Sunday, March 11, 2012

പച്ച കളറുള്ള പാരീസ് മിട്ടായി !!

എന്റെ ഭാര്യ ജാസ്മിന്‍ എപ്പോളും എന്നോടു പറയും എനിക്കു പഴയ കാര്യങ്ങള് നല്ല ഓര്‍മ്മയാണെന്ന്. അത് ശരിയാണ്. ചിലതൊന്നും മറക്കാന്‍ എനിക്ക് കഴിയാറില്ല. അതിലൊന്നാണ് ഒന്നാം ക്ലാസ്സിലെ ആദ്യ ദിവസം. ഉപ്പാടെ കൈ വിരലില്‍ തൂങ്ങി ഒന്നാം ക്ലാസ്സിലേക്കുള്ള ആദ്യത്തെ യാത്ര. കേച്ചേരി ലോവര്‍ പ്രൈമറി സ്കൂള്‍. ആദ്യ ദിവസത്തിന്റെ എല്ലാ ബഹളങ്ങളും അവിടെ ഉണ്ടായിരുന്നു. എന്നെ ഫസ്റ്റ് ബഞ്ചില്‍ കൊണ്ടിരുത്തി ഉപ്പ കുറെ നേരം എന്റെ അടുത്ത് വന്നിരുന്നു. ഒടുവില്‍ ക്ലാസ് തുടങ്ങാറായപ്പോള്‍ പുള്ളി പതുക്കെ പോകാനൊരുങ്ങി. അതോടെ ഞാന്‍ കരച്ചില്‍ തുടങ്ങി. ഉപ്പ വീണ്ടും എന്റെ അടുത്ത് വന്നു, ആളുടെ കയ്യിലെ ബാഗ് തുറന്ന് പച്ച കളറുള്ള ഒരു പാരീസ് മിട്ടായി എനിക്ക് എടുത്ത് തന്നു. ഞാന്‍ സന്തോഷത്തോടെ അത് വാങ്ങിച്ചു. ഉപ്പ ഇനി ക്ലാസ് കഴിയുമ്പോ വരാട്ടാ എന്നു പറഞ്ഞു ഉപ്പ പോയി. ആ ഒരു മിഠായിയുടെ മധുരം എനിക്കു മറക്കാന്‍ കഴിയില്ല. പിന്നെ വൈകുന്നേരം സ്കൂള്‍ വിടുന്ന സമയത്ത് ഉപ്പ എന്നെ കാത്തു ക്ലാസ്സിന്റെ പുറത്തു നിന്നിരുന്നതും, ഞാന്‍ ഓടി ഉപ്പാടെ അടുത്തേക്ക് ചെന്നതും എല്ലാം എനിക്ക് ഇന്നലെ കഴിഞ്ഞ പോലെ ഓര്‍മ്മയുണ്ട്. ഞങ്ങളുടെ ക്ലാസ് ടീച്ചറുടെ പേര് ലൂസി എന്നായിരുന്നു. അവര്‍ ഞങ്ങളോടു വളരെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. ഞാന്‍ ഏഴാം ക്ലാസ് വരെ കേച്ചേരിയില് തന്നെ ആയിരുന്നത് കൊണ്ട് പിന്നീട് പലപ്പോഴും ലൂസി ടീച്ചറിനെ കണ്ടിടുണ്ട് . പിന്നെ കുറെ കാലം ആളെ കണ്ടിട്ടില്ല. പിന്നീട് കുറെ നാളുകള്‍ക്കു ശേഷം ടീച്ചറുടെ മരണ വാര്‍ത്തയാണ് ഞാന്‍ കേട്ടത്. ഇടക്കാലത്തു സമയം ഉണ്ടായിട്ടും ആളെ ഒന്നു പോയി കാണാന്‍ ഞാന്‍ ശ്രമിച്ചില്ല, ഇന്നും അതെന്റെ മനസ്സില് ഒരു വിഷമം ആയി നില്ക്കുന്നു.

