Showing posts with label tamil cinema. Show all posts
Showing posts with label tamil cinema. Show all posts

Tuesday, April 2, 2019

MGR Nagaril (1991) - In Harihar Nagar Tamil Remake


മഹാദേവന്‍, തോമസ്കുട്ടി. ഗോവിന്ദന്‍ കുട്ടി, അപ്പുക്കുട്ടന്‍, സേതുമാധവന്‍, സേതുവിന്‍റെ സിസ്റ്റര്‍ മായ, ആണ്ട്രൂസ്, സിസ്റ്റര്‍ ജോസ്ഫൈന്‍. ജോണ്‍ ഹോനായി.



ഇന്‍ ഹരിഹര്‍ നഗര്‍ തമിള്‍ റീമേക്ക്, MGR നഗറില്‍. ഇന്നലെ അവിചാരിതമായി K ടീവിയില്‍ കണ്ടത്. ഉറക്കം വരാത്തത് കൊണ്ട് മുഴുവന്‍ ഇരുന്നങ്ങ് കണ്ടു. സ്ക്രിപ്റ്റില്‍ തമിഴ് സിനിമകള്‍ക്ക് അനുസരിച്ച് ചെറിയ മാറ്റം ഉണ്ട്, പിന്നെ ഇടയില്‍ ആണ്ട്രൂസും ആനി ഫിലിപും കൂടെ ഒരു ഡ്യൂയറ്റ്, ആണ്ട്രൂസും ഹോനായിയും കൂടെ ഒരു ഫൈറ്റ്, ക്ലൈമാക്സില്‍ ഹോനായി പെട്ടി വാങ്ങാന്‍ വരുമ്പോള്‍ അമ്മച്ചിയുടെ കൂടെ ആ വീട്ടില്‍ മായയും ഉണ്ട്. ഹോനായിയെ അമ്മച്ചി കൊല്ലുന്നതായിട്ടാണ് എടുത്തിരിക്കുന്നത്. നല്ല ഗാനങ്ങള്‍, സംഗീതം S.ബാലകൃഷ്ണന്‍ തന്നെയാണ് എന്ന് നെറ്റില്‍ കണ്ടു.

അവസാനം മായ യാത്ര പറഞ്ഞു പോകുമ്പോള്‍ വേറെ കാറില്‍ വേറൊരു പെണ്‍കുട്ടിയും കുടുംബവും വരുന്നു, മഹാദേവനും കൂട്ടരും ആ പെണ്‍കുട്ടിയുടെ പിന്നാലെ പോകാന്‍ തുടങ്ങുന്നിടത്ത് പടം തീരുന്നു. സംവിധാനം ആലപ്പി അഷ്‌റഫ്‌.


Tuesday, May 27, 2014

Kochchadayan (2013) - Review


ഇന്നലെ കോച്ചടയാന്‍ കണ്ടു. ഒരു ആനിമേഷന്‍ മൂവിയാണ് എന്ന ബോധത്തോടെ കണ്ടാല്‍ രസകരമായ ഒരു സിനിമ തന്നെ. പിന്നെ അതിന്റെ പെര്‍ഫെക്ഷന്റെ കാര്യം നമുക്ക് സൌകര്യപൂര്‍വ്വം അങ്ങ് മറക്കാം. സൌന്ദര്യയുടെ ആദ്യത്തെ സംരംഭം അല്ലെ? അതിന്റെ കുറച്ചു തെറ്റുകളും കുറവുകളുമൊക്കെ കാണാതിരിക്കുമോ? ഇത് ഇത്രയെങ്കിലും ഒപ്പിക്കാന്‍ അവര്‍ എത്ര ബുദ്ധിമുട്ടിയിട്ടുണ്ട് എന്നത് ചിത്രത്തിന്റെ അവസാനം കാണിക്കുന്നുണ്ട്.ഒരിക്കലും വന്‍ ബജറ്റിലുള്ള വിദേശ സിനിമകളുമായി ഇതിനെ താരതമ്യം ചെയ്യാതിരിക്കുക:P



