Showing posts with label malayalam. Show all posts
Showing posts with label malayalam. Show all posts

Sunday, December 9, 2018

തിരിച്ചു കിട്ടുമോ ആ പഴയ ജയറാമിനെ?


ദൂരദര്‍ശനില്‍ സിനിമകള്‍ കണ്ട് തുടങ്ങിയ കാലം തൊട്ടേ ജയറാമിന്‍റെ സിനിമകള്‍ എനിക്ക് ഇഷ്ട്ടമായിരുന്നു. പിന്നീട് കാസ്സറ്റുകള്‍ വാടകക്ക് എടുത്ത് കണ്ടിരുന്ന സമയത്തും ജയറാമിന്‍റെ പഴയ സിനിമകളും തിരഞ്ഞെടുത്ത് കണ്ടിരുന്നു. വിറ്റ്നസ്, കാവടിയാട്ടം, വചനം, വര്‍ണ്ണം, മൂന്നാം പക്കം, അയലത്തെ അദ്ദേഹം അങ്ങനെ കുറേ സിനിമകള്‍. പിന്നീട് ഹൈ സ്കൂള്‍ സമയം ആയപ്പോളേക്കും ജയറാമിന് കുറേ ഹിറ്റുകള്‍ ഉണ്ടായിരുന്നു. മേലേപറമ്പില്‍, CID ഉണ്ണികൃഷ്ണന്‍, അനിയന്‍ബാവ, ആദ്യത്തെ കണ്മണി, പുതുകോട്ട അങ്ങനെ കുറേ സിനിമകള്‍, ജയറാമിന്‍റെ ഏതൊരു സിനിമക്കും മിനിമം ഗാരണ്ടി ഉണ്ടായിരുന്ന സമയം. കോളജില്‍ ചേര്‍ന്ന സമയത്ത് ആദ്യമായി ഒരു സിനിമക്ക് ഒറ്റക്ക് പോയതും ജയറാമിന്‍റെ ഒരു സിനിമ ആയിരുന്നു. തൂവല്‍ കൊട്ടാരം. പിന്നെ ദില്ലിവാല, കളിവീട്, ഇരട്ടകുട്ടി, കഥാനായകന്‍, സൂപ്പര്‍മാന്‍, അരമനവീട്, കിലുകില്‍ പമ്പരം, കാരുണ്യം, സമ്മര്‍, അപ്പൂട്ടന്‍, വീട്ടുകാര്യങ്ങള്‍, ഫ്രണ്ട്സ്, പട്ടാഭിഷേകം, അങ്ങനെ കൈ നിറയെ ഹിറ്റുകള്‍ ആയി പുള്ളി നിറഞ്ഞു നില്‍ക്കുന്ന സമയം. ശരിക്കും ഒരു ജനപ്രിയ നായകന്‍ തന്നെ എന്ന് പറയാം.




