Tuesday, November 19, 2013

അവധിക്കാല വിശേഷങ്ങള്‍ ( ഭാഗം രണ്ട് )

ഭാഗം ഒന്ന്
http://trichurdiary.blogspot.ae/2013/11/blog-post_20.html

ഞങ്ങള് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആ രാത്രിയാണ് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയെ കല്ലെറിഞ്ഞ സംഭവം ഉണ്ടായത്. പിറ്റേ ദിവസം ഹര്ത്താല് പ്രഖ്യാപിച്ചിരുന്നു. അത് കൊണ്ട് കുറച്ചു ആശങ്കയോടെയാണ് ഞങ്ങള് l യാത്ര ആരംഭിച്ചത്. പക്ഷെ പ്രത്യേകിച്ച് പ്രശ്നങ്ങള് ഒന്നും ഉണ്ടായില്ല. പുറപ്പെടുമ്പോ മാമി ഞങ്ങള്ക്ക് നല്ല ചൂടുള്ള ബീഫ് കട്ട്ലേറ്റ് തന്നിരുന്നു. വഴിയില് ഞങ്ങള് അത് കഴിച്ചു. തൃശൂര് കടന്നപ്പോള് തന്നെ മോന് നല്ല ഉറക്കമായി. ഞങ്ങള് പക്ഷെ ഉറങ്ങിയില്ല. പല പല കാര്യങ്ങള് സംസാരിച്ചു.ചേർത്തല എത്തിയപ്പോൾ ഞാൻ കാശിയെ വിളിച്ചു.ഈ അവധിക്കും ഞങ്ങൾക്ക് കാണാൻ സാധിച്ചിരുന്നില്ല. ഇടയ്ക്കു അബിന് അവന്റെ വിശേഷങ്ങള് പറഞ്ഞു. നല്ല നര്മ്മബോധം ഉള്ള ഒരാളാണ് അബിന്. യാത്ര ചെയ്യാന് ഒരു പാട് ഇഷ്ട്ടമുള്ള ഒരാളും. ഓരോ സ്ഥലത്ത് കൂടെ പോകുമ്പോളും ആ സ്ഥലത്തിന്റെ പേരും മറ്റു വിവരങ്ങളും ഞാന് ചോദിക്കാതെ തന്നെ പറഞ്ഞു തരുമായിരുന്നു. അങ്ങനെ ഞങ്ങള് കുട്ടനാട് എത്തിയപ്പോള് ഞാന് വണ്ടി നിര്ത്താന് പറഞ്ഞു. പുറത്തിറങ്ങിയപ്പോള് തന്നെ നല്ല തണുത്ത കാറ്റ് എന്നെ വീശി അടിച്ചു. രാത്രി ആയത് കൊണ്ട് ആ പ്രകൃതി ഭംഗി ഒട്ടും ആസ്വദിക്കാന് കഴിഞ്ഞില്ല. എങ്കിലും ലൈറ്റ് ഉള്ള ചില ഭാഗങ്ങള് കണ്ടപ്പോള് തന്നെ മനസ്സില് ഒരു സന്തോഷം തോന്നി. ഇത്ര നാളായി അവിടെയൊന്നും പോകാന് സാധിച്ചില്ല. അടുത്ത അവധിക്കു ഒരു യാത്ര കുട്ടനാടിലേക്ക് പോയീ തീരു എന്ന് ഞാന് അവിടെ തന്നെ ഉറപ്പിച്ചു. ഞങ്ങള് വീണ്ടും യാത്ര ആയി, പിന്നെ എവിടെയും നിര്ത്തിയില്ല. പാപ്പിയുടെ വീട്ടില് എത്തിയപ്പോള് സമയം 3.30 കഴിഞ്ഞിരുന്നു.അബിന് തിരിച്ചു പോയി, അവന്റെ വീടും തൊട്ടടുത്താണ്. ആ നേരം ആയതു കൊണ്ട് ഞങ്ങള് പെട്ടെന്ന് തന്നെ കിടന്നു. പാപ്പിയുടെ അമ്മ വന്നു ഗേറ്റ് തുറന്നു തന്നു.രണ്ടു നിലയുള്ള ആ വലിയ വീടിന്റെ താഴത്തെ നിലയിലൊരു മുറി ഞങ്ങള്ക്ക് വേണ്ടി അകത്തൊരുക്കിയിരുന്നു. പാപ്പി അവന്റെ റൂമിലേക്ക് പോയി. പിന്നെ ഞങ്ങള് കിടന്നുറങ്ങി.



പിറ്റേ ദിവസം മുറിയിലേക്ക് കടന്നു വന്ന വെയില് എന്റെ കണ്ണില് അടിച്ചപ്പോള് ഞാന് ഉണര്ന്നു, പിന്നെ ഉറങ്ങാന് കഴിഞ്ഞില്ല. ഉറക്കം വരാതെ അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയപ്പോളാണ് അവിടെ കിടന്ന ബാലരമ കണ്ടത്. ചുമ്മാ അതെടുത്ത് മറിച്ചു നോക്കി. പിന്നെ ഞാന് ഉമ്മറത്ത് ചെന്നിരുന്നപ്പോള് പാപ്പിയുടെ അമ്മ ചായ കൊണ്ട് തന്നു. അതും കുടിച്ചു പേപ്പര് വായിച്ചു. അപ്പോളേക്കും പാപ്പി ഉണര്ന്നു വന്നു. അവനും വെയില് അടിച്ചു ഉണര്ന്നതാണ് എന്ന് പറഞ്ഞു. പാപ്പിയുടെ വീടിന്റെ മുന്പില് മുകള് ഭാഗത്തായി ഒരു സ്കൂള് ഉണ്ട്. ചായ കുടിച്ച ശേഷം ഞങ്ങളുടെ സുഹൃത്ത്‌ സരോജിനെ (അരുണ്‍) കാണാന്‍ ടൌണില്‍ പോയി.പാപ്പിയുടെ അമ്മയും ഞങ്ങളുടെ കൂടെ കൂടി. പോകുന്ന വഴിക്ക് എന്റെ സുഹൃത്ത് ഷാജി ഭായിയെ കണ്ടു, സംസാരിച്ചു. സരോജ് ഏതോ കോഴ്സ് അന്വേഷിക്കാന് യൂനിവേഴ്സിറ്റിയില് ഉണ്ടായിരുന്നു. അവിടെ പോയി അവനെ കണ്ടു. കുറെ നാളുകള്ക്കു ശേഷം കാണുന്നത് കൊണ്ട് നല്ല സന്തോഷം തോന്നി. മോനും അവനെ കണ്ടപ്പോള് ആവേശത്തിലായി. ഉച്ച ആയതു കൊണ്ട് ഞങ്ങള് ഊണ് കഴിക്കാന് കയറി. സരോജിന്റെ നിര്ദേശ പ്രകാരം ഹോട്ടല് ത്രിവേണിയില് കയറി, അവിടെ കുറെ മീന് വിഭവങ്ങള് ഉണ്ടായിരുന്നു. എല്ലാം നല്ല രുചി ആയിരുന്നു. അപ്പോളേക്കും ജഗ്ഗു ഞങ്ങളെ കാണാന് വന്നു. അവന് അവന്റെ നാടായ വര്ക്കലയിലേക്ക് ക്ഷണിക്കാന് വന്നതായിരുന്നു. അവന് പോയ ശേഷം ഞങ്ങള് സരോജിന്റെ വീട്ടിലേക്കു പോയി. രണ്ടു നിലയുള്ള ഒരു പഴയ ടെറസ് വീടായിരുന്നു അത്. സരോജിന്റെ അമ്മ വന്നു ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. ഞങ്ങള് മുകളിലെ സരോജിന്റെ റൂമിലേക്ക് പോയി. അവിടെ വെച്ചാണ് സരോജ് അവന്റെ പൂര്ത്തിയായ തിരക്കഥ എന്നെ ഏല്പിച്ചത്. വായിച്ചിട്ട് തരാം എന്ന് പറഞ്ഞു ഞാന് അത് വാങ്ങി വെച്ചു.അത് കഴിഞ്ഞു അവന് ഞങ്ങളെ അഭിമാനത്തോടെ അവന്റെ കൃഷി കാണാന് ടെറസിലേക്ക് കൂട്ടി കൊണ്ട് പോയി. അവിടെ മുഴുവന് ചീരയും വെണ്ടയും പയറും വിളഞ്ഞു നിന്നിരുന്നു.

അവിടെ നിന്ന് ഞങ്ങള് എല്ലാവരും കൂടെ കന്യാകുമാരിക്ക് പുറപ്പെട്ടു. സരോജ് ആദ്യം ഇല്ല എന്ന് പറഞ്ഞെങ്കിലും മോന് കരഞ്ഞു ബഹളം വെച്ച കാരണം അവനു ഞങ്ങളുടെ കൂടെ വരേണ്ടി വന്നു. വഴിയില് നിന്നും ഞങ്ങള് പനനങ്ക് വാങ്ങി കഴിച്ചു. ഇടയ്ക്കു വെച്ച് പാപ്പിയുടെ ബന്ധുവായ ശിവ എന്നൊരു പയ്യനും ഞങ്ങളുടെ കൂടെ കൂടി. ആ യാത്രയിലാണ് സരോജ് ഹോസ്പിടല് കണ്ടത്. സരോജ് തന്നെയാണ് എനിക്കത് കാണിച്ചു തന്നത്. കുറെ സമയം എടുത്തു കന്യാകുമാരി എത്താന്. ശരിക്കും പറഞ്ഞാല് വയ്യാതായി. യാത്ര പുറപ്പെടുമ്പോള് ഉള്ള ആ സുഖമില്ലായിരുന്നു അവിടെ എത്തിയപ്പോള്.ഞങ്ങള് എത്തി കുറച്ചു കഴിഞ്ഞാണ് സൂര്യാസ്തമയം ഉണ്ടായത്. അതൊരു സുഖമുള്ള കാഴ്ച ആയിരുന്നു.അവിടെ കണ്ട ഉന്തുവണ്ടിയില് നിന്നും ഞങ്ങള് ഉപ്പും മുളകും പുരട്ടിയ മാങ്ങ വാങ്ങി കഴിച്ചു. കുറെ ഫോട്ടോസ് എടുത്തു. പാപ്പി ഞങ്ങള്ക്ക് സുനാമി അടിച്ച സ്ഥലവും അതിന്റെ സ്മരകവുമൊക്കെ കാണിച്ചു തന്നു. കച്ചവടക്കാരും, സന്ദര്ശകരും എല്ലാം കൂടെ ആകെ ഒരു ബഹളമയം. എങ്കിലും അതെല്ലാം ആസ്വദിച്ചു കൊണ്ട് ഞങ്ങള് നടന്നു. ഇടയ്ക്കു ചായയും നല്ല ചൂട് ബജിയും കഴിച്ചു. പിന്നെ കുറച്ചു നേരം ഞങ്ങള് കടലില് ഇറങ്ങി തിരകളുടെ കൂടെ കളിച്ചു. നല്ല തണുത്ത വെള്ളം എന്റെ കാലുകള് തഴുകി പോയി. എല്ലാം ഒടുവില് വീണ്ടും കാണാം എന്ന് പറഞ്ഞു ഞങ്ങള് കന്യാകുമാരിയില് നിന്നും യാത്രയായി. വഴിയില് ഒരു ഓര്ഗാനിക് ഹോട്ടലില് നിന്നും ഭക്ഷണം കഴിച്ചു. വീട്ടില് എത്തിയപ്പോള് വൈകിയ കാരണം സരോജിന്റെ സ്ക്രിപ്റ്റ് വായിക്കാന് സമയം കിട്ടിയില്ല. എങ്കിലും നാളെ അത് വായിക്കണം എന്ന് ഞാന് തീരുമാനിച്ചു. യാത്ര ക്ഷീണം കാരണം ഞങ്ങള് പെട്ടെന്ന് ഉറങ്ങി പോയി.

പിറ്റേ ദിവസം കാലത്ത് ഞാന് ഉണര്ന്നപ്പോള് പത്തു മണി ആയി.കുളി കഴിഞ്ഞു ഉമ്മറത്ത് വന്നിരുന്നു. കുറെ കുട്ടികള് കല പില പറഞ്ഞു സ്കൂളിലേക്ക് പോകുന്നത് കണ്ടു. പേപ്പര് വായിച്ചു കൊണ്ടിരിക്കുമ്പോള് ആ സ്കൂളില് നിന്നും ഈശ്വര പ്രാര്ത്ഥന കേള്ക്കുന്നുണ്ടായിരുന്നു. അന്ന് കാലത്ത് ഞങ്ങള് ആദ്യം പോയത് തിരുവനന്തപുരം കാഴ്ച ബന്ഗ്ലാവിലെക്കായിരുന്നു. തൃശ്ശൂരിലെ അപേക്ഷിച്ചു വളരെ വളരെ വലുതാണ് അത്. നടന്നു നടന്നു ഞങ്ങള് ക്ഷീണിച്ചു. പിന്നെ മ്യൂസിയം കൂടെ കണ്ടാണ് അവിടെ നിന്ന് തിരിച്ചു പോന്നത്. പിന്നെ സം സം ഹോട്ടലില് നിന്നും ബിരിയാണി കഴിച്ചു. അവിടെ നിന്ന് നേരെ വര്ക്കല പോയി. ജഗ്ഗു അവിടേക്ക് വന്നു. ഞങ്ങള് എല്ലാവരും കൂടെ പാപനാശം ബീച്ചില് പോയി. വളരെ മനോഹരമായ ഒരു സ്ഥലമാണത്. സ്വാഗതം സിനിമയൊക്കെ ഷൂട്ട് ചെയ്തത് ഇവിടെ വെച്ചാണ് എന്നാണ് അറിവ്. അവിടെ തന്നെ വേറെയും ചില സ്ഥലങ്ങളിലേക്ക് ജഗ്ഗു ഞങ്ങളെ കൂട്ടി കൊണ്ട് പോയി. സന്ധ്യ ആയപ്പോള് ഞങ്ങള് മടങ്ങാന് നിന്നതാണ്. അപ്പോളാണ് ജഗ്ഗു അവന്റെ വീട്ടിലേക്കു വിളിച്ചത്. ഞങ്ങള് ഒരു ചായ കുടിക്കാന് കയറി. ജഗ്ഗുവിന്റെ അമ്മ അങ്ങോട്ട് വന്നു, പിന്നെ ഞങ്ങള് ഒരുമിച്ചു അവന്റെ വീട്ടില് പോയി. വണ്ടിയുടെ മുന്പില് പാപ്പിയും ജഗ്ഗുവും, നടുവില് ഞാനും ജാസ്മിനും മോനും, പിന്നില് പാപ്പിയുടെ അമ്മയും, ജഗ്ഗുവിന്റെ അമ്മയും. അവര് ആണെങ്കില് തിരുവനന്തപുരം ഭാഷയില് എന്തൊക്കെയോ കാര്യങ്ങള് സംസാരിക്കുന്നു, ആദ്യമായി കാണുന്നവരാണെന്ന് തോന്നുകയേ ഇല്ല. അങ്ങനെ ജഗ്ഗുവിന്റെ വീട്ടിലെത്തി. ഞങ്ങള് ചെല്ലുമ്പോള് ജഗ്ഗുവിന്റെ അച്ഛന് തുരുപ്പ് ഗുലാന് കാണുകയാണ്. പാപ്പിയും ജഗ്ഗുവും കൂടെ എന്നെ നോക്കി ആക്കിയ ഒരു ചിരി. ഷോ കേസ് നിറയെ ജഗ്ഗുവിന്റെ പടങ്ങള്, അവനും മോഹന് ലാലും കൂടെയുള്ള ഫോട്ടോയെല്ലാം മുന്പില് തന്നെ വെച്ചിട്ടുണ്ട്. ഞങ്ങള് എല്ലാരും കൂടെ നിന്ന് ഫോടോയോക്കെ എടുത്തു. അവിടെ നിന്ന് ഇറങ്ങാന് നേരത്താണ് ഞാന് അവന്റെ കുഞ്ഞിലെ ഫോട്ടോസ് എല്ലാം എടുത്തത്. അങ്ങനെ രാത്രി പാപ്പിയുടെ വീട്ടില് തിരിച്ചെത്തി.ഞങ്ങൾ അബിന്റെ വീട്ടിൽ പോയി റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്തു.അന്ന് രാത്രി ഒരു മണിക്കാണ് സരോജിന്റെ സ്ക്രിപ്റ്റ് ഞാന് വായിക്കാന് എടുത്തത്. ജാസ്മിന് ഇടയ്ക്കിടയ്ക്ക് എന്നോട് കഴിഞ്ഞില്ലേ എന്ന് ചോദിക്കുമായിരുന്നു. പക്ഷെ എനിക്ക് നിര്ത്താന് കഴിഞ്ഞില്ല, അന്ന് വായിച്ചില്ലെങ്കില് നാളെ സമയം കിട്ടില്ല എന്ന് എനിക്ക് അറിയാമായിരുന്നു.അവന് എഴുതിയതെല്ലാം ഞാന് മനസ്സിന്റെ വെള്ളിത്തിരയിലൂടെ കണ്ടു. വായിച്ചു തീര്ന്നപ്പോള് സമയം രണ്ടര കഴിഞ്ഞു.

