Showing posts with label dileep. Show all posts
Showing posts with label dileep. Show all posts

Thursday, July 12, 2018

മാനത്തെ കൊട്ടാരം (1994) - ഓര്‍മ്മകള്‍ !!


അന്ന് താരതമ്യേന പുതുമുഖമായ ദിലീപ്, നാദിര്‍ഷ , ഹരിശ്രീ അശോകന്‍, കൂടെ ഇന്ദ്രന്‍സ് എന്നിവരെ വെച്ച് സുനില്‍ സംവിധാനം ചെയ്ത ചിത്രം. അവരുടെ കൂടെ തമിഴില്‍ നിന്ന് കുശ്ബുവിനെയും കൊണ്ട് വന്നു. ഒപ്പം അന്നത്തെ തിരക്കുള്ള നായക നടനായ സുരേഷ് ഗോപിയുടെ ഒരു ഗസ്റ്റ് വേഷവും. എല്ലാം കൊണ്ടും ഒരു നല്ല പ്രൊജക്റ്റ് . പൂനിലാമഴ എന്ന ആ ഗാനം ചിത്രത്തിന് വന്‍ മൈലേജ് ആണ് കൊടുത്തത്. (ആ പേരിൽ സുനിൽ പിന്നീട് ആ പേരിൽ ഒരു സിനിമ എടുക്കുകയും ചെയ്തു). അന്ന് ചിത്ര ഗീതത്തിലൊക്കെ ഈ പാട്ട് വരാന്‍ കാത്തിരിക്കുമായിരുന്നു. ആ ഒരു ഗാനരംഗത്ത് ലോഹിതദാസ് , സിബി മലയിൽ, രഞ്ജി പണിക്കർ , ഷാജി കൈലാസ് , സിദ്ദിഖ് ലാൽ എന്നിവരൊക്കെ വന്നു. ആ വര്‍ഷം ഹിറ്റായ കാതലന്‍ സിനിമയിലെ പേട്ട റാപ്പ് എന്ന്‍ വാക്ക് സിനിമയില്‍ പല സ്ഥലത്ത് ഉപയോഗിക്കുന്നുണ്ട്. വില്ലനായ രാജന്‍ പി ദേവിന്‍റെ പേരും ലൂക്കൊച്ചന്‍ പേട്ട എന്നായിരുന്നു. ആ വർഷം കൃസ്ത്മസിനാണ് റിലീസ് ചെയ്തത്.നല്ല അഭിപ്രായവും, ഒപ്പം ഗംഭീര കളക്ഷനും നേടി ഈ ചിത്രം സൂപ്പര്‍ ഹിറ്റായി. നാരായണൻകുട്ടി , ഫിലോമിന , മാള ഇവരുടെ കോമഡി ട്രാക്കും ഒപ്പം ജഗതിയുടെ PRO എബ്രഹാം ജോണും അന്ന് തിയറ്ററില്‍ പൊട്ടിച്ചിരി ഉണർത്തി . അന്ന് വീഡിയോ കടകളില്‍ ഇതിന്റെ ക്യാമറ പ്രിന്‍റ് വരെ നല്ല ഓട്ടമായിരുന്നു



ചിത്രത്തിലെ ദിലീപിന്‍റെ പേരും ദിലീപ് എന്നായിരുന്നു , പുള്ളിയുടെ അഭിനയ ജീവിതവും പിന്നീട് ആ സിനിമയിലെ പോലെ ആയി. ഇന്ദ്രന്‍സ് എന്ന നടനും ഈ സിനിമയോടെ തിരക്കുള്ള ഒരു താരമായി. അവിടെ നിന്ന് അങ്ങോട്ട് ഇന്ദ്രന്‍സ് ഇല്ലാത്ത ചിത്രങ്ങള്‍ ചുരുക്കം ആയിരുന്നു എന്ന് തന്നെ പറയാം. ഇതിന്റെ അതേ ചുവട് വെച്ച് ഏതാണ്ട് ഇതേ താരങ്ങളെ വെച്ച് സുനില്‍ അടുത്ത വര്‍ഷം വൃദ്ധന്മാരെ സൂക്ഷിക്കുക എന്നൊരു ചിത്രമായി വന്നു. സുരേഷ് ഗോപിക്ക് പകരം ആ വര്‍ഷം തിളങ്ങി നിന്ന ജയറാമിനെയും ഗസ്റ്റ് റോളില്‍ കൊണ്ട് വന്നു. അതിന് പക്ഷെ ഈ വിജയം ആവര്‍ത്തിക്കാന്‍ ആയില്ല.


