Showing posts with label cinema. Show all posts
Showing posts with label cinema. Show all posts

Tuesday, November 1, 2016

മലപ്പുറം ഹാജി മഹാനായ ജോജി - അലിയാര്‍ മാഷ് !!


മലപ്പുറം ഹാജി മഹാനായ ജോജി (1994)

ഹാജി : നിങ്ങളില്‍ ആരെങ്കിലും ഒരാള്‍ അലിയാര്‍ മാഷുടെ കൂടെ എപ്പോളും ഉണ്ടാകണം.
ജോജി : ഞാന്‍ നില്‍ക്കുന്നതായിരിക്കും മാഷിന് കൂടുതല്‍ ഇഷ്ട്ടം
വേണ്ട വേണ്ട എന്ന് ആംഗ്യം കൊണ്ട് കാണിക്കുന്ന അലിയാര്‍ മാഷ്. ആ കൈ പിടിച്ച് താഴ്ത്തി വെച്ച് കൊണ്ട് കുഞ്ഞാലിക്കുട്ടി : വിഷമിക്കണ്ട, ഞാനും കൂടെ നില്‍ക്കാം..
ഹോ..അത് കേട്ട നിസ്സഹായാവസ്ഥയോട് കൂടെയുള്ള അലിയാര്‍ മാഷുടെ ആ മുഖം... :D


തേന്മാവിന്‍ കൊമ്പത്തും, കമ്മീഷണറും, കാബൂളിവാലയും എല്ലാം തകര്‍ത്തോടിയ ആ വര്‍ഷം അതിന്‍റെ കൂടെ ഇറങ്ങി സാമ്പത്തിക വിജയം നേടിയ സിനിമ ആയിരുന്നു മലപ്പുറം ഹാജി മഹാനായ ജോജി. ഇന്നും അതിലെ ജഗതിയുടെ P.T.മാഷ് അലിയാരുടെ സീനുകള്‍ TV-യില്‍ വരുമ്പോള്‍ കാണാറുണ്ട്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഹാജ്യാരെ എന്ന് വിളിച്ചുള്ള ആ ഓട്ടവും സുകുമാരന്‍ വെച്ച വെടി കഴുത്തില്‍ കൊണ്ടുള്ള ആ തിരിയലും.. :D

കുറച്ച് നാള്‍ മുന്‍പ് തുളസിദാസ് ഇതിന്‍റെ ഒരു രണ്ടാം ഭാഗം പ്ലാന്‍ ചെയ്യുന്നു എന്ന് കേട്ടിരുന്നു. മലപ്പുറം ജോജി, മഹാനായ ഹാജി എന്ന് പേരും ഇട്ടിരുന്നു. പിന്നെ ഒന്നും കേട്ടില്ല. ഒരു കണക്കിന് അത് വരാതിരുന്നത് നന്നായി. കാദര്‍ഭായുടെ ഒക്കെ അവസ്ഥ നമ്മള്‍ കണ്ടതാണല്ലോ..അല്ലെങ്കിലും ചില സിനിമകള്‍ രസകരമായ ആ പഴയ ഓര്‍മ്മകളില്‍ തന്നെ നില്‍ക്കുന്നതാണ് നല്ലത് :)

Sunday, October 16, 2016

Two Brothers (2004) - English Movie Review !!


Two Brothers (2004)

കുറച്ചു നാള്‍ മുന്‍പേ എന്‍റെ ഒരു സുഹൃത്താണ് എന്നോട് ഈ സിനിമയെ കുറിച്ച് പറഞ്ഞത്. ഇംഗ്ലീഷ് സിനിമകള്‍ അങ്ങനെ കാണാറില്ലെങ്കിലും ഇതിന്‍റെ കഥ കേട്ടപ്പോള്‍ കാണാന്‍ ഒരു താല്പര്യം വന്നു.


