Sunday, July 30, 2017

നരന്‍ - ഓര്‍മ്മകുറിപ്പുകള്‍..!!


2005-ലെ ആ ഓണക്കാലം. ചന്ദ്രോത്സവം, ഉടയോന്‍ എന്നീ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷമുള്ള ഒരു ചെറിയ ഇടവേളക്ക് ശേഷം മോഹന്‍ ലാലിന്‍റെ ഓണ ചിത്രമായ നരന്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്ന സമയം. ദീപക് ദേവ് ഒരുക്കിയ വേല്‍ മുരുകാ എന്ന ഗാനം എവിടെയും അലയടിക്കുന്നു. ഞാന്‍ അന്ന് ടൌണില്‍ ഒരു ഫ്ലക്സ് പ്രിന്റിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്നു. റിലീസിന് ഒരു ആഴ്ച മുന്‍പ് തൊട്ടേ, ഫാന്‍സുകാര്‍ പല സൈസ് പ്രിന്റുകള്‍ അടിപ്പിക്കാന്‍ വരുന്നുണ്ട്. അവര്‍ കൊണ്ട് വരുന്ന സ്റ്റില്‍സ് കണ്ട് കണ്ട് പടം കാണാനുള്ള കാത്തിരിപ്പിലായി ഞാനും.



റിലീസ് ദിവസം ഓഫീസില്‍ ലീവ് പറഞ്ഞ് ഞാന്‍ ടൌണില്‍ നേരത്തെ എത്തി. ജോസിന്‍റെ മുന്‍പില്‍ നല്ല തിരക്കുണ്ട്. എനിക്കുള്ള ടിക്കറ്റ്‌ റെഡി ആയത് കൊണ്ട് ഞാന്‍ ഭാരതില്‍ പോയി ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു. മടങ്ങി വന്നപ്പോഴേക്കും തിരക്ക് കൂടിയിരുന്നു. നോക്കി നില്‍ക്കെ അത് കൂടി കൂടി വന്നു. ആകെ ഒരു ഓളം. കുറച്ച് സമയത്തെ കാത്തിരിപ്പ്. ഒടുവില്‍ സെക്യൂരിറ്റി വന്ന് ഗേറ്റ് തുറന്നു. എല്ലാവരും വലിയ ആര്‍പ്പു വിളികളോടെ അകത്തേക്ക് ഓടി. ഇപ്പോള്‍ അകത്ത് ഒരു പൂരത്തിനുള്ള ആളുണ്ട്. ഞാന്‍ ചുമ്മാ ബാല്‍ക്കണി കൌണ്ടറില്‍ പോയി നോക്കി. ഫാമിലീസിന്‍റെ നല്ല തിരക്കുണ്ട് അവിടെയും. FDFS കാണുന്നതിന്‍റെ ഒരു സന്തോഷത്തോടെ വീണ്ടും താഴേക്ക് പോയി നോക്കി. പോലീസ് എത്തിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ്സ്‌ കൌണ്ടറില്‍ നല്ല റഷ്. ചിലര്‍ വരിയില്‍ നില്‍ക്കുന്നവര്‍ക്ക് ടിക്കറ്റ്‌ എടുക്കാന്‍ വേണ്ടി കാശ് കൊദുക്കാന്‍ നോക്കുന്നു. മറ്റു ചിലര്‍ ഇടയില്‍ കേറാന്‍ നോക്കുന്നു. അപ്പൊ വരിയിലുള്ളവര്‍ സാറേ..എന്നലറും. ഉടനെ പോലീസ് വന്നു ലാത്തി വീശും. അപ്പൊ വരി പൊട്ടും, ഭാഗ്യമുള്ളവര്‍ വീണ്ടും വരിയില്‍ കേറും, അല്ലാത്തവര്‍ പുറത്ത്. അങ്ങനെ ആകപ്പാടെ ഒരു ലഹള. കുറച്ച് കഴിഞ്ഞപ്പോള്‍ ജോസിലെ ടിക്കറ്റ്‌ കൊടുക്കാനുള്ള ആ ബെല്‍ നീട്ടി അടിച്ചു. വരിയില്‍ നില്‍ക്കുന്നവര്‍ ആവേശത്തോടെ അലറി. വരി കുറേശ്ശെ നീങ്ങി തുടങ്ങി. പിന്നില്‍ നില്‍ക്കുന്നര്‍ ചോട്ടാ മുംബൈയില്‍ ബിജു കുട്ടന്‍ പൈപ്പ് വെള്ളം എടുക്കാന്‍ വരിയില്‍ നിന്ന പോലെ മുഖത്ത് ടെന്‍ഷന്‍ അടിച്ച് നില്‍ക്കുന്നു. ദൈവമേ എങ്ങാനും ടിക്കറ്റ്‌ തീരുമോ? ബ്ലാക്കില്‍ എടുക്കേണ്ടി വരോ? അങ്ങനെ എന്തൊക്കെ ചിന്തകളാണ് എന്നറിയോ?