പിറ്റേ ദിവസം കാലത്ത് ഞാനും പാപ്പിയും കൂടെ കിരീടം പാലം കാണാന് പോയി. ആ പാലത്തിനെ കുറിച്ച് മുന്പ് വായിച്ചതു കൊണ്ട് അത് കാണണം എന്ന് എനിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു. എന്നെ കൊണ്ട് പോകാം എന്ന് പറഞ്ഞിരുന്ന ഒരു മഹാന് വിളിച്ചിട്ട് ഫോണ് പോലും എടുത്തില്ല. അത് കൊണ്ട് പലരോടും വഴി ചോദിച്ചു ചോദിച്ചാണ് ഞങ്ങള് അവിടെ പോയത്. ആ പാലത്തിന്റെ കൈവരിയൊക്കെ തകര്ന്നിരിക്കുന്നു. എങ്കിലും അതിലൂടെ നടന്നപ്പോള് മനസ്സ് ഒന്ന് ആര്ദ്രമായി എന്ന് പറയാതെ വയ്യ. ആ നാട്ടുകാരന് ഒരാള് കുറെ വിവരങ്ങള് പറഞ്ഞു തന്നു. കുറെയേറെ സിനിമകളുടെ ഷൂട്ടിംഗ് നടന്ന ഒരു സ്ഥലമാണ് അത്. ധ്രുവം, സമൂഹം, ആറാം തമ്പുരാന് അങ്ങനെ കുറെ സിനിമകള്. എന്നാലും കിരീടത്തിന് ശേഷമാണ് ആ പാലം കിരീടം പാലം എന്ന് അറിയപ്പെട്ടത്. കണ്ണീര് പൂവിന്റെ എന്ന ഗാന രംഗത്ത് മോഹന്ലാല് നടന്നു പോയ ആ വഴിയുടെ ഒരു ഭാഗം ഇപ്പോള് കാട് പിടിച്ചു കിടക്കുകയാണ്. അവിടെയൊക്കെ കുറച്ചു നേരം ചിലവഴിച്ചാണ് ഞങ്ങള് മടങ്ങി പോന്നത്. ട്രെയിന് സമയം ആയ കാരണം ചെന്ന ഉടനെ ഊണ് കഴിച്ചു ഞങ്ങള് ഇറങ്ങി. കഴിക്കാന് സമയം ഇല്ലാത്തതു കൊണ്ട് പായസം പാര്സല് ആക്കി തന്നു. പാപ്പി ഞങ്ങളെ പെട്ടെന്ന് തന്നെ റെയില്വേ സ്റ്റേഷനില് എത്തിച്ചു. അവന് കടയില് പോയി ഞങ്ങള്ക്ക് യാത്രയില് കഴിക്കാന് വേണ്ടി എന്തൊക്കെയോ വാങ്ങി വന്നു. അപ്പോളേക്കും സരോജ് എത്തി. അവന്റെ സ്ക്രിപ്റ്റ് അവനെ ഏല്പിച്ചു. അവര് രണ്ടു പേരും കുറച്ചു നേരം ഞങ്ങളുടെ കൂടെ ആ ബോഗിയില് ഇരുന്നു. പിന്നെ വണ്ടി പുറപ്പെടാന് സമയം ആയപ്പോള് അവര് പുറത്തിറങ്ങി. കൃത്യ സമയത്ത് വണ്ടി പുറപ്പെട്ടു. ജനലിലൂടെ ഞങ്ങള് അവരെ നോക്കി. അവര് ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് കൈ വീശി കാണിച്ചു. ചെന്നൈ ലക്ഷ്യമാക്കി ആ വണ്ടി കുതിച്ചു പാഞ്ഞു..

തുടരും..

ഭാഗം മൂന്ന്
http://trichurdiary.blogspot.ae/2013/11/blog-post_20.html

Monday, November 18, 2013

അവധിക്കാല വിശേഷങ്ങള്‍ (ഭാഗം ഒന്ന്)

കൃത്യം ഒരു വര്‍ഷം കഴിഞ്ഞാണ് ഈ തവണ നാട്ടിലേക്ക് പോയത്. ഒക്ടോബര്‍ 12നു വൈകീട്ട് നാട്ടില്‍ എത്തി. എയര്‍പോര്‍ട്ടിന് പുറത്ത്‌ എല്ലാവരും ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. മനസ്സ് നിറയെ സന്തോഷം മാത്രം. വീട്ടിലേക്കു പോകുമ്പോള്‍ ഞാന്‍ പുറത്തേക്കു നോക്കി ഇരുന്നു. മതിലില്‍ കണ്ട സിനിമാ പോസ്ററുകള്‍ കണ്ടപ്പോള്‍ തന്നെ ഒരു ആഹ്ലാദം തോന്നി. രാത്രി വീട്ടിലെത്തിയപ്പോള്‍ ഉപ്പ എനിക്ക് ആദ്യം തന്നത് ഉപ്പിലിട്ട ഒരു നെല്ലിക്ക ആയിരുന്നു. ഉപ്പും പച്ചമുളകും ഒക്കെ നന്നായി പിടിച്ച ഒരു നെല്ലിക്ക, കടിച്ചപ്പോള്‍ തന്നെ നാവ് മൊത്തം തരിച്ചു. അന്ന് രാത്രി കിടക്കാന്‍ കുറെ വൈകി. ഉപ്പാടും ഉമ്മാടും ഓരോ വിശേഷങ്ങള്‍ പറഞ്ഞു സമയം പോയതറിഞ്ഞില്ല. ചെന്ന് കയറിയപ്പോള്‍ തന്നെ ഉപ്പ മോന് വാങ്ങി വെച്ച സൈക്കിള്‍ എടുത്തു അവനു കൊടുത്തു. അവന്‍ ആവേശത്തോടെ അതില്‍ കയറി ചവിട്ടി തുടങ്ങി. പിറ്റേ ദിവസം നേരം പുലര്‍ന്നപ്പോള്‍ തൊട്ടു അവനു കുളിയും ഇല്ല, ഭക്ഷണവും വേണ്ട, ആ സൈക്കിള്‍ എടുത്തു റോഡില്‍ ചവിട്ടി നടക്കും. എന്റെ മാമന്റെ മോന്‍ സഫര്‍ എപ്പോളും അവന്റെ കൂടെ തന്നെ ഉണ്ടാകുമായിരുന്നു. രണ്ടു ദിവസം കഴിഞ്ഞു ഞങ്ങള്‍ എല്ലാവരും കൂടെ പെരുന്നാള്‍ ഡ്രസ്സ്‌ എടുക്കാന്‍ പോയി. എല്ലാ കടയിലും നല്ല തിരക്ക്. ഞാനും ആ തിരക്കില്‍ അലിഞ്ഞു ചേര്‍ന്നു. കുറെ നാളുകള്‍ക്ക് ശേഷമാണ് നാട്ടിലൊരു പെരുന്നാള്‍ കൂടുന്നത്.



പെരുന്നാള്‍ ദിവസം കാലത്ത് ഞങ്ങള്‍ എല്ലാവരും കൂടെ പള്ളിയില്‍ പോയി. പാതി ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു മോനും ഞങ്ങളുടെ കൂടെ വന്നു. ഞങ്ങളുടെ നാട്ടിലെ പള്ളിയില്‍ അവന്‍ ആദ്യമായാണ് വരുന്നത്. പെരുന്നാള്‍ നമസ്ക്കാരം കഴിഞ്ഞു അവന്‍ എന്റെ ഉപ്പാടെ മടിയില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി. കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉപ്പാടെ മടിയില്‍ ഞാന്‍ അത് പോലെ ഇരുന്നിരുന്നു.പള്ളിയില്‍ നിന്ന് വന്ന ശേഷം ഞാനും മോനും കൂടെ ബൈക്കില്‍ നാട്ടിലൂടെ ഒന്ന് കറങ്ങി. ഉച്ചക്ക് ഞങ്ങള്‍ എല്ലാവരും കൂടെ ഊണ് കഴിച്ചു. പിന്നെ ഞാന്‍ ഒന്ന് മയങ്ങി. തിരുവനന്തപുരത്ത്‌ നിന്ന് എന്റെ ഒരു ഓണ്‍ലൈന്‍ സുഹൃത്ത്‌ ജഗ്ഗു ( രാഹുല്‍ ) വരുന്നുണ്ട് എന്നറിയാവുന്നത് കൊണ്ട് ഞാന്‍ പുറത്തേക്കു പോയില്ല.അവനു കല്യാണ്‍ സില്‍ക്സില്‍ ഒരു ഇന്റര്‍വ്യൂ ഉണ്ടായിരുന്നു ഒരു അഞ്ചു മണി ആയപ്പോള്‍ അവന്‍ വിളിച്ചു. അങ്ങനെ ഞങ്ങള്‍ അവനെ കാണാന്‍ തൃശൂര്‍ പോയി. ആദ്യമായി കാണുന്നതിന്റെ ഒരു പ്രശ്നവും ഞങ്ങള്‍ക്ക് ഉണ്ടായില്ല. . അവനെയും കൂട്ടി ആദ്യം റെയില്‍വേ സ്റ്റേഷനിലേക്ക് പോയി. പിന്നെ അവനു സ്വരാജ്‌ റൗണ്ട് കാണണം എന്ന് പറഞ്ഞപ്പോള്‍ അതിലൂടെ ഒന്ന് കറങ്ങി. പിന്നെ ഞങ്ങള്‍ പൂങ്കുന്നത്ത് ഒരു തട്ടുകടയില്‍ കയറി ദോശ കഴിച്ചു. ട്രെയിന്‍റെ സമയം ആയ കാരണം അവന്‍ പെട്ടെന്ന് പോയി. ഇനി എന്ന് കാണും എന്നറിയില്ലായിരുന്നു, എങ്കിലും കാണാം എന്ന് പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു.

രണ്ടാം പെരുന്നാളിനാണ് മറ്റൊരു ഓണ്‍ലൈന്‍ സുഹൃത്ത്‌ സജി ( സജിത്ത്) തൃശ്ശൂര്‍ വന്നു വിളിക്കുന്നത്‌. ഊണ് കഴിക്കുന്നതിന് മുന്‍പേ ഞാന്‍ തൃശൂര്‍ പോയി സജിയെ കണ്ടു. എത്രയോ നാളായി ഞങ്ങള്‍ ഫോറത്തിലൂടെ കാണുന്നു, സംസാരിക്കുന്നു. ഞങ്ങള്‍ തേക്കിന്‍കാട് മൈതാനത്തിലൂടെ ചുമ്മാ നടന്നു. കഴിഞ്ഞ വര്‍ഷം ലീവിന് വന്നപ്പോള്‍ അവിടെയാണ് ഞാനും ഷെറിനും ഇരുന്നു സംസാരിച്ചത്. സജിയോട് ഞാന്‍ എന്റെ പഴയ തൃശൂര്‍ വിശേഷങ്ങള്‍ പറഞ്ഞു. പിന്നെ സജിയെ എറണാകുളം ബസ്‌ കയറ്റി വിട്ട ശേഷമാണ് ഞാന്‍ വീട്ടിലേക്കു വന്നത്. അന്ന് വൈകുന്നേരം ടൌണ്‍ ഹാളില്‍ മുതുകാടിന്റെ ഒരു മാജിക്‌ ഷോ ഉണ്ടായിരുന്നു. അത് കാണാന്‍ പോയി. മോന്‍ കരഞ്ഞു ബഹളം വെച്ച കാരണം അത് മുഴുവനാക്കാന്‍ പറ്റിയില്ല. ഞങ്ങള്‍ സപ്ന തിയ്യട്ടറിന്റെ അടുത്തുള്ള മണീസ് കഫേയില്‍ പോയി ഓരോ മസാല ദോശ കഴിച്ചു.ടൌണില്‍ എനിക്ക് ഏറ്റവും ഇഷ്ടംമുള്ള ഒരു മസാല ദോശയാണ് അവിടത്തെ. എല്ലാ അവധിക്കും ഞാന്‍ അവിടെ പോകാറുണ്ട്. പിറ്റേ ദിവസം എന്റെ കുഞ്ഞുപ്പാടെ മോന്റെ ബര്‍ത്ത്ഡേ ആയിരുന്നു. തറവാട്ടില്‍ ചെറിയൊരു പാര്‍ട്ടി ഒരുക്കിയിരുന്നു. കുട്ടികളുടെ കൂടെ ചിരിയും കളിയുമായി ആ ദിവസം കടന്നു പോയി. രണ്ടു ദിവസം കഴിഞു ഞങ്ങള്‍ തൃശൂര്‍ ഫെസ്റ്റ് കാണാന്‍ പോയി. ഒരു വിധം എല്ലാ സാധനങ്ങളും അവിടെ വില്‍പ്പനയ്ക്ക് ഉണ്ടായിരുന്നു. കൂടാതെ നല്ലൊരു ഫുഡ്‌ കോര്‍ട്ടും. അവിടെ നിന്ന് കുറച്ചു നാടന്‍ വിഭവങ്ങള്‍ കഴിച്ചു. പോരാത്തതിന് പായസ മേളയും. അവിടെ നിന്ന് ഒരു പാലടയും അകത്താക്കിയ ശേഷമാണ് പോന്നത്.