ഇനി അന്ന് വായിച്ച ഒരു അണിയറ വിശേഷം പറയാം ഇതിന്‍റെ കഥ അന്‍സാര്‍ ആദ്യം കാണിച്ചത് മമ്മൂട്ടിയെ ആണെന്ന് കേട്ടിട്ടുണ്ട്. മമ്മൂട്ടിക്ക് സ്ക്രിപ്റ്റ് ഇഷ്ട്ടപ്പെടതെയോ എന്തോ പുള്ളി അന്ന് നോ പറഞ്ഞു. കഥ കേള്‍പ്പിക്കാന്‍ ചെന്നപ്പോള്‍ മമ്മൂട്ടി ചെറുതായി പുള്ളിയെ എന്തോ കളിയാക്കുകയും ചെയ്തു. ആ വാശിക്കാണ് ക്രിസ്മസിന് സുക്രുതത്തിന്‍റെ കൂടെ തന്നെ മാനത്തെ കൊട്ടാരം റിലീസ് ചെയ്യിച്ചത് എന്ന് കേട്ടിട്ടുണ്ട്.

Thursday, November 17, 2016

ഡാര്‍ലിംഗ് ഡാര്‍ലിംഗ് (2000) - ഓര്‍മ്മകള്‍ !!


ഡാര്‍ലിംഗ് ഡാര്‍ലിംഗ് (2000)

കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ (1998), ഞങ്ങള്‍ സന്തുഷ്ട്ടരാണ് (1999), നാടന്‍ പെണ്ണും നാട്ടു പ്രമാണിയും (2000) ഇങ്ങനെ അടുപ്പിച്ച് മൂന്നു ജയറാം ചിത്രങ്ങള്‍ക്ക് ശേഷം രാജസേനന്‍ തന്‍റെ സ്ഥിരം ശൈലി ഒന്ന് മാറ്റിപ്പിടിക്കാന്‍ തീരുമാനിച്ചു. അങ്ങനെ എടുത്ത ചിത്രമാണ് ഡാര്‍ലിംഗ് ഡാര്‍ലിംഗ്. തന്‍റെ സ്ഥിരം നായകന്‍ ആയ ജയറാമിനെ മാറ്റി പകരം ദിലീപിനെയും കുഞ്ചാക്കോ ബോബനെയുമാണ് ആദ്യം കാസ്റ്റ് ചെയ്തത്. ചാക്കോച്ചന്‍റെ തിരക്ക് കാരണം പിന്നീട് ആ റോള്‍ വിനീതിന് വന്നു ചേര്‍ന്നു. ഒപ്പം കാവ്യാ മാധവനും ജഗതിയും ശരതും എല്ലാം ഉണ്ടായിരുന്നു. ഉദയ് കൃഷ്ണ സിബി കെ തോമസ്‌ ടീം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ജോക്കറിന് ശേഷം വന്ന ദിലീപ് പടം ആയിരുന്നു ഇത്. കഥ പറഞ്ഞപ്പോള്‍ ആദ്യം ദിലീപിന്‍റെ റോള്‍ വിനീതിനും വിനീതിന്‍റെ റോള്‍ ദിലീപിനും ആയിരുന്നു. പക്ഷെ കഥ കേട്ട ദിലീപ് തനിക്ക് വിനീതിന്‍റെ ആ നെഗറ്റീവ് വേഷം മതി എന്ന് പറഞ്ഞു. അന്ന് നായകന്‍ എന്നതിനേക്കാള്‍ വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാന്‍ ആയിരുന്നു ദിലീപിന് താല്‍പര്യം. വിജയുടെ പ്രിയമുടന്‍ (1998) എന്ന ചിത്രവുമായി കുറച്ചു സമയങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും ഡാര്‍ലിംഗ് ഡാര്‍ലിംഗ് അവതരണത്തിലും കോമഡിയിലും മികച്ചു നിന്നു. വിനീതും കാവ്യയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ അന്ന് എല്ലാവരെയും ആകര്‍ഷിച്ച ഒന്നായിരുന്നു. അത് പോലെ തന്നെ ദിലീപ് ജഗതി ടീമിന്‍റെ കോമഡി, ഇന്ദ്രന്‍സ് - ജനാര്‍ദ്ദനന്‍- CI പോള്‍ സംഘത്തിന്‍റെ വിറ്റുകള്‍ എല്ലാം ക്ലിക്ക് ആയി.ഔസേപ്പച്ചന്‍ ഒരുക്കിയ ഗാനങ്ങള്‍ എല്ലാം സൂപ്പര്‍ ഹിറ്റ് ആയി. ഉള്ളടക്കത്തിലെ ഒരു BGM ആണ് പ്രണയ സൌഗന്ധികങ്ങള്‍ എന്ന എക്കാലത്തെയും മികച്ച പ്രണയ ഗാനം ആയി മാറിയത്. അത് കൂടാതെ ചിത്തിര പന്തലിട്ട്, മുത്തും പവിഴവും, അണിയമ്പൂ മുറ്റത്ത് അങ്ങനെ വേറെയും കുറേ ഹിറ്റ്‌ ഗാനങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു.



2000 നവംബര്‍ 17ന് ആണ് ചത്രം റിലീസ് ചെയ്തത്. ചിത്രം അന്ന് മികച്ച സാമ്പത്തിക വിജയം നേടുകയും ചെയ്തു. ഇതിറങ്ങി ഒരു മാസം കഴിഞ്ഞപ്പോളാണ് കൃസ്ത് മസിന് തെങ്കാശിപട്ടണം , ദാദ സാഹിബ്‌, ദേവദൂതന്‍ എന്നീ ചിത്രങ്ങള്‍ ഇറങ്ങുന്നത്. തെങ്കാശി പട്ടണം വലിയൊരു ഹിറ്റ്‌ ആയി, . ജോക്കര്‍, ഡാര്‍ലിംഗ് ഡാര്‍ലിംഗ്, തെങ്കാശിപ്പട്ടണം അങ്ങനെ മൂന്ന് ഹിറ്റുകള്‍ ആയി ദിലീപിന്‍റെ താരമൂല്യം കുതിച്ചുയര്‍ന്നു. അത് കോളേജിലെ ഞങ്ങളുടെ അവസാന വര്‍ഷം ആയിരുന്നു. അന്ന് സോഷ്യല്‍ സര്‍വീസ് ഡേ കഴിഞ്ഞ് ഒരു ഞായറാഴ്ച ദിവസം ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാം കൂടെ ഒരുമിച്ച് പോയി തൃശൂര്‍ ജോസില്‍ നിന്നാണ് ഈ സിനിമ കണ്ടത്. ഞങ്ങള്‍ എല്ലാവരും മനസ്സ് തുറന്നു ചിരിച്ച ഒരു സിനിമ. അന്നത്തെ ആ നല്ല ഓര്‍മ്മകള്‍ക്ക് ഇന്ന് 17 വര്‍ഷം തികയുന്നു. അത് കൊണ്ട് ഇന്നും എന്‍റെ പ്രിയ ചിത്രങ്ങളില്‍ ഒന്നാണ് ഡാര്‍ലിംഗ് ഡാര്‍ലിംഗ്.

