെറുപ്പം തൊട്ടേ എനിക്ക് ഓമനിക്കാന്‍ ഇഷ്ട്ടമുള്ള ഒരു ജീവി പൂച്ചയാണ്, വീട്ടിലും പരിസരത്തും ഒരു പാട് പൂച്ചകള്‍ ഉണ്ടായിരുന്നു. അവയെല്ലാം വീടിന്റെ അകത്തും പുറത്തുമെല്ലാം ഇഷ്ട്ടമുള്ള സമയത്ത് കേറി നടക്കുമായിരുന്നു. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത പോലെ. അവയുടെ ആ സ്വാതന്ത്ര്യമാണ് എനിക്കിഷ്ടം. ഞാന്‍ ഓമനിച്ചു വളര്‍ത്തിയ കുറെ പൂച്ചകളും പൂച്ചകുട്ടികളും നായ കടിച്ചും വണ്ടി കയറിയുമൊക്കെ ചത്ത്‌ പോയിട്ടുണ്ട്, അന്നൊക്കെ ഞാന്‍ കുറെ കരഞ്ഞിട്ടുമുണ്ട്. എന്റെ ഉപ്പക്കും പൂച്ചകളെ ഇഷ്ടമാണ്. കറുത്ത പൂച്ചകളെയാണ് കൂടുതല്‍ ഇഷ്ടം. അവയെ വീട്ടില്‍ വളര്ത്തുന്നത് നല്ലതാണു എന്നാണ് ആള് പറയുന്നത്. അങ്ങനെ പുള്ളി കൊണ്ട് വന്ന ഒരു കറുത്ത പൂച്ചകുട്ടിയെ ഞാന്‍ ഓമനിച്ചു വളര്‍ത്തി തുടങ്ങി. ഒരിക്കല്‍ ഉപ്പാടെ കാല്‍ അബദ്ധത്തില്‍ കൊണ്ട് ചാവാറായ അതിനെ ഞാന്‍ ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി മരുന്ന് കൊടുത്തു. പിറ്റേ ദിവസം ഡിഗ്രി എക്സാം ആയിരുന്നിട്ടും നേരം വെളുക്കുന്നത് വരെ ഞാന്‍ അതിനെ നോക്കി. ഇടയ്ക്കു ഉറങ്ങുന്ന സമയത്ത് നോക്കാന്‍ ഉമ്മായെ ഏല്പിച്ചു. അങ്ങനെ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു അവന്‍ ഉഷാറായി. പക്ഷെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല. ഒരു ദിവസം ഉപ്പ അവനെ വാതിലടച്ചു പുറത്താക്കിയാണ് കിടന്നത്. പിറ്റേ ദിവസം നേരം വെളുത്തപ്പോള്‍ അവനെ കാണാനില്ല. അന്വേഷിച്ചു നടന്ന ഞാന്‍ കണ്ടത്‌ നായ്ക്കള്‍ കടിച്ചു പറിച്ച അവന്റെ ശരീരം ആയിരുന്നു. അതും മഴയത്ത് ചെളിയൊക്കെ പുരണ്ട്. ആ കാഴ്ച എനിക്ക് ഇപ്പോളും മറക്കാന്‍ പറ്റില്ല, ഉപ്പാനെ ഞാന്‍ അന്നു കുറെ വഴക്ക് പറഞ്ഞു. വളര്‍ത്താന്‍ പറ്റില്ലെങ്കില്‍ ഇനി ഒരു ജീവിയേയും ഈ വീട്ടിലേക്ക്‌ കൊണ്ട് വരണ്ട എന്ന് പറഞ്ഞു, അതിനു ശേഷം ഒരു പൂച്ചയെയും ഞാന്‍ വളര്‍ത്തിയിട്ടില്ല.