പിറ്റേ ദിവസം ഞങ്ങള്‍ നടക്കാന്‍ പോയപ്പോള്‍ എന്റെ പഴയ ബാലേട്ടന്റെ അതെ മുഖച്ചായ ഉള്ള ഒരാള്‍ എന്റെ എതിരെ നടന്നു വന്നു. ഞാന്‍ ആളോട് ബാലേട്ടന്റെ വീട് ചോദിച്ചു. അയാള്‍ എന്നോട് ബാലനെ എങ്ങനെ അറിയും എന്ന് ചോദിച്ചു,ഞാന്‍ കാര്യം പറഞ്ഞു. അയാള്‍ ബാലേട്ടന്റെ അനിയന്‍ ആയിരുന്നു. ബാലേട്ടന്റെ മരിച്ച കാര്യം ഞാന്‍ ആളോട് ചോദിച്ചറിഞ്ഞു. ബാലേട്ടന്‍ രാത്രി ഊണ് കഴിച്ചു കിടന്നതാണ്. കാലത്ത്‌ മോള്‍ ചെന്ന് വിളിക്കുമ്പോ ആളു മരിച്ചിരുന്നു. ശരീരമൊക്കെ ആകെ തണുത്ത് മരവിച്ചിരുന്നുവത്രേ. ബാലേട്ടന്‍ കുറെ നാളായി ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു.അത് കൊണ്ട് തന്നെ മരിക്കുന്ന സമയത്ത് ആരും അടുത്തുണ്ടായില്ല. ആ സമയത്ത് വേദന വന്നു ചിലപ്പോള്‍ ആരെയെങ്കിലും വിളിച്ചിട്ടുണ്ടാകും. പക്ഷെ ആരും കേട്ടിരിക്കില്ല. അന്നും ബാലേട്ടന്റെ വീട് ഞാന്‍ കണ്ടില്ല, ആ കാര്യം പിന്നെ ചോദിയ്ക്കാന്‍ ഞാന്‍ മറന്നു. അടുത്ത ദിവസം ഞങ്ങള്‍ അവിടെ അടുത്തുള്ള ഒരു നഴ്സറിയില്‍ പോയി. എന്റെ മാമി അവിടെ ടീച്ചര്‍ ആണ്. അവിടത്തെ കുട്ടികള്‍ക്ക് കുറച്ചു മിട്ടയികള്‍ കൊണ്ട് പോയിരുന്നു.ഞങ്ങള്‍ ചെല്ലുമ്പോ കുട്ടികള്‍ ഊണ് കഴിക്കുകയാണ്. ഊണ് കഴിഞ്ഞ ശേഷം കുറച്ചു നേരം അവരുടെ കൂടെ കളിയും പാട്ടുമായി അവിടെ സമയം ചെലവഴിച്ചു. ആ സന്തോഷം ഒന്ന് വേറെ തന്നെ ആയിരുന്നു. അവരുടെ ഒരു ഗ്രൂപ്‌ ഫോട്ടോയൊക്കെ എടുത്താണ് ഞങ്ങള്‍ അവിടെ നിന്ന് മടങ്ങിയത്.

തൊട്ടടുത്ത ദിവസം ഞങ്ങള്‍ വീണ്ടും ടൌണില്‍ പോയിരുന്നു. പകല്‍ മുഴുവന്‍ ഞങ്ങള്‍ ടൌണില്‍ കറങ്ങി നടന്നു. മോന് വേണ്ടി കാഴ്ച ബംഗ്ലാവിലും പാര്‍ക്കിലുമൊക്കെ പോയി. അന്നാണ് ഞങ്ങളുടെ പഴയ കോളേജിലേക്ക് പോയത്. അന്ന് ഞങ്ങളുടെ കൂടെ പഠിച്ച ഒരു കൂട്ടുകാരനും കൂടെ ഉണ്ടായിരുന്നു. പണ്ടൊക്കെ എന്നോട് താഴെ വെയിറ്റ് ചെയ്യാന്‍ പറഞ്ഞു അവന്‍ ആ പടികള്‍ ഓടി കയറി ആദ്യം മുകളില്‍ പോയി ആരൊക്കെ ക്ലാസ്സില്‍ വന്നിട്ടുണ്ട് എന്ന് നോക്കി വരുമായിരുന്നു. എന്നിട്ടാണ് അന്നൊക്കെ സിനിമയ്ക്കു പോകണോ ക്ലാസ്സില്‍ കയറാനോ എന്ന് തീരുമാനിച്ചിരുന്നത്. അന്നും അവന്‍ എന്നെ താഴെ നിര്‍ത്തി മുകളിലേക്ക് പോയി. കുറച്ചു രാത്രി ആയ കാരണം മുകളില്‍ ആരെങ്കിലും ഉണ്ടോ എന്ന് നോക്കാന്‍ പോയതാണ്. അതിനു ശേഷമാണ് ഞങ്ങള്‍ അന്ന് അവിടെ പോയതും ഫോട്ടോ എടുത്തതുമെല്ലാം. ഉപ്പാ..ഞാനും ഉണ്ട് എന്ന് പറഞ്ഞു മോന്‍ എന്റെ പിന്നാലെ ആ പടികള്‍ കയറി വന്നു. ഞങ്ങള്‍ ഇരുന്നിരുന്ന ആ ക്ലാസ്സ്‌ റൂം ഞാന്‍ മെല്ലെ തുറന്നു നോക്കി. ഒരു മിന്നായം പോലെ എല്ലാവരെയും ഞാന്‍ ആ ബഞ്ചുകളില്‍ ഞാന്‍ കണ്ടു. അന്ന് ഞങ്ങള്‍ കൂട്ടുകാര്‍ ഇരുന്നിരുന്ന ആ സ്ഥലം, ഇടവേളയില്‍ പോയിരുന്ന ചായക്കട, അവള്‍ വരുന്നതും കത്ത് ഞാന്‍ നിന്നിരുന്ന പാണ്ടി സമൂഹ മഠം റോഡ്‌, എല്ലാം അത് പോലെ അവിടെയുണ്ട്. എല്ലാം കഴിഞ്ഞിട്ട് 15 വര്‍ഷം കഴിഞ്ഞു എന്ന് വിശ്വസിക്കാന്‍ വയ്യ. ആ മുറ്റത്ത് നിന്ന് എല്ലാരും കൂടെ പൊട്ടിചിരിച്ചത്,വഴക്കടിച്ചത് എല്ലാം മനസ്സിലൂടെ കടന്നു പോയി. ഒരിക്കല്‍ കൂടെ എല്ലാവരും കൂടെ അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി. മോന്റെ കയ്യും പിടിച്ചു ആ പടികള്‍ ഇറങ്ങിയപ്പോള്‍ ഒരു സങ്കടക്കാറ്റ് എന്നെ വന്നു തഴുകി കടന്നു പോയി.

അതിന്‍റെ അടുത്ത ദിവസമാണ് ഞങ്ങള്‍ അതിരപ്പിള്ളി പോയത്. മനസ്സും ശരീരവും ഒരു പോലെ തണുത്ത ഒരു യാത്ര ആയിരുന്നു അത്. മോന്‍ ഒരു പാട് സന്തോഷത്തോടെയാണ് അവിടെ നടന്നത്. അവനു 8 മാസം പ്രായമുള്ളപ്പോള്‍ ഞങ്ങള്‍ അവിടെ പോയതാണ്. ആ സ്ഥലം നിറയെ ആള്‍ക്കാരും, മരം നിറയെ കുരങ്ങന്മാരെയും കണ്ടപ്പോള്‍ അവന്‍ ആഹ്ലാദത്തോടെ ആര്‍ത്തു വിളിച്ചു. അവിടെ ഒരു സ്കൂള്‍ ബസ്‌ വന്നിട്ടുണ്ടായിരുന്നു. അതിലെ കുട്ടികള്‍ എല്ലാം ക്യാമറയും പിടിച്ചു നടക്കുന്നത് കണ്ടു. അവരുടെ പിന്നാലെ അവരുടെ ടീച്ചര്‍മാരും. ചോദിച്ചപ്പോള്‍ അവര്‍ തമിഴ്‌ നാട്ടില്‍ നിന്ന് വരുന്നവരാണ് എന്ന് മനസ്സിലായി. അവിടെ കണ്ട ഒരു സെക്ക്യൂരിറ്റിയോടു സംസാരിച്ചപ്പോള്‍ അവിടെ ഉണ്ടായ അപകടങ്ങള്‍ പുള്ളി പറഞ്ഞു. ആവേശം കൊണ്ട് കുളിക്കാന്‍ ഇറങ്ങിയ പലരും ഒഴുക്കില്‍ പെട്ട് മരിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇപ്പോള്‍ അവിടെ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുതിയിട്ടുണ്ട്. എന്നിട്ടും ആള്‍ക്കാരുടെ ആവേശത്തിന് ഒരു കുറവുമില്ല. അലച്ചു തല്ലി വരുന്ന ആ വെള്ളത്തിന്റെ കാഴ്ച നയന മനോഹരവും ഭയായനകവുമാണ്.

അവിടെ നിന്ന് മടങ്ങിയെത്തിയപ്പോള്‍ രാത്രി ആയി. പിറ്റേ ദിവസം എനിക്കൊരു കല്യാണം ഉണ്ടായിരുന്നു. എന്റെ കൂടെ സ്കൂളില്‍ പഠിച്ച രണ്ടു പേരാണ് അന്ന് എനിക്ക് ചോറും സാമ്പാറും വിളമ്പിയത്. ഒരാളുടെ പേര് ജോയി, മറ്റവന്‍ സജി. കുറെ നാളുകള്‍ക്ക് ശേഷമാണ് അവരെയൊക്കെ കണ്ടത്. അന്ന് രാത്രി ആണ് തിരുവനന്തപുരത്ത് നിന്ന് എന്റെ മറ്റൊരു ഓണ്‍ലൈന്‍ സുഹൃത്ത്‌ പാപ്പി (രാജേഷ്‌ )എന്നെ കാണാന്‍ വന്നത്. അവനും അവന്റെ കൂട്ടുകാരനും കൂടെ തെക്കടിയും വാഗമണ്ണും എല്ലാം കറങ്ങിയ ശേഷം എന്നെ കാണാന്‍ തൃശൂര്‍ വന്നത്. ഓരോ വിശേഷങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്നതിന്റെ ഇടയ്ക്കു പാപ്പി എന്നോട് ചോദിച്ചു " തിരുവനന്തപുരത്തേക്ക് വരുന്നാ? രണ്ടു ദിവസം നിന്ന് കറങ്ങിയിട്ട് വരാം". ദുബായില്‍ ഉള്ളപ്പോള്‍ അവന്‍ ഇടയ്ക്കിടയ്ക്ക് പറയാറുണ്ട് നാട്ടില്‍ വരുമ്പോ അവന്റെ വീട്ടിലേക്കു വരണം എന്ന്. അത് വരെ അങ്ങനെയൊരു യാത്രയെ കുറിച്ച് ഞാന്‍ ആലോചിച്ചിട്ടില്ലായിരുന്നു.പക്ഷെ അവന്റെ ആ ചോദ്യം കേട്ടപ്പോള്‍ എനിക്ക് തോന്നി ഒന്ന് പോയി വന്നാലോ എന്ന്. അങ്ങനെ പെട്ടെന്നൊരു തീരുമാനത്തിലാണ് അന്ന് രാത്രി തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്. ഞങ്ങള്‍ എല്ലാവരും കൂടെ ഭക്ഷണം കഴിച്ചു. പാപ്പിയുടെ കൂട്ടുകാരന്‍ ഓരോ വിഭവങ്ങളും നന്നായി ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി, കഴിച്ചെന്നു മാത്രമല്ല, പുള്ളി അതിനെ കുറിച്ച് എന്റെ ഉമ്മാട് നല്ല വാക്ക് പറയുകയും ചെയ്തു. അന്ന് അവിടെ താമസിച്ചു പിറ്റേ ദിവസം പോയാല്‍ പോരെ എന്ന് ആദ്യം തീരുമാനിച്ചു. പക്ഷെ അവര്‍ അന്ന് രാത്രി തന്നെ മടങ്ങാനുള്ള പരിപാടി ആയിട്ടാണ് വന്നത്. മാത്രമല്ല പാപ്പിയുടെ കൂടെ വന്ന അബിന്‍ ഒരു വക്കീലാണ്. പുള്ളിക്ക് പിറ്റേ ദിവസം കാലത്ത് കോടതിയില്‍ എത്തണം. അങ്ങനെ കുറച്ചു നേരം കൊണ്ട് കിട്ടിയ ഡ്രസ്സ്‌ ഒക്കെ എടുത്തു ഒരു ബാഗില്‍ ആക്കി രാത്രിക്ക് രാത്രി ഞങ്ങള്‍ ശ്രീ പദ്മനാഭന്റെ മണ്ണിലേക്ക് പുറപ്പെട്ടു. എല്ലാവരും കൂടെ ഞങ്ങളെ യാത്രയാക്കി. അപ്പോള്‍ സമയം രാത്രി 10.30 കഴിഞ്ഞിരുന്നു.

തുടരും...

ഭാഗം രണ്ട്
http://trichurdiary.blogspot.ae/2013/11/blog-post_19.html

Saturday, November 16, 2013

സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗം !!




സുഹൃത്തുക്കളെ ശാന്തരാവുക... നിങ്ങളെന്നെ കൂടുതല്‍ വികാരഭരിതനാക്കുകയാണ്. എന്റെ വര്‍ണശബളമായ യാത്ര ഇവിടെ അവസാനിക്കുകയാണെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഒരുപാടുപരെ നന്ദിയോടെ സ്മരിക്കുകയാണ് ഞാന്‍ . ആദ്യം 1999ല്‍ എന്നെ വിട്ടുപിരിഞ്ഞുപോയ എന്റെ അച്ഛന്‍ തന്നെ. അച്ഛന്റെ മാര്‍ഗനിര്‍ദേശം ഇല്ലായിരുന്നെങ്കില്‍ ഇന്നിങ്ങനെ നിങ്ങളുടെ മുന്നില്‍ എനിക്കു നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. സ്വപ്‌നങ്ങളെ തേടിപ്പോകാന്‍ എന്നെ പ്രേരിപ്പിച്ചത് അച്ഛനാണ്.

ലക്ഷ്യം എത്ര വിഷമകരമാണെങ്കിലും അത് കൈവരിക്കാനുള്ള ശ്രമം ഉപേക്ഷിക്കരുതെന്ന് അദ്ദേഹം എന്നെ ഉപദേശിച്ചു. അച്ഛന്റെ അഭാവം ഇന്നു ഞാന്‍ ശരിക്കും അനുഭവിക്കുന്നു. പിന്നെ അമ്മ. എന്നെപ്പോലൊരു വികൃതിപ്പയ്യനെ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട് ഞാന്‍ . കളിച്ചു തുടങ്ങിയ കാലം മുതല്‍ അമ്മ എനിക്കു വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാലു വര്‍ഷം ഞാന്‍ എന്റെ അമ്മാവനൊപ്പമായിരുന്നു താമസം. സ്വന്തം മകനെപ്പോലെയാണ് അമ്മാവനും അമ്മായിയും എന്നെ കണക്കാക്കിയത്. അധികം സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത ആളായിരുന്നു എന്റെ മൂത്ത സഹോദരന്‍ നിഥിന്‍ . പക്ഷേ ഏട്ടന്‍ പറയുമായിരുന്നു-എനിക്കറിയാം. നീയെന്ത് ചെയ്താലും അതിനുവേണ്ടി നൂറു ശതമാനവും പരിശ്രമിക്കുമെന്ന്. എന്റെ സഹോദരി സവിതയാണ് എനിക്ക് ആദ്യത്തെ ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ചത്. ഇന്നും ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ അവര്‍ ഉപവാസമിരിക്കും. മറ്റൊരു സഹോദരനായ അജിത്തും ഞാനും ഒരുപോലെ ക്രിക്കറ്റ് സ്വപ്‌നം കണ്ടു ജീവിച്ചവരാണ്. എനിക്കുവേണ്ടി സ്വന്തം കരിയര്‍ ത്യജിച്ചയാളാണ് അദ്ദേഹം. അചരേക്കറുടെ അടുക്കലേയ്ക്ക് എന്നെ ആദ്യമായി കൊണ്ടുപോയത് അദ്ദേഹമാണ്. കഴിഞ്ഞ ദിവസം രാത്രി പോലും എന്നെ വിളിച്ച് എന്റെ പുറത്താകലിനെ കുറിച്ച് ചര്‍ച്ച ചെയ്തു. കളിക്കാതിരുക്കുമ്പോഴും ഞങ്ങള്‍ ബാറ്റിങ് ടെക്‌നിക്കുകളെ കുറിച്ചാണ് ചര്‍ച്ച ചെയ്യാറുള്ളത്. ഇതൊന്നുമില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരു സാധാരണ ക്രിക്കറ്റര്‍ മാത്രമായി ഒതുങ്ങിപ്പോകുമായിരുന്നു.

