Showing posts with label dubai film. Show all posts
Showing posts with label dubai film. Show all posts

Wednesday, September 25, 2013

പ്രവാസിയുടെ സിനിമ മോഹങ്ങള്‍ !!



മനസ്സ് കൊണ്ട് ഇഷ്ട്ടമില്ലെങ്കിലും അന്യ ദേശത്ത് കഴിയുന്നവരാണ് മിക്ക പ്രവാസികളും. പ്രവാസികളുടെ പ്രശ്നങ്ങളും ദുഖങ്ങളും നമ്മള്‍ ഒരു പാട് കേട്ടിട്ടുള്ളതാണ്. പക്ഷെ പ്രവാസികളുടെ സിനിമ ആസ്വാദനത്തെ കുറിച്ച് അധികം ചര്‍ച്ച ചെയ്തു കണ്ടിട്ടില്ല. നാട്ടില്‍ നിന്നും വിദേശത്ത് എത്തുമ്പോള്‍ നഷ്ട്ട്ടപ്പെടുന്ന പല ഇഷ്ട്ടങ്ങളില്‍ ചിലര്‍ക്കെങ്കിലും സിനിമയും ഉള്‍പ്പെടും. അതിനു പ്രധാന കാരണം സിനിമ പ്രധാന വിനോദ ഉപാധിയായ ഒരു രാജ്യത്തു നിന്നാണ് നമ്മള്‍ വരുന്നത് എന്നുള്ളതാണ്. ചെറുപ്പം മുതല്‍ക്കെ സിനിമ അവനെ അത്ര മാത്രം സ്വാധീനിക്കുന്നുണ്ട്. മറ്റുള്ള ഏതു രാജ്യക്കാരേക്കാളും സിനിമ ആസ്വദിക്കുന്നത് ഒരു പക്ഷെ ഇന്ത്യക്കാരായിരിക്കണം. ഒരു സാധാരണ മലയാളി പ്രേക്ഷകന്റെ മനസ്സോടെ ആലോചിക്കുമ്പോള്‍ തോന്നുന്ന കുറച്ചു കാര്യങ്ങള്‍ പറയാം.

ദുബായ് ഉള്‍പ്പെടെയുള്ള മിക്ക ഗള്‍ഫ്‌ രാജ്യങ്ങളിലും സിനിമ ഉണ്ട്.പക്ഷെ ഉയര്‍ന്ന ടിക്കറ്റ്‌ റേറ്റ് കാരണം പലരും ഇവിടെ തിയറ്ററില്‍ പോയി സിനിമ കാണാറില്ല. 25 ദിര്‍ഹം മുതല്‍ 40 ദിര്‍ഹം വരെയുള്ള നിരക്കുകളാണ് ഇപ്പോള്‍ ഇവിടെ നിലവിലുള്ളത്. ഇപ്പോളത്തെ ഇന്ത്യന്‍ റുപീയുടെ നിരക്ക് വെച്ച് നോക്കിയാല്‍ ഒരു സിനിമ കാണാന്‍ 450 രൂപ മുതല്‍ 720 രൂപ. കാര്യം ഇതൊക്കെ ആണെങ്കിലും നല്ലൊരു സിനിമ ഇറങ്ങിയാല്‍ അവധി ദിവസങ്ങളില്‍ ഇവിടെ തിയറ്റര്‍ ഫുള്‍ ആകാറുണ്ട്. എന്നാല്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ സിനിമ കാണാന്‍ ചെന്നാല്‍ പലപ്പോഴും പത്തില്‍ താഴെ മാത്രം പേര്‍ ഇരുന്നു സിനിമ കാണേണ്ടിയും വരാറുണ്ട്, അത് നമ്മുടെ സിനിമാ ആസ്വാദനത്തെ തന്നെ ബാധിക്കും. ഒരു മലയാളം സിനിമയുടെ സിഡി ഇവിടെ കിട്ടണം എങ്കില്‍ 15 ദിര്‍ഹം മുതല്‍ 20 ദിര്‍ഹം വരെ കൊടുക്കണം,DVD ആണെങ്കില്‍ അത് 30 വരെ പോകും, അതായതു 360/- അല്ലെങ്കില്‍ 540/- ഇന്ത്യന്‍ രൂപ. എന്നിട്ടും ഇതെല്ലാം വാങ്ങുന്നവര്‍ ഉണ്ട്. പക്ഷെ ഒരു സാധാരണക്കാരനെ സംബന്ധിച്ച് ആ തുക കൂടെ ചേര്‍ത്ത് നാട്ടിലേക്ക്‌ അയക്കാം എന്നെ അവന്‍ കരുതൂ. നാട്ടിലെ പോലെ വീഡിയോ കടകള്‍ അധികം ഇല്ലാത്തതു കൊണ്ട് 5 ദിര്‍ഹംസ് കൊടുത്താല്‍ കിട്ടുന്ന വ്യാജ സിഡികളാണ് അവരുടെ ഏക ആശ്രയം.നിയമപരമായി തെറ്റാണെങ്കിലും സാമ്പത്തികം എന്ന വലിയ പ്രശ്നത്തിന്റെ മുന്നില്‍ ആ തെറ്റ് അവനു ശരിയാകുന്നു എന്നതാണ് സത്യം.