അന്നൊക്കെ ബോര്‍ഡ്‌ തുടക്കാന്‍ വേണ്ടി വെള്ളം എടുക്കാന്‍ വേണ്ടി ടീച്ചര്‍ എന്നെ പറഞ്ഞയക്കുമായിരുന്നു. ആ പോകുന്ന വഴി ഞാന്‍ എന്റെ കസിന് ഷെറീഫിന്റെ ക്ലാസ് കാണുമായിരുന്നു. അവന്‍ അന്ന് രണ്ടാം ക്ലാസ്സില്‍ ആയിരുന്നു. ഇടവേളകളില്‍ ഞാന്‍ അവന്റെ അടുത്തേക്കു പോകുമായിരുന്നു, അവന്റെ കയ്യിലെ കളറുള്ള പുസ്തകങ്ങള്‍ കാണുമ്പോള്‍ എനിക്കു അതെപ്പോള്‍ കിട്ടും എന്നൊക്കെ കൊതിച്ചിട്ടുണ്ട്. ആ പുസ്തകത്തില് ആണെന്ന് തോന്നുന്നു മല്ലനും മാതേവനും കാണുന്നത്. അന്ന് എന്റെ കൂടെ പഠിച്ചിരുന്ന ഒരു ഗിരീഷ് ഉണ്ട്. ഒരു സോഡ കുപ്പി കണ്ണടയും വെച്ചാണ് അവന്‍ വന്നിരുന്നത്. അവന്റെ അച്ഛന് ലോട്ടറി കച്ചവടം ആയിരുന്നു. പല തവണ അവന്റെ അച്ഛന്‍ അവനെ കാണാന്‍ ക്ലാസ്സില്‍ വരാറുണ്ട്. ഒരു ദിവസം അവനും ഞാനും തമ്മില്‍ ചെറിയ അടി പിടി ആയി. അവന്റെ കയ്യിലുണ്ടായിരുന്ന ഒരു വാട്ടര്‍ ബോട്ടില്‍ എന്റെ കയ്യില്‍ നിന്ന് കയ്യില്‍ നിന്നു നിലത്തു വീണു പൊട്ടി. അവന്‍ കരഞ്ഞു ബഹളം വെച്ചു, ടീച്ചര്‍ വന്നു എന്നെ വഴക്കു പറഞ്ഞു, അവന് പുതിയ വാട്ടര്‍ ബോട്ടില്‍ വാങ്ങി കൊണ്ട് വരാന്‍ എന്നോടു പറഞ്ഞു. ഞാന്‍ എന്റെ വീട്ടില്‍ ചെന്ന് ഉപ്പാട് വിവരം പറഞ്ഞു. ഉപ്പ എന്നെ വഴക്കു പറഞ്ഞോ എന്നു എനിക്ക് ഓര്‍മ്മയില്ല. എന്തായാലും പുള്ളി എനിക്ക് പുതിയ വാട്ടര്‍ ബോട്ടില്‍ വാങ്ങി തന്നു, ഞാന്‍ അത് അവന് കൊണ്ട് കൊടുത്തു.

ഞങ്ങള്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ അവന്റെ അച്ഛന്‍ മരിച്ചു. അവന്‍ പിന്നെ കേച്ചേരിയിലെ ഒരു സ്വര്‍ണ്ണ കടയില്‍ ജോലിക്ക് കയറി. ഇപ്പോളും അവിടെ തന്നെ ഉണ്ട്. എന്റെ ഉപ്പയുമായി അവന് നല്ല കൂട്ട് ആണ്. ഈ അടുത്ത് ഞാന്‍ നാട്ടില്‍ പോയ സമയത്തായിരുന്നു അവന്റെ കല്ല്യാണം, എനിക്ക് പങ്കെടുക്കുവാന്‍ പറ്റിയില്ല. ഇടയ്ക്കു ഉപ്പാടെ കൂടെ ഞാന്‍ അവന്റെ കടയില്‍ പോകാറുണ്ട്. അവനെ കാണുമ്പോളൊക്കെ എനിക് ആ വാട്ടര്‍ ബോട്ടില്‍ ഓര്‍മ്മ വരും. അവന്റെ ആ സോഡ കുപ്പി കണ്ണട ഇപ്പോളും ഉണ്ട്. അവനൊരു മീശ വന്നു എന്നല്ലാതെ വേറെ കാര്യമായ മാറ്റം ഒന്നും എനിക്കു തോന്നാറില്ല.