കഥ തുടങ്ങുന്നത് ഒരു കാട്ടിലാണ്. അവിടെ ജീവിക്കുന്ന ഒരു കടുവ കുടുംബം. അച്ഛന്‍, അമ്മ, സഹോദരങ്ങളായ രണ്ടു കുട്ടികടുവകള്‍. അവിടെ വന്ന വേട്ടക്കാരില്‍ ചിലര്‍ അച്ഛന്‍ കടുവയെ വെടി വെച്ച് കൊല്ലുന്നു. അമ്മ കടുവ ഒരു കുഞ്ഞിനേയും കൊണ്ട് രക്ഷപ്പെടുന്നു. ഒരു കടുവകുട്ടി അവരുടെ കയ്യില്‍ പെടുന്നു. അവന്‍ ഒരു സര്‍ക്കസ് കമ്പനിയിലും അതിന്‍റെ സഹോദരന്‍ കടുവ പിന്നീട് ഒരു രാജകൊട്ടാരത്തിലും എത്തിപെടുന്നു. ഒരു വര്‍ഷത്തിന് ശേഷം അവര്‍ രണ്ടു പേരും വലിയ കടുവകള്‍ ആയ ശേഷം വേറൊരു സ്ഥലത്ത് വേറൊരു സാഹചര്യത്തില്‍ കണ്ടു മുട്ടുന്നതാണ് കഥാസാരം. ശേഷമുള്ള പല രംഗങ്ങളും നമ്മളുടെ മനസ്സില്‍ സ്പര്‍ശിക്കും.

2004-ല്‍ ആണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഫ്രാന്‍സിലെയും തായ്‌ലണ്ടിലെയും മൃഗശാലകളില്‍ നിന്നുള്ള മുപ്പതോളം കടുവകളെയാണ് ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. വളരെ രസകരമായ സിനിമയാണ്. കുട്ടികളുടെ കൂടെ കാണാന്‍ ശ്രമിക്കുക. അവര്‍ക്ക് നമ്മളെക്കാള്‍ കൂടുതല്‍ ആസ്വദിക്കാന്‍ കഴിയും.

Wednesday, April 23, 2014

Poonthotta Kavalkkaran (1988) - Review

ഇന്നലെ രാത്രി വിജയ്‌ കാന്തിന്റെ പഴയ സൂപ്പര്‍ ഹിറ്റ്‌ ചിത്രം പൂന്തോട്ട കാവല്‍ക്കാരന്‍ കണ്ടു.
ഞാന്‍ മൂന്നിലോ നാലിലോ പഠിക്കുന്ന സമയത്താണ് ഞങ്ങളുടെ നാട്ടിലെ തിയ്യറ്ററില്‍ ഈ സിനിമ ഇറങ്ങുന്നത്. അന്ന് സ്കൂളില്‍ പോകുന്ന വഴിക്ക് ചുമരില്‍ കണ്ട അതേ പോസ്റ്റര്‍ ആണ് ഇത്..



വിജയകാന്ത് ഒരു മെഷിന്‍ ഗണ്ണ്‍ പിടിച്ചു നില്‍ക്കുന്ന ഈ ഫോട്ടോ കണ്ടു ത്രില്‍ അടിച്ചു ഞാന്‍ എന്റെ ഉപ്പാട് ഈ പടം കാണണം എന്നു പറഞ്ഞു...തമിള്‍ പടമായത് കൊണ്ടും പുള്ളിക്ക് താല്പര്യം ഇല്ലാത്തതു കൊണ്ടും ആ പടം കാണാന്‍ പറ്റിയില്ല...എന്നും ഈ സിനിമ മനസ്സില്‍ ഉണ്ടായിരുന്നു. എങ്കിലും കാണാന്‍ സാധിച്ചില്ല.
ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ ഇതിന്റെ സിഡി അന്വേഷിച്ചു കിട്ടിയില്ല..
ഒടുവില്‍ 25 വര്‍ഷത്തിനു ശേഷം ഇന്നലെയാണ് ഈ സിനിമ കണ്ടത്..
എന്റെ ഒരു സന്തോഷത്തിനു വേണ്ടിയാണു ഇത്രയും വിശദമായി പറഞ്ഞത്..ഒന്നും വിചാരിക്കരുത്.. :D