നാട്ടില്‍ ഇറങ്ങുന്ന ഓരോ മലയാള സിനിമയും ഗള്‍ഫില്‍ എത്താന്‍ ചുരുങ്ങിയത് രണ്ടു ആഴ്ച മുതല്‍ ഒരു മാസം വരെ സമയം എടുക്കും. ഫേസ് ബുക്കിലൂടെയും മറ്റു സൈറ്റുകളിലൂടെയും ഓരോ സിനിമയെ കുറിച്ചും അറിഞ്ഞ ഒരു സിനിമാ പ്രേമിക്കു അവന്‍ ആഗ്രഹിക്കുന്ന ഒരു സിനിമ കാണാന്‍ ഒരു പാട് നാള്‍ കാത്തിരിക്കേണ്ടി വരുന്ന ഒരു അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. ഒരു ഉദാഹരണം പറയുകയാണെങ്കില്‍ നാട്ടില്‍ ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ്‌ ആയി ഓടികൊണ്ടിരിക്കുന്ന പ്രിത്വിരാജിന്റെ മെമ്മറീസ് 50 ദിവസം ആകാറായിട്ടും ഇത് വരെ ഇവിടെ ഇറങ്ങിയിട്ടില്ല. എന്നാല്‍ തമിള്‍-- ഹിന്ദി സിനിമകളാകട്ടെ നാട്ടില്‍ ഇറങ്ങുന്നതിനു ഒരു ദിവസം മുന്‍പേ ഇവിടെ റിലീസ് ചെയ്യുന്നു.ആ സിനിമകള്‍ എല്ലാം തന്നെ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന് നല്ല കളക്ഷന്‍ നേടുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന്‍റെ അറബീം ഒട്ടകോം മാധവന്‍ നായരും എന്ന സിനിമ നാട്ടില്‍ ഇറങ്ങുന്നതിനു ഒരു ദിവസം മുന്‍പ്‌ ഇവിടെ ഇറങ്ങിയത് ഓര്‍ക്കുന്നു. വളരെ ആവേശത്തോടെയാണ് എല്ലാവരും ആ സിനിമ കാണാന്‍ പോയത്.പക്ഷെ അതിനു ശേഷം ഒരു മലയാള സിനിമയും അങ്ങനെ റിലീസ് ചെയ്തിട്ടില്ല. ഇനി അങ്ങനെ അല്ലെങ്കില്‍ പോലും, നാട്ടില്‍ ഇറങ്ങി അടുത്ത ആഴ്ച എങ്കിലും ഇവിടെ റിലീസ് ചെയ്യാനുള്ള ഒരു സംവിധാനം ഉണ്ടാക്കുകയാണെങ്കില്‍ കേരളത്തില്‍ നിന്നുള്ള ഒരു പാട് സിനിമ പ്രേമികള്‍ക്ക് അതൊരു സന്തോഷ വാര്‍ത്ത ആയിരിക്കും. സ്വന്തം നാട്ടിലെ സിനിമയുടെ പോസ്ററുകള്‍ കാണുമ്പോള്‍, തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെയും,നാട്ടിലെ ലൊക്കേഷനുകളും വെള്ളിത്തിരയില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ആഹ്ലാദം ഒന്ന് വേറെയാണ്.