എന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായൊരു കാര്യം 1990ല്‍ അഞ്ജലിയെ കണ്ടുമുട്ടിയതാണ്. ഡോക്ടര്‍ എന്ന നിലയില്‍ ഒരു വലിയ കരിയര്‍ അവരുടെ മുന്നിലുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ, എനിക്കു ക്രിക്കറ്റില്‍ തുടരാന്‍ വേണ്ടി അഞ്ജലി കുട്ടികളുടെ പരിചരണം ഏറ്റെടുക്കുകയായിരുന്നു. ഞാന്‍ പറഞ്ഞ എല്ലാ വിഡ്ഡിത്തങ്ങളും സഹിച്ച് എനിക്കൊപ്പം നിന്നതിന് അഞ്ജലിയോടു നന്ദി പറയുകയാണ്. പിന്നെ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട രണ്ടു രത്‌നങ്ങള്‍- സാറയും അര്‍ജുനും. അവരുടെ ഒരു പാട് പിറന്നാളാഘോഷങ്ങളിലും വിനോദയാത്രകളിലും പങ്കാളിയാകാന്‍ എനിക്കു കഴിഞ്ഞില്ല. കഴിഞ്ഞ 14-16 വര്‍ഷമായി നിങ്ങള്‍ക്കൊപ്പം വേണ്ടത്ര സമയം ചിലവിടാന്‍ കഴിഞ്ഞിട്ടില്ലെന്ന് എനിക്കറിയാം. അടുത്ത പതിനാറു വര്‍ഷം നിങ്ങള്‍ക്കൊപ്പം തന്നെ ഉണ്ടാകുമെന്ന് ഞാന്‍ ഉറപ്പു തരുന്നു.

പിന്നെ എന്റെ ഭാര്യയുടെ അച്ഛനമ്മമാര്‍ . അവരുമായി ഒരുപാട് കാര്യങ്ങള്‍ ഞാന്‍ ചര്‍ച്ച ചെയ്യാറുണ്ട്. അവര്‍ ചെയ്ത ഏറ്റവും വലിയ കാര്യം എന്നെ വിവാഹം കഴിക്കാന്‍ അഞ്ജലിയെ അനുവദിച്ചു എന്നതാണ്. കഴിഞ്ഞ ഇരുപത്തിനാലു വര്‍ഷമായി എന്റെ സുഹൃത്തുക്കളും വിലമതിക്കാനാവാത്ത സംഭാവനയാണ് നല്‍കിയത്. ഞാന്‍ സമ്മര്‍ദത്തിലായപ്പോഴെല്ലാം അവര്‍ എനിക്കൊപ്പം നിന്നു. ഞാന്‍ പരിക്കിന്റെ പിടിയിലായപ്പോള്‍ പുലര്‍ച്ചെ മൂന്നു മണിവരെ എനിക്കൊപ്പം ഇരിക്കാന്‍ അവര്‍ തയ്യാറായി. എന്നോടൊപ്പം നിന്നതിന് എല്ലാവര്‍ക്കും നന്ദി.

പതിനൊന്ന് വയസ്സുള്ളപ്പോഴാണ് എന്റെ കരിയര്‍ ആരംഭിച്ചത്. അചരേക്കള്‍ സാറിനെ ഗ്യാലറിയില്‍ കാണുമ്പോള്‍ വല്ലാത്തൊരു സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ സ്‌കൂട്ടറില്‍ യാത്ര ചെയ്ത് ദിവസവും രണ്ടു മത്സരങ്ങള്‍ വരെ കളിച്ച കാലമുണ്ടായിരുന്നു. ഞാന്‍ കളിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം എല്ലായിടത്തും എന്നെ നേരിട്ടു കൊണ്ടുപോയി. ഞാന്‍ അമിതാത്മവിശ്വാസത്തിന്റെ പിടിയിലാവാതിരിക്കാന്‍ ഒരിക്കല്‍പ്പോലും നന്നായി കളിച്ചുവെന്ന് അദ്ദേഹം എന്നോടു പറഞ്ഞിട്ടില്ല എന്നതാണ് രസകരം. സര്‍, ഞാന്‍ കളിക്കാത്തതിനാല്‍ ഇനി എന്തു ഭാഗ്യപരീക്ഷണത്തിനും മുതിരാം.


മുംബൈയിലാണ് എന്റെ കരിയര്‍ ആരംഭിച്ചത്. പുലര്‍ച്ചെ നാലു മണിക്ക് ന്യൂസീലന്‍ഡില്‍ നിന്നു മടങ്ങിയെത്തി പിറ്റേന്നു തന്നെ രഞ്ജി ട്രോഫിയില്‍ കളിച്ചത് ഓര്‍മയുണ്ട്. അരങ്ങേറ്റം മുതല്‍ തന്നെ ബി.സി.സി.ഐ. വലിയ പിന്തുണയാണ് എനിക്കു നല്‍കിയത്. എല്ലാ സെലക്ടര്‍മാരോടും നന്ദിയുണ്ട്. എനിക്ക് മതിയായ ചികിത്സ ലഭ്യമാക്കിയുമെല്ലാം നിങ്ങള്‍ എപ്പോഴും എനിക്കൊപ്പം തന്നെ നിലകൊണ്ടു. നന്ദി, എനിക്കൊപ്പം കളിച്ച എല്ലാ മുതിര്‍ന്ന കളിക്കാര്‍ക്കും. ഇപ്പോള്‍ ഇവിടെയില്ലാത്ത രാഹുല്‍ , വി.വി.എസ്, സൗരവ്, അനില്‍ തുടങ്ങിയവരെയെല്ലാം ഇപ്പോള്‍ സ്‌ക്രീനില്‍ കാണാം. എല്ലാ പരിശീലകരെയും എന്റെ നന്ദി അറിയിക്കുകയാണ്. രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതില്‍ നമ്മളെല്ലാം അഭിമാനിക്കുന്നു. തുടര്‍ന്നും അഭിമാനത്തോടെ തന്നെ രാഷ്ട്രത്തെ സേവിക്കാനാവുമെന്നാണ് പ്രതീക്ഷ. യഥാര്‍ഥ സത്തയില്‍ തന്നെ നിങ്ങള്‍ ഈ രാജ്യത്തെ സേവിക്കുമെന്നു തന്നെയാണ് എന്റെ വിശ്വാസം എന്നായിരുന്നു എം.എസ്. എനിക്ക് ഇരുന്നൂറാം ടെസ്റ്റ് തൊപ്പി സമ്മാനിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത്.

എന്റെ ഫിറ്റ്‌നസ് ഉറപ്പാക്കിയ ഡോക്ടര്‍മാരോട് നന്ദി പറഞ്ഞില്ലെങ്കില്‍ അതൊരു വലിയ വീഴ്ചയായിരിക്കും. എന്റെ പരിക്കുകളുടെ ഗൗരവം കണക്കിലെടുത്ത് പാതി രാത്രി വരെയിരുന്ന് ചികിത്സിച്ചിട്ടുണ്ട് അവര്‍ .

എന്റെ സുഹൃത്ത് അന്തരിച്ച മാര്‍ക്ക് മസ്‌കരേനസിന്റെ അഭാവം ഞാന്‍ അനുഭവിക്കുന്നു. മാര്‍ക്കിന്റെ ജോലി തുടര്‍ന്നും നിര്‍വഹിച്ച ഇപ്പോഴത്തെ മാര്‍ക്കറ്റിങ് ടീമായ ഡബ്ല്യു. എസ്.ജിയോടും എന്റെ നന്ദി അറിയിക്കുകയാണ്. കഴിഞ്ഞ പതിനാലു വര്‍ഷമായി എനിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ച ഒരാളാണ് വിനയ് നായിഡു.

സ്‌കൂള്‍ കാലം തൊട്ട് ഇന്നുവരെ മാധ്യമങ്ങള്‍ എനിക്കും വലിയ പിന്തുണയാണ് നല്‍കിയത്. എന്റെ കരിയറിലെ അസുലഭാവസരങ്ങള്‍ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫര്‍മാരോടും നന്ദിയുണ്ട്.

പ്രസംഗം നീണ്ടുപോയെന്ന് എനിക്കറിയാം. എങ്കിലും ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തിച്ചേര്‍ന്ന എല്ലാവരോടും ഞാന്‍ എന്റെ നന്ദി അറിയിക്കുകയാണ്. എന്റെ ആരാധകരെയും ഞാന്‍ ഹൃദയംഗമായ നന്ദി അറിയിക്കുകയാണ്. അവസാനശ്വാസം വരെ സച്ചിന്‍, സച്ചിന്‍ എന്ന ആരവും എന്റെയുള്ളില്‍ ഇരമ്പിക്കൊണ്ടേയിരിക്കും.



courtesy - mathrubhumi - http://www.mathrubhumi.com/sports/story.php?id=406965

Friday, November 1, 2013

ഡോക്ടര്‍ സണ്ണി വീണ്ടും വരുമ്പോള്‍ !!

ഡോക്ടര്‍ സണ്ണി എന്ന കഥാപാത്രം നമ്മള്‍ ആരും മറന്നിരിക്കില്ല. ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴിലെ ആ വട്ടന്‍ ഡോക്ടര്‍. മോഹന്‍ലാല്‍ അനായാസമായി അഭിനയിച്ച്‌ തകര്‍ത്താടിയ കഥാപാത്രം. ആ സിനിമ ഇറങ്ങിയിട്ട് ഇരുപതു വര്‍ഷം കഴിഞ്ഞിരിക്കുന്നു.പക്ഷെ ഡോക്ടര്‍ സണ്ണി ഇപ്പോള്‍ പ്രിയദര്‍ശന്റെ ഗീതാഞ്ജലി എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചു വരുന്നു.ഈ സിനിമ മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം അല്ല, ഡോക്ടര്‍ സണ്ണി എന്ന ആ കഥാപാത്രത്തെ മാത്രമേ അതില്‍ നിന്നും എടുത്തിട്ടുള്ളൂ എന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അങ്ങനെ ആണെങ്കില്‍ തന്നെയും മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം എന്ന രീതിയിലെ സാധാരണ പ്രേക്ഷകര്‍ അതിനെ കാണുകയുള്ളൂ.എന്തായാലും സിനിമ ഈ മാസം പതിനാലിന് റിലീസാകുകയാണ്.മണിചിത്രത്താഴിനെ വെല്ലുന്ന ഒരു സിനിമ ആയില്ലെങ്കിലും അതിന്റെ പേര് കളയാതെയുള്ള ഒരു സിനിമ ആകട്ടെ ഗീതാഞ്ജലി എന്ന് ആശംസിക്കുന്നു.



ഗീതാഞ്ജലിക്ക് തൊട്ടു പിന്നാലെ റാംജിറാവ് സ്പീകിംഗ്‌ എന്ന സിനിമയുടെ മൂന്നാം ഭാഗത്തിലൂടെ ബാലകൃഷ്ണനും ഗോപാലകൃഷ്ണനും മത്തായി ചേട്ടനുമൊക്കെ വീണ്ടും നമ്മുടെ മുന്നിലേക്ക്‌ വരികയാണ്. ഇത് കൂടാതെ നാടോടിക്കാറ്റിന്റെ നാലാം ഭാഗത്തിലൂടെ ദാസനും വിജയനും, CBI അഞ്ചാം ഭാഗത്തിലൂടെ സേതുരാമയ്യരും എല്ലാം വീണ്ടും വരുന്നു എന്ന് കേള്‍ക്കുന്നു. രണ്ടാം ഭാഗങ്ങളും മൂന്നാം ഭാഗങ്ങളും നമുക്ക് പുതുമയുള്ളതല്ല, ഇതിനു മുന്‍പും പല സൂപ്പര്‍ ഹിറ്റ്‌ സിനിമകളുടെയും രണ്ടും മൂന്നും ഭാഗങ്ങള്‍, എന്തിനു നാലാം ഭാഗം വരെ വന്നിട്ടുണ്ട്.നാടോടിക്കാറ്റിന്റെ തുടര്‍ച്ച ആയി വന്നപട്ടണപ്രവേശം,അക്കരെയക്കരെയക്കരെ, കിരീടത്തിന്റെ തുടര്‍ച്ച ആയി വന്ന ചെങ്കോല്‍, ദേവാസുരത്തിന്റെ തുടര്‍ച്ച ആയി വന്ന രാവണ പ്രഭു, CBI പരമ്പരകള്‍ അങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട്. ഇതില്‍ എത്ര ചിത്രങ്ങള്‍ക്ക് ആദ്യ ഭാഗത്തോട് നീതി പുലര്‍ത്താന്‍ സാധിച്ചു എന്നത് ചിന്തിക്കേണ്ട കാര്യമാണ്. സിനിമ ഒരു ബിസിനസ്‌ ആണ്, അതില്‍ അത്തരം ചിന്തകള്‍ക്ക് എത്ര മാത്രം പ്രസക്തി ഉണ്ട് എന്ന് അറിയില്ല. എങ്കിലും പ്രേക്ഷകരുടെ ഭാഗത്ത്‌ നിന്നും ചിന്തിക്കുമ്പോള്‍ അവര്‍ക്ക് ഇത്തരം സിനിമകളോട് എത്ര മാത്രം താല്പര്യം ഉണ്ട് എന്ന് അറിയേണ്ടിയിരിക്കുന്നു. ഒരു കാലത്ത് അവര്‍ നെഞ്ചിലേറ്റിയ കഥാപാത്രങ്ങള്‍ വീണ്ടും വരുമ്പോള്‍ അവരുടെ പ്രതീക്ഷകള്‍ വാനോളം ഉയരുന്നത് സ്വാഭാവികം. പക്ഷെ പലപ്പോഴും ഈ ചിത്രങ്ങള്‍ കാണുമ്പോള്‍, ആ കഥാപാത്രങ്ങളുടെ ഇന്നത്തെ പ്രകടനം കാണുമ്പോള്‍ ദേഷ്യവും വിഷമവുമാണ് വരുന്നത് എന്ന് പറയാതെ വയ്യ.

സംവിധായകന്‍ രഞ്ജിത്ത് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, ആദ്യ ചിത്രത്തിന്റെ വിജയം ഉറപ്പു വരുത്താന്‍ വേണ്ടിയാണ് താന്‍ രാവണപ്രഭു എന്ന സിനിമ ആദ്യം എടുത്തത്‌ എന്ന്. കാരണം ആദ്യ ചിത്രം പരാജയപ്പെട്ടാല്‍ പിന്നെ ആ സംവിധായകനെ ശ്രദ്ധിക്കാന്‍ ആരും കാണില്ല, രഞ്ജിത്തിന്റെ കാര്യത്തില്‍ അങ്ങനെയൊരു ഭയം ഉണ്ടാകേണ്ട കാര്യമില്ല, കാരണം ഒരു മികച്ച തിരക്കഥാകൃത്ത് എന്ന നിലയില്‍ രഞ്ജിത്ത് മലയാളികള്‍ക്ക് പ്രിയപ്പെട്ടവനാണ്. എന്നിട്ടും ഒരു തുടക്കത്തിനു വേണ്ടി മോഹന്‍ലാലിന്‍റെ ഹീറോയിസം കാണിക്കാന്‍ വേണ്ടി ദേവാസുരം പോലൊരു ക്ലാസ്സിക്‌ സിനിമയുടെ രണ്ടാംഭാഗം എടുക്കേണ്ടി വന്നു അദ്ധേഹത്തിനു. അല്ലെങ്കില്‍ ഒരു പക്ഷെ നന്ദനം ആയിരുന്നേനെ അദ്ധേഹത്തിന്റെ ആദ്യ സിനിമ. അത് കൊണ്ട് എന്തുണ്ടായി? മലയാള സിനിമയുടെ പൂമുഘത്തു ചാരു കസേരയില്‍ നീണ്ടു നിവര്‍ന്നു കിടന്നിരുന്ന മംഗലശ്ശേരി നീലകണ്ഠന്‍ എന്ന ആ അനശ്വര കഥാപാത്രത്തെ അദ്ധേഹത്തിനു ആ സിനിമയിലൂടെ കൊല്ലേണ്ടി വന്നു. നീലനെ അങ്ങനെ ഇല്ലാതാക്കണമായിരുന്നോ? മംഗലശ്ശേരി കാര്‍ത്തികേയന്‍ എന്ന പുതിയൊരു കഥാപാത്രത്തെ രഞ്ജിത്ത് കൊണ്ട് വന്നു, എങ്കിലും നീലകണ്ഠന്‍ ഇപ്പോളും മലയാളികളുടെ മനസ്സില്‍ അങ്ങനെ തന്നെയുണ്ട്.