ചിത്രത്തിന്റെ കഥ എന്താന്നു വെച്ചാല്‍...നമ്മുടെ അണ്ണന്‍ വിജയ്‌ കാന്ത് ഒരു കള്ളവാറ്റ്കാരന്‍ ആണ്.
അന്തോണി എന്നാണ് പേര്...പോലീസിനും നിയമത്തിനും അന്തോണിയെ ഭയമാണ്..
അന്തോണി ഒരു അനാഥന്‍ ആണ്..ഒരു സാഹചര്യത്തില്‍ അയാള്‍ കുറ്റവാളി ആകുന്നു
പിന്നെ സമൂഹം അയാളെ നല്ല രീതിയില്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ല..
അയാളുടെ ഭാര്യയാണ്‌ രാധിക..അവര്‍ക്ക് മക്കളില്ല..
അവരുടേത് ഒരു പ്രേമ വിവാഹമാണ്...അതിനൊരു ഫ്ലാഷ് ബാക്ക് ഉണ്ട്. അവിടെ ഒരു പാട്ടും ഉണ്ട്..
അന്തോണി ഒളിച്ചോടി വന്ന ഒരു കമിതാക്കള്‍ക്ക് സ്വന്തം വീട്ടില്‍ അഭയം കൊടുക്കുന്നു..
(ഏതാണ്ട് പ്രൈസ് ദി ലോര്‍ഡില്‍ മമ്മുക്ക ചെയ്യുന്ന പോലെ )
കമിതാക്കള്‍ ആരാണ് എന്നറിയാമോ? നമ്മുടെ ടൈഗറിലെ മുസാഫിറും ( ആനന്ദ്) , വാണി വിശ്വനാഥും
അയാളുടെ ആദ്യത്തെ പടം തിരുട തിരുട ആണ് എന്നാണ് ഞാന്‍ കരുതിയിരുന്നത്
വികി നോക്കിയപ്പോള്‍ ആണ് മനസ്സിലായത്...ആദ്യകാലത്ത് ഇത് പോലെ കുറച്ചു സിനിമകളില്‍ വന്നിരുന്നു എന്ന്. അവരുടെ രണ്ടു ലവ് സോങ്ങ്സ് ഉണ്ട്...
പണ്ടത്തെ"ചും ചും ചുചുച്ചും: മോഡലില്‍ ഉള്ള നൃത്ത ചുവടുകള്‍ കാണാന്‍ രസമുണ്ട്...:D
വാണിയുടെ സഹോദരന്‍ ആണ് ലിവിംഗ്സ്ട്ടന്‍...അയാളില്‍ നിന്നും ഗുണ്ടകളില്‍ നിന്നും അന്തോണി അവരെ രക്ഷിക്കുന്നതും, ഒടുവില്‍ അവരുടെ കല്ല്യാണം നടത്തി കൊടുക്കുന്നതുമാണ് ചിത്രത്തിന്റെ കഥ.
ഇതിനിടയില്‍ മൂന്നു നാല് അടിപൊളി സംഘട്ടനങ്ങള്‍, വിജയ്‌ കാന്തിന്റെ പ്രസിദ്ധമായ കാല്‍ കൊണ്ടുള്ള കിക്കുകള്‍ അടിപൊളി ആയിരുന്നു... പിന്നെ ഇളയരാജയുടെ നല്ല നാല് ഗാനങ്ങള്‍ ഉണ്ട്..
മൊത്തത്തില്‍ കൊള്ളാവുന്ന ഒരു ആക്ഷന്‍ ചിത്രം ആണ്..