നാട്ടില്‍ ഉള്ള സമയത്ത് ഒരു സിനിമയും വിടാതെ കണ്ടു നടന്ന സിനിമ പ്രേമികള്‍ പലരും ഗള്‍ഫ്‌ രാജ്യത്തു ചെന്നാല്‍ ഒരു സിനിമ പോലും കാണാതെയാകുന്ന ഒരു അവസ്ഥ കാണാറുണ്ട്. അതിനു ഒരു കാരണം ഇവിടത്തെ ജീവിത തിരക്കാണ്. ആകെ കിട്ടുന്ന ഒരു അവധി ദിവസം ഉറങ്ങി തീര്‍ക്കുന്നവരാണ് ഭൂരിഭാഗം പ്രവാസികളും. വേറെ ഒരു കാരണം നാട്ടിലെ ആ ഒരു സിനിമ അനുഭവം ഇവിടെ കിട്ടുന്നില്ല എന്നതാണ്. നാട്ടിലെ പോലെ ഒരു ഓളവും ബഹളവും ഇല്ലാതെ സിനിമ കാണാന്‍ അവരില്‍ പലര്‍ക്കും താല്പര്യം കാണില്ല. അത് പോലെ തന്നെ നാട്ടില്‍ അധികം സിനിമകള്‍ കാണാതിരുന്ന പലരും ഇവിടെ വരുമ്പോള്‍ കിട്ടുന്ന ഒഴിവു സമയം തള്ളി നീക്കാന്‍ വേറെ ഒരു വഴിയും ഇല്ലാത്തതു കൊണ്ട് സിനിമയെ മാത്രം ആശ്രയിക്കുന്ന കാഴ്ചയും കാണാം. ഇവരില്‍ തന്നെ ചിലര്‍ തിയറ്ററില്‍ തന്നെ പോയി സിനിമ കാണുന്നു, അല്ലാത്തവര്‍ സ്വന്തം ലാപ്ടോപില്‍ അഭയം പ്രാപിച്ചു തന്റെ ബെഡില്‍ തന്നെ ഇരുന്നും കിടന്നും സിനിമ കാണുന്നത് ഇവിടത്തെ ഓരോ ബാച്ചിലര്‍ റൂമിലെയും നിത്യകാഴ്ചയാണ്. ഇന്റര്‍നെറ്റില്‍ ഇറങ്ങുന്ന ഓരോ സിനിമകളും അവന്‍ അങ്ങിനെ കണ്ടു തീര്‍ക്കുന്നു. അവന്റെ ലോകം അവനിലേക്ക്‌ മാത്രമായി ചുരുങ്ങി ചുരുങ്ങി വരുന്നു. പ്രവാസിയായ ഒരു സിനിമാപ്രേമിക്ക് ഓരോ സിനിമയും ഓരോ ഓര്‍മ്മകളാണ്.കഴിഞ്ഞ കാലത്തിന്റെ,നഷ്ട്ടമായ സൌഹൃദത്തിന്റെ,പ്രണയത്തിന്റെ, തന്റെ കോളേജ് കാലത്തിന്റെ അങ്ങനെ ഓരോരുത്തര്‍ക്കും അവരുടെതായ ഓര്‍മ്മകള്‍ കാണും. ചാനലുകളില്‍ പഴയ സിനിമകള്‍ കാണുമ്പോള്‍ നാട്ടില്‍ നിന്ന് കൂട്ടുകാരുടെ കൂടെ ആരവത്തോടെ ആ സിനിമകള്‍ കണ്ട അനുഭവം ഓര്‍ത്തു പോകും. അതിലെ പഴയ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ അറിയാതെ എങ്കിലും മനസ്സ് കൊണ്ട് ഒന്ന് പുറകിലേക്ക് പോകാത്തവര്‍ ചുരുക്കമായിരിക്കും.ആ ഓര്‍മ്മകള്‍ സുഖമുള്ള ഒരു നോവാണ്.