Friday, March 9, 2012

എന്റെ LKG ഓര്‍മ്മകള്‍ !!


എരനെല്ലൂരായിരുന്നു എന്റെ LKG പഠനം, എന്റെ നാട്ടില്‍ നിന്നും കുറച്ചു ദൂരെ ആണ് ആ സ്ഥലം. എന്റെ ഉമ്മ ആയിരുന്നു എന്റെ ആദ്യ ടീച്ചര്‍. അന്ന് എന്റെ കൂടെ പഠിച്ച കുട്ടികളെയൊന്നും എനിക്ക് ഓര്‍മ്മയില്ല. പക്ഷെ അവ്യക്തമായ ചില രൂപങ്ങള്‍ പോലെ പലരുടേയും മുഖങ്ങള്‍ തെളിയുന്നുണ്ട്. അന്ന് എന്തൊക്കെയോ അവിടെ നിന്നു പഠിച്ചു, എന്തൊക്കെയോ ഉമ്മ ചൊല്ലി തന്നിരുന്നു. ക്ലാസ് കഴിഞ്ഞു വൈകുന്നേരം ഉപ്പ എന്നെ വിളിക്കാനായി വരുമായിരുന്നു. ഉപ്പാക്ക് അന്ന് കേച്ചേരിയില്‍ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ കണക്കെഴുത്തായിരുന്നു പണി. ആളുടെ ശമ്പളം എത്ര ആയിരുന്നു എന്നു എനിക്കു അറിയില്ല, എത്ര ആയിരുന്നാലും എന്റെ കാര്യങ്ങള്‍ക്കൊന്നും ഒരു കുറവും പുള്ളി വരുത്തിയിട്ടില്ല. വൈകുന്നേരം ഉപ്പ സൈക്കിളില്‍ വന്നു ആ മതിലിന്റെ അടുത്ത് നിന്നിരുന്നതും , ഞാന്‍ ആളുടെ അടുത്തേക്ക് ഓടിയിരുന്നതും എല്ലാം ഇപ്പോളും നല്ല ഓര്‍മ്മയുണ്ട്.

അന്നു ഉമ്മാടെ കൂടെ അവിടെ ഹെല്‍പ്പര്‍ ആയി ജോലി ചെയ്തിരുന്ന മണി ചേച്ചി കുട്ടികള്ക്ക് 2 തരം ഉപ്പുമാവ് ഉണ്ടാക്കിയിരുന്നു. ഒന്നു ഗോതമ്പു കൊണ്ടുള്ളതും മറ്റേത് ഒരു മഞ്ഞ പൊടി കൊണ്ടുള്ളതും ആയിരുന്നു. ഈ ബ്ലോഗ് എഴുതുമ്പോ ഞാന്‍ ഉമ്മാക്ക് വിളിച്ച് അതിന്റെ പേര് ചോദിച്ചു. CMA പൌഡര്‍ എന്നോ മറ്റോ ആയിരുന്നു അതിന്റെ പേര് എന്നാണ് ഉമ്മ പറഞ്ഞത്. എന്തായാലും ആ പൊടി കൊണ്ടുള്ളറ ഉപ്പുമാവിന്റെ ആ രുചി ഇന്നും എന്റെ നാവിന്റെ തുമ്പത്തുണ്ട് .ഒരു പക്ഷേ ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്ന ആദ്യ രുചികളില്‍ ഒന്ന് ഇതാണ്. ആ ഉപ്പുമാവിനോടുള്ള ഇഷ്ടം കാരണം പിന്നീട് കുറെ കാലം കഴിഞ്ഞു ഞാന്‍ ആ പൊടി വീട്ടില്‍ വാങ്ങി ഉമ്മാനെ കൊണ്ട് ഉണ്ടാക്കിപ്പിച്ചു കഴിച്ചു. പക്ഷേ അതിനു ആ പഴയ രുചി ഉണ്ടായിരുന്നില്ല, ഒരു പക്ഷേ മണി ചേച്ചിയുടെ ആ കൈപുണ്യം എന്റെ ഉമ്മക്ക് ഇല്ലായിരിക്കാം, ഈ മണി ചേച്ചി പിന്നെ എരനല്ലൂര്‍ തന്നെ വീട് വെച്ചു. ജാസ്മിനെയും കൊണ്ട് പല തവണ ഞാനവിടെ പോയിട്ടുണ്ട്.