കൊമേഴ്സ്യല്‍ സിനിമകളുടെ തല തൊട്ടപ്പന്‍ കെ.എസ്. രവികുമാറിന്റെ നല്ലൊരു സ്ക്രിപ്റ്റ്. പാട്ടും, ഡാന്‍സും, ആക്ഷനും, അല്പം കോമഡിയും , ആവശ്യത്തിന്‌ പഞ്ച് ഡയലോഗും എല്ലാം സമം ചേര്‍ത്ത നല്ല ഒരു എന്റര്‍ട്ടെയ്നര്‍. രജനികാന്തിനെ പോലെ ഒരു സൂപ്പര്‍സ്റ്റാര്‍, നായികയായി ബോളിവുഡ് നായിക ദീപിക പദുകോണ്‍, കൂടാതെ ശരത് കുമാര്‍, ജാക്കി ശ്രോഫ്, നാസര്‍, ആദി, ശോഭന, തുടങ്ങിയ വമ്പന്‍ താര നിര. പല രംഗങ്ങളും കാണുമ്പോളും ഈ സിനിമ ഇവര്‍ എന്തിനു ഗ്രാഫിക്സില്‍ എടുത്തു എന്ന് ഞാന്‍ ആലോചിക്കുകയായിരുന്നു. ഒരു പക്ഷെ ഈ ഗ്രാഫിക്സ് വഴി രജനിയെ കൊണ്ട് ചെയ്യിച്ച കാര്യങ്ങള്‍,പ്രത്യേകിച്ചും ഇതിലെ ആക്ഷന്‍ രംഗങ്ങള്‍, ഒരു ശിവ താണ്ടവം, അതെല്ലാം യഥാര്‍ത്ഥ രജനിക്ക് ചെയ്യാന്‍ പറ്റുമോ എന്നറിയില്ല. എന്നിവ. എങ്കിലും ഒരു സിനിമ പ്രേമി ആയതു കൊണ്ട് അങ്ങനെ ആശിച്ചു പോയി. ഈ ചിത്രം കണ്ട ഒരു രജനി ആരാധകന്‍ തീര്‍ച്ചയായും അങ്ങനെ ചിന്തിച്ചു പോകും എന്ന് ഉറപ്പാണ്‌ :)

പിന്നെ എടുത്തു പറയേണ്ടത് റഹ്മാന്‍ എന്ന സംഗീത മാന്ത്രികനെ കുറിച്ചാണ്. ഈ ചിത്രത്തിന്റെ ജീവന്‍ തന്നെ ഇതിന്റെ ബാക്ക്ഗ്രൌണ്ട് സ്കോര്‍ ആണ്. പ്രത്യേകിച്ചും ഒരു പീരീഡ്‌ മൂവിയില്‍ എങ്ങനെ സംഗീതം നല്‍കണം എന്ന് നമ്മളെ ബോധ്യപെടുത്തുന്നു. ദീപികയും രജനിയും തമ്മിലുള്ള ഒരു സംഘട്ടന രംഗത്ത്‌ റഹ്മാന്‍ ഉപയോഗിച്ചിരിക്കുന്ന സംഭവങ്ങള്‍ കേട്ട് ത്രില്‍ അടിച്ചു പോയി. റഹമാന് മാത്രം ചെയ്യാന്‍ കഴിയുന്ന ഒന്ന്. കൂടാതെ മനോഹരമായ ഗാനങ്ങള്‍..ഗ്രാഫിക്സ് വഴി ഉണ്ടാക്കിയ രജനിയും ദീപികയും അത് പാടി നടന്നപ്പോള്‍ നിരാശ തോന്നി. നേരത്തെ പറഞ്ഞ പോലെ ഒരു സാധാരണ മൂവിയില്‍ ആയിരുന്നു ഇതെല്ലം വന്നതെങ്കില്‍ എത്ര മനോഹരം ആകുമായിരുന്നു, ഇനി ഇപ്പോള്‍ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല :/

ചുരുക്കത്തില്‍ അധികം പ്രതീക്ഷകള്‍ ഇല്ലാതെ പോയാല്‍ ഒരു തവണ കണ്ടിരിക്കാന്‍ പറ്റുന്ന ഒരു സിനിമയാണ് കോച്ചടയാന്‍ . ഗ്രാഫിക്സ് താല്പര്യം ഉള്ളവര്‍ക്ക് കുറച്ചു കൂടെ ആസ്വദിക്കാന്‍ പറ്റും, അല്ലാത്തവര്‍ ആ വഴിക്കേ പോകരുത്. CID Escape.. :D

Monday, May 5, 2014

Nalaya Seithi (1992) - Review

പണ്ടത്തെ വിജയ ജോടികളായ പ്രഭു ഖുശ്ബു ടീമിന്റെ നാളയ സെയ്തി (1992) എന്ന തമിള്‍ സിനിമ കണ്ടു. അക്കാലത്തെ തമിള്‍ കൊമേഴ്സ്യല്‍ സിനിമകളുടെ ചുവടു പിടിച്ചു കൊണ്ട് ഒരുക്കിയ ഒരു സിനിമ. സൂപ്പര്‍ ഹിറ്റായ ചിന്നതമ്പിക്ക് ശേഷം പ്രഭു ഖുശ്ബു ടീമിന്റെ കുറെ സിനിമകള്‍ വന്നിട്ടുണ്ട്. അതില്‍ വിജയം നേടിയ ഒരു ചിത്രം കൂടെയാണ് നാളയ സെയ്തി.