പക്ഷെ 2000-ന് ശേഷം പിന്നീട് ജയറാമിന്‍റെ ഗ്രാഫ് താഴെ പോകുന്ന കാഴ്ചയാണ് കണ്ടത്. നാടന്‍ പെണ്ണ്‍, മില്ലേനിയം, വക്കാലത്ത്, ഷാര്‍ജ, നാറാണത്ത്, ഇവര്‍, സല്‍പേര്, ഫിങ്കര്‍പ്രിന്‍റ്, ആലീസ്, പൌരന്‍, സര്‍ക്കാര്‍ ദാദ, മധു ചന്ദ്ര ലേഖ, മൂന്നാമതൊരാള്‍, കനക സിംഹാസനം, അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍, സൂര്യന്‍, നോവല്‍, പാര്‍ഥന്‍, സമസ്ത കേരളം, വിന്‍റര്‍, രഹസ്യ പോലീസ്, കാണാ കണ്മണി, മൈ ബിഗ്‌ ഫാദര്‍, തുടങ്ങി സീത കല്യാണം, ഫോര്‍ ഫ്രണ്ട്സ്, കുടുംബ ശ്രീ, വാലിഭന്‍,സ്വപ്ന സഞ്ചാരി, നായിക, ഞാനും എന്‍റെ ഫാമിലിയും, തമ്പാന്‍, മാന്ത്രികന്‍, മദ്രാസി, ലക്കി സ്റ്റാര്‍, ഭാര്യ അത്ര പോര, ജിഞ്ചര്‍, സലാം കശ്മീര്‍, ഒന്നും മിണ്ടാതെ, ഉത്സാഹ കമ്മിറ്റി, ഞങ്ങളുടെ വീട്ടിലെ അതിഥികള്‍, മൈലാഞ്ചി മൊഞ്ചുള്ള, സാര്‍ സിപി, തിങ്കള്‍ മുതല്‍, അവസാനം ഇറങ്ങിയ സത്യ, ദൈവമേ കൈ തൊഴാം, ആകാശ മിട്ടായി വരെ ഫ്ലോപ്പുകളുടെ ഒരു നീണ്ട നിര. ഇടയില്‍ കൊച്ചു കൊച്ചു സന്തോഷങ്ങള്‍, യാത്രക്കാരുടെ, മലയാളി മാമന്‍, വെറുതെ ഒരു ഭാര്യ, മനസ്സിനക്കരെ, സീനിയേഴ്സ്, ഹാപ്പി ഹസ്ബണ്ട്സ്, ഭാഗ്യ ദേവത, കഥ തുടരുന്നു അങ്ങനെ കുറച്ച് ഹിറ്റുകള്‍ മാത്രം. ഇതില്‍ ചില ഫ്ലോപ്പുകളും ഹിറ്റുകളും മിസ്സ്‌ ആയിട്ടുണ്ടാകും , പക്ഷെ പറഞ്ഞു വന്നത് അതല്ല. ഇടക്ക് പുള്ളി തമിഴില്‍ സരോജയും, തുപ്പാക്കിയും തെലുഗില്‍ ബാഗമതിയും ഒക്കെ ചെയ്തു. പക്ഷെ മലയാളത്തില്‍ ശരിക്കും ജയറാമിന്‍റെ ഒരു ഗാപ്‌ ഫീല്‍ ചെയ്തു തുടങ്ങി. എങ്കിലും ജയറാമിന്‍റെ പുതിയൊരു സിനിമ അനോണ്‍സ് ചെയ്യുമ്പോള്‍ വീണ്ടും കാത്തിരിക്കും. ഇപ്പോളും പുള്ളിയുടെ ചില ഞെട്ടലുകളും, ചമ്മലുകളും കാണാന്‍ ഇഷ്ട്ടമാണ്. തുപ്പാക്കിയിലെ ആ ചെറിയ കോമഡി സീന്‍ പോലും പുള്ളി നന്നായി ചെയ്തിരുന്നു. അത് പോലെ തന്നെ 20:20യിലെ പാക്കരന്‍, ചൈന ടൌണിലെ സക്കറിയ, സീനിയേഴ്സിലെ പപ്പന്‍ അങ്ങനെ ചില മിന്നലാട്ടങ്ങള്‍ കണ്ടിരുന്നു. വ്യത്യസ്തതക്ക് വേണ്ടി ചെയ്ത പഞ്ചവര്‍ണ്ണകിളിയിലെ വേഷവും പ്രതീക്ഷിച്ച പോലെ വിജയം ആയില്ല. ഈ മാസും , ആക്ഷനും ഒന്നും ജയറാമിന് ചേരില്ല എന്ന് പണ്ട് തൊട്ടേ അറിയാവുന്നതാണ്, എന്നാലും പുള്ളി ഇടക്ക് വീണ്ടും ഓരോ മാസ്സ് കൂള്‍ ഒക്കെ ആയി വരും. മനസ്സില്‍ ഇപ്പോളും തൂവല്‍ കൊട്ടാരത്തില്‍ ബാത്‌റൂമില്‍ കേറി വാതിലടച്ച് കരയുന്ന മോഹന ചന്ദ്രന്‍ വക്കീലിന്‍റെ മുഖമാണ്. അന്നത് കണ്ട് കണ്ണ്‍ നിറഞ്ഞിട്ടുണ്ട്. ആ പഴയ ജയറാമിനെ ഇനി അത് പോലെ സ്ക്രീനില്‍ കാണാന്‍ പറ്റുമോ എന്നറിയില്ല. എങ്കിലും ഇപ്പോളും കാത്തിരിക്കുന്നു അദ്ദേഹത്തിന്‍റെ ഒരു സൂപ്പര്‍ ഹിറ്റിന്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന അദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നു.