രഞ്ജിത്തിന്റെ പാത പിന്തുടര്‍ന്ന് രഞ്ജി പണിക്കരും കമ്മിഷണര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായെത്തി, അത് വിജയിച്ചെങ്കിലും ഷാജി കൈലാസ്‌ ഒരുക്കിയ മൂന്നാം ഭാഗം കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍ പക്ഷെ ബോക്സ്‌ ഓഫീസില്‍ തകര്‍ന്നു. അത് പോലെ തന്നെ ലാല്‍ ആദ്യമായി ഒറ്റയ്ക്ക് സംവിധാനം ചെയ്ത "ടു ഹരിഹര്‍ നഗര്‍" എന്ന ചിത്രവും ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയിരുന്നു. അത് നേടിയ വന്‍വിജയം കാരണമാകും, ഉടനെ തന്നെ അതിന്റെ ഒരു മൂന്നാം ഭാഗമായ ഇന്‍ ഗോസ്റ്റ്‌ ഹൌസ് ഇന്‍ " ആയി എത്താന്‍ ലാലിനെ പ്രേരിപ്പിച്ചത്, പക്ഷെ ചിത്രത്തിന്റെ നിലവാരം വീണ്ടും കുറയുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. കൂടാതെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമായ അപ്പുക്കുട്ടനെ കൂടുതല്‍ കൂടുതല്‍ മണ്ടനാക്കി അവതരിപ്പിച്ച്, പ്രേക്ഷകരുടെ വെറുപ്പും നേടിയെടുത്തു. ആ ദേഷ്യം ചിലര്‍ക്കെങ്കിലും ജഗദീഷ്‌ എന്ന നടനോടും തോന്നിയിട്ടുണ്ടെങ്കില്‍ അവരെ കുറ്റം പറയാനൊക്കില്ല.

അത് പോലെ തന്നെ സേതുരാമയ്യര്‍ എന്ന ബുദ്ധി രാക്ഷസന്‍. ഒരു CBI ഡയറി കുറിപ്പ് എന്ന ചിത്രത്തിലൂടെ നമ്മുടെ പ്രിയങ്കരനായ കഥാപാത്രം. രണ്ടാം ഭാഗമായ ജാഗ്രതയില്‍ വീണ്ടും വന്നെകിലും വിജയം ആവര്‍ത്തിക്കാനായില്ല. പിന്നീട് 15 വര്‍ഷത്തിനു ശേഷം അയ്യര്‍ വീണ്ടും വന്നപ്പോള്‍ അതൊരു പുതുമ ആയിരുന്നു, ആ ചിത്രം വിജയിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം തന്നെ ഒരു നാലാം ഭാഗം കൊണ്ട് വന്നത് അനാവശ്യമായിരുന്നു. ഫോണിന്റെയും ചായലയുടെയും ബിസ്കട്ടിന്റെയും പരസ്യങ്ങള്‍ കുത്തി നിറച്ച ആ ചിത്രം സേതുരാമയ്യരുടെ ഇമേജിന് കോട്ടം തട്ടാനെ ഉപകരിച്ചുള്ളൂ. ഒരേ സംവിധായകനും, ഒരേ തിരക്കഥാകൃത്തും, ഒരേ നായക നടനുമായി ഒരു സിനിമയുടെ 4 ഭാഗങ്ങള്‍ വന്നു എന്ന ഒരു റെക്കോര്‍ഡ്‌ മാത്രമാണ് ആ ചിത്രം കൊണ്ടുണ്ടായ ഒരേ ഒരു നേട്ടം. ഇപ്പോള്‍ ഇനിയൊരു അഞ്ചാം ഭാഗവുമായി k.മധുവും s.n.സ്വാമിയും മമ്മൂട്ടിയും വരുന്നുണ്ടെങ്കില്‍ അത് കെട്ടുറപ്പുള്ള ഒരു കഥയുമായിട്ടാവണെ എന്ന് മാത്രമേ നമുക്ക് ആഗ്രഹിക്കാന്‍ കഴിയു.

അത് പോലെ തന്നെ മോഹന്‍ലാലിന്‍റെ സാഗര്‍ ഏലിയാസ്‌ എന്ന കഥാപാത്രം, പുതിയ സിനിമയില്‍ പുതിയ രൂപത്തിലും ഭാവത്തിലും അവതരിച്ചു എങ്കിലും ആദ്യ ഭാഗത്തിലെ ജാക്കി തന്നെയാണ് ഇന്നും പ്രേക്ഷകര്‍ക്ക്‌ പ്രിയങ്കരന്‍. മമ്മൂട്ടിയുടെ ഇന്‍സ്പെക്ടര്‍ ബല്‍റാം, താരാദാസ് എന്നീ കഥാപാത്രങ്ങളെ വീണ്ടും കൊണ്ട് വന്നപ്പോള്‍ ഉണ്ടായ പൊരുത്തക്കേട് നമ്മള്‍ കണ്ടതാണല്ലോ? മലയാളികളുടെ പ്രിയപ്പെട്ട ദാസനും വിജയനും ഇതിനകം മൂന്നു തവണ നമ്മുടെ മുന്‍പില്‍ വന്നു കഴിഞ്ഞു, ഇനി നാലാമത്തെ വരവില്‍ അവരെ എങ്ങനെയാണു അവതരിപ്പിക്കുക എന്നറിയില്ല. മിമിക്സ് പരേഡ്‌, കണ്ണൂര്‍, ഉപ്പുകണ്ടം ബ്രതെര്സ്, ജൂനിയര്‍ മാണ്ട്രെക്, കിലുക്കം, ഉദയനാണ് താരം. അങ്ങനെ പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ട്ട നേടിയ ഒരു പാട് സിനിമകള്‍ ഇങ്ങനെ രണ്ടാം ഭാഗവുമായി പ്രേക്ഷകരുടെ മുന്‍പിലെത്തി, ഇതില്‍ വിജയിക്കാന്‍ കഴിഞ്ഞത് വിരലില്‍ എന്നാവുന്ന ചിത്രങ്ങള്‍ക്ക്‌ മാത്രം. അതില്‍ തന്നെ കിലുക്കം കിലുകിലുക്കം, എഗൈന്‍ കാസര്‍കോട്‌ കാദര്‍ഭായ് , ഉപ്പുകണ്ടം ബ്രതെഴ്സ്‌ ബാക്ക് ഇന്‍ ആക്ഷന്‍, വീണ്ടും കണ്ണൂര്‍, എന്നീ ചിത്രങ്ങള്‍ എന്തിനു വേണ്ടിയാണ് ,ആര്‍ക്കു വേണ്ടിയാണ് പടച്ചു വിട്ടതെന്ന് ഒരു പിടിയും കിട്ടുന്നില്ല.

ഇത് കൂടാതെയാണ് പഴയ സിനിമകളുടെ റീമേക്സ്‌ വരുന്നത്. പഴയകല ഹിറ്റ്‌ ചിത്രങ്ങളായ നീലത്താമര, രതിനിര്‍വേദം, ചട്ടക്കാരി എന്നിവ കഴിഞ്ഞ വര്‍ഷങ്ങളില്‍ റിലീസായി, പറങ്കിമല എന്ന ചിത്രത്തിന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നു. വരും നാളുകളില്‍ ഈ ചുവടു പിടിച്ചു കൂടുതല്‍ ചിത്രങ്ങള്‍ വരാനാണ് സാധ്യത. പുതിയ കഥകള്‍ കണ്ടെത്താനുള്ള മടിയാണോ, അതോ പ്രേക്ഷകര്‍ക്ക് ഇതൊക്കെ മതി എന്ന ധാരണയാണോ ഇതിനു പിന്നില്‍ എന്നറിയില്ല. രണ്ടാം ഭാഗങ്ങള്‍ക്ക് റിലീസ്‌ ദിവസം നല്ലൊരു തുടക്കം കിട്ടുമെന്നതു നേര് തന്നെ, പക്ഷെ അത് കഴിഞ്ഞാല്‍ ആ ചിത്രങ്ങളുടെ അവസ്ഥ നമ്മള്‍ കാണുന്നതാണ്. പ്രേക്ഷകര്‍ കൈ വിടുന്ന ഇത്തരം ചിത്രങ്ങള്‍ അടുത്ത മാസം ഡിവിഡി ഇറങ്ങുന്നതോടെ ആ യാത്ര അവസാനിക്കുന്നു. ഇത്തരം ചിത്രങ്ങളെ അനുകൂലിക്കുന്നുണ്ടാവരുണ്ടാകം, എന്തായാലും പ്രേക്ഷരുടെ പ്രിയ കഥാപാത്രങ്ങളെ അവര്‍ വെറുത്തു പോകുന്ന ഒരു അവസ്ഥയിലേക്ക് ഈ ചിത്രങ്ങള്‍ ഒരുക്കരുത് എന്ന ഒരു അപേക്ഷ മാത്രമേ ഉള്ളു. ഈ കാര്യത്തില്‍ ഭൂരിപക്ഷം പ്രേക്ഷകരുടെ താല്പര്യം കൂടെ ഒന്ന് അറിയാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും എന്നാണ് എന്റെ വ്യക്തിപരമായ ഒരു അഭിപ്രായം.

Saturday, October 19, 2013

തൂവാനത്തുമ്പികളുടെ നാട്ടിലൂടെ !!

തൂവാനത്തുമ്പികള്‍ എന്ന മനോഹരമായ സിനിമ ഇറങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. എന്നിട്ടും ജയകൃഷ്ണന്‍, ക്ലാര, തങ്ങള്‍ എന്നീ മൂന്നു കഥാപാത്രങ്ങള്‍ നമ്മളെ ഇപ്പോളും പിന്തുടരുന്നു. പ്രണയവും മഴയും രതിയും എല്ലാം ഇത്ര മനോഹരമായി ചിത്രീകരിച്ച മറ്റൊരു സിനിമ ഇല്ലെന്നു തന്നെ പറയാം..ഇപ്പോളും പല തവണ ചാനലില്‍ ആ സിനിമ സംപ്രേക്ഷണം ചെയ്യുന്നു, ഇന്നും ആ സിനിമ ആളുകള്‍ കണ്ടു കൊണ്ടിരിക്കുന്നു, മുന്‍പ് കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും കാണുന്നു, പുതു തലമുറയിലെ ചെറുപ്പക്കാര്‍ ആ സിനിമയെ കുറിച്ച് അറിഞ്ഞു ആദ്യമായി കാണുന്നു. ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ സ്റ്റീഫന്‍ എന്ന ജയസുര്യയുടെ കഥാപാത്രം, അനൂപ്‌ മേനോനോട് പറയുന്നുണ്ട് " എന്തൊരു സിനിമയാടാ ഇത്, ഇത് എത്ര തവണ കണ്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല" എന്ന്. ഈ സ്ടീഫനെ പോലെ പലരെയും എനിക്ക് അറിയാം, ഈ സിനിമ വീണ്ടും വീണ്ടും കാണുന്ന ചിലര്‍. എന്താണ് ഈ സിനിമയുടെ പ്രത്യേകത? എത്ര കണ്ടാലും മടുക്കാത്ത എന്താണ് അതില്‍ ഉള്ളത്? ഇറങ്ങിയ സമയത്ത് അത്ര വലിയൊരു വിജയം ലഭിക്കാതെ പോയ ഒരു സിനിമയാണ് ഇതെന്നു ഓര്‍ക്കുമ്പോള്‍ ആണ് അത്ഭുതം. ഇങ്ങനെ കാലത്തിനെ അതിജീവിച്ചു നില നില്ക്കാന്‍ മാത്രം എന്ത് മാജിക്‌ ആണ് പദ്മരാജന്‍ എന്ന മഹാനായ സംവിധായകന്‍ ആ ചിത്രത്തില്‍ കാണിച്ചത്‌?



ഒരു മഴയോട് കൂടെ തുടങ്ങുന്ന സിനിമയാണ് തൂവാനത്തുമ്പികള്‍, പിന്നീട് പല സമയത്തായി ചിത്രത്തില്‍ മഴ വരുന്നുണ്ട്, മഴ ഇത്ര മനോഹരമായി ചിത്രീകരിച്ച മറ്റൊരു സിനിമയും മലയാളത്തില്‍ ഇറങ്ങിയിട്ടില്ല, കമലിന്റെ പെരുമഴക്കാലം മറക്കുന്നില്ല,തുടക്കം മുതല്‍ ഒടുക്കം വരെ അതില്‍ മഴയുണ്ട്, അത് പക്ഷെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ആ സിനിമ കൈകാര്യം ചെയ്ത വിഷയം കൊണ്ടാണ് ,എന്നാല്‍ തൂവാനത്തുമ്പികളില്‍ മഴ ഒരു കഥാപാത്രം പോലെയാണ് വന്നു പോകുന്നത്. മലയാളികളുടെ ഗൃഹാതുരത്തിന്റെ ഏറിയ പങ്കും ബന്ധപ്പെട്ടിരിക്കുന്നത് മഴയുമായി ആയിരിക്കും, അത് കൊണ്ട് തന്നെ സിനിമയിലെ ആ മഴയും നമ്മളുടെ മനസ്സിലാണ് പെയ്തത്. അത് കൊണ്ട് തന്നെ എത്ര തവണ കണ്ടാലും മതി വരാതെ പലരും ആ സിനിമ പിന്നെയും പിന്നെയും കാണുന്നു..



പിന്നെ ജയകൃഷ്ണന്‍ എന്ന ആ തൃശ്ശൂര്‍ക്കാരന്‍, നാട്ടില്‍ അടങ്ങിയൊതുങ്ങി അമ്മയുടെ കുട്ടി ആയി കഴിയുന്ന അയാള്‍ ടൌണില്‍ എത്തിയാല്‍ വേറെ ഒരാളാണ്, ഒരു തരം പരകായ പ്രവേശം. മോഹന്‍ലാല്‍ എത്ര മനോഹരമായാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്? ചിത്രം കാണുന്ന ഏതൊരാള്‍ക്കും മോഹന്‍ലാല്‍ എന്ന നടനോട് ഒരു പാട് ഇഷ്ട്ടം തോന്നി പോകും. സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന അയാള്‍ക്ക് എന്തിനും പോന്ന ഒരു സുഹൃത്ത്‌ വലയം തന്നെ ഉണ്ട്, ജേക്കബ്‌, ഉണ്ണി മാഷ്‌, ബാബു അങ്ങനെ കുറച്ചു പേരെ ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ഈ ജയകൃഷ്ണന്റെ രസകരമായ കുറെ സീനുകളും ഡയലോഗുകളും ചിത്രത്തില്‍ ഉണ്ട്. ഈ സിനിമ ഇഷ്ട്ടപെടുന്ന എല്ലാവരുടെ ഉള്ളിലും ഒരു ജയകൃഷ്ണന്‍ ഉണ്ട്, അല്ലെങ്കില്‍ എല്ലാവരും ജയകൃഷ്ണനെ പോലെ ആകാന്‍ ആഗ്രഹിക്കുന്നു എന്നതാണ് സത്യം.