ആ പരിസരത്തുള്ളവരൊക്കെ ഉമ്മയെ ടീച്ചറേ എന്നാണ് വിളിച്ചിരുന്നത്. ടീച്ചറുടെ മോന്‍ എന്നുള്ള സ്നേഹം എനിക്കു ലഭിച്ചിരുന്നു. അവിടെ വരാറുള്ള ഹെല്‍ത്ത്‌ സെന്ററിലോ മറ്റോ ജോലിയുണ്ടായിരുന്ന ശാന്ത ചേച്ചി. ആയമ്മയുടെ കയ്യിലുണ്ടായിരുന്ന സിറിഞ്ച് കാണിച്ചു ഉമ്മ അന്ന് എന്നെ പേടിപ്പെടുത്തുമായിരുന്നു. പിന്നെ അവിടെ അടുത്തു താമസിക്കുന്ന അംബുജാക്ഷി അമ്മ എന്ന നല്ല സ്ത്രീ, അവരുടെ പഴയ തറവാട്, നാലുകെട്ടും പടിപ്പുരയുമൊക്കെ ഉള്ള നല്ല വീട്, ഉമ്മാടെ കൂടെ പല തവണ ഞാന്‍ ആ വീട്ടില്‍ പോയിട്ടുണ്ട്, ഉപ്പും മുളകും ഇട്ട നല്ല അസ്സല്‍ സംഭാരം കഴിച്ചിട്ടുണ്ട്, ആ വീടിന്റെ പൂമുഖത്ത് ഇരിക്കുമ്പോള്‍ അനുഭവിച്ചിട്ടുള്ള ആ കുളിര്‍മ്മ, ആ തണുപ്പ്, ഒന്ന് വേറെ തന്നെയാണ്. ഒരിക്കല്‍ എങ്കിലും ആ ഉമ്മറത്ത് ആ കാറ്റും കൊണ്ട് ഒന്നു കിടന്നുറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു ഞാന്‍ കൊതിച്ചു പോയിട്ടുണ്ട്. വിവാഹത്തിന് ശേഷം ജാസ്മിനെ കൂടെ അംബുജാക്ഷി അമ്മയെ കാണാന്‍ പോയപ്പോള്‍ അവളോടു മാത്രം ഞാന്‍ പറഞ്ഞിരുന്നു എന്റെ ഉള്ളിലെ ആ മോഹം. അന്ന് പക്ഷേ അവരുടെ വീടിന്റെ കെട്ടും മട്ടും എല്ലാം കുറച്ചൊക്കെ മാറി പോയിരുന്നു

അന്ന് അവിടെ വരാറുള്ള ഒരു കുടുംബം ആയിരുന്നു ജയന്റേത് . അവന്റെ ഏട്ടന്‍ രാജന്‍. രണ്ടു പേരും എന്റെ കൂട്ടുകാരായിരുന്നു. ജയന് എന്റെ അതേ പ്രായം വരും, ഉമ്മാക്കു അവരെ രണ്ടു പേരെയും നല്ല കാര്യമായിരുന്നു. ഈ ജയന്‍ പിന്നീട് എന്റെ കൂടെ നാലാം ക്ലാസ്സിലോക്കെ പഠിച്ചിട്ടുണ്ട്. പിന്നീട് ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് എരനെല്ലൂര്‍ വെച്ചു തന്നെ ഉണ്ടായ ഒരു അപകടത്തില്‍ ജയന്‍ മരിച്ചു. ഉമ്മ പറഞ്ഞു തന്നെയാണ് ഞാന്‍ ആ വാര്‍ത്ത അറിഞ്ഞത്, ബസ് ഇടിച്ചാണ് അവന്‍ മരിച്ചത്. അവസാനമായി അവനെ കാണാന്‍ ഞാന്‍ പോയില്ല, ഉമ്മ പോയതും മടങ്ങി വന്നു അവിടത്തെ കാര്യങ്ങള്‍ പറഞ്ഞു കുറെ കരഞ്ഞു. അവന്റെ അച്ഛനും കുറെ കാലം കഴിഞ്ഞു മരിച്ചു. അവന്റെ അമ്മ ഇപ്പോളും പണിക്കു പോകുന്നുണ്ട് എന്നാണ് ഉമ്മ പറഞ്ഞ് അറിഞ്ഞത് .