Sunday, July 30, 2017

നരന്‍ - ഓര്‍മ്മകുറിപ്പുകള്‍..!!


2005-ലെ ആ ഓണക്കാലം. ചന്ദ്രോത്സവം, ഉടയോന്‍ എന്നീ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷമുള്ള ഒരു ചെറിയ ഇടവേളക്ക് ശേഷം മോഹന്‍ ലാലിന്‍റെ ഓണ ചിത്രമായ നരന്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്ന സമയം. ദീപക് ദേവ് ഒരുക്കിയ വേല്‍ മുരുകാ എന്ന ഗാനം എവിടെയും അലയടിക്കുന്നു. ഞാന്‍ അന്ന് ടൌണില്‍ ഒരു ഫ്ലക്സ് പ്രിന്റിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്നു. റിലീസിന് ഒരു ആഴ്ച മുന്‍പ് തൊട്ടേ, ഫാന്‍സുകാര്‍ പല സൈസ് പ്രിന്റുകള്‍ അടിപ്പിക്കാന്‍ വരുന്നുണ്ട്. അവര്‍ കൊണ്ട് വരുന്ന സ്റ്റില്‍സ് കണ്ട് കണ്ട് പടം കാണാനുള്ള കാത്തിരിപ്പിലായി ഞാനും.



റിലീസ് ദിവസം ഓഫീസില്‍ ലീവ് പറഞ്ഞ് ഞാന്‍ ടൌണില്‍ നേരത്തെ എത്തി. ജോസിന്‍റെ മുന്‍പില്‍ നല്ല തിരക്കുണ്ട്. എനിക്കുള്ള ടിക്കറ്റ്‌ റെഡി ആയത് കൊണ്ട് ഞാന്‍ ഭാരതില്‍ പോയി ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു. മടങ്ങി വന്നപ്പോഴേക്കും തിരക്ക് കൂടിയിരുന്നു. നോക്കി നില്‍ക്കെ അത് കൂടി കൂടി വന്നു. ആകെ ഒരു ഓളം. കുറച്ച് സമയത്തെ കാത്തിരിപ്പ്. ഒടുവില്‍ സെക്യൂരിറ്റി വന്ന് ഗേറ്റ് തുറന്നു. എല്ലാവരും വലിയ ആര്‍പ്പു വിളികളോടെ അകത്തേക്ക് ഓടി. ഇപ്പോള്‍ അകത്ത് ഒരു പൂരത്തിനുള്ള ആളുണ്ട്. ഞാന്‍ ചുമ്മാ ബാല്‍ക്കണി കൌണ്ടറില്‍ പോയി നോക്കി. ഫാമിലീസിന്‍റെ നല്ല തിരക്കുണ്ട് അവിടെയും. FDFS കാണുന്നതിന്‍റെ ഒരു സന്തോഷത്തോടെ വീണ്ടും താഴേക്ക് പോയി നോക്കി. പോലീസ് എത്തിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ്സ്‌ കൌണ്ടറില്‍ നല്ല റഷ്. ചിലര്‍ വരിയില്‍ നില്‍ക്കുന്നവര്‍ക്ക് ടിക്കറ്റ്‌ എടുക്കാന്‍ വേണ്ടി കാശ് കൊദുക്കാന്‍ നോക്കുന്നു. മറ്റു ചിലര്‍ ഇടയില്‍ കേറാന്‍ നോക്കുന്നു. അപ്പൊ വരിയിലുള്ളവര്‍ സാറേ..എന്നലറും. ഉടനെ പോലീസ് വന്നു ലാത്തി വീശും. അപ്പൊ വരി പൊട്ടും, ഭാഗ്യമുള്ളവര്‍ വീണ്ടും വരിയില്‍ കേറും, അല്ലാത്തവര്‍ പുറത്ത്. അങ്ങനെ ആകപ്പാടെ ഒരു ലഹള. കുറച്ച് കഴിഞ്ഞപ്പോള്‍ ജോസിലെ ടിക്കറ്റ്‌ കൊടുക്കാനുള്ള ആ ബെല്‍ നീട്ടി അടിച്ചു. വരിയില്‍ നില്‍ക്കുന്നവര്‍ ആവേശത്തോടെ അലറി. വരി കുറേശ്ശെ നീങ്ങി തുടങ്ങി. പിന്നില്‍ നില്‍ക്കുന്നര്‍ ചോട്ടാ മുംബൈയില്‍ ബിജു കുട്ടന്‍ പൈപ്പ് വെള്ളം എടുക്കാന്‍ വരിയില്‍ നിന്ന പോലെ മുഖത്ത് ടെന്‍ഷന്‍ അടിച്ച് നില്‍ക്കുന്നു. ദൈവമേ എങ്ങാനും ടിക്കറ്റ്‌ തീരുമോ? ബ്ലാക്കില്‍ എടുക്കേണ്ടി വരോ? അങ്ങനെ എന്തൊക്കെ ചിന്തകളാണ് എന്നറിയോ?