ടിക്കറ്റ്‌ കിട്ടിയവര്‍ അകത്ത് കയറി, ചിലര്‍ കൂട്ടുകാരെ പേര് ചൊല്ലി വിളിക്കുന്നു. അടുത്തടുത്ത് ഇരിക്കാനുള്ള സീറ്റുകള്‍ നോക്കുന്നു. ചിലര്‍ ചൂട് കാരണം ഷര്‍ട്ട് ഒക്കെ അഴിച്ച് അരയില്‍ കെട്ടിയിരിക്കുന്നു. മറ്റു ചിലര്‍ ലാലേട്ടന്‍ കീ ജയ് എന്ന് വിളിക്കുന്നു. എല്ലാം കണ്ടു കൊണ്ട് ഫസ്റ്റ് ക്ലാസ്സിന്‍റെ ഒരു സൈഡ് സീറ്റില്‍ ഞാനും. ഒടുവില്‍ സിനിമ തുടങ്ങി. ആശിര്‍വാദ് സിനിമാസ് അവതരിപ്പിക്കുന്ന എന്ന് കാണിച്ച ഉടനെ തിയറ്ററില്‍ ചിലര്‍ അലറി വിളിക്കാന്‍ തുടങ്ങി. ആവേശ തിരയിളക്കി കൊണ്ട് ലാലിന്‍റെ ഇന്ട്രോ സീന്‍.
അന്ന് അവിടെ കിട്ടിയ കയ്യടികള്‍, ആര്‍പ്പു വിളികള്‍, ഇന്നും എന്‍റെ കാതുകളില്‍ ഉണ്ട്. അതാണ് ഈ ഫസ്റ്റ് ഷോയുടെ ഒരു രസം. ആദ്യം തന്നെ ഒരു കിണ്ണന്‍ കാച്ചി ഫൈറ്റ്. പിന്നെ അവിടെ നിന്ന് അങ്ങോട്ട്‌ മുള്ളന്‍ കൊള്ളിയിലെ ഒരാളായി പ്രേഷകരും. വേല്‍ മുരുഗാ എന്ന ഗാനം വന്നതോടെ തിയറ്റര്‍ ഉത്സവ പറമ്പ് പോലെയായി. എല്ലാവരും ഡാന്‍സ് തന്നെ ഡാന്‍സ്. അതൊന്നും ഇന്നത്തെ പോലെ ഷൂട്ട്‌ ചെയ്യാന്‍ ഒരു മാര്‍ഗവുമില്ലായിരുന്നു. പടം സൂപ്പര്‍ ആയി തന്നെ അവസാനിച്ചു. ക്ലൈമാക്സിലെ ആ ഗാനം കൂടി ആയപ്പോള്‍ എല്ലാവരും സന്തോഷത്തോടെ പുറത്തിറങ്ങിയപ്പോള്‍ അവിടെ അടുത്ത ഷോക്കുള്ള തിരക്ക്. ഞാന്‍ റോഡ്‌ ക്രോസ് ചെയ്ത് തേക്കിന്‍ കാട് മൈതാനത്ത് കേറി നിന്നു.
ഫാന്‍സുകാര്‍ പടക്കം പൊട്ടിക്കുന്നു. പോലീസ് വന്ന് തടയുന്നു. ജോസിന്‍റെ മുന്‍പില്‍ ബ്ലോക്ക്‌ ആയ വണ്ടികളുടെ ഹോണ്‍ ഒരു ഭാഗത്ത്, മറുഭാഗത്ത് ഫാന്‍സിന്‍റെ ആര്‍പ്പുവിളികള്‍, അകത്ത് വരിയില്‍ നില്‍ക്കുന്നവരുടെ ബഹളം. എല്ലാം ഞാന്‍ എന്‍റെ സ്റ്റില്‍ ക്യാമറയില്‍ പകര്‍ത്തി. അത് പോലൊരു ദിവസം പിന്നീട് ജീവിതത്തില്‍ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ക്യമറയില്‍ ഉണ്ടായിരുന്ന ഫിലിം ഞാന്‍ പിന്നീട് പ്രോസസ് ചെയ്ത് ഫാന്‍സുകാര്‍ക്ക് കൊടുത്തു. അവരത് പ്രിന്‍റ് എടുത്ത് അവരുടെ ആല്‍ബത്തില്‍ ഒട്ടിച്ചു. ആ ആല്‍ബം അവര്‍ പിന്നീട് ഒരിക്കല്‍ ലാലേട്ടനെ കാണിച്ചിരുന്നു എന്ന് പറഞ്ഞു. ഞാന്‍ എടുത്ത ഫോട്ടോസ് എല്ലാം പുള്ളി കണ്ടു എന്നും. അത് കേട്ടപ്പോള്‍ സന്തോഷം തോന്നി. കുറച്ചു നാള്‍ മുന്‍പ് ആരോ എന്നോട് ഈ ഫോട്ടോസ് ചോദിച്ചപ്പോള്‍ ഞാന്‍ ഈ ആല്‍ബം വീണ്ടും അന്വേഷിച്ചു. പത്ത് പന്ത്രണ്ട് വര്‍ഷം ആയില്ലേ? ഇപ്പോള്‍ അത് ആരുടെ കയ്യില്‍ ആണെന്ന് ആര്‍ക്കും ഒരു പിടിയുമില്ല, ഇനി ഉണ്ടെങ്കില്‍ തന്നെ അതിന്‍റെ കണ്ടീഷന്‍ എങ്ങനെ ആകും എന്നും അറിഞ്ഞൂടാ. ആ നെഗറ്റീവ്സ് അന്ന് അത് പോലെ മിസ്സ്‌ ആയതാണ്. എന്നാലും ഞാന്‍ ശ്രമിക്കുന്നുണ്ട്. ഇന്നും ടിവിയില്‍ നരന്‍ വരുമ്പോള്‍ അറിയാതെ ഇരുന്ന് കണ്ടു പോകും. ഇന്നും ആ പഴയ ഓര്‍മ്മകള്‍ മനസ്സിലെക്കെത്തും.