ക്ലാര..ആ പേര് പറയുമ്പോ തന്നെ ആ മഴയും, ആ പശ്ചാത്തല സംഗീതവും മനസ്സിലേക്ക് ഓടിയെത്തുന്നു, ജോണ്‍സന്‍ മാസ്റ്റര്‍ എന്ന അപൂര്‍വ പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ ഈണം, സുമലതയുടെ ഏറ്റവും നല്ല കഥാപാത്രം ആണ് ക്ലാര, ആ സൌന്ദര്യം ആരെയാണ് ആകര്ഷിക്കാത്തത്? ജയകൃഷ്ണനും ക്ലാരയും തമ്മിലുള്ള ബന്ധത്തെ എന്ത് പേരിട്ടു വിളിക്കണം എന്ന് അറിയില്ല, അത് പ്രണയം ആയിരുന്നോ? അറിയില്ല. "ഞാന്‍ ക്ലാരയെ മാരി ചെയ്യട്ടെ? " എന്ന് ജയകൃഷ്ണന്‍ ചോദിക്കുന്ന സമയത്ത്, ദേഹത്തു വന്നു അടിക്കുന്ന തിരമാലയില്‍ ക്ലാര ഉലയുന്ന ആ സീന്‍, പത്മരാജന്‍ എന്ന പ്രതിഭക്ക് മാത്രം കഴിയുന്ന ഒന്ന്. അവര്‍ ഒരുമിച്ചുള്ള മേഘം പൂത്തു തുടങ്ങി എന്ന മനോഹരമായ ഗാനം എത്ര കണ്ടാലും മതിയാവില്ല, "എരിവേനല്‍ ചൂടിന്റെ കഥയാകെ മറന്നു, ഒരു ധന്യ ബിന്ദുവില്‍ കാലമലിഞ്ഞു" എന്ന ആ വരികളൊക്കെ ആര്‍ക്കാണ് മറക്കുവാന്‍ കഴിയുക? ഇന്നും കേള്‍ക്കുമ്പോള്‍ പാതി വഴിയില്‍ നമുക്കൊക്കെ നഷ്ട്ടമായ എന്തിനെയോ ഓര്‍ത്തു മനസ്സ് വിങ്ങുന്നു.



രാധ..ഒരു പാവം പെണ്‍കുട്ടി,ആദ്യ കൂടി കാഴ്ച്ചയില്‍ തന്നെ ജയകൃഷ്ണനുമായി അവള്‍ ഉടക്കുന്നുണ്ട്. പക്ഷെ പിന്നീട് അയാളുമായി തന്നെ അവള്‍ അടുക്കുന്നു, രാധയുടെ ചേട്ടന്‍ മാധവന്‍ ജയകൃഷ്ണനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ കേട്ട് അവള്‍ക്കു അയാളോട് ആരാധന തോന്നുന്നു, അത് പിന്നെ പ്രണയം ആയി മാറുന്നു. പാര്‍വതിയുടെ ആ ഉണ്ടകണ്ണ് രാധക്ക് നല്ല ചേര്‍ച്ച ഉണ്ടായിരുന്നു. ആ കണ്ണ് ഒന്ന് കൂടെ വീര്‍പ്പിച്ചു അവള്‍ ജയകൃഷ്ണനെ തുറിച്ചു നോക്കുന്നത് രസമായ ഒരു സീനാണ് .ക്ലാരയുമായുള്ള ജയകൃഷ്ണന്‍റെ അടുപ്പം അവള്‍ പക്വതയോടെ കേള്‍ക്കുന്നു. അയാളെ അതില്‍ നിന്നും പിന്മാറാന്‍ ഉപദേശിക്കുന്നു, പക്ഷെ അവള്‍ അസ്വസതയായിരുന്നു. വരുന്ന ജയകൃഷ്ണനും രാധയും തമ്മിലുള്ള ആ പ്രണയം എത്ര കാവ്യാത്മകമായാണ് പദ്മരാജന്‍ ചിത്രീകരിച്ചിരിക്കുന്നത്? അത്തരം പ്രണയങ്ങള്‍ ഇന്നത്തെ സിനിമകളില്‍ നമുക്ക് കാണാന്‍ സാധിക്കുമോ? ഇനിയും ഒരു ആയിരം തവണ കണ്ടാലും മതി വരാത്ത "ഒന്നാം രാഗം പാടി " എന്ന സുന്ദരമായ ഗാനം. " ഈ പ്രദക്ഷിണ വീഥികള്‍,ഇടറി നീണ്ട പാതകള്‍ എന്നും ഹൃദയ സംഗമത്തിന്‍ ശീവേലികള്‍ തൊഴുതു" എന്ന വരികളൊക്കെ എപ്പോള്‍ കേട്ടാലും, മനസ്സ് ആര്‍ദ്രമാകുന്നു.



റിഷി..ജയകൃഷ്ണന്‍റെ അടുത്ത സുഹൃത്ത്‌, ജീവിതത്തിലെ എല്ലാ രസങ്ങളും അയാള്‍ അറിയുന്നത് ജയകൃഷ്ണനിലൂടെയാണ്. ടൌണില്‍ ദേവി ഇലക്ക്ട്രിക്കല്‍സ് നടത്തുന്ന റിഷി, തന്‍റെ ചടാക്ക് സ്കൂട്ടറുമായി ജയകൃഷ്ണന്‍റെ വീട്ടില്‍ രാത്രി വന്നു ടൌണിലെ പിള്ളാരുടെ വിക്രിയകള്‍ അയാളോട് പങ്കു വെക്കുന്നതും, ആദ്യമായി ടൌണിലെ ബാറില്‍ പോകുന്ന അയാളുടെ പരിഭ്രമവും, തനിക്ക് കിട്ടിയ ആദ്യത്തെ ഗ്ലാസ്‌ ബിയര്‍ കഷ്ട്ടപെട്ടു കുടിക്കുമ്പോള്‍,രണ്ടാമത്തെ ഗ്ലാസ്സിലെക്ക് കടക്കുന്ന ജയകൃഷ്ണനോട് "അല്ല ജയകൃഷ്ണാ, അപ്പൊ താന്‍ കഴിക്കോ? "എന്നു അത്ഭുതത്തോടെ ചോദിക്കുന്നതും, നാട്ടിലെ ക്ലിയോപാട്ര എന്ന് ജയകൃഷ്ണന്‍ വിശേഷിപ്പിക്കുന്ന ത്രേസ്യ ജോസിനെ ആ ഹോട്ടല്‍ മുറിയില്‍ കാണുമ്പോള്‍ ഉള്ള അയാളുടെ മുഖവും എല്ലാം ചിത്രത്തിലെ രസകാഴ്ചകളാണ്. ക്ലാരയെ കണ്ടതും, രാധയുമായുള്ള തന്‍റെ അടുപ്പവും എല്ലാം ജയകൃഷ്ണന്‍ പങ്കു വെക്കുന്നത് റിഷിയോടാണ്. അശോകന്‍ എന്ന നടന്‍റെ മികച്ച വേഷങ്ങളില്‍ ഒന്നാണ് ഇതിലെ റിഷി.



ബാബു നമ്പൂതിരി,ആ പേര് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം തെളിയുന്നത് തങ്ങളുടെ മുഖമാണ്. അത്ര മാത്രം ആ കഥാപാത്രം പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞു പോയിരിക്കുന്നു. ജയകൃഷ്ണന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ ആണ് തങ്ങള്‍, തന്റെ പ്രശ്നങ്ങള്‍ അയാള്‍ ആദ്യം പറയുന്നത് ജയകൃഷ്ണനോടാണ്. തന്നെ കാണാന്‍ വീട്ടില്‍ എത്തുന്ന തങ്ങളെ ജയകൃഷ്ണന്‍ അമ്മയുടെ മുന്‍പില്‍ ഗുരുക്കള്‍ മാഷാക്കി മാറ്റുന്ന സീന്‍ ചിരിയുണര്‍ത്തും.ക്ലാരയെ തന്റെ ബിസിനെസ്സിലെക്ക് കൊണ്ട് വരാന്‍ വേണ്ടിയാണു തങ്ങള്‍ ശ്രമിച്ചത്‌, പക്ഷെ ക്ലാര അയാളുടെ വല പൊട്ടിച്ചു പുറത്തു പോകുന്നു, പിന്നീടു തങ്ങള്‍ തന്നെയാണ് ക്ലാരക്കും ജയകൃഷ്ണനും താമസിക്കാന്‍ വേണ്ടി കുന്നിന്‍ മുകളിലെ അയാളുടെ വീട് ഒരുക്കി കൊടുക്കുന്നതും, കാരണം അയാള്‍ ജയകൃഷ്ണനോട് അത്ര മാത്രം കടപ്പെട്ടിരിക്കുന്നു. ക്ലാര പക്ഷെ അയാളെ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നില്ല.



പദ്മരാജന്‍റെ തന്നെ ഉധകപ്പോള എന്ന നോവലിന്റെ സിനിമ രൂപമാണ് തൂവാനത്തുമ്പികള്‍. നോവലിന്‍റെ പകുതി പോലും സിനിമയില്‍ എടുതിട്ടില്ല. ചിത്രത്തിന്റെ ഏറിയ ഭാഗവും ചിത്രീകരിച്ചിരിക്കുന്നത് തൃശൂര്‍ ആണ്, ജയകൃഷ്ണനും ഋഷിയും കൂടെ ആടിന്‍റെ തല വാങ്ങാന്‍ പോകുന്ന ഈസ്റ്റ്‌ ഫോര്‍ട്ടിലെ പഴയ മാര്‍ക്കറ്റ്, അവര്‍ നടന്നു വരുന്ന ചെമ്പുക്കാവ് റോഡ്‌, പിന്നീട് പോകുന്ന കാസിനോ ഹോട്ടലിലെ ശരാബി ബാര്‍, പിന്നെ പെനിസുല ഹോട്ടല്‍, രാധയെ കാണാന്‍ ജയകൃഷ്ണന്‍ പോകുന്ന കേരളവര്‍മ്മ കോളേജ്, അവര്‍ തമ്മില്‍ പിന്നെ കാണുന്ന വടക്കുംനാഥന്‍റെ ക്ഷേത്രം, ക്ലാരയും ജയകൃഷ്ണനും കൂടെ കാറില്‍ പോകുന്ന പുഴക്കല്‍ പാടത്തിന്റെ ഭാഗം, അവര്‍ രാത്രി പോകുന്ന വാടാനപ്പിള്ളി ബീച്ച്, ജഗതിയെ കൊല്ലാന്‍ കൊണ്ട് പോകുന്ന പീച്ചി ഡാം, അങ്ങനെ ഒരു പാട് സ്ഥലങ്ങള്‍ ആ ചിത്രവുമായി ബന്ധപ്പെട്ടു തൃശൂരില്‍ ഉണ്ട്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.



ആ സ്ഥലങ്ങള്‍ എല്ലാം ഇപ്പോള്‍ കാണുമ്പോള്‍ ഒരു നൊസ്റ്റാള്‍ജിയ ഉണ്ട്. ഒരു തൃശൂര്‍കാരന്‍ ആയ എനിക്ക് അത് കൊണ്ട് തന്നെ ഈ ചിത്രം ഒരു പാട് പ്രിയപ്പെട്ടതാണ്. അത് പോലെ പലര്‍ക്കും അവരുടെതായ കാരണങ്ങള്‍ ഉണ്ടാകാം. എന്തായാലും ജയകൃഷ്ണനും ക്ലാരയും രാധയും തങ്ങളും ഋഷിയും എല്ലാം നമ്മുടെ മനസ്സില്‍ അങ്ങനെ തന്നെ നില നില്ക്കട്ടെ.എന്നും..എന്നെന്നും.

Tuesday, October 8, 2013

നന്ദി -ഒരു ചെറു കഥ



റോഡരികിലുള്ള ഒരു പാര്‍ട്ടി ഓഫീസ് കെട്ടിടം. അവിടേക്ക് പതുക്കെ പതുക്കെ നടന്നു വരുന്ന ഒരു വയസ്സന്‍..., വെള്ളമുണ്ടും വെള്ള ഷര്‍ട്ടുമാണ് വേഷം, തോളില്‍ ഒരു മേല്‍മുണ്ട് ഇട്ടിട്ടുണ്ട്. അയാളുടെ കൂടെ ഒരു ചെറുപ്പക്കാരനും ഉണ്ട്. ഒരു സാധാ പാന്റ്സും ഷര്‍ട്ടുമാണ് അയാളുടെ വേഷം. അവര്‍ രണ്ടു പേരും കൂടെ ഈ പാര്‍ട്ടി ഓഫീസിന്റെ അകത്തേക്ക് കയറുന്നു.

പാര്‍ട്ടി ഓഫീസിലെ ചെയറില്‍ ഇരുന്നു മേശയില്‍ ഉള്ള ഫയലുകള്‍ നോക്കുന്ന ഒരാള്‍., അകത്തേക്ക് വരുന്ന ആളെ കണ്ടു അയാള്‍ ബഹുമാനത്തോടെ എണീറ്റ്‌ നില്‍ക്കുന്നു.

അയാള്‍ : അല്ല, ആരാ ഇത്? വാരിയര്‍ മാഷോ? എന്താ മാഷെ ഈ വഴിക്ക്?

മാഷ് : ഞാന്‍....., ഞാന്‍ ബിജുവിനെ ഒന്ന് കാണാന്‍ വന്നതാ. (ചെറുതായി ചുമക്കുന്നുണ്ട്)

ബിജു : ആണോ? മാഷ് ഇരിക്ക്.

(മാഷ് ഇരിക്കുന്നു. കൂടെ ഉള്ള ചെറുപ്പക്കാരന്‍ പുറകില്‍ അരികിലായി കൈ കെട്ടി നില്‍ക്കുന്നുണ്ട്. കാഴ്ച്ചയില്‍ അയാള്‍ ഒരു സാധുവാണ്.)

ബിജു : ആണോ? മാഷ് ഇരിക്ക്. ഒന്ന് ആളെ വിട്ടിരുന്നെകില്‍ ഞാന്‍ വീട്ടിലേക്ക്‌ വരുമായിരുന്നല്ലോ?

മാഷ് : ഏയ്,അതൊന്നും സാരമില്ലെടോ.

ബിജു: ഞാന്‍ എന്താ വേണ്ടേ? മാഷ് പറയൂ

മാഷ് : (ചുമക്കുന്നു) അത്.പിന്നെ....ഞാന്‍........... (( (

ബിജു : ഹാ, മടിക്കാതെ പറയു മാഷെ

മാഷ് : ദാ, ഇവന്റെ ഒരു കാര്യം പറയാനായിരുന്നു.. സുമേഷേ, ഇങ്ങോട്ട് കയറി നില്‍ക്കൂ.

പിന്നിലുള്ള സുമേഷ്‌ ഒരു പരുങ്ങലോടെ മുന്നിലേക്ക്‌ നീങ്ങി നില്‍ക്കുന്നു.

മാഷ് : ഇത് സുമേഷ്‌, എന്റെ വീടിന്റെ അടുത്തുള്ള പയ്യനാ. ഇവന്റെ വീട്ടിലെ കാര്യം കുറച്ചു കഷ്ട്ടത്തിലാണ്. ഇവന്റെ ഒരു ജോലിക്കാര്യത്തിനു വേണ്ടിയാരുന്നു.

ബിജു സുമേഷിനെ ഒന്ന് നോക്കുന്നു. സുമേഷ്‌ രണ്ടു കയ്യും കെട്ടി ഒന്ന് കൂടെ ഒതുങ്ങി നിന്നു.

മാഷ്: നീ വിചാരിച്ചാല്‍. ഇവനൊരു ജോലി...?

ബിജു : അയ്യോ ഞാനോ? ഞാന്‍ എങ്ങനെയാ?

മാഷ് : അല്ലാ, നിന്റെ പാര്‍ട്ടി വഴി..

ബിജു : അയ്യോ മാഷെ, മാഷ് വിചാരിക്കുന്ന പോലെ എനിക്ക് പാര്‍ട്ടിയില്‍ അത്ര പിടിപാടോന്നുമില്ല,

മാഷ് : എന്തെങ്കിലും ഒരു ജോലി മതി. ഇവന്റെ ഒരു കാര്യം ആയതു കൊണ്ടാ ഞാന്‍ നേരിട്ട് തന്നെ വന്നത്...

ബിജു : എന്താ ഇപ്പൊ ചെയ്യാ മാഷെ? എന്റെ പരിചയത്തില്‍ ഇപ്പോള്‍ എവിടെയും ജോലിയൊന്നും ഒഴിവില്ലല്ലോ ?

മാഷ് : നീ അങ്ങനെ പറഞ്ഞു ഒഴിയരുത്.