ടിക്കറ്റ്‌ കിട്ടിയവര്‍ അകത്ത് കയറി, ചിലര്‍ കൂട്ടുകാരെ പേര് ചൊല്ലി വിളിക്കുന്നു. അടുത്തടുത്ത് ഇരിക്കാനുള്ള സീറ്റുകള്‍ നോക്കുന്നു. ചിലര്‍ ചൂട് കാരണം ഷര്‍ട്ട് ഒക്കെ അഴിച്ച് അരയില്‍ കെട്ടിയിരിക്കുന്നു. മറ്റു ചിലര്‍ ലാലേട്ടന്‍ കീ ജയ് എന്ന് വിളിക്കുന്നു. എല്ലാം കണ്ടു കൊണ്ട് ഫസ്റ്റ് ക്ലാസ്സിന്‍റെ ഒരു സൈഡ് സീറ്റില്‍ ഞാനും. ഒടുവില്‍ സിനിമ തുടങ്ങി. ആശിര്‍വാദ് സിനിമാസ് അവതരിപ്പിക്കുന്ന എന്ന് കാണിച്ച ഉടനെ തിയറ്ററില്‍ ചിലര്‍ അലറി വിളിക്കാന്‍ തുടങ്ങി. ആവേശ തിരയിളക്കി കൊണ്ട് ലാലിന്‍റെ ഇന്ട്രോ സീന്‍.
അന്ന് അവിടെ കിട്ടിയ കയ്യടികള്‍, ആര്‍പ്പു വിളികള്‍, ഇന്നും എന്‍റെ കാതുകളില്‍ ഉണ്ട്. അതാണ് ഈ ഫസ്റ്റ് ഷോയുടെ ഒരു രസം. ആദ്യം തന്നെ ഒരു കിണ്ണന്‍ കാച്ചി ഫൈറ്റ്. പിന്നെ അവിടെ നിന്ന് അങ്ങോട്ട്‌ മുള്ളന്‍ കൊള്ളിയിലെ ഒരാളായി പ്രേഷകരും. വേല്‍ മുരുഗാ എന്ന ഗാനം വന്നതോടെ തിയറ്റര്‍ ഉത്സവ പറമ്പ് പോലെയായി. എല്ലാവരും ഡാന്‍സ് തന്നെ ഡാന്‍സ്. അതൊന്നും ഇന്നത്തെ പോലെ ഷൂട്ട്‌ ചെയ്യാന്‍ ഒരു മാര്‍ഗവുമില്ലായിരുന്നു. പടം സൂപ്പര്‍ ആയി തന്നെ അവസാനിച്ചു. ക്ലൈമാക്സിലെ ആ ഗാനം കൂടി ആയപ്പോള്‍ എല്ലാവരും സന്തോഷത്തോടെ പുറത്തിറങ്ങിയപ്പോള്‍ അവിടെ അടുത്ത ഷോക്കുള്ള തിരക്ക്. ഞാന്‍ റോഡ്‌ ക്രോസ് ചെയ്ത് തേക്കിന്‍ കാട് മൈതാനത്ത് കേറി നിന്നു.