Thursday, July 20, 2017

തൊണ്ടി മുതലും ഫഹദും !!



ഈ ആഴ്ചയാണ് തൊണ്ടി മുതല്‍ കണ്ടത്. കൂടെ ഉണ്ടായിരുന്നവരില്‍ പലര്‍ക്കും പടത്തെ കുറിച്ച് പല അഭിപ്രായങ്ങള്‍ ആയിരുന്നു. പക്ഷെ ഫഹദിന്‍റെ പെര്‍ഫോമന്‍സ്, അതിന് മാത്രം എല്ലാവര്‍ക്കും ഒരേ അഭിപ്രായം, കിടിലന്‍.


ആ സെല്ലില്‍ ഇരുന്ന് മാല മോഷണത്തെ കുറിച്ച് വിവരിക്കുന്നതൊക്കെ ഗംഭീരം, പ്രത്യേകിച്ചും തെക്കോട്ടൊക്കെ ഉള്ള റോഡുണ്ടല്ലോ, എന്ത് സുഖാന്നറിയോ? എന്ന് പറയണതൊക്കെ എന്ത് നാച്ചുറല്‍ ആണ്. ഫഹദിന് ശരിക്കും ഈ പണി അറിയോ എന്ന് വരെ തോന്നി പോകും, അത് പോലെയാണ് രസകരമായ ആ വിവരണം. ശരിക്കും Behave ചെയ്യുക എന്നത് ഫഹദിന്‍റെ കാര്യത്തില്‍ കറക്റ്റ് ആണ്. അഭിനയത്തിന്‍റെ കാര്യത്തില്‍ ഫഹടിനോട് മത്സരിക്കാന്‍ പുതിയ പിള്ളേര്‍ കുറച്ചു പാട് പെടും.

മഹേഷിന്‍റെ പ്രതികാരം, ടേക്ക് ഓഫ്‌, ഇപ്പൊ തൊണ്ടിമുതല്‍. എന്തിനാ അധികം സിനിമകള്‍? വര്‍ഷത്തില്‍ ഇത് പോലെ ഒന്നോ രണ്ടോ പോരെ? ഇങ്ങോര്‍ ഇത് ഈ ലെവലില്‍ പോയാല്‍ പിടിച്ചാല്‍ കിട്ടില്ല...