മന്മഥന്‍ (പ്രഭു) സാഹസികനായ ഒരു ജേര്‍ണലിസ്റ്റ് ആണ്. ആരും എഴുതാന്‍ മടിക്കുന്ന വിഷയങ്ങളെ കുറിച്ച് എഴുതുകയും, അത്തരം സ്ഥലങ്ങളിലേക്ക് പോകുകയും ചെയ്യുന്ന ഒരു റിപ്പോര്‍ട്ടര്‍. ആളുടെ സന്തത സഹചാരിയാണ് പീറ്റര്‍ (കൌണ്ട മണി). പത്രത്തിന്റെ എഡിറ്റര്‍ ( ചാരു ഹസ്സന്‍) അവര്‍ക്ക് നല്ല പിന്തുണ നല്‍കാറുണ്ട്. മദന്‍ തന്റെ ചിത്തിയുടെയും അനിയത്തിയുടെയും കൂടെയാണ് താമസം. അങ്ങനെയിരിക്കെ,എയര്‍പോര്‍ട്ടിലെ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഒരു പബ്ലിക്‌ ടെലിഫോണ്‍ ബൂത്തില്‍ വെച്ച് കൊല്ലപ്പെടുന്നു. സംഭവസ്ഥലത്ത് വരുന്ന മദന് ഈ കൊലപാതകത്തില്‍ സംശയം ഉണ്ടാകുന്നു. മദന്‍ അയാളുടെ വീട്ടില്‍ പോകുന്നു. അയാളുടെ മകളെ ( ഖുശ്ബു) കാണുന്നു. അച്ഛനെ കുറിച്ച് തനിക്കു അറിയാവുന്ന കാര്യങ്ങള്‍ അവള്‍ അയാളോട് പറയുന്നു. പിന്നീട് മദന്‍ അവളുമായി അടുക്കുന്നു. അവളുടെ അച്ഛന്‍ ഒരു ബ്ലാക്ക്‌ മെയിലര്‍ ആണെന്ന കാര്യം മദന്‍ തിരിച്ചറിയുന്നു. പിന്നീടുള്ള അന്വേഷണത്തിന്റെ ഇടയ്ക്കു മദന് നേരെ പല തവണ ആക്രമണം ഉണ്ടാകുന്നു. പക്ഷെ ആരാണ് ഇതിനു പിന്നില്‍ എന്നറിയാതെ അയാള്‍ പിന്മാറുന്നില്ല. പക്ഷെ വില്ലന്മാര്‍ അയാളുടെ അനിയത്തിയെ മൃഗീയമായി കൊല്ലുന്നു. തുടര്‍ന്ന് അവര്‍ക്കെതിരെ മദന്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥയാണ് നാളയ സെയ്തി.

നല്ല ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ചിത്രം. പൊന്നമ്പലവും പ്രഭുവും കൂടെയുള്ള കിടിലന്‍ ഒരു സംഘട്ടനം ഉണ്ട്. പിന്നെ കുറച്ചു പാട്ടുകള്‍, കൌണ്ടാമണി സെന്തില്‍ ടീമിന്റെ കോമഡി അങ്ങനെ ഒരു പതിവ് തമിഴ് ചിത്രത്തിന് വേണ്ട ചേരുവകള്‍ എല്ലാം ഉള്ള ചിത്രം.

Friday, May 2, 2014

Vasantha Kala Paravai (1991) - Review

പവിത്രന്‍ സംവിധാനം ചെയ്ത വസന്ത കല പറവൈ (1991) എന്ന തമിള്‍ സിനിമ കണ്ടു. അയാളുടെയും ശ്രീ K.T.കുഞ്ഞുമോന്റെയും ആദ്യ ചിത്രം ആയിരുന്നു ഇത്.
രമേശ്‌ അരവിന്ദും സുധാറാണിയും ആണ് നായകനും നായികയും. സുധാറാണിയെ മനസ്സിലായോ? ആദ്യത്തെ കണ്മണിയിലെ ജയറാമിന്റെ നായിക.ശരത് കുമാര്‍ വില്ലന്‍ വേഷത്തില്‍ വരുന്നു , കൂടാതെ മലയാളത്തില്‍ നിന്ന് രാജന്‍.പി.ദേവും ഉണ്ട്.



രവി (രമേശ്‌ അരവിന്ദ് ) ഒരു പാവപ്പെട്ട വീട്ടിലെ ചെക്കനാണ്. അവന്‍ കോളേജില്‍ ജൂനിയേര്‍സിനെ പറ്റിച്ചു കാശ് ഉണ്ടാക്കി, അടിച്ചു പൊളിച്ചു നടക്കുകയാണ്. ഒഴിവു ദിവസങ്ങളില്‍ അവന്‍ തന്റെ അമ്മാവന്റെ ബേക്കറിയില്‍ സഹായിക്കാന്‍ നില്‍ക്കും. അമ്മാവന് അവനെ കൊണ്ട് വലിയ ഉപകാരം ഒന്നുമില്ല. ആ ബേക്കറിയുടെ മുന്‍പിലെ വലിയ വീട്ടിലെ കൊച്ചാണ്‌ ഉമ ( സുധാറാണി). അച്ഛന്‍ ഇല്ലാത്ത അവളുടെ കാര്യങ്ങളെല്ലാം നോക്കുന്നത് അവളുടെ ഏട്ടന്‍ രാജേഷാണ്. (ശരത് കുമാര്‍). അവള്‍ക്കു രവിയെ വലിയ ഇഷ്ട്ടമാണ്, രവിക്ക് തിരിച്ചും. അവള്‍ അവളുടെ വീട്ടിലെ ബാല്‍ക്കണിയില്‍ നിന്ന്, രവിയുമായി ഓരോന്ന് ആംഗ്യം കാണിക്കും, ഇടയ്ക്കു കണ്ണാടിചില്ല് കൊണ്ട് രവിയുടെ മുഖത്ത്‌ വെയില്‍ അടിപ്പിക്കും. അവരുടെ ഈ പരിപാടി ഇടയ്ക്കു രാജേഷ്‌ കാണാറുണ്ട്. ഒരിക്കല്‍ സ്പെഷ്യല്‍ ക്ലാസ്സ്‌ എന്നും പറഞ്ഞ് ഉമ രവിയുടെ കൂടെ കറങ്ങാന്‍ പോകുന്നു. അതറിയുന്ന രാജേഷ്‌ രവിയെ ഗുണ്ടകളെ വിട്ടു തന്റെ വീട്ടിലേക്കു കൊണ്ട് വരുന്നു. ഉമയുടെ മുന്‍പില്‍ വെച്ച് അയാള്‍ രവിയെ തല്ലി ചതക്കുന്നു. തടയാന്‍ വന്ന ഉമയെ അമ്മയും മുത്തച്ചനും ചേര്‍ന്ന് പിടിച്ചു മാറ്റുന്നു. കുറച്ചു ദിവസം കഴിഞ്ഞു ഉമയെ കാണാന്‍ രവി രാത്രി അവരുടെ വീട്ടില്‍ വരുന്നു.