ഫാന്‍സുകാര്‍ പടക്കം പൊട്ടിക്കുന്നു. പോലീസ് വന്ന് തടയുന്നു. ജോസിന്‍റെ മുന്‍പില്‍ ബ്ലോക്ക്‌ ആയ വണ്ടികളുടെ ഹോണ്‍ ഒരു ഭാഗത്ത്, മറുഭാഗത്ത് ഫാന്‍സിന്‍റെ ആര്‍പ്പുവിളികള്‍, അകത്ത് വരിയില്‍ നില്‍ക്കുന്നവരുടെ ബഹളം. എല്ലാം ഞാന്‍ എന്‍റെ സ്റ്റില്‍ ക്യാമറയില്‍ പകര്‍ത്തി. അത് പോലൊരു ദിവസം പിന്നീട് ജീവിതത്തില്‍ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ക്യമറയില്‍ ഉണ്ടായിരുന്ന ഫിലിം ഞാന്‍ പിന്നീട് പ്രോസസ് ചെയ്ത് ഫാന്‍സുകാര്‍ക്ക് കൊടുത്തു. അവരത് പ്രിന്‍റ് എടുത്ത് അവരുടെ ആല്‍ബത്തില്‍ ഒട്ടിച്ചു. ആ ആല്‍ബം അവര്‍ പിന്നീട് ഒരിക്കല്‍ ലാലേട്ടനെ കാണിച്ചിരുന്നു എന്ന് പറഞ്ഞു. ഞാന്‍ എടുത്ത ഫോട്ടോസ് എല്ലാം പുള്ളി കണ്ടു എന്നും. അത് കേട്ടപ്പോള്‍ സന്തോഷം തോന്നി. കുറച്ചു നാള്‍ മുന്‍പ് ആരോ എന്നോട് ഈ ഫോട്ടോസ് ചോദിച്ചപ്പോള്‍ ഞാന്‍ ഈ ആല്‍ബം വീണ്ടും അന്വേഷിച്ചു. പത്ത് പന്ത്രണ്ട് വര്‍ഷം ആയില്ലേ? ഇപ്പോള്‍ അത് ആരുടെ കയ്യില്‍ ആണെന്ന് ആര്‍ക്കും ഒരു പിടിയുമില്ല, ഇനി ഉണ്ടെങ്കില്‍ തന്നെ അതിന്‍റെ കണ്ടീഷന്‍ എങ്ങനെ ആകും എന്നും അറിഞ്ഞൂടാ. ആ നെഗറ്റീവ്സ് അന്ന് അത് പോലെ മിസ്സ്‌ ആയതാണ്. എന്നാലും ഞാന്‍ ശ്രമിക്കുന്നുണ്ട്. ഇന്നും ടിവിയില്‍ നരന്‍ വരുമ്പോള്‍ അറിയാതെ ഇരുന്ന് കണ്ടു പോകും. ഇന്നും ആ പഴയ ഓര്‍മ്മകള്‍ മനസ്സിലെക്കെത്തും.