ഞാന്‍ മെനക്കെട്ട് എന്തിനീ ചിത്രം കണ്ടു തീര്‍ത്തു എന്ന് ചോദിച്ചാല്‍ ചുമ്മാ..ഒരു രസം..
വിജയകാന്തിന്റെ പഴയ സിനിമകള്‍ കാണാന്‍ എനിക്ക് ഇഷ്ട്ടമാണ്..
ക്യാപ്ടന്‍ പ്രഭാകര്‍, ക്ഷത്രിയന്‍, പുലന്‍ വിചാരണ, വൈദേഹി കാത്തിരുന്താള്‍, പലതും സൂപ്പര്‍ ഹിറ്റ്‌ ആണ്..
സംഭവം കുറെ കത്തി സീനുകള്‍ ഉണ്ടാകുമെങ്കിലും അത് കാണാന്‍ ഒരു രസം..
ഇതിനൊക്കെ പുറമേ പണ്ടത്തെ സിനിമകള്‍ അല്ലെ? അന്നത്തെ സ്ഥലങ്ങള്‍, വസ്ത്രങ്ങള്‍,വാഹനങ്ങള്‍ എല്ലാം..
ഇതില്‍ ഗുണ്ടകള്‍ ഉപയോഗിക്കുന്ന മാരുതിയുടെ ആ പഴയ വാന്‍ വരെ ഒരു നൊസ്റ്റാള്‍ജിയ ആണ്..
ഇന്നത്തെ ടാറ്റാ സുമോയുടെ പകരക്കാരന്‍ ആയിരുന്നു അന്ന് ആ മാരുതി വാന്‍..

പണ്ട് തമിള്‍ നാട്ടിലെ എത്രയോ പഴയ തിയട്ടറുകളില്‍ ഓടിയ സിനിമയായിരിക്കും ഇതൊക്കെ...
നമ്മുടെ നാട്ടിലെ കുറെ ബി ക്ലാസ്സുകളില്‍ വന്ന സിനിമകള്‍, നമ്മുടെ ചേട്ടന്മാരൊക്കെ കണ്ട സിനിമകള്‍.
ആ ഒരു ഫീലില്‍ ഇരുന്നു കാണുമ്പോള്‍ കുറച്ചു കൂടെ രസകരം ആണ്...

Monday, September 16, 2013

മലയാളികളുടെ സ്വന്തം മഞ്ജു !!

മഞ്ജു വാര്യര്‍ തിരിച്ചു വരുന്നു എന്ന വാര്‍ത്ത‍ നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായി. ഒടുവില്‍ ഒരു പരസ്യ ചിത്രത്തിലൂടെ മഞ്ജു തിരിച്ചു വരികയും ചെയ്തു. പരസ്യത്തെ കുറിച്ച് സമ്മിശ്ര അഭിപ്രായം ആയിരുന്നു എങ്കിലും മഞ്ജുവിനോട് ആര്‍ക്കും ഇഷ്ട്ടക്കെട് തോന്നിയിട്ടുണ്ടാകില്ല. മഞ്ജുവിന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവ് അപ്പോളും ഒരു ചോദ്യം ആയി നിന്നു. എന്നാല്‍ പുതിയ വാര്‍ത്ത‍ അനുസരിച്ച് മഞ്ജു രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രത്തിലൂടെ തിരിച്ചു വരുന്നു എന്നതാണ്. മഞ്ജുവിന്റെ തിരിച്ചു വരവ് എന്നതിലുപരി മൂന്നു പ്രതിഭകളുടെ സംഗമം കൂടിയാണ് ഈ ചിത്രം.



വിവാഹ ശേഷം അഭിനയം നിര്‍ത്തിയ എത്രയോ നടികള്‍ മലയാള സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുന്നു. പക്ഷെ അതൊന്നും മാധ്യമങ്ങളില്‍ ഇത്ര ചര്‍ച്ചാ വിഷയം ആയിട്ടില്ല. അമിതാബ് ബച്ചനോടൊപ്പം മഞ്ജു ചെയ്ത പരസ്യത്തെ കുറിച്ചുള്ള വാര്‍ത്ത നമ്മുടെ ചില പത്രങ്ങളുടെ മുന്‍ പേജില്‍ തന്നെ വന്നിരുന്നു. മഞ്ജു വാരിയര്‍ എന്ന നടിക്ക് മലയാളികളുടെ ഇടയിലുള്ള സ്വാധീനം അത്ര മാത്രമാണ്. കുറച്ചു ചിത്രങ്ങളിലെ അഭിനയിച്ചുള്ളൂ എങ്കിലും ചെയ്ത കഥാപാത്രങ്ങളുടെയും അഭിനയ മികവിന്റെയും കാര്യത്തില്‍ മഞ്ജു മറ്റു നടികളെക്കാള്‍ ഒരു പാട് മുപിലാണ്. സല്ലാപത്തിലെ രാധ, സമ്മര്‍ ഇന്‍ ബതെലഹമിലെ ആമി, ആറാം തമ്പുരാനിലെ ഉണ്ണിമായ, കണ്ണെഴുതി പൊട്ടും തോട്ടിലെ ഭദ്ര, കന്മദത്തിലെ ഭാനു, പത്രത്തിലെ ദേവിക എന്നിവ ആ അഭിനയ മികവില്‍ തിളങ്ങിയ ചുരുക്കം ചില കഥാപാത്രങ്ങള്‍ മാത്രം.