Monday, March 13, 2017

Angamali Diaries - Review


ഇന്നലെ അംഗമാലി ഡയറീസ് കണ്ടു. സിനിമയെ കുറിച്ച് ഇനി പ്രത്യേകം പറയുന്നില്ല. അസാധ്യ മേകിംഗ്. ലിജോ ജോസ് പെല്ലിശ്ശേരി, നിങ്ങള്‍ ഒരു സംഭവമാണ് എന്ന് പറയാതെ വയ്യ. ഇത്രയും പുതിയ പിള്ളേരെ വെച്ച് ഇങ്ങനെ ഒരു പടം ചെയ്യാന്‍ നിങ്ങള്‍ക്കെ കഴിയൂ. എല്ലാവരും ഒന്നിനൊന്ന് മെച്ചം. നായകന്‍ ആന്റപ്പന്‍ ഒക്കെ ആദ്യ സീന്‍ മുതലേ അങ്ങ് കത്തി കയറുവല്ലായിരുന്നോ. അത് പോലെ ലിച്ചി..എന്റമ്മോ.. ഇങ്ങനെയുമുണ്ടോ ഒരു നോട്ടം..ഹോ.. അടുത്ത കാലത്തൊന്നും ആ ചിരി മനസ്സില്‍ നിന്ന് പോകത്തില്ല. പിന്നെ ഭീമന്‍, തോമസ്‌, കുഞ്ഞൂട്ടി, മരംകൊത്തി, മാര്‍ട്ടി, കണകുണ, ബാബുജി, അങ്ങനെ ഒരു ലോഡ് പുതുമുഖങ്ങള്‍ ഒരു രണ്ടു രണ്ടേകാല്‍ മണിക്കൂര്‍ ചുമ്മാ വന്നിറങ്ങി അങ്ങ് പൊളിച്ചടുക്കി.



പക്ഷെ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്നെ ഞെട്ടിച്ചത് ദേ ഈ രണ്ടു ഗടികളാണ്. എന്താണ് ഇവരെ കുറിച്ച് പറയേണ്ടത് എന്നറിയില്ല ശരിക്കും. ഇരുവരുടെയും ആദ്യ ചിത്രം ആണെന്ന് വിശ്വസിക്കാന്‍ പ്രയാസം. അത്രക്ക് അനായാസമായ അഭിനയം. അല്ലെങ്കില്‍ തന്നെ ഇവര്‍ രണ്ടു പേരും ഇതില്‍ എവിടെയാണ് അഭിനയിച്ചത് എന്ന് മനസ്സിലായില്ല. പച്ചയായ ജീവിതം, നാടന്‍ സംഭാഷണം, അവരുടെ വേഷം, ഭാവം എല്ലാം കിറുകൃത്യം. അപ്പാനി രവിയെ അവതരിപ്പിച്ച ശരത്, പുള്ളി ഇനി മിക്കവാറും ആ ഒരു പേരില്‍ അറിയപ്പെടാനാണ് സാധ്യത, . ക്ലാമ്പ് രാജനെ അവതരിപ്പിച്ച ടിറ്റോ. അങ്ങോര്‍ നടനൊന്നുമല്ല, വേറെ ഏതാണ്ടാ.. അയാളെ പോലോരാളെ ഞാന്‍ ടൌണില്‍ വെച്ച് മുന്‍പ് എപ്പോഴോ കണ്ടിട്ടുണ്ട്..അല്ലെങ്കില്‍ അത് പോലെയുള്ള വേറൊരാളെ ഇനിയും കണ്ടെന്നു വരാം.അത്ര മാത്രം ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരാള്‍. ഒരു പക്ഷെ അപ്പാനി രവിയേക്കാള്‍ ഒരു പൊടിക്ക് എനിക്ക് കൂടുതല്‍ ഇഷ്ട്ടപ്പെട്ട കഥാപാത്രം രാജന്‍ ആണ്. ഇനി ഒരിക്കല്‍ കൂടി അംഗമാലി ഡയറീസ് കാണുന്നുണ്ടെങ്കില്‍ അത് ഇവര്‍ രണ്ട് പേര്‍ക്ക് വേണ്ടി മാത്രം ആയിരിക്കും.

Sunday, February 19, 2017

വിനായകന്‍ എന്ന നടന്‍


ഇന്ന് കൊച്ചിയില്‍ വെച്ച് നടന്ന CPC സിനി അവാര്‍ഡില്‍ മികച്ച നടനുള്ള അവാര്‍ഡ്‌ വാങ്ങി കൊണ്ട് വിനായകന്‍ പറഞ്ഞു" 94-ല്‍ സിനിമയില്‍ വന്നതാണ്‌ ഞാന്‍, ഇവിടെ വരെ എത്താന്‍ ഇത്രയും സമയം എടുത്തു, വളരെ സന്തോഷം. വിനായകന് ആ സദസ്സ് നല്‍കിയ കയ്യടി ആ കലാകാരനുള്ള യഥാര്‍ത്ഥ അംഗീകാരമാണ്.