ഇപ്പൊ ഈ ദുബായിലെ പൂച്ചകളെ പറയാന്‍ ഒരു കാര്യമുണ്ട്. ദിവസവും ഓഫീസിലേക്ക് വരുമ്പോളും പോകുമ്പോളും പല പൂച്ചകളും വഴിയരികില്‍ വണ്ടി ഇടിച്ചു ചത്ത്‌ കിടക്കുന്ന കാഴ്ച എന്നെ വളരെ അസ്വസ്ഥനാക്കുന്നു. തെരുവില്‍ വളരുന്ന അവയെ നോക്കാന്‍ ഇവിടെ ആരുമില്ല. റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ വണ്ടി ഇടിച്ചു വീണു, പിന്നാലെ വരുന്ന വണ്ടികള്‍ കയറി ഇറങ്ങി പലതും ചതഞ്ഞു അരഞ്ഞു കിടക്കുന്നതു കാണുമ്പോള്‍ എനിക്ക് സഹിക്കാറില്ല. ഓഫീസില്‍ ഉള്ള ഒരാളുടെ കൂടെ പോകുമ്പോള്‍ ഒരിക്കല്‍ ഒരു പൂച്ച മുന്‍പില്‍ ചാടി, ഞാന്‍ ഉറക്കെ പറഞ്ഞു..അയ്യോ പൂച്ച" അവന്‍ ബ്രേക്ക്‌ അമര്‍ത്തി. പൂച്ച പോയപ്പോള്‍ എന്നോട് പറഞ്ഞു നീ ഇങ്ങനെ പെട്ടെന്ന് പറയല്ലേ, പിന്നില്‍ വണ്ടി വന്നിടിക്കും എന്ന്. ഞാന്‍ പറഞ്ഞു,,."അല്ല ആ പൂച്ച..." അവന്‍ പറഞ്ഞു "ആ അത് ചിലപ്പോ ചത്തെന്നു വരും, ആദ്യം നമ്മുടെ കാര്യം നോക്ക്" എന്ന്. പലപ്പോഴും എനിക്ക് അതിനു കഴിയാറില്ല. ഇപ്പോളും അറിയാതെ ഞാന്‍ വിളിച്ചു പറഞ്ഞു പോകും. കഴിഞ്ഞ ആഴ്ച ടൌണില്‍ പോയപ്പോള്‍ ചെറിയൊരു പോക്കറ്റ്‌ റോഡിലൂടെ ഒരു പൂച്ച റോഡ്‌ മുറിച്ചു കടക്കുന്നു, ആ സമയത്ത് തന്നെ ഒരു അറബി വണ്ടിയുമായി വന്നു, ഞാന്‍ അയാളോട് കൈ കൊണ്ട് തടഞ്ഞു, അയാള്‍ വണ്ടി നിര്‍ത്തി. പൂച്ച കടന്നു പോയി, അയാള്‍ അറബിയില്‍ എന്നെ എന്തോ ചീത്ത വിളിച്ചു പോയി, അയാള്‍ എന്നെ എന്ത് തെറി വിളിച്ചാലും സാരമില്ല. ആ പൂച്ച രക്ഷപെട്ട സന്തോഷമായിരുന്നു എനിക്ക്. ഞാന്‍ തടഞ്ഞില്ലായിരുന്നു എങ്കില്‍ ഉറപ്പായും ആ വണ്ടി അതിനെ ഇടിച്ചേനെ !

അതു പോലെ തന്നെ ഇവിടെ റോഡില്‍ വന്നിരിക്കുന്ന ഒരു തരം കിളികള്‍ ഉണ്ട് . കുറച്ചു ദിവസം മുന്‍പ് ഞാന്‍ കമ്പനി വണ്ടി കാത്തു നില്ക്കുന്ന സമയത്ത് റോഡില്‍ പറന്നുയരാന്‍ നോക്കിയ ഒരു കിളിയെ വണ്ടി തട്ടി. അത് നിലത്ത് വീണു പിടയുന്നത് കണ്ടു ഞാന്‍ ഓടി ചെന്നു , പക്ഷെ അപ്പോളെക്കും മറ്റൊരു വണ്ടി വന്നു അതിന്റെ മീതെ കയറി പോയി. അതങ്ങോട്ട് റോഡില്‍ അരഞ്ഞു ചേര്‍ന്നു. സങ്കടത്തോടെ എനിക്ക് തിരിച്ചു നടക്കേണ്ടി വന്നു. ഇപ്പോള്‍ ഇത്തരം സംഭവങ്ങള്‍ കണ്ടു കണ്ടു മനം മടുത്തു എനിക്ക്. ഇപ്പോള്‍ വീട്ടില്‍ ബാല്‍ക്കണിയില്‍ വരുന്ന അത്തരം കിളികള്‍ക്ക് ബജ്രയും വെള്ളവും വെച്ച് കൊടുക്കും. അവ അത് കൊത്തി തിന്നു വെള്ളവും കുടിച്ചു പോകുന്നത് കാണുമ്പോള്‍ മനസ്സിനൊരു സന്തോഷമാണ്. അതിനു വേണ്ടി കടയില്‍ നിന്നും ബജ്ര വാങ്ങി വെച്ചിട്ടുണ്ട്, ഞാനില്ലാത്ത സമയത്ത് ഭാര്യക്കും മോനുമാണ് അതിന്റെ വിതരണ ചുമതല. അത് അവര്‍ സന്തോഷത്തോടെ ചെയ്യുന്നുമുണ്ട്. :)