മികച്ച നടിക്കുള്ള ഒരു സംസ്ഥാന അവാര്‍ഡും,നാല് ഫിലിം ഫെയര്‍ അവാര്‍ഡും , ഒരു തവണ ദേശീയ അവാര്‍ഡ്‌ ജൂറിയുടെ പ്രത്യേക പരാമര്‍ശവും വാങ്ങിയ നടിയാണ് മഞ്ജു.
മലയാളത്തില്‍ നായിക പ്രാധാന്യമുള്ള കഥകള്‍ ഇല്ലാതിരുന്ന ഒരു സമയത്താണ് മഞ്ജുവിന്റെ വരവ്, പിന്നീട് മഞ്ജുവിനു വേണ്ടി കഥകള്‍ ഉണ്ടായി തുടങ്ങി, ദയ, കണ്ണെഴുതി പൊട്ടും തൊട്ടു ,തിരകള്‍ക്കപ്പുറം എന്നീ ചിത്രങ്ങള്‍ ചില ഉദാഹരണങ്ങള്‍ മാത്രം.ജനപ്രീതിയില്‍ മലയാളത്തിലെ സൂപ്പര്‍ നായകന്മാരുടെ ഒപ്പം എത്തിയ അപൂര്‍വം നടിമാരില്‍ ഒരാളായി മഞ്ജു മാറി. തന്റെ കരിയറിലെ എറ്റവും മികച്ച സമയത്തായിരുന്നു ദിലീപുമായുള്ള മഞ്ജുവിന്റെ വിവാഹം.അതൊരു എടുത്തു ചാട്ടമായിരുന്നു എന്ന് മഞ്ജു തന്നെ പിന്നീട് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.

ഇപ്പോള്‍ രഞ്ജിത്തിന്റെ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി മഞ്ജു മടങ്ങി വരുന്നു എന്ന് കേട്ടപ്പോള്‍ തന്നെ എല്ലാവരുടെയും മനസ്സില്‍ ആദ്യം ഓടി വന്നത് ആറാം തമ്പുരാനിലെ ജഗന്നാഥനും ഉണ്ണിമായയുമാണ്. പക്ഷെ തന്റെ ചിത്രം ആറാം തമ്പുരാന്റെ രണ്ടാം ഭാഗം അല്ലെന്നും മോഹന്‍ലാലിനും മഞ്ജുവിനും തുല്ല്യ പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും ഇതെന്നും രഞ്ജിത്ത് വ്യക്തമാക്കിയിരിക്കുന്നു. എന്തായാലും ഒരു പുതിയ കഥയില്‍, പുതിയ കഥാപാത്രമായി, ലാലിനോടൊപ്പം മത്സരിച്ചു അഭിനയിക്കാന്‍ മഞ്ജു വരുന്നു എന്നത് തന്നെ സന്തോഷകരമായ ഒരു വാര്‍ത്തയാണ്. മഞ്ജുവിനു ഞങ്ങളുടെ എല്ലാ ഭാവുകങ്ങളും നേരുന്നു..

Wednesday, March 14, 2012

സിനിമ കഥകളുടെ ആരംഭം !!