ഒരു നൃത്തസംവിധായകന്‍ ആകാന്‍ ആഗ്രഹിച്ചഒരാളായിരുന്നു ഒരിക്കല്‍ വിനായകന്‍. ബ്ലാക് മെര്‍ക്കുറി എന്ന ഒരു ഡാന്‍സ് ട്രൂപ്പും പുള്ളിക്ക് ഉണ്ടായിരുന്നു. ഫയര്‍ ഡാന്‍സ് ആയിരുന്നു വിനായകന്‍റെ ഐറ്റം. പിന്നീട് തമ്പി കണ്ണന്താനം ആണ് മാന്ത്രികം (1995) എന്ന സിനിമയിലൂടെ വിനായകനെ സിനിമയിലേക്ക് കൊണ്ട് വന്നത്. പക്ഷെ വിനായകന്‍ ശ്രദ്ധിക്കപ്പെട്ടത് സ്റ്റോപ്പ്‌ വയലന്‍സ് (2002) എന്ന AK സാജന്‍ ചിത്രത്തിലെ മോന്ത എന്ന വേഷത്തിലൂടെ ആയിരുന്നു. തുടര്‍ന്ന് ഒന്നാമന്‍ (2001),ചതിക്കാത്ത ചന്തു (2004), ചിന്താമണി കൊലക്കേസ് (2006) അങ്ങനെ കുറെ ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍.അതിനിടയില്‍ ജെയിംസ് (2005) എന്ന ഹിന്ദി ചിത്രത്തിലും തിമിര് (2006) എന്ന തമിള്‍ ചിത്രത്തിലും എന്ന വേഷമിട്ടു.

2007-ല്‍ ബിഗ്‌ ബിയിലെ പാണ്ടി അസി, ചോട്ടാ മുംബെയിലെ സതീശന്‍ എന്നീ മികച്ച വേഷങ്ങളിലൂടെ വിനായകന് അവസരങ്ങള്‍ ഏറി വന്നു. എങ്കിലും വാരി വലിച്ച് കുറെ സിനിമകള്‍ ചെയ്തില്ല. അമല്‍ നീരദിന്‍റെസിനിമകളിലെ സ്ഥിരം സാന്നിധ്യം ആയ വിനായകന് സാഗര്‍ ഏലിയാസ്‌ ജാക്കി, ബാച്ചിലര്‍ പാര്‍ട്ടി, ഇയൂബിന്‍റെ പുസ്തകം എന്നീ സിനിമകളില്‍ മികച്ച വേഷങ്ങള്‍ ലഭിച്ചു. 2013-ല്‍ തമിഴില്‍ ധനുഷിന്‍റെ മാരിയാന്‍ എന്ന തമിള്‍ ചിത്രത്തിലും വില്ലനായി.

എന്നാല്‍ 2016ല്‍ ഇറങ്ങിയ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ കഥ മാറി. ഗംഗ എന്ന കഥാപാത്രം കൊണ്ട് വിനായകന്‍ എല്ലാവരുടെയും പ്രശംസ ഏറ്റു വാങ്ങി. ഒരു പക്ഷെ ആ ചിത്രത്തിലെ മറ്റുള്ള താരങ്ങളെയെല്ലാം കടത്തി വെട്ടിയ ഒരു പ്രകടനം. പ്രായമായ ഗംഗയുടെ ആവലാതിയും, പേടിയും നിസ്സഹായതയും എല്ലാം തന്‍റെ ശരീര ഭാഷ കൊണ്ട് വിനായകന്‍ മികച്ചതാക്കി.ചാനല്‍ അവാര്‍ഡുകളില്‍ വിനായകനെ ഒഴിവാക്കിയെങ്കിലും ജനങ്ങളുടെ അവാര്‍ഡ്‌ എപ്പോഴും വിനായകന് തന്നെ ആയിരുന്നു. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണം ആയിരുന്നു വനിതാ അവാര്‍ഡും, ഇന്ന് നടന്ന CPC അവാര്‍ഡും. കമ്മട്ടിപ്പടത്തിലെ പുഴു പുലികള്‍ എന്ന ഗാനത്തിനട്ട് സംഗീതം നല്കിയതും വിനായകന്‍ ആയിരുന്നു. വിനായകന്‍ എന്ന നടന്‍റെ എക്കാലത്തെയും കികച്ച പ്രകടനം സമ്മാനിച്ച ഗംഗ എന്ന ആ കഥാപാത്രം ഒരു നോവായി പ്രേക്ഷകരുടെ മനസ്സില്‍ അവശേഷിക്കുന്നു.