ബിജു : ഇവിടെ ചായ കൊണ്ട് വരാനും, മേശ തുടക്കാനുമൊക്കെ ഒരു ആളെ വേണം എന്ന് കഴിഞ്ഞ മീറ്റിങ്ങില്‍ പറയുന്നത് കേട്ടു. അത് ....?

മാഷ് : മതി, അതായാലും മതി

ബിജു : പക്ഷെ മാഷെ, അതിനു അങ്ങനെ വലിയൊരു ശമ്പളമൊന്നും..

മാഷ് : അതൊന്നും സാരമില്ല, നീ എന്തെങ്കിലും കൊടുത്താല്‍ മതി. അവന്‍ നാല് ആളുകളുമായി ഒന്ന് ഇടപെടട്ടെ..

ബിജു : എന്നാ അവന്‍ ഇവിടെ നിന്നോട്ടെ.

എന്നിട്ട് സുമേഷിനോടായി : എന്താടാ പറഞ്ഞതൊക്കെ കേട്ടു മര്യാദക്ക് നിക്കോ ഇവിടെ?

സുമേഷ്‌ : ഓ..നില്‍ക്കാം ..

ബിജു : ഹും..(ബിജു ഒന്ന് ഇരുത്തി മൂളി) :

എന്നിട്ട് മാഷിനോടായി : എന്നാ മാഷ് പോക്കോ, ഇവന്റെ കാര്യം ഞാനേറ്റു.

മാഷ് : ശരി, എന്നാ ഞാന്‍ ഇറങ്ങട്ടെ. ഇവനെ ഞാന്‍ നിന്നെ ഏല്പിക്കുകയാണ്.

ബിജു : ശരി മാഷെ.....

മാഷ് പതുക്കെ എണിക്കുന്നു. എന്നിട്ട് സുമേഷിനെ അടുത്തേക്ക്‌ വിളിക്കുന്നു. അവന്റെ തോളില്‍ തട്ടി പറയുന്നു. എന്നാ ഞാന്‍ ഇറങ്ങട്ടെ? നീ ഇവിടെ ഇവര്‍ പറയുന്നതൊക്കെ അനുസരിച്ച് നിക്കണം. കേട്ടല്ലോ?

സുമേഷ്‌ : ശരി മാഷെ..

അങ്ങനെ മാഷ് ആ പാര്‍ട്ടി ഓഫീസില്‍ നിന്നും ഇറങ്ങുന്നു,. സുമേഷ്‌ വാതില്‍ വരെ ചെന്ന് മാഷെ യാത്ര അയക്കുന്നു. കുറച്ചു അവശതയോടെ മാഷ് ആ റോഡിലൂടെ നടന്നു പോകുന്നു.

നാല് മാസങ്ങള്‍ക്ക് ശേഷം ഒരു പകല്‍

പാര്‍ട്ടി ഓഫീസിന്റെ പുറത്തു നിന്നുള്ള ദൃശ്യം.

വാരിയര്‍ മാഷ്‌ അകലെ നിന്നു നടന്നു വന്നു അകത്തേക്ക് കയറുന്നു.

അകത്തേക്ക് വരുന്ന മാഷ് കാണുന്നത് കസേരയില്‍ കയറി നിന്നു ചില്ല് ഫോട്ടോ തുണി വെച്ച് വൃത്തിയാക്കുന്ന ബിജുവിനെയാണ്.

കുറച്ചു അമ്പരപ്പോടെ മാഷ് ബിജുവിനെ വിളിക്കുന്നു : ബിജൂ

മാഷെ കണ്ട ബിജു കസേരയില്‍ നിന്നു താഴെ ഇറങ്ങുന്നു.

ബിജു : ആ മാഷോ..വരൂ, ഇരിക്ക്..

മാഷ് : അല്ല, എന്താ ഇതൊക്കെ നീ ചെയ്യുന്നത്? സുമേഷ്‌ ഇല്ലേ ഇവിടെ?

ബിജു : സുമേഷ്‌ സാര്‍ വന്നിട്ടില്ല, ഒരു മീറ്റിങ്ങിനു പോയതാ..ഇപ്പൊ എത്തും.

മാഷ് : മീറ്റിങ്ങിനോ? അവനോ? എന്ത് മീറ്റിംഗ്?

ബിജു : പാര്‍ട്ടി മീറ്റിംഗ്.

മാഷ് : അതിനു അവനു എന്ത് പാര്‍ട്ടി?

ബിജു: അപ്പൊ മാഷ് ഒന്നും അറിഞ്ഞില്ലേ? , സുമേഷ്‌ സാറല്ലേ ഇപ്പൊ പാര്‍ട്ടിയുടെ ഏരിയ സെക്രട്ടറി?

മാഷ് : ഇല്ല, ഞാന്‍ ഒന്നും അറിഞ്ഞിട്ടില്ല. ഇതൊക്കെ എപ്പോള്‍ സംഭവിച്ചു?

ബിജു : അതിപ്പോ കുറച്ചു നാളായി.

മാഷ് : അതിനു അവനു പാര്‍ട്ടിയെ കുറിച്ചൊക്കെ അറിയാമോ?

ബിജു : അങ്ങനെ ചോദിച്ചാല്‍.....

ആ സമയത്ത് സുമേഷ്‌ മൊബൈല്‍ ഫോണില്‍ ആരോടോ സംസാരിച്ചു കൊണ്ട് അകത്തേക്ക് കയറി വരുന്നു. ബിജു എണിറ്റു നില്‍ക്കുന്നു.
സുമേഷ്‌ ആ സീറ്റില്‍ വന്നിരിക്കുന്നു. മാഷെ ശ്രദ്ധിക്കുന്നില്ല.

സുമേഷ്‌ (ഫോണിലൂടെ) : ഇല്ല, ഇല്ല, പറ്റില്ല, ഞാന്‍ പറഞ്ഞു എന്ന് പറഞ്ഞാല്‍ മതി , ഓക്കേ എന്നാ ശരി , നാളെ കാണാം .

മാഷ് ഒന്നും മനസ്സിലാകാതെ നോക്കി ഇരിക്കുന്നുണ്ട്.

ഫോണ്‍ കട്ട്‌ ചെയ്ത ശേഷം സുമേഷ്‌ ബിജുവിനോടായി : ആ ലോറന്‍സ് നാളെ വന്നാല്‍ എന്നെ വിളിക്കാന്‍ പറയണം.

ബിജു : പറയാം, പിന്നെ മാഷ് വന്നിട്ട് കുറച്ചു നേരമായി.

സുമേഷ്‌ മാഷിനെ നോക്കുന്നു: എന്താ മാഷെ വന്നത്? എന്താ കാര്യം?

മാഷ് : ഞാന്‍...അത്.. (ചുമക്കുന്നു)

സുമേഷ്‌ ': ഹാ, നിങ്ങള്‍ വേഗം പറയു, എനിക്ക് കുറച്ചു തിരക്കുണ്ട്.

മാഷ് : എന്റെ സ്വാതന്ത്ര്യ സമര പെന്‍ഷന്‍ കുറെ ഈ മാസം കിട്ടിയില്ല. ഇത് വരെ മുടക്കം ഒന്നും ഉണ്ടായിരുന്നില്ല, അന്വേഷിച്ചപ്പോള്‍ പറഞ്ഞു പാര്‍ട്ടിയില്‍ നിന്നു ആരോ വിളിച്ചു പറഞ്ഞു നിര്‍ത്തിയതാണ് എന്ന്.

സുമേഷ്‌ :അതെ, ഞാന്‍ ആണ് അത് വിളിച്ചു പറഞ്ഞത്.

മാഷിന്റെ മുഖം വല്ലതാകുന്നു : അല്ല, എന്റെ കാര്യം മോനറിയാമല്ലോ ? ഞാന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ആളായിരുന്നു.

സുമേഷ്‌ : അതിപ്പോ മാഷെ ആര്‍ക്കും പറയാമല്ലോ? മാഷിന്റെ കയ്യില്‍ അത് തെളിയിക്കാനുള്ള രേഖകള്‍ വല്ലതും ഉണ്ടോ?

മാഷ് : ഇല്ല. .. (ചുമക്കുന്നു )

സുമേഷ്‌ : ആ അപ്പൊ ഒന്നും ചെയ്യാന്‍ പറ്റില്ല. വ്യക്തമായ രേഘകള്‍ ഇല്ലാതെ ആര്‍ക്കും പെന്‍ഷന്‍ കൊടുക്കണ്ട എന്നാണ് ഗവണ്മെന്റ് തീരുമാനം.

മാഷ് : മോന്‍ വിചാരിച്ചാല്‍ അതൊന്നു ശരിയാക്കികൂടെ?

സുമേഷ്‌ : ഇത് എന്റെ തീരുമാനം അല്ലല്ലോ മാഷെ? പാര്‍ട്ടി പറഞ്ഞതനുസരിച്ചു അത്തരക്കാരുടെ ഒരു ലിസ്റ്റ് മാത്രമേ ഞാന്‍ കൊടുത്തിട്ടുള്ളൂ. ബാക്കി എല്ലാം മുകളില്‍ നിന്നുള്ള കാര്യങ്ങളാണ്‌.

മാഷ്‌ ': അപ്പൊ ഞാന്‍ ഇനി എന്ത് ചെയ്യണം?

സുമേഷ്‌ : അതൊന്നും എനിക്കറിയില്ല, മാഷ് പോയി വല്ല തെളിവും ഉണ്ടെങ്കില്‍ അതുമായി പിന്നെ വരൂ, എനിക്ക് കുറച്ചു തിരക്കുണ്ട്, എന്നാ ശരി..

സുമേഷ്‌ പിന്നെയും ആരെയോ ഫോണില്‍ വിളിക്കുന്നു.

മാഷ് മെല്ലെ സീറ്റില്‍ നിന്നു എണിക്കുന്നു. ബിജു നിസ്സഹായതയോടെ മാഷിനെ നോക്കുന്നു. മാഷ് മെല്ലെ നടന്നു പുറത്തേക്കു പോകുന്നു.

ബിജു മാഷുടെ കൂടെ പുറത്തേക്ക് ചെല്ലുന്നു.

ബിജു : ക്ഷമിക്കണം മാഷെ,. എനിക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഇപ്പോള്‍ കാര്യങ്ങളൊക്കെ നോക്കുന്നത് സുമേഷാണ്.

ആ സമയത്ത് നിന്നും അകത്തു നിന്നു സുമേഷിന്റെ ശബ്ദം : ബിജൂ..

ബിജു : എന്നാ ശരി മാഷെ, വിളിക്കുന്നു. ഞാന്‍ പോട്ടെ..

ബിജു പോകുന്നു. മാഷ് പുറത്തേക്ക് നോക്കുന്നു, ചെറിയ മഴ ചാറുന്നുണ്ട്.

മാഷ് കയ്യില്‍ ഇരുന്ന കാലന്‍ കുട മെല്ലെ നിവര്‍ത്തുന്നു. എന്നിട്ട് പാതയരികിലൂടെ മെല്ലെ നടന്നു നീങ്ങുന്നു.

Tuesday, October 1, 2013

ബാലേട്ടന്‍ എന്ന സ്നേഹിതന്‍ !!

ഞങ്ങളുടെ നാട്ടില്‍ നിന്നും കുറച്ചു മാറിയാണ് ചിറപറമ്പ് എന്ന മറ്റൊരു ഗ്രാമം. വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ ചെന്നിരിക്കാറുള്ള ഒരു പാടത്തിന്‍റെ നടുവിലൂടെയാണ് അങ്ങോട്ടുള്ള വഴി. അവിടെ ഇരിക്കാനായി ഒരു കലുങ്കുണ്ട്. എന്‍റെ കോളേജ് സമയത്തൊക്കെ മിക്കവാറും എല്ലാ ദിവസവും ഞാന്‍ വൈകുന്നേരം അവിടെ പോയിരിക്കാറുണ്ട്. എന്‍റെ കുറച്ചു സുഹൃത്തുക്കളും അവിടെ വരാറുണ്ട്. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന ഒരു സ്ഥലം. എല്ലാ നാട്ടിലും ഉണ്ടാകുമല്ലോ അത്തരം ചില സുഹൃത്ത്‌ സംഗമ വേദികള്‍. ഞങ്ങള്‍ അങ്ങനെ സംസാരിച്ചു ഇരിക്കുമ്പോളൊക്കെ ആ നാട്ടുകാര്‍ ജോലി കഴിഞ്ഞു ആ വഴി മടങ്ങി പോകാറുണ്ട്. ചിലരെയൊക്കെ നമുക്ക്‌ പരിചയം കാണും. അവരൊക്കെ എന്തെങ്കിലും കുശലം ചോദിക്കും. ചിലര്‍ ചുമ്മാ ചിരിച്ചു കൊണ്ട് കടന്നു പോകും.

അങ്ങനെ ഒരിക്കല്‍ ഞാനും ഒരു സുഹൃത്തും കൂടെ അവിടെ ഒരു കലുങ്കില്‍ ഇങ്ങനെ ഇരിക്കുകയാണ്. അന്ന് സിഗരറ്റ് വലിയൊക്കെ ചെറുതായി തുടങ്ങിയ ഒരു സമയം. വീടില്‍ നിന്നും കുറച്ചു മാറിയ ഭാഗമായത് കൊണ്ട് അവിടെ ഇരുന്നു വലിക്കാന്‍ ഒരു ധൈര്യമാണ്. അന്ന് പക്ഷെ രണ്ടാളുടെ കയ്യിലും സിഗരറ്റ് ഇല്ല. കടയിലേക്ക് പോകണമെങ്കില്‍ കുറെ നടക്കണം. എന്നാല്‍ പിന്നെ വേണ്ട എന്ന് വെച്ച് ഞങ്ങള്‍ അവിടെ തന്നെ ചുമ്മാ ഇരുന്നു. സന്ധ്യാ സമയം. പാടം ആയത് കൊണ്ടു നല്ല കാറ്റ് ഉണ്ട്. ഞാന്‍ നോക്കുമ്പോള്‍ ആ നാട്ടുവഴിയിലൂടെ അകലെ നിന്ന് ആരോ ബീഡി കത്തിച്ച് വലിച്ച് വരുന്നുണ്ട്. ആരാണെന്നു വ്യക്തമല്ല. ആരായാലും അവരോടു ഒരു ബീഡി ചോദിക്കാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. പക്ഷെ അവനു ചോദിയ്ക്കാന്‍ ധൈര്യമില്ല. എന്നാ പിന്നെ ഞാന്‍ ചോദിക്കാം എന്ന് വെച്ചു. എന്തായാലും എന്‍റെ നാട്ടുകാരാകാന്‍ സാധ്യതയില്ല. പിന്നെ എന്താ പ്രശ്നം എന്നായിരുന്നു എന്‍റെ ഒരു ചിന്ത.

അങ്ങനെ ആ രൂപം അടുത്തെത്തി. അതൊരു വൃദ്ധനാണ്. മുഖം അത്ര വ്യക്തമല്ല. നരച്ച താടി നീട്ടി വളര്‍ത്തിയിട്ടുണ്ട്. കള്ളിമുണ്ടും ഷര്‍ട്ടുമാണ് വേഷം. അന്നത്തെ പണിയൊക്കെ കഴിഞ്ഞു, രണ്ടെണ്ണം അടിച്ച് നല്ല മൂഡില്‍ ഉള്ള വരവാണ്. കണ്ടിട്ട് മുന്‍പരിചയവുമില്ല. ഇത് തന്നെ ബീഡി ചോദിയ്ക്കാന്‍ പറ്റിയ ആളെന്നു ഞാന്‍ കരുതി. കക്ഷി ഞങ്ങളെ ചുമ്മാ ഒന്ന് നോക്കി കടന്നു പോയി. ഞാന്‍ അയാളെ പിന്നില്‍ നിന്നും വിളിച്ചു "ചേട്ടാ.."