സിനിമ എന്ന മാസ്മര ലോകത്തേക്കു ഞാന്‍ ആകര്‍ഷിക്കപ്പെടുന്നത് മൂന്നാം ക്ലാസ്സില്‍ വെച്ചായിരുന്നു. അന്നത്തെ എന്റെ പ്രധാന കൂട്ടുകാരനായിരുന്നു അനൂപ്. അന്ന് കേച്ചേരിയില്‍ ഒരു തിയറ്റര്‍ ഉള്ളത് സവിത ആണ്. അവിടെ നിന്നു കാണുന്ന സിനിമകളുടെ കഥ ഞങ്ങള്‍ക്കെല്ലാം പറഞ്ഞു തന്നിരുന്നത് അനൂപ് ആയിരുന്നു.അവന്‍ ഓരോ സിനിമകളും കാണാന്‍ പോകുന്ന ദിവസം ഞങ്ങളോടു പറയുമായിരുന്നു. പിന്നെ പിറ്റേ ദിവസം അവനെ കാണാനും കഥ കേള്‍ക്കാനുമായി ഞങ്ങള്‍ കാത്തിരിക്കും.

അന്ന് ഞങ്ങളുടെ ക്ലാസ്സിന്റെ അടുത്തൊരു ഉരുകും പാലമുണ്ടായിരുന്നു. അതിന്റെ താഴെ ഇരുന്നായിരുന്നു ഞങ്ങളുടെ കഥ പറച്ചില്‍. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ആദ്യമായി കടന്നു വന്ന സമയം. ഇരുപതാം നൂറ്റാണ്ടിന്റെ കഥ അനൂപ് പറഞ്ഞത് ആവേശത്തോടെ കേട്ടിരുന്നത് ഇന്നലെ കഴിഞ്ഞ പോലെ എനിക്കു ഓര്‍മ്മയുണ്ട്, പ്രത്യേകിച്ചു അതിന്റെ ക്ലൈമാക്സ് ഭാഗം, ബാക്ക് ഗ്രൌണ്ട് മ്യൂസ്സിക്കോട് കൂടെ അനൂപ് അത് പറയുന്നതു കേട്ടിരിക്കുമ്പോളുള്ള ഒരു രസം, പിന്നീട് ആ സിനിമ കണ്ടപ്പോള് പോലും എനിക്കു തോന്നിയിട്ടില്ല. അന്ന് ചാള്‍സുമുണ്ടായിരുന്നു ഞങ്ങളുടെ കമ്പനിയില്‍. ഞങ്ങള്‍ 3 പേരും തന്നെ ആയിരുന്നു ഈ സിനിമ കമ്പനി. ആ ഉരുകും പാലത്തിന്റെ മുകളില്‍ കയറി താഴോട്ട് ഊര്‍ന്ന് ഇറങ്ങലായിരുന്നു അന്നത്തെ പ്രധാന വിനോദം. എന്റെ ഒരു പാടു ട്രൗസറുകള്‍ അങ്ങനെ കീറിയിട്ടുണ്ട്, ആ ഉരുകും പാലം ഇപ്പോളും അവിടെ തന്നെ ഉണ്ട്, കഴിഞ്ഞ തവണ അവധിക്കു പോയപ്പോള്‍ ചുമ്മാ ഞാന് അതിന്റെ അടുത്ത് പോയി നിന്നു . അതിന്റെ താഴെ ഇരുന്നു കഥ പറഞ്ഞിരുന്ന ഞങ്ങള് 3 പേരും ഇന്ന് എവിടെ?

ഇതാണ് ഞങ്ങളുടെ ഉരുകും പാലം, അതിന്റെ പിന്നില്‍ കാണുന്നതാണ് എന്റെ മൂന്നാം ക്ലാസ്.