Sunday, October 30, 2016

അരികെ..So Close !!

.

#Arike (2012)

ശ്യാമപ്രസാദിന്‍റെ സിനിമകളില്‍ ഏറ്റവും മനോഹരമായ ഒന്നാണ് അരികെ. അന്ന് ഇത് ഇറങ്ങിയ സമയത്ത് ഒരു ആര്‍ട്ട് പടമാണെന്ന് കരുതി പലരും ഈ സിനിമ കണ്ടില്ല. പിന്നീട് യൂട്യൂബില്‍ ഇറങ്ങിയപ്പോള്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ 2 ലക്ഷം വ്യൂ അതിനു ലഭിച്ചു.അന്ന് ശ്യാമപ്രസാദ്‌ പറഞ്ഞു ഇത്രയും പേര്‍ തിയറ്ററില്‍ പോയി കണ്ടിരുന്നു എങ്കില്‍ ആ പടം ഹിറ്റ്‌ ആയേനെ, എന്നാലും എന്‍റെ സിനിമ ഇങ്ങനെയെങ്കിലും ആളുകളിലേക്ക് എത്തിയതില്‍ സന്തോഷമുണ്ട് എന്ന്.. ഇന്നിപ്പോള്‍ അത് 7 ലക്ഷം വ്യൂ പിന്നിട്ടിരിക്കുന്നു..


വളരെ ഹൃദ്യമായ ഒരു ബംഗാളി ചെറുകഥയാണ് ശ്യാമ പ്രസാദ്‌ ഈ സിനിമയാക്കിയത്..അളഗപ്പന്‍റെ ദ്രിശ്യഭംഗിയില്‍ വിരിഞ്ഞ കോഴിക്കോടിന്‍റെ നല്ല ലൊക്കേഷന്‍സ് ചിത്രത്തില്‍ ഉണ്ടായിരുന്നു. ദിലീപിന്‍റെയും മമതയുടെയും വളരെ നല്ല വേഷങ്ങള്‍ ആയിരുന്നു ഇതിലെ ശാന്തനുവും അനുരാധയും. അവര്‍ രണ്ടു പേരും കൂടെയുള്ള ആ ക്ലൈമാക്സ്‌ സീന്‍ വല്ലാത്തൊരു ഫീല്‍ ആയിരുന്നു സമ്മാനിച്ചത്. ഈ സിനിമയോടുള്ള ഇഷ്ട്ടം കാരണം ഞാന്‍ ആകെ ഒരു തവണയെ ഇത് കണ്ടിട്ടുള്ളൂ..ആദ്യം കണ്ട ആ പുതുമ മനസ്സില്‍ അത് പോലെ അങ്ങനെ ഇരുന്നോട്ടെ എന്ന് കരുതി..


മമത മോഹന്‍ദാസ്‌ എന്ന നടിയോട് ഒരു പാട് ഇഷ്ട്ടവും ആദരവും തോന്നിയ ഒരു സിനിമ..

അരികെ..So Close <3

Friday, October 28, 2016

ചന്ദ്രനുദിക്കുന്ന ദിക്കില്‍ - ഓര്‍മ്മകള്‍ !!