പക്ഷെ രാജേഷ്‌ അവനെ കാണുന്നു. അയാള്‍ വീണ്ടും അവനെ മര്‍ദ്ദിക്കുന്നു. അങ്ങനെ ഉമ വീട്ടു തടങ്കലില്‍ ആകുന്നു. കലി കൊണ്ട ഉമ റൂമില്‍ ഉണ്ടായിരുന്ന രാജേഷിന്റെ ലക്ഷ കണക്കിന് രൂപയില്‍ മുഴുവന്‍ ഉമ -രവി എന്ന് എഴുതി വെക്കുന്നു. രാജേഷ്‌ ഉമയുടെ കല്ല്യാണം ഒടുവില്‍ ഒരു ദിവസം എക്സാം എഴുതാന്‍ സ്കൂളില്‍ വരുന്ന ഉമ , രാജേഷിനെ കബളിപ്പിച്ച് കൊണ്ട് രവിയുമായി നാട് വിട്ട് മറ്റൊരു സ്ഥലത്ത് എത്തുന്നു. അവിടെ വെച്ച് അവര്‍ വിവാഹം കഴിക്കുന്നു. രവി ഐസ് കച്ചവടം ചെയ്തു കുടുംബം നടത്തുന്നു. പക്ഷെ ഒരിക്കല്‍ രാജേഷും അമ്മയും കൂടെ അവരെ കാണാന്‍ അവിടെ എത്തുന്നു. തങ്ങള്‍ എല്ലാം മറന്നു എന്നും ഇനി വീട്ടിലേക്കു മടങ്ങാം എന്ന് പറഞ്ഞു അവര്‍ രവിയെ വിശ്വസിപ്പിക്കുന്നു. അവരുടെ അമ്മാവന്റെ സഹായത്തോടെ അവര്‍ രവിയെ പോലീസിനെ കൊണ്ട് പിടിപ്പിക്കുന്നു. ഉമയെ വീട്ടിലേക്കു തിരിച്ചു കൊണ്ട് പോകുന്നു. ജയിലില്‍ രവിയെ കാത്തിരുന്നത് ക്രൂരനായ ഒരു ഇന്‍സ്പെക്ടര്‍ (രാജന്‍.പി.ദേവ്) ആണ്. ഉമയെ കടത്തി കൊണ്ട് വന്നു എന്ന കുറ്റം ചാര്‍ത്തി അയാള്‍ രവിയെ അറ്റസ്റ്റ് ചെയ്തു ലോക്കപ്പില്‍ അടക്കുന്നു. രവി ഒരിക്കലും പുറത്തു വരാതിരിക്കാന്‍ രാജേഷ്‌ അയാള്‍ക്ക് പണം കൊടുക്കുന്നു. രാജേഷ്‌ ഉമക്ക് വേറെ കല്യാണം ഉറപ്പിക്കുന്നു. അത് മുടക്കാന്‍ വേണ്ടി ഉമയുടെ മുത്തച്ഛന്‍ ആതമഹത്യ ചെയ്യുന്നു. ഉമ വീട്ടില്‍ നിന്നും പുറത്തിറങ്ങി രവിയെ കാണാന്‍ സ്റ്റേഷനില്‍ വരുന്നു. രവിയെ അറ്റസ്റ്റ് ചെയ്ത ഇന്‍സ്പെക്ടറോട് അവള്‍ കയര്‍ക്കുന്നു. അവരുടെ സ്നേഹം തിരിച്ചറിഞ്ഞ ഇന്‍സ്പെക്ടര്‍ അവരെ സഹായിക്കാം എന്ന് വാക്ക് കൊടുക്കുന്നു. രവിയുടെ അടുത്തേക്ക് പോകുന്ന അവരെ രാജേഷ്‌ തടയുന്നു. രാജേഷും ഇന്സ്പെക്ട്ടറും എറ്റു മുട്ടുന്നു. ഒടുവില്‍ സഹോദരനായ രാജേഷ്‌ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന ഉമയുടെ പരാതിയില്‍ പോലീസ് രാജേഷിനെ അറ്റസ്റ്റ് ചെയ്യുന്നു. അങ്ങനെ ആ കേസ് കോടതിയില്‍ എത്തുന്നു. സ്വന്തം സഹോദരി കൊടുത്ത കേസ് ആയതു കൊണ്ട് കോടതിയില്‍ രാജേഷിന് രക്ഷപെടാന്‍ വഴികള്‍ ഇല്ലാതാകുന്നു. രാജേഷ്‌ രക്ഷപ്പെടുമോ? ഉമയും രവിയും ഒന്നിക്കുമോ? ശേഷം ഭാഗം സ്ക്രീനില്‍...