ഇതാണ് ഞങ്ങള്‍ കഥ പറയാന്‍ ഇരുന്നിരുന്ന സ്ഥലം



അനൂപ് കേച്ചേരി വിട്ടു പോയിട്ടില്ല, ശ്രീ കൃഷ്ണ കോളേജില് പഠിക്കുന്ന കാലത്ത് എസ്എഫ്ഐ നേതാവായിരുന്നു അവന്‍. പാന്റ് ഉടുത്ത് അവനെ ഞാന് അധികം കണ്ടിട്ടില്ല, നല്ല വീതിയുള്ള കരയുള്ള മുണ്ടുടുത്ത് അതിനു ചേര്‍ന്ന ഷര്‍ട്ട്‌ ധരിച്ചു നല്ല ചിരിച്ച മുഖത്തോടെ മാത്രമേ കണ്ടിട്ടുള്ളൂ, എന്റെ ഉമ്മയുമായൊക്കെ അവന് ഇപ്പോളും നല്ല അടുപ്പമാണ്, അവര്‍ പിന്നെ രാഷ്ട്രീയ പരമായും പുറത്തു വെച്ചു എപ്പോളും കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. ചാള്‍സാകട്ടെ എന്നെ പോലെ ഇവിടെ ഈ ദുബായില്‍ ജോലി ചെയ്തു ജീവിക്കുന്നു. അവന്റെ കല്ല്യാണം കഴിഞ്ഞു, ഇടക്കു ഫേസ് ബുക്കില്‍ 2 കമെന്റ് ഇടുമ്പോ തമ്മില് കാണാറുണ്ട് , എന്തെങ്കിലുമൊക്കെ പറയാറുണ്ട്, അത്ര തന്നെ.

അന്ന് എന്റെ ക്ളാസ്സില് പഠിച്ചിരുന്ന സാഹിറ എന്ന ഒരു കുട്ടി ഉണ്ടായിരുന്നു. പാവം എന്നു പറഞ്ഞാല്‍ പഞ്ച പാവം,എന്നോടു നല്ല കൂട്ടായിരുന്നു, മൂന്നാം ക്ലാസില് മാത്രമേ അവള്‍ എന്റെ കൂടെ പഠിച്ചിട്ടുള്ളൂ. എന്റെ സ്കൂള്‍ ജീവിതം കഴിയുന്നതിന് മുന്പെ തന്നെ അവള്‍ മരിച്ചു. പാമ്പു കടിയേറ്റ് ആണ് മരിച്ചത്. അടുത്ത വീട്ടില്‍ ടിവി കാണാന്‍ പോയി വരുമ്പോളാണ് പാമ്പ് കടിച്ചത്. എന്നെ അറിയാവുന്ന, എനിക്കു അറിയാവുന്ന ഒരാള്‍ പാമ്പു കടിയേറ്റ് മരിക്കുന്ന ഒരു പക്ഷേ ആദ്യ സംഭവം, അന്ന് തൊട്ടേ ഈ വിഷ ജന്തുക്കളെ എനിക്കു പേടിയാണ്,ഞാനും പാമ്പു കടിയേറ്റ് മരിക്കും എന്നൊക്കെ അന്ന് ഞാന്‍ ഭയന്നിരുന്നു, അങ്ങനെയൊന്നും സംഭവിച്ചില്ല, അല്ല, അതിനൊക്കെ ഇനിയും സമയം ഉണ്ട്.ഇപ്പോള്‍ ദുബായിലും പാമ്പുകളുണ്ട്,റാസല്‍ കൈമയില്‍ ഒരു മലയാളി പാമ്പു കടിയേറ്റ് മരിച്ചത് ഈ കഴിഞ്ഞ വര്‍ഷമാണ്. ദുബായില്‍ അങ്ങനെയൊന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല, ഇവിടെ പക്ഷേ ഞാന്‍ വേറെ കുറെ പാമ്പുകളെ കണ്ടിട്ടുണ്ട്, അവ പക്ഷേ വ്യാഴാഴ്ച രാത്രികളിലും വെള്ളിയാഴ്ച ദിവസങ്ങളിലും മാത്രമേ തല പൊക്കുകയുള്ളൂ. പക്ഷേ അവ മാളത്തില്‍ നിന്ന് അങ്ങനെ പുറത്തിറങ്ങാറില്ല.