ചന്ദ്രനുദിക്കുന്ന ദിക്കില്‍ (1999)


ഒക്ടോബര്‍ 15ന് ഒളിമ്പ്യന്‍ അന്തോണി ആദം ഇറങ്ങി, അതിന്‍റെ തിരക്കൊക്കെ ഒന്ന് ഒഴിഞ്ഞ് രണ്ട് ആഴ്ച കഴിഞ്ഞ് 29ന് ആണ് ഈ സിനിമ ഇറങ്ങിയത്..റിലീസ് ദിവസം തൃശൂര്‍ രാമദാസില്‍ മാറ്റിനി ആയിരുന്നു ആദ്യത്തെ ഷോ..സാധാരണ നൂണ്‍ ഷോ കാണാറുള്ളതാണ്. പക്ഷെ അന്ന് അവിടെ നിറം നൂണ്‍ ഷോ ആയി കളിക്കുന്നുണ്ട്. (44 Days). കാലത്ത് തന്നെ പോയി ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടാണ് കോളേജില്‍ പോയത്. അപ്പോള്‍ തന്നെ നല്ല തിരക്കുണ്ടായിരുന്നു. പിന്നെ ഒരു പിരീഡ് കട്ട്‌ ചെയ്ത് ഒളിമ്പ്യന്‍ കാണാന്‍ നൂണ്‍ഷോക്ക് ജോസില്‍ പോയി..ആ ഷോ കഴിഞ്ഞ് ഓടി വന്നപ്പോള്‍ രാമദാസില്‍ വന്‍ റഷ്. പഞ്ചാബി ഹൌസിന് (1998) ശേഷം ദിലീപ് താരമായി നില്‍ക്കുന്ന സമയം. മറവത്തൂര്‍ കനവിന് (1998) ശേഷം ലാല്‍ ജോസിന്‍റെ രണ്ടാമത്തെ സിനിമ. ..ദിലീപും ലാല്‍ ജോസും കൂടെയുള്ള ആദ്യ സിനിമ..കാവ്യാ മാധവന്‍ ആദ്യമായി നായിക ആയ സിനിമ, വിദ്യാ സാഗറിന്‍റെ അതി മനോഹരമായ ഗാനങ്ങള്‍. അങ്ങനെ നല്ല ഹൈപ്പോടെ വന്ന പടമായിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കില്‍.


അങ്ങനെ കുറച്ച് കാത്തിരുന്ന് ഷോ തുടങ്ങിയപ്പോള്‍ ഉണ്ടായ ആര്‍പ്പുവിളികള്‍. ലാലിന്‍റെ മാസ്സ് ഇന്ട്രോക്ക് വന്‍ കയ്യടി. അമ്പാടി പയ്യുകള്‍, മഞ്ഞ് പെയ്യണ്, ഒക്കെ വന്നപ്പോള്‍ വന്‍ വരവേല്‍പ്പ് ബംബാട്ട് ഹുടുഗി, മായദേവതക്ക് എന്ന പാട്ടുകള്‍ക്ക് ലാല്‍ ചുവട് വെച്ചപ്പോള്‍ തിയറ്റര്‍ ആവേശത്തോടെ എതിരേറ്റു. രണ്ടാം പകുതി കുറച്ച് സ്ലോ ആയി വന്നു. സിനിമ കഴിയാറായി എന്ന് വിചാരിച്ചിരിക്കുമ്പോള്‍ ദേ അടുത്ത പാട്ട്...ഒരു കുഞ്ഞു പൂവിന്‍റെ...സിനിമ കഴിഞ്ഞ് ഒരു പാട് വൈകിയാണ് വീട്ടില്‍ എത്തിയത്. നല്ല ചീത്ത കേട്ടു. അത് കൊണ്ട് പിന്നെ കുറച്ച് നാള്‍ സിനിമക്ക് പോയിട്ടില്ല. എന്നാലും ആ സിനിമ കണ്ടതിന്‍റെ ഓര്‍മ്മകള്‍ ഇന്നും മായാതെ മനസ്സില്‍ ഉണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ ഇറങ്ങിയിട്ട് ഇന്നേക്ക് 17 വര്‍ഷങ്ങള്‍ പിന്നിടുന്നു :) :)

ഒരു കാര്യം പറയാന്‍ മറന്നു,ബിജുവും സംയുക്തയും തമ്മില്‍ ഇഷ്ട്ടത്തിലായത് ഈ സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ്‌... <3 <3