Monday, March 13, 2017

Angamali Diaries - Review


ഇന്നലെ അംഗമാലി ഡയറീസ് കണ്ടു. സിനിമയെ കുറിച്ച് ഇനി പ്രത്യേകം പറയുന്നില്ല. അസാധ്യ മേകിംഗ്. ലിജോ ജോസ് പെല്ലിശ്ശേരി, നിങ്ങള്‍ ഒരു സംഭവമാണ് എന്ന് പറയാതെ വയ്യ. ഇത്രയും പുതിയ പിള്ളേരെ വെച്ച് ഇങ്ങനെ ഒരു പടം ചെയ്യാന്‍ നിങ്ങള്‍ക്കെ കഴിയൂ. എല്ലാവരും ഒന്നിനൊന്ന് മെച്ചം. നായകന്‍ ആന്റപ്പന്‍ ഒക്കെ ആദ്യ സീന്‍ മുതലേ അങ്ങ് കത്തി കയറുവല്ലായിരുന്നോ. അത് പോലെ ലിച്ചി..എന്റമ്മോ.. ഇങ്ങനെയുമുണ്ടോ ഒരു നോട്ടം..ഹോ.. അടുത്ത കാലത്തൊന്നും ആ ചിരി മനസ്സില്‍ നിന്ന് പോകത്തില്ല. പിന്നെ ഭീമന്‍, തോമസ്‌, കുഞ്ഞൂട്ടി, മരംകൊത്തി, മാര്‍ട്ടി, കണകുണ, ബാബുജി, അങ്ങനെ ഒരു ലോഡ് പുതുമുഖങ്ങള്‍ ഒരു രണ്ടു രണ്ടേകാല്‍ മണിക്കൂര്‍ ചുമ്മാ വന്നിറങ്ങി അങ്ങ് പൊളിച്ചടുക്കി.



പക്ഷെ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്നെ ഞെട്ടിച്ചത് ദേ ഈ രണ്ടു ഗടികളാണ്. എന്താണ് ഇവരെ കുറിച്ച് പറയേണ്ടത് എന്നറിയില്ല ശരിക്കും. ഇരുവരുടെയും ആദ്യ ചിത്രം ആണെന്ന് വിശ്വസിക്കാന്‍ പ്രയാസം. അത്രക്ക് അനായാസമായ അഭിനയം. അല്ലെങ്കില്‍ തന്നെ ഇവര്‍ രണ്ടു പേരും ഇതില്‍ എവിടെയാണ് അഭിനയിച്ചത് എന്ന് മനസ്സിലായില്ല. പച്ചയായ ജീവിതം, നാടന്‍ സംഭാഷണം, അവരുടെ വേഷം, ഭാവം എല്ലാം കിറുകൃത്യം. അപ്പാനി രവിയെ അവതരിപ്പിച്ച ശരത്, പുള്ളി ഇനി മിക്കവാറും ആ ഒരു പേരില്‍ അറിയപ്പെടാനാണ് സാധ്യത, . ക്ലാമ്പ് രാജനെ അവതരിപ്പിച്ച ടിറ്റോ. അങ്ങോര്‍ നടനൊന്നുമല്ല, വേറെ ഏതാണ്ടാ.. അയാളെ പോലോരാളെ ഞാന്‍ ടൌണില്‍ വെച്ച് മുന്‍പ് എപ്പോഴോ കണ്ടിട്ടുണ്ട്..അല്ലെങ്കില്‍ അത് പോലെയുള്ള വേറൊരാളെ ഇനിയും കണ്ടെന്നു വരാം.അത്ര മാത്രം ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരാള്‍. ഒരു പക്ഷെ അപ്പാനി രവിയേക്കാള്‍ ഒരു പൊടിക്ക് എനിക്ക് കൂടുതല്‍ ഇഷ്ട്ടപ്പെട്ട കഥാപാത്രം രാജന്‍ ആണ്. ഇനി ഒരിക്കല്‍ കൂടി അംഗമാലി ഡയറീസ് കാണുന്നുണ്ടെങ്കില്‍ അത് ഇവര്‍ രണ്ട് പേര്‍ക്ക് വേണ്ടി മാത്രം ആയിരിക്കും.