പുഴു പുലികൾ പക്കി പരുന്തുകൾ
കടലാനകൾ കാട്ടുരുവങ്ങൾ
പലകാല പര ദൈവങ്ങൾ
പുലയാടികൾ നമ്മളുമൊപ്പം
നരകിച്ചു പൊറുക്കുന്നിവിടം
ഭൂലോകം തിരുമകനെ
കലഹിച്ചു മരിക്കുന്നിവിടം
ഇഹലോകം എൻ തിരുമകനെ...



Sunday, November 20, 2016

Sikharam Thodu (2014) - Review


സിഖരം തൊട് (2014)



Spilers Ahead..

ചെല്ല പാണ്ട്യന്‍ (സത്യരാജ്) വികലാംഗനായ ഒരു പോലീസ്കാരന്‍ ആണ്. ഇന്നയാള്‍ ക്രൈം റിക്കോഡ്‌സ് ബ്യൂറോയില്‍ ക്ലാര്‍ക്ക് ആയി ജോലി ചെയ്യുകയാണ്. അയാള്‍ക്ക് ഒരു ആഗ്രഹമേ ഉള്ളൂ, തന്‍റെ ഏക മകന്‍ മുരളിയെ (വിക്രം പ്രഭു) ഒരു ഇന്‍സ്പെക്ടര്‍ ആക്കണം. അച്ഛന്‍റെ അവസ്ഥ ചെറുപ്പത്തിലെ കണ്ടു മനസ്സ് മടുത്ത മുരളിക്ക് പക്ഷെ എങ്ങനെ എങ്കിലും ഒരു ബാങ്ക് മാനേജര്‍ ആകണം എന്നാണ് മനസ്സില്‍. എന്നാലും അച്ഛനോട്‌ അവന്‍ അത് ഇത് വരെ പറഞ്ഞിട്ടില്ല. ഒരു യാത്രയിലാണ് അവന്‍ അംബുജത്തെ കാണുന്നത്. അവര്‍ തമ്മില്‍ പ്രണയത്തിലാകുന്നു. അവളാകട്ടെ എന്ത് വന്നാലും ഒരു പോലീസ്കാരനെ കല്യാണം കഴിക്കില്ല എന്ന് തീരുമാനിച്ചിട്ടുള്ളതാണ്.

പിന്നീട് ഒരു സാഹചര്യത്തില്‍ മുരളിക്ക് പോലീസ് SI സെലക്ഷന്‍ കിട്ടുന്നു. അവന്‍ ആ ജോലി കഴിയുന്നതും ഒഴിവാക്കാന്‍ നോക്കിയിട്ടും നടക്കുന്നില്ല. അച്ഛന്‍ ഹാപ്പി ആയെങ്കിലും അംബുജം അയാളുമായി അകലുന്നു . പിന്നീട് ഒരു 30 ദിവസത്തേക്ക് മാത്രം ആയി അവന്‍ കാക്കി ഇടുന്നു. നഗരത്തിലെ സ്റ്റേഷനില്‍ SI ആയി ചാര്‍ജ് എടുക്കുന്നു. കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ 29 ദിവസം പിന്നിടുന്നു. പക്ഷെ മുപ്പതാമത്തെ ദിവസം നടക്കുന്ന ചില സംഭവങ്ങള്‍ മുരളിയുടെ പ്ലാന്‍സ് എല്ലാം മാറ്റി മറിക്കുന്നു. അയാള്‍ പോലീസില്‍ തുടരുമോ എന്നതാണ് കഥയുടെ ബാക്കി ഭാഗം പറയുന്നത്.


ഞാന്‍ വിക്രം പ്രഭുവിന്‍റെ ഒരു സിനിമ മാത്രമേ കണ്ടിട്ടുള്ളു. അറിമ നമ്പി. ആ ചിത്രം നല്ലൊരു ത്രില്ലര്‍ ആയിരുന്നു. അത് പോലെ ഒരു ചിത്രമാണ്‌ ഇതും. സംവിധായകന്‍ ഗൌരവ് (Thoonga Nagaram Fame) തന്നെയാണ് ഇതിലെ വില്ലന്‍ വേഷം ചെയ്തിരിക്കുന്നത്. നഗരങ്ങളിലെ ATM റോബറി വിഷയമാക്കി എടുത്ത ഈ ചിത്രത്തില്‍ നല്ല ആക്ഷന്‍ രംഗങ്ങള്‍ ഉണ്ട്. ആദ്യ പകുതി കുറച്ച് സ്ലോ ആണ്, പിന്നീട് നല്ല പേസില്‍ കാണാം. വിക്രം പ്രഭുവിന്‍റെ പുതിയ സിനിമ വീര ശിവജി ഈ വെള്ളിയാഴ്ച റിലീസ് ആകും. അതും നന്നാകും എന്ന് പ്രതീക്ഷിക്കുന്നു.