യേശുദാസ് പാടിയ നല്ല ഒരു ശോകഗാനം ഉള്‍പ്പെടെ, ദേവ സംഗീതം കൊടുത്ത 6 ഗാനങ്ങള്‍ ചിത്രത്തില്‍ ഉണ്ട്.പിന്നെ ചെമ്പരുത്തി ചെമ്പരുത്തി പൂവേ പോലെ പെണ്ണൊരുത്തി എന്ന സൂപ്പര്‍ ഹിറ്റ്‌ ഗാനവും ഇതിലെയാണ്.ഒരു പാട് പണമൊന്നും ചിലവാക്കാതെ തന്നെ എന്ത് മനോഹരമായാണ് അന്നത്തെ ഗാനങ്ങള്‍ എടുത്തിരിക്കുന്നത് എന്ന് ഞാന്‍ ചിന്തിച്ചു പോയി. മൂന്ന് തവണ ഞാന്‍ ആ പാട്ട് മാത്രം കണ്ടു.പിന്നെ വേറെ കുറച്ചു തപ്പാംകുത്ത് പാട്ടുകളും, അതിനു ചേര്‍ന്ന ഡാന്‍സ് രംഗങ്ങളും ഉണ്ട്.ശരത്കുമാറും പോലീസും തമ്മിലുള്ള കിടിലന്‍ ഒരു ഫയിറ്റുമുണ്ട്. രാജന്‍.പി.ദേവിന് തമിഴില്‍ നല്ല ബ്രേക്ക്‌ കിട്ടിയ കഥാപാത്രമാണ് ഇതിലെ ഇന്‍സ്പെക്ടര്‍. ഇതിനു ശേഷമാണ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം അദ്ദേഹത്തിന് ലഭിച്ചത്.കൌണ്ടമണി, കിറ്റി, മേജര്‍ സുന്ദര്‍രാജന്‍, സത്യപ്രിയ, എന്നിവരും സിനിമയില്‍ ഉണ്ട്. ഇതിലെ വില്ലന്‍ ശരത് കുമാര്‍ ആയിരുന്നു പവിത്രന്റെ അടുത്ത ചിത്രത്തിലെ നായകന്‍.ശരത് കുമാര്‍ പോലീസ് വേഷത്തില്‍ എത്തിയ ആ ചിത്രമാണ്‌ സൂപ്പര്‍ഹിറ്റായ സൂര്യന്‍.

Wednesday, April 23, 2014

Poonthotta Kavalkkaran (1988) - Review

ഇന്നലെ രാത്രി വിജയ്‌ കാന്തിന്റെ പഴയ സൂപ്പര്‍ ഹിറ്റ്‌ ചിത്രം പൂന്തോട്ട കാവല്‍ക്കാരന്‍ കണ്ടു.
ഞാന്‍ മൂന്നിലോ നാലിലോ പഠിക്കുന്ന സമയത്താണ് ഞങ്ങളുടെ നാട്ടിലെ തിയ്യറ്ററില്‍ ഈ സിനിമ ഇറങ്ങുന്നത്. അന്ന് സ്കൂളില്‍ പോകുന്ന വഴിക്ക് ചുമരില്‍ കണ്ട അതേ പോസ്റ്റര്‍ ആണ് ഇത്..



വിജയകാന്ത് ഒരു മെഷിന്‍ ഗണ്ണ്‍ പിടിച്ചു നില്‍ക്കുന്ന ഈ ഫോട്ടോ കണ്ടു ത്രില്‍ അടിച്ചു ഞാന്‍ എന്റെ ഉപ്പാട് ഈ പടം കാണണം എന്നു പറഞ്ഞു...തമിള്‍ പടമായത് കൊണ്ടും പുള്ളിക്ക് താല്പര്യം ഇല്ലാത്തതു കൊണ്ടും ആ പടം കാണാന്‍ പറ്റിയില്ല...എന്നും ഈ സിനിമ മനസ്സില്‍ ഉണ്ടായിരുന്നു. എങ്കിലും കാണാന്‍ സാധിച്ചില്ല.
ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ ഇതിന്റെ സിഡി അന്വേഷിച്ചു കിട്ടിയില്ല..
ഒടുവില്‍ 25 വര്‍ഷത്തിനു ശേഷം ഇന്നലെയാണ് ഈ സിനിമ കണ്ടത്..
എന്റെ ഒരു സന്തോഷത്തിനു വേണ്ടിയാണു ഇത്രയും വിശദമായി പറഞ്ഞത്..ഒന്നും വിചാരിക്കരുത്.. :D