Sunday, November 13, 2016

Aan Mariya Kalippilanu (2016) - Review


ആന്‍മരിയ കലിപ്പിലാണ്. (2016)



കലിപ്പില്ലാതെ കണ്ടിരിക്കാവുന്ന മനോഹരമായ ഒരു കൊച്ചു ചിത്രം. സണ്ണിയും അജുവും നല്ല കോമ്പോ ആയിട്ടുണ്ട്. കോമഡി സീന്‍ ഒക്കെ നന്നായിട്ടുണ്ട്. പ്രത്യേകിച്ച് ആ പൂമ്പാറ്റ പറക്കുന്ന സീന്‍. എനിക്കിഷ്ട്ടപ്പെട്ടത് അജുവിന്‍റെ ഒരു ഡയലോഗ് ആണ്. ഇനി എങ്കിലും എന്തെങ്കിലും ചെയ്യുമ്പോ എന്നോട് കൂടെ ഒന്ന് പറഞ്ഞിട്ട് പോ, കുറഞ്ഞ പക്ഷം എന്തിനാണ് തല്ലു കിട്ടുന്നത് എന്ന് എങ്കിലും എനിക്കറിയാമല്ലോ? :D

സണ്ണി വെയ്ന്‍ എന്ന നടന്‍ ഈ സിനിമയോടെ കൂടുതല്‍ ജനപ്രിയന്‍ ആയി എന്ന് പറയാം. പൂമ്പാറ്റ ഗിരീഷ്‌ ആയി പുള്ളി കസറിയിട്ടുണ്ട്. , പ്രത്യേകിച്ചും ആ ജോലിക്ക് പോകാതെ മടി പിടിച്ച് ഇരിക്കുന്നതൊക്കെ..അത് പോലെ ആ കൊച്ചിനോട് "തല്ലാന്‍ കൈ പൊങ്ങിയപ്പോള്‍ പെട്ടെന്ന് എനിക്കെന്‍റെ കോളേജിലെ സാറിനെ ഓര്‍മ്മ വന്നു , അല്ലായിരുന്നെങ്കില്‍... :D

പിന്നെ ആ പെണ്‍കുട്ടി, അവളുടെ കൂട്ടുകാര്‍ എല്ലാവരും നല്ല പെര്‍ഫോമന്‍സ് തന്നെ. തൃശൂര്‍ ഭാഷയില്‍ സംസാരിച്ച ആ ചെക്കൻ സൂപ്പർ ആയിട്ടുണ്ട് . ബിജുക്കുട്ടന്‍റെ ആ മാലാഖ വേഷവും, മുറുക്കി തുപ്പികൊണ്ടുള്ള ആ വരവും. ഷൈന്‍ ചാക്കോയും നന്നായിട്ടുണ്ട്, ആ ചായക്കടയില്‍ വന്ന് " ചേട്ടാ, ഒരു മോതിരം 😀 പിന്നെ എടുത്ത് പറയേണ്ടത് സിദ്ധിക്കിന്‍റെ ആ ഒരു സീന്‍ ആണ്, ചുമ്മാ വന്നു കിടുക്കി കളഞ്ഞു പുള്ളി 👌

പിന്നെയും ഉണ്ട് ഇഷ്ട്ടപ്പെട്ട കുറെ രംഗങ്ങള്‍. ഒന്ന് കൂടെ കാണണം. വലിയ താര നിരകള്‍ ഇല്ലാതെ തന്നെ പടം ഹിറ്റ് ആയത് ഇങ്ങനെ കുറെ നല്ല രംഗങ്ങള്‍ ഉള്ളത് കൊണ്ടാണ്. മിഥുന്‍ ഭായ്, ഇങ്ങനത്തെ കുറച്ചു നല്ല സിനിമകള്‍ എടുത്തു കൊണ്ടേ ഇരിക്കൂ..All the best for #Alamara :)

Friday, October 28, 2016

ചന്ദ്രനുദിക്കുന്ന ദിക്കില്‍ - ഓര്‍മ്മകള്‍ !!