Mr. Church (2016) - A Brief Note


Mr Church (2016)


ചാര്‍ളിയും അമ്മ മേരിയും മാത്രമാണ് ആ വീട്ടില്‍ ഉള്ളത്. ഒരു ദിവസം രാവിലെ ചാര്‍ളി ഉണരുമ്പോള്‍ അവരുടെ കിച്ചണില്‍ ഒരാള്‍ ഭക്ഷണം ഉണ്ടാക്കുന്നു. അവള്‍ ഓടിച്ചെന്ന് അമ്മയോട് കാര്യം പറഞ്ഞപ്പോഴാണ് അറിയുന്നത് അത് അവരുടെ പുതിയ കുക്ക് ആണെന്ന്. മേരിക്ക് കാന്‍സര്‍ ആണ്.ആറ് മാസം കൂടിയേ ജീവിക്കാന്‍ സാധ്യത ഉള്ളു. അത് കൊണ്ട് കിച്ചണിലേക്ക് ഒരു സഹായത്തിന് കൊണ്ട് വന്നതാണ്‌ ചര്‍ച്ച് എന്ന ഈ കുക്കിനെ. ആദ്യമൊന്നും ചാര്‍ളിക്ക് അയാളെ ഇഷ്ട്ടമായില്ല. പക്ഷെ അയാള്‍ ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് തുടങ്ങിയപ്പോള്‍ അവള്‍ അയാളെ ഇഷ്ട്ടപ്പെട്ടു തുടങ്ങി. മെല്ലെ മെല്ലെ ചര്‍ച്ച് ആ വീട്ടിലെ ഒരാളായി. മേരിയുടെ മരണ ശേഷവും അയാള്‍ ആ വീട്ടില്‍ തന്നെ ജീവിച്ചു. അയാള്‍ ചാര്‍ളിയുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് കഥയുടെ ബാക്കി പറയുന്നത്.


യഥാര്‍ത്ഥത്തില്‍ നടന്ന ഒരു കഥയാണ് ഈ സിനിമയാക്കിയത്. അധികം കഥാപാത്രങ്ങളില്ല. മൂന്നു തലമുറകളിലൂടെയാണ് കഥ കടന്നു പോകുന്നത്. കണ്ടു കഴിഞ്ഞപ്പോള്‍ ഒരു സംതൃപ്തി തോന്നി. A Movie with a life എന്നൊക്കെ പറയാം.വലിയ വിജയം ഒന്നും ആയിട്ടില്ല. എങ്കിലും കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രമാണ്‌.

Thursday, November 17, 2016

ഡാര്‍ലിംഗ് ഡാര്‍ലിംഗ് (2000) - ഓര്‍മ്മകള്‍ !!


ഡാര്‍ലിംഗ് ഡാര്‍ലിംഗ് (2000)

കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ (1998), ഞങ്ങള്‍ സന്തുഷ്ട്ടരാണ് (1999), നാടന്‍ പെണ്ണും നാട്ടു പ്രമാണിയും (2000) ഇങ്ങനെ അടുപ്പിച്ച് മൂന്നു ജയറാം ചിത്രങ്ങള്‍ക്ക് ശേഷം രാജസേനന്‍ തന്‍റെ സ്ഥിരം ശൈലി ഒന്ന് മാറ്റിപ്പിടിക്കാന്‍ തീരുമാനിച്ചു. അങ്ങനെ എടുത്ത ചിത്രമാണ് ഡാര്‍ലിംഗ് ഡാര്‍ലിംഗ്. തന്‍റെ സ്ഥിരം നായകന്‍ ആയ ജയറാമിനെ മാറ്റി പകരം ദിലീപിനെയും കുഞ്ചാക്കോ ബോബനെയുമാണ് ആദ്യം കാസ്റ്റ് ചെയ്തത്. ചാക്കോച്ചന്‍റെ തിരക്ക് കാരണം പിന്നീട് ആ റോള്‍ വിനീതിന് വന്നു ചേര്‍ന്നു. ഒപ്പം കാവ്യാ മാധവനും ജഗതിയും ശരതും എല്ലാം ഉണ്ടായിരുന്നു. ഉദയ് കൃഷ്ണ സിബി കെ തോമസ്‌ ടീം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ജോക്കറിന് ശേഷം വന്ന ദിലീപ് പടം ആയിരുന്നു ഇത്. കഥ പറഞ്ഞപ്പോള്‍ ആദ്യം ദിലീപിന്‍റെ റോള്‍ വിനീതിനും വിനീതിന്‍റെ റോള്‍ ദിലീപിനും ആയിരുന്നു. പക്ഷെ കഥ കേട്ട ദിലീപ് തനിക്ക് വിനീതിന്‍റെ ആ നെഗറ്റീവ് വേഷം മതി എന്ന് പറഞ്ഞു. അന്ന് നായകന്‍ എന്നതിനേക്കാള്‍ വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാന്‍ ആയിരുന്നു ദിലീപിന് താല്‍പര്യം. വിജയുടെ പ്രിയമുടന്‍ (1998) എന്ന ചിത്രവുമായി കുറച്ചു സമയങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും ഡാര്‍ലിംഗ് ഡാര്‍ലിംഗ് അവതരണത്തിലും കോമഡിയിലും മികച്ചു നിന്നു. വിനീതും കാവ്യയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ അന്ന് എല്ലാവരെയും ആകര്‍ഷിച്ച ഒന്നായിരുന്നു. അത് പോലെ തന്നെ ദിലീപ് ജഗതി ടീമിന്‍റെ കോമഡി, ഇന്ദ്രന്‍സ് - ജനാര്‍ദ്ദനന്‍- CI പോള്‍ സംഘത്തിന്‍റെ വിറ്റുകള്‍ എല്ലാം ക്ലിക്ക് ആയി.ഔസേപ്പച്ചന്‍ ഒരുക്കിയ ഗാനങ്ങള്‍ എല്ലാം സൂപ്പര്‍ ഹിറ്റ് ആയി. ഉള്ളടക്കത്തിലെ ഒരു BGM ആണ് പ്രണയ സൌഗന്ധികങ്ങള്‍ എന്ന എക്കാലത്തെയും മികച്ച പ്രണയ ഗാനം ആയി മാറിയത്. അത് കൂടാതെ ചിത്തിര പന്തലിട്ട്, മുത്തും പവിഴവും, അണിയമ്പൂ മുറ്റത്ത് അങ്ങനെ വേറെയും കുറേ ഹിറ്റ്‌ ഗാനങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു.



2000 നവംബര്‍ 17ന് ആണ് ചത്രം റിലീസ് ചെയ്തത്. ചിത്രം അന്ന് മികച്ച സാമ്പത്തിക വിജയം നേടുകയും ചെയ്തു. ഇതിറങ്ങി ഒരു മാസം കഴിഞ്ഞപ്പോളാണ് കൃസ്ത് മസിന് തെങ്കാശിപട്ടണം , ദാദ സാഹിബ്‌, ദേവദൂതന്‍ എന്നീ ചിത്രങ്ങള്‍ ഇറങ്ങുന്നത്. തെങ്കാശി പട്ടണം വലിയൊരു ഹിറ്റ്‌ ആയി, . ജോക്കര്‍, ഡാര്‍ലിംഗ് ഡാര്‍ലിംഗ്, തെങ്കാശിപ്പട്ടണം അങ്ങനെ മൂന്ന് ഹിറ്റുകള്‍ ആയി ദിലീപിന്‍റെ താരമൂല്യം കുതിച്ചുയര്‍ന്നു. അത് കോളേജിലെ ഞങ്ങളുടെ അവസാന വര്‍ഷം ആയിരുന്നു. അന്ന് സോഷ്യല്‍ സര്‍വീസ് ഡേ കഴിഞ്ഞ് ഒരു ഞായറാഴ്ച ദിവസം ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാം കൂടെ ഒരുമിച്ച് പോയി തൃശൂര്‍ ജോസില്‍ നിന്നാണ് ഈ സിനിമ കണ്ടത്. ഞങ്ങള്‍ എല്ലാവരും മനസ്സ് തുറന്നു ചിരിച്ച ഒരു സിനിമ. അന്നത്തെ ആ നല്ല ഓര്‍മ്മകള്‍ക്ക് ഇന്ന് 17 വര്‍ഷം തികയുന്നു. അത് കൊണ്ട് ഇന്നും എന്‍റെ പ്രിയ ചിത്രങ്ങളില്‍ ഒന്നാണ് ഡാര്‍ലിംഗ് ഡാര്‍ലിംഗ്.