ചിത്രത്തിന്റെ കഥ എന്താന്നു വെച്ചാല്‍...നമ്മുടെ അണ്ണന്‍ വിജയ്‌ കാന്ത് ഒരു കള്ളവാറ്റ്കാരന്‍ ആണ്.
അന്തോണി എന്നാണ് പേര്...പോലീസിനും നിയമത്തിനും അന്തോണിയെ ഭയമാണ്..
അന്തോണി ഒരു അനാഥന്‍ ആണ്..ഒരു സാഹചര്യത്തില്‍ അയാള്‍ കുറ്റവാളി ആകുന്നു
പിന്നെ സമൂഹം അയാളെ നല്ല രീതിയില്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ല..
അയാളുടെ ഭാര്യയാണ്‌ രാധിക..അവര്‍ക്ക് മക്കളില്ല..
അവരുടേത് ഒരു പ്രേമ വിവാഹമാണ്...അതിനൊരു ഫ്ലാഷ് ബാക്ക് ഉണ്ട്. അവിടെ ഒരു പാട്ടും ഉണ്ട്..
അന്തോണി ഒളിച്ചോടി വന്ന ഒരു കമിതാക്കള്‍ക്ക് സ്വന്തം വീട്ടില്‍ അഭയം കൊടുക്കുന്നു..
(ഏതാണ്ട് പ്രൈസ് ദി ലോര്‍ഡില്‍ മമ്മുക്ക ചെയ്യുന്ന പോലെ )
കമിതാക്കള്‍ ആരാണ് എന്നറിയാമോ? നമ്മുടെ ടൈഗറിലെ മുസാഫിറും ( ആനന്ദ്) , വാണി വിശ്വനാഥും
അയാളുടെ ആദ്യത്തെ പടം തിരുട തിരുട ആണ് എന്നാണ് ഞാന്‍ കരുതിയിരുന്നത്
വികി നോക്കിയപ്പോള്‍ ആണ് മനസ്സിലായത്...ആദ്യകാലത്ത് ഇത് പോലെ കുറച്ചു സിനിമകളില്‍ വന്നിരുന്നു എന്ന്. അവരുടെ രണ്ടു ലവ് സോങ്ങ്സ് ഉണ്ട്...
പണ്ടത്തെ"ചും ചും ചുചുച്ചും: മോഡലില്‍ ഉള്ള നൃത്ത ചുവടുകള്‍ കാണാന്‍ രസമുണ്ട്...:D
വാണിയുടെ സഹോദരന്‍ ആണ് ലിവിംഗ്സ്ട്ടന്‍...അയാളില്‍ നിന്നും ഗുണ്ടകളില്‍ നിന്നും അന്തോണി അവരെ രക്ഷിക്കുന്നതും, ഒടുവില്‍ അവരുടെ കല്ല്യാണം നടത്തി കൊടുക്കുന്നതുമാണ് ചിത്രത്തിന്റെ കഥ.
ഇതിനിടയില്‍ മൂന്നു നാല് അടിപൊളി സംഘട്ടനങ്ങള്‍, വിജയ്‌ കാന്തിന്റെ പ്രസിദ്ധമായ കാല്‍ കൊണ്ടുള്ള കിക്കുകള്‍ അടിപൊളി ആയിരുന്നു... പിന്നെ ഇളയരാജയുടെ നല്ല നാല് ഗാനങ്ങള്‍ ഉണ്ട്..
മൊത്തത്തില്‍ കൊള്ളാവുന്ന ഒരു ആക്ഷന്‍ ചിത്രം ആണ്..

ഞാന്‍ മെനക്കെട്ട് എന്തിനീ ചിത്രം കണ്ടു തീര്‍ത്തു എന്ന് ചോദിച്ചാല്‍ ചുമ്മാ..ഒരു രസം..
വിജയകാന്തിന്റെ പഴയ സിനിമകള്‍ കാണാന്‍ എനിക്ക് ഇഷ്ട്ടമാണ്..
ക്യാപ്ടന്‍ പ്രഭാകര്‍, ക്ഷത്രിയന്‍, പുലന്‍ വിചാരണ, വൈദേഹി കാത്തിരുന്താള്‍, പലതും സൂപ്പര്‍ ഹിറ്റ്‌ ആണ്..
സംഭവം കുറെ കത്തി സീനുകള്‍ ഉണ്ടാകുമെങ്കിലും അത് കാണാന്‍ ഒരു രസം..
ഇതിനൊക്കെ പുറമേ പണ്ടത്തെ സിനിമകള്‍ അല്ലെ? അന്നത്തെ സ്ഥലങ്ങള്‍, വസ്ത്രങ്ങള്‍,വാഹനങ്ങള്‍ എല്ലാം..
ഇതില്‍ ഗുണ്ടകള്‍ ഉപയോഗിക്കുന്ന മാരുതിയുടെ ആ പഴയ വാന്‍ വരെ ഒരു നൊസ്റ്റാള്‍ജിയ ആണ്..
ഇന്നത്തെ ടാറ്റാ സുമോയുടെ പകരക്കാരന്‍ ആയിരുന്നു അന്ന് ആ മാരുതി വാന്‍..