ഇവരെ കൂടാതെ മനസ്സില്‍ സിനിമാ മോഹവുമായി കഴിയുന്ന എത്രയോ പ്രവാസികളുണ്ട്. തിരക്കഥ എഴുതാനും,പാടാനും, അഭിനയിക്കാനും, സംവിധാനം ചെയ്യാനുമുള്ള ആഗ്രഹങ്ങളുമായി കഴിയുന്ന കുറെ പേര്‍ ഇവിടെ കഴിയുന്നുണ്ട്. കുടുംബം, ജീവിതം,പണം എന്നീ കാര്യങ്ങള്‍ മുന്‍പില്‍ നില്‍ക്കുമ്പോള്‍ ആര്‍ക്കാണ് സ്വപ്നങ്ങളുടെ പിറകെ പോകാന്‍ സമയം? സ്വന്തം ഇഷ്ട്ടങ്ങളും ആഗ്രഹങ്ങളും എല്ലാം മറന്നു എത്രയോ പേര്‍ ഈ മറുനാട്ടില്‍ എന്തൊക്കെ ജോലികള്‍ ചെയ്തു ജീവിക്കുന്നുണ്ടാകും? വര്‍ഷങ്ങള്‍ പോയതറിയാതെ ഇവിടെ ജീവിച്ചു ജീവിച്ചു ഒടുവില്‍ തിരിച്ചു നാട്ടില്‍ ചെല്ലുമ്പോളെക്കും എല്ലാം വൈകി പോയി എന്ന് അവന്‍ തിരിച്ചറിയുന്നു.അപൂര്‍വം ചിലര്‍ ഈ പ്രവാസം വേണ്ടെന്നു വെച്ച് നാട്ടിലേക്ക്‌ പോയി തന്റെ ലക്‌ഷ്യം നേടുന്നു, മറ്റു ചിലര്‍ കിട്ടിയ ജോലി ചെയ്തു സ്വപ്നങ്ങളെ എല്ലാം മറന്നു ഇവിടെ തന്നെ കഴിഞ്ഞു കൂടുന്നു.ഓരോ പ്രശ്നങ്ങള്‍ തീര്‍ത്തു നാട്ടിലേക്ക് വരാന്‍ ഒരുങ്ങുമ്പോളും അടുത്ത പ്രശ്നം വന്നു ചേരുന്നു. ജീവിതത്തില്‍ ആകാന്‍ ആഗ്രഹിച്ചതൊന്നും ആകാന്‍ കഴിയാതെ,മോഹങ്ങള്‍ എല്ലാം മണ്ണിട്ട്‌ മൂടി ഈ മരുഭൂവില്‍ ജീവിച്ചു തീര്‍ക്കുന്നു. പ്രവാസം ഒരു കുരുക്കാണ്,അഴിക്കും തോറും മുറുകുന്ന ഒരു കുരുക്ക്!!

Saturday, August 10, 2013

Thalaivaa - Review From Dubai



ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയുടെ "തലൈവാ" ഇന്ന് ദുബായില്‍ റിലീസ് ആയി. ഒപ്പം ഷാരൂഖ്‌ ഖാന്റെ ചെന്നൈ എക്സ്പ്രസ്സ്‌ ഉണ്ടായിരുന്നു എങ്കിലും തലൈവാ തന്നെ ആദ്യം കാണാന്‍ തീരുമാനിച്ചതു തലൈവാ തന്നെയാണ്. തുപ്പാക്കിക്ക് ശേഷം വരുന്ന വിജയുടെ ഫിലിം ആയതു കൊണ്ട് ആരാധകരും ആവേശത്തിലായിരുന്നു.

ഇനി സിനിമയിലേക്ക്..ഒരു ഫ്ലാഷ് ബാക്ക് സീനോടെയാണ് സിനിമ തുടങ്ങുന്നത്. മുമ്പിലെ ഒരു കലാപം, അവിടെ ജനങ്ങളുടെ രക്ഷകനായി അവതരിക്കുന്ന സത്യരാജ്.അയാളുടെ ഭാര്യാ ശത്രുക്കളാല്‍ വധിക്കപെടുന്നു. അത് കൊണ്ട് അയാള്‍ മകന്‍ വിജയെ വളരെ ചെറുപ്പത്തില്‍ തന്നെ മുംബൈല്‍ നിന്ന് മാറ്റി താമസിപ്പിക്കുന്നു. പിന്നീട് അയാള്‍ മുംബൈല്‍ ജനപ്രിയനായ ഒരു ഭായ് ആയി കഴിയുന്നു.