അയാള്‍ മെല്ലെ തിരിഞ്ഞു നിന്നു. ഞാന്‍ അടുത്തേക്ക് ചെന്നു. അയാള്‍ ബീഡി ഒന്ന് നീട്ടി വലിച്ചപ്പോള്‍ ആ വെളിച്ചത്തില്‍ മുഖം കുറച്ചു കൂടെ വ്യക്തമായി. മുഖത്ത് കുറച്ചു ഗൌരവം ഉണ്ട്. രണ്ടും കല്‍പ്പിച്ച് ഞാന്‍ ചോദിച്ചു.

ചേട്ടാ, ഒരു ബീഡി തരാമോ?

അയാള്‍ : ബീഡിയോ? എന്തിനാ ?

ഞാന്‍ (അഭിമാനത്തോടെ ): വലിക്കാന്‍. ഞങ്ങടെ സിഗരറ്റ് കഴിഞ്ഞു..അതാ..

അയാള്‍ എന്‍റെ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കി. എന്നിട്ടൊരു ചോദ്യം : "നീ ആ ഇമ്പ്രായിടെ (ഇബ്രാഹിമിന്‍റെ) മോനല്ലേടാ?

ആ ചോദ്യം കേട്ടതും എന്‍റെ വയറൊന്ന് കാളി. മുഖ ഭാവം മാറി. തൊണ്ട വരണ്ടു കൊണ്ട് ഞാന്‍ പറഞ്ഞു "അതെ, ഉപ്പാനേ അറിയോ?

അയാള്‍ : അറിയോന്നോ? നീ വീട്ടില്‍ ചെന്നു ചോദിച്ചാല്‍ മതി ചിറപറമ്പിലുള്ള ബാലനെ അറിയോന്ന്?

ഞാന്‍ : സോറി ചേട്ടാ, എനിക്കറിയില്ലായിരുന്നു.

ബാലേട്ടന്‍ : സാരമില്ല, എന്തായാലും ഞാന്‍ അവനെയൊന്ന് കാണട്ടെ, നിനക്ക് ബീഡി വലിക്കാനുള്ള കാശ് കൊടുക്കാന്‍ ഞാന്‍ പറയാം.

അത് വരെ കലുങ്കില്‍ കാലാട്ടി ഇരുന്നിരുന്ന എന്‍റെ സുഹൃത്ത്‌ രംഗം പന്തിയല്ലെന്നു കണ്ടു മെല്ലെ താഴെ ഇറങ്ങി.

ഞാന്‍ : പൊന്നു ചേട്ടാ, ചതിക്കല്ലേ, ഉപ്പ അറിഞ്ഞാല്‍ എന്നെ കൊല്ലും

ബാലേട്ടന്‍ : കൊന്നോട്ടെ..എനിക്കെന്താ?

ഞാന്‍ : പ്ലീസ് ചേട്ടാ, അങ്ങനെ പറയരുത്. ഇനി ഞാന്‍ വലിക്കില്ല..

ബാലേട്ടന്‍ : ഉറപ്പാണോ?

ഞാന്‍ : സത്യമായും ഞാന്‍ വലിക്കില്ല.

ബാലേട്ടന്‍ : എന്നാ ഓക്കേ. ഇനി ഇവിടെ ഈ നേരത്ത് വന്നിരിക്കരുത്. ആള്‍ക്കാര്‍ വെറുതെ ഓരോന്ന് പറയും. ബാലേട്ടന്‍ പറയണത് മനസ്സിലാകുന്നുണ്ടാ?

ഞാന്‍ : മനസ്സിലായി

ബാലേട്ടന്‍ : എന്നാ ഞാന്‍ പോട്ടെ ?

ഞാന്‍ : ആയിക്കോട്ടെ..

പുള്ളി കുറച്ചു മുന്‍പോട്ടു പോയി. പിന്നെ തിരിഞ്ഞു നിന്ന് എന്നോടൊരു ചോദ്യം : അല്ല, എന്നിട്ട് ഇപ്പൊള്‍ നിനക്ക് ബീഡി വേണാ?

എന്‍റെ ഉള്ളിലൊരു ലഡു പൊട്ടി. എന്നാലും അത് പുറത്തു കാണിക്കാതെ ഞാന്‍ പറഞ്ഞു" വേണ്ട"

ബാലേട്ടന്‍ എന്‍റെ അടുത്തേക്ക് വന്നു. പോക്കറ്റില്‍ നിന്നൊരു ബീഡിക്കെട്ട് എടുത്ത് അതില്‍ നിന്നൊരു ബീഡി എടുത്തു എനിക്ക് തന്നു. എന്നിട്ട് പറഞ്ഞു : ഇത് വലിച്ചോ, പക്ഷെ ഇനി വലിക്കരുത്‌. ചള്ള് പ്രായമാണ്. വെറുതെ വലിച്ചു കൂമ്പ് വാട്ടരുത്ട്ടാ..എന്നാ ബാലേട്ടന്‍ പോട്ടെ മോനെ? മോനെ എന്നുള്ള ആ വിളി എന്‍റെ നെഞ്ചില്‍ കൊണ്ടു. പക്ഷെ അത് കൊണ്ടു വലി നിര്‍ത്തിയൊന്നുമില്ല. പക്ഷെ പിന്നീട് അവിടെ ഇരുന്നുള്ള വലി കുറഞ്ഞു. പിറ്റേ ദിവസം ഉപ്പ എന്നോട് പറഞ്ഞു ഞങ്ങള്‍ കണ്ട കാര്യം ബാലേട്ടന്‍ ആളോട് പറഞ്ഞെന്ന്. പക്ഷെ ബീഡിയുടെ കാര്യം മാത്രം ബാലേട്ടന്‍ പറഞ്ഞില്ല..ഭാഗ്യം.

വൈകുന്നേരങ്ങളില്‍ പിന്നെയും ഞങ്ങള്‍ അവിടെ പോയിരിക്കാറുണ്ട്. എന്നും ആ സമയത്ത് ബാലേട്ടന്‍ പണി കഴിഞ്ഞു വരും. അകലെ നിന്നുള്ള ആ ബീഡിയുടെ വെളിച്ചം കണ്ടാല്‍ എനിക്കറിയാം അത് ബാലേട്ടനാണെന്ന്. എപ്പോളും ഞങ്ങളുടെയടുത്ത് വന്നു എന്തെങ്കിലുമൊക്കെ ചോദിച്ചിട്ടെ പുള്ളി പോകാറുള്ളൂ. അങ്ങനെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഇടക്കൊരു ബീഡിയൊക്കെ പുള്ളി തരും. കൂടുതല്‍ വലിച്ചു കൂമ്പ് വട്ടരുതെന്നു അപ്പോളും പറയും. ചില ദിവസങ്ങളില്‍ ഞങ്ങളുടെ വീടിന്‍റെ അവിടെയുള്ള ഇടവഴിയില്‍ വെച്ചും ആളെ കാണാറുണ്ട്. പക്ഷെ എന്‍റെ വീട്ടിലേക്കു വന്നിട്ടില്ല. എന്‍റെ കോളേജ് പഠന സമയത്തൊക്കെ ചില ദിവസങ്ങളില്‍ ഞാന്‍ തനിച്ച് അവിടെ ഇരിക്കുമ്പോള്‍ ബാലേട്ടന്‍ എന്‍റെ അടുത്ത് വന്നിരിക്കും. കുറെ സംസാരിക്കും. ആളുടെ വീട്ടിലെ വിശേഷങ്ങളൊക്കെ പറയും. എന്‍റെ കുറെ വിശേഷങ്ങള്‍ ഞാനും പറയും. പരീക്ഷയുടെ കാര്യങ്ങള്‍, പ്രണയത്തിന്‍റെ ടെന്‍ഷന്‍, അങ്ങനെ പലതും. എന്നു പോകുമ്പോഴും അവസാനം "എന്നാ ബാലേട്ടന്‍ പോട്ടെ മോനെ? എന്ന് ചോദിച്ചേ പുള്ളി പോകാറുള്ളൂ. അങ്ങനെ പോയാലും രണ്ടടി നടന്നു ഞാന്‍ ഒറ്റക്കായത് കൊണ്ട് വീണ്ടും എന്‍റെയടുത്തേക്ക് വന്നിട്ട് ചോദിക്കും "ബാലേട്ടന്‍ നിക്കണാ? നിക്കണെങ്കില്‍ നിക്കാട്ടാ". ഞാന്‍ "വേണ്ട ബാലേട്ടന്‍ പൊക്കോ" എന്ന് പറഞ്ഞാലേ പോകാറുള്ളൂ. പുള്ളി ആ നീളമുള്ള റോഡിലൂടെ ഒറ്റയ്ക്ക് നടന്നു പോകും. എന്‍റെ കാഴ്ച്ചയില്‍ നിന്നും ആളു മറഞ്ഞാല്‍ ഞാനും വീട്ടിലേക്കു തിരിച്ചു നടക്കും. അതാണ്‌ പതിവ്. ഒന്നോ രണ്ടോ തവണ ആളുടെ നാട്ടിലെ അമ്പലത്തിലെ ഉത്സവത്തിനും ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടുണ്ട്. അന്നൊക്കെ ഉപ്പയും എന്‍റെ കൂടെ ഉണ്ടായിരുന്നു.

ഇടയ്ക്ക് കുറച്ചു നാള്‍ എനിക്ക് വൈകുന്നേരം അങ്ങോട്ട്‌ പോകാന്‍ പറ്റിയില്ല. ബാലേട്ടന്‍ എന്നെ അന്വേഷിച്ചിരുന്നു എന്ന് ഒരു സുഹൃത്ത്‌ കണ്ടപ്പോള്‍ പറഞ്ഞു. നാളെയോ മറ്റന്നാളോ പോകാം എന്ന് വെച്ച് ഞാനിരുന്നു. അതങ്ങനെ നീണ്ടു പോയി. ഒരു ദിവസം ഞാന്‍ കോളേജ് കഴിഞ്ഞു വീട്ടിലെത്തി പുറത്തിരുന്ന് പേപ്പര്‍ വായിക്കുവായിരുന്നു. അപ്പോളാണ് ഉപ്പ കയറി വന്നത്. എന്നെ കണ്ടപ്പോള്‍ ആളു പറഞ്ഞു "" നീ അറിഞ്ഞോ? ആ ബാലേട്ടന്‍ മരിച്ചു"

ഞെട്ടലോടെ ഞാന്‍ ചോദിച്ചു : ഏതു ബാലേട്ടന്‍ ?

ഉപ്പ : നീ പാടത്തു വെച്ച് കാണാറില്ലേ? ആ ബാലേട്ടന്‍ തന്നെ.

ഞാന്‍ : എങ്ങനെ?

ഉപ്പ: ഹാര്‍ട്ട്‌ അറ്റാക്ക്‌ ആണെന്നാ കേട്ടത്

അതും പറഞ്ഞു ഉപ്പ അകത്തു പോയി. എന്‍റെ തലക്കുള്ളില്‍ ഇരുട്ട് കയറുന്ന പോലെ തോന്നി. ഉപ്പ പറഞ്ഞത്‌ സത്യമാകല്ലേ എന്നും. ഉപ്പക്കു ആളു തെറ്റിയതാകണെ എന്നും ഞാന്‍ ആഗ്രഹിച്ചു. പക്ഷെ അത് സത്യമായിരുന്നു. മരിച്ചത് എന്‍റെ ആ ബാലേട്ടന്‍ തന്നെ ആയിരുന്നു. വീട്ടില്‍ ആര്‍ക്കും അത്രയ്ക്ക് അറിയില്ല ഞങ്ങളുടെ ആ സുഹൃത്ത് ബന്ധം. എന്‍റെ ഒരു പരിചയക്കാരന്‍..അത്രയെ അറിയൂ. ബാലേട്ടന്‍റെ വീട്ടില്‍ ഞാന്‍ പോയില്ല. ആളെ അങ്ങനെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അന്ന് രാത്രി ഉറങ്ങാന്‍ തന്നെ കഴിഞ്ഞില്ല. കണ്ണടക്കുമ്പോള്‍ ബാലേട്ടന്‍റെ ആ മുഖം മനസ്സില്‍ വരും. കുറച്ചു ദിവസം കഴിഞ്ഞു ഒരു സന്ധ്യക്ക് ഞാന്‍ തനിയെ ആ പാടത്തു പോയി ആ കലുങ്കില്‍ ചെന്നിരുന്നു. പതിവ് പോലെ അകലെ നിന്ന് ബാലേട്ടന്‍ ആ ബീഡിയും കത്തിച്ചു നടന്നു വരണേ എന്ന് ഞാന്‍ വെറുതെ ആഗ്രഹിച്ചു..പക്ഷെ ബാലേട്ടന്‍ വന്നില്ല.

ഇടയ്ക്കു ബാലേട്ടന്‍റെ ആ നാട്ടിലൂടെ ബൈക്കില്‍ പോകുമ്പോളെല്ലാം ഞാന്‍ ആലോചിക്കാറുണ്ട്. അന്നൊക്കെ എന്‍റെ അടുത്ത് നിന്ന് ബാലേട്ടന്‍ വരാറുള്ളത് ഇങ്ങോട്ടല്ലേ? ഈ വഴിയിലൂടെയല്ലേ ആ മനുഷ്യന്‍ നടന്നു പോയിരുന്നത്? എവിടെ ആയിരിക്കും ബാലേട്ടന്‍റെ വീട് എന്നൊക്കെ. അന്നും ഇന്നും ബാലേട്ടന്‍റെ വീട് ഏതാണെന്ന് എനിക്കറിയില്ല. ഞാന്‍ ആരോടും ചോദിച്ചിട്ടില്ല. ബാലേട്ടന്‍ പോയിട്ട് ഇപ്പോള്‍ വര്‍ഷം കുറെയായി. ഈ ഫോട്ടോയില്‍ കാണുന്നതാണ് ആ കലുങ്ക്.



കഴിഞ്ഞ അവധിക്കു ഞാനും ഭാര്യയും മോനും കൂടെ അവിടെ ഇരിക്കുമ്പോള്‍ ഞാന്‍ അവനോടു പറഞ്ഞു " ഉപ്പാടെ ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നെടാ ആച്ചിപ്പു, ഒരു ബാലേട്ടന്‍, ഉപ്പയും ആളും കൂടെ ഇവിടെ ഇങ്ങനെ ഇരുന്നു കുറെ സംസാരിച്ചിട്ടുണ്ട്..

അപ്പോള്‍ അവന്‍ ചോദിച്ചു : എന്നിട്ട്?

ഞാന്‍ പറഞ്ഞു : എന്നിട്ട്...പെട്ടെന്നൊരു ദിവസം മുതല്‍ ആളു വരാതായി

അവന്‍ വീണ്ടും ചോദിച്ചു : പിന്നെ?

അപ്പൊള്‍ ഞാന്‍ പറഞ്ഞു പിന്നെ..പിന്നെ ഞങ്ങള്‍ തമ്മില്‍ കണ്ടില്ലടാ.

എന്താ കാണാത്തെ എന്ന് അവന്‍ ചോദിച്ചു. ഞാന്‍ ഒന്നും പറഞ്ഞില്ല. കുട്ടികളുടെ സംശയങ്ങള്‍ തീരില്ലല്ലോ. അന്ന് ബാലേട്ടന്‍ ആ വഴി വന്നിരുന്നെകില്‍ ആളെന്‍റെ മോനെ ഒന്ന് എടുത്തെനെ, അവനെ ഒന്ന് കളിപ്പിച്ചേനെ. അന്ന് ഞാന്‍ ആളോട് പറഞ്ഞിരുന്ന എന്‍റെ ആ പ്രണയ കഥയിലെ നായികയെ കണ്ടേനെ .ചില ആള്‍ക്കാര്‍ അങ്ങനെയാണ്. എവിടെ നിന്നോ നമ്മുടെ ജീവിതത്തില്‍ കടന്നു വരും. ഒരു ദിവസം പറയാതെ അങ്ങോട്ട്‌ പോകും. പക്ഷെ അവരുടെ ഓര്‍മ്മകള്‍ എന്നും നമ്മളുടെ കൂടെ ഉണ്ടാകും !!