പണ്ട് തമിള്‍ നാട്ടിലെ എത്രയോ പഴയ തിയട്ടറുകളില്‍ ഓടിയ സിനിമയായിരിക്കും ഇതൊക്കെ...
നമ്മുടെ നാട്ടിലെ കുറെ ബി ക്ലാസ്സുകളില്‍ വന്ന സിനിമകള്‍, നമ്മുടെ ചേട്ടന്മാരൊക്കെ കണ്ട സിനിമകള്‍.
ആ ഒരു ഫീലില്‍ ഇരുന്നു കാണുമ്പോള്‍ കുറച്ചു കൂടെ രസകരം ആണ്...

Wednesday, September 18, 2013

ജില്ല അണിയറയില്‍ ഒരുങ്ങുമ്പോള്‍ !!

കഴിഞ്ഞ കുറെ നാളുകളായി സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലെല്ലാം ഒരു ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നിറയുന്നു, ചിത്രീകരണം തുടങ്ങും മുന്‍പേ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രം, റിലീസിന് മുന്‍പ്‌ തന്നെ കോടികളുടെ ബിസിനസ്‌ നടന്ന ഒരു ചിത്രം. സിനിമ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം, അതെ..ഞാന്‍ പറയുന്നത് മോഹന്‍ലാല്‍ വിജയ്‌ ടീം ഒന്നിക്കുന്ന ജില്ല എന്ന പുതിയ തമിഴ്‌ ചിത്രത്തെ കുറിച്ചാണ്.



മോഹന്‍ലാല്‍ ഒരു തമിഴ്‌ ചിത്രം ചെയ്യുന്നു എന്ന് പറയുന്നത് പുതിയൊരു വാര്‍ത്ത‍ അല്ല, ഇതിനു മുന്‍പും പ്രകാശ്‌രാജ്, കമല്‍ഹാസന്‍,എന്നീ പ്രമുഖരുടെ കൂടെ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നാസര്‍ സംവിധാനം ചെയ്ത പോപ്‌കോണ്‍,മണിരത്നം സംവിധാനം ചെയ്ത ഇരുവര്‍,കമല്‍ ഹസ്സന്റെ കൂടെ ചെയ്ത "ഉന്നൈ പോല്‍ ഒരുവന്‍" എന്നീ എന്ന ചിത്രങ്ങളിലെ അഭിനയത്തിന് അദ്ധേഹത്തിനു ഒരു പാട് അഭിനന്ദനങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ തലമുറയിലെ സൂപ്പര്‍സ്റ്റാര്‍ ആയ ഇളയ ദളപതി വിജയോടൊപ്പം, ആദ്യമായാണ് ലാല്‍ ഒരു ചിത്രം ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഈ ചിത്രത്തെ കുറിച്ചുള്ള ആദ്യത്തെ റിപ്പോര്‍ട്ട്‌ പുറത്തു വന്നപ്പോള്‍ തന്നെ മോഹന്‍ലാലിന്‍റെ ആരാധകര്‍ ആവേശത്തിലായി.മോഹന്‍ലാലിന്‍റെ കഥാപാത്രം എന്താകും എന്നറിയാനുള്ള ആകാംഷ ആയിരുന്നു എല്ലാവര്ക്കും. തൂവെള്ള മുണ്ടും ഷര്‍ട്ടും അണിഞ്ഞു താടിയും വെച്ച്, മീശയും പിരിച്ചുള്ള ലാലിന്‍റെ ആദ്യത്തെ ചിത്രം പുറത്തു വന്നതോടെ ആരാധകര്‍ ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. ആരാധകര്‍ തന്നെ ഡിസൈന്‍ ചെയ്ത ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇപ്പോള്‍ തന്നെ പലയിടത്തും നിരന്നു തുടങ്ങി. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ പഞ്ച് ഡയലോഗ് ഇപ്പോള്‍ തന്നെ ഫേസ് ബുക്കില്‍ തരംഗം ആയി മാറി കഴിഞ്ഞു. മോഹന്‍ലാല്‍ വിജയുടെ കഥാപാത്രത്തിന്റെ ഗോഡ്‌ ഫാദര്‍ ആണെന്നും, അതല്ല വിജയ്‌ മോഹന്‍ ലാലിന്‍റെ വളര്‍ത്തു പുത്രന്‍ ആണെന്നും അല്ലെന്നും ഒക്കെയുള്ള ചര്‍ച്ചകള്‍ നടക്കുന്നു. അതെന്തു തന്നെയായാലും മോഹന്‍ലാലിന്‍റെ മീശ പിരിച്ചുള്ള ആ വേഷം, ഫേസ് ബുക്കിലെ ലാല്‍ ആരാധകരുടെ ഭാഷ കടമെടുത്താല്‍ അണ്ണന്റെ ആ "കലിപ്പ് " പ്രകടനം കാണാനാണ് അവര്‍ കാത്തിരിക്കുന്നത്. തമിള്‍ സിനിമ പ്രേക്ഷകര്‍ ലാലിന്‍റെ ഒരു മുഖമേ കണ്ടിട്ടുള്ളൂ, പ്രകാശ്‌ രാജിന്റെ കൂടെയും കമല്‍ ഹസ്സന്റെയും കൂടെ വളരെ ഒതുക്കമുള്ള, ശാന്തമായ കഥാപാത്രങ്ങളാണ് ലാല്‍ ഇത് വരെ ചെയ്തത്. പക്ഷെ ഇത് അങ്ങനെ അല്ല, മോഹന്‍ ലാലിന് അറിഞ്ഞു വിളയാടാനുള്ള എല്ലാ സംഗതികളും,സംഭവങ്ങളും ഈ ചിത്രത്തില്‍ ഉണ്ടാകും എന്നുള്ളതു ഉറപ്പാണ്‌, പുറത്തു വന്ന ഫോട്ടോസ് കണ്ടിട്ട് അതാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അങ്ങനെ ആണെങ്കില്‍ യഥാര്‍ത്ഥ മാസ്സ് അവര്‍ കാണാന്‍ പോകുന്നെ ഉള്ളു. പ്രിയന്റെ ഗീതാഞ്ജലി പൂര്‍ത്തിയാക്കിയ ലാല്‍ കഴിഞ്ഞ മാസം ചിത്രത്തില്‍ റീ ജോയിന്‍ ചെയ്തു