അന്ന് ഉമ്മാടെ കൈ പിടിച്ച് ഞാന്‍ നടന്ന വഴികളിലൂടെ പിന്നീട് എത്രയോ തവണ ഞാന്‍ ഉമ്മാടെ കൂടെ പോയിട്ടുണ്ട്. അന്ന് ഞാന്‍ ഉമ്മാടെ മുന്‍പേ ഓടുമ്പോള്‍ ഉമ്മ പറയും “മോനേ പതുക്കെ പോടാ” എന്നു. ഇന്ന് ഉമ്മാനെ പിന്നിലിരുത്തി ബൈക്ക് ഓടിച്ചു ആ വഴി പോകുമ്പോളും ഉമ്മ പറയും “മോനേ പതുക്കെ പോടാ’ എന്നു. അന്നും ഇന്നും ഉമ്മാക്കും ആ വഴികള്‍ക്കുമൊന്നും ഒരു മാറ്റവുമില്ല. ആ വഴി പോകുമ്പോള്‍ പഴയ ആ വീട്ടുകാരെ ഞങ്ങള്‍ കാണാറുണ്ട്. ചിലരോടൊക്കെ ഞങ്ങള്‍ കുശലം പറയാറുമുണ്ട്. നഴ്സറിയുടെ അടുത്തുള്ള ഒരു വീട്ടിലെ കൊച്ചിനെ ഉമ്മ എനിക് കല്ല്യാണം ആലോചിക്കാന്‍ വേണ്ടി കണ്ടു വെച്ചിരുന്നു. ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ആ കൊച്ചിനെ വേറെ ആരോ കെട്ടി, ആ കല്ല്യാണ കത്തും ഉമ്മ തന്നെയാണ് എന്നെ ഏല്പിച്ചത്, ഞാന്‍ അത് വായിച്ചു നോക്കി വെറുതെ നെടുവീര്‍പ്പിട്ടു, പിന്നെ ചിരിച്ചു. പിന്നീട് എത്ര തവണ ആ വഴി പോയാലും ആ വീടെത്തുമ്പോള്‍ ഉമ്മ പറയും ദേ, പണ്ട് നിനക്കു വേണ്ടി ആലോചിച്ച ആ കുട്ടിയുടെ വീടാ..

ആ നഴ്സറിയും , നഴ്സറിയുടെ മതിലും ഒന്നും ഇന്ന് അവിടെ ഇല്ല, എങ്കിലും ബൈക്ക് ആയി അതിലൂടെ പോകുമ്പോളൊക്കെ ഞാന്‍ അറിയാതെ ആ ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കും, അതൊരു ശീലമായി പോയി. മനസ്സ് കൊണ്ടെങ്കിലും കുട്ടിക്കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കാന്‍ ഇഷ്ട്ടപ്പെടാത്തവരായി ആരാ ഉള്ളത് അല്ലെ?

Sunday, March 4, 2012

ഓര്‍മ്മ തിരിവില്‍...

എനിക്ക് പറയാനുള്ളത് എന്റെ ചില ഓര്‍മ്മകളാണ്.
മുപ്പത് വര്‍ഷത്തെ ജീവിതത്തില്‍ മനസ്സില്‍ തെളിയുന്ന മറക്കാന്‍ കഴിയാത്ത ചില നല്ല ഓര്‍മ്മകള്‍
ഓര്‍ക്കാന്‍ ഇഷ്ടപെടാത്ത ചില ചീത്ത അനുഭവങ്ങള്‍
എല്ലാം ഒരിക്കല്‍ കൂടെ ഒന്ന് ഓര്‍ക്കാന്‍ വേണ്ടിയാണു ഞാന്‍ ഈ ബ്ലോഗ്‌ എഴുതുന്നത്
ഇന്ന് സമയം ഒരു പാടായി.
നാളെ തുടങ്ങാം എന്നുള്ള പ്രതീക്ഷയോടെ നിര്ത്തുന്നു..ശുഭരാത്രി..