ചന്ദ്രനുദിക്കുന്ന ദിക്കില്‍ (1999)


ഒക്ടോബര്‍ 15ന് ഒളിമ്പ്യന്‍ അന്തോണി ആദം ഇറങ്ങി, അതിന്‍റെ തിരക്കൊക്കെ ഒന്ന് ഒഴിഞ്ഞ് രണ്ട് ആഴ്ച കഴിഞ്ഞ് 29ന് ആണ് ഈ സിനിമ ഇറങ്ങിയത്..റിലീസ് ദിവസം തൃശൂര്‍ രാമദാസില്‍ മാറ്റിനി ആയിരുന്നു ആദ്യത്തെ ഷോ..സാധാരണ നൂണ്‍ ഷോ കാണാറുള്ളതാണ്. പക്ഷെ അന്ന് അവിടെ നിറം നൂണ്‍ ഷോ ആയി കളിക്കുന്നുണ്ട്. (44 Days). കാലത്ത് തന്നെ പോയി ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടാണ് കോളേജില്‍ പോയത്. അപ്പോള്‍ തന്നെ നല്ല തിരക്കുണ്ടായിരുന്നു. പിന്നെ ഒരു പിരീഡ് കട്ട്‌ ചെയ്ത് ഒളിമ്പ്യന്‍ കാണാന്‍ നൂണ്‍ഷോക്ക് ജോസില്‍ പോയി..ആ ഷോ കഴിഞ്ഞ് ഓടി വന്നപ്പോള്‍ രാമദാസില്‍ വന്‍ റഷ്. പഞ്ചാബി ഹൌസിന് (1998) ശേഷം ദിലീപ് താരമായി നില്‍ക്കുന്ന സമയം. മറവത്തൂര്‍ കനവിന് (1998) ശേഷം ലാല്‍ ജോസിന്‍റെ രണ്ടാമത്തെ സിനിമ. ..ദിലീപും ലാല്‍ ജോസും കൂടെയുള്ള ആദ്യ സിനിമ..കാവ്യാ മാധവന്‍ ആദ്യമായി നായിക ആയ സിനിമ, വിദ്യാ സാഗറിന്‍റെ അതി മനോഹരമായ ഗാനങ്ങള്‍. അങ്ങനെ നല്ല ഹൈപ്പോടെ വന്ന പടമായിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കില്‍.


അങ്ങനെ കുറച്ച് കാത്തിരുന്ന് ഷോ തുടങ്ങിയപ്പോള്‍ ഉണ്ടായ ആര്‍പ്പുവിളികള്‍. ലാലിന്‍റെ മാസ്സ് ഇന്ട്രോക്ക് വന്‍ കയ്യടി. അമ്പാടി പയ്യുകള്‍, മഞ്ഞ് പെയ്യണ്, ഒക്കെ വന്നപ്പോള്‍ വന്‍ വരവേല്‍പ്പ് ബംബാട്ട് ഹുടുഗി, മായദേവതക്ക് എന്ന പാട്ടുകള്‍ക്ക് ലാല്‍ ചുവട് വെച്ചപ്പോള്‍ തിയറ്റര്‍ ആവേശത്തോടെ എതിരേറ്റു. രണ്ടാം പകുതി കുറച്ച് സ്ലോ ആയി വന്നു. സിനിമ കഴിയാറായി എന്ന് വിചാരിച്ചിരിക്കുമ്പോള്‍ ദേ അടുത്ത പാട്ട്...ഒരു കുഞ്ഞു പൂവിന്‍റെ...സിനിമ കഴിഞ്ഞ് ഒരു പാട് വൈകിയാണ് വീട്ടില്‍ എത്തിയത്. നല്ല ചീത്ത കേട്ടു. അത് കൊണ്ട് പിന്നെ കുറച്ച് നാള്‍ സിനിമക്ക് പോയിട്ടില്ല. എന്നാലും ആ സിനിമ കണ്ടതിന്‍റെ ഓര്‍മ്മകള്‍ ഇന്നും മായാതെ മനസ്സില്‍ ഉണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ ഇറങ്ങിയിട്ട് ഇന്നേക്ക് 17 വര്‍ഷങ്ങള്‍ പിന്നിടുന്നു :) :)

ഒരു കാര്യം പറയാന്‍ മറന്നു,ബിജുവും സംയുക്തയും തമ്മില്‍ ഇഷ്ട്ടത്തിലായത് ഈ സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ്‌... <3 <3