ഇനി വിജയ്‌,..ഇന്ന് മലയാളത്തില്‍ ഉള്ള ഏതൊരു യുവനടനേക്കാളും ആരാധകര്‍ കേരളത്തില്‍ ഉള്ള നടന്‍. തുള്ളാത മനവും തുള്ളും,ഷാജഹാന്‍, പോക്കിരി, ഗില്ലി,തുപ്പാക്കി, എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ അഭൂതപൂര്‍വ്വമായ വിജയമാണ് നേടിയത്. തമിഴ്‌ നാട്ടിലെന്ന പോലെ ഇവിടെയും വിജയ്ക്ക് ഒരു പാട് ഫാന്‍സ്‌ അസ്സോസിയെഷന്‍സ് ഉണ്ട്, അവരെല്ലാം ഇതൊരു സംഭവം ആക്കാന്‍ വേണ്ടി കാത്തിരിക്കുകയാണ്. വിജയുടെ ചിത്രം കേരളത്തിലെ റിലീസ് കേന്ദ്രങ്ങളില്‍ മലയാള ചിത്രങ്ങളെ പോലെ അവര്‍ ആരവത്തോടെ സ്വീകരിക്കുന്നു, കുറച്ചു നാള്‍ മുന്‍പ് അദ്ധേഹത്തിന്റെ വേലായുധം എന്ന ചിത്രം കേരളത്തില്‍ റിലീസ്‌ നീട്ടി വെച്ചത് നിങ്ങള്‍ ഓര്‍ക്കുന്നില്ലേ? മലയാള പടങ്ങളുടെ കളക്ഷനെ ബാധിക്കുന്നു എന്ന കാരണം പറഞ്ഞാണ് അന്ന് അങ്ങനെ ചെയ്തത്. വിജയുടെ കേരളത്തിലെ ജനപ്രീതിക്ക് ഇതില്‍ കൂടുതല്‍ തെളിവ് വേണോ? അപ്പൊ അങ്ങനെയുള്ള വിജയും മോഹന്‍ലാലും കൂടെ ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് എന്തായിരിക്കും? പ്രദര്‍ശനശാലകളെ ഉത്സവ പറമ്പുകള്‍ ആക്കുന്ന ഒരു മരണ മാസ്സ് ചിത്രം.!!

പൂര്‍ണ്ണിമ ഭാഗ്യരാജ്‌ വീണ്ടും മോഹന്‍ലാലിന്‍റെ നായിക ആകുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. രണ്ടു പേരും 1980ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ വില്ലനും നായികയുമായി സിനിമയില്‍ വന്നവര്‍... ,കൂടാതെ പൂര്‍ണ്ണിമയുടെ മകനും മകളും മോഹന്‍ലാലിന്റെ കൂടെ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതെ സമയം കാജല്‍ അഗര്‍വാള്‍ ആണ് വിജയുടെ നായിക ആകുന്നത്. ജയം രാജ എന്ന സംവിധായകന്റെ അസിസ്റ്റന്റ്‌ ആയിരുന്ന ആര്‍.ടി.നേസന്‍ എന്ന പുതുമുഖ സംവിധായകനാണ് സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബനെരില്‍ ജില്ല എന്ന ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രം ഒരുക്കുന്നത്. നമുക്ക് കാത്തിരിക്കാം..കേരളവും തമിഴ്‌നാടും ഒന്നിച്ചു ആഘോഷിക്കുന്ന ആ ഉത്സവത്തിനായ്‌ !!