ഇപ്പോള്‍ വിജയ്‌ ആസ്ട്രേലിയയില്‍ ആണ്, അവിടെ ബിസിനെസ്സും അല്ലറ ചില്ലറ ഡാന്‍സും ആയി നടക്കുന്നു. സാധാരണ പോലെ നായിക അമല പോളുമായി വിജയ്‌ പ്രേമത്തിലാകുന്നു. അമലയുടെ അച്ഛന്‍ അവരുടെ കല്ല്യാണം നടത്താന്‍ വേണ്ടി വിജയുടെ അച്ഛനെ കാണണം എന്ന് പറയുന്നു. അങ്ങനെ അച്ഛനോട് പറയാതെ വിജയ്‌ അവരെയും കൂട്ടി മുംബൈല്‍ എത്തുന്നു. പിന്നെ അവിടെ നടക്കുന്നത് ചില അപ്രതീക്ഷിത സംഭവങ്ങളാണ്. സത്യരാജ് കൊല്ലപ്പെടുന്നതോടെ വിജയ്ക്ക് സത്യരാജിന്റെ പകരക്കാരന്‍ ആയി മുംബൈല്‍ തന്നെ കഴിയേണ്ടി വരുന്നു. തുടര്ന്നുണ്ടാകുന്ന കാര്യങ്ങളാണ് സിനിമയുടെ കഥ.


സിനിമയുടെ ആദ്യ പകുതി വളരെ പതിയെ ആണ് പോകുന്നത്, വിജയുടെയും അമലയുടെയും പ്രേമം മാത്രമാണ് കൂടുതലും ഉണ്ടായിരുന്നത്, ആകെ ഒരു ആശ്വാസം സന്താനത്തിന്റെ കുറച്ചു കോമഡി നമ്പറുകളാണ്. ആദ്യ പകുതിയിലെ അവസാനത്തെ ട്വിസ്റ്റ്‌ എല്ലാവരെയും ഒന്ന് ഞെട്ടിച്ചു, പിന്നെ ഒരു നല്ല പഞ്ച് സീനോടെ ഇടവേള. അതിനു ശേഷം കാര്യമായ സംഭവങ്ങള്‍ ഒന്നുമില്ല, നമ്മള്‍ മുന്പ് കണ്ടിട്ടുള്ള കഥകളും സന്ദര്‍ഭങ്ങളും തന്നെ ആവര്‍ത്തിച്ചു. തുപ്പാക്കി എല്ലാം കാണുമ്പോള്‍ ഉള്ള ആ ഒരു ത്രില്ല് തലൈവായില്‍ കിട്ടുന്നില്ല. കഥാപരമായി സിനിമയില്‍ കാര്യമായി ഒന്നുമില്ല, അത് കൊണ്ടുള്ള പ്രശ്നങ്ങളാണ് പ്രധാനമായും. അല്ലെങ്കില്‍ പിന്നെ ഈ ഒരു കഥ വെച്ച് ആളുകളെ ഒന്ന് കൂടെ രസിപ്പിക്കുന്ന വിധം സംവിധാനം ചെയ്യാന്‍ കഴിഞ്ഞിരുന്നു എങ്കിലും കുഴപ്പമില്ലായിരുന്നു,പക്ഷെ അവിടെയും പാളിപ്പോയി.

ഗാനങ്ങള്‍ ഒന്നും അത്ര മികച്ചതല്ല,അത് കൊണ്ട് തന്നെ ഗാന രംഗങ്ങളും അത്ര സുഖകരമായില്ല. സിനിമയുടെ പല രംഗങ്ങളിലും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ചു.വിജയുടെ ഒരു സ്ക്രീന്‍ പ്രസന്‍സ് കൊണ്ട് മാത്രം ഇങ്ങനെ കണ്ടിരിക്കാം, അത്രയേ ഉള്ളു. നായിക അമല പോളിന്റെ വേറിട്ടൊരു പ്രകടനം കാണുവാന്‍ സാധിച്ചു. വിക്രമിന്റെ താണ്ടവം സംവിധാനം ചെയ്ത വിജയുടെ ചിത്രം ആണ് തലൈവ. വിജയുടെ ആരാധകര്‍ക്ക് ചിത്രം ഇഷ്ട്ടപ്പെട്ടെക്കാം.മറ്റുള്ളവര്‍ക്ക് എത്ര മാത്രം ആസ്വാദ്യകരമാകും എന്ന് പറയാനൊക്കില്ല.